Friday, December 17, 2010

ജപ്പാന്‍ ഭാര്യ: പ്രണയത്തിലെ അശരീരികള്‍

സാങ്കേതികത മനുഷ്യ ബന്ധങ്ങളെ ഏതെല്ലാം വിധത്തില്‍ മാറ്റിത്തീര്‍ക്കുന്നു എന്നതാവും 'ജപ്പാന്‍ ഭാര്യ' (അപര്‍ണസെന്‍) എന്ന സിനിമ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത്. സാങ്കേതികത ഏറെ വികസിച്ച ഒരു കാലത്തില്‍നിന്ന് അതിന്റെ ‘അവികസിത‘ കാലത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് ‘ജപ്പാന്‍ ഭാര്യ’. ഭൂതകാലം അങ്ങനെയാണ്. വര്‍ത്തമാനത്തില്‍ നിന്നുകൊണ്ടേ അതിനെ നോക്കാനാവൂ. കാലത്തിലൂടെയുള്ള അധോയാനം പഴയൊരു കാലത്തിലെന്നപോലെ പഴയൊരു ദേശത്തിലുമാണ് കൊണ്ടുചെന്നെത്തിക്കുക. പുതിയ ദേശം, കാലം, സാങ്കേതികത എന്നിവകൊണ്ട് ന്യായീകരിക്കപ്പെടാത്തതിനാലാണ് ‍unbelievable for our society എന്ന് ഈ സിനിമയെ വിലയിരുത്തുന്നത്
സിനിമയിലെ കാലം കൃത്യമായി നിര്‍വ്വചിക്കപ്പെടുന്നില്ലെങ്കിലും സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ നാളുകളെന്ന് ദേശീയ പതാകയുടെ സാന്നിധ്യവും ഹിരോഷിമ ,നാഗസാക്കി തുടങ്ങിയ പരാമര്‍ശങ്ങളും കൊണ്ട് വ്യക്തമാണ്. സ്ഥലം ബംഗാളിലെ അതിവിദൂര ഗ്രാമം. ഗതാഗതം, വൈദ്യുതി, ടെലഫോണ്‍, തുടങ്ങിയ ആധുനിക സൗകര്യങ്ങളൊന്നും അവിടെ എത്തിയിട്ടില്ല. സ്ഥലകാലങ്ങളെ ബന്ധിപ്പിക്കുന്നത് ബോട്ട്, പോസ്റ്റുമാന്‍, തുടങ്ങിയ ചില 'പ്രാചീന' മാധ്യമങ്ങളാണ്. ദാരിദ്ര്യം വളരെ സധാരണം. ഇത്തരമൊരു ഭൗതിക സാഹചര്യമാണ് സ്‌നേഹമയി എന്ന യുവാവിനെ രൂപപ്പെടുത്തിയിരിക്കുന്നത്. അയാള്‍ ഗ്രാമത്തിലെ സ്‌ക്കൂളിലെ കണക്ക് അദ്ധ്യാപകനാണ്. എന്നാല്‍ സ്ക്കൂളിലെ പരിമിത വ്യവഹാരങ്ങള്‍ക്കപ്പുറത്ത് ശാസ്ത്രമോ, ലോകഗതികളോ അയാളെ അലട്ടുന്ന വിഷയങ്ങളല്ല. തൂലികാ സുഹൃത്തായ മിയാഗി എന്ന ജാപ്പാനീസ് പെണ്‍കുട്ടിക്ക് എഴുത്തയയ്ക്കുന്നതിലും അവളുടെ എഴുത്തുലഭിക്കുന്നതിലും മാത്രമായി അയാളുടെ താല്പര്യങ്ങള്‍ പരിമിതപ്പെട്ടിരിക്കുന്നു. വിധവയായ മാഷി(അമ്മായി)യാണ് സ്‌നേഹമയിയെ വളര്‍ത്തിയത്. സാമ്പത്തികമായി ഒരു ഇടത്തരം കുടുംബമാണത്.ട്യൂഷനെടുത്താണ് മിയാഗിക്ക് കത്തയക്കാനുള്ള തപാല്‍ ചിലവ് ആദ്യകാലത്ത് അയാള്‍ കണ്ടെത്തുന്നത്. മിയാഗിയുടെ കുടുംബത്തിലും വളരെ മെച്ചമല്ല കാര്യങ്ങള്‍. ഏറെക്കുറെ അനാഥയാണവളും.പ്രായമായ അമ്മ മാത്രമാണ് കൂടെ.വീടൊന്നു പുതുക്കി പണിയാന്‍ പണമില്ല. പട്ടം പറത്തല്‍ കമ്പക്കാരനായിരുന്ന അവളുടെഅച്ഛന്‍ മത്സരത്തില്‍ പങ്കെടുക്കന്‍ ഇന്ത്യയിലും വന്നിട്ടുണ്ട്. ചെറുപ്പക്കാരിയും അകന്ന ബന്ധുവുമായ സന്ധ്യ, സ്‌നേഹമയിയുടെ വീട്ടില്‍ താമസിക്കാനെത്തുന്നുവെങ്കിലും അയാള്‍ അവളെ കണ്ടതായി പോലും നടിക്കുന്നില്ല‍. എങ്കിലും സന്ധ്യയുടെ സാന്നിധ്യം തന്നില്‍ സ്വാധീനമാകുന്നുവെന്നു തോന്നുമ്പോള്‍ മിയാഗിയെ എഴുത്തിലൂടെ അക്കാര്യം അറിയിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ വിവാഹിതരാവുന്നതിന് മിയാഗി തന്നെ താല്പര്യം അറിയിക്കുന്നു. അവര്‍ സ്‌നേഹമയിക്ക് അയാളുടെ പേരു കൊത്തിയ ഒരു മോതിരം അയച്ചു കൊടുത്തു. തിരിച്ച് സ്‌നേഹമയി സിന്ദൂരവും വളകളും അയച്ചു.
എങ്കിലും ദൂരവും സാമ്പത്തിക ബുദ്ധിമുട്ടുകളും വെറും എഴുത്തു കുത്താക്കി ആ ദാമ്പത്യത്തെ പരിമിതപ്പെടുത്തി. രണ്ടു ദേശങ്ങള്‍, സംസ്‌ക്കാരങ്ങള്‍ എന്നീവ്യത്യസ്തതകളൊന്നും തടസ്സങ്ങളായി അവര്‍ക്കിടയില്‍ കടന്നു വരുന്നില്ല.അവരുടെ ദാമ്പത്യത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തിനാണ് സന്ധ്യ വിധവയായി എട്ടു വയസ്സുള്ള മകനുമൊത്ത് സ്‌നേഹമയിയുടെ വീട്ടില്‍ മടങ്ങിയെത്തുന്നത്. ദാരിദ്ര്യവും അശരണത്വവും മാഷി എന്ന സംരക്ഷണ വലയവുമാണ് സന്ധ്യയെ അവിടെയെത്തിക്കുന്നത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് അവിവാഹിത യുവതിയായെത്തിയ സന്ധ്യയുടെ മുഖം അയാള്‍ കണ്ടിട്ടില്ല. ഇപ്പോള്‍ വൈധവ്യത്തിന്റെ ആ മുഖം തീരെ കാണാന്‍ പറ്റാത്തതായി. എങ്കിലും മെല്ലെ മെല്ലെ അവള്‍ അയാളുടെ ജീവിതത്തില്‍ അബോധമായി ഇടപെട്ടു തുടങ്ങുന്നു. അത് അയാള്‍ മനസ്സിലാക്കുന്നുമുണ്ട്. എന്നാല്‍ അത് സ്‌നേഹം തന്നെയാണോ, അതാണോ സ്‌നേഹം എന്നൊന്നും അയാള്‍ക്കറിയില്ല. സന്ധ്യയും മാഷിയും അതിനെ കടമയെന്നാവും വിളിക്കുന്നത്. സാമീപ്യമുള്ളിടത്ത് സ്‌നേഹം നല്കാനാവാതെയും സ്‌നേഹമുള്ളിടത്ത് സാമീപ്യമില്ലാതെയുമുള്ള അവസ്ഥയിലാണ്സ്‌നേഹമയി. മിയാഗി
രോഗിണിയാണെന്ന് എഴുത്തിലൂടെ അറിഞ്ഞ അയാള്‍ പട്ടണത്തില്‍ പോയി പല വൈദ്യന്മാരെയും കാണുകയും അവള്‍ക്ക് തപാലില്‍ മരുന്നുകള്‍ അയച്ചു കൊടുക്കുകയും ചെയ്യുന്നു. രോഗം എന്നത് ശരീരത്തിന്റെ ഒരവസ്ഥയാണ്. ശരീരത്തിന്റെ പ്രത്യക്ഷ സാന്നിദ്ധ്യത്തിലൂടെ രോഗനിര്‍ണ്ണയം നടത്താതെ അതിനു ശുശ്രൂഷ വിധിക്കാന്‍ ഒരു ഭിഷഗ്വരനുമാവില്ല. എങ്കിലും താനൊരിക്കലും കാണുകയോ, സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ലാത്ത മിയാഗിയുടെ ശരീരത്തെ വാക്കുകള്‍ കൊണ്ടാവിഷ്‌ക്കരിച്ച് പരിഹാര മരുന്നുകള്‍ തേടാനാണ് അയാള്‍ ശ്രമിക്കുന്നത്. (എഴുത്തിലൂടെ കുട്ടികളുണ്ടാവില്ല എന്ന് മാഷി മുമ്പൊരിക്കല്‍ അയാളെ കളിയാക്കുന്നുണ്ട്) മിയാഗിയുടെ രോഗം അര്‍ബുദമാണെന്ന് മനസ്സിലാക്കി പട്ടണത്തില്‍ പോയി ഒരു വിദഗ്ധ ഡോക്ടറെ കണ്ടു മഴ നനഞ്ഞ് അവശനായി മടങ്ങിയെത്തിയ അയാള്‍ പനിയും ന്യുമോണിയയും ബാധിച്ച് കിടപ്പിലായി. സന്ധ്യ ഉറക്കമൊഴിച്ചിരുന്ന് ശുശ്രൂഷിച്ചുവെങ്കിലും അവളുടെ സാന്നിധ്യം കൊണ്ടുമാത്രം മരണത്തെ തടഞ്ഞു നിര്‍ത്താന്‍ പറ്റുമായിരുന്നില്ല. അതിന് മരുന്നുകള്‍ വേണമായിരുന്നു. അത് പട്ടണത്തിലാണുള്ളത്. അതിശക്തമായ മഴയില്‍ നദിയില്‍ വെള്ളം പൊങ്ങി ഗതാഗതം മുടങ്ങിയതിനാല്‍ പട്ടണത്തില്‍ പോയി മരുന്നു വാങ്ങാനാളില്ലാതെ അയാള്‍ മരണത്തിനു കീഴ്പ്പെട്ടു. മരണക്കിടക്കയിലും അയാള്‍ മിയാഗിയുടെ കത്ത് പ്രതീക്ഷിച്ചു. സിനിമയുടെ സര്‍റിയലിസ്റ്റിക്ക് അന്ത്യ രംഗത്തില്‍, വെള്ളസാരിയണിഞ്ഞ് വെള്ളക്കുടയും ചൂടി തലമുണ്ഡനം ചെയ്ത മിയാഗി പുഴ കടന്ന് സ്‌നേഹമയിയുടെ വീട്ടിലെത്തുന്നുണ്ട്.ഒരു പക്ഷെ,രോഗിണിയെന്ന നിലയിലോ വിധവയെന്ന നിലയിലൊ മുണ്ഡനം ചെയ്യപ്പെട്ടതാകാം അവളുടെ ശിരസ്സ്.അല്ലെങ്കില്‍ അതൊരു അസംബന്ധ കാഴ്ചയുമാകാം.
സാങ്കേതിക സൗകര്യങ്ങള്‍ ഏറെ വികസിച്ച ഇക്കാലത്ത് മിയാഗിയുടേയും സ്‌നേഹമയിയുടേയും ഈ വിധത്തിലുള്ള പ്രണയവും മരണവും അസംഭവ്യമാണ്. ദീര്‍ഘദൂരം താണ്ടിയാണ് സ്‌നേഹമയി പട്ടണത്തില്‍ ചെന്ന് മിയാഗിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ലൈന്‍ തകരാര്‍ മൂലം പലപ്പോഴും അവര്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ സാധ്യമാവുന്നില്ല. കത്തുകളുമായെത്തുന്ന പോസ്റ്റ്മാനും, അത് കാത്തിരിക്കുന്ന സമൂഹവും ഇന്ന് അപ്രസക്തമാണ്. പ്രണയത്തിന്റെ മാധ്യമം ഇന്ന് കത്തുകളല്ലാതായിക്കഴിഞ്ഞിരിക്കുന്നു.
മൂന്നു വിധവകളുടെ കഥ
പ്രണയംപോലെ തന്നെ വൈധവ്യവും ഒരവസ്ഥയാണ്. ഒരു സിന്ദൂരക്കുറിതൊട്ട് സീമന്തിനിയാവാനും വെള്ളവസ്ത്രമണിഞ്ഞ് വിധവയാവാനും സാധിക്കും പോലെ ‘ലളിത‘മാണത്.എന്നാല്‍ ബാഹ്യമായ ഈ അണിയലുകള്‍ പോലെ അത്ര ലളിതമല്ല അതിലെ ആന്തര ജീവിതം. a love poem എന്നാണ് അപര്‍ണസെന്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നതെങ്കിലും മാഷി, സന്ധ്യ, മിയാഗി എന്നീ മൂന്നു വിധവകളാണ് ഈ ചിത്രത്തില്‍ നിറഞ്ഞു നില്ക്കുന്നത്. വിധവകള്‍ ഏതു നാട്ടിലും ഒരേ മനസ്സ് പങ്കുവെക്കുമെന്നതിന്റെ സാക്ഷ്യ്മായാണ് അതുവരെയും കാണാത്ത മിയാഗിയെ സന്ധ്യ തിരിച്ചറിഞ്ഞ് സ്‌നേഹമയി ഒരു ഓര്‍മ്മയായിക്കഴിഞ്ഞ വീട്ടിലേക്ക് ആനയിക്കുന്നത്. ആചാരങ്ങളാല്‍ ബന്ധിതമായ ഒരു ഇന്ത്യന്‍ വിധവയുടെ ജീവിതമെന്തെന്നും ഈ ചിത്രം രേഖപ്പെടുത്തുന്നു. സന്ധ്യക്ക് മകന്റെ ചരടുകെട്ടല്‍ ചടങ്ങുകളാണ് പുറത്തിറങ്ങാനും സ്‌നേഹമയിയോടൊത്തു സഞ്ചരിക്കാനും വഴിയൊരുക്കുന്നത്. മകന്റെ ചില ഇംഗിതങ്ങളാണ് സ്‌നേഹമയിയെ പട്ടം പറത്തല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതും ആകാശത്തില്‍ ഉയരുന്ന പട്ടങ്ങള്‍ക്കൊപ്പം മനസ്സും പറത്താന്‍ സന്ധ്യക്ക് സഹായകമാവുന്നതും. മിയാഗി സമ്മാനമായി അയച്ച പട്ടങ്ങളാണതെന്നതാണ് മറ്റൊരു കൗതുകം.നമുക്കൊരു മകനുണ്ടായാല്‍ അവനു പറത്താനുള്ള പട്ടങ്ങളെന്നു പറഞ്ഞാണ് അവളത് അയച്ചുകൊടുക്കുന്നത്. പട്ടങ്ങള്‍ ഉയരത്തില്‍ പറക്കുമ്പോള്‍ താഴെ നില്‍ക്കുന്ന ഓരോരുത്തരും ഏതേതെല്ലാം ഉയരങ്ങളിലാണ് പറക്കുന്നതെന്ന് സിനിമ കാണിച്ചു തരുന്നുണ്ട്.
അശരീരി പ്രണയം
‘ശരീരമാദ്യം ഖലു ധര്‍മ സാധന..’എന്ന് ഭാരതീയ വൈദ്യ ശാസ്ത്ര ചിന്തയില്‍ പറയുന്നത് ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ശരീരം നിലനില്‍ക്കേണ്ടതിന്റെ ആവശ്യം വിശദീകരിക്കാനാണ്.
ആധുനികതയുടെ കാലത്തെ പ്രമേയങ്ങളിലൊന്ന് ശരീര സാന്നിധ്യം വേണ്ടാത്ത പ്രണയമായിരുന്നു.കാലപനികതയുടെ കാലത്തും അതങ്ങനെ ത്തന്നെയായിരുന്നു. കുമാരനാശാന്റെ ‘നളിനി‘യില്‍ പ്രണയത്തിന്റെ പേരില്‍ നളിനി ശരീരത്തെത്തന്നെ വെടിയുന്നു. അതിനുമുമ്പൊരിക്കല്‍ ദിവാകരനെ തനിക്കു നഷ്ടപ്പെടുമെന്നറിഞ്ഞ അവള്‍ ശരീരം വെടിയാനൊരുങ്ങുന്നുണ്ട്. എന്നാല്‍ ഒരു യോഗിനി അവളെ മുടിപിടിച്ചുയര്‍ത്തി രണ്ടാം ജന്മത്തിലേക്കു നയിക്കുന്നു. ( എത്തിയെന്‍ കചഭരം പിടിച്ചുനി/ന്നത്ര കാന്തിമതിയേകയോഗിനി.) പുതിയ കാലത്ത് ശരീര നിഷേധിയായ പ്രണയം ഏറെക്കൂറെ അസ്തമിച്ചുവെങ്കില്‍ അത് അതിന്റെ സത്യസന്ധതയെ അടയാളപ്പെടുത്തുന്നു. മറന്നു പോയ ശരീരത്തെ പ്രണയം കണ്ടെത്തുന്നതുമാവാം. ശരീരത്തിനു പ്രാധാന്യം കൈവന്ന ഒരു കാലത്തില്‍ നിന്നുകൊണ്ടാണ് അത് അപ്രധാനമായിരുന്ന ഒരു കാലത്തിലുള്ള പ്രണയത്തെ നാം വിലയിരുത്തുന്നത്. കാഴ്ചയുടെ ഈ ഒരു ദൃഷ്ടിസ്ഥാനത്തു നില്‍ക്കുന്നതിനാലാകാം ശരീരം വലിയൊരു സാന്നിധ്യമായി ഈ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്.പട്ടണത്തില്‍ വെച്ച് തന്നെ സമീപിക്കുന്ന വേശ്യകളെ സ്നേഹമയി ഗൌനിക്കുന്നില്ല.മറ്റൊരാള്‍ക്കും പകുക്കാനുള്ളതല്ല തന്റെ ശരീരമെന്നയാള്‍ വിശ്വസിക്കുണ്ടാകണം.അതുകൊണ്ടാണയാള്‍ ആളൊഴിഞ്ഞ തോണിയില്‍ വെച്ച് സ്വയം ഭോഗത്തിന്റെ ആത്മപ്രണയം ആസ്വദിക്കുന്നത്.
പ്രണയത്തിന്റെ ശരീര സാന്നിധ്യവും ആത്മീയ സാന്നിധ്യവും സന്ധ്യയും മിയാഗിയും ചേര്‍ന്ന് പ്രതിനിധീകരിക്കുന്നുണ്ട്. സാന്നിധ്യമുളളിടത്ത് പ്രണയമില്ല, പ്രണയമുള്ളിടത്ത് സാന്നിധ്യമില്ല എന്ന അവസ്ഥ. എന്നാല്‍ ഇത് പ്രണയം, സാന്നിധ്യം എന്നീ വാക്കുകളെ വീണ്ടും പ്രശ്‌നവല്‍ക്കരിക്കുന്നു. എന്താണ് സാന്നിധ്യം? അത് ഭൗതികമായ സാന്നിധ്യവും സ്പര്‍ശവുമാണോ? എഴുത്തിലൂടെയും, സംഭാഷണങ്ങളിലൂടേയും, സമ്മാനങ്ങളിലൂടെയുമുള്ള സാന്നിധ്യം മറ്റൊന്നാണോ? അതുപോലെ പ്രണയമെന്നത് നമ്മള്‍ സങ്കല്‍പിക്കുന്ന ഒരു മാനസികാവസ്ഥയാണോ? പ്രകടിപ്പിക്കാത്ത പ്രണയം അസംഭാവ്യതയാണോ? ശരീരത്തിന്റെ നിരന്തര സാന്നിധ്യത്തിലൂടെ ഒരാള്‍ മറ്റൊരാളോട് ലിപിയില്ലാത്ത ഭാഷയില്‍ പറയുന്ന കാര്യങ്ങള്‍ പ്രണയമാകാതെ വരുമോ?
'സാന്നിദ്ധ്യം' സന്ധ്യക്കും 'പ്രണയം' മിയാഗിക്കുമാണ് സ്‌നേഹമയി യില്‍ നിന്നു ലഭിച്ചത്. സന്ധ്യയുമായി സംഭവിച്ചു പോവുന്ന അടുപ്പത്തെക്കുറിച്ച് ഓരോഘട്ടത്തിലും അയാള്‍ മിയാഗിയെ എഴുതി അറിയിക്കുന്നുണ്ട്. സത്യസന്ധനായ കാമുകന്‍/ഭര്‍ത്താവ് എന്ന സ്ഥാനം നിലനിര്‍ത്താനാണ് അയാളുടെ ശ്രമം. സന്ധ്യയുമായി അടുക്കുന്നത് മിയാഗിയുമായുള്ള അകല്‍ച്ചയാകുമെന്ന് അയാള്‍ കരുതുന്നു. ശരീരത്തോടടുക്കുന്നത് ആത്മാവില്‍ നിന്നുള്ള അകലം കൂട്ടുമെന്ന വിശ്വാസത്തിന്റെ കാലത്തു ജീവിച്ചതാണയാള്‍. എഴുത്തിലൂടെ മാത്രം പ്രണയവും ദാമ്പത്യവുമറിഞ്ഞ സ്‌നേഹമയിക്ക് സന്ധ്യയുടെ സാന്നിദ്ധ്യം ഒരു വ്യത്യസ്താനുഭവമാണ്. വീട്ടുകാര്യങ്ങളിലുള്ള ശ്രദ്ധ, ഒരുമിച്ചുള്ള യാത്ര, ഒരു വീട്ടില്‍ ഒരുമിച്ചുള്ള വാസം എന്നിങ്ങനെ ദൈനംദിന ജീവിതത്തിലെ അപ്രധാനവും അതിസാധാരണവുമായ കാര്യങ്ങളിലൂടെയാണ് സന്ധ്യ സ്വന്തം സാന്നിധ്യം വെളിപ്പെടുത്തുന്നത്. സ്‌നേഹമയി ശ്രദ്ധിക്കാന്‍ മറന്ന ഇരുട്ടു മൂലകളായിരുന്നുഅതൊക്കെ. ഭാവനാ ജീവിതവും പ്രായോഗിക ജീവിതവും തമ്മിലുള്ള അന്തരം സ്‌നേഹമയിയെ സന്ധ്യ നിഷ്പ്രയാസം പഠിപ്പിക്കുന്നുണ്ട്. സ്നേഹമയിക്കൊപ്പം പട്ടണത്തിലെത്തിയ സന്ധ്യ ചിലവുകുറഞ്ഞ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളൊക്കെ എളുപ്പം കണ്ടെത്തുന്നു. സ്‌നേഹമയിക്ക് ലഭിക്കാതെപോയ കുടുംബം എന്ന പ്രയോഗിക ഘടനയെ പൂരിപ്പിച്ചത് സന്ധ്യയും അവളുടെ മകനും‍ചേര്‍ന്നാണ്. മകന്‍ എന്ന സ്ഥാനവും അവനിലൂടെ ഭാഗികമായി നിറവേറ്റപ്പെടുന്നു.(പുത്രനില്ലതെ മരിച്ച സ്നേഹമയി വിശ്വാസമനുസരിച്ച് ‘പുത്’ എന്ന നരകത്തിലെത്തേണ്ടതാണ്.) പട്ടംപറത്തല്‍ മത്സരം തന്നെ അവനു വേണ്ടിയാണ്. സമൂഹവുമായി ഒരു ബന്ധം ഉണ്ടാക്കാന്‍ അയാള്‍ക്കു കഴിയുന്നതും പട്ടം പറത്തലിലൂടെയാണ്. മത്സരം വളരെ പെട്ടെന്ന് ജപ്പാനും ഇന്ത്യയും തമ്മിലുള്ള മത്സരമായി മാറുന്നു. അങ്ങിനെയാണ് രണ്ട് ദേശാതിര്‍ത്തികള്‍ സിനിമയില്‍ കടന്നു വരുന്നത്. പ്രണയം അത്തരമൊരതിര്‍ത്തിയെ പരിഗണിക്കുന്നില്ല.
വിനിമയത്തിന്റെ പ്രശ്‌നങ്ങള്‍
ഭാഷ തന്നെ ഈ ചിത്രത്തില്‍ ഒരു പ്രമേയമാണ്. സ്‌നേഹമയിയും മിയാഗിയുംആശയവിനിമയത്തി നുപയോഗിക്കുന്നത് അന്യഭാഷയായ ഇംഗ്ലീഷാണ്. എഴുത്തിലൂടെ തങ്ങള്‍ക്ക് പരമാവധി ആശയവിനിമയം സാധ്യമാവുന്നുണ്ടെന്ന് അവര്‍ കരുതുന്നുണ്ടെങ്കിലും പലപ്പോഴുംഉചിതമായ വാക്കുകള്‍ കണ്ടെത്തുന്നതിന് നിഘണ്ടുവിന്റെ സഹായം തേടേണ്ടി വരുന്നു. എന്നാല്‍ നേരിട്ടു സംസാരിക്കാന്‍ പലപ്പോഴും അവര്‍ക്കാവുന്നില്ല. പറയാന്‍ തുടങ്ങുമ്പോഴേക്കും ഫോണ്‍ തകരാറിലാവും. ഫോണ്‍ ശരിയാണെങ്കില്‍ പറയാനുള്ളത് പുറത്തുവരില്ല. മിയാഗിയുടെ ശരീരം എന്ന ബോധ്യത്തിലേക്ക് സ്‌നേഹമയി എത്തിച്ചേരുന്നത് അവള്‍ക്കു രോഗമാണെന്നു മനസ്സിലാവുമ്പോഴാണ്.അതിന്റെ നേര്‍ഭാഷ മനസ്സിലാക്കുന്നത് സന്ധ്യയിലൂടെയും. അതുവരെയും ശരീരം അവര്‍ക്കിടയില്‍ ഒരു വിനിമയോപാധിയാവുന്നില്ല.
ശരീരം കൊണ്ട് ഏറെ ആശയവിനിമയം നടത്തുന്ന രണ്ടാളുകള്‍ മാഷിയും സന്ധ്യയുമാണ്. മാഷി ശരീരം കൊണ്ട് ഏറെപ്പറയുന്നു. വാക്കുകൊണ്ടും പറയാനുള്ള സ്വാതന്ത്ര്യം പ്രായം അവര്‍ക്കു നല്‍കിയിട്ടുണ്ട്. എന്നാല്‍ സന്ധ്യ വാക്കുകള്‍ വളരെ കുറച്ചുപയോഗിച്ച് ശരീരം കൊണ്ട് ഏറെ ധ്വനിപ്പിക്കുന്നു. മൗനം കൊണ്ടാണ് പലപ്പോഴും അവള്‍ സംസാരിക്കുന്നത്. നോട്ടം, നേര്‍ത്ത ചിരി, ശരീര ചലനങ്ങള്‍, ശരീര സാന്നിദ്ധ്യം എന്നിവയാല്‍ പരിപൂര്‍ണ്ണമാക്കിയിരിക്കുന്നു തന്റെ ‘റോള്‍’

