Sunday, February 8, 2009

ദേശവ്യവസ്ഥകള്‍ :എഴുത്തിലുംസിനിമയിലും

സിനിമയിലെ ദേശവ്യവസ്ഥകളെക്കുറിച്ച് ഡോ.സി.എസ്. വെങ്കിടേശ്വരന്‍ എഴുതിയിരിക്കുന്നു.(മാതൃഭൂമി ആഴ്ചപ്പതിപ്പ്,2009 ഫെബ്രുവരി 1)
എഴുത്തിലെ ദേശവും സിനിമയിലെ ദേശവും ഭിന്ന വ്യവസ്ഥകളായാണോ നിലനില്‍ക്കുന്നത്?രണ്ടു വ്യത്യസ്ത മാധ്യമങ്ങളുടെ ദേശവീക്ഷണങ്ങളിലെ ഭിന്നത എന്നതിലപ്പുറം സിനിമയിലെ ദേശം കൂടു തല്‍ കാലപരവും എഴുത്തിലേത് സ്ഥലപരവും ആകുന്നുണ്ടോ?സിനിമ യ്ക്ക് കൂടുതല്‍ അടുപ്പം പ്രതീതി യാഥാര്‍ത്ഥ്യം(Virtual reality) എന്ന കമ്പ്യൂട്ടര്‍ സാങ്കേതികതയോടാണ് എന്നുപറഞ്ഞാല്‍ തെറ്റില്ല.അങ്ങനെ നോക്കിയാല്‍ സിനിമയുടെ പരിണതരൂപങ്ങളാണ് ടെലിവിഷനെപ്പോലെത്തന്നെ കമ്പ്യൂട്ടറും.സിനിമാകൊട്ടകകള്‍ തങ്ങളുടെ ജന്മനിയോഗം പൂര്‍ത്തിയാക്കി ഏറെക്കുറെ നിഷ്ക്ര മിച്ചത് ടി.വി.യിലേക്കും പിന്നെ കമ്പ്യൂട്ടറിലേക്കുമായിരുന്നു. സിനിമയുടെ കാഴ്ച്ചകളെ സ്ഥലപര വും സമൂഹപരവും ആക്കിയതില്‍ കൊട്ടകകള്‍ക്കുള്ള പങ്ക് നിഷേധിക്കാനാവാത്തതാണ്.സിനിമ സമൂഹത്തേയും, ടെലിവിഷന്‍ കുടുംബത്തേയും, കമ്പ്യൂട്ടര്‍ വ്യക്തിയേയുമാണ് പ്രാഥമികമായി സം ബോധന ചെയ്തത്. കമ്പ്യൂടറുകളുടെ വരവ് റിയാലിറ്റിയെ വെര്‍ച്വല്‍റിയാലിറ്റി ആക്കിയതു പോ ലെ ദേശങ്ങളെ ഭാവനാത്മക ദേശങ്ങളുമാക്കി.
എന്നാല്‍ എഴുത്തിലെ സ്ഥലരാശിയെ എത്ര ഭാവന പിടികൂടിയാലും അത് ‘യാഥാര്‍ത്ഥ്യ‘ത്തോടടു ത്തു നില്‍ക്കുന്നതായി കാണാം.നമ്മുടെ എഴുത്തിലെ മലബാറും തിരുവിതാംകൂറും വള്ളുവനാടും പൊന്നാനിയും ഭാവനാത്മകമല്ല;ഭാവനയിലെ ‘യാഥാര്‍ത്ഥ്യ‘മാണ്. ഈ പ്രവണത സ്ഥലപരമായ അതിര്‍ത്തികള്‍ ഇനിയും മറഞ്ഞു കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്കാണ് ബാധക മാവുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ എഴുത്തും ഏറെക്കുറെ ദേശപരമല്ലാതായിരിക്കുന്നു.ഇംഗ്ലിഷ് പോലുള്ള ‘ആഗോളഭാഷ'യില്‍ എഴുതപ്പെടുന്നതിന്റെ മാത്രം പ്ര ശ്നമല്ല ഇത്.അരുന്ധതിറോയിക്ക് ഇംഗ്ലീഷിലെഴുതിയിട്ടും അയ്മനത്തെപ്പോലൊരു ഗ്രാമത്തെ അതിന്റെ സൂക്ഷ്മതയോടും ജൈവ വൈവിദ്ധ്യത്തോടും കണ്ടെത്താന്‍ ഇംഗ്ലീഷ് തടസ്സമായില്ല.
