Thursday, December 5, 2013

മേഘാവൃത നക്ഷത്രം: യുക്തി, തര്‍ക്കം, കഥ


“ ജുക്തി, തക്കോ, ഓര്‍ ഗപ്പോ” കണ്ടതിനുശേഷം ഋത്വിക് ഘട്ടക്കിനെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കണമെന്നു തോന്നി. ഘട്ടക്കിന്റെ ജീവിതത്തെ നന്നായി വിശദീകരിക്കുന്നുണ്ടെന്നതിനാല്‍ അദ്ദേഹത്തിന്റെ ‘ മേഘധക്കേതാര‘ എന്ന പ്രധാന ചിത്രത്തിന്റെ ശീര്‍ഷകം തന്നെ ഞാന്‍ തെരഞ്ഞെടുത്തു”. ഋത്വിക് ഘട്ടക്കിനെക്കുറിച്ചുള്ള” “മേഘെ ധക്കാ താര” (2013) എന്ന ചിത്രത്തെക്കുറിച്ച് സംവിധായകനായ കമലേശ്വര്‍ മുഖര്‍ജി പറയുന്നു.
ഋത്വിക് ഘട്ടക്കിന്റെ ജീവിതത്തിലെ ഏറെ വെളിച്ചം കയറിയിട്ടില്ലാത്തൊരു സന്ദര്‍ഭത്തെ ഉപജീവിച്ചാണ് കമലേശ്വര്‍ ഈ സിനിമ രൂപപ്പെടുത്തിയിട്ടുള്ളത്. മദ്യപാനാസക്തിയില്‍ നിന്ന് വിമുകതനാവാന്‍ ഘട്ടക്ക് ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന കാലമാണത്. ഋത്വിക് ഘട്ടക്കിന്റെ ജീവിതം, രാഷ്ട്രീയം, കലാപ്രവര്‍ത്തനങ്ങള്‍, ആശയപ്രപഞ്ചം എന്നിവയെയെല്ലാം ആധാരമാക്കുന്ന ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ അതിനു നല്‍കാവുന്ന അര്‍ത്ഥപൂര്‍ണ്ണമായ പേരുകളിലൊന്ന് അദ്ദേഹത്തിന്റെ തന്നെ പ്രധാന സിനിമകളിലൊന്നായ “ മേഘധക്കേ താര” (മേഘാവൃത നക്ഷത്രം) യുടേതു തന്നെയാണ്. ഘട്ടക്കിന്റെ ഏറ്റവും ജനപ്രീതി നേടിയ ചിത്രത്തിന്റെ പേരു കൂടിയാണത്.
ജീവിതത്തിലും, കലാരംഗത്തും, രാഷ്ട്രീയരംഗത്തുമായി മദ്യപാനി, അരാജകവാദി, വിപ്ലവകാരി, നാടകസിനിമാ പ്രവര്‍ത്തകന്‍, തത്ത്വചിന്തകന്‍ എന്നിങ്ങനെ ഭിന്നവും, പരസ്പരപൂരകവുമായ പലവഴികളിലൂടെയും  സഞ്ചരിച്ചു തീര്‍ത്ത ഘട്ടക്കിനെപ്പോലൊരാളുടെ ജീവിതത്തെ സിനിമയുടെ ആഖ്യാനരൂപത്തില്‍ നിബന്ധിക്കുമ്പോള്‍ നേരിടാവുന്ന പല വെല്ലുവിളികളെയും സംവിധായകന്‍ ഈ ചിത്രത്തില്‍ തരണം ചെയ്തിട്ടുണ്ട്. “ ഘട്ടക്ക് എന്ന ജീനിയസ്സിന്റെ മനസ്സ് എപ്രകാരം പ്രവര്‍ത്തിച്ചു എന്നത് ആവിഷ്‌ക്കരിക്കുക വലിയ വെല്ലുവിളിയായിരുന്നു. ഈ സിനിമ സെല്ലുലോയ്ഡിലുള്ള ഒരു ജീവചരിത്ര പ്രബന്ധമല്ല. സിനിമാസംവിധായകനും കലാകാരനുമായ ഘട്ടക്കിന്റെ മനസ്സു കണ്ടെത്താനുള്ള പരിശ്രമാണ് “ എന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ഇടതുപക്ഷ വിഷാദം തീണ്ടിയവര്‍

ഋത്വിക് ഘട്ടക്കിന്റെ ആദ്യചിത്രം (നാഗരിക്, 1952) തന്നെ തിയേറ്ററുകളിലെത്തിയത് അദ്ദേഹത്തിന്റെ മരണാനന്തരമാണ്. തുടര്‍ന്നു സംവിധാനം ചെയ്ത ചിത്രങ്ങളിലേറെയും പൊതുജനശ്രദ്ധയോ, നിരൂപകശ്രദ്ധയോ നേടുകയുണ്ടായില്ല. പരാജയപ്പെട്ട ഒരു കലാകാരനായി അദ്ദേഹത്തെ ഏവരും വിലയിരുത്തി. അദ്ദേഹത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകനോ,
നാടകപ്രവര്‍ത്തകനോ യഥാവിധി മനസ്സിലാക്കപ്പെട്ടില്ല. തന്റെ സ്വപ്നങ്ങളിലൊന്നായ ഇപ്റ്റ (Indian People Theatre Arts) എന്ന കലാസംഘടന രാഷ്ട്രീയകാരണങ്ങളാല്‍ തകര്‍ച്ചയെ നേരിട്ടു. ഇപ്റ്റ മറ്റു വിധത്തിലും ഘട്ടക്കിന്റെ ജീവിതത്തിന്റെ ഭാഗമാണ്. നടിയായ സുരമയുമായി ഘട്ടക്ക് അടുക്കുന്നതും, പിന്നീട് വിവാഹിതരാവുന്നതും ഇപ്റ്റയിലെ പ്രവര്‍ത്തന കാലത്താണ്. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറന്തള്ളപ്പെട്ട് മദ്യപാനി, അരാജകവാദി എന്നീ വിശേഷണങ്ങള്‍ക്കു വിധേയനായി ശിഷ്ടകാലം കഴിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. സിനിമയില്‍ അദ്ദേഹം ബംഗാള്‍ വിഭജനം എന്ന ഒരേ പ്രമേയം തന്നെ ആവര്‍ത്തിച്ചുപയോഗിക്കുന്നതായി വിമര്‍ശിക്കപ്പെട്ടു. കടുത്ത ഒറ്റപ്പെടലിനും ശൂന്യതയ്ക്കും ഇടയിലും അദ്ദേഹത്തിന്റെ സിനിമകള്‍ പ്രസാദാത്മകമായ അന്ത്യരംഗങ്ങളാല്‍ ദീപ്തങ്ങളായി. അവയില്‍ സംഗീതത്തിന്റെ ഒരു സമാന്തര ലോകം ആദ്യന്തം നിറഞ്ഞുനിന്നു. എങ്കിലും ഇടതുപക്ഷ വിഷാദം തീണ്ടിയ കലാകാരന്മാരി ലൊരാളായാണ് ഘട്ടക്ക് വിലയിരുത്തപ്പെടുന്നത്. (ഐ.ഷണ്മുഖദാസ്: സിനിമയും ചില സംവിധായകരും). എന്നാല്‍ മരണശേഷം ബംഗാള്‍ സമൂഹവും, സിനിമാലോകവും ആവേശപൂര്‍വ്വമാണ് അദ്ദേഹത്തെ തിരിച്ചറിയുകയും കൊണ്ടാടുകയും ചെയ്തത്. ജീവിച്ചിരുന്ന കാലത്തു തന്നെ എല്ലാ വിമര്‍ശനങ്ങളേയും അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു എന്നതിന്റെ സാക്ഷ്യം “ ജുക്തി, തക്കോ, ഓര്‍ ഗപ്പോ” (1974)എന്ന ചിത്രമാണ്. അതില്‍ തന്നെത്തന്നെ ദൃശ്യവല്‍ക്കരി ക്കുകയും വിമര്‍ശനവിധേയമാക്കുകയും നീലകണ്ഠബാഗ്ചി എന്ന ആത്മഛായയുള്ള റോളില്‍ അഭിനയിക്കുകയും ചെയ്തയാളാണ് ഘട്ടക്ക്. കമലേശ്വറിന്റെ സിനിമ ശീര്‍ഷകത്തില്‍ 'മേഘെധക്കാതാര' യുടെ പേരു വഹിക്കുന്നെണ്ടെങ്കിലും ഉളളടക്കത്തില്‍ ‘ ജുക്തി..‘ യോടാണ് കടപ്പെട്ടിരിക്കുന്നത്.

വിഭജനങ്ങളുടെ മുറിവുകള്‍

വിഭജനങ്ങളുടെ മൂന്നു മുറിവുകളാണ് ഋത്വിക് ഘട്ടക്ക് എന്ന സംവിധായകന്റെയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും ആകെത്തുക എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ബംഗാള്‍ വിഭജനം, ഇപ്റ്റയുടെ തകര്‍ച്ച, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് എന്നിവയാണ് മൂന്നു മുറിവുകള്‍. ഇന്ത്യയുടെ സാമൂഹികരാഷ്ട്രീയരംഗങ്ങളില്‍ ഇവയിലോരോന്നും സൃഷ്ടിച്ച മുറിവുകളുടെ ആഴവും വലിയതാണ്. ഋത്വിക് ഘട്ടക്ക് ഈ മൂന്നു വിഭജനങ്ങളേയും പ്രത്യക്ഷത്തില്‍ തന്നെ തന്റെ മനസ്സിലും ശരീരത്തിലും ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ സിനിമകള്‍ വിഭജനം എന്ന ആശയത്തെ ത്തന്നെ തിരിച്ചും മറിച്ചും പ്രമേയങ്ങളാക്കി. വിഭജിത മനസ്സുകളും ശരീരങ്ങളും ഭൂപ്രദേശങ്ങളായി ജീവിക്കുന്ന ഘട്ടക്കിന്റെ കഥാപാത്രങ്ങള്‍ രണ്ടു ബംഗാളുകളെ വേര്‍തിരിക്കുന്ന നദിയുടെ  കരയില്‍ നിന്ന് മറുകരയിലേയ്ക്ക് നോക്കും. തങ്ങള്‍ പിറന്ന വീടും,നാടും തങ്ങളുടെ കുട്ടിക്കാലവുമൊക്കെ സ്ഥിതി ചെയ്തിരുന്നത് നദിയുടെ മറുകരയിലായിരുന്നു എന്ന് ഓര്‍മ്മിച്ചുകൊണ്ട് അതെല്ലാം ഭാവനയില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കും; ഇന്നത് ഒരു വിദേശരാജ്യമായിക്കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യം ഇനിയുമുള്‍ക്കൊള്ളാനാവാതെ. ഋത്വിക് ഘട്ടക്കിന്റെയും ജന്മവീട് കിഴക്കന്‍ ബംഗാളിലായിരുന്നു. വിഭജനത്തെതുടര്‍ന്ന് അവര്‍ പടിഞ്ഞാറന്‍ ബംഗാളിലേയ്ക്ക് കുടിയേറുകയായിരുന്നു.
ബംഗാള്‍ വിഭജനത്തെ പ്രത്യക്ഷപ്രമേയമാക്കുന്ന മൂന്നു ചിത്രങ്ങളാണ് ഘട്ടക്ക് സംവിധാനം
ചെയ്തത്. മേഘെധക്കാതാര (1960), കോമള്‍ഗാന്ധാര്‍ (1961) സുവര്‍ണ്ണരേഖ (1962). പ്രകൃതിയും മലകളും പുഴകളും സ്ത്രീകളുമെന്നപോലെ , കുട്ടികളും, കുട്ടിക്കാലവും ഘട്ടക്ക് സിനിമകളുടെ പൊതുസ്വഭാവമാണ്. കാരണം കുട്ടിക്കാലത്താണ് അവരോരുത്തരും തങ്ങളുടെ സ്വന്തം ദേശത്ത് സന്തോഷപൂര്‍വ്വം ജീവിച്ചിരുന്നത്. അന്നത് തങ്ങളുടെ സ്വന്തം ബംഗാളായിരുന്നു.കുട്ടികളിലും, ചെറുപ്പക്കാരിലും ഇത്രയേറെ വിശ്വാസം പുലര്‍ത്തിയ മറ്റൊരു ചലച്ചിത്രകാരനുണ്ടാവില്ല. തന്റെ എല്ലാ പരാജയങ്ങളെയും കയ്പ് അദ്ദേഹം ചെറുപ്പക്കാരും കുട്ടികളുമെന്ന മധുരിമ കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചു. ഘട്ടക്കിന്റെ ഏതെണ്ടല്ലാ സിനിമകളിലും ഭൂതകാലത്തിന്റെയും ഭാവികാലത്തിന്റെയും പ്രതിനിധാനങ്ങളായി കുട്ടികള്‍ പ്രത്യക്ഷപ്പെടുന്നു. ഭൂതകാലത്തില്‍, ഓര്‍മ്മകളുടെ അവിഭജിതമായ ഒരു ഭൂപ്രദേശത്തെയും കാലത്തെയുമാണ് കുട്ടികള്‍ പ്രതിനിധീകരിക്കുന്നതെങ്കില്‍, വരുംകാലത്തില്‍ ഏകീകൃതമാകുന്ന ഭൂപ്രദേശങ്ങളെ അവര്‍ സ്വപ്നത്തില്‍ വഹിക്കുന്നു.
‘ മേഘെധക്കാതാര‘ (1960) യുടെ ആരംഭത്തില്‍ തന്നെ പുഴയും,വലിയൊരു മരവും അതിനടിയിലൂടെ നടന്നുവരുന്നൊരു സ്ത്രീരൂപവും കാണാം. അതോടൊപ്പം നീത എന്ന കഥാപാത്രത്തിന്റെ അവിരാമമായ യാത്രയെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് വാറുപൊട്ടിയ ചെരുപ്പുമായി അവള്‍ നില്‍ക്കുന്നതു കാണുന്നു. വാറുപൊട്ടിയിട്ടും അതുപേക്ഷിക്കാന്‍ അവള്‍ തയ്യാറാവുന്നില്ല. മറ്റാരെങ്കിലും കണ്ടുവോ എന്ന് ചുറ്റും നോക്കി, അവളത് വീട്ടിലേയ്ക്ക് കൊണ്ടുപോന്നു. ചിത്രാന്ത്യത്തിലും ഒരു സ്ത്രീ ഇതുപോലെ നടന്നുവരുന്നു. അത് നീതയല്ല. അവളുടെയും ചെരുപ്പിന്റെ വാറു പൊട്ടുന്നു. അന്ത്യമില്ലാത്ത യാത്രകള്‍ നീതയ്ക്കു പകരം മറ്റൊരാള്‍ ഏറ്റെടുക്കുന്നുവെന്ന് ആവര്‍ത്തനസ്വഭാവമുള്ള ഈ ദൃശ്യത്തിലൂടെ ഘട്ടക്ക് പറഞ്ഞുറപ്പിക്കുന്നു. നീതയാകട്ടെ ആ നേരത്ത് ഷില്ലോങ്ങിലുള്ള ഒരു ടി.ബി.സാനറ്റോറിയത്തില്‍ മരണത്തെ മുഖാമുഖം കാണുകയാണ്. നീതയും കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള അഭയാര്‍ത്ഥിയാണ്. കുടുംബാംഗങ്ങളാലും കാമുകനാലും അവള്‍ ചൂഷണത്തിനു വിധേയയാകുന്നു. ‘മേഘങ്ങള്‍ക്കിടയില്‍ നക്ഷത്രം പോലെ‘എന്ന് പണ്ട് യൗവ്വനദീപ്തിയില്‍ അവളെ വിശേഷിപ്പിച്ചുകൊണ്ട് പ്രണയ ലേഖനമെഴുതിയ കാമുകന്‍ ഇന്ന് അവളോടൊപ്പമില്ല. നീത ആ കത്ത് വീണ്ടുംവീണ്ടും വായിക്കുകയും സൂക്ഷിച്ചുവെയ്ക്കുകയും ചെയ്തു. കുട്ടിക്കാലം മുതലെയുള്ള നീതിയുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു മലമുകളിലേയ്ക്ക് യാത്ര ചെയ്യുക എന്നത്. എന്നാല്‍ അത് നിറവേറിയത്, ഷില്ലോങ്ങിലെ സാനറ്റോറിയത്തിലേയ്ക്കുള്ള യാത്രയുടെ രൂപത്തി ലായിരുന്നു.
“ കോമള്‍ഗാന്ധാര്‍” നാടകജീവിതവും ഇപ്റ്റയുടെ തകര്‍ച്ചയുമാണ് പ്രമേയമാക്കുന്നതെങ്കിലും അതിന്റെയെല്ലാം അടിസ്ഥാനമായി വിഭജനം എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. ഇപ്റ്റയുടെ വിഭജനം, വിഭജിതബംഗാള്‍ എന്നിവയ്‌ക്കൊപ്പം ഒരു വിഭജിത മനസ്സുകൂടിയുണ്ട് ഈ ചിത്രത്തില്‍. അത് അനസൂയയുടേതാണ്. നമ്മള്‍ ശപിക്കപ്പെട്ടവരാണെന്നും അല്ലെങ്കില്‍ പത്മാനദിക്കരയില്‍ എങ്ങനെ വന്നുപിറന്നുവെന്നും അവരവതരിപ്പിക്കുന്ന നാടകത്തിലെ ഒരു കഥാപാത്രം അത്ഭുതം കൊള്ളുന്നുണ്ട്. ഇതാണോ പടിഞ്ഞാറ്? ഭൂമിയിലെ സ്വര്‍ഗ്ഗം? എന്നവര്‍ ആശ്ചര്യപ്പെടുന്നു. പുകനിറഞ്ഞ ആകാശമുള്ള ഈ നഗരത്തെ അവര്‍ക്കാര്‍ക്കും മനസ്സുകൊണ്ടും ശരീരം കൊണ്ടും അംഗീകരിക്കാനാവുന്നില്ല. ഇപ്പോഴും 'പൂര്‍വ്വപക്ഷ'ത്തു തന്നെ തുടരാനാണവര്‍ക്കിഷ്ടം. പശ്ചിമപക്ഷം അവരെ ആകര്‍ഷിക്കുന്നതേയില്ല. പക്ഷേ, വിഭജനം എന്ന ഭൗതിക,രാഷ്ട്രീയ യാഥാര്‍ത്ഥ്യം, അതിര്‍ത്തികളായി, തുടര്‍ച്ചയില്ലാത്ത റെയില്‍പ്പാളങ്ങളായി അവര്‍ക്കു മുന്നില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. പത്മാനദിക്കരയില്‍ നിന്ന് മറുകരയിലേയ്ക്ക് നോക്കുന്ന അനസൂയ പറയുന്നു:അവിടെയാണ് കിഴക്ക്. എന്റെ വീട്. ഞങ്ങള്‍ കളിച്ചതും കുളിച്ചതും പൂജചെയ്തതുമൊക്കെ അവിടെയാണ്. ഒപ്പമുള്ള ഭൃഗുവിനും അത് വിദേശരാജ്യമാണ്. അനസൂയയ്ക്ക് സജീവമായ ഒരു രാഷ്ട്രീയ പാരമ്പര്യമുണ്ട്. അവളുടെ അമ്മ നവഖാലിയില്‍ ഗാന്ധിജിയോടൊപ്പമുണ്ടായിരുന്നു.
അനസുയയുടെ തിയേറ്റര്‍ഗ്രൂപ്പ് അവതരിപ്പിക്കാന്‍ പോകുന്നത് ശാകുന്തളം നാടകമാണ്. ശകുന്തള കണ്വാശ്രമം വിട്ട് ഭര്‍ത്തൃഗൃഹത്തിലേയ്ക്ക് പോകുന്ന രംഗം ഉള്ളില്‍ രാഷ്ട്രീയമുള്ളൊരാള്‍ക്ക് എളുപ്പം അഭിനയിച്ചു ഫലിപ്പിക്കാനാവുമെന്ന് ഭൃഗു അവളോട് പറയുന്നു. 1947-ലെ ബംഗാള്‍ വിഭജന കാലത്തേയ്ക്ക്  മനസ്സുകൊണ്ട് തിരിച്ചുപോയി അന്ന് വീട് വിട്ടുപോരേണ്ടി വന്ന സന്ദര്‍ഭം ഓര്‍ത്താല്‍ മതി. തെരുവില്‍ നടക്കുന്ന പ്രകടനങ്ങള്‍ കാലില്‍ കുരുങ്ങുന്ന വള്ളിച്ചെടികളാണ്... എന്നാല്‍ അവരുടെ നാടകാവതരണം തകര്‍ക്കപ്പെട്ടു. അത് ഇപ്റ്റയുടെയും തകര്‍ച്ചയായിരുന്നു.