ഈ ആശയ വിനിമയങ്ങളെല്ലാം സിനിമ എന്ന മാധ്യമത്തില്‍ ഏതുവിധത്തില്‍ കൂട്ടിയിണക്കപ്പെട്ടു എന്നതാണ് പ്രധാനം. മിയാഗിയും സ്‌നേഹമയിയും പരസ്പരമെഴുതുന്ന കത്തുകളിലെ വാചകങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോവുന്നത്. സിനിമയുടെ അതേ മൂല ഭാഷയില്‍ ചിത്രം ആസ്വദിക്കുന്ന ഒരാള്‍ക്ക് വാമൊഴിയായി അത് അനുഭവപ്പെടും. സബ് ടൈറ്റിലുകളിലൂടെ ചിത്രം ആസ്വദിക്കുന്ന ഒരാള്‍ക്ക്, അത് എഴുത്തിലെ വാചകങ്ങളായും അറിയാം. ഇത് പലപ്പോഴും ഡോക്യുമെന്ററി സിനിമയുടെ, ഒരു ഘടന ചിത്രത്തിന് നല്‍കുന്നുണ്ട്. റിയലിസ്റ്റിക് ആഖ്യാന രീതി ചിത്രാന്ത്യത്തില്‍ സര്‍‌റിയലിസ്റ്റിക് രീതിയിലേക്ക് മാറുന്നുമുണ്ട്.ചിത്രത്തിന്റെ അവസാനത്തില്‍ മൂന്ന് വിധവകള്‍ ഒരേ ഭാഷയില്‍ ആശയ വിനിമയം നടത്തുന്നു. അത് വെള്ളവസ്ത്രം കൊണ്ടു പൊതിഞ്ഞ ശരീരത്തിന്റെ ഭാഷയാണ്. അത് അവര്‍ക്കിടയില്‍ വിനിമയശേഷി കൈവരിച്ച ഭാഷയുമാണ്. അത് സിനിമയുടെ ആഗോള ഭാഷകൂടിയാണ്.
ഭാരതീയ വിധി വിശ്വാസങ്ങളെയും കുടുംബഘടനയെയും ചിത്രം അമിതമായി സാധൂകരിക്കുന്നുവെന്നു പ്രത്യക്ഷത്തില്‍ തോന്നാം.അതു ശരിയുമാണ്.ഭൂതകാലത്തെ അക്കാലത്തെ പണിയായുധങ്ങള്‍ കൊണ്ടാണ് അപര്‍ണ്ണസെന്‍ പണിതെടുക്കുന്നത്. പുതിയകാലത്തിന്റെ വൈരുധ്യങ്ങള്‍ നമ്മുടെ മനസ്സിലാണുള്ളത്.
‘ജപ്പാന്‍ ഭാര്യ’ ‘സത്യജിത്‌റായ് സ്കൂളി’നെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ശര്‍മ്മിഷ്ട ഗുപ്തഎഴുതിയ നിരൂപണത്തില്‍ പറയുന്നു.വിദൂരമായ ബംഗാള്‍ ഗ്രാമം,ദാരിദ്ര്യം,ചിത്രത്തിന്റെ മന്ദതാളം എന്നിവയൊക്കെ അങ്ങനെ ഓര്‍മ്മിപ്പിക്കാം.അപര്‍ണസെന്‍ പറയുന്ന കഥയുടെ കാലവും ഏറെ വ്യത്യസ്തമല്ല.സ്നെഹമയിയുടെ മരണരാത്രി,പഥേര്‍പാഞ്ചാലിയിലെ ദുര്‍ഗയുടെ മരണത്തെ വിദൂരമായി ഓര്‍മ്മിപ്പിക്കും.പക്ഷെ ഒന്നുണ്ട്: അപര്‍ണ്ണസെന്‍ ഇരുപത്തൊന്നം നൂറ്റാണ്ടില്‍ നിന്നുകൊണ്ടാണ് അതുകാണുന്നത്.എന്നാല്‍ ഭൂതകാലത്തെ വര്‍ത്തമാനത്തിലേക്ക് നേരിട്ടു പ്രവേശിപ്പിക്കുന്നുമില്ല. ആവ്യത്യാസമാണ് യഥാര്‍ത്ഥത്തില്‍ ഈ ചിത്രം.
അനുബന്ധം
ടി.ഡി.ദാസന്‍ stdVI എന്ന ചിത്രം(സംവിധാനം:മോഹന്‍ രാഘവന്‍ )ഇത്തിരി വൈകിയാണ് കാണാന്‍ കഴിഞ്ഞത്.ദാസന്‍ എന്ന ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി അറിയാത്ത തന്റെ അച്ഛനെഴുതുന്ന കത്തുകളിലൂടെയും അച്ഛനായി നടിച്ച് അതിന് മറ്റൊരാളെഴുതുന്ന മറുപടികളിലൂടെയുമാണ് വ്യത്യസ്തത പുലര്‍ത്തുന്ന ഈ ചിത്രം പുരോഗമിക്കുന്നത്. എഴുത്തുകളുടെ ആശയ വിനിമയശേഷി പലവിധത്തില്‍ തുടരുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.അതോടൊപ്പം നിശ്ചിതസ്ഥലം(മേല്‍‌വിലാസം)എന്നൊരു ഘടകവും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പുതിയ കാലത്തിലും പുതിയ സ്ഥലത്തിലും(ബാംഗ്ലൂര്‍ നഗരം) നിന്നുകൊണ്ടു തന്നെയാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിട്ടുള്ളത്. അതോടൊപ്പം അത്ര ‘പുതിയ‘തല്ലാത്ത ഒരു സ്ഥലവും കാണിചുതരുന്നുണ്ട്.അവിടെ കാലവും ഇത്തിരി പഴയതാണ്.അതു കൊണ്ടാണ് എഴുത്തുകളുടെ ആശയവിനിമയ രീതി ദാസന് അവലംബിക്കേണ്ടി വരുന്നത്.അവനറിയാവുന്ന ഒരെ ഒരു രീതിയും അതു തന്നെ.രണ്ടു കാലങ്ങള്‍, രണ്ടു സ്ഥലങ്ങള്‍, അവയുടെ ആശയവിനിമയ രീതികള്‍ എന്നിവയെക്കുറിച്ചൊക്കെ ചിന്തിക്കുവാന്‍ ഈ ചിത്രം കാരണമാകുന്നു...

