Wednesday, February 27, 2013

അന്നയും റസൂലും:പ്രണയത്തില്‍ സഞ്ചരിച്ച ദൂരങ്ങള്‍



സാധാരണത്വം/അസാധാരണത്വം എന്നിവ  കാല ദേശ സംബന്ധിയായ ചില ആപേക്ഷികതകള്‍ മാത്രമാണ് എന്ന തിരിച്ചറിവോടെത്തന്നെ“ അന്നയും റസൂലും‘ എന്ന ചിത്രത്തെ “ അതി സാധാരണതയുടെ അസാധാരണത്വം“ എന്ന്  ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാം.

പ്രണയമാണൊ അഥവാ അതിന്റെ ആഖ്യാനമാണൊ അസാധാരണമായത്  എന്നു സംശയിക്കാം .ജീവിതത്തിന്റെ സാധാരണതകളില്‍ നിന്നുള്ള ചില കുതറിമാറലുകളാണ് എക്കാലത്തും പ്രണയത്തെ അസാധാരണാനുഭവമാക്കിയത്.ഈ അസാധാരണതകളെ സാഹിത്യവും കലകളുമൊക്കെ എക്കാലവും ആഘോഷപൂര്‍വ്വം കൊണ്ടാടി.കാല്പനികതയുടെ കാലത്ത് പ്രണയികള്‍ സമൂഹത്തില്‍ നിന്നുയര്‍ന്ന് അമാനുഷരായി.ആധുനികതയും  ഒറ്റപ്പെട്ട വ്യക്തികളായി അവരെ സമൂഹത്തില്‍ നിന്ന് വേറിട്ടു നിര്‍ത്തി.ഇവയൊക്കെയും അതാതു കാലങ്ങളില്‍ പ്രണയത്തിന്റെ പ്രതിനിധാനങ്ങളായി.അപ്പോഴൊക്കെയും പ്രണയം ജീവിതത്തിന്റെ നാനാ തിരക്കുകള്‍ക്കിടയിലൂടെ അതിന്റെ സാന്നിധ്യവുമായി ഇവിടെയൊക്കെ ഓടി നടക്കുന്നുണ്ടായിരുന്നു. എല്ലാ പ്രണയങ്ങളും അതിന്റെ കേവലാവസ്ഥയില്‍ വിജയം നേടിയെങ്കിലും അതിനെ വിവാഹം ,കുടുംബം തുടങ്ങിയ സ്ഥാപനങ്ങളിലേക്കിണക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പരാജയപ്പെടുകയും ചെയ്തു.
“ അന്നയും റസൂലും‘ ഒരു പ്രണയ ചിത്രമായിട്ടാണ്  അവതരിപ്പിക്കപ്പെട്ടത്. ഒരു പുരുഷന്റെയും
സ്ത്രീയുടേയും പേരുകള്‍  സിനിമയുടെ പേരായി ഉപയോഗിക്കുക വഴി ലൈലാ മജ്നു,അന്റണി
ക്ലിയൊപാട്ര എന്നിവരെപ്പോലെ  ഒരു പ്രണയ ജോഡിയാണതെന്ന സൂചന നല്‍കാന്‍ കഴിയുന്നു.അവര്‍ രണ്ടു വ്യത്യസ്ത മതങ്ങളില്‍ പെട്ടവരാണെന്ന അറിവും ആ രണ്ട് സാധാരണ
പേരുകള്‍ നല്‍കുന്നുണ്ട്. പ്രണയത്തെക്കുറിച്ചുള്ള ചില പരമ്പരാഗത സങ്കല്പങ്ങളെ
താലോലിക്കുന്നതായിരുന്നു സിനിമയുടെ  പോസ്റ്ററുകളും തലക്കെട്ടുമൊക്കെ.
“ കണ്ടു രണ്ട് കണ്ണ്...” എന്ന മെഹബൂബ് പാടിയ പഴയ ഗാനത്തിന്റെ പുനരാവിഷ്ക്കാരം( ആലാപനം: ഷഹബാസ് അമന്‍)) നേരത്തെ പുറത്തു വന്നത് അതിനെ ബലപ്പെടുത്തുകയും ചെയ്തു.

