Thursday, December 5, 2013

മേഘാവൃത നക്ഷത്രം: യുക്തി, തര്‍ക്കം, കഥ


“ ജുക്തി, തക്കോ, ഓര്‍ ഗപ്പോ” കണ്ടതിനുശേഷം ഋത്വിക് ഘട്ടക്കിനെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കണമെന്നു തോന്നി. ഘട്ടക്കിന്റെ ജീവിതത്തെ നന്നായി വിശദീകരിക്കുന്നുണ്ടെന്നതിനാല്‍ അദ്ദേഹത്തിന്റെ ‘ മേഘധക്കേതാര‘ എന്ന പ്രധാന ചിത്രത്തിന്റെ ശീര്‍ഷകം തന്നെ ഞാന്‍ തെരഞ്ഞെടുത്തു”. ഋത്വിക് ഘട്ടക്കിനെക്കുറിച്ചുള്ള” “മേഘെ ധക്കാ താര” (2013) എന്ന ചിത്രത്തെക്കുറിച്ച് സംവിധായകനായ കമലേശ്വര്‍ മുഖര്‍ജി പറയുന്നു.
ഋത്വിക് ഘട്ടക്കിന്റെ ജീവിതത്തിലെ ഏറെ വെളിച്ചം കയറിയിട്ടില്ലാത്തൊരു സന്ദര്‍ഭത്തെ ഉപജീവിച്ചാണ് കമലേശ്വര്‍ ഈ സിനിമ രൂപപ്പെടുത്തിയിട്ടുള്ളത്. മദ്യപാനാസക്തിയില്‍ നിന്ന് വിമുകതനാവാന്‍ ഘട്ടക്ക് ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന കാലമാണത്. ഋത്വിക് ഘട്ടക്കിന്റെ ജീവിതം, രാഷ്ട്രീയം, കലാപ്രവര്‍ത്തനങ്ങള്‍, ആശയപ്രപഞ്ചം എന്നിവയെയെല്ലാം ആധാരമാക്കുന്ന ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ അതിനു നല്‍കാവുന്ന അര്‍ത്ഥപൂര്‍ണ്ണമായ പേരുകളിലൊന്ന് അദ്ദേഹത്തിന്റെ തന്നെ പ്രധാന സിനിമകളിലൊന്നായ “ മേഘധക്കേ താര” (മേഘാവൃത നക്ഷത്രം) യുടേതു തന്നെയാണ്. ഘട്ടക്കിന്റെ ഏറ്റവും ജനപ്രീതി നേടിയ ചിത്രത്തിന്റെ പേരു കൂടിയാണത്.
ജീവിതത്തിലും, കലാരംഗത്തും, രാഷ്ട്രീയരംഗത്തുമായി മദ്യപാനി, അരാജകവാദി, വിപ്ലവകാരി, നാടകസിനിമാ പ്രവര്‍ത്തകന്‍, തത്ത്വചിന്തകന്‍ എന്നിങ്ങനെ ഭിന്നവും, പരസ്പരപൂരകവുമായ പലവഴികളിലൂടെയും  സഞ്ചരിച്ചു തീര്‍ത്ത ഘട്ടക്കിനെപ്പോലൊരാളുടെ ജീവിതത്തെ സിനിമയുടെ ആഖ്യാനരൂപത്തില്‍ നിബന്ധിക്കുമ്പോള്‍ നേരിടാവുന്ന പല വെല്ലുവിളികളെയും സംവിധായകന്‍ ഈ ചിത്രത്തില്‍ തരണം ചെയ്തിട്ടുണ്ട്. “ ഘട്ടക്ക് എന്ന ജീനിയസ്സിന്റെ മനസ്സ് എപ്രകാരം പ്രവര്‍ത്തിച്ചു എന്നത് ആവിഷ്‌ക്കരിക്കുക വലിയ വെല്ലുവിളിയായിരുന്നു. ഈ സിനിമ സെല്ലുലോയ്ഡിലുള്ള ഒരു ജീവചരിത്ര പ്രബന്ധമല്ല. സിനിമാസംവിധായകനും കലാകാരനുമായ ഘട്ടക്കിന്റെ മനസ്സു കണ്ടെത്താനുള്ള പരിശ്രമാണ് “ എന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ഇടതുപക്ഷ വിഷാദം തീണ്ടിയവര്‍

ഋത്വിക് ഘട്ടക്കിന്റെ ആദ്യചിത്രം (നാഗരിക്, 1952) തന്നെ തിയേറ്ററുകളിലെത്തിയത് അദ്ദേഹത്തിന്റെ മരണാനന്തരമാണ്. തുടര്‍ന്നു സംവിധാനം ചെയ്ത ചിത്രങ്ങളിലേറെയും പൊതുജനശ്രദ്ധയോ, നിരൂപകശ്രദ്ധയോ നേടുകയുണ്ടായില്ല. പരാജയപ്പെട്ട ഒരു കലാകാരനായി അദ്ദേഹത്തെ ഏവരും വിലയിരുത്തി. അദ്ദേഹത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകനോ,
നാടകപ്രവര്‍ത്തകനോ യഥാവിധി മനസ്സിലാക്കപ്പെട്ടില്ല. തന്റെ സ്വപ്നങ്ങളിലൊന്നായ ഇപ്റ്റ (Indian People Theatre Arts) എന്ന കലാസംഘടന രാഷ്ട്രീയകാരണങ്ങളാല്‍ തകര്‍ച്ചയെ നേരിട്ടു. ഇപ്റ്റ മറ്റു വിധത്തിലും ഘട്ടക്കിന്റെ ജീവിതത്തിന്റെ ഭാഗമാണ്. നടിയായ സുരമയുമായി ഘട്ടക്ക് അടുക്കുന്നതും, പിന്നീട് വിവാഹിതരാവുന്നതും ഇപ്റ്റയിലെ പ്രവര്‍ത്തന കാലത്താണ്. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറന്തള്ളപ്പെട്ട് മദ്യപാനി, അരാജകവാദി എന്നീ വിശേഷണങ്ങള്‍ക്കു വിധേയനായി ശിഷ്ടകാലം കഴിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. സിനിമയില്‍ അദ്ദേഹം ബംഗാള്‍ വിഭജനം എന്ന ഒരേ പ്രമേയം തന്നെ ആവര്‍ത്തിച്ചുപയോഗിക്കുന്നതായി വിമര്‍ശിക്കപ്പെട്ടു. കടുത്ത ഒറ്റപ്പെടലിനും ശൂന്യതയ്ക്കും ഇടയിലും അദ്ദേഹത്തിന്റെ സിനിമകള്‍ പ്രസാദാത്മകമായ അന്ത്യരംഗങ്ങളാല്‍ ദീപ്തങ്ങളായി. അവയില്‍ സംഗീതത്തിന്റെ ഒരു സമാന്തര ലോകം ആദ്യന്തം നിറഞ്ഞുനിന്നു. എങ്കിലും ഇടതുപക്ഷ വിഷാദം തീണ്ടിയ കലാകാരന്മാരി ലൊരാളായാണ് ഘട്ടക്ക് വിലയിരുത്തപ്പെടുന്നത്. (ഐ.