'സുവര്‍ണ്ണരേഖ'യിലെ അഭിറാമും, സീതയും വിഭജനത്തിന്റെ ഇരകളും അമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളുമാണ്. വീട് ഒരു വലിയ പുഴക്കരയിലായിരുന്ന ഓര്‍മ്മകള്‍ അവര്‍ക്കുമുണ്ട്. നമ്മള്‍ പുതിയ വീട്ടിലേയ്ക്ക് പോവുകയാണോ എന്ന് കുട്ടിക്കാലത്ത് സീത ചോദിക്കുന്ന അതേ ചോദ്യം സിനിമയുടെ അവസാനത്തില്‍ സീതയുടെ മകനും ചോദിക്കുന്നു. എന്നും പഴയ വീടുകളുപേക്ഷിക്കുകയും പുതിയ വീടുകളിലേയ്ക്കുള്ള യാത്രകളായിത്തീരുകയും ചെയ്ത ഒരു ജനതയുടെ ജീവിതവും കാലവുമാണ് സുവര്‍ണ്ണരേഖ സാക്ഷ്യപ്പെടുത്തുന്നത്.

യുക്തിയും തര്‍ക്കങ്ങളും

“ ജുക്തി, തക്കോ, ഓര്‍ ഗപ്പോ” ഈ ചിത്രങ്ങളുടെ തുടര്‍ച്ചയാണ്. ഭാര്യ ദുര്‍ഗ്ഗയും മകനും നീലകണ്ഠ ബാഗ്ചിയെ വിട്ടുപോകുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ചികിത്സകള്‍ക്കു ശേഷവും, നീലകണ്ഠയുടെ മദ്യപാന ജീവിതം തുടരുന്നതില്‍ പ്രതിഷേധിച്ചാണ് അവര്‍ വീടുപേക്ഷിച്ചു പോകുന്നത്. തന്നെ വിട്ടുപോവുകയാണെങ്കിലും ദുര്‍ഗ്ഗ നല്ലൊരു ഭാര്യയും അമ്മയുമായിരുന്നെന്ന് നീലകണ്ഠ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആളും ആരവവുമൊഴിഞ്ഞ ആ വീട്ടിലേയ്ക്ക് കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിനി പെണ്‍കുട്ടി കയറിവരുന്നു. ബംഗബാലയെന്നാണവളുടെ പേര്. പിന്നീട് നീലകണ്ഠയുടെ യാത്രയുടെ അവസാനം വരെയും അവള്‍ കൂടെയുണ്ട്. ബംഗബാല തന്നെ മാത്രം ആശ്രയിച്ച് തന്നോടൊപ്പം തെരുവില്‍ അലഞ്ഞുനടക്കുന്ന വെറുമൊരനാഥയല്ലെന്ന് ഘട്ടക്ക് നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അവള്‍ ഇച്ഛാശക്തിയുള്ളവളും തന്നെയും, തന്റെ തലമുറയേയും കടന്ന് വംഗനാടിനെ നയിക്കേണ്ടവളുമാണ്.
നീലകണ്ഠയില്‍ സ്ഥിതപ്രജ്ഞത താന്‍ തിരിച്ചുകൊണ്ടുവരുമെന്ന് അവള്‍ ദുര്‍ഗ്ഗയ്ക്ക് വാക്കു കൊടുക്കുന്നുമുണ്ട്.
വീട് വിട്ട് തെരുവില്‍ അലയുന്ന നീലകണ്ഠയെ പോലീസുകാര്‍ കുടിയനെന്നു വിളിച്ച് അധിക്ഷേപിക്കുന്നു. കഴിഞ്ഞ മുപ്പതുവര്‍ഷമായി ബംഗാളിന്റെ പുനരേകീകരണത്തിനു ശ്രമിക്കുകയാണയാള്‍. ഇപ്പോള്‍ ആള്‍ക്കഹോളില്‍ മുങ്ങിത്താണുപോയെന്ന് മറ്റൊരാള്‍ കുറ്റപ്പെടുത്തുന്നു. വിഭജനം, അഭയാര്‍ത്ഥിപ്രവാഹം എന്നിവയല്ലാതെ മറ്റൊന്നും അയാളുടെ സിനിമയിലില്ലെന്ന് വേറൊരാള്‍ വിമര്‍ശിക്കുന്നു.
ഋത്വിക് ഘട്ടക്കും സുരമഘട്ടക്കും
ഒരു തകര്‍ന്ന ബുദ്ധിജീവിയാണ് താനെന്ന് സ്വയം വിലയിരുത്തുന്ന നീലകണ്ഠയ്ക്ക് വനത്തിനുള്ളില്‍ കലാപകാരികള്‍ക്കും പോലീസിനുമിടയില്‍പ്പെട്ട് വെടിയേറ്റു മരിക്കാനായിരുന്നു നിയോഗം. കലാപകാരികള്‍ക്ക് അയാളെ മനസ്സിലാക്കാനായില്ല. അവര്‍ ചാരനായാണ് അയാളെ കണക്കാക്കിയത്. പോലീസുകാരാകട്ടെ കലാപകാരികളിലൊരാളായും കരുതി. പിറ്റേന്ന് കാലത്ത് കാട്ടിലേയ്ക്ക് കുറച്ചു ഭക്ഷണവുമായി മകനേയും കൂട്ടിവരണമെന്ന് ദുര്‍ഗ്ഗയോട് പറയുമ്പോള്‍, യാദൃശ്ചികമെങ്കിലും ഇങ്ങനെയൊരു രംഗം അവര്‍ക്കു മുന്നില്‍ സൃഷ്ടിക്കപ്പെടുമെന്ന് ആരും കരുതിയതല്ല. സൂര്യന്റെ ആദ്യരശ്മികള്‍ മകന്റെ ദേഹത്ത് പതിക്കുന്നത് കാണണം എന്നൊരാഗ്രഹമേ ഉണ്ടായിരുന്നുള്ളു. അതു കണ്ടുകൊണ്ടാണയാള്‍ കണ്ണടയ്ക്കുന്നതും.

മേഘാവൃതനക്ഷത്രം (2013)

കമലേശ്വര്‍ മുഖര്‍ജിയുടെ ‘മേഘെധക്കാതാര (2013) ‘ ജുക്തി ...‘ ക്കു മുമ്പുള്ള ഒരു കാലത്തെയാണ് ആവിഷ്‌ക്കരിക്കുന്നതെന്നു പറയാം. പ്രസ്തുത സിനിമയിലെ അനുഭവങ്ങളിലേക്കെത്തിച്ചേര്‍ന്ന കഠിനപാതകങ്ങളിലൂടെയുള്ള തിരിഞ്ഞുനടത്തമാണ് കമലേശ്വറിന്റെ സിനിമ.‘ ജുക്തി ...‘ യിലെ കഥാപാത്രങ്ങള്‍ തന്നെയാണ് കമലേശ്വറിന്റെയും കഥാപാത്രങ്ങള്‍. ദുര്‍ഗ്ഗയാല്‍ തിരസ്‌ക്കരിക്കപ്പെട്ട് തെരുവില്‍ അലഞ്ഞ് ഒടുവില്‍ വനത്തിനുള്ളില്‍ പോലീസിന്റെ വെടിയേറ്റു മരിക്കുന്നതിലവസാനിക്കുകയാണ്  ‘ ജുക്തി ...‘ യെങ്കില്‍ അത്തരമൊര വസ്ഥയിലേയ്ക്കുള്ള ഘട്ടക്കിന്റെ പരിണാമത്തെയാണ് മേഘെ ധക്കാതാര (2013) ദൃശ്യവല്‍ക്കരിക്കുന്നത്.
മാനസികാരോഗ്യ കേന്ദ്രത്തിലെത്തിപ്പെടുന്ന നീലകണ്ഠയിലാണ് സിനിമ തുടങ്ങുന്നത്. ഞങ്ങള്‍ക്ക് നാടില്ല, വീടില്ല, ഭൂമിയില്ല എന്ന ഒരു പാട്ട് അതോടൊപ്പം മുഴങ്ങുന്നു. വിളവുകള്‍ എവിടെപ്പോകുന്നു എന്ന ചോദ്യമുയരുന്നു. ആശുപത്രിയിലെത്തിയ നീലകണ്ഠ അവിടെയും തന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമായാണ് കണ്ടെത്തുന്നത്. കുമാരസംഭവത്തിന്റെ 8 അദ്ധ്യായങ്ങള്‍ അവിടെ വെച്ച് തര്‍ജ്ജുമ ചെയ്യാനയാള്‍ക്കാഗ്രഹമുണ്ട്. ഇത് ഘട്ടക്കിന്റെ സംസ്‌കൃതാഭിമുഖ്യത്തിന്റെയും ക്ലാസ്സിക്കുകളോടുള്ള ആരാധനയുടെയും പ്രഖ്യാപനം കൂടിയാണ്.
തന്നെ ചികിത്സിക്കാന്‍ പോകുന്ന ഡോക്ടറോടയാള്‍ ചോദിക്കുന്നത് ഫ്രോയ്‌ഡിന്റേയൊ യൂങ്ങിന്റേയോ ആരുടെ തത്വശാസ്ത്രമാണ് തനിക്കുമേല്‍ പ്രയോഗിക്കാന്‍ പോകുന്നതെന്നാണ്. മരുന്നുകള്‍ കൊണ്ടല്ല തത്വശാസ്ത്രങ്ങള്‍ കൊണ്ടാണ് താന്‍ ചികിത്സക്കപ്പെടേണ്ടതെന്ന് അദ്ദേഹം കരുതുന്നുണ്ടാവാം. ബയോഡാറ്റ നോക്കി നിങ്ങള്‍ കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള കുടിയേറ്റക്കാരനാണല്ലോ എന്ന് ഡോക്ടര്‍ പറയുമ്പോള്‍, എപ്രകാരം കിഴക്കും പടിഞ്ഞാറുമെന്ന് രണ്ട്  ബംഗാളുകളുണ്ടാവുമെന്ന് നീലകണ്ഠക്ഷുഭിതനാവുന്നു. പീപ്പിള്‍സ് തിയേറ്ററിനെക്കുറിച്ചും ഡോക്ടറുടെ ചോദ്യമുയരുന്നു. തുടര്‍ന്നങ്ങോട്ട് നീലകണ്ഠയുടെ ശരീരം മനസ്സ് എന്നീ കേവലാവസ്ഥകളുടെ മാത്രം ശുശ്രൂഷകനല്ല ഡോക്ടര്‍ മുഖര്‍ജി. അയാളുടെ രാഷ്ട്രീയവും കലാപരവുമായ വീഴ്ചതാഴ്ചകളെക്കുറിച്ചെല്ലാം ഡോക്ടറുടെ നിരന്തരമായ അന്വേഷണങ്ങളുണ്ട്.
രണ്ടാംലോകമഹായുദ്ധം, ബംഗാള്‍ ക്ഷാമം, ബംഗാള്‍ വിഭജനങ്ങള്‍, തേഭാഗകലാപം, ഗാന്ധിജിയുടെ മരണം, ഇന്ത്യയുടെ സ്വാതന്ത്ര്യം, കമ്മ്യുണിസ്റ്റ് സമരങ്ങള്‍, റഷ്യയുടെ ബഹിരാകാശയാത്ര തുടങ്ങി ഒരു കാലഘട്ടത്തിലെ ചരിത്രപരാമര്‍ശങ്ങളിലൂടെയാണ് നീലകണ്ഠ കടന്നുപോകുന്ന കാലം വ്യഞ്ജിപ്പിക്കപ്പെടുന്നത്.
ലോകത്തെ രക്ഷിക്കാന്‍ വിഷം കുടിച്ചവനാണ് നീലകണ്ഠനെന്ന കാരണത്താലാണ് ‘ ജുക്തി ...‘ യിലെ കഥാപാത്രത്തിന് നീലകണ്ഠ എന്ന പേരു വന്നതെന്ന് ഒരഭിമുഖത്തില്‍ ഘട്ടക്ക് വിശദീകരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ സമാനാര്‍ത്ഥത്തിലുള്ള മറ്റൊരു വാക്യവും നീലകണ്ഠ പറയുന്നുണ്ട്. മറ്റുള്ളവര്‍ക്ക് വെളിച്ചമേകാന്‍ സ്വയമെരിയുന്നൊരാള്‍ (One who burns to illuminate others) എന്നാണത്. സിഗരറ്റ് വലിക്കുന്നതിനെ ഡോക്ടര്‍ വിലക്കുമ്പോള്‍ ഞങ്ങള്‍ തീ തിന്നുന്നവരാണ് . (we are fire eaters) എന്ന് ഇക്കാര്യം തന്നെ മറ്റൊരു രീതിയില്‍ വിശദീകരിക്കപ്പെടുന്നു.
പട്ടാളക്കാരുടെ കൂട്ടബലാല്‍സംഗത്തിനു വിധേയയായി മാനസികാശുപത്രിയിലെത്തിയ സന്ധാള്‍ പെണ്‍കുട്ടിയാണ് ഫുല്‍മോനി. അവളെയും തന്റെ ആശുപത്രിനാടകത്തില്‍ നീലകണ്ഠ പങ്കാളിയാക്കുന്നുണ്ട്. നിരന്തരമായ ഷോക്ക് ചികിത്സയ്ക്ക് വിധേയനായി അര്‍ദ്ധജീവനും അര്‍ദ്ധമനസ്സുമായിക്കഴിയുന്ന നീലകണ്ഠക്കു മുന്നില്‍, അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തില്‍ അവതരിപ്പിക്കപ്പെടുന്ന ആശുപത്രിനാടകത്തിന്നൊടുവില്‍, ഈ ഫുല്‍മോനിയാണ് ബംഗബാലയായി പ്രത്യക്ഷപ്പെട്ട് പ്രകൃതിയുടെ വിശാലതയിലേയ്ക്കും, പുതിയൊരു ജീവിതത്തിലേയ്ക്കും നീലകണ്ഠയെ വിളിച്ചിറക്കി ക്കൊണ്ടുപോകുന്നത്.
ദുര്‍ഗ്ഗ, ഡോക്ടര്‍, നാട്ടുകാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം നീലകണ്ഠയുടെ സിനിമാപ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. അവരില്‍ ചിലരൊക്കെ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുണ്ട്. പക്ഷേ അവര്‍ക്കാര്‍ക്കും ആ സിനിമകള്‍ തീരെ മനസ്സിലായിട്ടില്ല. എത്ര കാലം നിങ്ങള്‍ വിഭജനം / അഭയാര്‍ത്ഥികള്‍ എന്നിവരെക്കുറിച്ചു മാത്രം സിനിമയെടുക്കുമെന്ന് ഭാര്യ ചോദിക്കുന്നു. കടം വാങ്ങി നിര്‍മ്മിച്ച സിനിമയാകട്ടെ റീലീസ് ചെയ്യാന്‍ പോലും കഴിഞ്ഞതുമില്ല. അതിനുള്ള നീലകണ്ഠയുടെ മറുപടി, പണം നിലനില്‍ക്കുകയില്ല, പക്ഷേ, എന്റെ സിനിമകള്‍ നിലനില്‍ക്കും. നീയതു കാണും എന്നാണ്. ഡോക്ടര്‍ മുഖര്‍ജി താന്‍ കണ്ട ചില സിനിമകളെക്കുറിച്ച് വാചാലനാകുമ്പോള്‍ അല്‍പ്പം പരിഹാസത്തോടെ നീലകണ്ഠ പറയുന്നു:“ അക്കാലത്ത് എന്റെ ചില ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വിഭജനം / അഭയാര്‍ത്ഥികള്‍ എന്നിവയൊക്കെ യായിരുന്നു അവയിലെ പ്രമേയങ്ങള്‍. അതിലേതെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ?“  തങ്ങള്‍“ സംഗം“ എന്ന സിനിമ കണ്ടതിനെക്കുറിച്ച് തെരുവുവാസികള്‍ നീലകണ്ഠയോട് പറയുന്നു. പക്ഷേ, അയാളുടെ സിനിമകള്‍ അവരാരും കണ്ടിട്ടില്ല. നീലകണ്ഠയുടെ ഒരു ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയേറ്ററില്‍ പലരും നല്ല ഉറക്കത്തിലാണ്. തിയേറ്ററില്‍ നിന്നിറങ്ങി വരുന്ന നീലകണ്ഠക്ക് നേരിടാനുള്ളത് പലതരം വിമര്‍ശനങ്ങളാണ്: നാടകഭ്രമത്തില്‍ നിന്ന് ഇനിയും പുറത്തുകടന്നിട്ടില്ല; യാദൃശ്ചികതകള്‍ നിരവധി; ഫ്രെയിമുകള്‍ ശരിയായി ക്രമികരിക്കപ്പെട്ടിട്ടില്ല; എഡിറ്റിംഗ് ജെര്‍ക്ക് ചെയ്യുന്നു എന്നിങ്ങനെ.
‘ ജുക്തി ...‘ യിലെ കഥാശരീരം അതേ പേരുള്ള കഥാപാത്രങ്ങളാല്‍ പുനരാവിഷ്‌ക്കരിക്കപ്പെടുന്നുണ്ട് കമലേശ്വറിന്റെ ചിത്രത്തില്‍. ‘ ജുക്തി ...‘ യിലെ ദുര്‍ഗ്ഗയെക്കാള്‍ (തൃപ്തിമിത്ര) ഏറെ നിരുദ്ധകണ്ഠയും നിസ്സഹായയുമാണ് പുതിയ ദുര്‍ഗ്ഗ (അനന്യചാറ്റര്‍ജി). എന്നാല്‍ ഘട്ടക്ക് തന്നെ അവതരിപ്പിക്കുന്ന നീലകണ്ഠയേക്കാള്‍ ഏറെ ഊര്‍ജ്ജം വഹിക്കുന്നയാളാണ് പുതിയ നീലകണ്ഠ (ശാശ്വത ചാറ്റര്‍ജി). ഡോക്ടര്‍ മുഖര്‍ജി ഇതിലെ പുതിയൊരു കഥാപാത്രമാണ് (അബീല്‍ ചാറ്റര്‍ജി). ബംഗബാലക്കും മാറ്റം വന്നിരിക്കുന്നു. ചിത്രത്തിന്റെ അവസാനത്തില്‍ മാത്രമാണ് അവള്‍ പ്രത്യക്ഷപ്പെടുന്നത്.
ഘട്ടക്കിന്റെ സിനിമകളെല്ലാം ആദ്യന്തം സംഗീതമുള്‍ക്കൊണ്ട് വികസിക്കുന്നവയാണ്. ‘ ജുക്തി ...‘ .യില്‍ ഉപയോഗിക്കപ്പെട്ട സംഗീതം അതേ അളവില്‍ ഈ സിനിമയിലേയ്ക്കു കൊണ്ടുവരാന്‍ സംവിധായകന്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. മാത്രവുമല്ല ഘട്ടക്കിന്റെ സിനിമയിലെ ക്ലിപ്പിങ്ങുകളൊന്നും ഉപയോഗിക്കാതെ ആവശ്യമായ ഭാഗങ്ങളെല്ലാം പുന:സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഘട്ടക്കിന്റെ ജീവിതത്തെ നീലകണ്ഠ എന്ന കഥാപാത്രത്തിലൂടെ ആദ്യന്തം ഉപജീവിക്കുന്നുണ്ടെങ്കിലും നിരവധി ചരിത്രസാമൂഹ്യസന്ദര്‍ഭങ്ങളും ഘട്ടക്ക് സിനിമകളില്‍ നിന്നുള്ള ഭാഗങ്ങളും പുനരാവിഷ്‌ക്കരിക്കപ്പെടുന്നുണ്ടെങ്കിലും ഈ സിനിമ ഒരു ഡോക്യുമെന്ററിയാവാതെ നില്‍ക്കുന്നതിനുള്ള പ്രധാന കാരണം ഡോക്ടര്‍ മുഖര്‍ജിയും അദ്ദേഹത്തിന്റെ മാനസികാരോഗ്യകേന്ദ്രവുമാണ്. ഡോക്ടര്‍ മുഖര്‍ജി ഒരേ സമയം നീലകണ്ഠയുടെ മനസ്സിനേയും അയാളുടെ നാടകശരീരത്തേയും ഭൂതകാലത്തെയാകെത്തന്നെയും ചികിത്സയ്ക്കു വിധേയമാക്കുന്നു. ഇതൊരു ഏകപക്ഷീയ പ്രവര്‍ത്തനമല്ല. സംവാദങ്ങളിലൂടെയെന്നവണ്ണം
നീലകണ്ഠയുടെ ഭൂതകാലങ്ങളില്‍ അയാള്‍ ഇടപെടുന്നു. ഡോക്ടറാണ് സിനിമക്കുള്ളിലെ നാടകത്തേയും സിനിമയെത്തന്നെയും നിയന്ത്രിക്കുന്നത്. നീലകണ്ഠ സ്വയം വിമര്‍ശനവിധേയമാക്കുന്ന ആത്മഭാവം തന്നെയാണത്. എന്നാല്‍ സിനിമയുടെ അവസാനഭാഗത്ത് എല്ലാ ചികിത്സകളെയും നിയന്ത്രണങ്ങളേയും മറി കടന്ന് അയാള്‍ പ്രകൃതിയിലേയ്ക്ക് ഇറങ്ങിപ്പോകുന്നുണ്ട്.
പ്രതീക്ഷയുടെ നാളം കെടാതെ നിര്‍ത്തിയ ഘട്ടക്ക് എന്ന പ്രതിഭയെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു കൊണ്ടാണ് കമലേശ്വര്‍ തന്റെ ചിത്രത്തിന്റെ അവസാനരംഗമൊരുക്കിയിട്ടുള്ളത്. മാനസികാരോഗ്യകേന്ദ്രത്തിനു പുറത്ത് ബംഗബാല എന്ന പേരുള്ള പെണ്‍കുട്ടി അയാളെ കാത്തു നില്‍ക്കുന്നു. അവളുടെ തോളില്‍ ചാരി ക്ഷീണിതനായ അയാള്‍ നടന്നു നീങ്ങുന്നു. അകലെ പുഴ കാണാം. പുഴയോടടുക്കുമ്പോള്‍ അയാള്‍ ക്ഷീണം കുടഞ്ഞെറിഞ്ഞ് കൈകള്‍ ആഞ്ഞുവീശി ഊര്‍ജ്ജസ്വലനായി മാറുന്നു. അതുവരെ ബ്ലാക്ക് & വൈറ്റിലായിരുന്ന സിനിമ കളറിലേയ്ക്ക് മാറുന്നു. പുഴയുടെ അങ്ങേപ്പുറത്ത് മരങ്ങളും മലകളും തെളിയുന്നു. ഒരു ഘട്ടക്ക് ചിത്രത്തിലേയ്ക്ക് നമ്മള്‍ പ്രവേശിക്കുന്നതായി അനുഭവപ്പെടുന്നു. പുഴയ്ക്കപ്പുറമുള്ള അവിഭജിതബംഗാള്‍ എന്ന സ്വപ്നത്തിലേയ്ക്ക് ആ പെണ്‍കുട്ടിയൊടൊത്ത് അയാള്‍ നടന്നുപോവുകയാണ്. മൂന്നു മിനിട്ടോളം നീണ്ടുനില്‍ക്കുന്ന സുദീര്‍ഘമായ ഈ അവസാനഷോട്ട്, സിനിമയുടെ അതുവരെയുള്ള മുഴുവന്‍ ആശയവും സംഗ്രഹിച്ച ഒരു സൗന്ദര്യാനുഭവമാണ്. കറുപ്പിലും വെളുപ്പിലും നിന്ന് പിഴിഞ്ഞെടുത്ത നാനാവര്‍ണ്ണങ്ങള്‍.
“”പോപ്പ് കോണ്‍ / കാന്‍ഡി സിനിമകളുടെ രുചി ശീലങ്ങളുള്ള ഒരു ജനത കൃത്യമായ നരേറ്റീവില്ലാത്ത ഈ സിനിമ ഇഷ്ടപ്പെടുമോ? Man of Steel ന് ഒപ്പം മേഘെധക്കേതാര തിയേറ്ററുകളില്‍ ഓടുമോ? ഈ സിനിമയെ നിരൂപണം ചെയ്തുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ പ്രകടിപ്പിച്ച ആശങ്കകള്‍ക്ക് പ്രസക്തിയുണ്ട്. മറ്റൊന്നു കൂടി നിരൂപണം പറഞ്ഞുവെയ്ക്കുന്നുണ്ട്. 52-ാം വയസ്സില്‍ മരിച്ച മറ്റൊരു ചലച്ചിത്രപ്രതിഭയെ ഓര്‍ത്ത് കരയുന്ന ബംഗാളികള്‍ അദ്ദേഹത്തിന്റെ യൊക്കെ കാലത്തിനു മുമ്പ് 51-ാം വയസ്സില്‍ മരിച്ച മറ്റൊരാളെ ഓര്‍ക്കുമോ? ഋതുപര്‍ണ്ണഘോഷിനെ ഓര്‍ത്താണ് ബംഗാളികള്‍ അടുത്തകാലത്ത് ഏറെ വിലപിച്ചത്. എന്നാല്‍ ഘട്ടക്ക് അതിലും കുറഞ്ഞ പ്രായത്തിലാണ് മരണത്തിനു കീഴടങ്ങിയതെന്ന കാര്യം വീണ്ടും ഓര്‍ക്കാനുള്ള അവസരം കൂടിയാണിത്.