പ്രണയം പ്രധാനപ്രമേയമായി വരുന്നതെന്ന് മുന്‍‌കൂട്ടി പ്രഖ്യാപിക്കപ്പെട്ട ഏതു ചിത്രവും
മനസ്സിലുണ്ടക്കുന്ന ചില ധാരണകളുണ്ട്.ആ ധാരണകളെ ‘ അന്നയും റസൂലും‘ ‘മറികടക്കുന്നതാണ് ഈ സിനിമയുടെ ആകെ സൌന്ദര്യവും പ്രണയത്തിന്റെ തന്നെ സൌന്ദര്യവുമെന്നു പറയാം.ഇത് മലയാളത്തിലെ പ്രണയസിനിമകളുടെ കൂട്ടത്തില്‍അസാധാരണമാകുന്നതങ്ങനെയാണ്. പ്രണയിക്കുന്നവര്‍ സ്വസ്ഥമായി ഒരിടത്തിരുന്ന് സംസാരിക്കുന്നതും പ്രകൃതി ഭംഗിയില്‍ രമിച്ച് പാട്ടു പാടുന്നതും കുസൃതികളൊപ്പിക്കുന്നതുമൊക്കെയാണ് ഇതു വരെ നാം കണ്ട പ്രണയ രംഗങ്ങളെല്ലാം
ദൃശ്യവല്‍ക്കരിച്ചിരുന്നത്.അതിതീവ്ര സംഘര്‍ഷങ്ങളിലേര്‍പ്പെടുന്നവര്‍ പോലും ഒരു പാട്ടിലലിഞ്ഞു പോകുന്നു.അത്തരം രംഗങ്ങളിലെങ്കിലും അവര്‍ ജീവിതത്തില്‍ നിന്നും ലോകത്തില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നു.ഈ പ്രണയ സങ്കല്പമാണ് അന്നയും റസൂലും മാറ്റി മറിക്കുന്നത്.ഇവിടെ അങ്ങനെയൊരു വിച്ഛേദം ഉണ്ടാകുന്നില്ല.ജീവിതത്തിന്റെ പലവിധ ഓട്ടമത്സരങ്ങള്‍ക്കിടയില്‍ ഇത്തിരി സമാശ്വാസം തന്നെയാണ് അവര്‍ക്കും പ്രണയമെങ്കിലും അത് അറിഞ്ഞാസ്വദിക്കാനുള്ള സമയവും സന്ദര്‍ഭവുമൊന്നും  ലഭിക്കുന്നില്ല. മതത്തിന്റെ വേലിക്കെട്ടുകളൊന്നും അവര്‍ക്കിടയില്‍ പ്രായോഗികമായി നിലനില്‍ക്കുന്നില്ല.അച്ഛന്‍‍,അമ്മ,അമ്മാവന്‍ തുടങ്ങിയ പരമ്പരാഗത ശത്രു രൂപങ്ങളൊന്നും ഇവിടെ എതിര്‍ പക്ഷത്തില്ല.എന്നാല്‍   സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളായ വിവാഹം,കുടുംബം എന്നിവയിലേക്ക് പ്രണയം അടുക്കാന്‍ തുടങ്ങുമ്പോള്‍ ശത്രുവെന്ന ഭാവത്തിലല്ലെങ്കിലും  ചിലതെല്ലാം പ്രതിബന്ധമാവുന്നു.അതിനെല്ലാമെതിരെ ഒറ്റയ്ക്കു
പോരാടുന്ന കാല്പനിക നായകനുംനായികയും എന്ന പരിവേഷമണിയാനൊന്നും അവര്‍ മെനക്കെടുന്നില്ല്ല.വിജയത്തിന്റേയൊ പരാജയത്തിന്റേയൊഅതി ഭാവുകത്വമില്ലാതെ അവര്‍
 മുന്നോട്ടു പോകുന്നു.മതത്തെക്കുറിച്ച് ഒരുതരം ഉദാസീന ചിന്തയെ ഇരുവര്‍ക്കുമുള്ളു. മതത്തിനെതിരെ ആദര്‍ശപ്രസംഗങ്ങള്‍ നടത്താനൊന്നും അവര്‍ തയ്യാറല്ല.