ഷണ്മുഖദാസ്: സിനിമയും ചില സംവിധായകരും). എന്നാല്‍ മരണശേഷം ബംഗാള്‍ സമൂഹവും, സിനിമാലോകവും ആവേശപൂര്‍വ്വമാണ് അദ്ദേഹത്തെ തിരിച്ചറിയുകയും കൊണ്ടാടുകയും ചെയ്തത്. ജീവിച്ചിരുന്ന കാലത്തു തന്നെ എല്ലാ വിമര്‍ശനങ്ങളേയും അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു എന്നതിന്റെ സാക്ഷ്യം “ ജുക്തി, തക്കോ, ഓര്‍ ഗപ്പോ” (1974)എന്ന ചിത്രമാണ്. അതില്‍ തന്നെത്തന്നെ ദൃശ്യവല്‍ക്കരി ക്കുകയും വിമര്‍ശനവിധേയമാക്കുകയും നീലകണ്ഠബാഗ്ചി എന്ന ആത്മഛായയുള്ള റോളില്‍ അഭിനയിക്കുകയും ചെയ്തയാളാണ് ഘട്ടക്ക്. കമലേശ്വറിന്റെ സിനിമ ശീര്‍ഷകത്തില്‍ 'മേഘെധക്കാതാര' യുടെ പേരു വഹിക്കുന്നെണ്ടെങ്കിലും ഉളളടക്കത്തില്‍ ‘ ജുക്തി..‘ യോടാണ് കടപ്പെട്ടിരിക്കുന്നത്.

വിഭജനങ്ങളുടെ മുറിവുകള്‍

വിഭജനങ്ങളുടെ മൂന്നു മുറിവുകളാണ് ഋത്വിക് ഘട്ടക്ക് എന്ന സംവിധായകന്റെയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും ആകെത്തുക എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ബംഗാള്‍ വിഭജനം, ഇപ്റ്റയുടെ തകര്‍ച്ച, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് എന്നിവയാണ് മൂന്നു മുറിവുകള്‍. ഇന്ത്യയുടെ സാമൂഹികരാഷ്ട്രീയരംഗങ്ങളില്‍ ഇവയിലോരോന്നും സൃഷ്ടിച്ച മുറിവുകളുടെ ആഴവും വലിയതാണ്. ഋത്വിക് ഘട്ടക്ക് ഈ മൂന്നു വിഭജനങ്ങളേയും പ്രത്യക്ഷത്തില്‍ തന്നെ തന്റെ മനസ്സിലും ശരീരത്തിലും ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ സിനിമകള്‍ വിഭജനം എന്ന ആശയത്തെ ത്തന്നെ തിരിച്ചും മറിച്ചും പ്രമേയങ്ങളാക്കി. വിഭജിത മനസ്സുകളും ശരീരങ്ങളും ഭൂപ്രദേശങ്ങളായി ജീവിക്കുന്ന ഘട്ടക്കിന്റെ കഥാപാത്രങ്ങള്‍ രണ്ടു ബംഗാളുകളെ വേര്‍തിരിക്കുന്ന നദിയുടെ  കരയില്‍ നിന്ന് മറുകരയിലേയ്ക്ക് നോക്കും. തങ്ങള്‍ പിറന്ന വീടും,നാടും തങ്ങളുടെ കുട്ടിക്കാലവുമൊക്കെ സ്ഥിതി ചെയ്തിരുന്നത് നദിയുടെ മറുകരയിലായിരുന്നു എന്ന് ഓര്‍മ്മിച്ചുകൊണ്ട് അതെല്ലാം ഭാവനയില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കും; ഇന്നത് ഒരു വിദേശരാജ്യമായിക്കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യം ഇനിയുമുള്‍ക്കൊള്ളാനാവാതെ. ഋത്വിക് ഘട്ടക്കിന്റെയും ജന്മവീട് കിഴക്കന്‍ ബംഗാളിലായിരുന്നു. വിഭജനത്തെതുടര്‍ന്ന് അവര്‍ പടിഞ്ഞാറന്‍ ബംഗാളിലേയ്ക്ക് കുടിയേറുകയായിരുന്നു.
ബംഗാള്‍ വിഭജനത്തെ പ്രത്യക്ഷപ്രമേയമാക്കുന്ന മൂന്നു ചിത്രങ്ങളാണ് ഘട്ടക്ക് സംവിധാനം
ചെയ്തത്. മേഘെധക്കാതാര (1960), കോമള്‍ഗാന്ധാര്‍ (1961) സുവര്‍ണ്ണരേഖ (1962). പ്രകൃതിയും മലകളും പുഴകളും സ്ത്രീകളുമെന്നപോലെ , കുട്ടികളും, കുട്ടിക്കാലവും ഘട്ടക്ക് സിനിമകളുടെ പൊതുസ്വഭാവമാണ്. കാരണം കുട്ടിക്കാലത്താണ് അവരോരുത്തരും തങ്ങളുടെ സ്വന്തം ദേശത്ത് സന്തോഷപൂര്‍വ്വം ജീവിച്ചിരുന്നത്. അന്നത് തങ്ങളുടെ സ്വന്തം ബംഗാളായിരുന്നു.കുട്ടികളിലും, ചെറുപ്പക്കാരിലും ഇത്രയേറെ വിശ്വാസം പുലര്‍ത്തിയ മറ്റൊരു ചലച്ചിത്രകാരനുണ്ടാവില്ല. തന്റെ എല്ലാ പരാജയങ്ങളെയും കയ്പ് അദ്ദേഹം ചെറുപ്പക്കാരും കുട്ടികളുമെന്ന മധുരിമ കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചു. ഘട്ടക്കിന്റെ ഏതെണ്ടല്ലാ സിനിമകളിലും ഭൂതകാലത്തിന്റെയും ഭാവികാലത്തിന്റെയും പ്രതിനിധാനങ്ങളായി കുട്ടികള്‍ പ്രത്യക്ഷപ്പെടുന്നു. ഭൂതകാലത്തില്‍, ഓര്‍മ്മകളുടെ അവിഭജിതമായ ഒരു ഭൂപ്രദേശത്തെയും കാലത്തെയുമാണ് കുട്ടികള്‍ പ്രതിനിധീകരിക്കുന്നതെങ്കില്‍, വരുംകാലത്തില്‍ ഏകീകൃതമാകുന്ന ഭൂപ്രദേശങ്ങളെ അവര്‍ സ്വപ്നത്തില്‍ വഹിക്കുന്നു.