Sunday, September 26, 2010

ശരീരനാട്യവും നാട്യശരീരവും

ചെമ്മീനിലെ കറുത്തമ്മയെയും കള്ളിച്ചെല്ലമ്മയിലെ ചെല്ലമ്മയെയും അത്തരത്തില്‍ നിരവധി സത്രീ കഥാപാത്രങ്ങളെയും മലയാളസിനിമയിലവതരിപ്പിച്ച വിഖ്യാത നടി ഷീലയുടെ പേരില്‍ ഒരു ഫാന്‍സ്‌ അസോസിയേഷന്‍ ഇല്ലാത്ത്‌ എന്തു കൊണ്ടാണ്‌? ശാരദ, രാഗിണി, വിജയശ്രീ, ജയഭാരതി, ശാന്തികൃഷ്‌ണ, കാര്‍ത്തിക, മഞ്‌ജുവാര്യാര്‍, മീരാജാസ്‌മിന്‍, തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ നടികളിലാരുടെ പേരിലുംഫാന്‍സ്‌ അസോസിയേഷനുകള്‍ നിലവിലില്ല എന്ന്‌ ഏവര്‍ക്കുമറിയാം. ഒരു അഭിനേത്രിക്കും അങ്ങനെയൊരാനുകൂല്യം മലയാളികള്‍ നല്‍കിയിട്ടില്ല. സിനിമയും, ജീവിതവും, അത്രമേല്‍ ഇടകലര്‍ന്ന തമിഴ്‌നാട്ടില്‍ ജയലളിതയെ മുഖ്യമന്ത്രിയാക്കി ബഹുമാനിക്കുകയും ഖുശ്‌ബുവിനെ അമ്പലം പണിത്‌ ആരാധിക്കുകയും ചെയ്‌തുവെങ്കിലും, അവരുടെ ആരുടേയും പേരില്‍ ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടായില്ല.
എന്നാല്‍ തമിഴിലും മലയാളത്തിലുമൊക്കെ നായകനടന്മാരുടെ പേരില്‍ നിരവധി ഫാന്‍സ്‌ അസോസിയേഷനുകളുണ്ടെന്ന്‌ നമുക്കറിയാം. `അനശ്വരതാബോധം'എന്ന ആണധികാരത്തിന്റെ
സൂക്ഷ്‌മപ്രയോഗമാണിതെന്ന്‌ പി. എന്‍. ഗോപീകൃഷ്‌ണന്‍ അഭിപ്രായപ്പെടുന്നു. (നായകന്‍, സമകാലിക മലയാളം, ജൂലൈ 30) (സ്‌ത്രീകള്‍ക്ക്‌ ഗര്‍ഭപാത്രമുള്ളതിനാല്‍ അനശ്വരതയോട്‌ കൊതി കുറയും;എന്നാല്‍ ഗര്‍ഭപാത്രമില്ലാത്ത ആണുങ്ങള്‍ക്ക്‌ കൂടും). ഒരു സിനിമയുടെ സാമ്പത്തിക വിജയത്തെ മെച്ചപ്പെടുത്തുന്നതില്‍ ഫാന്‍സ്‌ അസോസിയേഷനുകള്‍ പങ്കുവഹിക്കുന്നുണ്ടാവാം. തങ്ങളുടെ താരത്തിന്റെ എല്ലാ ചിത്രങ്ങളെയും പ്രമോട്ടു ചെയ്യാന്‍ അവര്‍ ശ്രമിക്കുന്നുണ്ടോ?
ഏതൊക്കെ സിനിമകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം എന്ന്‌ അവര്‍ യോഗം ചേര്‍ന്ന്‌ തീരുമാനിമെടുക്കുകയാണോ? അഥവാ താരം തന്നെ ഫാന്‍സുകള്‍ക്ക്‌ അത്തരം നിര്‍ദ്ദേശങ്ങളെന്തെങ്കിലും നല്‍കുന്നുണ്ടോ? ഇതില്‍ ആദ്യത്തെ ചോദ്യത്തിന്‌ `ഇല്ല'
എന്നാണുത്തരം. മറ്റു രണ്ടു ചോദ്യങ്ങളുടെ ഉത്തരം നാം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
ഒരു താരത്തിന്റെ, ജനപ്രിയ ചേരുവകകളുള്ളതെന്ന്‌ മുന്‍കൂട്ടി നിശ്ചയിക്കുന്ന സിനിമകളല്ലാതെ മറ്റു സിനിമകള്‍
പ്രോത്സാഹിപ്പിക്കാനുള്ള യാതൊരു പരിശ്രമവും ഫാന്‍സുകാര്‍ നടത്താറില്ല എന്നതാണ്‌ അനുഭവം. (അഥവാ അത്തരം പരിശ്രമം കൊണ്ട്‌ എന്തെങ്കിലും മെച്ചം സമാന്തര സിനിമ/കലാമൂല്യമുള്ള സിനിമയ്‌ക്ക്‌ കൈവരാനുമില്ല. താരങ്ങളുടെ അഭിനയമികവ്‌ ആ സിനിമകളുടെ പ്രധാനമൂലധനം തന്നെയാണെന്ന വസ്തുത വിസ്മരിക്കുന്നില്ല.) ഫാന്‍സുകള്‍ ജനപ്രിയ സിനിമകളുടെ ലോകത്തുനിന്ന് ഉയിര്‍ കൊണ്ടതാണെന്നു വ്യക്തമാക്കുന്നതാണിത്.

താരം: വ്യക്തിത്വവും ശരീരവും
ജനപ്രിയ സിനിമകളുടെ സാമ്പത്തിക വിജയം താരമൂല്യം, സംഗീതം, നൃത്തം, സ്റ്റണ്ടുകള്‍ എന്നിങ്ങനെ സിനിമയുടെ മൊത്തം ഘടനയില്‍ ഉള്‍ചേര്‍ന്നു നില്‍ക്കേണ്ട ഘടകങ്ങളില്‍ ചിലതിന്റെ ഒറ്റ തിരിഞ്ഞ വളര്‍ച്ചയില്‍ നിന്ന്‌ സംഭവിക്കുന്നതാണ്‌. ഇവയില്‍താരമൂല്യത്തെ പൊലിപ്പിച്ചെടുക്കുക എന്നതാണ്‌ ഫാനുകള്‍ക്ക്‌ ചെയ്യാനുള്ളത്‌.
താരവ്യക്തിത്വത്തെയും താരശരീരത്തെയും, സിനിമക്ക്‌ പുറത്തേക്ക്‌ വളര്‍ത്തിയെടുക്കുന്നതിന്‌, താരത്തിന്റെ

പേരില്‍ സൗജന്യ അരിവിതരണം, രക്തദാനം, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മനുഷ്യോപകാരപ്രദമായ നിരവധി പ്രവൃത്തികള്‍ ചെയ്യുന്ന ആളായി താരത്തെ അവതരിപ്പിക്കുന്നു. കേരളത്തില്‍ ഇത്‌ മനുഷ്യന്റെ തലത്തില്‍ നില്‍ക്കുമെങ്കില്‍ തമിഴ്‌നാട്ടിലും മറ്റും ഇത്‌ ദൈവികതയോളമെത്തും. സിനിമയിലെ താരജീവിതത്തിന്റെ ഒരു നീട്ടലാണിത്‌. എന്നാല്‍ സിനിമയ്‌ക്ക്‌ പുറത്ത്‌ താരം നടത്തുന്നതായി ആരോപിക്കപ്പെടുന്ന ഈ പ്രകടനങ്ങളിലൊന്നുപോലും സിനിമയുടെ ആന്തരിക സത്തയെ വര്‍ദ്ധമാനമാക്കുന്നില്ലെന്ന്‌ ആര്‍ക്കുമറിയാം. ഗൗരവചിന്ത വേണ്ട സിനിമയിലെ ഒരു നായകരൂപത്തിന്‌ ഈ വിധം പുറത്തേക്കൊരു വളര്‍ച്ച അസാധ്യമായതിനാല്‍, ഫാന്‍സുകളുടെ ഇടപെടല്‍ അവിടെ അപ്രസക്തമായിത്തീരുന്നു.
സിനിമയുടെ അകം/പുറം എന്ന രീതിയില്‍ രൂപ്പെട്ടുകിടക്കുന്ന നായക രൂപങ്ങളുടേയും ഫാന്‍സുകളുടേയും പൊരുത്തം ജനപ്രിയ സിനിമകളുടെ ചേരുവയില്‍ നിന്നുതന്നെയാണ്‌ ഉത്‌പാദിപ്പിക്കപ്പെടുന്നതെന്ന്‌ കാണാം. കഴിഞ്ഞ പത്തിരുപത്‌ വര്‍ഷങ്ങള്‍ക്കിടയില്‍ പുറത്തുവന്ന ഇത്തരം ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഏറെയെണ്ണത്തിലും നായക കഥാപാത്രത്തെ സദാ സമയവും അനുഗമിക്കുന്നൊരു അനുയായി വൃന്ദത്തെ കാണാം. അന്യായങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ അയാളോടൊപ്പം നില്‍ക്കുന്നവരാണവര്‍. നായകന്‌ മദ്യം പകര്‍ന്നുകൊടുക്കുക, വാഹനമോടിക്കുക, അയാള്‍ പറയുന്ന തമാശകള്‍ കേട്ട്‌ ചിരിക്കുക, പരിഹാസത്തിന്‌ പാത്രമായി നില്‌ക്കുക, അയാള്‍ ക്കുവേണ്ടി തല്ലുകൊള്ളുക ഇത്യാദി കാര്യങ്ങളാണ് അവര്‍ക്ക്‌ ചെയ്യാനുള്ളത്‌. നായകനേക്കാള്‍ ബുദ്ധിയും പ്രാപ്‌തിയും കായികബലവും പക്വതയും കുറഞ്ഞവരാണവര്‍. നായകന്റെ സാന്നിദ്ധ്യത്തെ ഒരാഘോഷമാക്കി മാറ്റുകയും അയാളുടെ അസാന്നിദ്ധ്യത്തില്‍ ആ ശൂന്യത പൂരിപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍. (എന്നാല്‍ ആദ്യ മലയാള സിനിമകളില്‍ ഇത്തരത്തിലുള്ള ഒരു വൃന്ദം ഉണ്ടായിരുന്നില്ല. നായകന്റെ സുഹൃത്തുക്കളായി ഒന്നോ രണ്ടോ പേര്‍ മാത്രം.) സിനിമയിലെ അനുയായി വൃന്ദം അതിനുള്ളില്‍ പെരുപ്പിച്ചെടുക്കുന്ന നായകരൂപത്തെ സിനിമയ്‌ക്കു പുറത്തേക്ക്‌ വികസിപ്പിച്ചതാണ്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍.
ജനപ്രിയ സിനിമയുടെ നായകരൂപത്തിന്റെ ഘടനക്കത്തുനിന്നുതന്നെയാണ്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ ഉടലെടുക്കുന്നത്‌ എന്ന കാരണത്താല്‍ നായികമാരുടെ പേരിലോ, നായകേതര പുരുഷന്മാരുടെ പേരിലോ ഒരു ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാവുക സാധ്യമല്ല. നായികയോടൊപ്പം

അടിപിടിയുണ്ടാക്കുകയും ആര്‍ത്തുല്ലസിക്കുകയും ചെയ്യുന്ന ഒരു പെണ്‍കൂട്ടം നമ്മുടെ സിനിമയിലില്ല. സമീപകാലത്തിറങ്ങിയ കാമ്പസ്‌ ചിത്രങ്ങളിലും മറ്റും ധിക്കാരികളായ പെണ്‍കുട്ടികളെ കണ്ടേക്കാമെങ്കിലും അവര്‍ ഇടവേളക്കു മുന്‍പായി കഥാഘടനയില്‍ നിന്ന്‌ പുറത്താക്കപ്പെടുകയോ പൊതുസാമൂഹ്യ ഘടനയ്‌ക്ക്‌ കീഴ്‌പ്പെടുകയോ ചെയ്‌തിരുക്കും. പിന്നീട്‌ മിക്കവാറും ഒറ്റയ്‌ക്കാണ്‌ നായികയുടെ പൊരാട്ടം. അടുത്തകാലം വരെയും നായികയ്‌ക്കും ഒന്നോ, രണ്ടോ കൂട്ടുകാരകളെ ഉണ്ടായിരുന്നുള്ളൂ. കള്ളിച്ചെല്ലമ്മയ്‌ക്കും കറുത്തമ്മയ്‌ക്കുമൊപ്പം വലിയൊരു സ്‌ത്രീ സമൂഹം ആദ്യവസാനമുണ്ടായില്ല. സിനിമയുടെ പര്യവസാനത്തില്‍, സര്‍വ്വവിജയിയായി നില്‍ക്കുന്ന നായകനോടൊപ്പം ഗ്രൂപ്പ്‌ ഫോട്ടോയില്‍ അണിനിരക്കാന്‍ തുടക്കം മുതലേയുള്ള അനുയായി വൃന്ദമുണ്ടാവും. നായികയ്‌ക്ക്‌ അത്തരമൊരു വിജയം അസംഭാവ്യമാകയാല്‍ ഗ്രൂപ്പ്‌ ഫോട്ടോയുടെ ആവശ്യം വരുന്നില്ല. ഒറ്റപ്പെട്ട നായികാ വിജയങ്ങളിലാകട്ടെ, അതിന്റെ അവകാശിയായി കൂടെ നായകനുമുണ്ടാകും. കുടുംബത്തിലെന്നപോലെയാണ്‌ സിനിമയിലും കാര്യങ്ങള്‍. നടികളുടെ താരവ്യക്തിത്വം സിനിമകള്‍ക്കകത്തു മാത്രം പ്രവര്‍ത്തനക്ഷമമാക്കുമ്പോള്‍, നടന്റേത്‌ സിനിമക്ക്‌ പുറത്തേക്കും വ്യാപിക്കുന്നു.

ഒരു കാലത്തിന്റെ നായികമാര്‍.
എന്തുകൊണ്ടാണ്‌ നായികാ നടിയുടെ പേരില്‍ ഒരു സിനിമ അറിയപ്പെടാത്തതെന്നുള്ള ചോദ്യത്തിനുള്ള ഉത്തരവും ഇതിലടങ്ങിയിട്ടുണ്ട്‌. നായികമാര്‍ മികച്ച അഭിനയം കാഴ്‌ചവച്ച ചിത്രങ്ങളിലൊന്നുപോലും അവരുടെ പേരിലല്ല അറിയപ്പെടുന്നത്‌. ആദ്യ കാല ചിത്രങ്ങളില്‍ സത്യന്‍, മധു, നസീര്‍, തുടങ്ങിയവര്‍ക്കൊക്കെയാണ്‌ അതിന്റെ ക്രഡിറ്റ്‌ ലഭിച്ചത്‌. ഓര്‍മ്മകളിലെങ്കിലും നമ്മുടെ നായികമാരുടെ അഭിനയത്തിന്റെ അനുപാത ക്രമത്തോട്‌ നീതി പുലര്‍ത്തണമെന്ന്‌ നമുക്ക്‌ തോന്നിയിട്ടില്ല.
ആദ്യകാലസിനിമകള്‍ നടികളുടെ പേരില്‍ അറിയപ്പെട്ടില്ലെങ്കിലും അവരുടെ അഭിനയമികവ്‌
ആദരിക്കപ്പെട്ടിരുന്നു . ഇക്കാലത്ത്‌ പ്രധാന താരശരീരങ്ങള്‍ തിരശ്ശീലയും നിറഞ്ഞ്‌ പുറത്തേക്ക്‌ വലുതായി ക്കൊണ്ടിരിക്കുമ്പോള്‍ നായികമാരട ക്കമുള്ള മറ്റു നാട്യശരീരങ്ങള്‍ മൂലകളിലേക്ക്‌ മാറ്റി നിര്‍ത്തപ്പെടുന്നു. എന്നാല്‍ നായക ശരീരങ്ങളുടെ ഭീഷണ സാന്നിദ്ധ്യമില്ലാത്ത ചില ചിത്രങ്ങളെങ്കിലും മലയാളത്തില്‍ നായികമാരുടെ പേരിലറിയപ്പെടുകയുണ്ടായി. അഭിലാഷ, സില്‍ക്ക്‌സ്‌മിത, ഷക്കീല തുടങ്ങിയ ചില നടികള്‍ക്കാണ്‌ ഇങ്ങനെയൊരാദരവ്‌ ലഭിച്ചതെന്നത്‌ ഒരു ഐറണിയായി തോന്നാം. ആ ചിത്രങ്ങളുടെ പ്രമേയവും, അവയില്‍ നടിമാരവതരിപ്പിച്ച കഥാപാത്രങ്ങളുടെ സ്വഭാവവും ഏവര്‍ക്കുമറിയാം. മികച്ച ഒരു നായക നടന്‍ അത്തരം ചിത്രങ്ങളില്‍ ഉണ്ടാകാതിന്നതിനാലും, അതിന്റെ ആവശ്യകത ഇല്ലാതിരുന്നതിനാലും, അവര്‍ക്ക്‌ നടികളുടെ സാന്നിധ്യത്തെ പാര്‍ശ്വവത്‌ക്കരിക്കാന്‍ കഴിഞ്ഞില്ല. ഈ നടികളാവട്ടെ തങ്ങളുടെ നാട്യശരീരം കൊണ്ട്‌ ഒരു ആണ്‍ സമൂഹത്തെ ഒന്നടങ്കം നായന്മാരാക്കി എതിരില്‍ നിര്‍ത്തി. അങ്ങനെ അവര്‍ ഒരു കാലത്തിന്റെ, ഒരു സമൂഹത്തിന്റെ ആകെ നായികമാരായി.
ഇരുപത്തിയഞ്ചുവര്‍ഷത്തിലേറെക്കാലമായി മലയാളി ജീവിതത്തെ ഭിന്ന രീതിയില്‍ ആവിഷ്‌ക്കരിച്ചുകൊണ്ട്‌ നായകനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ ഈ രംഗത്ത്‌ തുടരുന്നതിനാല്‍ അവരുടെ അഭിനയം കാണാന്‍ മാത്രം ഒരാള്‍
സിനിമ കാണുന്നുണ്ടാവാം. മമ്മുട്ടിയും, മോഹന്‍ലാലും ചേര്‍ന്നാല്‍ അവതരിപ്പിക്കാവുന്ന കേരളീയ യാഥാര്‍ത്ഥ്യങ്ങളെ ഉള്ളൂ എന്നുമാവാം. ഇത്‌ സിനിമയും സമൂഹവും തമ്മിലുള്ള ഒരു ഉടമ്പടിയാണ്‌. `നിങ്ങളില്ലാതെ എനിക്കെന്താഘോഷം.'എന്ന്‌
മോഹന്‍ലാല്‍ ചോദിക്കുന്നത്‌ ഫാന്‍സിനോടുമാത്രമല്ല; കേരളത്തോടു മുഴുവനുമാണ്‌. അത്‌ തിരിച്ചിട്ടാല്‍ `ഞാനില്ലാതെ നിങ്ങള്‍ക്കെന്താഘോഷം' എന്നാവും.
സിനിമക്കത്തും പുറത്തും അധികാരരൂപമായി മാറാന്‍ കഴിയാത്തവരാണ്‌ നായകേതര നടന്മാരും നടികളും. അവര്‍ക്ക്‌ സ്വന്തം വിജയങ്ങളില്ല. വിജയങ്ങളുടെ പങ്കുപറ്റലും . പിന്നെ പരാജയങ്ങളും മാത്രമേയുള്ളൂ. ആരാണ്‌ അവരുടെ ഫാനാവുക?-
(കടപ്പാട്:സമകാലിക മലയാളം വാരിക) ഈ കുറിപ്പ് ഇവിടെയും വായിക്കാം