പ്രണയത്തിന്റെ ഒരു മന്ദതാളത്തെ ജീവിതത്തിന്റെ ദ്രുത താളത്തില്‍ മുക്കിയെടുക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.ജീവിതം വേറെ പ്രണയം വേറെ എന്നില്ല.അതിന്റെഅരികുപറ്റിയാണ് പ്രണയത്തിന്റെ നില്പ് എന്നു പറഞ്ഞാല്‍ ജീവിതം അതില്‍ നിന്നു വേറിട്ടു നില്‍ക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നുമില്ല.ജീവിതത്തെ പ്രണയത്തില്‍ നിന്ന് വേര്‍പെടുത്തി കാണണമെന്നുണ്ടായിരുന്നെങ്കില്‍ അന്നയ്ക്കും റസൂലിനും മുന്നില്‍ മറ്റു വഴികളുണ്ടായിരുന്നു.

കൊച്ചിയില്‍ മാത്രം സാധ്യമായ സിനിമയാണ് “ അന്നയും റസൂലും” .കൊച്ചിയും അതിന്റെ കായലുംകരയും കടന്ന് യാത്രചെയ്തു പോകുന്നവര്‍ക്കിടയില്‍ സാധ്യമാവുന്ന പ്രണയം. സ്വാഭാവികമായും ചീനവലകളും കായലും മീനുമൊക്കെയുള്ള പോലെ അധോലോകവും
അവിടെയുണ്ട്.ഏറ്റവും നല്ല സുന്ദരികള്‍ വൈപ്പിനിലാണുള്ളതെന്നു പറയും പോലെ അധോലോകവും മതവും ഭരണാധിപത്യങ്ങളും അവിടെയുണ്ട്.കൊച്ചു കൊച്ചു സംഭവങ്ങളുടെ ഒരു പരമ്പരയിലൂടെയാണ് സിനിമ വികസിക്കുന്നത്. കുട്ടികളുടെ ഫുട്ബോള്‍ കളിയൊക്കെ അതില്‍ വരും.എന്നാല്‍ അതൊന്നും മറ്റൊന്നിലേക്ക് വികസിക്കുക എന്ന രീതിയില്‍ ഉദ്ദേശപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതായി അനുഭവപ്പെടുകയില്ല. എല്ലാം ചേര്‍ന്ന് ഒരു ചിത്രം സൃഷ്ടിക്കപ്പെടുന്നു.

 റസൂലിന്റെ പ്രണയം ശരിയാവില്ലെന്ന് അന്ന പറയുന്നത് അവര്‍ രണ്ടു മതക്കാരാണ് എന്ന കാരണത്താലാണ്.മതം മാത്രമല്ല  ‘ വില്ലനാ‘ യി വരുന്നത്. വേറെയും ശക്തികള്‍ അവരുടെ പ്രണയത്തെ എതിര്‍ക്കാനുണ്ടായിരുന്നു.അത് അപ്രത്യക്ഷമായി പ്രവര്‍ത്തിക്കുന്ന പുതിയ
ലോകക്രമങ്ങളും അവ സൃഷ്ടിച്ച അധോലോകങ്ങളുമൊക്കെയായിരുന്നു. അധോലോകത്തിന്റെ ഭാഷ പ്രണയത്തിന്റേതാകില്ലെങ്കിലും അവിടെയും അതസാധ്യമല്ലെന്നാണ് ചിത്രം പറയുന്നത്. എങ്കിലും സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്നും കുടുംബ ഘടനയില്‍ നിന്നും വേറിട്ട പ്രണയത്തിന്റെ അസ്തിത്വത്തെക്കുറിച്ച് സംശയങ്ങളുന്നയിക്കാനും സിനിമ മറക്കുന്നില്ല. അസാധാരണ രീതികളില്‍(സിനിമയില്‍) വളര്‍ത്തിയെടുക്കപ്പെട്ട പ്രണയത്തെ അതേ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.അപ്പോഴേക്കും മതം,കുടുംബം, സമൂഹം എന്നൊക്കെയുള്ള ബാഹ്യ ഘടകങ്ങള്‍ അവരുടെ അറിവോടെ തന്നെ അതിനകത്ത് നുഴഞ്ഞുകയറുന്നു.