‘ മേഘെധക്കാതാര‘ (1960) യുടെ ആരംഭത്തില്‍ തന്നെ പുഴയും,വലിയൊരു മരവും അതിനടിയിലൂടെ നടന്നുവരുന്നൊരു സ്ത്രീരൂപവും കാണാം. അതോടൊപ്പം നീത എന്ന കഥാപാത്രത്തിന്റെ അവിരാമമായ യാത്രയെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് വാറുപൊട്ടിയ ചെരുപ്പുമായി അവള്‍ നില്‍ക്കുന്നതു കാണുന്നു. വാറുപൊട്ടിയിട്ടും അതുപേക്ഷിക്കാന്‍ അവള്‍ തയ്യാറാവുന്നില്ല. മറ്റാരെങ്കിലും കണ്ടുവോ എന്ന് ചുറ്റും നോക്കി, അവളത് വീട്ടിലേയ്ക്ക് കൊണ്ടുപോന്നു. ചിത്രാന്ത്യത്തിലും ഒരു സ്ത്രീ ഇതുപോലെ നടന്നുവരുന്നു. അത് നീതയല്ല. അവളുടെയും ചെരുപ്പിന്റെ വാറു പൊട്ടുന്നു. അന്ത്യമില്ലാത്ത യാത്രകള്‍ നീതയ്ക്കു പകരം മറ്റൊരാള്‍ ഏറ്റെടുക്കുന്നുവെന്ന് ആവര്‍ത്തനസ്വഭാവമുള്ള ഈ ദൃശ്യത്തിലൂടെ ഘട്ടക്ക് പറഞ്ഞുറപ്പിക്കുന്നു. നീതയാകട്ടെ ആ നേരത്ത് ഷില്ലോങ്ങിലുള്ള ഒരു ടി.ബി.സാനറ്റോറിയത്തില്‍ മരണത്തെ മുഖാമുഖം കാണുകയാണ്. നീതയും കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള അഭയാര്‍ത്ഥിയാണ്. കുടുംബാംഗങ്ങളാലും കാമുകനാലും അവള്‍ ചൂഷണത്തിനു വിധേയയാകുന്നു. ‘മേഘങ്ങള്‍ക്കിടയില്‍ നക്ഷത്രം പോലെ‘എന്ന് പണ്ട് യൗവ്വനദീപ്തിയില്‍ അവളെ വിശേഷിപ്പിച്ചുകൊണ്ട് പ്രണയ ലേഖനമെഴുതിയ കാമുകന്‍ ഇന്ന് അവളോടൊപ്പമില്ല. നീത ആ കത്ത് വീണ്ടുംവീണ്ടും വായിക്കുകയും സൂക്ഷിച്ചുവെയ്ക്കുകയും ചെയ്തു. കുട്ടിക്കാലം മുതലെയുള്ള നീതിയുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു മലമുകളിലേയ്ക്ക് യാത്ര ചെയ്യുക എന്നത്. എന്നാല്‍ അത് നിറവേറിയത്, ഷില്ലോങ്ങിലെ സാനറ്റോറിയത്തിലേയ്ക്കുള്ള യാത്രയുടെ രൂപത്തി ലായിരുന്നു.
“ കോമള്‍ഗാന്ധാര്‍” നാടകജീവിതവും ഇപ്റ്റയുടെ തകര്‍ച്ചയുമാണ് പ്രമേയമാക്കുന്നതെങ്കിലും അതിന്റെയെല്ലാം അടിസ്ഥാനമായി വിഭജനം എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. ഇപ്റ്റയുടെ വിഭജനം, വിഭജിതബംഗാള്‍ എന്നിവയ്‌ക്കൊപ്പം ഒരു വിഭജിത മനസ്സുകൂടിയുണ്ട് ഈ ചിത്രത്തില്‍. അത് അനസൂയയുടേതാണ്. നമ്മള്‍ ശപിക്കപ്പെട്ടവരാണെന്നും അല്ലെങ്കില്‍ പത്മാനദിക്കരയില്‍ എങ്ങനെ വന്നുപിറന്നുവെന്നും അവരവതരിപ്പിക്കുന്ന നാടകത്തിലെ ഒരു കഥാപാത്രം അത്ഭുതം കൊള്ളുന്നുണ്ട്. ഇതാണോ പടിഞ്ഞാറ്? ഭൂമിയിലെ സ്വര്‍ഗ്ഗം? എന്നവര്‍ ആശ്ചര്യപ്പെടുന്നു. പുകനിറഞ്ഞ ആകാശമുള്ള ഈ നഗരത്തെ അവര്‍ക്കാര്‍ക്കും മനസ്സുകൊണ്ടും ശരീരം കൊണ്ടും അംഗീകരിക്കാനാവുന്നില്ല. ഇപ്പോഴും 'പൂര്‍വ്വപക്ഷ'ത്തു തന്നെ തുടരാനാണവര്‍ക്കിഷ്ടം. പശ്ചിമപക്ഷം അവരെ ആകര്‍ഷിക്കുന്നതേയില്ല. പക്ഷേ, വിഭജനം എന്ന ഭൗതിക,രാഷ്ട്രീയ യാഥാര്‍ത്ഥ്യം, അതിര്‍ത്തികളായി, തുടര്‍ച്ചയില്ലാത്ത റെയില്‍പ്പാളങ്ങളായി അവര്‍ക്കു മുന്നില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. പത്മാനദിക്കരയില്‍ നിന്ന് മറുകരയിലേയ്ക്ക് നോക്കുന്ന അനസൂയ പറയുന്നു:അവിടെയാണ് കിഴക്ക്. എന്റെ വീട്. ഞങ്ങള്‍ കളിച്ചതും കുളിച്ചതും പൂജചെയ്തതുമൊക്കെ അവിടെയാണ്. ഒപ്പമുള്ള ഭൃഗുവിനും അത് വിദേശരാജ്യമാണ്. അനസൂയയ്ക്ക് സജീവമായ ഒരു രാഷ്ട്രീയ പാരമ്പര്യമുണ്ട്. അവളുടെ അമ്മ നവഖാലിയില്‍ ഗാന്ധിജിയോടൊപ്പമുണ്ടായിരുന്നു.