ഘട്ടക്കിന്റെ ‘ ക്രമ’ ങ്ങള്‍

ബാഹ്യമായും ആന്തരികമായും ശുഭാപ്തി വിശ്വാസങ്ങള്‍ നഷ്ടമായി ക്കൊണ്ടിരുന്ന ഒരു കാലത്താണ് ഘട്ടക്ക് സിനിമാരംഗത്തെത്തുന്നത്.  അശുഭാപ്തികളുടെ കഥകളില്‍ നിന്ന് തന്റെ സിനിമകള്‍ക്ക് അദ്ദേഹം ശുഭാപ്തി നിറഞ്ഞ പര്യവസാനമൊരുക്കി.
ഋത്വിക് ഘട്ടക്കിന്റെ ജീവിതവും സിനിമകളും രാഷ്ട്രീയനിലപാടുകളും അദ്ദേഹത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളുമെല്ലാമടങ്ങുന്ന വലിയൊരു വിജ്ഞാന സഞ്ചയത്തിലൂടെ കടന്നുപോകുമ്പോള്‍ ഘട്ടക്കിനെ നിര്‍വ്വചിക്കാനുള്ള വഴികള്‍ വീണ്ടും സങ്കീര്‍ണ്ണമായി വരും. ഏത് അരാജകത്വത്തിനും ഒരു ക്രമമുണ്ടെന്ന് ഘട്ടക്കിന്റെ തന്നെ സിനിമയിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. ഘട്ടക്കിന്റെ അക്രമങ്ങള്‍ക്കും ഒരു ക്രമമുണ്ടായിരുന്നുവെന്ന് കാലങ്ങള്‍ക്കു ശേഷം ഇപ്പോള്‍
തിരിച്ചറിയുകയാവാം.കുടുംബത്തിലും കലാജീവിതത്തിലും രാഷ്ട്രീയത്തിലുമെല്ലാം ഒറ്റപ്പെട്ടുപോകുന്ന തിരസ്‌കൃതനും, ഏകാകിയുമായ മനുഷ്യന്‍ (പുരുഷന്‍) എന്ന സങ്കല്‍പ്പത്തെ ഘട്ടക്കിലൂടെ ഉദാത്തവല്‍ക്കരിക്കാനുമാവും.

മറഞ്ഞുപോയൊരു കാലത്തെയും ജീവിതത്തെയും പുനരാവിഷ്‌ക്കരിക്കുമ്പോള്‍ ഏതൊരാള്‍ക്കും നേരിടേണ്ടി വരുന്ന ഭൂതകാലാഭിരതിയും, ഉദാത്തനായകസങ്കല്‍പ്പവുമെല്ലാം നിര്‍വീര്യമാക്കാന്‍ അത്ര എളുപ്പമല്ല. ആദര്‍ശശാലിയും, വിപ്ലവകാരിയും, മൗലികചിന്തയുള്ള കലാകാരനുമെല്ലാമായി ലോകമറിയുന്ന ഒരു ഘട്ടക്കിനൊപ്പം, സദാ മദ്യപനും, കലഹപ്രിയനും, ഉന്മാദിയും, കുടുംബകാര്യങ്ങളില്‍ അലസനുമായ മറ്റൊരു ഘട്ടക്കും അവതരിപ്പിക്കപ്പെടുന്നുണ്ട്.മാനസികാരോഗാശുപത്രിയില്‍ കഴിഞ്ഞ ഒരു കാലം ആഖ്യാനസന്ദര്‍ഭമാക്കിയതു തന്നെ ഒരു സന്തുലനമുണ്ടാക്കാന്‍  സഹായിക്കുന്നുണ്ട്. എങ്കിലും ആഖ്യാനത്തിന്റ പൊതുനില, ഘട്ടക്ക് എന്ന മനുഷ്യനെയും കലാകാരനേയും ആത്യന്തികമായി ന്യായീകരിക്കുക എന്ന നിലപാടിലൂന്നിയതായതുകൊണ്ടു തന്നെ കാര്‍മേഘങ്ങള്‍ക്കിടയില്‍ തെളിയുന്ന നക്ഷത്രമായി ഘട്ടക്കിനെ നമ്മള്‍ കാണുന്നു.

Saturday, August 10, 2013

ദേവസേനയുടെ കണ്ണാടി


 ഒരാള്‍ ജോലി ചെയ്യാതെ ജീവിക്കാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ പേരാണ് നരകം എന്ന ബര്‍ണാഡ്ഷായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഇ.എം.എസ് തന്റെ പ്രസിദ്ധമായ ഓങ്ങല്ലൂര്‍ പ്രസംഗത്തില്‍ നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന ആഹ്വാനത്തിലേക്കെത്തുന്നത്. നിങ്ങളൊക്കെ നരകത്തിലാണ് ജീവിക്കുന്നതെന്നും ഇങ്ങനെ പരാന്ന ഭോജികളായി കഴിയരുതെന്നും കൂടി അദ്ദേഹം പറഞ്ഞു.ഓങ്ങല്ലൂര്‍ സമ്മേളനം പലതുകൊണ്ടും പില്‍ക്കാലത്ത് ചരിത്രത്തിലിടം നേടിയതാണ്.നമ്പൂതിരിയ്ക്ക് മനുഷ്യനാകാനുള്ള പരിശ്രമങ്ങളുടെ ആദ്യപടിയായി അദ്ദേഹം കണ്ടത് എന്തെങ്കിലും തൊഴിലെടുത്ത് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുക എന്നതായിരുന്നു.അക്കാലം വരെയും അദ്ധ്വാനിച്ച് ഉപജീവനം നേടുന്ന സമ്പ്രദായം നമ്പൂതിരി സമുദായത്തിനുണ്ടായിരുന്നില്ല.ഏറിയാല്‍ അരപ്പേജിലധികം വലിച്ചു നീട്ടാന്‍സാധിക്കാത്തത്ര സംഭവ വിരളമാണ് ഒരപ്ഫന്‍ നമ്പൂതിരിയുടെ ജീവിതമെന്ന് വി.ടി.യും എഴുതുന്നുണ്ടല്ലൊ.

ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന ഭൂപരിഷ്ക്കരണ നിയമവും മറ്റും അന്ന് ഇ.എം.എസിന്റെ മനസ്സിലുണ്ടയിരുന്നുവോ എന്ന് നമുക്കറിഞ്ഞു കൂടാ.നവോത്ഥാനത്തിന് സ്വന്തം കാലില്‍ നില്‍ക്കണമെങ്കില്‍ പരമ്പരാഗത ജീവിതക്രമങ്ങളെ ആശ്രയിച്ച് സാദ്ധ്യമാവുകയില്ലെന്ന് വ്യക്തമായിരുന്നു.സാമ്പത്തിക സ്വാശ്രയത്വം അതില്‍ പ്രധാനമായിരുന്നു.നമ്പൂതിരി നവോഥാനത്തിന്റെ ചുവടുപിടിച്ച് ആരംഭിച്ച അന്തര്‍ജ്ജന സമാജം പില്‍ക്കാലത്ത് തൊഴില്‍ പരിശീലനത്തിന്  പ്രാധാന്യം നല്‍കിയത് ഇക്കാരണത്താലാണ്.1946ല്‍ലക്കിടി ചിറമംഗലത്ത് മനയില്‍ നമ്പൂതിരി സ്ത്രീകള്‍ക്കായുള്ള തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചു.അതിന്റെ പ്രചരണാര്‍ഥം തയ്യാറാക്കിയ ‘ തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന നാടകം 1948ല്‍ ആദ്യാവതരണം നടത്തി.സ്ത്രീകള്‍ തന്നെ എഴുതി സ്ത്രീകള്‍ മാത്രം അരങ്ങിലെത്തിയ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ സ്ത്രീനാടകമായിരുന്നു അത്.വി.ടിയുടെ പ്രസ്ഥാനത്തിന്റേയും അദ്ദേഹത്തിന്റെ ‘ ‘ അടുക്കളയില്‍ നിന്നരങ്ങത്തേക്ക്’ എന്ന നാടകത്തിന്റെയും സ്വാഭാവികമായ തുടര്‍ച്ചയായിരുന്നു അന്തര്‍ജ്ജന സമാജവും നാടകവും മറ്റും.വി.ടി. നിര്‍ത്തിയേടത്തുനിന്നുള്ള ഒരു തുടര്‍ച്ച അതിനുണ്ടായിരുന്നു: അടുക്കളയില്‍ നിന്നരങ്ങത്തേക്ക്’ അവിടെ നിന്ന് തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന രീതിയില്‍. കേരളത്തില്‍ സ്ത്രീയുടെ ചരിത്രം എഴുതുമ്പോള്‍ ഏറ്റവും പ്രധാനമായി വരുന്ന പുരുഷനാകുന്നു വി.ടി.എന്ന നിരീക്ഷണ (കെ.സി.നാരായണന്‍)))) ത്തിന്റെ സത്ത പുതിയകാലത്ത് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.

നമ്പൂതിരി സ്ത്രീകള്‍ക്ക് തൊഴിലെടുത്തു ജീവിക്കാനുതകുന്ന തൊഴില്‍ കേന്ദ്രം എന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ സോദ്ദേശ നാടകമാണ് ‘ തൊഴില്‍ കേന്ദ്രത്തിലേക്ക്’ .എട്ടുപത്ത് വേദികളില്‍ അത് അരങ്ങേറുകയും ചെയ്തു.തൊഴിലെടുക്കുന്നതിന്റെ അനിവാര്യതയും ആദര്‍ശാത്മകതയും അന്തര്‍ജ്ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ പ്രസംഗങ്ങളേക്കാള്‍ ഉപകാരപ്പെടുന്നത് നാടകങ്ങളാണെന്ന് സ്വസമുദായത്തിലെ ആചാര ശാഠ്യങ്ങള്‍ക്കെതിരെ കലാപാഹ്വാനം നല്‍കിയ നാടകത്രയ(അടുക്കളയില്‍ നിന്നരങ്ങത്തേക്ക്, ഋതുമതി,മറക്കുടക്കുള്ളിലെ മഹാനരകം)ത്തിലൂടെ അതിനകം ബോദ്ധ്യം വന്നതാണ്. അവയൊക്കെയും പ്രാഥമികമായി സമുദായ നവീകരണത്തിനുള്ള സോദ്ദേശ പ്രവര്‍ത്തനങ്ങള്‍ തന്നെആയിരുന്നു. സോദ്ദേശപരത ആദ്യകാലനാടകങ്ങള്‍ക്കെല്ലാമുണ്ടായിരുന്നു.രാഷ്ട്രീയ നാടകത്രയങ്ങളായ ‘ കൂട്ടുകൃഷി‘ യും‘നമ്മളൊന്നും‘ ‘പാട്ടബാക്കി‘ യും മറ്റൊരു ചരിത്രമല്ല പറയുന്നത്.എന്നാല്‍ മറ്റു നാടകങ്ങള്‍ക്ക് ലഭിച്ച പൊതുസ്വീകാര്യതയും അവതരണ സൌഭാഗ്യവുമൊന്നും ഈ സ്ത്രീ നാടകത്തിന് ലഭിച്ചില്ല. വളരെപ്പെട്ടെന്ന് ആ നാടകവും അതിന്റെ അവതരണാനുഭവങ്ങളുമെല്ലാം ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോയി. അതിന്റെ അവതരണങ്ങളില്‍ പങ്കാളിയായിരുന്ന ദേവകി നിലയങ്ങോടിന്റെ ‘ നഷ്ട ബോധങ്ങളില്ലാതെ’ എന്ന ആത്മകഥാ ലേഖനത്തിലൂടെയാണ്  അടുത്ത കാലത്ത് ആ ഓര്‍മ്മ വീണ്ടെടുക്കപ്പെട്ടത്.