2

മതമല്ല മുഖ്യ വിഷയമെങ്കിലും പലവിധത്തില്‍ മതം കയറിയിറങ്ങുകയും സിനിമയുടെ ആഖ്യാനത്തെ ഒരു ഘട്ടം കഴിയുമ്പോള്‍ ആകെ നിയന്ത്രിക്കുകയും ചെയ്യുന്നതു കാണാം.
പ്രത്യക്ഷത്തിലുള്ള അധികാരമോ ഭീഷണിയൊ ഉപയോഗിക്കാതെ നിശ്ശബ്ദമായി അത് എല്ലാ
പ്രവര്‍ത്തനങ്ങളിലുമുണ്ട്.പലപ്പോഴും മതം അവര്‍ക്ക് അഭയകരവുമാണ്.അതുകൊണ്ടു തന്നെ
അതിനെ നേര്‍ക്കുനേര്‍ വെല്ലുവിളിക്കാന്‍ അവര്‍ക്കാര്‍ക്കും താല്പര്യവുമില്ല. കന്യാസ്ത്രീയായി മാറിയ അന്നയുടെ സഹോദരി മതത്തോട് വിധേയപ്പെട്ട് പ്രത്യക്ഷ സാന്നിദ്ധ്യമായി അവര്‍ക്കിടയിലുണ്ട്. അന്നയെ മറ്റൊരു വിവാഹത്തിനു പ്രേരിപ്പിക്കുന്ന ഫാദര്‍  ഒരു കുടുംബത്തിന്റെ നന്മ മാത്രമായിരിക്കാം കാംക്ഷിക്കുന്നത്.പിതാവിന്റെ നാടായ പൊന്നാനിയിലെത്തുന്നറസൂലിനെ അദ്ദേഹം മൃദുവായി ഉപദേശിക്കുന്നതും മതത്തിനൊപ്പം നില്‍ക്കേണ്ടി വരുന്നതിന്റെ നിസ്സഹായതയെക്കുറിച്ചു പറഞ്ഞാണ്.പൊന്നാനി എന്നൊരു സ്ഥലനാമം തന്നെ മതത്തെ സൂചിപ്പിക്കുന്ന ഒരു ചിഹ്നമാണ്.മതം അതീവലാളനയോടെ  ഇപ്പോള്‍ പറയാന്‍ ശ്രമിക്കുന്നത്  പണ്ട് അധികാരസ്വരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ്.വിജയിച്ച പ്രണയത്തിന്റെ മാതൃകയായി അവതരിപ്പിക്കപ്പെടുന്ന, പീറ്ററായി മാറിയ പുരുഷോത്തമന്‍ പറയുന്നത് മതത്തിനു കീഴ്പ്പെടേണ്ടി വന്ന പ്രണയത്തെകുറിച്ചാണ്.ഇടയ്ക്കെങ്കിലും പീറ്റര്‍ തന്റെ പഴയ മതത്തിലേക്ക് മനസ്സുകൊണ്ട് തിരിച്ചുചെല്ലുന്നു.ഇത്തരം ചുറ്റുപാടുകള്‍ക്കുള്ളിലാണ്  അന്നയും റസൂലും മതം മാറാന്‍
വിസമ്മതിക്കുന്നത്.സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ് അവരിലൂടെ സംസാരിക്കുന്നതെങ്കിലും പ്രണയത്തെക്കുറിച്ചൊ മതേതരത്വത്തെക്കുറിച്ചോ അതിരുകടന്ന
ആദര്‍ശാത്മകത പുലര്‍ത്താത്ത രണ്ടു പേരുടെ സ്വാഭാവിക പ്രതികരണമായിത്തന്നെ അതിനെ കാണാന്‍ വിഷമമില്ല.അത്തരത്തില്‍ ജീവിക്കുന്നവരുടെ ഒരു സമൂഹം കേരളത്തിലുണ്ട്.എങ്കിലും മിശ്രവിവാഹിതരെ സംരക്ഷിക്കാന്‍ ഭരണകൂടമോ ബന്ധുക്കളൊ ഉണ്ടാവില്ലെന്ന ഭീതിദമായ അവസ്ഥയും അതു തുറന്നു കാട്ടുന്നുണ്ട്.