അനസുയയുടെ തിയേറ്റര്‍ഗ്രൂപ്പ് അവതരിപ്പിക്കാന്‍ പോകുന്നത് ശാകുന്തളം നാടകമാണ്. ശകുന്തള കണ്വാശ്രമം വിട്ട് ഭര്‍ത്തൃഗൃഹത്തിലേയ്ക്ക് പോകുന്ന രംഗം ഉള്ളില്‍ രാഷ്ട്രീയമുള്ളൊരാള്‍ക്ക് എളുപ്പം അഭിനയിച്ചു ഫലിപ്പിക്കാനാവുമെന്ന് ഭൃഗു അവളോട് പറയുന്നു. 1947-ലെ ബംഗാള്‍ വിഭജന കാലത്തേയ്ക്ക്  മനസ്സുകൊണ്ട് തിരിച്ചുപോയി അന്ന് വീട് വിട്ടുപോരേണ്ടി വന്ന സന്ദര്‍ഭം ഓര്‍ത്താല്‍ മതി. തെരുവില്‍ നടക്കുന്ന പ്രകടനങ്ങള്‍ കാലില്‍ കുരുങ്ങുന്ന വള്ളിച്ചെടികളാണ്... എന്നാല്‍ അവരുടെ നാടകാവതരണം തകര്‍ക്കപ്പെട്ടു. അത് ഇപ്റ്റയുടെയും തകര്‍ച്ചയായിരുന്നു.

'സുവര്‍ണ്ണരേഖ'യിലെ അഭിറാമും, സീതയും വിഭജനത്തിന്റെ ഇരകളും അമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളുമാണ്. വീട് ഒരു വലിയ പുഴക്കരയിലായിരുന്ന ഓര്‍മ്മകള്‍ അവര്‍ക്കുമുണ്ട്. നമ്മള്‍ പുതിയ വീട്ടിലേയ്ക്ക് പോവുകയാണോ എന്ന് കുട്ടിക്കാലത്ത് സീത ചോദിക്കുന്ന അതേ ചോദ്യം സിനിമയുടെ അവസാനത്തില്‍ സീതയുടെ മകനും ചോദിക്കുന്നു. എന്നും പഴയ വീടുകളുപേക്ഷിക്കുകയും പുതിയ വീടുകളിലേയ്ക്കുള്ള യാത്രകളായിത്തീരുകയും ചെയ്ത ഒരു ജനതയുടെ ജീവിതവും കാലവുമാണ് സുവര്‍ണ്ണരേഖ സാക്ഷ്യപ്പെടുത്തുന്നത്.

യുക്തിയും തര്‍ക്കങ്ങളും

“ ജുക്തി, തക്കോ, ഓര്‍ ഗപ്പോ” ഈ ചിത്രങ്ങളുടെ തുടര്‍ച്ചയാണ്. ഭാര്യ ദുര്‍ഗ്ഗയും മകനും നീലകണ്ഠ ബാഗ്ചിയെ വിട്ടുപോകുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ചികിത്സകള്‍ക്കു ശേഷവും, നീലകണ്ഠയുടെ മദ്യപാന ജീവിതം തുടരുന്നതില്‍ പ്രതിഷേധിച്ചാണ് അവര്‍ വീടുപേക്ഷിച്ചു പോകുന്നത്. തന്നെ വിട്ടുപോവുകയാണെങ്കിലും ദുര്‍ഗ്ഗ നല്ലൊരു ഭാര്യയും അമ്മയുമായിരുന്നെന്ന് നീലകണ്ഠ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആളും ആരവവുമൊഴിഞ്ഞ ആ വീട്ടിലേയ്ക്ക് കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിനി പെണ്‍കുട്ടി കയറിവരുന്നു. ബംഗബാലയെന്നാണവളുടെ പേര്. പിന്നീട് നീലകണ്ഠയുടെ യാത്രയുടെ അവസാനം വരെയും അവള്‍ കൂടെയുണ്ട്. ബംഗബാല തന്നെ മാത്രം ആശ്രയിച്ച് തന്നോടൊപ്പം തെരുവില്‍ അലഞ്ഞുനടക്കുന്ന വെറുമൊരനാഥയല്ലെന്ന് ഘട്ടക്ക് നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അവള്‍ ഇച്ഛാശക്തിയുള്ളവളും തന്നെയും, തന്റെ തലമുറയേയും കടന്ന് വംഗനാടിനെ നയിക്കേണ്ടവളുമാണ്.
നീലകണ്ഠയില്‍ സ്ഥിതപ്രജ്ഞത താന്‍ തിരിച്ചുകൊണ്ടുവരുമെന്ന് അവള്‍ ദുര്‍ഗ്ഗയ്ക്ക് വാക്കു കൊടുക്കുന്നുമുണ്ട്.
വീട് വിട്ട് തെരുവില്‍ അലയുന്ന നീലകണ്ഠയെ പോലീസുകാര്‍ കുടിയനെന്നു വിളിച്ച് അധിക്ഷേപിക്കുന്നു. കഴിഞ്ഞ മുപ്പതുവര്‍ഷമായി ബംഗാളിന്റെ പുനരേകീകരണത്തിനു ശ്രമിക്കുകയാണയാള്‍. ഇപ്പോള്‍ ആള്‍ക്കഹോളില്‍ മുങ്ങിത്താണുപോയെന്ന് മറ്റൊരാള്‍ കുറ്റപ്പെടുത്തുന്നു. വിഭജനം, അഭയാര്‍ത്ഥിപ്രവാഹം എന്നിവയല്ലാതെ മറ്റൊന്നും അയാളുടെ സിനിമയിലില്ലെന്ന് വേറൊരാള്‍ വിമര്‍ശിക്കുന്നു.