ആഗോളീകരണത്തിനു മുന്‍പു തന്നെ അതിത്തികള്‍ അപ്രസക്തമെന്ന് പ്രഖ്യാപിച്ച കലാരൂ‍പം സിനിമയാണ്.ഒരു ഭാഷയില്‍ നിന്നും സംസ്കാരത്തില്‍ നിന്നും മറ്റൊന്നിലേക്ക് പ്രവേശിക്കാന്‍ വള രെക്കുറച്ച് വിവര്‍ത്തനങ്ങളേ അതിനാവശ്യമുണ്ടായിരുന്നുള്ളു. സ്ഥലകാലങ്ങളെ വെട്ടിയൊട്ടിക്കുന്ന തില്‍(Cut and paste) ആദ്യം മുതലേ സിനിമ അസാധാരണ മികവ് കാണിച്ചു.എം.ടി വാസുദേവന്‍ നായര്‍ തന്റെ “നിര്‍മ്മാല്യം”എന്നചിത്രവുമായി ബന്ധപ്പെട്ട അനുഭവം ഇങ്ങനെ രേഖപ്പെടുത്തുന്നു: “`...കുട്ടനേയുംകൂട്ടിയാണ്
ഞങ്ങ്ങള്‍ മൂക്കുതലയില്‍ എത്തുന്നത്.അവിടെ അടുത്തടുത്തായി രണ്ട് അമ്പലങ്ങളുണ്ട്. മേലേക്കാവിന് സമൃദ്ധിയുടെ എല്ലാ അടയാളങ്ങളുമുണ്ട്. മൂന്നുനേ രം പൂജയുണ്ട്. അതിനോടുതൊട്ടുള്ള താഴേക്കാവ്(കീഴേക്കാവ്)അനാഥാവസ്ഥയി ലാണ്. പൂജയില്ല, പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. വലിയ പറമ്പാണ്. എന്റെമനസ്സില്‍, ക്ഷയിച്ച അമ്പലത്തിന്റെ തൊട്ടടുത്തു കൂടിയാണ് പുഴഒഴുകു ന്നത്. ഇവിടെ പുഴയില്ല.പക്ഷെ ഗ്രാമം മനോഹരമാണ്.വലിയ ഇടവഴികള്‍; .....പക്ഷെ, പുഴയില്ല. അമ്പലത്തിന്റെ മതില്‍ക്കെട്ടിന്റെ പിന്നില്‍ നിന്ന് പുറത്തേ ക്ക് ഒരു വഴിയുടെ തുടക്കമായി കുറച്ച് പടവുകളുണ്ട്.ആ പടവില്‍ നിന്ന് നേരെ ഇറങ്ങുന്നത്പുഴ യിലേക്കായാലോ?സിനിമയില്‍ അതിന് സാദ്ധ്യതകളുണ്ട്....തിരുമിറ്റക്കോട്ടെ അമ്പലം എന്നുംഎന്നെ ആകര്‍ഷിച്ചതാണ്.ഭാരതപ്പുഴയുടെ വക്കില്‍ ഒരു പാട്ചരി ത്രവും ഒരുപാട്ഐതീഹ്യങ്ങളുമൊക്കെ യുള്ള ക്ഷേത്രം......മനോഹരമായ പുഴക്കടവ്.മുന്‍പില്‍ വിശാലമായ പുഴ. ഇല്ല,മൂക്കുതലയിലെ താഴെക്കാവും ഇതും തമ്മില്‍ ബന്ധിപ്പിക്കാന്‍ പ്രയാസമി ല്ല.” (ഭാഷാപോഷിണി, ഡിസമ്പര്‍,2008)
സ്ഥലത്തെ അതിന്റെ തന്നെ തുടര്‍ച്ചയില്‍ നിന്നും കാലത്തില്‍ നിന്നും അടര്‍ത്തി മാറ്റാനും അങ്ങനെ യാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരു ഭാവനാത്മക ലോകം സൃഷ്ടിക്കാനും സിനിമ ധൈര്യം കാണിച്ചു. ഇ താണ് അമോസ് ഗിത്തായി വിശേഷിപ്പിച്ച