3

റസൂലിന്റെ പ്രണയം തുടങ്ങുന്നതും വളരുന്നതുമെല്ലാം നിരന്തരമായ സഞ്ചാര വേഗങ്ങള്‍ക്കിടയ്ക്കാണ്. റസൂല്‍ അന്നയെ ആദ്യമായി കാണുന്നതു തന്നെ വണ്ടിയോടിച്ചു പോകുന്ന റസൂലിനു മുന്നില്‍ റോഡ് മുറിച്ചു കടക്കാന്‍ ധൃതിപ്പെടുന്ന അന്നയെ  പെട്ടെന്ന് ബ്രേക്ക് ചെയ്ത് രക്ഷപ്പെടുത്തുമ്പോഴാണ് .കായലിന്റെ നടുവില്‍ എഞ്ചിന്‍ കേടായി നിന്നുപോയ ബോട്ട് കെട്ടിവലിച്ചു കൊണ്ടു വരുന്ന സന്ദര്‍ഭത്തിലാണ് അന്നയോട് ആദ്യമായി റസൂല്‍ സംസാരിക്കുന്നത്. അവളെ കാണുന്ന മറ്റൊരു സന്ദര്‍ഭം അന്ന ധൃതി പിടിച്ച് ബോട്ടില്‍ ഓടിവന്നു കയറുമ്പോഴാണ് .പ്രണയത്തിന്റെ അപ്രായോഗികതയെക്കുറിച്ച് അന്ന അവനോട് പറയുമ്പോള്‍ അവര്‍ നഗരത്തിരക്കില്‍ ഒരു സീബ്രാലൈന്‍ മുറിച്ചു കടക്കുകയാണ്.പിന്നീടവര്‍ സംസാരിക്കുന്നത് ഓടുന്ന ഓട്ടോറിക്ഷയിലിരുന്നാണ്. ബസ്സിലിരുന്ന് അന്നയുടെ മുടിയുടെ സുഗന്ധം അനുഭവിക്കുന്ന, പ്രണയം അതിന്റെ സ്നിഗ്ധതയോടെ പ്രത്യക്ഷപ്പെടുന്ന രംഗവും ഒരു യാത്രക്കിടയിലാണെന്നതാണ് ഇതിലെ പൂര്‍വ്വ നിശ്ചിത യാദൃശ്ചികത.തീരാത്ത തിരക്കുകള്‍ക്കിടയിലൂടെയാണ് അവര്‍ പ്രണയത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. പിറന്നുകഴിഞ്ഞതിനാല്‍ ജീവിത തിരക്കുകള്‍ക്കിടയിലും അതങ്ങനെ വളരുന്നു.