ഋത്വിക് ഘട്ടക്കും സുരമഘട്ടക്കും
ഒരു തകര്‍ന്ന ബുദ്ധിജീവിയാണ് താനെന്ന് സ്വയം വിലയിരുത്തുന്ന നീലകണ്ഠയ്ക്ക് വനത്തിനുള്ളില്‍ കലാപകാരികള്‍ക്കും പോലീസിനുമിടയില്‍പ്പെട്ട് വെടിയേറ്റു മരിക്കാനായിരുന്നു നിയോഗം. കലാപകാരികള്‍ക്ക് അയാളെ മനസ്സിലാക്കാനായില്ല. അവര്‍ ചാരനായാണ് അയാളെ കണക്കാക്കിയത്. പോലീസുകാരാകട്ടെ കലാപകാരികളിലൊരാളായും കരുതി. പിറ്റേന്ന് കാലത്ത് കാട്ടിലേയ്ക്ക് കുറച്ചു ഭക്ഷണവുമായി മകനേയും കൂട്ടിവരണമെന്ന് ദുര്‍ഗ്ഗയോട് പറയുമ്പോള്‍, യാദൃശ്ചികമെങ്കിലും ഇങ്ങനെയൊരു രംഗം അവര്‍ക്കു മുന്നില്‍ സൃഷ്ടിക്കപ്പെടുമെന്ന് ആരും കരുതിയതല്ല. സൂര്യന്റെ ആദ്യരശ്മികള്‍ മകന്റെ ദേഹത്ത് പതിക്കുന്നത് കാണണം എന്നൊരാഗ്രഹമേ ഉണ്ടായിരുന്നുള്ളു. അതു കണ്ടുകൊണ്ടാണയാള്‍ കണ്ണടയ്ക്കുന്നതും.

മേഘാവൃതനക്ഷത്രം (2013)

കമലേശ്വര്‍ മുഖര്‍ജിയുടെ ‘മേഘെധക്കാതാര (2013) ‘ ജുക്തി ...‘ ക്കു മുമ്പുള്ള ഒരു കാലത്തെയാണ് ആവിഷ്‌ക്കരിക്കുന്നതെന്നു പറയാം. പ്രസ്തുത സിനിമയിലെ അനുഭവങ്ങളിലേക്കെത്തിച്ചേര്‍ന്ന കഠിനപാതകങ്ങളിലൂടെയുള്ള തിരിഞ്ഞുനടത്തമാണ് കമലേശ്വറിന്റെ സിനിമ.‘ ജുക്തി ...‘ യിലെ കഥാപാത്രങ്ങള്‍ തന്നെയാണ് കമലേശ്വറിന്റെയും കഥാപാത്രങ്ങള്‍. ദുര്‍ഗ്ഗയാല്‍ തിരസ്‌ക്കരിക്കപ്പെട്ട് തെരുവില്‍ അലഞ്ഞ് ഒടുവില്‍ വനത്തിനുള്ളില്‍ പോലീസിന്റെ വെടിയേറ്റു മരിക്കുന്നതിലവസാനിക്കുകയാണ്  ‘ ജുക്തി ...‘ യെങ്കില്‍ അത്തരമൊര വസ്ഥയിലേയ്ക്കുള്ള ഘട്ടക്കിന്റെ പരിണാമത്തെയാണ് മേഘെ ധക്കാതാര (2013) ദൃശ്യവല്‍ക്കരിക്കുന്നത്.
മാനസികാരോഗ്യ കേന്ദ്രത്തിലെത്തിപ്പെടുന്ന നീലകണ്ഠയിലാണ് സിനിമ തുടങ്ങുന്നത്. ഞങ്ങള്‍ക്ക് നാടില്ല, വീടില്ല, ഭൂമിയില്ല എന്ന ഒരു പാട്ട് അതോടൊപ്പം മുഴങ്ങുന്നു. വിളവുകള്‍ എവിടെപ്പോകുന്നു എന്ന ചോദ്യമുയരുന്നു. ആശുപത്രിയിലെത്തിയ നീലകണ്ഠ അവിടെയും തന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമായാണ് കണ്ടെത്തുന്നത്. കുമാരസംഭവത്തിന്റെ 8 അദ്ധ്യായങ്ങള്‍ അവിടെ വെച്ച് തര്‍ജ്ജുമ ചെയ്യാനയാള്‍ക്കാഗ്രഹമുണ്ട്. ഇത് ഘട്ടക്കിന്റെ സംസ്‌കൃതാഭിമുഖ്യത്തിന്റെയും ക്ലാസ്സിക്കുകളോടുള്ള ആരാധനയുടെയും പ്രഖ്യാപനം കൂടിയാണ്.
തന്നെ ചികിത്സിക്കാന്‍ പോകുന്ന ഡോക്ടറോടയാള്‍ ചോദിക്കുന്നത് ഫ്രോയ്‌ഡിന്റേയൊ യൂങ്ങിന്റേയോ ആരുടെ തത്വശാസ്ത്രമാണ് തനിക്കുമേല്‍ പ്രയോഗിക്കാന്‍ പോകുന്നതെന്നാണ്. മരുന്നുകള്‍ കൊണ്ടല്ല തത്വശാസ്ത്രങ്ങള്‍ കൊണ്ടാണ് താന്‍ ചികിത്സക്കപ്പെടേണ്ടതെന്ന് അദ്ദേഹം കരുതുന്നുണ്ടാവാം. ബയോഡാറ്റ നോക്കി നിങ്ങള്‍ കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള കുടിയേറ്റക്കാരനാണല്ലോ എന്ന് ഡോക്ടര്‍ പറയുമ്പോള്‍, എപ്രകാരം കിഴക്കും പടിഞ്ഞാറുമെന്ന് രണ്ട്  ബംഗാളുകളുണ്ടാവുമെന്ന് നീലകണ്ഠക്ഷുഭിതനാവുന്നു. പീപ്പിള്‍സ് തിയേറ്ററിനെക്കുറിച്ചും ഡോക്ടറുടെ ചോദ്യമുയരുന്നു. തുടര്‍ന്നങ്ങോട്ട് നീലകണ്ഠയുടെ ശരീരം മനസ്സ് എന്നീ കേവലാവസ്ഥകളുടെ മാത്രം ശുശ്രൂഷകനല്ല ഡോക്ടര്‍ മുഖര്‍ജി. അയാളുടെ രാഷ്ട്രീയവും കലാപരവുമായ വീഴ്ചതാഴ്ചകളെക്കുറിച്ചെല്ലാം ഡോക്ടറുടെ നിരന്തരമായ അന്വേഷണങ്ങളുണ്ട്.