ശകലീകൃതദേശീയതകളിലേക്കും (fragmented natio nality) ഓര്‍മ്മകളുടെ ശകലീകരണങ്ങളിലേക്കും വളര്‍ച്ചപ്രാപിച്ചത്.ലോകത്ത് സ്ഥല പരമായ അതിര്‍ത്തികള്‍ പല കാരണങ്ങളാല്‍ അപ്രസക്തമായിക്കഴിഞ്ഞിട്ടുണ്ട്. രാജ്യാതിര്‍ത്തികള്‍ക്കകത്ത് ഇടം കിട്ടാതെ പോയ ജനതകളും അതിനെ അപ്രസക്തമാ ക്കി. ഇല്ലാത്ത സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കുള്ള ഈ യാത്രക(പലായനം)ള്‍ക്ക് സ്ഥലം സാക്ഷിയും പശ്ചാത്തലവും മാത്രമെആകുന്നുള്ളു. കാലവും ചരിത്രവും അതിന്റെ വകഭേദങ്ങളായ ഓര്‍മ്മകളും മാത്രമാണ് കൂടെപ്പോകുന്നത്.കാലത്തിലൂ ടെയുള്ള സഞ്ചാരത്തില്‍ നഷ്ടം സംഭവിക്കുന്നതാണ് ഓര്‍മ്മകള്‍.ഓര്‍മ്മകളുടെ നഷ്ടം സ്വത്വത്തി ന്റെ നഷ്ടവും കൂടിയാണ്.
എഴുത്തും സിനിമയും തമ്മിലുള്ള അതിര്‍ത്തികളെ ദേശാതിര്‍ത്തികള്‍ പോലെത്തന്നെ അപ്രസക്തമാ ക്കുന്ന ഒരു ഘടകം ബ്ലോഗെഴുത്തുകളിലും അടങ്ങിയിട്ടുണ്ട്.എതു നാട്ടിലും എതു മൂലയിലുമിരുന്ന് എഴുതപ്പെടുന്ന ഈ സാഹിത്യം/സിനിമ ദേശകാലാതീതമായിരുന്ന് ഒരു ദേശത്തെ സങ്കല്‍പ്പിക്കലാണ്. അതേ സമയം അത്തരത്തില്‍ സങ്കല്‍പ്പിതമാവുന്ന ദേശം അതിന്റെ ഭൂമിശാസ്ത അതിര്‍ത്തികള്‍ ലംഘിക്കുകയും ചെയ്യുന്നു.മലയാളം ബ്ലോഗുകളില്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്ന കേരളീയത ദൂര ദേശങ്ങളിലിരുന്ന് ഓരോരുത്തരും കണ്ടെത്തു(ഴുതു)ന്ന ദേശമാണ്.
ഒരു ദേശവും സ്ഥലപരമായി/സ്ഥലപരം മാത്രമായി ഇനി നിലനില്‍ക്കുകയുണ്ടാവില്ല.വള്ളുവനാട് എന്ന സാംസ്കാരിക ഭാഷാഭൂഖണ്ഡം അതിന്റെ മികച്ച ഉദാഹരണമാണ് .രാഷ്ട്രീയമായി അത്തര മൊരു ഭൂപ്രദേശം ഇന്ന് നിലനില്‍ക്കുന്നില്ല.അതിന്റെ അതിര്‍ത്തികള്‍ എവിടെ തുടങ്ങുന്നു എവിടെ തീരുന്നു എന്നൊന്നും ആര്‍ക്കും അറിഞ്ഞു കൂടാ.പക്ഷെ അതൊരു സാംസ്കാരിക പ്രയോഗമായി ഭാഷാഭേദമായി എവിടേയും കുടിയേറുന്നു. മലയാള സിനിമയില്‍ ഏറെ പരന്നൊഴുകിയ സ്ഥലരാ ശിയാണ് വള്ളുവനാട്. എന്നാല്‍ അത് സ്ഥലപരമല്ല; സാംസ്കാരികമാണ്.
സംസ്കാരത്തില്‍ നിന്ന് ദേശം വിട്ടുപോവുകയോ, ദേശത്തില്‍ നിന്ന് സംസ്കാരം വേറിടുകയൊ, അഥവാ രണ്ടുംകൂടി ഏതെങ്കിലും ത്രിശങ്കുവില്‍ ഇടം പിടിക്കുകയോ ഏതാണ് സംഭവിക്കാന്‍ പോകുന്നത്?

3 comments:

  1. നല്ല ബ്ലോഗ്‌......ആശംസകൾ...
    പക്ഷെ വേഡ്‌ വെരിഫിക്കേഷൻ മാറ്റാമായിരുന്നു....

    ReplyDelete
  2. വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയിട്ടുണ്ട്

    ReplyDelete