Thursday, August 19, 2010

കുട്ടിസ്രാങ്ക്:മുങ്ങിമരിച്ച ഭൂലോകസുന്ദരന്‍

മുങ്ങി മരിച്ച ഭൂലോകസുന്ദരന്‍ (The handsomest drowned man in the world)എന്ന പേരില്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കെസിന്റെ ഒരു കഥയുണ്ട്‌. ഗ്രാമത്തിലെ കടപ്പുറത്തടിഞ്ഞ അജ്ഞാത ജഡം കുട്ടികളാണ്‌ ആദ്യം കണ്ടത്‌. മുതിര്‍ന്നവരെത്തി പരിശോധിച്ചപ്പോള്‍ ഏതു മൃതശരീരത്തേക്കാളും ഭാരമേറിയതാണതെന്നു മനസ്സിലായി. ഗ്രാമത്തിലെ സ്‌ത്രീകള്‍ മൃതദേഹം സംസ്‌ക്കരിക്കാനുള്ള തയ്യാറെടുപ്പിനിടെഅതിന്റെ ശരീരവടിവുകള്‍ കണ്ട്‌ ആശ്ചര്യപ്പെട്ടു. മുങ്ങിമരിച്ച മറ്റുള്ളവരെപ്പോലെ മുഖത്ത്‌ഏകാന്തതാഭാവമില്ലാത്തതിനാല്‍ അന്തസ്സോടെയാണയാള്‍ മരിച്ചതെന്ന്‌ അവര്‍ തീര്‍ച്ചപ്പെടുത്തുന്നു. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക്‌ ഒരായുസ്സുകൊണ്ട്‌ സാധിക്കാത്തത്‌. അയാള്‍ക്ക്‌ ഒറ്റ രാത്രികൊണ്ടാവുമെന്ന്‌ അവര്‍ കണക്കു കൂട്ടി. അയാള്‍ ഉയരം കൂടിയവനും കരുത്തനുമാണ്‌. അയാളുടെ ഭാര്യ ലോകത്തിലേറ്റവും സൗഭാഗ്യവതിയായിരിക്കും. ഗ്രാമത്തിലെ മുതിര്‍ന്ന സ്‌ത്രീകളിലൊരാള്‍ അയാളെ `എസ്‌തബാന്‍' എന്ന പേര്‌ വിളിക്കുന്നു. ഗ്രാമവാസികള്‍ ചേര്‍ന്ന്‌ ഒരു കുടുംബത്തെ അയാളുടെ ബന്ധുക്കളായി തെരഞ്ഞെടുക്കുന്നു. മരിച്ചു പോയെങ്കിലും അയാള്‍ വീണ്ടും വരുമെന്നവര്‍ കരുതുന്നു. അയാള്‍ക്ക്‌ ഇഷ്‌ടമുള്ളപ്പോള്‍ വരാന്‍ വേണ്ടി ശരീരം നങ്കുരത്തില്‍ കെട്ടി താഴ്‌ത്തേണ്ടതില്ലെന്നവര്‍ തീരുമാനിച്ചു. എസ്‌തബാന്‌ എളുപ്പം കടന്നുവരാന്‍ പറ്റുന്ന വിധത്തില്‍ വീടുകള്‍ക്ക്‌ വലുപ്പം വേണമെന്നും അവ പെയിന്റ്‌ ചെയ്യണമെന്നും പൂച്ചെടികള്‍ നട്ടുപിടിപ്പിക്കണമെന്നും അവര്‍ തീരുമാനിക്കുന്നു.കാലങ്ങള്‍ക്കുശേഷം അവിടെ നങ്കൂരമിടുന്ന ഒരു കപ്പലില്‍ നിന്നിറങ്ങുന്ന കപ്പിത്താന്‍ നിറയെ പൂചൂടിനില്‍ക്കുന്ന ആ ഗ്രാമത്തെ ചൂണ്ടി പതിനാലു ഭാഷകളില്‍ ഇങ്ങനെ പറയും:“അങ്ങോട്ടു നോക്കൂ.കാറ്റ് നിശ്ചലമായതും സൂര്യന്‍ എപ്പൊഴും ജ്വലിച്ചുനില്‍ക്കുന്നതിനാല്‍ സൂര്യകാന്തികള്‍ എങ്ങോടു തിരിയണമെന്നറിയാതെ കുഴങ്ങുകയും ചെയ്യുന്ന ഇടം.അതാണ് എസ്തബാന്റെ ഗ്രാമം.“
മാജിക്കല്‍ റിയലിസം എന്ന സങ്കേതത്തിലെഴുതപ്പെട്ടതാണ്‌ മാര്‍ക്കെസിന്റെ ഈ കഥയും. മാജിക്കല്‍ അംശങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ഇടകലര്‍ത്തി ഉപയോഗിക്കുമ്പോള്‍, യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ ആഴത്തില്‍ അറിയാനാകുമെന്നതാണ്‌ മാജിക്കല്‍ റിയലിസം മുന്നോട്ടുവെക്കുന്ന പ്രധാന ആശയം‌. മാര്‍ക്കെസിന്റെ കഥയില്‍ മരിച്ചവന്റെ ശരീരത്തിലൂടെ അവര്‍ ഒരു പ്രദേശത്തിലും കാലത്തിലുമെത്തുന്നു. ശാരീരിക മേന്മകള്‍ വ്യക്തിത്വ വിശേഷങ്ങളായി പരാവര്‍ത്തനം ചെയ്യപ്പെടുന്നു.മരിച്ചവന്‍ആരെന്നതും എവിടത്തുകാരനെന്നതും അപ്രസക്തമാക്കിക്കൊണ്ട് ആ ഗ്രാമവാസികള്‍ ആരോപിക്കുന്നതായിത്തീരുന്നു അയാളുടെ ജീവിതം.
ഷാജി. എന്‍. കരുണ്‍ സംവിധാനം ചെയ്‌ത കുട്ടിസ്രാങ്ക്‌ എന്ന ചിത്രം കണ്ടപ്പോള്‍ മാര്‍ക്കേസിന്റെ ഈ കഥ ഓര്‍മ്മയിലെത്തി. ഏറ്റവും സമ്മോഹനമായ വേഷത്തിലാണ്‌ ഈ ചിത്രത്തിലെ സ്രാങ്ക്‌ മരിച്ചു കിടക്കുന്നത്‌. പിന്നെ പലരുടേയും ആഖ്യാനങ്ങളിലൂടെ അയാള്‍ സ്ഥലവും കാലവുമായി വളരുന്നു. മാര്‍ക്കെസിന്റെ കഥയിലെപ്പൊലെ സ്‌ത്രീകളുടെ വിവരണങ്ങളില്‍ കൂടിയാണ്‌ സ്രാങ്കും ഭാവനയും യാഥാര്‍ത്ഥ്യവുമായി വികസിക്കുന്നത്‌.
മാജിക്കല്‍ റിയലിസം കഥയുടെ ആഖ്യാന ഘടനയില്‍ വരുത്തിയ മാറ്റം വളരെ വലിയതായിരുന്നു. നേര്‍രേഖാ ആഖ്യാനങ്ങളെയും സ്ഥലകാല സങ്കല്‌പങ്ങളിലെ മുന്‍പിന്‍ ബന്ധങ്ങളെയും അത്‌ മാറ്റി മറിച്ചു. അതിനുമുമ്പ്‌ സര്‍റിയലിസം തുടങ്ങിയ സങ്കേതങ്ങള്‍ സാഹിത്യത്തിന്റെ ആഖ്യാനസ്വഭാവത്തില്‍ മാറ്റങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്‌. സിനിമയുടെ ഭാഷയിലും ഭാഷയിലും അനുരോധമായ മാറ്റങ്ങളുണ്ടായി. എന്നാല്‍ മലയാളത്തില്‍, സാഹിത്യത്തിലും സിനിമയിലും ഇത്തരം മാറ്റങ്ങള്‍ ഏറെയുണ്ടായില്ല.
സിനിമയിലെ `കഥ'
ആദ്യകാല സിനിമാഖ്യാനങ്ങള്‍ക്ക്‌ സാഹിത്യവുമായുള്ള ഭിന്നത `ദൃശ്യപരം' മാത്രമായിരുന്നു. അഭ്രപാളിയില്‍ ആദിമദ്ധ്യാന്തമുള്ള കഥ വിശദമായി പറഞ്ഞൊപ്പിക്കുകയായിരുന്നു അതിന്റെ രീതി. ദൃശ്യാത്മകതക്ക്‌ യാഥാര്‍ത്ഥ്യത്തോടുള്ള ബന്ധത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ ഇതിലുള്‍പ്പെടുന്നു. വാക്കുകളേക്കാള്‍ ദൃശ്യങ്ങള്‍ `യഥാര്‍ത്ഥ്യ'ത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നു എന്ന വിശ്വാസമാണ് ടെലിവിഷന്റെയും അതുപോലുള്ള ദൃശ്യമാധ്യമങ്ങളുടെയും വിജയ കാരണം. ആദിമദ്ധ്യാന്തങ്ങള്‍ക്കൊപ്പം കാലക്രമവും വേഷവും ഭാഷയുമെല്ലാം കൃത്യമാക്കാനുള്ള ശ്രമം ആദ്യ കാല ചിത്രങ്ങളില്‍ കാണാം. ഫ്‌ളാഷ്‌ബാക്ക്‌, ക്ലോസപ്പ്‌, ലോങ്ങ്‌ഷോട്ടുകള്‍, മൊണ്ടാഷ്‌ തുടങ്ങിയ സിനിമ സങ്കേതങ്ങളെല്ലാം തന്നെ യാഥാര്‍ത്ഥ്യത്തെ പല പ്രകാരത്തില്‍ ഭംഗപ്പെടുത്തുന്നുണ്ടെങ്കിലും സിനിമയുടെ അവസാനത്തില്‍ അവയെയെല്ലാം ഒരൊറ്റ യാഥാര്‍ത്ഥ്യത്തിലേക്കും കഥാപൂര്‍ണ്ണതയിലേക്കും കൊണ്ടെത്തിക്കുന്നു. കഥകളുടെ നേര്‍ ആഖ്യാന ഘടനയെ പിന്തുടരാനാണ്‌ സിനിമ ആദ്യകാലത്ത് താല്‌പര്യം കാണിച്ചത്‌. കഥയില്‍ ആഖ്യാനഘടനആകെ തകിടം മറിഞ്ഞുവെങ്കിലും സിനിമയില്‍ അതേ അളവില്‍ അതു സംഭവിച്ചില്ല. പില്‍ക്കാലത്ത്‌ സിനിമ പല ആഖ്യാന വിശേഷങ്ങളും, ആര്‍ജ്ജിക്കുകയുണ്ടായെങ്കിലും ‘യാഥാര്‍ത്ഥ്യ‘ത്തോടുള്ള പ്രതിബന്ധത അത് കൈ വിട്ടില്ല.
നേരായ ആഖ്യാന സ്വഭാവത്തെ പല വിധത്തിലും ഭംഗപ്പെടുത്താനുള്ള ശ്രമങ്ങളടക്കമുള്ള പരീക്ഷണങ്ങള്‍ മലയാളത്തിലും നടന്നിട്ടുണ്ട്‌. എന്നാല്‍ സമാന്തരസിനിമ/ഗൗരവസിനിമ എന്നിവയുടെ വരവോടെയാണ്‌ അതിന്‌ ദിശാബോധം ഉണ്ടാവുന്നത്‌. `സ്വയം വരം' പോലുള്ള ചിത്രങ്ങള്‍ വലിയ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാത്ത നേര്‍ ആഖ്യാനങ്ങളാണ്‌. അതേ സമയം ജനപ്രിയ സിനിമയുടെ ചില ശീലങ്ങളില്‍ നിന്നും ചേരുവകളില്‍ന്നുമുള്ള മാറി നടപ്പായിരുന്നു അത്‌. പ്രമേയത്തോടുള്ള സമീപനത്തില്‍ വലിയ മാറ്റമുണ്ടായെങ്കിലും ഒരു കഥാഘടന, യഥാതത്ഥമായി അതില്‍ നിലനിര്‍ത്തിപ്പോരുന്നുണ്ടായിരുന്നു. എന്നാല്‍ മലയാളത്തിലെ സമാന്തര സിനിമകള്‍ പൊതുവില്‍ സ്വീകരിച്ച ഒരു പ്രവണത സംഭാഷണങ്ങള്‍ക്കിടയിലെ നീണ്ട മൗനം, ഇഴഞ്ഞ താളം എന്നിവയൊക്കെയായിരുന്നു. കഥയുടെ ആഖ്യാന രീതിയെ ഇത്‌ ഏറെ മാറ്റിയെന്നു പറഞ്ഞുകൂടാ. മറിച്ച്‌ ഇത്തിരി കലുഷമാക്കുകയും ചെയ്‌തു. അടൂരിന്റെ എലിപ്പത്തായം, അനന്തരം, അരവിന്ദന്റെ എസ്‌തപ്പാന്‍, കാഞ്ചനസീത തുടങ്ങിയ ചുരുക്കം ചിത്രങ്ങളാണ്‌ പ്രമേയ
പരിചരണത്തിലും ദൃശ്യബോധത്തിലും ഒപ്പം കഥാഘടനയിലും മാറ്റങ്ങള്‍ക്കു മുതിര്‍ന്നതിന്റെ ആദ്യകാല മാതൃകകള്‍. സിനിമയുടേതുമാത്രമായ ഒരു ആഖ്യാന ഘടനയിലേക്കുള്ള അന്വേഷണങ്ങളായിരുന്നു അവ. രേഖീയവും ഏകതലത്തില്‍ ഒതുങ്ങുന്നതുമായ കഥാഘടനയെ അത്‌ വര്‍ത്തുളവും, ബഹുതലഘടനയുമുള്ളതാക്കാന്‍ ശ്രമിച്ചു. കെ. ജി. ജോര്‍ജ്ജിന്റെ `ആദാമിന്റെ വാരിയെല്ല്‌' ഇത്തരത്തിലുള്ള മറ്റൊരു പരിശ്രമമായിരുന്നു. മൂന്നു വ്യത്യസ്ഥ കഥകളെ ചേര്‍ത്തുവെച്ചു കൊണ്ട്‌ സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള ആഖ്യാനമായിരുന്നു അത്‌. സംവിധായകനും ക്യാമറാ യൂണിറ്റുമടങ്ങുന്ന സംഘത്തെ തള്ളി മാറ്റി ഓടിപ്പോകുന്ന സ്‌ത്രീ സംഘത്തെ ചിത്രീകരിച്ചുകൊണ്ട്‌ കഥ/ യാഥാര്‍ത്ഥ്യം എന്ന വ്യത്യാസത്തെ അപ്രസക്തമാക്കാനും ആചിത്രത്തിന്‌ സാധിച്ചു. സമാന്തര സിനിമാചര്‍ച്ചകളില്‍ ഗൗരവത്തോടെ കടന്നു വന്നിട്ടില്ലാത്ത ഈ ചിത്രമാണ്‌ മലയാള സിനിമയുടെ വ്യാകരണത്തെ മാറ്റുന്നതില്‍ വലിയൊരു ചുവടുവെപ്പായതെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌.
ആകാശ ഗോപുരം (കെ.പി.കുമാരന്‍) എന്ന ചിത്രമാണ്‌ മലയാളത്തില്‍ ഇത്തരത്തില്‍ അടുത്ത കാലത്തുണ്ടായ പരിശ്രമങ്ങളിലൊന്ന്‌. കഥയുടെ നേരാഖ്യാനത്തെമറികടക്കാനുള്ള താല്‌പര്യം അതില്‍ പ്രകടമാണ്‌. ഇബ്‌സന്റെ ചെറുകഥയെ ഉപജീവിച്ചാണ്‌ ഈ സിനിമ നിര്‍മ്മിക്കപ്പെട്ടത്‌ എന്നത്‌ അതിന്റെ ഗുരുത്വം വര്‍ദ്ധിപ്പിക്കുന്നുണ്ട്‌. എന്നാല്‍ പുതിയൊരു ചലചിത്ര ഭാഷയുടെ വികാസം സംവിധായകന്‍ ആഗ്രഹിച്ച രീതിയില്‍ നടക്കാതെ പോയി.