രണ്ടാംലോകമഹായുദ്ധം, ബംഗാള്‍ ക്ഷാമം, ബംഗാള്‍ വിഭജനങ്ങള്‍, തേഭാഗകലാപം, ഗാന്ധിജിയുടെ മരണം, ഇന്ത്യയുടെ സ്വാതന്ത്ര്യം, കമ്മ്യുണിസ്റ്റ് സമരങ്ങള്‍, റഷ്യയുടെ ബഹിരാകാശയാത്ര തുടങ്ങി ഒരു കാലഘട്ടത്തിലെ ചരിത്രപരാമര്‍ശങ്ങളിലൂടെയാണ് നീലകണ്ഠ കടന്നുപോകുന്ന കാലം വ്യഞ്ജിപ്പിക്കപ്പെടുന്നത്.
ലോകത്തെ രക്ഷിക്കാന്‍ വിഷം കുടിച്ചവനാണ് നീലകണ്ഠനെന്ന കാരണത്താലാണ് ‘ ജുക്തി ...‘ യിലെ കഥാപാത്രത്തിന് നീലകണ്ഠ എന്ന പേരു വന്നതെന്ന് ഒരഭിമുഖത്തില്‍ ഘട്ടക്ക് വിശദീകരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ സമാനാര്‍ത്ഥത്തിലുള്ള മറ്റൊരു വാക്യവും നീലകണ്ഠ പറയുന്നുണ്ട്. മറ്റുള്ളവര്‍ക്ക് വെളിച്ചമേകാന്‍ സ്വയമെരിയുന്നൊരാള്‍ (One who burns to illuminate others) എന്നാണത്. സിഗരറ്റ് വലിക്കുന്നതിനെ ഡോക്ടര്‍ വിലക്കുമ്പോള്‍ ഞങ്ങള്‍ തീ തിന്നുന്നവരാണ് . (we are fire eaters) എന്ന് ഇക്കാര്യം തന്നെ മറ്റൊരു രീതിയില്‍ വിശദീകരിക്കപ്പെടുന്നു.
പട്ടാളക്കാരുടെ കൂട്ടബലാല്‍സംഗത്തിനു വിധേയയായി മാനസികാശുപത്രിയിലെത്തിയ സന്ധാള്‍ പെണ്‍കുട്ടിയാണ് ഫുല്‍മോനി. അവളെയും തന്റെ ആശുപത്രിനാടകത്തില്‍ നീലകണ്ഠ പങ്കാളിയാക്കുന്നുണ്ട്. നിരന്തരമായ ഷോക്ക് ചികിത്സയ്ക്ക് വിധേയനായി അര്‍ദ്ധജീവനും അര്‍ദ്ധമനസ്സുമായിക്കഴിയുന്ന നീലകണ്ഠക്കു മുന്നില്‍, അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തില്‍ അവതരിപ്പിക്കപ്പെടുന്ന ആശുപത്രിനാടകത്തിന്നൊടുവില്‍, ഈ ഫുല്‍മോനിയാണ് ബംഗബാലയായി പ്രത്യക്ഷപ്പെട്ട് പ്രകൃതിയുടെ വിശാലതയിലേയ്ക്കും, പുതിയൊരു ജീവിതത്തിലേയ്ക്കും നീലകണ്ഠയെ വിളിച്ചിറക്കി ക്കൊണ്ടുപോകുന്നത്.
ദുര്‍ഗ്ഗ, ഡോക്ടര്‍, നാട്ടുകാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം നീലകണ്ഠയുടെ സിനിമാപ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. അവരില്‍ ചിലരൊക്കെ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുണ്ട്. പക്ഷേ അവര്‍ക്കാര്‍ക്കും ആ സിനിമകള്‍ തീരെ മനസ്സിലായിട്ടില്ല. എത്ര കാലം നിങ്ങള്‍ വിഭജനം / അഭയാര്‍ത്ഥികള്‍ എന്നിവരെക്കുറിച്ചു മാത്രം സിനിമയെടുക്കുമെന്ന് ഭാര്യ ചോദിക്കുന്നു. കടം വാങ്ങി നിര്‍മ്മിച്ച സിനിമയാകട്ടെ റീലീസ് ചെയ്യാന്‍ പോലും കഴിഞ്ഞതുമില്ല. അതിനുള്ള നീലകണ്ഠയുടെ മറുപടി, പണം നിലനില്‍ക്കുകയില്ല, പക്ഷേ, എന്റെ സിനിമകള്‍ നിലനില്‍ക്കും. നീയതു കാണും എന്നാണ്. ഡോക്ടര്‍ മുഖര്‍ജി താന്‍ കണ്ട ചില സിനിമകളെക്കുറിച്ച് വാചാലനാകുമ്പോള്‍ അല്‍പ്പം പരിഹാസത്തോടെ നീലകണ്ഠ പറയുന്നു:“ അക്കാലത്ത് എന്റെ ചില ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വിഭജനം / അഭയാര്‍ത്ഥികള്‍ എന്നിവയൊക്കെ യായിരുന്നു അവയിലെ പ്രമേയങ്ങള്‍. അതിലേതെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ?“  തങ്ങള്‍“ സംഗം“ എന്ന സിനിമ കണ്ടതിനെക്കുറിച്ച് തെരുവുവാസികള്‍ നീലകണ്ഠയോട് പറയുന്നു. പക്ഷേ, അയാളുടെ സിനിമകള്‍ അവരാരും കണ്ടിട്ടില്ല. നീലകണ്ഠയുടെ ഒരു ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയേറ്ററില്‍ പലരും നല്ല ഉറക്കത്തിലാണ്. തിയേറ്ററില്‍ നിന്നിറങ്ങി വരുന്ന നീലകണ്ഠക്ക് നേരിടാനുള്ളത് പലതരം വിമര്‍ശനങ്ങളാണ്: നാടകഭ്രമത്തില്‍ നിന്ന് ഇനിയും പുറത്തുകടന്നിട്ടില്ല; യാദൃശ്ചികതകള്‍ നിരവധി; ഫ്രെയിമുകള്‍ ശരിയായി ക്രമികരിക്കപ്പെട്ടിട്ടില്ല; എഡിറ്റിംഗ് ജെര്‍ക്ക് ചെയ്യുന്നു എന്നിങ്ങനെ.