റസൂല്‍  നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അന്ന വളരെകുറച്ചേ എന്തെങ്കിലും പറയുന്നുള്ളു. മൌനത്തിന്റെഒരു വലിയ കൂടാരത്തില്‍ നിന്നാണ് അന്ന പുറം ലോകത്തേക്ക് വരുന്നത്.വര്‍ഷങ്ങളായി ഒന്നുമുരിയാടാത്ത പിതാവ്,കന്യാസ്ത്രീയായി മൌനത്തിലൊളിച്ച
സഹോദരി എന്നിവരുടെ ജീവിതം അവളുടെ മുന്നിലും പിന്നിലും ഉണ്ട്.സെയിത്സ് ഗേളായ അന്നയും കൂട്ടുകാരികളും വസ്ത്രക്കടയിലെ ഇത്തിരി നേരത്ത് ഒത്തു കൂടുമ്പോള്‍ പോലും അവള്‍ മാത്രം ഒറ്റയ്ക്കാണ്.ഇടയ്കവള്‍ ചെന്ന് ബാഗ് തുറന്ന് മൊബൈല്‍ ഫോണെടുത്ത് പരിശോധിക്കുന്നുണ്ട്. ജീവിക്കാനുള്ള തിരക്കില്‍ പ്രണയിക്കാനും പ്രണയത്തിരക്കില്‍ ജീവിക്കാനും മറന്നുപോകുന്നവരല്ല, ഇരുവരും.എല്ലാ വിഘ്നങ്ങളേയും അതിവൈകരികതയില്ലാതെ അതിന്റെ സ്വാഭാവികതയില്‍ നേരിടാനാണ് അവരുടെ ശ്രമം.ജീവിതം/പ്രണയം വഴിമുട്ടിയെന്ന ഘട്ടത്തില്‍ തന്റെ ജീവിതം തുടര്‍ന്നു പോകുന്നതില്‍ അര്‍ത്ഥമില്ലെന്നു തീരുമാനിക്കാനും അവള്‍ ഏറെ ആലോചിക്കുന്നില്ല.

നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന കായല്‍,ബോട്ടുകള്‍,നിരവധി വാഹനങ്ങള്‍,ജനക്കൂട്ടം എന്നിവയിലൂടെ വ്യഞ്ജിപ്പിക്കപ്പെടുന്ന കാലത്തിന്റെ അതിദ്രുത ചലനം ആര്‍ക്കും
പ്രത്യക്ഷമായിത്തന്നെ അനുഭവിക്കാം.ഈ ചലന വേഗം തന്നെയാണ് ജീവിത വേഗത്തേയും
നിര്‍ണ്ണയിക്കുന്നത്.ക്വട്ടേഷന്‍ സംഘാംഗങ്ങളായി റസൂലിന്റെ കൂട്ടുകാര്‍ പണിയെടുക്കേണ്ടി
വരുന്നത് മാറിയ കാലത്തിന്റെ  മൂല്യങ്ങളൊടൊത്തുള്ള ഒഴുക്കില്‍ അണി ചേര്‍ന്നു തന്നെയാണ്. ഇത്തരമൊരു നെട്ടോട്ടത്തിന്റെ പരിസമാപ്തിയാണ്  മരിച്ചുകിടക്കുന്ന അന്നയെകാണാനുള്ള റസൂലിന്റെ ഓട്ടം.അത് ഒരേ സമയം ജീവിതത്തിലേക്കും മരണത്തിലേക്കുമുള്ള ഓട്ടമാണ്.
സിനിമയില്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന വേഗതയ്ക്കു സമാന്തരമായ ഒരു നിശ്ചലത ആന്തരികമായി അടിഞ്ഞുകിടപ്പുണ്ട്.ധാരാളം സംസാരിക്കുകയും എപ്പോഴും ഊര്‍ജ്ജസ്വലനായിരിക്കുകയും ചെയ്യുന്ന റസൂലിനു സമാന്തരമായി അധികം മിണ്ടാത്ത
അന്നയെപ്പോലെ. മതത്തെ കാര്യമായി പരിഗണിക്കാത്ത ഒരു തലമുറയെ മൌനമായി അതിലേക്കു നയിക്കാനുദ്യമിക്കുന്ന മതമേധാവിത്വം പോലും അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. സിനിമയുടെ പൊതു ഘടനയില്‍ നിര്‍ലീനമായ വേഗതയെ നിശ്ചലമാക്കുന്ന അവസ്ഥയാണത്.