തൊഴിലിന്റെ മഹത്വമെന്ന ആശയം അതിനകം തന്നെ ദേശീയതയുടേയും ദേശീയ സമരങ്ങളുടെയും ഭാഗമായി സമൂഹത്തില്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു.മഹാത്മാ ഗന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രക്ഷോഭങ്ങളില്‍ നൂല്‍ നൂല്പും സ്വദേശി ചിന്തയുമെല്ലാം ഉള്‍പ്പെട്ടിരുന്നു.“ നമ്മള്‍ നൂറ്റ നൂലുകൊണ്ടു /നമ്മള്‍ നെയ്ത വസ്ത്രം കൊണ്ട്...“ എന്ന് വള്ളത്തോള്‍ ആ തൊഴില്‍ സംസ്ക്കാരത്തെ വാഴ്ത്തിപ്പാടുകയും ചെയ്തു.ജാതിമത ഭേദമെന്യേ എല്ലാവരും ഉദ്ഗ്രഥിക്കപ്പെട്ട ദേശീയ സമരത്തിന്റെ അടിസ്ഥാനാശയങ്ങളിലൊന്നിലേക്ക് നമ്പൂതിരി സ്ത്രീകളും മറ്റൊരു വഴിയേ എത്തിപ്പെടുകയാണുണ്ടായത്.ഒരര്‍ഥത്തില്‍ താഴെത്തട്ടിലുള്ളവരുടെ ജീവിതക്രമവുമായി അവരും കണ്ണി ചെര്‍ക്കപ്പെടുകയായിരുന്നു.നമ്പൂതിരി പുരുഷന്മാരോട് അലസജീവിതം വെടിയാനുള്ള വിടിയുടേയും ഇ.എം.എസിന്റെയും ആഹ്വാനം നമ്പൂതിരി സ്ത്രീകളീലേക്കും സംക്രമിക്കുകയായിരുന്നു.

ആധുനികത, ദേശീയത,നവോത്ഥാനം എന്നിവയോടെല്ലാം  ഉയര്‍ന്ന ജാതി സമൂഹം അദ്യം മുതലെ സര്‍വ്വാത്മനാ സഹകരിച്ചു പോന്നു.ബ്രിട്ടീഷ് ഭരണത്തോടും ഇംഗ്ലീഷ് ഭാഷയോടും വിദ്യാഭ്യാസം നേടിയ ഉന്നത ജാതിക്കാര്‍ക്കുണ്ടായിരുന്ന വിധേയത്വം പാശ്ചാത്യ പരിഷ്ക്കരണ ശ്രമങ്ങളെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ അവരെ പരുവപ്പെടുത്തിയിരുന്നു.മാറുന്ന ലോകക്രമത്തോടൊപ്പം തങ്ങളും നില്‍ക്കേണ്ടതുണ്ടെന്നും അതിന് തങ്ങള്‍ക്കിടയിലെ ആചാര കാഠിന്യങ്ങള്‍ക്കെതിരെ നിലയുറപ്പിക്കാതെ തരമില്ലെന്നുമുള്ള തോന്നലുണ്ടായി. സതി നിരോധന പരിശ്രമങ്ങളില്‍ രാജാറാം മോഹന്‍ റായിയെ നയിച്ചത് ഈ ചിന്തകളായിരുന്നു. പാശ്ചാത്യമായ നിലവാര(standard)ത്തിന് അനുയോജ്യമായതല്ല തന്റെ സമുദായത്തിലെ ആചാരങ്ങളില്‍ പലതുമെന്ന് അദ്ദേഹം കരുതി.ഉപരി സമൂഹങ്ങളില്‍ പെട്ടവര്‍ തങ്ങള്‍ക്കിടയിലെ ആചാരങ്ങളില്‍ പലതും മാറ്റാന്‍ നിര്‍ബന്ധിതരായത് അതിനു കീഴെയുള്ള സമൂഹങ്ങളെ നേരിട്ടു തന്നെ സ്വാധീനിച്ചു. നമ്പൂതിരി സമൂഹം സ്വജാതി വിവാഹത്തിന് സന്നദ്ധമായത് തൊട്ടു താഴെയുള്ള നായര്‍ സമുദായത്തിന് മുന്‍ തൂക്കമുള്ള മരുമക്കത്തായവ്യവസ്ഥിതിയെത്തന്നെഅസാദ്ധ്യമാക്കി. ഘോഷാബഹിഷ്ക്കരണം, മിശ്രഭോജനം എന്നീ മാറ്റങ്ങളൊന്നും ഒരു സമുദായത്തിന്റെ മാത്രം വേലികള്‍ക്കുള്ളില്‍ ഒതുങ്ങിയില്ല.ഉയര്‍ന്ന വിഭാഗക്കാര്‍ തങ്ങളുടെ ആചാരങ്ങളിലും സാമൂഹ്യ ഇടപെടലുകളിലും മാറ്റങ്ങള്‍ വരുത്തുന്നത് താണ ജാതി വിഭാഗങ്ങള്‍ വെറുതെ നോക്കിനിന്നില്ല.
 നമ്പൂതിരി സമൂഹം തങ്ങളുടെ കര്‍ശനമായ സദാചാര നിയമങ്ങളാല്‍ കുറ്റാരോപിതരെ വിചാരണ ചെയ്യുന്നതും കര്‍ശന ശിക്ഷകള്‍ക്കു വിധേയരാക്കുന്നതും അവര്‍ കാണുന്നുണ്ടായിരുന്നു.പുരുഷ പക്ഷ വീക്ഷണത്തില്‍ ഉണ്ടായതാണ് സ്മാര്‍ത്ത വിചാരമെങ്കിലും അടുക്കള ദോഷം ആരോപിക്കപ്പെട്ട സ്ത്രീ പേരുപറയുന്നവരെയെല്ലാം ഭ്രഷ്ടരാക്കും വിധത്തിലുള്ള “നിഷ്പക്ഷസമീപന"വും അതിലുണ്ടായിരുന്നു. 1905ലെ താത്രിയുടെ സ്മാര്‍ത്ത വിചാരത്തോടെ പാശ്ചാത്യ നിയമ വ്യവസ്ഥയും ഭരണധികാരവുമെല്ലാം അതിലേക്ക് കടന്നു കയറുന്നുണ്ട്. കുറിയേടത്തു താത്രിയെ നവോത്ഥാന നായിക എന്ന് വി.ടി.വിളിച്ചത് നമ്പൂതിരി സമുദായത്തിലെ നവോത്ഥാനത്തിന്റെ ആവശ്യകത അനിവാര്യമാക്കിയത് താത്രിയാണെന്നതിനാലാണ്.ഒരു സമുദായം എന്ന നിലയ്ക്ക് അതിനു തുടര്‍ന്ന് നിലനില്‍ക്കണമെങ്കില്‍ ആന്തരികമായ പുനഃക്രമീകരണമല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല.
                                           2                                                             
എം.ജി.ശശി സംവിധാനം ചെയ്ത ‘തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന ഡോക്യുഫിക്ഷനിലേക്ക് പ്രവേശിക്കാന്‍  നവോത്ഥാന ചിന്തയുടെ അവതാരിക ആവശ്യമാണെന്നു തോന്നി. കഥാചിത്രങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ പോലും പ്രത്യയ ശാസ്ത്ര ചര്‍ച്ചകള്‍ മാത്രമാവുകയും അതിന്റെ ലാവണ്യാത്മകത തീരെ പരാമര്‍ശിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സമകാലീന സാഹചര്യത്തില്‍ ചരിത്രത്തേയും നാടകത്തേയും പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന ഒരു സിനിമയില്‍ നിന്നെങ്കിലും അത് ഒഴിവാക്കപ്പെടുകയില്ല.

‘ തൊഴില്‍ കേന്ദ്രത്തിലേക്ക്’ 1948ല്‍ തന്നെ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയെങ്കിലും പിന്നീട് ആ നാടകത്തെക്കുറിച്ച് ആരുമൊന്നും പറഞ്ഞു കേട്ടില്ല.സ്ത്രീനാടകങ്ങളെക്കുറിച്ചും നവോത്ഥാന നാടകങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളിലൊന്നും ഇങ്ങനെയൊരു നാടകം പരാമര്‍ശിക്കപ്പെട്ടില്ല.അങ്ങനെ വരുമ്പോള്‍ വിസ്മൃതിയിലാണ്ട ഒരു നാടകത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഈ സിനിമ.
65 കൊല്ലങ്ങള്‍ക്കു മുന്‍പ് ഒരു തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ ലഘു നാടകത്തെ സ്ത്രീകളുടെ സമകാലാവസ്ഥ വിവരിക്കാന്‍ തെരഞ്ഞെടുക്കുന്നതിന്റെ പ്രസക്തി എന്താവാം?ഭൂതകാലത്തില്‍ നിന്ന് നമ്മള്‍ സഞ്ചരിച്ച ദൂരം അളന്നെടുക്കാന്‍ അത് സഹായകമാവുന്നുണ്ട്.എല്ലാ ഭൂതക്കാഴ്ചകളും സമകാലീന കാഴ്ചകള്‍ കൂടിയായതു കൊണ്ട് 65 വര്‍ഷങ്ങളുടെ അപ്പുറവും ഇപ്പുറവും കൂടി അതിലൂടെ കാണാന്‍ സാധിക്കും. ദേവകി കയ്യിലേന്തിയ കണ്ണാടി പോലെയാണത്.ആരുടെ മുഖവും അതില്‍ തെളിഞ്ഞു വരാം.

 തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന നാടകത്തില്‍ നിലയുറപ്പിച്ചുകൊണ്ട് ബി.സി.411 വരെയുള്ള ഭൂതകാലത്തിലേക്കെന്ന പോലെ സിനിമക്കുള്ളിലെ നാടകത്തിലേക്കും,ഡോക്യുമെന്ററിക്കുള്ളിലെ സിനിമ യിലേക്കുമൊക്കെ കയറിയിറങ്ങിപ്പോകുന്ന ശൈലിയാണ്  സിനിമയുടേത്.ഇത് തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന നാടകത്തിന്റെചലച്ചിത്രാവിഷ്ക്കാരമല്ല.ബി.സി.411ലെഅരിസ്റ്റൊഫനീസിന്റെ നാടകത്തിലെ ലിസിസ്റ്റ്രാറ്റയും എ.ഡി 1879ലെ ഇബ്സന്റെ നാടകത്തിലെ നോറയും( ഡോള്‍ ഹൌസ്)1905ലെ കുറിയേടത്ത്താത്രിയും സിനിമയിലെ കഥാ പാത്രങ്ങളാണ്.ഈ മൂന്നു പേര്‍ക്കും പൊതുവായുള്ളത് തങ്ങളുടെ ലൈംഗിക കലാപങ്ങളാണ്.ലിസിസ്റ്റ്രാറ്റ പുരുഷന്മാര്‍ക്ക് ലൈംഗികത നിഷേധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ്  യുദ്ധങ്ങള്‍ക്കറുതിയുണ്ടാക്കാന്‍ യത്നിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി നമ്മള്‍ ഗൌരവപ്പെട്ട ഒരു കാര്യത്തെക്കുറിച്ചും സംസാരിച്ചിട്ടില്ലെന്നു പറഞ്ഞ് തന്നെ പാവയായികരുതുന്ന ഭര്‍ത്താവിനെ വിട്ടു പോകുന്നു നോറ.നമ്പൂതിരി സ്ത്രീകളുടെ കലാപശ്രമങ്ങളിലും ലൈംഗികത അപ്രധാനമല്ലാത്ത ഒരു വിഷയമായിരുന്നു.പലപ്പോഴുമത് നിഷേധിക്കപ്പെട്ട ലൈംഗികതയായിരുന്നു എന്നു മാത്രം.ചെറിയ പ്രായത്തില്‍ വിധവകളായി കഴിയേണ്ടീ വന്നവരുടേയും പടു വൃദ്ധര്‍ക്ക് വേളികഴിച്ചു കൊടുക്കപ്പെട്ട് ലൈംഗികത ആനന്ദരഹിതമാക്കപ്പെട്ടവരുടേയും കലാപം.അതു കൊണ്ടുതന്നെ തൊഴില്‍ കേന്ദ്രത്തെ വേശ്യാലയമെന്നാണ് പുരുഷ സമൂഹം വിളിച്ചത്.തൊഴില്‍ കേന്ദ്രത്തില്‍ പോകുന്നത് വിലക്കിയ സ്വഭര്‍ത്താവിനു നേരെ താലിമാല വലിച്ചൂരിയെറിഞ്ഞാണ് ദേവകി എന്ന കഥാപാത്രം ഇറങ്ങിപ്പോകുന്നത്.തൊഴില്‍ കേന്ദ്രത്തിനുവേണ്ടി കുടുംബം എന്ന സംവിധാനത്തെ തന്നെ അവര്‍ തിരസ്ക്കരിക്കാന്‍ തയ്യാറായി. ഇബ്സന്റെ നോറ ഇങ്ങനെ ഇറങ്ങിപ്പോയത് തന്നെത്തന്നെ കണ്ടെത്താനായിരുന്നു.
’അടുക്കളയില്‍ നിന്നരങ്ങത്തേക്ക്’ തുടങ്ങിയ നാടകങ്ങളില്‍ സ്ത്രീ വേഷം കെട്ടിയത് പുരുഷന്മാരായിരുന്നെങ്കില്‍ തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന നാടകത്തില്‍ പുരുഷ വേഷവും സ്ത്രീകള്‍ തന്നെ കൈകാര്യം ചെയ്തു.അക്കാലത്ത് തീരെ ചെറുതല്ലാത്ത കാര്യം.പുരുഷാശ്രിതമല്ലാത്ത ഒരു കര്‍മ്മ മണ്ഡലത്തെക്കുറിച്ചുള്ള അന്വേഷണമായിരുന്നു അത്. അന്ന് അഭിനയിച്ചവരില്‍ ജീവിച്ചിരിപ്പുള്ള ശ്രീദേവി കണ്ണമ്പിള്ളിയും കാവുങ്കര ഭാര്‍ഗ്ഗവിയും സംഘാടകരായിരുന്ന ഗംഗാദേവിയും ദേവകി നിലയങ്ങോടുംസ്വാഭാവികമായും ചലച്ചിത്രത്തിലുമുണ്ട്. ഋതുമതി(പ്രേംജി) യിലെ “ ഋതുമതിയായ പെണ്‍കിടവെന്നാകി / ലതുമതി ഞായം പഠിപ്പു നിര്‍ത്താന്‍” എന്ന അവതരണ ഗാനം സിനിമയുടെയും അവതരണ ഗാനമാണ്.
പുതിയകാലത്തിന്റെ പ്രതിനിധികള്‍ പഴയകാലത്തിന്റെ പ്രതിനിധികളുമായും തിരിച്ചും ആശയവിനിമയം നടത്തുന്ന ദൃശ്യാനുഭവം ഒരേ സമയം വ്യക്തികളെന്ന നിലയ്ക്കും കഥാപാത്രങ്ങളെന്ന നിലക്കുമാണ്. കഥാപത്രങ്ങളെ 65 കൊല്ലങ്ങള്‍ക്കുമുന്‍പ് നാടകത്തിലവതരിപ്പിച്ചശ്രീദേവി കണ്ണമ്പിള്ളിയും കാവുങ്കര ഭാര്‍ഗ്ഗവിയും തങ്ങളുടെ റോള്‍ ഭംഗിയാക്കണമെന്ന് പുതിയ തലമുറയോട്  പറയുന്നു. ഡോക്യുമെന്ററിയുടെ
‘യത്ഥാര്‍ഥ ലോക‘ ത്തിനും സിനിമയുടെ
‘കല്പനാലോക‘ ത്തിനും നാടകത്തിന്റെ മൂന്നാമതൊരു ലോകത്തിനും ഇടയിലൂടെ സഞ്ചരിക്കുന്ന ക്യാമറ ഓരോന്നിനേയും അതായിത്തന്നെ  ദൃശ്യപ്പെടുത്താന്‍ ശ്രമിക്കുന്നു.നാടകത്തില്‍ പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്ത്രീകളും മറ്റുകഥാപാത്രങ്ങളും തങ്ങള്‍(സിനിമക്കുള്ളില്‍)ഒരു നാടകം അരങ്ങേറുകയാണെന്ന ബോദ്ധ്യം നിലനിര്‍ത്തുന്നു.ഇത് നാടകവും സിനിമയും വേറെ വേറെയെന്ന്‍ നിര്‍ണ്ണയിക്കുകയും അതോടൊപ്പം സിനിമയുടെ സമഗ്രാനുഭവം നല്‍കുകയും ചെയ്യുന്നു. പരമാവധി പഴയ നാടകത്തോടൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് നാടകത്തിലെന്ന പോലെ സിനിമയിലും സ്ത്രീകള്‍ മാത്രം അഭിനേതാക്കളാവുന്നത്.
 ഒരേ സമയം ഒരു നാടകത്തിന്റേയും സ്ത്രീകലാപങ്ങളുടേയുംആഖ്യാനവുമാണ്ഈ സിനിമ.അത് ഭൂതകാല സമരങ്ങളുടേത് മാത്രമല്ല ഭാവികാല സമരങ്ങളുടെതുമാണ്.
ശരീരം മുഴുവന്‍ കാണാവുന്ന ഒരു കണ്ണാടി വേണമെന്നായിരുന്നു ദേവകിയുടെ ആഗ്രഹം. സിനിമയുടെ അവസാനിക്കുന്നത് ഒരു വാല്‍ക്കണ്ണാടിയുടെ ദൃശ്യത്തിലാണ്.അതില്‍ പ്രതിബിംബങ്ങളൊന്നുമില്ല.പുതിയ ലോകത്തിലെ ആരുടെ മുഖവും അതിന് പ്രതിഫലിപ്പിക്കാനാവും. കണ്ണാടി ദേവകിയുടേതായിരുന്നെങ്കിലും ആര്‍ക്കുമതില്‍ തന്നെത്തന്നെ കാണാമായിരുന്നു.ദേവസേന സ്വയം ബോധ്യത്തിലേക്കെത്തുന്നത് ദേവകിയുടെ കണ്ണാടിയിലൂടെയാണ്.അതൊരു കാലത്തിന്റെ കണ്ണാടിയായിരുന്നു.പലരുമതു നോക്കി തങ്ങളെത്തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ദേവകി നിലയങ്ങോട് ‘ നഷ്ട ബോധങ്ങളില്ലാതെ‘ എന്ന ആത്മ കഥയില്‍ എഴുതി:
“ ഇന്ന് നമ്പൂതിരി കുടുംബത്തിനു മാത്രമായി ഒരു പരാധീനതയുമില്ല.ഇതുപോലുള്ള മറ്റു കുടുംബങ്ങള്‍ക്കുള്ള അതേ സുഖവും അതേ ദുഃഖവും അതേ വേവലാതിയും അതേ ആഗ്രഹവും തന്നെയാണ് അവര്‍ക്കുമുള്ളത്. കാലം എല്ലാവരെയും ഒരുപോലെയാക്കി യിരിക്കുന്നു....ഇനിമേലില്‍ അന്തര്‍ജ്ജനങ്ങള്‍ക്കു മാത്രമായി ഒരാത്മ കഥയില്ലതന്നെ.“ നമ്പൂതിരി സ്ത്രീകള്‍“  എന്ന നിലയ്ക്കുള്ള പ്രശ്നങ്ങളേറെയും പരിഹരിക്കപ്പെട്ടു. എന്നാല്‍ സ്ത്രീകള്‍ എന്ന നിലയ്ക്കുള്ളപ്രശ്നങ്ങള്‍ക്ക് ഇനിയും പരിഹാരങ്ങളുണ്ടാവാനുണ്ട്.അതിന്  കലാപം വേറെവേണമെന്ന് കൂടി പറയാതെ പറയുന്നുണ്ട് ഈ സിനിമ.