‘ ജുക്തി ...‘ യിലെ കഥാശരീരം അതേ പേരുള്ള കഥാപാത്രങ്ങളാല്‍ പുനരാവിഷ്‌ക്കരിക്കപ്പെടുന്നുണ്ട് കമലേശ്വറിന്റെ ചിത്രത്തില്‍. ‘ ജുക്തി ...‘ യിലെ ദുര്‍ഗ്ഗയെക്കാള്‍ (തൃപ്തിമിത്ര) ഏറെ നിരുദ്ധകണ്ഠയും നിസ്സഹായയുമാണ് പുതിയ ദുര്‍ഗ്ഗ (അനന്യചാറ്റര്‍ജി). എന്നാല്‍ ഘട്ടക്ക് തന്നെ അവതരിപ്പിക്കുന്ന നീലകണ്ഠയേക്കാള്‍ ഏറെ ഊര്‍ജ്ജം വഹിക്കുന്നയാളാണ് പുതിയ നീലകണ്ഠ (ശാശ്വത ചാറ്റര്‍ജി). ഡോക്ടര്‍ മുഖര്‍ജി ഇതിലെ പുതിയൊരു കഥാപാത്രമാണ് (അബീല്‍ ചാറ്റര്‍ജി). ബംഗബാലക്കും മാറ്റം വന്നിരിക്കുന്നു. ചിത്രത്തിന്റെ അവസാനത്തില്‍ മാത്രമാണ് അവള്‍ പ്രത്യക്ഷപ്പെടുന്നത്.
ഘട്ടക്കിന്റെ സിനിമകളെല്ലാം ആദ്യന്തം സംഗീതമുള്‍ക്കൊണ്ട് വികസിക്കുന്നവയാണ്. ‘ ജുക്തി ...‘ .യില്‍ ഉപയോഗിക്കപ്പെട്ട സംഗീതം അതേ അളവില്‍ ഈ സിനിമയിലേയ്ക്കു കൊണ്ടുവരാന്‍ സംവിധായകന്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. മാത്രവുമല്ല ഘട്ടക്കിന്റെ സിനിമയിലെ ക്ലിപ്പിങ്ങുകളൊന്നും ഉപയോഗിക്കാതെ ആവശ്യമായ ഭാഗങ്ങളെല്ലാം പുന:സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഘട്ടക്കിന്റെ ജീവിതത്തെ നീലകണ്ഠ എന്ന കഥാപാത്രത്തിലൂടെ ആദ്യന്തം ഉപജീവിക്കുന്നുണ്ടെങ്കിലും നിരവധി ചരിത്രസാമൂഹ്യസന്ദര്‍ഭങ്ങളും ഘട്ടക്ക് സിനിമകളില്‍ നിന്നുള്ള ഭാഗങ്ങളും പുനരാവിഷ്‌ക്കരിക്കപ്പെടുന്നുണ്ടെങ്കിലും ഈ സിനിമ ഒരു ഡോക്യുമെന്ററിയാവാതെ നില്‍ക്കുന്നതിനുള്ള പ്രധാന കാരണം ഡോക്ടര്‍ മുഖര്‍ജിയും അദ്ദേഹത്തിന്റെ മാനസികാരോഗ്യകേന്ദ്രവുമാണ്. ഡോക്ടര്‍ മുഖര്‍ജി ഒരേ സമയം നീലകണ്ഠയുടെ മനസ്സിനേയും അയാളുടെ നാടകശരീരത്തേയും ഭൂതകാലത്തെയാകെത്തന്നെയും ചികിത്സയ്ക്കു വിധേയമാക്കുന്നു. ഇതൊരു ഏകപക്ഷീയ പ്രവര്‍ത്തനമല്ല. സംവാദങ്ങളിലൂടെയെന്നവണ്ണം
നീലകണ്ഠയുടെ ഭൂതകാലങ്ങളില്‍ അയാള്‍ ഇടപെടുന്നു. ഡോക്ടറാണ് സിനിമക്കുള്ളിലെ നാടകത്തേയും സിനിമയെത്തന്നെയും നിയന്ത്രിക്കുന്നത്. നീലകണ്ഠ സ്വയം വിമര്‍ശനവിധേയമാക്കുന്ന ആത്മഭാവം തന്നെയാണത്. എന്നാല്‍ സിനിമയുടെ അവസാനഭാഗത്ത് എല്ലാ ചികിത്സകളെയും നിയന്ത്രണങ്ങളേയും മറി കടന്ന് അയാള്‍ പ്രകൃതിയിലേയ്ക്ക് ഇറങ്ങിപ്പോകുന്നുണ്ട്.
പ്രതീക്ഷയുടെ നാളം കെടാതെ നിര്‍ത്തിയ ഘട്ടക്ക് എന്ന പ്രതിഭയെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു കൊണ്ടാണ് കമലേശ്വര്‍ തന്റെ ചിത്രത്തിന്റെ അവസാനരംഗമൊരുക്കിയിട്ടുള്ളത്. മാനസികാരോഗ്യകേന്ദ്രത്തിനു പുറത്ത് ബംഗബാല എന്ന പേരുള്ള പെണ്‍കുട്ടി അയാളെ കാത്തു നില്‍ക്കുന്നു. അവളുടെ തോളില്‍ ചാരി ക്ഷീണിതനായ അയാള്‍ നടന്നു നീങ്ങുന്നു. അകലെ പുഴ കാണാം. പുഴയോടടുക്കുമ്പോള്‍ അയാള്‍ ക്ഷീണം കുടഞ്ഞെറിഞ്ഞ് കൈകള്‍ ആഞ്ഞുവീശി ഊര്‍ജ്ജസ്വലനായി മാറുന്നു. അതുവരെ ബ്ലാക്ക് & വൈറ്റിലായിരുന്ന സിനിമ കളറിലേയ്ക്ക് മാറുന്നു. പുഴയുടെ അങ്ങേപ്പുറത്ത് മരങ്ങളും മലകളും തെളിയുന്നു. ഒരു ഘട്ടക്ക് ചിത്രത്തിലേയ്ക്ക് നമ്മള്‍ പ്രവേശിക്കുന്നതായി അനുഭവപ്പെടുന്നു. പുഴയ്ക്കപ്പുറമുള്ള അവിഭജിതബംഗാള്‍ എന്ന സ്വപ്നത്തിലേയ്ക്ക് ആ പെണ്‍കുട്ടിയൊടൊത്ത് അയാള്‍ നടന്നുപോവുകയാണ്. മൂന്നു മിനിട്ടോളം നീണ്ടുനില്‍ക്കുന്ന സുദീര്‍ഘമായ ഈ അവസാനഷോട്ട്, സിനിമയുടെ അതുവരെയുള്ള മുഴുവന്‍ ആശയവും സംഗ്രഹിച്ച ഒരു സൗന്ദര്യാനുഭവമാണ്. കറുപ്പിലും വെളുപ്പിലും നിന്ന് പിഴിഞ്ഞെടുത്ത നാനാവര്‍ണ്ണങ്ങള്‍.