4

ഭരണ വ്യവസ്ഥ  ഒറ്റപ്പെട്ട വ്യക്തികളെ എങ്ങനെയാണ് അതിന്റെ ആയിരം കൈകളാല്‍ വളഞ്ഞുപിടിക്കുന്നതെന്നും ഈ ചിത്രം വെളിപ്പെടുത്തുന്നു.മതമെന്നപോലെ ഭരണവ്യവസ്ഥയും സൌമ്യമായി, തന്ത്രപരമായിഒരാളെ വളഞ്ഞുപിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒന്നിലധികം ഉദാഹരണങ്ങള്‍ ഈ ചിത്രത്തിലുണ്ട്.പണ്ടെന്നൊ ഒരു തീവ്രവാദി സംഘടനയുടെ യോഗസ്ഥലത്തു ചെന്നതിന്റെ പേരിലാണ് ഹൈദറിന് പാസ്സ്പോര്‍ട്ട് നിഷേധിക്കപ്പെടുന്നത്.നേരിട്ടുള്ള ബന്ധത്തിന്റെ പേരിലല്ല റസൂലും കസ്റ്റഡിയലാവുന്നത്.റസൂലിന്റെ കൂട്ടുകാര്‍ ക്വട്ടേഷന്‍ പണിയിലൂടെ സ്വയം നിയമം കയ്യിലെടുക്കുകയാണെങ്കിലും ഭരണ വ്യവസ്ഥയുടെ വളഞ്ഞുപിടിക്കലുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് വളരെ ലഘുവാണെന്നു പറയണം.

കാലത്തിന്റെ അപ്രതിഹതമായ ഒഴുക്കാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രം.അത്
ജീവിതത്തിലെ ഒഴുക്കായി നാമറിയുന്നു.അപ്പോള്‍ പലതും ഓരങ്ങളിലേക്ക് തള്ളി മാറ്റപ്പെടും.
പ്രണയവും മതവും അങ്ങനെ തള്ളി മാറ്റപ്പെടുന്നുണ്ട്.എങ്കിലും അതിജീവന ശേഷി മത സംഘടനാ രൂപത്തിനാണെന്നതിനാല്‍ അത് വീണ്ടും ജീവന്‍ വെച്ചു വരുന്നു.ഹൈദറിന് പാസ്സ്പോര്‍ട്ട് നിഷേധിക്കുന്ന ഭരണ വ്യവസ്ഥ ഇവയ്ക്ക് രണ്ടിനും മേലെയുണ്ട്. അന്നയുടെ വിവാഹ നിശ്ചയങ്ങളിലും അതിന്റെ ഭാഗമായ പള്ളിക്ലാസ്സുകളിലും അവളുടെ മരണശേഷവുമെല്ലാം മതം നിരന്തരം ഉദ്ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.മതമല്ലെങ്കില്‍ കുടുംബം,സമൂഹം,അതുമല്ലെങ്കില്‍ ഭരണകൂടം ഇങ്ങനെ ആരെങ്കിലുമൊക്കെ ഉദ്ബോധിപ്പിക്കാനുണ്ടാവും.

മുന്‍‌കാല സിനിമകള്‍ ദൃശ്യവല്‍ക്കരിച്ച പ്രണയത്തിന്റെ അതിരുകളില്ലാ ലോകത്തേക്ക് ആദര്‍ശാത്മകമായി എത്തിച്ചേരാനല്ല  കുടുംബം ,വിവാഹം എന്നീ സ്ഥാപനങ്ങളോടു ചേര്‍ന്നു
നില്‍ക്കാനാണ് അന്നയും റസൂലും ആഗ്രഹിച്ചത്.അങ്ങനെ വരുമ്പോള്‍ ഈ സ്ഥാപനങ്ങളെ
നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന മതം അതിന്റെ റോള്‍ പുറത്തെടുക്കുകയും ചെയ്യുന്നു. പ്രണയത്തെക്കുറിച്ച്  റസൂല്‍ ആദ്യംചിന്തിക്കുമ്പോള്‍ തന്നെ മതം  കടന്നു വരുന്നത് യാദൃശ്ചികതയല്ല .പോലീസുകാരനിലൂടെ ആദ്യം തന്നെ ഭരണ കൂടവും സാന്നിധ്യമറിയിക്കുന്നുണ്ടല്ലോ .രണ്ടു വഴിക്കാണെങ്കിലും ഭരണ സംവിധാനവും മതവും ഒത്തു പിടിച്ചപ്പോള്‍ അവരെ ച്ഛിന്നഭിന്നരാക്കാന്‍ എളുപ്പം സാധിക്കുകയും ചെയ്തു.സിനിമയുടെ പ്രകടമായ ഊന്നല്‍ പ്രണയത്തിലെന്നതിലേറെ മതത്തിലാണെന്നു കരുതേണ്ടി വരുന്നു.സിനിമയുടെ പേരില്‍ തന്നെ അതു വ്യക്തമാക്കപ്പെടുന്നുണ്ട്.പേരുകള്‍ കൊണ്ടു വ്യക്തമാക്കപ്പെടുന്ന രണ്ടു മതങ്ങള്‍..