തൊഴിലെടുത്തു ജീവിക്കുന്ന ഒരു കാലത്തിലേക്ക് മലയാളി സ്ത്രീകള്‍ പ്രവേശിച്ചു തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. തൊഴില്‍ അവരുടെ സാമ്പത്തികവും ലൈംഗികവുമായ സ്വയം നിര്‍ണ്ണയാവകാശത്തെതെല്ലൊന്നുമല്ല വിപുലമാക്കിയത്.വെറുതെയല്ല തൊഴില്‍കേന്ദ്രത്തെ വേശ്യാലയമെന്ന് അന്ന് പരസ്യമായി വിളിച്ചത്.ശരീരത്തിന്റെ സ്വയം നിര്‍ണ്ണയാധികാരം അതിലുണ്ട് എന്നറിഞ്ഞുകൊണ്ട് തന്നെയാണ്.ഇന്ന് രഹസ്യമായെങ്കിലും അങ്ങനെ വിളിക്കുന്നുണ്ടെങ്കില്‍ അതും മറ്റൊന്നുകൊണ്ടും ആവാനിടയില്ല.

Wednesday, March 13, 2013

സെല്ലുലോയ്ഡ് :ചില കുറിപ്പുകള്‍


അഭ്രത്തിലല്ല
സ്വപ്‌നത്തിലല്ലോടുന്നു
കട്ടിയിരുട്ടിന്‍ ഹൃദയത്തിലേക്കവള്‍
 (കുരീപ്പുഴ ശ്രീകുമാര്‍ / നടിയുടെ രാത്രി)

 സിനിമ എന്ന  കലാരൂപവും അതിന്റെസാങ്കേതികതയും ഇന്ത്യയില്‍ ഒരു ആധുനികപൂര്‍വ്വ സമൂഹത്തിലേക്കാണ് പ്രവേശനം നേടാന്‍ ശ്രമിച്ചത്.അതിനോട് സമൂഹം പ്രതികരിച്ച രീതി ഭിന്നമായിരുന്നു.ഇന്ത്യയിലെ ആദ്യ ചിത്രമായ ‘ രാജാഹരിശ്ചന്ദ്ര‘ യുടെ ചിത്രീകരണം നടക്കുന്ന കാലത്ത് സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് നിഷിദ്ധമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാല്‍ ഹരിശ്ചന്ദ്ര എന്നൊരാളുടെ ഫാക്റ്ററിയില്‍ ജോലിയെടുക്കുകയാണ് തങ്ങളെന്ന് പറയാന്‍ ഫാല്‍ക്കെ കലാകാരന്മാരോട് നിര്‍ദ്ദേശിക്കുകയുണ്ടായി. ഫാല്‍ക്കെയെക്കുറിച്ചുള്ള സിനിമക്ക് ‘ ഹരിശ്ചന്ദ്ര ഫാക്റ്ററി’ (സംവിധാനം:പരേഷ് മൊകാഷി) എന്ന പേരുണ്ടായത് അങ്ങനെയാണ്.ആദ്യ സിനിമ നിര്‍മ്മിക്കാന്‍ അദ്ദേഹമനുഭവിച്ച ക്ലേശങ്ങള്‍ അനവധിയായിരുന്നു.  മുന്നിലെത്തുന്നവരുടെ ജീവന്‍ വലിച്ചെടുക്കാനുള്ള കഴിവ് ക്യാമറക്കുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ സ്റ്റുഡിയോ അടച്ചു പൂട്ടേണ്ടി വന്നു.കുറേക്കാലം ജാലവിദ്യക്കാരനായി കഴിഞ്ഞതിനു ശേഷമാണ് ഇംഗ്ലണ്ടില്‍ പോവുകയും സിനിമയുടെ സാങ്കേതിക വിദ്യയും ഉപകരണങ്ങളും സ്വായത്തമാക്കുകയും ചെയ്തത്.എങ്കിലും രാജാഹരിശ്ചന്ദ്രയ്ക്ക് നല്ല ജന പിന്തുണ കിട്ടുകയും തുടര്‍ന്ന് നിരവധി സിനിമകള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തു.ദാദാസഹേബ് ഫാല്‍ക്കേയുടെ ഓര്‍മ്മകളും അദ്ദേഹത്തിന്റെ സിനിമകളും കാലത്തിന്റെ പരിക്കുകളേല്‍ക്കാതെ സംരക്ഷിക്കപ്പെട്ടു. എതിര്‍പ്പുകളൊന്നുമില്ലാതെ  ഇന്ത്യന്‍ സിനിമയുടെ പിതാവായി അദ്ദേഹം അംഗീകരിക്കപ്പെട്ടു.എന്നാല്‍ പിന്നേയും 15വര്‍ഷങ്ങള്‍ കഴിഞ്ഞ് നിര്‍മ്മിക്കപ്പെട്ട ‘ ‘ വിഗതകുമാരന്‍’  എന്ന മലയാളത്തിലെ ആദ്യ സിനിമ  നേരിട്ടത് ഏറ്റവും കഠിനമായ എതിര്‍പ്പുകളായിരുന്നു.അത് ആ സിനിമയുടെ ചരിത്രത്തെ തന്നെഇല്ലായ്മ ചെയ്യുന്നതു വരെ എത്തുകയും ചെയ്തു.ഡാനിയേലിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമയിലെ നായികയായ പി.കെ.റോസിയെക്കുറിച്ചുമുള്ള അറിവുകള്‍ കാര്യമായൊന്നും കാലം അവശേഷിപ്പിച്ചില്ല. വിഗതകുമാരന്റെ സെല്ലുലോയ്ഡ് പ്രിന്റ് കുട്ടികള്‍ തീകത്തിച്ച് രസിച്ച് പൂര്‍ണ്ണമായും  നഷ്ടമാക്കുകയും ചെയ്തു.കത്തുമ്പോഴുള്ള നീലജ്വാലയിലായിരുന്നു കുട്ടികളുടെ കൌതുകം.

2
 കമല്‍ സംവിധാനം ചെയ്ത “ സെല്ലുലോയ്ഡ്’ എന്ന ചിത്രം ഡാനിയേലിന്റേയും വിഗതകുമാരന്റേയും റോസിയുടെയും ചരിത്ര/കഥാഖ്യാനങ്ങളാണ്.ഇന്ത്യന്‍ സിനിമയുടെ ജന്മ ശതാബ്ധിക്കുള്ള മലയാള സിനിമയുടെ ആദരവായി കമല്‍ തന്റെ സിനിമയെ വിശേഷിപ്പിക്കുന്നു.
ഒരര്‍ഥത്തില്‍ ജെ.സി.ഡാനിയേലും വിഗതകുമാരനും റോസിയും പരസ്പര ബന്ധിതമാവുന്നത്  തങ്ങളുടെ നഷ്ട ജന്മങ്ങള്‍ കൊണ്ടു കൂടിയാണ്. ജെ.സി.ഡാനിയേലിന്റെ ജീവിതത്തിലേക്കും സിനിമയിലേക്കും ആദ്യവെളിച്ചമായത് വിനു അബ്രഹാമിന്റെ ‘ നഷ്ടനായിക’ എന്ന നോവലാണ്.അതേ നോവല്‍ തന്നെയാണ് പി.കെ റോസിയുടെയും ജീവിതത്തിന്റെ സമഗ്ര ആഖ്യാനമാവുന്നത്.നഷ്ട നായികയ്ക്ക് പ്രചോദനമായത് കുരീപ്പുഴശ്രീകുമാറിന്റെ കവിതയാണെന്ന്  വിനു അബ്രഹാം രേഖപ്പെടുത്തുന്നുണ്ട്.കൂടാതെ “ ലോസ്റ്റ് ലൈഫ് “ ,“ ഇത് റോസിയുടെ കഥ“  എന്നീ ലഘുഡോക്യുമെന്ററികളും പുറത്തു വന്നിട്ടുണ്ട്.
വിഗതകുമാരന്റെ പ്രിന്റ് നശിപ്പിക്കപ്പെട്ടത് ഡാനിയെലിന്റെ മകന്റെ കുസൃതിയാണെന്നാണ് നോവലും സിനിമയും പറഞ്ഞുവെക്കുന്നത്.ആര്‍.ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ ദി ലോസ്റ്റ് ലൈഫ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവേദിയില്‍ വെച്ച് ഡാനിയേലിന്റെ മകന്‍ ഹാരിസ് ഡാനിയേല്‍ ഇങ്ങനെ പറയുന്നു:“ ഈ കൈകള്‍,എന്റെ ഈ കൈകള്‍ കൊണ്ടാണ് മലയാള നാട്ടിലെ ആദ്യ സിനിമയെ ഏതാണ്ട് മുഴുവനായിത്തന്നെ നശിപ്പിച്ചത്”.സെല്ലുലോയ്ഡിലും ഈ രംഗം പുനരാവിഷ്ക്കരിക്കപ്പെടുന്നുണ്ട്.താനത് ചെയ്തില്ലായിരുന്നെങ്കില്‍ തന്റെ പിതാവിന് ആരാലും അംഗീകരിക്കപ്പെടാതെ മരിക്കേണ്ടി വരില്ലായിരുന്നെന്നും ‘വിഗതകുമാരനാണ് മലയാളത്തിലെ ആദ്യ സിനിമ എന്നത് ലോകമറിയുന്നതിന് ഇത്രയേറെ വൈകില്ലായിരുന്നെന്നും  സിനിമയില്‍ അദ്ദേഹം  കൂട്ടി ചേര്‍ക്കുന്നുണ്ട്.ഹാരിസ് ഡാനിയേല്‍ സമൂഹത്തിനു നേരെ കൈകൂപ്പി നില്‍ക്കുന്ന സീനിലാണ് സിനിമയുടെ പര്യവസാനം.തന്റെ ഇഷ്ട നായകനായിരുന്ന പി.യു .ചിന്നപ്പ അഭിനയിച്ചഫിലിം തുണ്ടുകള്‍ പകരം കിട്ടാനായി വിഗതകുമാരന്റെ ഫിലിം യഥേഷ്ടം മുറിച്ചു കൊടുക്കുകയായിരുന്നു. ജ്യേഷ്ഠനായ സുന്ദര്‍ ഡാനിയേല്‍ അഭിനയിച്ച ഭാഗങ്ങള്‍ കത്തിക്കുന്നതില്‍ വല്ലാത്ത സന്തോഷം തോന്നിയിരുന്നെന്നും “ലോസ്റ്റ് ലൈഫ്” എന്ന ഡോക്യുമെന്ററിയില്‍ ഹാരിസ് ഡാനിയെല്‍ പറയുന്നുണ്ട്.അല്ലെങ്കില്‍ തന്നെ സിനിമയില്‍ തന്റെ മുഖം പോലും കാണാനാവാതെ ആദ്യ പ്രദര്‍ശനദിവസം തന്നെ നാടുവിട്ടോടേണ്ടി വരുകയും ശിഷ്ട ജീവിതം അജ്ഞാതവാസമായിത്തീരുകയും  ചെയ്ത റോസിയുടെയും അതിന്റെ സംവിധായകന്റെയും ചരിത്രം ഇതിലും നന്നായി സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചു കൂടാ.
‘ നഷ്ട നായിക‘ യാണ് റോസിയുടെയും ഡാനിയേലിന്റെയും കഥ സമഗ്രമായവതരിപ്പിച്ചതെങ്കിലും ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എന്നൊരാള്‍ വിഗതകുമാരനെ മലയാളത്തിലെ ആദ്യചിത്രമായും ജെ.സി ഡാനിയേലിനെ  ആദ്യസംവിധായകനായും 1960കളില്‍ തന്നെ അവതരിപ്പിച്ചതും ഇന്ന് ചരിത്രമാണ്.ഭരണാധികാരികള്‍ വിഗതകുമാരനേയും ജെ.സി.ഡാനിയേലിനേയും അംഗീകരിക്കാന്‍ ഏറെക്കാലം മടികാണിച്ചുവെങ്കിലും 1992മുതല്‍ മലയാള സിനിമയിലെ സമഗ്രസംഭാവനക്കുള്ള അവാര്‍ഡിന് ജെ.സി.ഡാനിയേലിന്റെ പേരു നല്‍കപ്പെട്ടു. അപ്പോഴേക്കും ഡാനിയേല്‍ കാലത്തില്‍ മറഞ്ഞു കഴിഞ്ഞിരുന്നു.
ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ കഥയും ഡാനിയേലിന്റെതില്‍ നിന്ന് ഏറെ ഭിന്നമായില്ല.അദ്ദേഹത്തിന്റെ ഗവേഷണാന്വേഷണങ്ങളെ ആദ്യകാലത്ത് ആരും പരിഗണിച്ചതേയില്ല.2010ല്‍ അദ്ദേഹം അന്തരിച്ചശേഷമാണ് ‘ ഡനിയേലിന്റെ ജീവിതകഥ ‘ എന്ന പുസ്തകം പുറത്തു വന്നത്.വിഗതകുമാരനുമായി ബന്ധപ്പെട്ടവരൊക്കെ ജീവിതകാലം മുഴുവന്‍ നിന്ദിക്കപ്പെടുകയും തിരസ്കൃതരായി കഴിയേണ്ടി വരുകയും ചെയ്തുവെന്നത് കാലം തീര്‍ത്ത കൌതുകങ്ങളിലൊന്നാവാം.ഒരര്‍ഥത്തില്‍ ആ പേരു(വിഗതകുമാരന്‍/lost child)തന്നെ നഷ്ടങ്ങളുടെകഥ മാത്രമാണ്.ഈ പേരിനോടുള്ള അനിഷ്ടം ഫാരിസ് ഡാനിയേല്‍ പ്രകടിപ്പിക്കുന്നത് അത് ഒരാദ്യ സിനിമാ സംരംഭത്തിന് പറ്റിയ പേരല്ല എന്നു പറഞ്ഞുകൊണ്ടാണ്.
ചരിത്രവും   കഥയും തമ്മിലുള്ള അതിര്‍ത്തികള്‍ അദൃശ്യമായി വരുന്ന കാലത്താണ് ഡാനിയേലും  റോസിയും സിനിമയാവുന്നത്.ചരിത്രവും ഭാവനയും ഡോക്യുമെന്ററിയും കഥാചിത്രവുമെന്ന അതിര്‍വരമ്പുകള്‍  മായ്ച്ചുകളയുന്ന ഈ സിനിമാശില്പം ഒരര്‍ഥത്തില്‍ ഡാനിയേലിന്റെ ജീവിതത്തിന്റെ ഉചിതമായ ആവിഷ്ക്കാരമാണ്.   കേട്ടുകേള്‍വികള്‍ക്കും പുസ്തകങ്ങള്‍ക്കും കവിതകള്‍ക്കും ഡോക്യുമെന്ററികള്‍ക്കുമൊപ്പം ഈ സിനിമയുമുള്‍ക്കൊള്ളുന്നതാണ് ഇനിയുള്ള കാലത്ത്  വിഗതകുമാരന്‍,ജെ.സി.ഡാനിയേല്‍, റോസി എന്നിവരുടെ ജീവിതകഥ.സിനിമ എന്ന നിലയ്ക്ക് അത് മറ്റുള്ളവയുടെ മേല്‍ കൂടുതല്‍ ‘ആധികാരികത‘ യും ‘ സമഗ്ര‘ തയും അവകാശപ്പെടുകയും ചെയ്യും.

3.
എന്നാല്‍ ‘ സെല്ലുലോയ്ഡ്’ വിഗതകുമാരന്റേയൊ, ഡാനിയേലിന്റേയോ, റോസിയുടേയോ മാത്രം കഥ/ചരിത്രമല്ല.അത് ഇന്ത്യന്‍ സിനിമയുടെയും ലോകസിനിമയുടെയും തുടക്കകാലത്തില്‍ തുടങ്ങി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള സിനിമയിലെ “‘നരസിംഹാവതാരം” വരെയെത്തുന്നു.സിനിമാ ചരിത്രത്തേയും പ്രധാന സിനിമകളേയും പിന്തുടര്‍ന്നാണ് ‘ സെല്ലുലോയ്ഡ്’ മുന്നോട്ടു പോകുന്നത്.ആ പിന്തുടരല്‍ തന്നെയാണ് ഈ സിനിമയുടെ പ്രമേയമാവുന്നത്.ചാര്‍ളി ചാപ്ലിന്റെ ‘ ദി കിഡ്’ എന്ന സിനിമയായിരുന്നു വിഗതകുമാരന്റെ പിറവിയ്ക്ക് മാതൃകയായത്.ദി കിഡ് ആവര്‍ത്തിച്ചു കാണുന്നതിലൂടെയാണ് സാമൂഹ്യ കഥ എന്ന ആശയം ഡാനിയേലിന് കിട്ടുന്നത്. ഒരര്‍ത്ഥത്തില്‍ ‘ കിഡി‘ ന്റെ വിദൂരവും ദുര്‍ബ്ബലവുമായ ഒരനുകരണം പോലുമാണ് വിഗതകുമാരന്‍(The lost child).
കഥാചിത്രങ്ങളും ഡോക്യുമെന്ററികളും സിനിമാനിരൂപണങ്ങളുമെല്ലാം ഇടകലര്‍ന്നുവരുന്ന, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും കഥാപാത്രങ്ങളാവുന്ന മിശ്രഘടനയ്ക്കകത്തും കഥാ ചിത്രത്തിന്റെ നൈരന്തര്യം നിലനിര്‍ത്തു ന്നതാണ് ചിത്രത്തിന്റെ പരിചരണ രീതി.ജെ.സി.ഡാനിയേല്‍ ദാദാസാഹേബ് ഫാല്‍ക്കെയെ കാണാനെത്തുന്നിടത്താണ് സിനിമയുടെ ആരംഭം.സിനിമ എളുപ്പമുള്ള പണിയല്ലെന്നാണ് ഫാല്‍ക്കെ അദ്ദേഹത്തെ ഉപദേശിക്കുന്നത്.തുടര്‍ന്ന് ഷൂട്ടിംഗ് രംഗങ്ങള്‍ കാണുന്ന ഡാനിയേലിനും അത് ബോദ്ധ്യമാവുന്നുണ്ട്. തമിഴില്‍ സിനിമയെടുക്കുന്ന നടരാജമുതലിയാരെയും അദ്ദേഹം കാണുന്നുണ്ട്. സിനിമയുടെ തുടക്ക കാലം തൊട്ടേ ജാതിയും പാരമ്പര്യങ്ങളും ഏതെല്ലാം വിധത്തില്‍ ഇടപെട്ടു എന്നതിന്റെ ഉദാഹരണങ്ങളാണ് ഫാല്‍ക്കേയുടെ വിജയവും ഡാനിയേലിന്റെ പരാജയവും .ഫാല്‍ക്കേയും മുതലിയാരുമൊക്കെ ഹൈന്ദവ പുരാണങ്ങള്‍ സിനിമയാക്കുന്നതിലാണ് താല്പര്യമെടുത്തത്.അന്നത്തെ സമൂഹത്തില്‍ സിനിമയെന്ന ആശയത്തിന് സ്വീകാര്യത നേടാന്‍  അത് സഹായകരമാവുകയും ചെയ്തു. ഡാനിയേലിനുമുന്നിലും പുരാണചിത്രങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വരുന്നുണ്ട്.അതില്‍ കൃസ്തീയ പുരാണങ്ങളുമുണ്ടെങ്കിലും ഒരു സാമൂഹ്യ കഥയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ആദ്യമേ ഉറപ്പിക്കുന്നു.ഇത് മലയാള സിനിമയുടെ തന്നെ ഒരു നിര്‍ണ്ണായക മുഹൂര്‍ത്തമായിരുന്നെന്ന് പില്‍ക്കാല ചരിത്രം ബോദ്ധ്യപ്പെടുത്തുകയുംചെയ്യുന്നു. കാരണം മലയാള സിനിമ പില്‍ക്കാലത്തും പുണ്യപുരാണ ചിത്രങ്ങള്‍ക്കു പുറകേ ഏറെയൊന്നും സഞ്ചരിക്കാന്‍ മെനക്കെട്ടില്ല.സാമൂഹ്യ കഥകള്‍ക്കു തന്നെയായിരുന്നു മുഖ്യ സ്ഥാനം.മലയാള സിനിമയില്‍ വലിയൊരു മാറ്റത്തിനിടയാക്കിയ  ‘ നീലക്കുയി‘ ലില്‍  വിഗതകുമാരന്റെ ചില സാമൂഹ്യ തുടര്‍ച്ചകളുണ്ട്.വിഗതകുമാരനില്‍ ഉന്നതജാതിക്കാരിയായ സരോജനിയായി റോസി വേഷമണിഞ്ഞുവെങ്കില്‍ പില്‍ക്കാലത്ത് നീലിയായും മറ്റും വേഷമണിയാന്‍ ധാരാളം ആളുകളുണ്ടായി.അപ്പോഴെക്കും സിനിമ എല്ലാവര്‍ക്കും സഞ്ചരിക്കാവുന്ന പൊതുസ്ഥലമായി കഴിഞ്ഞിരുന്നു.