“”പോപ്പ് കോണ്‍ / കാന്‍ഡി സിനിമകളുടെ രുചി ശീലങ്ങളുള്ള ഒരു ജനത കൃത്യമായ നരേറ്റീവില്ലാത്ത ഈ സിനിമ ഇഷ്ടപ്പെടുമോ? Man of Steel ന് ഒപ്പം മേഘെധക്കേതാര തിയേറ്ററുകളില്‍ ഓടുമോ? ഈ സിനിമയെ നിരൂപണം ചെയ്തുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ പ്രകടിപ്പിച്ച ആശങ്കകള്‍ക്ക് പ്രസക്തിയുണ്ട്. മറ്റൊന്നു കൂടി നിരൂപണം പറഞ്ഞുവെയ്ക്കുന്നുണ്ട്. 52-ാം വയസ്സില്‍ മരിച്ച മറ്റൊരു ചലച്ചിത്രപ്രതിഭയെ ഓര്‍ത്ത് കരയുന്ന ബംഗാളികള്‍ അദ്ദേഹത്തിന്റെ യൊക്കെ കാലത്തിനു മുമ്പ് 51-ാം വയസ്സില്‍ മരിച്ച മറ്റൊരാളെ ഓര്‍ക്കുമോ? ഋതുപര്‍ണ്ണഘോഷിനെ ഓര്‍ത്താണ് ബംഗാളികള്‍ അടുത്തകാലത്ത് ഏറെ വിലപിച്ചത്. എന്നാല്‍ ഘട്ടക്ക് അതിലും കുറഞ്ഞ പ്രായത്തിലാണ് മരണത്തിനു കീഴടങ്ങിയതെന്ന കാര്യം വീണ്ടും ഓര്‍ക്കാനുള്ള അവസരം കൂടിയാണിത്.

ഘട്ടക്കിന്റെ ‘ ക്രമ’ ങ്ങള്‍

ബാഹ്യമായും ആന്തരികമായും ശുഭാപ്തി വിശ്വാസങ്ങള്‍ നഷ്ടമായി ക്കൊണ്ടിരുന്ന ഒരു കാലത്താണ് ഘട്ടക്ക് സിനിമാരംഗത്തെത്തുന്നത്.  അശുഭാപ്തികളുടെ കഥകളില്‍ നിന്ന് തന്റെ സിനിമകള്‍ക്ക് അദ്ദേഹം ശുഭാപ്തി നിറഞ്ഞ പര്യവസാനമൊരുക്കി.
ഋത്വിക് ഘട്ടക്കിന്റെ ജീവിതവും സിനിമകളും രാഷ്ട്രീയനിലപാടുകളും അദ്ദേഹത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളുമെല്ലാമടങ്ങുന്ന വലിയൊരു വിജ്ഞാന സഞ്ചയത്തിലൂടെ കടന്നുപോകുമ്പോള്‍ ഘട്ടക്കിനെ നിര്‍വ്വചിക്കാനുള്ള വഴികള്‍ വീണ്ടും സങ്കീര്‍ണ്ണമായി വരും. ഏത് അരാജകത്വത്തിനും ഒരു ക്രമമുണ്ടെന്ന് ഘട്ടക്കിന്റെ തന്നെ സിനിമയിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. ഘട്ടക്കിന്റെ അക്രമങ്ങള്‍ക്കും ഒരു ക്രമമുണ്ടായിരുന്നുവെന്ന് കാലങ്ങള്‍ക്കു ശേഷം ഇപ്പോള്‍
തിരിച്ചറിയുകയാവാം.കുടുംബത്തിലും കലാജീവിതത്തിലും രാഷ്ട്രീയത്തിലുമെല്ലാം ഒറ്റപ്പെട്ടുപോകുന്ന തിരസ്‌കൃതനും, ഏകാകിയുമായ മനുഷ്യന്‍ (പുരുഷന്‍) എന്ന സങ്കല്‍പ്പത്തെ ഘട്ടക്കിലൂടെ ഉദാത്തവല്‍ക്കരിക്കാനുമാവും.

മറഞ്ഞുപോയൊരു കാലത്തെയും ജീവിതത്തെയും പുനരാവിഷ്‌ക്കരിക്കുമ്പോള്‍ ഏതൊരാള്‍ക്കും നേരിടേണ്ടി വരുന്ന ഭൂതകാലാഭിരതിയും, ഉദാത്തനായകസങ്കല്‍പ്പവുമെല്ലാം നിര്‍വീര്യമാക്കാന്‍ അത്ര എളുപ്പമല്ല. ആദര്‍ശശാലിയും, വിപ്ലവകാരിയും, മൗലികചിന്തയുള്ള കലാകാരനുമെല്ലാമായി ലോകമറിയുന്ന ഒരു ഘട്ടക്കിനൊപ്പം, സദാ മദ്യപനും, കലഹപ്രിയനും, ഉന്മാദിയും, കുടുംബകാര്യങ്ങളില്‍ അലസനുമായ മറ്റൊരു ഘട്ടക്കും അവതരിപ്പിക്കപ്പെടുന്നുണ്ട്.മാനസികാരോഗാശുപത്രിയില്‍ കഴിഞ്ഞ ഒരു കാലം ആഖ്യാനസന്ദര്‍ഭമാക്കിയതു തന്നെ ഒരു സന്തുലനമുണ്ടാക്കാന്‍  സഹായിക്കുന്നുണ്ട്. എങ്കിലും ആഖ്യാനത്തിന്റ പൊതുനില, ഘട്ടക്ക് എന്ന മനുഷ്യനെയും കലാകാരനേയും ആത്യന്തികമായി ന്യായീകരിക്കുക എന്ന നിലപാടിലൂന്നിയതായതുകൊണ്ടു തന്നെ കാര്‍മേഘങ്ങള്‍ക്കിടയില്‍ തെളിയുന്ന നക്ഷത്രമായി ഘട്ടക്കിനെ നമ്മള്‍ കാണുന്നു.