രേഖീയമായി കഥയും കാലവും സഞ്ചരിക്കുന്ന ജനപ്രിയ സിനിമകള്‍ കാണിയില്‍ നിന്ന്‌ കാര്യമായ ഒരു പങ്കാളിത്തവും ആവശ്യപ്പെടുന്നില്ല. ആദ്യകാല ജനപ്രിയ മലയാള സിനിമകളേറെയും ഒരു കഥയും നിരവധി ഉപകഥകളുമായി രണ്ടര മൂന്നു മണിക്കൂര്‍ തിയേറ്ററുകള്‍ നിറഞ്ഞാടുന്ന നാടകങ്ങളായിരുന്നു. ദൃശ്യ ഭാഷയല്ല, ദൃശ്യ രൂപങ്ങളുടെ കാഴ്‌ചാരതിയായിരിക്കണം പ്രേക്ഷകരെ അത്തരം സിനിമകളിലേക്കടുപ്പിച്ചത്‌. സിനിമ കണ്ടിറങ്ങുന്ന ഒരാള്‍ക്ക്‌ ` പൂര്‍ണ്ണ സംതൃപ്‌തി' നല്‍കുന്ന കഥകളായിരുന്നു അത്തരം സിനിമകളുടെ ആകെത്തുക. വീണ്ടും വീണ്ടും ഒരേ ചിത്രം കണ്ട പലരും സിനിമയെ ആഴത്തിലറിയാന്‍ വേണ്ടിയല്ല അങ്ങനെ ചെയ്‌തത്‌. കാഴ്‌ചയുടെ രതി(രതിയുടെ കാഴ്ചയും) പിന്നെയും അനുഭവിക്കാനായിരുന്നു. സമാന്തര സിനിമയാകട്ടെ പ്രേക്ഷകനെ വീണ്ടും കാണാന്‍ നിര്‍ബന്ധിച്ചത്‌ അവയിലെ ദുര്‍ഗ്രഹതയുടെ പേരിലായിരുന്നു. എന്നാല്‍ അന്നത്തെ ദുര്‍ഗ്രഹതയില്‍ പലതും ആഖ്യാനത്തിലെ ദുര്‍ബ്ബലതയായിരുന്നു എന്ന്‌ ഇന്ന്‌ പറയാനാവും. സമഗ്രമായ ഒരു ദൃശ്യാനുഭൂതി നല്‍കുന്നതിലും അവ പരാജയങ്ങളായിരുന്നു എന്നു പറയാം.
‘കുട്ടിസ്രാങ്ക്‌‘ ഒറ്റക്കാഴ്‌ചകൊണ്ട്‌ ആര്‍ക്കും ഉള്‍ക്കൊള്ളാവുന്ന ലളിതമായ ആഖ്യാന രീതിയല്ല അവലംബിക്കുന്നത്‌. (ഇതിനു സമാനമായ ആഖ്യാന ഘടനയുള്ള `റാഷമോണ്‍' എന്ന കുറോസൊവ ചിത്രത്തിന്റെ ലാളിത്യം പെട്ടെന്ന്‌ ഓര്‍മ്മ വരുന്നു. ) സിനിമയുടെ ആദ്യ ഭാഗങ്ങളെങ്കിലും അറുമുഷിപ്പനാണ്‌. അതുകൊണ്ടാവാം ഈ സിനിമ ആദ്യം കാണുമ്പോള്‍ തിയേറ്ററിലുണ്ടായിരുന്ന അധികമില്ലാത്തപ്രേക്ഷകരില്‍ നിന്നൊരാള്‍ അവാര്‍ഡു കിട്ടാന്‍ ഇങ്ങനെ തന്നെ സിനിമയെടുക്കണമെന്നുണ്ടോ എന്ന്‌ സന്ദേഹിച്ചത്‌. (അയാള്‍ ഇത്തിരി മദ്യപിച്ചിട്ടുമുണ്ടായിരുന്നു.) എന്നാല്‍ സിനിമയുടെ മൂന്നിലൊന്നാകുമ്പോഴെക്ക്‌ ആഖ്യാന മികവ്‌ അത്ഭുതകരമാവുകയും സിനിമ തീരുമ്പോള്‍ രണ്ടാമതൊന്നു കൂടി കാണാനുള്ള പ്രേരണ അവശേഷിപ്പിക്കുകയും ചെയ്യും. രണ്ടാം പ്രവശ്യം കണ്ടത്‌ കൂടുതല്‍ നിലവാരമുള്ള മറ്റൊരു തിയേറ്ററില്‍ നിന്നാണ്‌. മെച്ചപ്പെട്ട ശബ്‌ദസംവിധാനവും പ്രൊജക്ഷനും സിനിമയെ കൂടുതലറിയാനും, ഒന്നാം കാഴ്‌ചയിലെ നഷ്‌ടമായ കണ്ണികള്‍ കണ്ടെത്താനും സഹായകരമായി. കമ്പ്യൂട്ടര്‍ സ്‌ക്രീനിലൊതുങ്ങുന്നതല്ല, ഈ സിനിമ എന്നു കൂടി പറയേണ്ടതുണ്ട്.
മലയാള സിനിമയുടെ (ജനപ്രിയവും, സമാന്തരവും) പൊതുവായ ആഖ്യാനഘടനയില്‍ നിന്ന്‌ വേറിട്ടു നില്‌ക്കുന്ന 'കുട്ടിസ്രാങ്ക്‌' നേരത്തെ പറഞ്ഞ ഒറ്റപ്പെട്ട പരീക്ഷണങ്ങളുടെ മൂര്‍ത്തമായ ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. കഥ ചുരുക്കിപ്പറയുന്നതാവും ഈ ചിത്രത്തോട്‌ ചെയ്യുന്ന ഏറ്റവും വലിയ നീതിയില്ലായ്‌മ. അങ്ങനെ ചുരുക്കിപ്പറയാവുന്ന ഒരു കഥ ആദിമദ്ധ്യാന്തങ്ങളോടെ അതില്‍ വിന്യസിക്കപ്പെട്ടിട്ടില്ല. ചില സംഭവങ്ങള്‍ അവ കാലക്രമം തെറ്റിച്ചും നേരായും അല്ലാതെയും യാഥാര്‍ത്ഥ്യത്തോടെയും മറിച്ചും അവതരിപ്പിക്കുകയാണ്‌ സിനിമ ചെയ്യുന്നത്‌. മൂന്നു സ്‌ത്രീകള്‍ ആഖ്യാനം ചെയ്‌തെടുക്കുന്ന ഒരു പുരുഷന്റെ മൂന്നു നാടുകളിലെ പലകാലങ്ങളിലെ ജീവിതമാണത്‌. എന്നാല്‍ ആ ജീവിതം അയാളുടേതു മാത്രമല്ല,
ആഖ്യാതാക്കളുടേയും മറ്റു പലരുടെയും പല നാടുകളുടേയും ജീവിതവുമാണ്‌. ആരുടെയും ആഖ്യാനം ആരെ സംബന്ധിച്ചും അവസാന വാക്കല്ല. അതിനുദാഹരണനാണ്‌ രണ്ടു സ്‌ത്രീകള്‍ മരിച്ച സ്രാങ്കിനെ തിരിച്ചറിയുമ്പോള്‍, മൂന്നാമത്തവള്‍ അത്‌ സ്രാങ്കല്ലെന്നു പറയുന്നത്‌. ഇങ്ങനെ സ്രാങ്കിന്റെ മരണത്തില്‍ കെട്ടിപ്പൊക്കിയ ഒരു കഥയുടെ അവസാനം അയാളുടെ മരണം തന്നെ സംശയാസ്‌പദമാകുന്നു. കഥകളോരോന്നും വേറിട്ടു നില്‌ക്കുകയും സിനിമയെ മൂന്നു ഖണ്‌ഡങ്ങളായി വേര്‍തിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ പരസ്‌പരം ഇട കലര്‍ന്ന്‌ ഒന്നാവുകയും ചെയ്യുന്നു.
വടക്കെ മലബാറില്‍ നിന്നാരംഭിക്കുന്ന കഥാഖ്യാനം രേവമ്മ എന്ന സ്‌ത്രീയാണ്‌ നടത്തുന്നത്‌. കൊച്ചിയിലെത്തുമ്പോള്‍ പെമേണ്ണ എന്ന സ്‌ത്രീയും, തിരുവിതാംകൂറിലെത്തുമ്പോള്‍ ഊമയായ കാളിയും( കാളിക്കു വേണ്ടി എഴുത്തുകാരി നളിനിയും) നടത്തുന്ന സംഭവ വിവരണങ്ങളാണ്‌ സ്രാങ്കിന്റെ കഥയായി വികസിക്കുന്നത്‌. അത്‌ മൂന്നു നാടുകളുടേയും കഥയാണ്‌. കാലവും സ്ഥലവും കഥയും ചേര്‍ന്നു പരസ്‌പരം പൂരിപ്പിക്കുന്നതാണ്‌ സ്രാങ്ക്‌ എന്ന ജീവിതം.
കാലചക്രം.
സ്രാങ്ക്‌ ബോട്ടോടിച്ചുകൊണ്ട്‌ ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്കു പോകുമ്പോള്‍ അയാളുടെ സ്ഥലവും കാലവും കഥയും പുറകൊട്ടു മറയുന്നു. കാലത്തെ ഈ ചിത്രത്തില്‍ രണ്ടു രീതിയിലാണ്‌ പ്രധാനമായും നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നത്‌. കലണ്ടര്‍ കാലമെന്നും പ്രാകൃതിക കാലമെന്നും
അവയെ പേരിട്ടു വിളിക്കാം. രണ്ടും സ്വതന്ത്രമായഅസ്‌തിത്വങ്ങളുള്ളവയാണെന്ന്‌ അര്‍ത്ഥമാക്കുന്നില്ല. കലണ്ടര്‍ കാലത്തിന്റെ വഴികളിലൂടെയാണ്‌ സിനിമയിലെ ആഖ്യാന കാലവും കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്‌. ഭൂതം, ഭാവി, വര്‍ത്തമാനം എന്ന വ്യവഛേദനത്തിന്‌ ഇത്‌ അത്യാവശ്യവുമാണ്‌. 14 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ശ്രീലങ്കയിലേക്കു പോയ മകള്‍ വൈദ്യപഠനം പൂര്‍ത്തിയാക്കി തിരിച്ചു വരുന്നതിനെക്കുറിച്ചും, സ്രാങ്ക്‌ പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ തിരുവിതാംകൂര്‍ വിട്ടുപോയതിനെക്കുറിച്ചും, കാളിയുടെ നാലുമാസമായ ഗര്‍ഭത്തെക്കുറിച്ചും, ശ്രീലങ്കയില്‍ നിന്ന്‌ കപ്പലെത്താന്‍ വേണ്ട സമയത്തെക്കുറിച്ചുമൊക്കെയായി പല വിധത്തില്‍ കലണ്ടര്‍ കാലം സിനിമയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. കലണ്ടര്‍ കാലത്തിന്റെ രേഖീയതയിലൂടെയല്ലാതെ നീണ്ടൊരു കാലത്തെ ആവിഷ്‌ക്കരിക്കുക അസാധ്യവുമാണ്‌. കാലം തന്നെ ഏതെന്നു നിര്‍ണ്ണയിക്കാനാവാത്തൊരു കാലത്തെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ കലണ്ടര്‍ കാലത്തെത്തന്നെ രേഖീയമല്ലാതാക്കി മാറ്റുന്ന സന്ദര്‍ഭങ്ങളും ഈ ചിത്രത്തിലുണ്ട്‌. സാധാരണയായി ഭൂതം, വര്‍ത്തമാനം, എന്ന കാലഘടനയെ സിനിമയില്‍ മറികടക്കുന്നത്‌ ചിരപരിചിതമായ ഫ്‌ളാഷ്‌ ബാക്ക്‌ എന്ന സങ്കേതത്തിലൂടെയാണ്‌. എന്നാല്‍ ഫ്‌ളാഷ്‌ ബാക്ക്‌ ഇല്ലാതെയും ഭൂതത്തിലേക്കും വര്‍ത്തമാനത്തിലേക്കും നിരന്തരം സഞ്ചരിക്കുന്ന ഈ ചിത്രം ഒരര്‍ത്ഥത്തില്‍ കാലത്തെത്തന്നെയാണ്‌ പ്രമേയമാക്കുന്നത്‌.
ഋതുകാലമാണ്‌ ഈ ചിത്രത്തിലുപയോഗിക്കപ്പെട്ട മറ്റൊരു കാല സങ്കല്‌പം. മഴ, മഞ്ഞ്‌, വേനല്‍, എന്നീ മൂന്നു ഋതുക്കളിലായി 'കേരള‘ത്തിന്റെ മൂന്നു ഖണ്‌ഡങ്ങളിലായിട്ടാണ്‌ കഥ നടക്കുന്നത്‌. ഋതുകാലം വര്‍ത്തുളമാണ്‌. അത്‌ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. കലണ്ടര്‍ കാലത്തിന്റെ രേഖീയതയെ ഇങ്ങനെ പ്രാകൃതിക കാലം കൊണ്ട്‌ ഭംഗപ്പെടുത്താനാവും. (ഇതിനുമപ്പുറം ഒരോരുത്തരിലും മിടിക്കുന്ന ഒരു ജൈവഘടികാരമുണ്ട. അതിനകത്തു കൂടിയും കടത്തിവിട്ടുകൊണ്ടാണ്‌ കാല നിര്‍ണ്ണയം പൂര്‍ത്തീകരിക്കുന്നത്‌.)
കാലം (രേഖീയവും വര്‍ത്തളവും ജൈവീകവും) ഒറ്റപ്പെട്ടു നില്‌ക്കുന്ന പ്രതിഭാസങ്ങളല്ല. അത്‌ ദേശവും സംഭവങ്ങളും ജീവിതവുമായി ഇഴ ചേര്‍ന്നു കിടക്കുന്നു. സ്രാങ്കും, കാളിയും വിവാഹശേഷം,തിയേറ്ററിലിരുന്ന് സിനിമ കാണുന്നതും, സിനിമയില്‍ നീലക്കുയിലിലെ `എല്ലാരും ചൊല്ലണ്‌' എന്ന പാട്ടുകേള്‍ക്കുന്നതും കാലത്തെ നിര്‍ണ്ണയിക്കുന്ന സൂചകങ്ങളാണെന്ന്‌ ലളിത യുക്തികളാല്‍ തീരുമാനിക്കുകയും അങ്ങനെ കഥാകാലത്തെ ഒരിടത്തു തളയ്‌ക്കുകയും ചെയ്യാവുന്നതാണ്‌. അങ്ങനെയാവുമ്പോള്‍ 60 വര്‍ഷങ്ങള്‍ക്കിപ്പുറമാണ്‌ കഥയുടെ കാലമെന്നു പറയാന്‍ കഴിയും. എന്നാല്‍ ഇത്തരമൊരു കാലഗണനയെ അപ്രസക്തമാക്കുന്നത്‌, മദിരാശിയിലേക്കുള്ള കപ്പലും കാത്ത്‌ രേവമ്മ കാത്തിരിക്കുന്നതിനെക്കുറിച്ചുള്ളതുള്‍പ്പെടെയുള്ള നിരവധി സൂചനകളാണ്‌. രേവമ്മയും, പേമേണയും കാളിയും, സ്രാങ്കുമൊന്നും കാലത്തിലൂടെ കടന്നു പോകുന്നതിന്റെ യാതൊരു സൂചനയും ചിത്രത്തിലവശേഷിക്കുന്നില്ല. കാലത്താല്‍ പരീക്ഷീണരാക്കപ്പെടാതെ അവര്‍ നിലനില്‍ക്കുന്നു. അക്കാരണത്താല്‍ തന്നെ സാംസ്‌ക്കാരികമോ, രാഷ്‌ട്രീയമോ ആയ പരാമര്‍ശങ്ങളിലൂടെ കൃത്യത കൈവന്ന കാലത്തെ ആനയിക്കാനുള്ള പരിശ്രമങ്ങളുമില്ല.
സ്ഥലം: കേരളം, കേരളീയത