മലയാള സിനിമയുടെ ചരിത്രമുഹൂര്‍ത്തങ്ങളിലൊന്നായ ‘ ചെമ്മീന്’ 1966ലെ ദേശീയ പുരസ്ക്കാരം ലഭിച്ച റേഡിയോ വാര്‍ത്ത റോഡരികില്‍ നിന്ന്  കേട്ട് നിസ്സംഗനായി ഒരു വണ്ടിയില്‍ കയറിപ്പോകുന്ന വൃദ്ധനായ ഡാനിയേലിനെ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ കാണുന്നതാണ് ഡാനിയേലിനെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ തുടക്കം.മലയാളസിനിമ മുപ്പതിലേറെ കൊല്ലങ്ങള്‍ കൊണ്ടു നേടിയ വളര്‍ച്ചയായിരുന്നു ചെമ്മീന്‍.ആ സിനിമയും പുരാണങ്ങളെ ആശ്രയിച്ചില്ലെന്നു മാത്രമല്ല പ്രമേയപരമായി അത് അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ കഥ തന്നെയായിരുന്നു.ഡാനിയേല്‍ ആ വാര്‍ത്തയോട് നിസ്സംഗനായിരിക്കാമെങ്കിലും അദ്ദേഹത്തിന്റെ തുടക്കങ്ങളുടെ  സ്വാഭാവിക പരിണാമം അതിലുണ്ട്.അവിടെ നിന്ന് ‘ നരസിംഹം‘ എന്ന ചിത്രത്തിലേക്കുള്ള ‘ വളര്‍ച്ച’ കാണിക്കുമ്പോഴും കമല്‍ ചില കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്.ജാതിഭേദങ്ങളുടെ പരമ്പരാഗത രൂപങ്ങളില്‍ നിന്ന് ഒട്ടൊക്കെ രക്ഷ പ്രാപിച്ച സിനിമ  പുതിയ  വര്‍ണ്ണാശ്രമങ്ങളിലേക്ക് അന്ധമായി പതിച്ചതിന്റെ സമകാല ചരിത്രമാണത്.
മലയാള സിനിമാഗാനങ്ങളുടെ ചരിത്രത്തെ രേഖപ്പെടുത്തുന്നത് വയലാറിലൂടെയാണെന്നതും ‘  ‘ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനത്തിന്റെ രചനാ സന്ദര്‍ഭത്തിലൂടെയാണെന്നതും പ്രധാനമാണ്.വിഗതകുമാരനെ മലയാളത്തിലെ ആദ്യ സിനിമയായി അംഗീകരിപ്പിച്ചെടുക്കുന്നതിനുള്ള ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ പരിശ്രമങ്ങള്‍ക്കിടയിലാണ് സിനിമയുടെ തന്നെ ചരിത്രം പല രീതിയില്‍ തെളിഞ്ഞു വരുന്നത്.ലോക സിനിമാ ചരിത്രത്തില്‍ ഡി.ഡബ്ല്യു.ഗ്രിഫിത്തിന് തെണ്ടിയെപ്പോലെ കഴിയേണ്ടി വന്നെങ്കില്‍ ഒരു ജെ.സി.ഡനിയേലിന്റെ കാര്യത്തില്‍ അതില്‍ പുതുമയില്ലെന്ന് ഡാനിയേല്‍ പറയുന്നതിനു പിന്നില്‍  സിനിമാ ചരിത്രത്തിലെ  വലിയൊരു അവഹേളനത്തിന്റെകഥയുണ്ട്.  തിരസ്കൃതനായി അന്ത്യകാലം കഴിക്കേണ്ടി വന്നയാളാണല്ലോ ഗ്രിഫിത്ത്.
4
ജാതീയമായ മേല്‍ക്കോയ്മകള്‍ അറിവിന്റേയും മേല്‍ക്കോയ്മകളായിരുന്നു. ഹാസ്യോല്പാദനത്തിനുള്ള  മാര്‍ഗ്ഗങ്ങളിലൊന്നാണ് അന്യന്റെ അജ്ഞത.എന്നാല്‍ ആധുനികത ആശയമായും അതിന്റെ സാങ്കേതികോല്പന്നങ്ങളായും കടന്നു വരുന്ന ഘട്ടത്തില്‍ മറ്റു പലതുമെന്നപോലെ ജാതീയമായ മേല്‍കീഴ് അവസ്ഥകളെ ആശ്രയിച്ചുള്ള അറിവധികാര വ്യവസ്ഥകളും അട്ടിമറിക്കപ്പെടുന്നുണ്ട്.ജ്ഞാനവിജ്ഞാനങ്ങള്‍ ആധുനികതയുടെ  മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുനര്‍ നിര്‍വ്വചിക്കപ്പെട്ടപ്പോള്‍ പരിഹാസം നേരിടേണ്ടി വന്നവരിലേറെയും ഉയര്‍ന്ന ജാതിക്കാരായിരുന്നു.ഇന്ദുലേഖയില്‍ ഇംഗ്ലീഷറിയാത്തതിന്റെ പേരില്‍ സൂരിനമ്പൂതിരിയും അതുപോലുള്ളവരും നേരിടുന്ന പരിഹാസം എത്രയാണെന്നോര്‍ക്കുക.

ഫാല്‍ക്കെ ഇംഗ്ലണ്ടില്‍ പോയിട്ടാണ് സിനിമയുടെ തന്ത്രങ്ങള്‍ സ്വായത്തമാക്കിയത്. ‘  “ രാജാഹരിശ്ചന്ദ്ര‘ യുടെ നിര്‍മ്മാണഘട്ടത്തിലെ ഹാസ്യരംഗങ്ങളില്‍ പലതും സിനിമയുടെ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള നടീനടന്മാരുടെയും നാട്ടുകാരുടെയും അറിവു കുറവില്‍ നിന്നുത്ഭവിച്ചതാണ്. അവിടെ ഫാല്‍ക്കേയാണ് അറിവിന്റെ രാജാവ്.ഡാനിയെലിനു മുന്നിലും ഫാല്‍ക്കേയും മുതലിയാരുമൊക്കെ അറിവിന്റെ തമ്പുരാക്കന്മാരാണ്. വിഗതകുമാരന്റെ ചിത്രീകരണവും ഇങ്ങനെ പലവിധത്തിലുള്ള ഹാസ്യം ഉല്പാദിപ്പിക്കുന്നണ്ട്.അതു കൂടാതെ ജാതിയെ സിനിമയിലേക്ക് സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നതും ഡാനിയേല്‍ സിനിമക്ക് ജാതിയില്ല എന്നു പറയുന്നതും അന്ന് ഹാസ്യോല്പാദനത്തിന് സഹായിച്ചിട്ടുണ്ടാവില്ലെങ്കിലും ജാതിസമരങ്ങള്‍ ഏറെ പിന്നിട്ടു കഴിഞ്ഞ ഇക്കാലത്ത് അത് ഇത്തിരി ഹാസ്യമോ പരിഹാസമോ ഉണ്ടാക്കിയേക്കും.ഉയര്‍ന്ന ജാതിക്കാരാലുംകീഴ്ജാതിക്കാരാലും സൃഷ്ടിക്കപ്പെടുന്ന ഹാസ്യം എങ്ങനെ വ്യത്യസ്തമാവുന്നു എന്നതുംആലോചിക്കാവുന്നതാണ്. ഉന്നത ജാതിക്കാര്‍ തങ്ങളുടെ അജ്ഞതയെ പൊങ്ങച്ചം കൊണ്ടും അധികാരഭാവം കൊണ്ടും കൂടുതല്‍ വികൃതമാക്കുമ്പോള്‍‍ അഥവാ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ താണ ജാതിക്കാര്‍ അതിനെ സ്വജീവിത പരിസരത്തുവെച്ച് വിലയിരുത്തി സ്വാഭാവികമായി ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു.സരോജനിയായി മാറിയ റോസി വെറും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും മറ്റും റോസിയെ സംബന്ധിച്ച് വളരെ സ്വാഭാവികമാണ്.സിനിമ കല്പിച്ചുനല്‍കിയ താത്ക്കാലിക സമത്വത്തെക്കുറിച്ച് റോസിക്ക് യാതൊരറിവുമില്ല.
സിനിമയ്ക്കകത്ത് പില്‍ക്കാലത്ത് നടപ്പായ  സാമൂഹ്യനീതിയെക്കുറിച്ച് മനസ്സിലാക്കാന്‍ കൂടി വിഗതകുമാരന്റെ ആദ്യപ്രദര്‍ശനാനുഭവം സൃഷ്ടിച്ച ചെറിയ തമാശകള്‍ സഹായിക്കും.മുന്‍ നിരയില്‍ സീറ്റ് വേണമെന്നാവശ്യപ്പെട്ട നാട്ടുപ്രമാണി പിന്‍ നിരയിലെ സീറ്റു കൊണ്ട് തൃപ്തനായൊ എന്നറിയില്ലെങ്കിലും സിനിമാകൊട്ടകയിലെങ്കിലും തന്നേക്കാള്‍ താഴെയുള്ളവര്‍ മുന്‍ നിരയിലിരിക്കുന്ന  “ വൈരുദ്ധ്യം“ പില്‍ക്കാലത്തും തുടര്‍ന്നു.കീഴ് ജാതിക്കും മേല്‍ ജാതിക്കും ഒരുപോലെ മനസ്സിലാക്കാന്‍ബുദ്ധിമുട്ടുണ്ടാക്കിയകാര്യമാണിത്.ക്ഷേത്രപ്രവേശന വിളംബരത്തിനും മറ്റും ശേഷം  എല്ലാവര്‍ക്കും പ്രവേശനം സാദ്ധ്യമായ പൊതുഇടങ്ങള്‍ സൃഷ്ടിക്കപ്പെടും മുന്‍പ് തന്നെ കൊട്ടകകള്‍ക്കുള്ളില്‍ ജാതി സമവാക്യങ്ങളുടെ കുഴമറിച്ചില്‍ ആരംഭിച്ചിരുന്നു.ജാതിഒരു പ്രധാന ഘടകം തന്നെയായിരുന്നെങ്കിലും അതിലേറെ സാമ്പത്തികാവസ്ഥകളായിരുന്നു കൊട്ടകകളില്‍ മുന്നും പിന്നും നിശ്ചയിച്ചത്.
5

പഴയ കാലം, പ്രണയം,ദളിത് ജീവിതം എന്നു തുടങ്ങി സ്ഥലകാലങ്ങളെ വരെ അടയാളപ്പെടുത്താന്‍ ഏതൊരാഖ്യാനത്തിലും  ചില പൂര്‍വ്വ നിശ്ചിത മാതൃകകളും സങ്കേതങ്ങളുമുണ്ട്. കാലത്തെ അടയാളപ്പെടുത്താന്‍ ആ കാലത്തേതെന്നു സ്ഥാപിക്കപ്പെട്ട / വിശ്വസിക്കപ്പെടുന്ന ചില മാതൃകകള്‍ തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്.അത് പ്രസ്തുത കാലത്തെ/ജീവിതത്തെ പൂര്‍ണ്ണമായുള്‍ക്കൊള്ളുന്നുണ്ടാവില്ലെങ്കിലും അതിലൂടെ ആ കാലം തിരിച്ചറിയപ്പെടും. പ്രചാരമാര്‍ജ്ജിച്ച ഒരു മാതൃക കൊണ്ടേ അതു സാധ്യമാവൂ.ഇവിടെ തിരുവിതാംകൂര്‍ പ്രദേശത്തിനെ ദൃശ്യശ്രാവ്യമാക്കുന്നത് സംസാരഭാഷ ,സ്ഥല നാമങ്ങള്‍ എന്നിവയാണ്. ഭൂതകാലത്തെ ആവിഷ്ക്കരിക്കുന്നത് ഭാഷയുടെ പഴമകൊണ്ടും, കാളവണ്ടി,കുതിരവണ്ടി ,വസ്ത്രധാരണം എന്നിവ കൊണ്ടുമാണ്.ദളിത് ജീവിതത്തിനും ഇത്തരം ചില മുന്‍ മാതൃകകളുണ്ട്.അവരുടെ ജീവിതസാഹചര്യങ്ങള്‍,തൊഴില്‍, സംസാരഭാഷ, ആഭരണങ്ങള്‍ എന്നിവയൊക്കെ അതില്‍ വരുന്നു. ഭൂതകാലത്തിന്റെ ആവിഷ്ക്കരണത്തിന് ചില നിശ്ച്ചിത മാതൃകകളെ ആശ്രയിക്കാതെ തരമില്ല. ദളിത ജീവിതം/സ്ത്രീ ജീവിതം എന്നിവ സംബന്ധിച്ച മാറിയ കാഴ്ചപ്പാടുകള്‍ക്കിണങ്ങുന്ന മാതൃകകള്‍ ഭൂതകാലത്തു നിന്ന് കണ്ടെടുക്കാനുമാവില്ല.
ഭൂതകാല പുനര്‍നിര്‍മ്മിതിയും ദളിത് ജീവിതാഖ്യാനങ്ങളുമായി ചേര്‍ന്നു കിടക്കുന്നതാണ് ഈ സിനിമയിലെ രണ്ടു ഗാനങ്ങളുടെയും സാംഗത്യം . അവയുടെ ഈണങ്ങള്‍ക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യകാലങ്ങളില്‍ കേരളമെങ്ങും അലയടിച്ച നാടക ഗാനങ്ങളുടേയും വിപ്ലവ ഗാനങ്ങളുടേയും ഈണങ്ങളോടും ആലാപന ശൈലിയോടുമുള്ള ചാര്‍ച്ച കേള്‍വിക്കാരെ ഭൂതകാലത്തിലേക്ക്  എളുപ്പം ആനയിക്കും.അതൊരു ഗൃഹാതുരതയുടെ പുനഃസൃഷ്ടിയെന്ന പോലെ ഭൂതകാലത്തിന്റെ സാംസ്ക്കാരികമായ പുനഃസൃഷ്ടിയുമാണ്.വിഗതകുമാരനു ശേഷം കേരളത്തില്‍ പ്രചാരം നേടിയ ചില ഈണങ്ങളോടാണ് അതിനടുപ്പമുള്ളതെന്ന് നമുക്കെളുപ്പം മറക്കാനാവുന്നു.
ദളിതരുടെ അരികു ജീവിതത്തെ എന്ന പോലെ സ്ത്രീകളുടെ അരികു ജീവിതത്തേയും  ഒരു പൊതു ധാരയിലേക്ക് സംശ്ലേഷിപ്പിച്ചെടുക്കുകയായിരുന്നുമലയാളത്തിലെ ആദ്യ സിനിമ  ചെയ്തത് .ഭാരതത്തിലെ മറ്റുഭാഗങ്ങളില്‍ സ്ത്രീ വേഷങ്ങള്‍ പുരുഷന്മാര്‍ തന്നെ കൈകാര്യം ചെയ്തിരുന്ന കാലത്താണ് ഡാനിയേല്‍ ഒരു സ്ത്രീയെത്തന്നെ നായികയായി കണ്ടെത്തുന്നത്. അതിനായി അദ്ദേഹം അനുഭവിച്ച ക്ലേശവും ചെറുതല്ല.പിന്നെയും കുറേക്കാലം കൂടി നമ്മുടെ നാടകങ്ങളിലൊക്കെ സ്ത്രീവേഷം കെട്ടിയത് പുരുഷന്മാര്‍ തന്നെയായിരുന്നു എന്നത് മറക്കേണ്ടതില്ല.ആദ്യ പ്രദര്‍ശന ദിവസം അവഹേളിതയായി ഓടിപ്പോകേണ്ടി വന്നുവെങ്കിലും പില്‍ക്കാലത്ത് അവര്‍ക്കു കൂടി ഇടമുള്ള ദേശമായി കൊട്ടകകള്‍ മാറി.




ഫാല്‍ക്കേയുടേയും രാജാഹരിശ്ചന്ദ്രയുടേയും കഥപറയുന്ന ‘ ഹരിശ്ചന്ദ്ര ഫാക്റ്ററി‘ യും ഡാനിയേലിന്റെ കഥ പറയുന്ന ‘ സെല്ലുലോയ്ഡും‘  തമ്മിലുള്ള താരതമ്യം പ്രത്യക്ഷത്തില്‍ തന്നെ  സിനിമയിലെ രണ്ട് ആദ്യകാല പഥികരെക്കുറിച്ചുള്ള അന്വേഷണം എന്ന ഒറ്റക്കാര്യത്തില്‍ ഒതുങ്ങുന്നു.ഫാല്‍ക്കേയെപ്പോലെ ഡാനിയേലും തന്റെ ഭാര്യക്ക് ക്യാമറക്കണ്ണിലൂടെ കാഴ്ചകള്‍ പകര്‍ന്ന് നല്‍കുന്നുണ്ട്.രണ്ടു പേരുടേയും ഭാര്യമാര്‍ ആദ്യവസാനം അവര്‍ക്കൊപ്പം നില്‍ക്കുന്നുമുണ്ട്.മറാത്തി സിനിമയുടെയോ ഇന്ത്യന്‍ സിനിമയുടേയൊ ഭൂതവര്‍ത്തമാനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനൊന്നും ഹരശ്ചന്ദ്ര ഫാക്റ്ററി ശ്രമിക്കുന്നില്ല.അത് ആചിത്രത്തിന്റെ പരിമിതിയാണെന്നൊന്നും പറയുന്നില്ല.ഫാല്‍ക്കേ നേരിടേണ്ടിവന്ന സാമ്പത്തികവും ഇതരവുമായ ക്ലേശങ്ങളെക്കുറിച്ച് വിവരിക്കുമ്പോഴും ആദ്യവസാനമുള്ള ഹാസ്യഭാവം അങ്ങനെത്തന്നെ ചിത്രത്തില്‍ നില നിര്‍ത്തപ്പെടുന്നുണ്ട്.അതിനു കാരണവുമുണ്ട്.‘ രാജാഹരിശ്ചന്ദ്ര‘  വിജയിച്ച ചലച്ചിത്രവും ഫാല്‍ക്കെ വിജയിച്ച ചലച്ചിത്രകാരനുമായിരുന്നു.എന്നാല്‍ സെല്ലുലോയ്ഡ് ഒരു സിനിമയും അതിന്റെ നിര്‍മ്മാതാവുമെന്നതിനപ്പുറമുള്ള സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളിലേക്കും സിനിമയുടെ ചരിത്രത്തിലേക്കും ഗൌരവമായി തുറന്നു വെച്ച ക്യാമറയാണ്.അത് പരാജയപ്പെട്ടവരുടെ കഥയാകയാല്‍ മുഖം കോടിയ ചില ചിരികള്‍ക്ക് മാത്രമേ അതില്‍ സാദ്ധ്യതയുള്ളു. പുറത്ത് നിഴലും നിലാവും ഇടകലര്‍ന്നു കളിക്കുന്ന കാഴ്ച കണ്ട്(അത് ഡാനിയേലിന്റെ മാത്രംകാഴ്ചയാണ്. സമീപത്തിരിക്കുന്നഭാര്യ ജാനറ്റ് അതു കാണുന്നില്ല)അതൊരു സിനിമയാണെന്ന ഭ്രമാത്മകതയില്‍  കണ്ണടയ്ക്കുന്നഡാനിയേലിന്റെ അന്ത്യ രംഗത്തിന്റെ ദൃശ്യ സാക്ഷാത്ക്കാരത്തില്‍  ഒരു പക്ഷേ സിനിമയുടെ ആകെ വിശദീകരണമുണ്ട്.