വിജയിക്കുന്നത് മതമാണൊ പ്രണയമാണൊ എന്ന ചോദ്യത്തിന്  അത് കൂടുതല്‍  സുഘടിത സ്വഭാവമുള്ള മതം തന്നെയാണെന്നാണ് ഉത്തരം.പ്രണയത്തിന് സംഘടിത സ്വഭാവമില്ലാത്തതിനാല്‍ ഒറ്റക്കു തന്നെപലവിധം സംഘടിത ശക്തികളോട് പൊരുതേണ്ടി
വരുന്നു.അന്നയുടെ ചേച്ചി മതത്തെ തിരസ്ക്കരിച്ച് പുറത്തു വരുന്നു എന്നത് കൊണ്ടുമാത്രം മതത്തിന്റെ പ്രഹരശേഷി ഒട്ടും കുറയുന്നില്ല.അങ്ങനെ മതത്തെ വിജയിക്കാന്‍ വിടേണ്ടതില്ലെന്നും പ്രണയത്തിനും ഇടയ്ക്കൊക്കെ വിജയിക്കാമെന്നുമാണ് സംവിധായകനും തിരക്കഥാകൃത്തും ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്.സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരാണ് പ്രണയികള്‍.അവരെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ മതങ്ങള്‍ കോപ്പു കൂട്ടുന്നതു കാണുമ്പോള്‍ ഉള്ളില്‍ ചിരി വരുന്നത് മതത്തിന് മറ്റു പലരില്‍ നിന്നും നേരിടുന്ന പാര്‍ശ്വവല്‍ക്കരണങ്ങളെ അതിജീവിക്കാന്‍  കഴിയുന്നില്ലല്ലോ എന്നോര്‍ത്താണ്.

പ്രണയം അതിന്റെ ആഖ്യാനത്തില്‍ കൂടുതല്‍ സ്വാഭാവികമാവുന്നത്  ഇവിടെ നാം കാണുന്നു. അത്രത്തോളം തന്നെ സാമൂഹ്യ ഘടന അതിനെ നേരിടുന്ന രീതികളും അതിന്റെ ആവിഷ്ക്കാരവും സ്വാഭാവികമാകുന്നു.പഴയ അതി വൈകാരികത രണ്ടു കൂട്ടരും കുടഞ്ഞു കളഞ്ഞുവെന്നതിന്റെ ആഖ്യാനമാതൃകയുമാണ് ഈ സിനിമ.

അതി സാധാരണത്വത്തിന്റെ ഈ അസാധാരണാവിഷ്ക്കരണത്തില്‍ പ്രണയം മാത്രം ഒറ്റയ്ക്ക്
ജയിച്ചു പോവുക എന്നത് അസാദ്ധ്യം തന്നെയാണ്.സിനിമയിലാണെങ്കിലും ചിലതൊക്കെ
അസാധ്യം തന്നെയെന്നോര്‍മ്മിപ്പിക്കുന്നതാണ് ഈ സിനിമയുടെ മറ്റൊരസാധാരണത്വം.