മലബാര്‍, കൊച്ചി തിരുവിതാംകൂര്‍ എന്നിങ്ങനെ, ഐക്യ കേരളത്തിനു മുമ്പുള്ള മൂന്നു പ്രദേശങ്ങളിലായി കഥ നടക്കുന്നതായി സങ്കല്‌പിക്കപ്പെട്ടിരിക്കുന്നു. ഐക്യ കേരളത്തിനുശേഷവും ഈ സ്ഥലനാമങ്ങളും സവിശേഷതകളും നിലനിന്നു പോരുന്നതിനാല്‍ കാലഗണനക്കുള്ള ഒരു മാനദണ്‌ഡം ഇതില്‍ നിന്ന്‌ ലഭിക്കുന്നില്ല. കൊച്ചിയെക്കുറിച്ചും, തിരുവിതാംകൂറിനെക്കുറിച്ചും സ്ഥലനാമ പരാമര്‍ശമുണ്ടെങ്കിലും മലബാറിനെക്കുറിച്ച്‌ അങ്ങനെ പറയുന്നില്ല. മലബാറിലെ സമ്പന്നരായിത്തീര്‍ന്ന നാട്ടുപ്രമാണിമാരും, അവരുടെ ബ്രീട്ടീഷ്‌ ബന്ധങ്ങളും, ബ്രീട്ടീഷ്‌ മലബാറിലാണ്‌ കഥ നടക്കുന്നതെന്ന പ്രതീതി സൃഷ്‌ടിക്കുന്നുണ്ട്‌. വാമൊഴി ഭാഷയാണ്‌ പ്രദേശത്തെ നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന ഘടകം. എന്നാല്‍ തിരുവിതാംകൂറിലെത്തുമ്പോള്‍ അത് അത്ര പ്രകടവുമല്ല.തിരുവിതാം കൂറിനെ മറ്റു പ്രദേശങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന പ്രത്യേകതകളൊന്നും എടുത്തു കാട്ടുന്നുമില്ല. കൊച്ചിയാകട്ടെ, പ്രദേശമായും ഭാഷയായും സംസ്‌ക്കാര വിശേഷങ്ങളായും ഈ ചിത്രത്തില്‍ നിറഞ്ഞു നില്‌ക്കുന്നു. അത്‌ കേരളത്തിന്റെ മദ്ധ്യഖണ്‌ഡവുമാണ്‌. അവിടെ നിന്നാണ്‌ സ്രാങ്ക്‌ പല സ്ഥലത്തേക്കും പോകുന്നത്‌. അവിടെക്കാണ്‌ തിരിച്ചെത്തുന്നതും. കൊച്ചിയില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ അയാള്‍ തിരുവിതാങ്കൂറിലേക്ക്‌ പോവുകയും അവിടെ കാളിയുടെ രക്ഷകനായ ശേഷം നാടകം കളിക്കാനായി കൊച്ചിയിലേക്ക്‌ മടങ്ങുകയും ചെയ്യുന്നു. അയാള്‍ മരിച്ചു കിടക്കുന്നതും കൊച്ചി വേഷത്തില്‍- ചവിട്ടു നാടക വേഷത്തില്‍ - ആണ്‌.
നാടുകള്‍ മാറുന്നതിനനുസരിച്ച്‌ സ്രാങ്കിന്റെ മതം മാറുന്നുണ്ടോ? സ്രാങ്ക്‌ എന്ന പേരില്‍ ഒരു മതവും അടങ്ങിയിട്ടില്ല. ഒരു മതത്തിലും പെടാത്ത, മാതാപിതാക്കളാരെന്നറിയാത്തയാളാണ്‌ സ്രാങ്ക്‌. എന്നാല്‍ ഓരോ സ്ഥലത്തും അതാത്‌ മതങ്ങളുടെ ആചാരങ്ങളോടോത്തു നില്‌ക്കുന്നുണ്ടയാള്‍. എങ്കിലും അയാള്‍ വരത്തനായി കണക്കാക്കപ്പെടുന്നു. പ്രദേശമാണയാളുടെ മതപരമായ ഉള്ളടക്കങ്ങളെ -അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍- നിര്‍ണ്ണയിക്കുന്നത്‌. പ്രദേശങ്ങള്‍ മാറുകയും പഴയ/ പുതിയ പ്രദേശങ്ങളിലേക്ക്‌ യാത്ര തുടരുകയും ചെയ്യുന്നതിനാല്‍ ഒരു മതത്തോടും അയാള്‍ക്കു കൂടിച്ചേര്‍ന്നു നില്‌ക്കാനുമാവില്ല.
ഒന്നായ സ്രാങ്ക്‌ മൂന്ന്‌ വ്യക്തിത്വ വിശേഷങ്ങളാവുന്നത്‌ പ്രദേശങ്ങളിലൂടെയാണ്‌. പ്രദേശത്തിന്റെ പേരു പറയുമ്പോഴേക്കും അയാള്‍ ആ നാട്ടുകാരനായി മാറുന്നു. രേവമ്മയോട്‌ കൊച്ചിയിലേക്ക്‌ പോകുന്നതിനെക്കുറിച്ച്‌ പറയുമ്പോഴേ അയാള്‍ കൊച്ചി ഭാഷയില്‍ സംസാരിച്ചു തുടങ്ങുന്നു.
കേരളീയത എന്ന്‌ ഇന്ന്‌ നാം വിളിക്കുന്ന പല പ്രതിനിധാനങ്ങളെയും സ്രാങ്ക്‌ വൈവിദ്ധ്യപ്പെടുത്തുന്നുണ്ട്‌. കേരളീയതയുടെ പേരില്‍ വ്യാപകമായി അറിയപ്പെടുന്ന യാതൊരു കലാരൂപവും വേഷവിധാനവും ഭാഷാ ഭേദവും കൊണ്ടല്ല ഈ ചിത്രത്തില്‍ കേരളീയത ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നത്‌. മൂന്നു പ്രദേശങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടേയും പുതിയൊരു കേരളത്തെ കൂടിയാണ്‌ സംവിധായകന്‍ രൂപപ്പെടുത്തുന്നത്‌. രാഷ്‌ട്രീയമായി ഒന്നായിക്കഴിഞ്ഞിട്ടും ഭാഷയിലും സംസ്‌ക്കാരത്തിലും മൂന്നായും പലതായും കഴിയുന്ന കേരളത്തെ ആവിഷ്‌ക്കരിക്കാനുള്ള ശ്രമങ്ങളൊന്നും ഏറെയുണ്ടായിട്ടില്ല.
കഥാഘടനയെ വര്‍ത്തമാന കാലത്ത്‌ കൂട്ടിയിണക്കുന്നത്‌ പോലീസുകാരുടെ പരിഹാസ ജനകമായ ചോദ്യം ചെയ്യലുകളാണ്‌. ഏതു നാട്ടിലിരുന്നാണ്‌ അവര്‍ ചോദ്യം ചെയ്യുന്നത്‌, ഏതു കാലത്തെ പോലീസാണ്‌ അത്‌ , എവിടെയാണ്‌ സ്രാങ്ക്‌ മരിച്ച സ്ഥലം ഈ വക കൃത്യതാ സങ്കല്‌പങ്ങളെയെല്ലാം സിനിമ ബോധപൂര്‍വ്വം വിസ്‌മരിക്കുകയാണ്‌. കടപ്പുറത്ത്‌ ഒരു മരപ്പെട്ടിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന സ്രാങ്കിന്റെ അലംകൃത ശരീരം സാക്ഷിയാക്കി നടത്തുന്ന ചോദ്യം ചെയ്യലിന്റെ അസംബന്ധത തന്നെയാണ്‌ സിനിമയിലേക്കു പ്രവേശിക്കാനുള്ള വഴി. കാലവും ദേശവും കഥയുമെല്ലാം ഒന്നാവുന്ന ഒരു മുഹൂര്‍ത്തത്തിലാണ്‌ സിനിമയുടെ പര്യവസാനം. പേമേണ പൊലീസുകാര്‍ക്കൊപ്പം വിലങ്ങണിഞ്ഞ്‌ നടന്നു നീങ്ങുന്നു. രേവമ്മ കാളിയുടെ വയറ്റില്‍ സ്‌നേഹപൂര്‍വ്വം ചെവി ചേര്‍ക്കുന്നു. ഭാവികാലത്തിന്റെയും കുട്ടിസ്രാങ്കിന്റെയും മിടിപ്പ്‌ അവര്‍ക്കു കേള്‍ക്കുമാറാവുന്നു.
കഥാ ദേശം.
ദേശ കാലങ്ങളുടെ ആഖ്യാനം തന്നെയാണ്‌ കഥയായി മാറുന്നത്‌. ഇത്‌ തിരിച്ചും പറയാം. കഥ രൂപം പൂണ്ട്‌ നൈരന്തര്യം പ്രാപിച്ചു വികസിച്ചു വരുമ്പോഴേക്ക്‌ അതിനെ ഭംഗപ്പെടുത്തിക്കൊണ്ട്‌ മറ്റൊരു കഥ/ ദേശം കടന്നു വരുന്നു. എന്നാല്‍ ഒരുകഥയും ഒരു ദേശത്തും അവസാനിക്കുന്നില്ല. സ്രാങ്ക്‌ പഴയ ദേശത്തിലേക്ക്‌ തിരിച്ചെത്തുന്നതോടെ കഥയുടെ തുടര്‍ച്ചയും സംഭവിക്കുന്നു. കഥയുടെ നേര്‍ഗതിയെ കാല ദേശങ്ങള്‍ കൊണ്ടെന്നപോലെ റിയലിസ്റ്റിക്‌/ മിത്തിക്ക്‌ പ്രവണതകളുടെ ഇടകലരല്‍ കൊണ്ടും ഭംഗപ്പെടുത്തുന്നുണ്ട്‌. പ്രത്യക്ഷത്തില്‍ യഥാര്‍ത്ഥമെന്നു തോന്നുന്ന ഒരു ആഖ്യാന ഘടന നിലനിര്‍ത്തുമ്പോള്‍തന്നെ ഓരോ ഘടകങ്ങളായി പരിശോധിക്കുമ്പോള്‍ അവയില്‍ പലതും അസംബന്ധമോ അകാലികമോ, ആണെന്നു കാണാം. സിനിമാരംഭത്തില്‍ കാണിക്കുന്ന സ്രാങ്കിന്റേതെന്നു പറയപ്പെടുന്ന ജഡത്തിന്റെ ദൃശ്യം ഇത്തരത്തിലുള്ളതാണ്‌. ചവിട്ടു നാടകത്തിന്റെ വേഷ മണിഞ്ഞു മരിച്ചു കിടക്കുന്ന ആ ശരീരം വലിയൊരു പെട്ടിയില്‍ അടക്കം ചെയ്യപ്പെട്ട നിലയില്‍ നാം കാണുന്നു. പേമേണ കാണാനെത്തുമ്പോളെക്ക്‌ പെട്ടിക്കു മകളില്‍ കൂണുകള്‍ മുളച്ചു കഴിഞ്ഞിട്ടുണ്ട്‌. മഴയും വെയിലും കൊണ്ട്‌ ജഡം അവിടെ കിടപ്പാണ്‌. പോലീസുകാരാകട്ടെ ചോദ്യം ചെയ്യല്‍ തലേ ദിവസത്തെപ്പോലെ തുടരുന്നു.ആദ്യ ഭാഗത്തുള്ള മൂപ്പന്റെ കൊട്ടാരവും യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ അകലെയാണ്‌. ബ്രിട്ടീഷ്‌ മലബാറില്‍ സര്‍ക്കാറിന്റെ ഉന്നതസ്ഥാനീയര്‍ക്കുപോലും അപ്രാപ്യമായ ആഡംബര കൊട്ടാരമാണത്‌.
വയലന്‍സിന്റെ ഭീകരതയൊന്നുമില്ലെങ്കിലും സ്രാങ്ക്‌ ചെല്ലുന്നേടത്തെല്ലാം മരണവും രക്തവും കൂടെയുണ്ട്‌. ആദ്യ ഭാഗത്ത്‌ എത്ര കഴുകിയാലും മായാത്ത മരണത്തെയും രക്തക്കറയെയും കുറിച്ച്‌ സ്രാങ്ക്‌ തന്നെ പറയുന്നുണ്ട്‌. പലപ്പോഴും മരണത്തിനും കൊലപാതകത്തിനും നിശ്ശബ്‌ദ സാക്ഷിയാവാനാണ്‌ അയാളുടെ വിധി.
ആദ്യന്തം മരണത്തോടൊപ്പം സഞ്ചരിച്ച സ്രങ്കിന്റെ മരണവും വലിയൊരു ചോദ്യമായി അവശേഷിപ്പിച്ചു കൊണ്ടാണ്‌ സിനിമ തീരുന്നത്‌. ഒരു പക്ഷെ സ്രാങ്ക്‌ ജനിച്ചുവോ, മരിച്ചുവോ എന്നതെല്ലാം അപ്രധാനമാണ്‌. ഭൗതികമായ അയാളുടെ ജീവിതത്തിനുപരി അയാള്‍ ജീവിച്ച മനസ്സുകളും ദേശങ്ങളുമാണ്‌ അയാളായി മാറിയത്‌. അയാളാടിയ/കെട്ടിയ വേഷങ്ങളാണ്‌ പ്രധാനം. ജോപ്പനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന പെമേണയോട്‌ എന്തു കാര്യത്തിനാണ്‌ സ്രാങ്കിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന്‌ പോലീസുകാരന്‍ ചോദിക്കുമ്പോള്‍, അതിന്റെ ഉത്തരം അവളുടെ മനസ്സിലൂടെ കടന്നു പോകുന്ന സ്രാങ്കുമൊത്തുള്ള ഒരു നൃത്തരംഗമാണ്‌.
ഒന്നിലേറെ പ്രാവശ്യം ഒരു പുസ്‌തകം വായിക്കാന്‍, ഒരു സിനിമ കാണാന്‍ ഒരാളെ പ്രേരിപ്പിക്കുന്ന ഘടകം അതില്‍ നിന്ന്‌ തനിക്കും തന്റെ കാലത്തിനും ഇനിയും ചിലത്‌ കണ്ടെടുക്കാനുണ്ടെന്ന വിശ്വാസമാവാം. മതമില്ലാത്ത ഒരു ജീവനായി സ്രാങ്ക്‌ കേരളത്തിന്റെ വടക്കെ അറ്റം മുതല്‍ തെക്കെ അറ്റം വരെ സഞ്ചരിക്കുന്നു. അതിലൂടെ സ്രാങ്കിനു മാത്രം കാണാനാവുന്ന ഒരു കേരളത്തെ കണ്ടെടുക്കുന്നു. കേരളം എന്ന സങ്കല്‌പത്തെ ഒന്നാക്കുന്നതും പലതാക്കുന്നതും സ്രാങ്ക്‌ തന്നെയാണ്‌. ഈ സഞ്ചാരത്തിനിടയില്‍ പല വേഷങ്ങളും കെട്ടിയെങ്കിലും ഒന്നിന്റെയും ശേഷിപ്പുകള്‍ അയാളുടെ ശരീരത്തിലും മനസ്സിലും അടിഞ്ഞു കിടന്നില്ല. സ്രാങ്ക്‌ എന്നല്ലാതെ ഒരു പേരും അയാള്‍ക്കു മേല്‍ വീണില്ല. ചവിട്ടു നാടകത്തെ മാത്രം അയാള്‍ ശരീരത്തിലും മനസ്സിലും ഏറ്റി അതിര്‍ത്തികള്‍ കടന്നു. ചവിട്ടു നാടകം കലയും അദ്ധ്വാനവുമാണ്‌. അദ്ധ്വാനത്തിലൂടെ സൃഷ്‌ടമാവുന്ന കലയും കലയിലൂടെ സാധ്യമാവുന്ന അദ്ധ്വാനവും. അതിന്റെ വേഷഭൂഷകള്‍ മാത്രം അയാളില്‍ നിന്നഴിഞ്ഞു പോയില്ല; മരിച്ചേറെക്കഴിഞ്ഞിട്ടും.
കുട്ടിസ്രാങ്കിന്റെ ക്യാമറ കൈകാര്യം ചെയ്‌തയ്‌ത്‌ ഒരു സ്‌ത്രീയാണ്‌. മൂന്നു സ്‌ത്രീകളിലൂടെ (ഊമയായ കാളിക്കുവേണ്ടി വരമൊഴിയിലൂടെ നളിനിയടക്കം നാലുപേര്‍) കാണുന്നകാഴ്‌ചകള്‍ അതേ അളവില്‍ പകര്‍ത്താന്‍ മറ്റൊരുക്യാമറക്ക്‌ ഇങ്ങനെ കഴിയണമെന്നില്ല.
എങ്കിലും ഒരു സംശയം ബാക്കി നില്‌ക്കും: ഇവരെല്ലാവരും കൂടി ഖണ്‌ഡം ഖണ്‌ഡമായി വരച്ചു വെക്കുന്ന സ്രാങ്ക്‌ എന്നത്‌ ഒരു ഭൂലോക സുന്ദരപുരുഷരൂപം മാത്രമാണോ? അതിനുള്ള ഉത്തരം മാര്‍ക്കേസിന്റെ കഥയിലുണ്ട്‌. മുങ്ങി മരിച്ചവന്‍ ഇനിയും വളരുമെന്നുകണ്ട്, ഗ്രാമീണര്‍ തങ്ങളുടെ വീടുകള്‍ വലുപ്പമുള്ളതാക്കുന്നതും, പെയിന്റ്‌ ചെയ്യുന്നതും സൂചിപ്പിച്ചു കൊണ്ടാണ്‌ മാര്‍ക്കേസിന്റെ കഥ അവസാനിക്കുന്നത്‌. കുട്ടിസ്രാങ്കിന്റെ ആഖ്യാനവും പൂര്‍ണ്ണമല്ല. ഇനിയുള്ള കാലത്തും അത് തുടരാവുന്നതാണ്. സ്രാങ്കിനെക്കൂടി ഉള്‍ക്കൊള്ളാവുന്നവിധം നമ്മള്‍ വീടുകള്‍ക്ക് വലുപ്പം കൂട്ടേണ്ടി വരും, തീര്‍ച്ച.