7


‘ വിഗതകുമാര‘ ന്റെ ഷൂട്ടിംഗിനിടയില്‍  ജാതീയത  ഇടപെടാന്‍ ശ്രമിക്കുമ്പോഴൊക്കെ സിനിമക്ക് ജാതിയില്ലെന്ന് ഡാനിയേല്‍ ആവര്‍ത്തിക്കുന്നുണ്ട്. സിനിമയുടെ ദൈവം ശിവനല്ല കര്‍ത്താവാണെന്ന് നോവലില്‍ പറയുന്നു.സിനിമയിലെ റോസിയും കുരിശു വരച്ചാണ് അഭിനയം തുടങ്ങുന്നത്.ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ പാരമ്പര്യത്തെ പ്രകോപിപ്പിക്കാതെയാണ് സിനിമ രംഗപ്രവേശം ചെയ്തതെങ്കില്‍ കേരളത്തില്‍ സ്ഥിതിമറിച്ചായിരുന്നു.അതിന് സിനിമയെ കുറ്റപ്പെടുത്തേണ്ടതില്ല. പ്രകോപിതമായ ഒരു സാമൂഹ്യാന്തരീക്ഷം ഇവിടെ അക്കാലത്ത് നിലനിന്നിരുന്നു.അതുകൊണ്ടാണ് ഡാനിയേലിന് സാമൂഹ്യ കഥ തന്നെ എടുക്കണമെന്ന് തോന്നിയത്. മഹാത്മാ ഗാന്ധിയുടെ കൂടി സാന്നിദ്ധ്യമുണ്ടായിരുന്ന വൈക്കംസത്യാഗ്രഹം അവസാനിച്ചിട്ട് രണ്ടുമൂന്നു വര്‍ഷങ്ങളേ ആയിട്ടുള്ളു. ശ്രീനാരായണ ഗുരുദേവന്‍ തന്റെ ജന്മനിയോഗം അവതരിപ്പിച്ച് സമാധിയായിയിരിക്കുന്നു.കുമാരനാശാന്‍ വീണപൂവും ദുരവസ്ഥയുമടക്കമുള്ള കാവ്യങ്ങളെഴുതി പല്ലനയാറ്റില്‍ വിലയം പ്രാപിച്ചു കഴിഞ്ഞു.അയ്യങ്കാളി തന്റെ ജാതിവിരുദ്ധ സമരങ്ങളുമായി തൊട്ടടുത്തുതന്നെയുണ്ട്.ഈയൊരു കാലസന്ദര്‍ഭത്തിലാണ്  സരോജനിയായി  റോസി അഭിനയിക്കുന്ന സിനിമ രൂപപ്പെടുന്നതും  സരോജനിയുടെ/റോസിയുടെ തലയില്‍ നിന്ന് ജയചന്ദ്രന്‍ പൂവെടുക്കുന്ന രംഗം സൃഷ്ടിക്കപ്പെടുന്നതും.അത് പ്രണയത്തിന്റെ മാത്രം പരസ്യ പ്രഖ്യാപനമല്ലായിരുന്നു.

ആധുനികതയും പാരമ്പര്യവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തില്‍ അതിന്റെ സാങ്കേതികരൂപങ്ങളെ സംഘര്‍ഷമേതുമില്ലാതെ കൈയേല്‍ക്കുകയും ആശയമണ്ഡലത്തെ സംശയത്തോടെ അകറ്റി നിര്‍ത്തുകയും ചെയ്യുന്ന പ്രവണത മലയാളി സമൂഹം എന്നും പ്രകടിപ്പിച്ചിട്ടുണ്ട്.പാരമ്പര്യ മൂല്യങ്ങളെ പുനരവതരിപ്പിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന് തോന്നിയ ഘട്ടങ്ങളിലാണ് അത് സ്വീകാര്യമായത്.മലയാളത്തില്‍ അക്കാലത്ത് സജീവമായി രുന്ന നവോത്ഥാനം  ആധുനികതയുടെ ഉപകരണങ്ങളിലൊന്നായ സിനിമയെയും ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നു.നവോത്ഥാന മൂല്യങ്ങള്‍ പാരമ്പര്യമായപ്പോള്‍ അത് സിനിമയുടെ സ്വന്തം മൂല്യങ്ങളായുംതിരിച്ചറിയപ്പെട്ടു.ഇത് സിനിമയുടെ തുടക്കകാലം തൊട്ടു തന്നെ മലയാളത്തില്‍ സംഭവിക്കുന്നുണ്ടെന്നതാണ് ഒരു പ്രത്യേകത.ഈ വൈരുധ്യങ്ങളിലാണ് സിനിമ ഇവിടെ സാങ്കേതിക വിദ്യയായും ആശയമണ്ഡലമായും വേരോടുന്നത്.പില്‍ക്കാലത്ത് സിനിമ തങ്ങളുടെ അതീത മോഹങ്ങളെ പെരുപ്പിച്ചു കാട്ടാന്‍ തുടങ്ങിയപ്പോള്‍ അതിനോട് അങ്ങേയറ്റം വിധേയപ്പെടാന്‍  കഴിയുന്ന കാണിയായി മലയാളി സമൂഹം മാറി.നവോത്ഥാന മൂല്യങ്ങളും കാണികളുടെ അതീത മോഹങ്ങളിലുള്‍പ്പെട്ടിരുന്നതിനാല്‍ അത് സിനിമയില്‍ പ്രകാശമാനമാകുന്നതുകണ്ട് താദാത്മ്യപ്പെടാന്‍ എളുപ്പവുമായിരുന്നു.

“ രാത്രിയൊടുങ്ങി
തമിഴകത്തില്‍ പനയോലയും
വെയിലും സിനിമപിടിക്കുന്നൊരൂരില്‍
വേരില്ല, പേരില്ലൊടുങ്ങുന്നു റോസി
ഭ്രാന്താലയത്തിന്റെ നക്ഷത്രസാക്ഷി“.
(നടിയുടെ രാത്രി)

Wednesday, February 27, 2013

അന്നയും റസൂലും:പ്രണയത്തില്‍ സഞ്ചരിച്ച ദൂരങ്ങള്‍



സാധാരണത്വം/അസാധാരണത്വം എന്നിവ  കാല ദേശ സംബന്ധിയായ ചില ആപേക്ഷികതകള്‍ മാത്രമാണ് എന്ന തിരിച്ചറിവോടെത്തന്നെ“ അന്നയും റസൂലും‘ എന്ന ചിത്രത്തെ “ അതി സാധാരണതയുടെ അസാധാരണത്വം“ എന്ന്  ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാം.

പ്രണയമാണൊ അഥവാ അതിന്റെ ആഖ്യാനമാണൊ അസാധാരണമായത്  എന്നു സംശയിക്കാം .ജീവിതത്തിന്റെ സാധാരണതകളില്‍ നിന്നുള്ള ചില കുതറിമാറലുകളാണ് എക്കാലത്തും പ്രണയത്തെ അസാധാരണാനുഭവമാക്കിയത്.ഈ അസാധാരണതകളെ സാഹിത്യവും കലകളുമൊക്കെ എക്കാലവും ആഘോഷപൂര്‍വ്വം കൊണ്ടാടി.കാല്പനികതയുടെ കാലത്ത് പ്രണയികള്‍ സമൂഹത്തില്‍ നിന്നുയര്‍ന്ന് അമാനുഷരായി.ആധുനികതയും  ഒറ്റപ്പെട്ട വ്യക്തികളായി അവരെ സമൂഹത്തില്‍ നിന്ന് വേറിട്ടു നിര്‍ത്തി.ഇവയൊക്കെയും അതാതു കാലങ്ങളില്‍ പ്രണയത്തിന്റെ പ്രതിനിധാനങ്ങളായി.അപ്പോഴൊക്കെയും പ്രണയം ജീവിതത്തിന്റെ നാനാ തിരക്കുകള്‍ക്കിടയിലൂടെ അതിന്റെ സാന്നിധ്യവുമായി ഇവിടെയൊക്കെ ഓടി നടക്കുന്നുണ്ടായിരുന്നു. എല്ലാ പ്രണയങ്ങളും അതിന്റെ കേവലാവസ്ഥയില്‍ വിജയം നേടിയെങ്കിലും അതിനെ വിവാഹം ,കുടുംബം തുടങ്ങിയ സ്ഥാപനങ്ങളിലേക്കിണക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പരാജയപ്പെടുകയും ചെയ്തു.
“ അന്നയും റസൂലും‘ ഒരു പ്രണയ ചിത്രമായിട്ടാണ്  അവതരിപ്പിക്കപ്പെട്ടത്. ഒരു പുരുഷന്റെയും
സ്ത്രീയുടേയും പേരുകള്‍  സിനിമയുടെ പേരായി ഉപയോഗിക്കുക വഴി ലൈലാ മജ്നു,അന്റണി
ക്ലിയൊപാട്ര എന്നിവരെപ്പോലെ  ഒരു പ്രണയ ജോഡിയാണതെന്ന സൂചന നല്‍കാന്‍ കഴിയുന്നു.അവര്‍ രണ്ടു വ്യത്യസ്ത മതങ്ങളില്‍ പെട്ടവരാണെന്ന അറിവും ആ രണ്ട് സാധാരണ
പേരുകള്‍ നല്‍കുന്നുണ്ട്. പ്രണയത്തെക്കുറിച്ചുള്ള ചില പരമ്പരാഗത സങ്കല്പങ്ങളെ
താലോലിക്കുന്നതായിരുന്നു സിനിമയുടെ  പോസ്റ്ററുകളും തലക്കെട്ടുമൊക്കെ.
“ കണ്ടു രണ്ട് കണ്ണ്...” എന്ന മെഹബൂബ് പാടിയ പഴയ ഗാനത്തിന്റെ പുനരാവിഷ്ക്കാരം( ആലാപനം: ഷഹബാസ് അമന്‍)) നേരത്തെ പുറത്തു വന്നത് അതിനെ ബലപ്പെടുത്തുകയും ചെയ്തു.

പ്രണയം പ്രധാനപ്രമേയമായി വരുന്നതെന്ന് മുന്‍‌കൂട്ടി പ്രഖ്യാപിക്കപ്പെട്ട ഏതു ചിത്രവും
മനസ്സിലുണ്ടക്കുന്ന ചില ധാരണകളുണ്ട്.ആ ധാരണകളെ ‘ അന്നയും റസൂലും‘ ‘മറികടക്കുന്നതാണ് ഈ സിനിമയുടെ ആകെ സൌന്ദര്യവും പ്രണയത്തിന്റെ തന്നെ സൌന്ദര്യവുമെന്നു പറയാം.ഇത് മലയാളത്തിലെ പ്രണയസിനിമകളുടെ കൂട്ടത്തില്‍അസാധാരണമാകുന്നതങ്ങനെയാണ്. പ്രണയിക്കുന്നവര്‍ സ്വസ്ഥമായി ഒരിടത്തിരുന്ന് സംസാരിക്കുന്നതും പ്രകൃതി ഭംഗിയില്‍ രമിച്ച് പാട്ടു പാടുന്നതും കുസൃതികളൊപ്പിക്കുന്നതുമൊക്കെയാണ് ഇതു വരെ നാം കണ്ട പ്രണയ രംഗങ്ങളെല്ലാം
ദൃശ്യവല്‍ക്കരിച്ചിരുന്നത്.അതിതീവ്ര സംഘര്‍ഷങ്ങളിലേര്‍പ്പെടുന്നവര്‍ പോലും ഒരു പാട്ടിലലിഞ്ഞു പോകുന്നു.അത്തരം രംഗങ്ങളിലെങ്കിലും അവര്‍ ജീവിതത്തില്‍ നിന്നും ലോകത്തില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നു.ഈ പ്രണയ സങ്കല്പമാണ് അന്നയും റസൂലും മാറ്റി മറിക്കുന്നത്.ഇവിടെ അങ്ങനെയൊരു വിച്ഛേദം ഉണ്ടാകുന്നില്ല.ജീവിതത്തിന്റെ പലവിധ ഓട്ടമത്സരങ്ങള്‍ക്കിടയില്‍ ഇത്തിരി സമാശ്വാസം തന്നെയാണ് അവര്‍ക്കും പ്രണയമെങ്കിലും അത് അറിഞ്ഞാസ്വദിക്കാനുള്ള സമയവും സന്ദര്‍ഭവുമൊന്നും  ലഭിക്കുന്നില്ല. മതത്തിന്റെ വേലിക്കെട്ടുകളൊന്നും അവര്‍ക്കിടയില്‍ പ്രായോഗികമായി നിലനില്‍ക്കുന്നില്ല.അച്ഛന്‍‍,അമ്മ,അമ്മാവന്‍ തുടങ്ങിയ പരമ്പരാഗത ശത്രു രൂപങ്ങളൊന്നും ഇവിടെ എതിര്‍ പക്ഷത്തില്ല.എന്നാല്‍   സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളായ വിവാഹം,കുടുംബം എന്നിവയിലേക്ക് പ്രണയം അടുക്കാന്‍ തുടങ്ങുമ്പോള്‍ ശത്രുവെന്ന ഭാവത്തിലല്ലെങ്കിലും  ചിലതെല്ലാം പ്രതിബന്ധമാവുന്നു.അതിനെല്ലാമെതിരെ ഒറ്റയ്ക്കു
പോരാടുന്ന കാല്പനിക നായകനുംനായികയും എന്ന പരിവേഷമണിയാനൊന്നും അവര്‍ മെനക്കെടുന്നില്ല്ല.വിജയത്തിന്റേയൊ പരാജയത്തിന്റേയൊഅതി ഭാവുകത്വമില്ലാതെ അവര്‍
 മുന്നോട്ടു പോകുന്നു.മതത്തെക്കുറിച്ച് ഒരുതരം ഉദാസീന ചിന്തയെ ഇരുവര്‍ക്കുമുള്ളു. മതത്തിനെതിരെ ആദര്‍ശപ്രസംഗങ്ങള്‍ നടത്താനൊന്നും അവര്‍ തയ്യാറല്ല.

പ്രണയത്തിന്റെ ഒരു മന്ദതാളത്തെ ജീവിതത്തിന്റെ ദ്രുത താളത്തില്‍ മുക്കിയെടുക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.ജീവിതം വേറെ പ്രണയം വേറെ എന്നില്ല.അതിന്റെഅരികുപറ്റിയാണ് പ്രണയത്തിന്റെ നില്പ് എന്നു പറഞ്ഞാല്‍ ജീവിതം അതില്‍ നിന്നു വേറിട്ടു നില്‍ക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നുമില്ല.ജീവിതത്തെ പ്രണയത്തില്‍ നിന്ന് വേര്‍പെടുത്തി കാണണമെന്നുണ്ടായിരുന്നെങ്കില്‍ അന്നയ്ക്കും റസൂലിനും മുന്നില്‍ മറ്റു വഴികളുണ്ടായിരുന്നു.

കൊച്ചിയില്‍ മാത്രം സാധ്യമായ സിനിമയാണ് “ അന്നയും റസൂലും” .കൊച്ചിയും അതിന്റെ കായലുംകരയും കടന്ന് യാത്രചെയ്തു പോകുന്നവര്‍ക്കിടയില്‍ സാധ്യമാവുന്ന പ്രണയം. സ്വാഭാവികമായും ചീനവലകളും കായലും മീനുമൊക്കെയുള്ള പോലെ അധോലോകവും
അവിടെയുണ്ട്.ഏറ്റവും നല്ല സുന്ദരികള്‍ വൈപ്പിനിലാണുള്ളതെന്നു പറയും പോലെ അധോലോകവും മതവും ഭരണാധിപത്യങ്ങളും അവിടെയുണ്ട്.കൊച്ചു കൊച്ചു സംഭവങ്ങളുടെ ഒരു പരമ്പരയിലൂടെയാണ് സിനിമ വികസിക്കുന്നത്. കുട്ടികളുടെ ഫുട്ബോള്‍ കളിയൊക്കെ അതില്‍ വരും.എന്നാല്‍ അതൊന്നും മറ്റൊന്നിലേക്ക് വികസിക്കുക എന്ന രീതിയില്‍ ഉദ്ദേശപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതായി അനുഭവപ്പെടുകയില്ല. എല്ലാം ചേര്‍ന്ന് ഒരു ചിത്രം സൃഷ്ടിക്കപ്പെടുന്നു.

 റസൂലിന്റെ പ്രണയം ശരിയാവില്ലെന്ന് അന്ന പറയുന്നത് അവര്‍ രണ്ടു മതക്കാരാണ് എന്ന കാരണത്താലാണ്.മതം മാത്രമല്ല  ‘ വില്ലനാ‘ യി വരുന്നത്. വേറെയും ശക്തികള്‍ അവരുടെ പ്രണയത്തെ എതിര്‍ക്കാനുണ്ടായിരുന്നു.അത് അപ്രത്യക്ഷമായി പ്രവര്‍ത്തിക്കുന്ന പുതിയ
ലോകക്രമങ്ങളും അവ സൃഷ്ടിച്ച അധോലോകങ്ങളുമൊക്കെയായിരുന്നു. അധോലോകത്തിന്റെ ഭാഷ പ്രണയത്തിന്റേതാകില്ലെങ്കിലും അവിടെയും അതസാധ്യമല്ലെന്നാണ് ചിത്രം പറയുന്നത്. എങ്കിലും സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്നും കുടുംബ ഘടനയില്‍ നിന്നും വേറിട്ട പ്രണയത്തിന്റെ അസ്തിത്വത്തെക്കുറിച്ച് സംശയങ്ങളുന്നയിക്കാനും സിനിമ മറക്കുന്നില്ല. അസാധാരണ രീതികളില്‍(സിനിമയില്‍) വളര്‍ത്തിയെടുക്കപ്പെട്ട പ്രണയത്തെ അതേ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.അപ്പോഴേക്കും മതം,കുടുംബം, സമൂഹം എന്നൊക്കെയുള്ള ബാഹ്യ ഘടകങ്ങള്‍ അവരുടെ അറിവോടെ തന്നെ അതിനകത്ത് നുഴഞ്ഞുകയറുന്നു.