Tuesday, July 13, 2010

കരിമ്പനയുടെ കൊമ്പുകള്‍

ഒന്നായതിനെ രണ്ടായും രണ്ടായതിനെ ഒന്നായും കണ്ടതിന്റെ ഇണ്ടലുകളാണ് സുദേവന്റെ ചലച്ചിത്ര പരിശ്രമങ്ങളെന്ന് സാമാന്യമായി പറയാം.ഒന്നില്‍ നിന്ന് രണ്ടിലേക്കും പിന്നെ പലതിലേക്കുമുള്ള ആത്മാന്വേഷണങ്ങളുടെ സം‌പ്രേഷണങ്ങള്‍ കൂടിയാണവ.എന്നാല്‍ ഒന്നും രണ്ടും പ്രത്യക്ഷമായിരിക്കുകയും അതിനപ്പുറമുള്ളത് പൊതുവെ അപ്രത്യക്ഷമായി നില്‍ക്കുകയും ചെയ്യുന്നു.
സുദേവന്റെ ഇതുവരെ പുറത്തുവന്ന മൂന്നുചിത്രങ്ങളും ആദ്യചിത്രത്തിന്റെ തുടര്‍ച്ചകളും അത്യന്തഭിന്നങ്ങളായ ആവിഷ്ക്കാരങ്ങളുമാണ്.പൊതുവായ ചില ആവിഷ്ക്കാരമാതൃകകള്‍ മൂന്നു ചിത്രങ്ങളേയും ചേര്‍ത്തുനിര്‍ത്തുന്നു.ആവര്‍ത്തിച്ചുവരുന്ന ‘രണ്ട്‘ എന്ന അവസ്ഥയുടെ വ്യത്യസ്ത സാന്നിധ്യങ്ങള്‍ അവയിലൊന്നാണ്. മൂന്നുചിത്രങ്ങളിലും രണ്ടേരണ്ടുകഥാപാത്രങ്ങള്‍. എന്നാല്‍ ഈ കഥാപത്രങ്ങള്‍ രണ്ടായിരിക്കുമ്പോള്‍ തന്നെപലപ്പോഴും ഒന്നായി പെരുമാറുകയും ഒറ്റ ലക്ഷ്‌യത്തിനുവേണ്ടീ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.അക്കാരണത്താല്‍ ‘രണ്ട്‘ എന്ന മൂന്നാമത്തെ ചിത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് മറ്റു രണ്ടുചിത്രങ്ങളെ സാമാന്യമായി പരിചയപ്പെടുന്നത് നല്ലതാണ്.
‘പ്ലാനിങ്ങ്’ എന്ന ആദ്യചിത്രം ഹാന്‍ഡിക്യാമിന്റെ പരിമിത സൌകര്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.രണ്ടു കള്ളന്മാര്‍ ചേര്‍ന്ന് മോഷണം നടത്താന്‍ വിശദമായ പ്ലാനിങ്ങ് നടത്തുന്നു.കള്ളന്മാര്‍ എന്ന പൊതുബോധം അവരെ ഒന്നാക്കി നിര്‍ത്തുന്നു.എന്നാല്‍ അവര്‍ക്കിടയില്‍ രണ്ടാവുന്ന അവസ്ഥയുംഅഭിപ്രായഭിന്നതകളുമുണ്ട്. മോഷണത്തിനെത്തിയവീട്ടില്‍ നിന്ന് കണ്ടെടുക്കുന്ന കത്ത് അവരെ കള്ളന്മാരല്ലാതാക്കി മാറ്റുന്നു.അബദ്ധത്തില്‍ കൊളുത്തുവീണ വീട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടില്‍,അവര്‍ തന്നെ ഒച്ചയുണ്ടാക്കി പുറത്തുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുമ്പോള്‍കള്ളന്മാരുടെ ലോകം/പൊതുലോകം എന്നീസങ്കല്പങ്ങള്‍ അസ്ഥിരമാകുന്നു.’വരൂ’എന്നചിത്രം വഴിയന്വേഷിക്കുന്ന ആളും വഴിപറഞ്ഞുകൊടുക്കുന്ന ആളും തമ്മിലുള്ള അന്തരം തന്നെ ഇല്ലാതാക്കുന്നു.ഒടുവില്‍ രണ്ടാളും പലവഴികളുടെ സാധ്യതകള്‍ക്കുമുന്നില്‍ എത്തിപ്പെടുന്നു.
ഈരണ്ടു ചിത്രങ്ങളുടേയും തുടര്‍ച്ചയാണ് ‘രണ്ട്’ എന്ന മൂന്നാമത്തെ ചിത്രം. ആദ്യത്തെ രണ്ടു ചിത്രങ്ങളില്‍ മറഞ്ഞിരിക്കുന്ന രണ്ടെന്ന അവസ്ഥയെ കൂടുതല്‍ മൂര്‍ത്തവും വിശദവുമായി ഈ ചിത്രം അവതരിപ്പിക്കുന്നു.രണ്ടു പേര്‍ ചേര്‍ന്ന് ഒരു കിണര്‍ കുഴിക്കാനുള്ള ശ്രമത്തിലാണ്.വേഷങ്ങളിലും ശരീരത്തിലും ഭിന്നരായിരിക്കുമ്പോളും കിണര്‍ പണിക്കാര്‍ എന്ന നിലക്കും കിണര്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിലും അവര്‍ ഒന്നായിരിക്കുന്നു.ഇരുവരും നാട്ടുവര്‍ത്തമാനങ്ങളും തങ്ങളുടെ കഷ്ടപ്പടുകളും പങ്കുവെക്കുന്നു.രണ്ടുപേര്‍ക്കും ധനികരാവണമെന്ന മോഹമുണ്ട്.ഭാഗ്യക്കുറി കിട്ടുന്നതിനെക്കുറിച്ചും മാസക്കുറി കാലം കൂടുന്നതിനെക്കുറിച്ചും ഉള്ള പരിമിതമായ നാട്ടുകിനാക്കള്‍‍.മൊബൈല്‍ ഫോണിലൂടെ അവരിലേക്ക് പുറം ലോകം പലപ്രകാരത്തില്‍ കടന്നുവരുന്നു.നേരത്തെ പണിഅവസാനിപ്പിച്ച് പോകുന്നതിന്റെ ചെറിയകള്ളത്തരം ഇരുവരും ചേര്‍ന്ന് പങ്കുവക്കുന്നു.
സ്ഥലമുടമയായ മാഷെക്കുറിച്ചുപറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.സ്ക്കൂള്‍ മാഷല്ല പോസ്റ്റ് മാഷാണെന്നുവ്യക്തമാക്കുന്നു.അദ്ദേഹത്തിന് രണ്ടു പെണ്‍ മക്കള്‍.അതില്‍ ഇളയവളായ മിനിയും ഭര്‍ത്താവും ഗള്‍ഫിലാണ്.അവര്‍ക്കുവേണ്ടീയാണ് വീടും കിണറുമെല്ലാ‍മെന്ന് അവരുടെ വര്‍ത്തമാനത്തിലൂടെ നാമറിയുന്നു.ഉച്ചക്ക് പണിനിര്‍ത്തി അവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു.ഒരാളുടെ ചങ്കില്‍തടഞ്ഞ ഭക്ഷണം ഒഴിവാക്കാനുള്ള വഴി അപരന്‍ പറഞ്ഞുകൊടുക്കുന്നു.ഊണുകഴിഞ്ഞ് ഉച്ചമയക്കത്തിലേക്ക് പോകുന്നു.പിന്നീട് നാം കാണുന്നത് ഒറ്റക്ക് കിണറ്റിലിറങ്ങി
ആവേശത്തോടെ കിളക്കുന്ന അവരിലൊരാളെയും കിണറിനുപുറത്ത് മറ്റുപ്രവൃത്തികള്‍ചെയ്തു കൊണ്ടിരിക്കുന്ന അപരനെയുമാണ്. കിണറ്റിലിറങ്ങിപണിയുന്ന ആള്‍ക്ക് ഒരു ചെമ്പു കുടത്തില്‍ ‘നിധി‘ കിട്ടുകയും അത് അപരനില്‍ നിന്ന് ഒളിപ്പിക്കാന്‍ ശ്രമിക്കുകയും നിധിക്കുവേണ്ടീയുള്ള പിടിവലിക്കിടയില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു.മറ്റേയാള്‍ കൊല്ലപ്പെട്ടവന്റെ പോക്കറ്റില്‍ നിന്ന് ബീഡിയെടുത്ത് വലിച്ച് വെള്ളവസ്ത്രം ധരിച്ച് പോകാനൊരുങ്ങുമ്പോള്‍ തന്റെ നെറ്റിയില്‍ നിന്നൊഴുകുന്ന രക്തത്തെക്കുറിച്ച് ബോധവാനാകുന്നു.അയാള്‍ ഞെട്ടിയുണരുമ്പോളാണ് കണ്ടത് സ്വപ്നമായിരുന്നെന്ന് അയാളറിയുന്നതുപോലെ പ്രേക്ഷകനുമറിയുന്നത്.വീണ്ടും പണിക്കിറങ്ങുന്നു അവര്‍.എങ്കിലും ഇപ്പോള്‍ അവര്‍ രണ്ടായിക്കഴിഞ്ഞിരിക്കുന്നു. കൊല്ലപ്പെട്ടവനും കൊലപാതകിയും.കൊലപാതകിക്ക് കൊല്ലപ്പെട്ടവനെ നേരിടാനാവുന്നില്ല. കൊല്ലപ്പെട്ടവനാകട്ടെ രണ്ടെന്ന ബോധം തോന്നുന്നേയില്ല.അയാള്‍ മറ്റേയാളുടെ കീറിയ കുപ്പായത്തെക്കുറിച്ചു വേവലാതിപ്പെടുന്നു. തന്റെ വീട്ടില്‍ വന്നാല്‍ പഴയ രണ്ടു കുപ്പായം തരാമെന്നു പറയുന്നു.പണിയിലേര്‍പ്പെടുന്ന അവര്‍ക്കുമേല്‍ പകല്‍ ഇരുളുന്നു.
നിഴലും വെളിച്ചവും വളരെ സൂക്ഷ്മമായി ക്രമീകരിച്ചുകൊണ്ടാന് സുദേവന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചുറ്റും കരിമ്പനകള്‍ നിറഞ്ഞുനില്‍ക്കുന്നവിശാലമായ പറമ്പ് പാലക്കാടന്‍ ഭൂപ്രകൃതിയെ അടയാളപ്പെടുത്തുന്നു. അവര്‍കുഴിക്കുന്ന കിണറിനുസമീപം ഒരു ഇരട്ടക്കരിമ്പനയുണ്ട്.അതിന്റെ തണലത്താണ് അവരുടെ ഉച്ചയുറക്കം. കരിമ്പനകള്‍ ഒറ്റത്തടി വൃക്ഷങ്ങളാണ്.അവയ്ക്ക് കൊമ്പും ചില്ലയുമില്ല.എന്നാല്‍ ഈചിത്രത്തിലെ കരിമ്പനകള്‍ ഒറ്റത്തടിയില്‍ നിന്ന് പിരിഞ്ഞതാണെന്നേ തോന്നൂ.ഒറ്റ, ഇരട്ട എന്നീ ആശയങ്ങളുടെ ദൃശ്യവല്‍ക്കരണത്തിന് പാലക്കാടന്‍ പ്രകൃതിയില്‍ നിന്ന് ഇതിലും മികച്ചൊരു ദൃശ്യ രൂപം കണ്ടെത്താനില്ല.
പ്രത്യക്ഷത്തില്‍ ഏറെ പ്രസക്തിയില്ലാത്തതെന്നു കരുതാവുന്ന ഒരു പ്ലാസ്റ്റിക് കുടം ഈ ചിത്രത്തില്‍ നിര്‍ണ്ണായക മാകുന്നുണ്ട്.ഉച്ചമയക്കത്തിനിടക്ക് കുടത്തിലേക്കൂര്‍ന്നു വീഴുന്ന ഗ്ലാസ്സ് നാം കാണുന്നു.അതോടൊപ്പമാണ് കിണറുപണിക്കാരന്‍ സ്വപ്നത്തിലേക്കും കിണറ്റിലെ നിധിയിലേക്കും എത്തുന്നത്. ഒരു ഗ്രാമീണന്റെചിന്തയിലെ സമ്പന്നനാവാനുള്ള ലളിതമാര്‍ഗ്ഗങ്ങളിലൊന്നാണ്കിണറ്റില്‍ നിന്ന് അയാള്‍ക്ക് കിട്ടുന്ന നിധി.ഭാഗ്യക്കുറികള്‍ക്കും മറ്റ് ആധുനിക ഭാഗ്യാന്വേഷണങ്ങള്‍ക്കും മുന്‍പ് എല്ലാവരുടേയും സ്വപ്നം ഒരു നിധി കിട്ടുന്നതായിരുന്നു.പലായനം ചെയ്തവര്‍ ഉപേക്ഷിച്ചുപോയ സമ്പത്താണ് നിധികളെന്നാണ് ഗ്രാമീണവിശ്വാസം.അതില്‍ സങ്കടങ്ങളും ശാപങ്ങളുംചേര്‍ന്നുകിടക്കുന്നു. അക്കാരണത്താല്‍തന്നെ നിധികിട്ടി സമ്പന്നരായവര്‍ക്ക് സമാധാനം അകലെയായിരുന്നു. പഴയപറമ്പുകളില്‍ കുഴിച്ചുപോകുന്ന ഏതൊരാളും ഒരു നിധികുംഭം പ്രതീക്ഷിക്കുന്നുണ്ട്. അത് മറ്റൊരാളില്‍നിന്നും ഒളിപ്പിക്കേണ്ടതാണെന്നും അറിയാം.കിണറുപണിക്കാര്‍ക്കിടയിലെ ഒന്നെന്ന ഭാവത്തെ വളരെപ്പെട്ടെന്ന് രണ്ടാക്കിമാറ്റുന്നത്
പണമാണ്.’ആളെക്കൊല്ലി’എന്ന് പണത്തെവിശേഷിപ്പിച്ച പാക്കനാരുടെ ദേശത്തുനിന്ന് ഏറെ ദൂരെയല്ല സുദേവന്റെ ദേശം.പണം എല്ലാവിധ ദുരാര്‍ത്തികളോടെയും സമൂഹത്തില്‍ പ്രബലസാന്നിധ്യമായതിന്റെ പശ്ചാത്തലം ചിത്രത്തിലുണ്ട്.ഗള്‍ഫ് പണം കൊണ്ട് നിര്‍മ്മിക്കാന്‍ പോകുന്ന വീട് 25ലക്ഷത്തിനാണ് കരാര്‍ കൊടുത്തിരിക്കുന്നതെന്ന് അവരുടെ സംഭാഷണം നമ്മോടു പറയുന്നു.ആധുനികതയുടെ അന്വേഷണങ്ങളും യാത്രകളും അസ്തിത്വ ബോധവുമാണ് സുദേവന്റെ ചിത്രങ്ങളുടെ പ്രമേയമെന്ന് ലളിതമായ യുക്തികൊണ്ട് ഗണിച്ചെടുക്കാമെങ്കിലും ആധുനികാനന്തരമായ ഒരു കാലത്തെയാണ് സുദേവന്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത് എന്ന് മറന്നുകൂടാ.ഒരര്‍ത്ഥത്തില്‍ ആധുനികതയുടെ സ്വാംശീകരണവും നിരാകരണവുമാണത്. ആധുനികാനന്തരകാലത്തു ജീവിക്കുന്ന ഒരാള്‍ക്ക് സാധ്യമായത് അതാണ്.ഒന്നെന്നും രണ്ടെന്നും പലതെന്നും പറയുന്നതിലെ സന്നിഗ്ധത രണ്ടുപേരുടെ മാനസിക വ്യവഹാരം മാത്രമായി ഒതുങ്ങാതെഅതില്‍ പ്രകൃതിയും ഭൌതികമായ അദ്ധ്വാനവും സമൂഹവുമെല്ലാം ഇഴ ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഭൂതകാലവുംചരിത്രവുംമിത്തുകളുംഅതോടൊപ്പമുണ്ട്. മൊബൈല്‍ഫോണും ഗള്‍ഫും ഉണ്ട്.പുറം ലോകമാകെ അപ്രത്യക്ഷസാന്നിദ്ധ്യമായി അവിടെയുണ്ട്.കിണര്‍ പണിക്കാര്‍ക്ക് പേരില്ലെങ്കിലും പേരുള്ള നിരവധി ആളുകളെക്കുറിച്ച് അതില്‍ പരാമര്‍ശിക്കപ്പെടുന്നു.(സുദേവന്റെ മറ്റു ചിത്രങ്ങളിലും കഥാപാത്രങ്ങള്‍ക്ക് പേരില്ല.എന്നാല്‍ മറ്റുപേരുകള്‍ക്കിടയില്‍, സ്ഥലകാലങ്ങള്‍ക്കിടയില്‍,ആണ് അവരുടെ സ്ഥാനം) സൂക്ഷ്മമായി ഉപയോഗിക്കപ്പെട്ടതാണ് ഈ ചിത്രത്തിലെ പ്രകൃതിയുംസംഗീതവുമെല്ലാം. വെയിലും നിഴലും കരിമ്പനകളും കഥാപാത്രങ്ങള്‍ തന്നെയാണ്.വളരെക്കുറച്ച് ശബ്ദങ്ങള്‍ അതീവ
സൂക്ഷ്മതയോടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നു.മൊബൈല്‍ ഫോണ്‍ ശബ്ദം,ചില കിളിയൊച്ചകള്‍, പ്ലാസ്റ്റിക് സഞ്ചി തുറക്കുന്നത് അങ്ങനെ.ചിത്രാരംഭത്തില്‍ കിണര്‍ കുഴിക്കുന്ന ശബ്ദം മാത്രമേ നാം കേള്‍ക്കുന്നുള്ളു.കൂട്ടുകാരനെ കൊലപ്പെടുത്തിയശേഷം കാലന്‍ കോഴിയുടെ ശബ്ദം ഇടവിട്ടു കേള്‍ക്കാം.സംഭാഷണങ്ങളാകട്ടെ, ഗൌരവമായ ഏതെങ്കിലും കഥയിലേക്ക് നേരിട്ടു നയിക്കുന്നതല്ല.വെറും നാട്ടുവര്‍ത്തമാനങ്ങളാണത്.
കഥപറച്ചിലുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ലഘുചിത്രങ്ങളുടെ പാരമ്പര്യത്തില്‍ നിന്ന് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ചലച്ചിത്രഭാഷ യെക്കുറിച്ചുള്ള വേറിട്ട ബോധം തന്നെയാണ്. രണ്ട്/മലയാളം ഫീച്ചര്‍ /30മിന്റ്റ്റ്/2009
തിരക്കഥ,ഛായാഗ്രഹണം,സംവിധാനം:സുദേവന്‍
നിര്‍മ്മാണം:അച്ചുതാനന്ദന്‍
ബാനര്‍:പെയ്സ് പ്രൊഡക്ഷന്‍സ്
അഭിനയം:അച്ചുതാനന്ദന്‍,ശില ഉണ്ണികൃഷ്ണന്‍
ചിത്രം യു-ട്യൂബില്‍ ലഭ്യമാണ്

Monday, March 29, 2010

മേത്‌ല്‍: ഒരു കാഴ്ചാനുഭവം.