2

മതമല്ല മുഖ്യ വിഷയമെങ്കിലും പലവിധത്തില്‍ മതം കയറിയിറങ്ങുകയും സിനിമയുടെ ആഖ്യാനത്തെ ഒരു ഘട്ടം കഴിയുമ്പോള്‍ ആകെ നിയന്ത്രിക്കുകയും ചെയ്യുന്നതു കാണാം.
പ്രത്യക്ഷത്തിലുള്ള അധികാരമോ ഭീഷണിയൊ ഉപയോഗിക്കാതെ നിശ്ശബ്ദമായി അത് എല്ലാ
പ്രവര്‍ത്തനങ്ങളിലുമുണ്ട്.പലപ്പോഴും മതം അവര്‍ക്ക് അഭയകരവുമാണ്.അതുകൊണ്ടു തന്നെ
അതിനെ നേര്‍ക്കുനേര്‍ വെല്ലുവിളിക്കാന്‍ അവര്‍ക്കാര്‍ക്കും താല്പര്യവുമില്ല. കന്യാസ്ത്രീയായി മാറിയ അന്നയുടെ സഹോദരി മതത്തോട് വിധേയപ്പെട്ട് പ്രത്യക്ഷ സാന്നിദ്ധ്യമായി അവര്‍ക്കിടയിലുണ്ട്. അന്നയെ മറ്റൊരു വിവാഹത്തിനു പ്രേരിപ്പിക്കുന്ന ഫാദര്‍  ഒരു കുടുംബത്തിന്റെ നന്മ മാത്രമായിരിക്കാം കാംക്ഷിക്കുന്നത്.പിതാവിന്റെ നാടായ പൊന്നാനിയിലെത്തുന്നറസൂലിനെ അദ്ദേഹം മൃദുവായി ഉപദേശിക്കുന്നതും മതത്തിനൊപ്പം നില്‍ക്കേണ്ടി വരുന്നതിന്റെ നിസ്സഹായതയെക്കുറിച്ചു പറഞ്ഞാണ്.പൊന്നാനി എന്നൊരു സ്ഥലനാമം തന്നെ മതത്തെ സൂചിപ്പിക്കുന്ന ഒരു ചിഹ്നമാണ്.മതം അതീവലാളനയോടെ  ഇപ്പോള്‍ പറയാന്‍ ശ്രമിക്കുന്നത്  പണ്ട് അധികാരസ്വരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ്.വിജയിച്ച പ്രണയത്തിന്റെ മാതൃകയായി അവതരിപ്പിക്കപ്പെടുന്ന, പീറ്ററായി മാറിയ പുരുഷോത്തമന്‍ പറയുന്നത് മതത്തിനു കീഴ്പ്പെടേണ്ടി വന്ന പ്രണയത്തെകുറിച്ചാണ്.ഇടയ്ക്കെങ്കിലും പീറ്റര്‍ തന്റെ പഴയ മതത്തിലേക്ക് മനസ്സുകൊണ്ട് തിരിച്ചുചെല്ലുന്നു.ഇത്തരം ചുറ്റുപാടുകള്‍ക്കുള്ളിലാണ്  അന്നയും റസൂലും മതം മാറാന്‍
വിസമ്മതിക്കുന്നത്.സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ് അവരിലൂടെ സംസാരിക്കുന്നതെങ്കിലും പ്രണയത്തെക്കുറിച്ചൊ മതേതരത്വത്തെക്കുറിച്ചോ അതിരുകടന്ന
ആദര്‍ശാത്മകത പുലര്‍ത്താത്ത രണ്ടു പേരുടെ സ്വാഭാവിക പ്രതികരണമായിത്തന്നെ അതിനെ കാണാന്‍ വിഷമമില്ല.അത്തരത്തില്‍ ജീവിക്കുന്നവരുടെ ഒരു സമൂഹം കേരളത്തിലുണ്ട്.എങ്കിലും മിശ്രവിവാഹിതരെ സംരക്ഷിക്കാന്‍ ഭരണകൂടമോ ബന്ധുക്കളൊ ഉണ്ടാവില്ലെന്ന ഭീതിദമായ അവസ്ഥയും അതു തുറന്നു കാട്ടുന്നുണ്ട്.

3

റസൂലിന്റെ പ്രണയം തുടങ്ങുന്നതും വളരുന്നതുമെല്ലാം നിരന്തരമായ സഞ്ചാര വേഗങ്ങള്‍ക്കിടയ്ക്കാണ്. റസൂല്‍ അന്നയെ ആദ്യമായി കാണുന്നതു തന്നെ വണ്ടിയോടിച്ചു പോകുന്ന റസൂലിനു മുന്നില്‍ റോഡ് മുറിച്ചു കടക്കാന്‍ ധൃതിപ്പെടുന്ന അന്നയെ  പെട്ടെന്ന് ബ്രേക്ക് ചെയ്ത് രക്ഷപ്പെടുത്തുമ്പോഴാണ് .കായലിന്റെ നടുവില്‍ എഞ്ചിന്‍ കേടായി നിന്നുപോയ ബോട്ട് കെട്ടിവലിച്ചു കൊണ്ടു വരുന്ന സന്ദര്‍ഭത്തിലാണ് അന്നയോട് ആദ്യമായി റസൂല്‍ സംസാരിക്കുന്നത്. അവളെ കാണുന്ന മറ്റൊരു സന്ദര്‍ഭം അന്ന ധൃതി പിടിച്ച് ബോട്ടില്‍ ഓടിവന്നു കയറുമ്പോഴാണ് .പ്രണയത്തിന്റെ അപ്രായോഗികതയെക്കുറിച്ച് അന്ന അവനോട് പറയുമ്പോള്‍ അവര്‍ നഗരത്തിരക്കില്‍ ഒരു സീബ്രാലൈന്‍ മുറിച്ചു കടക്കുകയാണ്.പിന്നീടവര്‍ സംസാരിക്കുന്നത് ഓടുന്ന ഓട്ടോറിക്ഷയിലിരുന്നാണ്. ബസ്സിലിരുന്ന് അന്നയുടെ മുടിയുടെ സുഗന്ധം അനുഭവിക്കുന്ന, പ്രണയം അതിന്റെ സ്നിഗ്ധതയോടെ പ്രത്യക്ഷപ്പെടുന്ന രംഗവും ഒരു യാത്രക്കിടയിലാണെന്നതാണ് ഇതിലെ പൂര്‍വ്വ നിശ്ചിത യാദൃശ്ചികത.തീരാത്ത തിരക്കുകള്‍ക്കിടയിലൂടെയാണ് അവര്‍ പ്രണയത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. പിറന്നുകഴിഞ്ഞതിനാല്‍ ജീവിത തിരക്കുകള്‍ക്കിടയിലും അതങ്ങനെ വളരുന്നു.

റസൂല്‍  നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അന്ന വളരെകുറച്ചേ എന്തെങ്കിലും പറയുന്നുള്ളു. മൌനത്തിന്റെഒരു വലിയ കൂടാരത്തില്‍ നിന്നാണ് അന്ന പുറം ലോകത്തേക്ക് വരുന്നത്.വര്‍ഷങ്ങളായി ഒന്നുമുരിയാടാത്ത പിതാവ്,കന്യാസ്ത്രീയായി മൌനത്തിലൊളിച്ച
സഹോദരി എന്നിവരുടെ ജീവിതം അവളുടെ മുന്നിലും പിന്നിലും ഉണ്ട്.സെയിത്സ് ഗേളായ അന്നയും കൂട്ടുകാരികളും വസ്ത്രക്കടയിലെ ഇത്തിരി നേരത്ത് ഒത്തു കൂടുമ്പോള്‍ പോലും അവള്‍ മാത്രം ഒറ്റയ്ക്കാണ്.ഇടയ്കവള്‍ ചെന്ന് ബാഗ് തുറന്ന് മൊബൈല്‍ ഫോണെടുത്ത് പരിശോധിക്കുന്നുണ്ട്. ജീവിക്കാനുള്ള തിരക്കില്‍ പ്രണയിക്കാനും പ്രണയത്തിരക്കില്‍ ജീവിക്കാനും മറന്നുപോകുന്നവരല്ല, ഇരുവരും.എല്ലാ വിഘ്നങ്ങളേയും അതിവൈകരികതയില്ലാതെ അതിന്റെ സ്വാഭാവികതയില്‍ നേരിടാനാണ് അവരുടെ ശ്രമം.ജീവിതം/പ്രണയം വഴിമുട്ടിയെന്ന ഘട്ടത്തില്‍ തന്റെ ജീവിതം തുടര്‍ന്നു പോകുന്നതില്‍ അര്‍ത്ഥമില്ലെന്നു തീരുമാനിക്കാനും അവള്‍ ഏറെ ആലോചിക്കുന്നില്ല.

നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന കായല്‍,ബോട്ടുകള്‍,നിരവധി വാഹനങ്ങള്‍,ജനക്കൂട്ടം എന്നിവയിലൂടെ വ്യഞ്ജിപ്പിക്കപ്പെടുന്ന കാലത്തിന്റെ അതിദ്രുത ചലനം ആര്‍ക്കും
പ്രത്യക്ഷമായിത്തന്നെ അനുഭവിക്കാം.ഈ ചലന വേഗം തന്നെയാണ് ജീവിത വേഗത്തേയും
നിര്‍ണ്ണയിക്കുന്നത്.ക്വട്ടേഷന്‍ സംഘാംഗങ്ങളായി റസൂലിന്റെ കൂട്ടുകാര്‍ പണിയെടുക്കേണ്ടി
വരുന്നത് മാറിയ കാലത്തിന്റെ  മൂല്യങ്ങളൊടൊത്തുള്ള ഒഴുക്കില്‍ അണി ചേര്‍ന്നു തന്നെയാണ്. ഇത്തരമൊരു നെട്ടോട്ടത്തിന്റെ പരിസമാപ്തിയാണ്  മരിച്ചുകിടക്കുന്ന അന്നയെകാണാനുള്ള റസൂലിന്റെ ഓട്ടം.അത് ഒരേ സമയം ജീവിതത്തിലേക്കും മരണത്തിലേക്കുമുള്ള ഓട്ടമാണ്.
സിനിമയില്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന വേഗതയ്ക്കു സമാന്തരമായ ഒരു നിശ്ചലത ആന്തരികമായി അടിഞ്ഞുകിടപ്പുണ്ട്.ധാരാളം സംസാരിക്കുകയും എപ്പോഴും ഊര്‍ജ്ജസ്വലനായിരിക്കുകയും ചെയ്യുന്ന റസൂലിനു സമാന്തരമായി അധികം മിണ്ടാത്ത
അന്നയെപ്പോലെ. മതത്തെ കാര്യമായി പരിഗണിക്കാത്ത ഒരു തലമുറയെ മൌനമായി അതിലേക്കു നയിക്കാനുദ്യമിക്കുന്ന മതമേധാവിത്വം പോലും അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. സിനിമയുടെ പൊതു ഘടനയില്‍ നിര്‍ലീനമായ വേഗതയെ നിശ്ചലമാക്കുന്ന അവസ്ഥയാണത്.

4

ഭരണ വ്യവസ്ഥ  ഒറ്റപ്പെട്ട വ്യക്തികളെ എങ്ങനെയാണ് അതിന്റെ ആയിരം കൈകളാല്‍ വളഞ്ഞുപിടിക്കുന്നതെന്നും ഈ ചിത്രം വെളിപ്പെടുത്തുന്നു.മതമെന്നപോലെ ഭരണവ്യവസ്ഥയും സൌമ്യമായി, തന്ത്രപരമായിഒരാളെ വളഞ്ഞുപിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒന്നിലധികം ഉദാഹരണങ്ങള്‍ ഈ ചിത്രത്തിലുണ്ട്.പണ്ടെന്നൊ ഒരു തീവ്രവാദി സംഘടനയുടെ യോഗസ്ഥലത്തു ചെന്നതിന്റെ പേരിലാണ് ഹൈദറിന് പാസ്സ്പോര്‍ട്ട് നിഷേധിക്കപ്പെടുന്നത്.നേരിട്ടുള്ള ബന്ധത്തിന്റെ പേരിലല്ല റസൂലും കസ്റ്റഡിയലാവുന്നത്.റസൂലിന്റെ കൂട്ടുകാര്‍ ക്വട്ടേഷന്‍ പണിയിലൂടെ സ്വയം നിയമം കയ്യിലെടുക്കുകയാണെങ്കിലും ഭരണ വ്യവസ്ഥയുടെ വളഞ്ഞുപിടിക്കലുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് വളരെ ലഘുവാണെന്നു പറയണം.

കാലത്തിന്റെ അപ്രതിഹതമായ ഒഴുക്കാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രം.അത്
ജീവിതത്തിലെ ഒഴുക്കായി നാമറിയുന്നു.അപ്പോള്‍ പലതും ഓരങ്ങളിലേക്ക് തള്ളി മാറ്റപ്പെടും.
പ്രണയവും മതവും അങ്ങനെ തള്ളി മാറ്റപ്പെടുന്നുണ്ട്.എങ്കിലും അതിജീവന ശേഷി മത സംഘടനാ രൂപത്തിനാണെന്നതിനാല്‍ അത് വീണ്ടും ജീവന്‍ വെച്ചു വരുന്നു.ഹൈദറിന് പാസ്സ്പോര്‍ട്ട് നിഷേധിക്കുന്ന ഭരണ വ്യവസ്ഥ ഇവയ്ക്ക് രണ്ടിനും മേലെയുണ്ട്. അന്നയുടെ വിവാഹ നിശ്ചയങ്ങളിലും അതിന്റെ ഭാഗമായ പള്ളിക്ലാസ്സുകളിലും അവളുടെ മരണശേഷവുമെല്ലാം മതം നിരന്തരം ഉദ്ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.മതമല്ലെങ്കില്‍ കുടുംബം,സമൂഹം,അതുമല്ലെങ്കില്‍ ഭരണകൂടം ഇങ്ങനെ ആരെങ്കിലുമൊക്കെ ഉദ്ബോധിപ്പിക്കാനുണ്ടാവും.

മുന്‍‌കാല സിനിമകള്‍ ദൃശ്യവല്‍ക്കരിച്ച പ്രണയത്തിന്റെ അതിരുകളില്ലാ ലോകത്തേക്ക് ആദര്‍ശാത്മകമായി എത്തിച്ചേരാനല്ല  കുടുംബം ,വിവാഹം എന്നീ സ്ഥാപനങ്ങളോടു ചേര്‍ന്നു
നില്‍ക്കാനാണ് അന്നയും റസൂലും ആഗ്രഹിച്ചത്.അങ്ങനെ വരുമ്പോള്‍ ഈ സ്ഥാപനങ്ങളെ
നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന മതം അതിന്റെ റോള്‍ പുറത്തെടുക്കുകയും ചെയ്യുന്നു. പ്രണയത്തെക്കുറിച്ച്  റസൂല്‍ ആദ്യംചിന്തിക്കുമ്പോള്‍ തന്നെ മതം  കടന്നു വരുന്നത് യാദൃശ്ചികതയല്ല .പോലീസുകാരനിലൂടെ ആദ്യം തന്നെ ഭരണ കൂടവും സാന്നിധ്യമറിയിക്കുന്നുണ്ടല്ലോ .രണ്ടു വഴിക്കാണെങ്കിലും ഭരണ സംവിധാനവും മതവും ഒത്തു പിടിച്ചപ്പോള്‍ അവരെ ച്ഛിന്നഭിന്നരാക്കാന്‍ എളുപ്പം സാധിക്കുകയും ചെയ്തു.സിനിമയുടെ പ്രകടമായ ഊന്നല്‍ പ്രണയത്തിലെന്നതിലേറെ മതത്തിലാണെന്നു കരുതേണ്ടി വരുന്നു.സിനിമയുടെ പേരില്‍ തന്നെ അതു വ്യക്തമാക്കപ്പെടുന്നുണ്ട്.പേരുകള്‍ കൊണ്ടു വ്യക്തമാക്കപ്പെടുന്ന രണ്ടു മതങ്ങള്‍..

വിജയിക്കുന്നത് മതമാണൊ പ്രണയമാണൊ എന്ന ചോദ്യത്തിന്  അത് കൂടുതല്‍  സുഘടിത സ്വഭാവമുള്ള മതം തന്നെയാണെന്നാണ് ഉത്തരം.പ്രണയത്തിന് സംഘടിത സ്വഭാവമില്ലാത്തതിനാല്‍ ഒറ്റക്കു തന്നെപലവിധം സംഘടിത ശക്തികളോട് പൊരുതേണ്ടി
വരുന്നു.അന്നയുടെ ചേച്ചി മതത്തെ തിരസ്ക്കരിച്ച് പുറത്തു വരുന്നു എന്നത് കൊണ്ടുമാത്രം മതത്തിന്റെ പ്രഹരശേഷി ഒട്ടും കുറയുന്നില്ല.അങ്ങനെ മതത്തെ വിജയിക്കാന്‍ വിടേണ്ടതില്ലെന്നും പ്രണയത്തിനും ഇടയ്ക്കൊക്കെ വിജയിക്കാമെന്നുമാണ് സംവിധായകനും തിരക്കഥാകൃത്തും ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്.സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരാണ് പ്രണയികള്‍.അവരെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ മതങ്ങള്‍ കോപ്പു കൂട്ടുന്നതു കാണുമ്പോള്‍ ഉള്ളില്‍ ചിരി വരുന്നത് മതത്തിന് മറ്റു പലരില്‍ നിന്നും നേരിടുന്ന പാര്‍ശ്വവല്‍ക്കരണങ്ങളെ അതിജീവിക്കാന്‍  കഴിയുന്നില്ലല്ലോ എന്നോര്‍ത്താണ്.

പ്രണയം അതിന്റെ ആഖ്യാനത്തില്‍ കൂടുതല്‍ സ്വാഭാവികമാവുന്നത്  ഇവിടെ നാം കാണുന്നു. അത്രത്തോളം തന്നെ സാമൂഹ്യ ഘടന അതിനെ നേരിടുന്ന രീതികളും അതിന്റെ ആവിഷ്ക്കാരവും സ്വാഭാവികമാകുന്നു.പഴയ അതി വൈകാരികത രണ്ടു കൂട്ടരും കുടഞ്ഞു കളഞ്ഞുവെന്നതിന്റെ ആഖ്യാനമാതൃകയുമാണ് ഈ സിനിമ.

അതി സാധാരണത്വത്തിന്റെ ഈ അസാധാരണാവിഷ്ക്കരണത്തില്‍ പ്രണയം മാത്രം ഒറ്റയ്ക്ക്
ജയിച്ചു പോവുക എന്നത് അസാദ്ധ്യം തന്നെയാണ്.സിനിമയിലാണെങ്കിലും ചിലതൊക്കെ
അസാധ്യം തന്നെയെന്നോര്‍മ്മിപ്പിക്കുന്നതാണ് ഈ സിനിമയുടെ മറ്റൊരസാധാരണത്വം.