സിനിമയെക്കുറിച്ച് ഒരു സാമാന്യ ധാരണയുണ്ട്-അത് ഏതൊരാള്‍ക്കും ആസ്വാദനക്ഷമമാണെന്ന്.പണ്ഡിതപാമരഭേദമില്ലാത്ത കാഴ്ചയുടെ സമത്വമാണ് സിനിമയൊരുക്കുന്നതെന്നും പറയാറുണ്ട്.ദൃശ്യങ്ങളാണ് അതിന്റെ ഭാഷ.അതുകൊണ്ടുതന്നെ പ്രാഥമികമായി അത് ഏതൊരാള്‍ക്കും മനസ്സിലാക്കാം.വിദേശഭാഷാചിത്രങ്ങളാണെങ്കില്‍ സബ് റ്റൈറ്റിലുകള്‍ കൂടിയുണ്ടെങ്കില്‍ ആസ്വാദനം പൂര്‍ണ്ണമായതായി കരുതുന്നു.
ദൃശ്യഭാഷയ്ക്ക് സാര്‍വ്വലൌകികതയുണ്ടെന്നു സമ്മതിക്കുമ്പോള്‍ തന്നെ ഓരോ ദൃശ്യവും ഉദ്ഭവം കൊള്ളുന്ന സാംസ്കാരികാന്തരീക്ഷ ത്തെക്കുറിച്ചോ,ചരിത്രബന്ധങ്ങളെക്കുറിച്ചൊ നാം ഏറെ ഉത്കണ്ഠപ്പെടാറില്ലെന്നു തോന്നുന്നു.സൂക്ഷ്മജീവിതങ്ങളുടെ ആവിഷ്കരണ ങ്ങള്‍ക്ക് പ്രാധാന്യമുള്ള ഇക്കാലത്ത്,ദൃശ്യങ്ങളില്‍ പ്രാദേശികമായ സൂക്ഷ്മതയും ചരിത്രവും ഉള്‍ക്കൊള്ളുന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.പ്രാദേശിക ഭാഷകളിലൂടെ ആവിഷ്കരിക്കപ്പെടുന്ന സംഭാഷണങ്ങളിലും ഈ സൂക്ഷ്മത അടങ്ങിയിട്ടുണ്ട്. അത് തര്‍ജ്ജമയില്‍ പൂര്‍ണ്ണമായി കിട്ടുന്നതുമല്ല.ദേശീയതകളെ അതിലംഘിച്ച് ആശയവിനിമയം സാദ്ധ്യമാക്കിയ കലാരൂപമാണ് സിനിമ.എന്നാല്‍ പ്രാദേശികതയിലും സൂക്ഷ്മതയിലും ഊന്നിതന്നെയാണ് അതിന്റെ ആഗോള വളര്‍ച്ച.
ദുര്‍ഗ്രഹതയുടെ മൂര്‍ത്തരൂപം എന്നനിലക്ക് മേതില്‍ രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരന്‍ വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടു കയും ചെയ്തിട്ടുണ്ട്.‘സൂര്യവംശം,‘‘ബ്രാ’എന്നീ നോവലുകളെപ്പറ്റി അക്കാലത്ത് ‘മലയാളനാട് ‘വാരികയില്‍ വിമര്‍ശനത്തേക്കാളുപരിയുള്ള പരിഹാസലേഖനം അതിന്റെ എഡിറ്റര്‍ തന്നെ എഴുതിയത് ഓര്‍മ്മവരുന്നു.മേതിലിന്റെ പില്‍ക്കാല കൃതികളേയും ആധുനികതയുടെ ആലസ്യത്തില്‍തന്നെ വീക്ഷിച്ച് നിരാകരിക്കാനായിരുന്നു പലര്‍ക്കും കൌതുകം.മനുഷ്യനെ ‘കൂടുതല്‍ കരുത്തുള്ള‘ മനുഷ്യര്‍ അടിമകളാക്കുന്നതിനെ എതിര്‍ക്കുന്നവര്‍തന്നെ പക്ഷിമൃഗാദികളെയും പ്രകൃതിയെയും അടിമപ്പെടുത്തുന്നതിലെ വൈരുദ്ധ്യം തുറന്നുകാട്ടുന്ന മേതിലിന്റെ പാരിസ്ഥിതിക ദര്‍ശനം തീര്‍ച്ചയായും ആധുനികതയിലൂന്നിയതല്ല്ല്ല.പഴുതാരയെയും പുഴുവിനെയും ഉറുമ്പിനെയും കുറിച്ചാണ് മേതില്‍ ഏറെ ഉത്ക്കണ്ഠ്പ്പെട്ടിട്ടുള്ളത്.സാഹിത്യം മനുഷ്യനെമാത്രം പരിഗണിക്കുന്നമ്പോള്‍ ശാസ്ത്രം സമസ്ത ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ളതാകയാല്‍ താന്‍ ശാസ്ത്രത്തിന്റെ പക്ഷത്താണെന്നുപറയും മേതില്‍.
കെ ഗോപിനാഥന്‍ സംവിധാനം ചെയ്ത ‘മേത്‌ല്‍’ എന്ന ഹ്രസ്വ ചിത്രം ഇത്തരം പല ചിന്തകളിലേക്കും നമ്മെ നയിക്കുന്നു. അത് ഒരു അന്യഭാഷാ ചിത്രമല്ല.എന്നാല്‍ ഭാഷയില്‍ ഒരു മറു ഭാഷയും ദൃശ്യതലത്തില്‍ ഒരു ഉപതലവും അത് ഉയര്‍ത്തിപ്പിടിക്കുന്നു. ഓരോരുത്തരും അവരുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തെടുക്കേണ്ടുന്ന ഒരു (ദൃശ്യ)ഭാഷ ഈചിത്രത്തിലടങ്ങിയിട്ടുണ്ട്.
.നിര്‍ദ്ദിഷ്ട വ്യക്തിയെപ്രതി മറ്റുള്ളവര്‍ ധാരാളമായി സംസാരിക്കുകയും ആവ്യക്തിയുടെ ജനനം തൊട്ടുള്ള കാര്യങ്ങളും കുടുംബ വിശേഷങ്ങളുമായി പരന്നു പോകുകയും ചെയ്യുന്ന ഡോക്യുമെന്ററികളുടെ സ്ഥിരം അവതരണരീതിയെ ഈചിത്രം മറികടക്കുന്നു. മേതില്‍ എന്ന വ്യക്തിയെയല്ല അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആശയത്തെ(ങ്ങളെ)അവതരിപ്പിക്കാനാണ് ശ്രമം.ഈ ചിത്രത്തില്‍ മേതില്‍ മാത്രമേ നേരിട്ടു സംസാരിക്കുന്നുള്ളു.സംവിധായകന്റെ കമന്ററികളുമില്ല.ഇടയ്ക്കു വരുന്ന സംസാരശകലങ്ങളെല്ലാം അദ്ദേഹത്തിന്റെ തന്നെ പുസ്തകങ്ങളില്‍ നിന്നുള്ളവയാണ്.ഒരൊറ്റ പശ്ചാത്തലത്തില്‍ സ്ഥനചലനങ്ങളേറെയില്ലാതെയാണ് മേതിലിന്റെ സംസാരമത്രയും. കാര്യമായഭാവവ്യത്യാസങ്ങള്‍ പോലുമില്ല.അമൂര്‍ത്തവും ദുര്‍ഗ്രഹവുമെന്ന് വിലയിരുത്തപ്പെട്ട മേതിലിന്റെ ഭാഷയും ആശയങ്ങളും ഒറ്റവായനയ്ക്ക് ആര്‍ക്കും പിടിതരാനിടയില്ല.അത്തരം ആശയങ്ങളുടെ ദൃശ്യപരാവര്‍ത്തനം പലപ്രകാരത്തില്‍ ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. ആധുനികത മലയാള സാഹിത്യത്തില്‍ നിലനിന്ന കാലമാണ് (മേതിലിന്റെ ആധുനികകാലം)വലിയൊരളവില്‍ ഈചിത്രം ആവിഷ്കരിക്കന്‍ ശ്രമിക്കുന്നത്.ആധുനികതയുടെ കാലത്ത് അതിനെ വീക്ഷിക്കുന്നതു പോലെയല്ല ആധുനികാനന്തരകാലത്തുള്ള തിഞ്ഞു നോട്ടം.ഒട്ടേറെ വിമര്‍ശനങ്ങള്‍ ഇക്കാലത്ത് ആധുനികതക്ക് നേരിടേണ്ടിവരുന്നുണ്ട്.കേരളീയാധുനികതയുടെ നിരവധിപതിപ്പുകളില്‍ ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടിവന്ന ഒരു ധാരയുടെ പ്രതിനിധികൂടിയാണ് മേതില്‍.അങ്ങനെയൊരുകാലത്തേയും അതിന്റെ പ്രതിനിധിയേയും ദൃശ്യവല്‍ക്കരിക്കുമ്പോള്‍ ആവശ്യമായ സൂക്ഷ്മതയും കൈയടക്കവും ഇവിടെപാലിക്കപ്പെട്ടിട്ടുണ്ട്.
ആധുനികത ,മേതില്‍,ഉയര്‍ന്നദൃശ്യബോധം എന്നിവചേര്‍ന്ന ഒരു ത്രികോണക്കാഴ്ചയിലൂടെ പൂര്‍ത്തിയാകുന്നതാന് ‘മേത്‌ല്‍’ എന്നചിത്രം.പഴയകാലവും പുതിയകാലവും തമ്മിലൊരു കണ്ണി ഈചിത്രത്തില്‍ വിളങ്ങിച്ചേര്‍ന്നുകിടപ്പുണ്ട്.അതില്‍ കണ്ണി ചേര്‍ന്നവര്‍ക്കാവും ഈ ചിത്രം ‘മുഴുവന്‍’ ആസ്വദിക്കാനാവുന്നത്.

Tuesday, March 9, 2010

പവിത്രനെ ഓര്‍ക്കുമ്പോള്‍

പവിത്രന്‍ എന്ന വ്യക്തിയെ ഏറെ പ്രാവശ്യം നേരില്‍ കണ്ടിട്ടില്ല.ഒന്നോ രണ്ടോ തവണത്തെ വിദൂരക്കാഴ്ചകളേ ഉള്ളു.ഒരിക്കലും തമ്മില്‍ സംസാരിക്കുകയുണ്ടായിട്ടില്ല. എന്നാല്‍ പവിത്രന്‍ എന്ന വ്യക്തിയെയും സിനിമാക്കാരനേയും കുറിച്ച് വളരെ മുമ്പു തന്നെ ധാരാളം കേട്ടറിവുകളുണ്ട്.ഒരര്‍ത്ഥത്തില്‍ തന്റെ സിനിമ കള്‍ക്കുമേലെ കയറി നിന്ന വ്യക്തിത്വമായ ജോണ്‍ അബ്രഹാമിനെപോലെയായിരുന്നു പവിത്രനും. ഗുരുവായൂരിനടുത്ത അരിയന്നൂര്‍ക്കാരനായിരുന്നു അദ്ദേഹം.പവിത്രന്റെ വീടിനടുത്തുനിന്ന് എതാനും മീറ്റര്‍ അകലെയുള്ള ശ്രീകൃഷ്ണ കോളേജില്‍ പഠിക്കുമ്പോള്‍ അവിടത്തെ സൌഹൃദക്കൂട്ടായ്മകളിലെ സ്ഥിരം വിഷയമായിരുന്നു അദ്ദേഹം.ധിക്കാരിയും അരാജകവാദിയുമായ ഒരാളെന്ന വിശേഷണം അന്നത്തെ ഇടതുപക്ഷ കാമ്പസ്സിന് എങ്ങനെ ബോധിച്ചു എന്നറിയില്ല.ഒന്നുറപ്പാണ്-ധിക്കാരികളേയും ബുദ്ധിജീവികളേയും അന്ന് കാമ്പസ്സിന്പ്രിയമായിരുന്നു.അരാജകവാദം രണ്ടാമത് വരുന്നതാണ്.ധിക്കാരത്തിന്റെ കൂടപ്പിറപ്പായ അരാജകവാദത്തെ കാമ്പസ്സ് അംഗീകരിച്ചിരുന്നു.കോളേജിനടുത്തു തന്നെയുള്ള മറ്റൊരാള്‍കോവിലനായിരുന്നു. അദ്ദേഹം ‘മുനി‘യായാണ് അറിയപ്പെട്ടിരുന്നത്.രണ്ടു പേരെയും അക്കാലത്ത് കാണാനോ സംസാരിക്കാനോ സാധിച്ചില്ല. വ്യക്തി ജീവിതത്തിലെ ധിക്കാരവും അരാജകത്വവും പോലെത്തന്നെ സിനിമാജീവിതത്തിലും അരാജകത്വം പുലര്‍ത്തിയ ആളായിരുന്നു പവിത്രന്‍ എന്ന് ഷാജി.എന്‍.കരുണ്‍(ഭാഷാപോഷിണി,ഫെബ്രുവരി2010) അഭിപ്രായപ്പെടുന്നുണ്ട്.വ്യക്തിജീവിതത്തിലെ അരാജകത്വം ഒരു പക്ഷെ,സിനിമാജീവിതത്തിലേക്ക് നേരിട്ടുപരിഭാഷപ്പെടുത്താവുന്നതല്ല. സിനിമയ്ക് ഒരു വ്യാകരണമുണ്ടെന്നും അത് ആദ്യകാല സംവിധായകര്‍(ഐസന്‍സ്റ്റീന്‍ മുതല്‍ ബുനുവല്‍ വരെയുള്ളവര്‍)രൂപീകരിച്ചെടുത്തതാണെന്നും പവിത്രന്‍ തന്നെ അഭിപ്രായ പ്പെട്ടിട്ടുണ്ട്.എന്നാല്‍ നിലവിലുള്ള വ്യാകരണത്തെ നിഷേധിക്കണമെങ്കില്‍ ധിക്കാരത്തിലൂടേയേ സാധ്യമാകൂ എന്നും അദ്ദേഹത്തിനറിയാമായിരുന്നു. ’യാരൊ ഒരാള്‍’ എന്ന തന്റെ ആദ്യ ചിത്രം വിനയത്തോടെയുള്ള ധിക്കാരമെന്നാണ് പവിത്രന്‍ വിലയിരുത്തിയിട്ടുള്ളത്.(ദൃശ്യകല,ഏപ്രില്‍,1981)
പവിത്രന്റെ സിനിമകളെക്കുറിച്ചു പറയുമ്പോള്‍ ‘യാരോഒരാളി‘ല്‍ നിന്നു തുടങ്ങുണതിനു പകരം
‘കബനീ നദി ചുവന്നപ്പോള്‍‍’ എന്ന ചിത്രത്തില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ തുടങ്ങേണ്ടത്.ഇത് പവിത്രന്‍ നിര്‍മ്മിച്ച് പി.എ.ബക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ്. പവിത്രനുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോളെല്ലാം നാം ഈ ചിത്രത്തേയും ഓര്‍ക്കും.‘കബനീനദി’സെന്‍സര്‍ ബോര്‍ഡിന്റെ തലങ്ങും വിലങ്ങുമൂള്ള വെട്ടലുകള്‍ക്കു ശേഷമാണ് പ്രേക്ഷകരിലേക്കെത്തിയത്.പതിനാറു പ്രാവശ്യം സെന്‍സര്‍ ചെയ്യപ്പെടുകയും 1800ലധികം അടി ഫിലിം വെട്ടി മാറ്റപ്പെടുകയും ചെയ്ത ഒരു സിനിമയുടെ ദുരന്തം ഊഹിക്കാവുന്നതേയുള്ളു. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തോടൊപ്പമാണ് ഈ ചിത്രത്തിന്റേയും പിറവിയെന്നതാണ് അതിനെ ഇത്ര വലിയൊരു ദുരന്തമാക്കിയത്. സെന്‍സര്‍ ബോര്‍ഡിനെ അവഗണിക്കാന്‍ തയ്യാറായാലേ ഇവിടെ യഥാര്‍ത്ഥ രാഷ്ട്രീയസിനിമ സാധ്യമാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.അണ്ടര്‍ ഗ്രൌണ്ട് സിനിമാ പ്രസ്ഥാനത്തിനോടുള്ള തന്റെ ആനുകൂല്യവും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
കബനീനദി, ഉപ്പ് തുടങ്ങിയ ചിത്രങ്ങള്‍ നമ്മെ ചില സ്ഥല കാലങ്ങളിലേയ്ക് കൊണ്ടു പോകുന്നുണ്ട്. കാലത്തില്‍ കൊത്തിയ ശില്പങ്ങളാണ് ചലച്ചിത്രങ്ങളെന്ന് പറഞ്ഞത്തര്‍ക്കോവ്സ്കിയാണ്. ‘കബനീനദി’ വിപ്ലവത്തിന്റെ ഒരു കാലത്തിലേക്ക് നമ്മെ നയിക്കുന്നു.അതേസമയം അത് വിപ്ലവത്തിന്റെ ഒരു സ്ഥലവും കൂടി അവതരിപ്പിക്കുന്നു.കബനിയേയും വയനാടിനേയും വിപ്ലവപ്രവര്‍ത്തനങ്ങളുടെ ഒരു സ്ഥലമായി അടയാളപ്പെടുത്തിയതില്‍ ഈ സിനിമയ്ക് വലിയ പങ്കുണ്ട്.എന്നാല്‍ പിന്നീട് നക്സല്‍ രാഷ്ട്രീയത്തെ പിന്‍പറ്റുന്ന സിനിമകളുടെ വേലിയേറ്റത്തിന് തുടക്കമായതും ഇവിടെ നിന്നാണ്.‘ഉപ്പ് ‘എന്ന സിനിമയും ഈ വിധത്തില്‍ ചില സ്ഥലകാലങ്ങള്‍ക്ക് രൂപം നല്‍കുന്നതു കാണാം.ഈ ചിത്രത്തിലെ പ്രമേയം പ്രത്യക്ഷത്തില്‍ മുസ്ലീം സമുദായത്തിലെ ബഹുവിവാഹത്തിന്റെതാണെന്നു തോന്നാമെങ്കിലും സ്ത്രീയാല്‍ ഉപേക്ഷിക്കപ്പെടുന്ന പുരുഷന്‍ എന്ന ഒരു വിപരീതാഖ്യാനംകൂടി അതിലടങ്ങിയിട്ടുണ്ട്.‘കുട്ടപ്പന്‍സാക്ഷി‘ എന്ന ചിത്രം കാലത്തെയാണ് പ്രധാനമായും അടയാളപ്പെടുത്തുന്നതെങ്കിലും, കാലം സ്ഥലത്തിലും ഭൌതികസാഹചര്യങ്ങളിലും വരുത്തിയമാറ്റങ്ങളെക്കുറിച്ചും കൂടിയാണ് ആ ചിത്രം.വഴിവിളക്കു തെളിയിക്കുന്ന ജോലിക്കാരനായ കുട്ടപ്പന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റം പരിഷ്കാരത്തിന്റെവരവോടെ സംഭവിക്കുന്നതാണ്.സ്വാതന്ത്ര്യ പൂര്‍വ്വകാലത്ത് തുടങ്ങി,കമ്യൂണിസ്റ്റ്മുന്നേറ്റങ്ങളും സ്വാതന്ത്ര്യസമരങ്ങളും കടന്ന് പുതിയകാലത്ത് എത്തുമ്പോള്‍ഇലക്ട്രിക് പോസ്റ്റുകളുടെ വരവായി.അത് കുട്ടപ്പന് ജോലി നഷ്ടപ്പെടുത്തുകമാത്രമല്ല, താന്‍ പഴഞ്ചനായതായി ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
‘യാരോ ഒരാള്‍’ എന്ന ആദ്യ ചിത്രത്തിന് സംഗീതം നല്‍കിയത് അരവിന്ദനാണെന്നത് ഇന്ന് ഓര്‍ക്കുമ്പോള്‍അത്ഭുതമായിതൊന്നാം.അവര്‍ പുലര്‍ത്തിയ ആത്മ ബന്ധം സിനിമയിലും അവരെഒന്നിപ്പിച്ചതുമാകാം. ജോണിനേയും അരവിന്ദനേയും പവിത്രനേയും സിനിമയില്‍ സമകാലികരാക്കുന്നത് അവര്‍ മൂവരുംപുലര്‍ത്തിയ പ്രമേയവൈവിദ്ധ്യവും പരീക്ഷണ വ്യഗ്രതയുമാവാം. നേരത്തെ പറഞ്ഞ, വ്യാകരണങ്ങളെ മാറ്റിമറിക്കാനുള്ള പ്രവണത അവരില്‍ വ്യക്തമാണ്.പ്രമേയവൈവിദ്ധ്യവും പരീക്ഷണവ്യഗ്രതയും പരസ്പരപൂരകവുമാണ്. എല്ലാപരീക്ഷണങ്ങളിലും പവിത്രന്‍ വിജയിച്ചുവെന്ന് നമുക്ക് പറയാനാവില്ല.മറ്റിരുവരുടേയും സ്ഥിതിയും അതുതന്നെയാണ്.
അരാജകമെന്ന് പറയാവുന്ന ജീവിതം നയിച്ച അവര്‍ മൂവരുടേയും അന്ത്യം ഏറെക്കുറെ അപ്രതീക്ഷ്തമായാണ് സംഭവിച്ചത്-താരതമ്യേന ചെറിയ പ്രായത്തില്‍.അറുപതു വയസ്സിനിടയില്‍ അവര്‍ മരണത്തിനു കീഴടങ്ങി. പി.എ.ബക്കറിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.പവിത്രന്‍ എന്ന ഒരാളില്‍ തുടങ്ങി ഓര്‍മ്മകള്‍ മൂന്ന് നാല് ആളുകളിലേക്ക് പടര്‍ന്നുവളര്‍ന്നതായി നാം കാണുന്നു.പവിത്രന്‍ ഒറ്റക്കായിരുന്നില്ല എന്നാണ്
ഇതിനര്‍ത്ഥം.അരവന്ദന്‍,ജോണ്‍, ബക്കര്‍ എന്നതൊക്കെ പവിത്രന്റെ തന്നെ മറ്റു പേരുകളായിരുന്നു.
ജോണ്‍ അബ്റഹാമിനെപ്പോലെ പവിത്രന്റെ പേരിലും  അനേകം തമാശകള്‍ നിലവിലുണ്ട്.അവയില്‍ ചിലത് ഇവിടെ വാ‍യിക്കാ‍ം

Sunday, February 7, 2010

മഗ്‌രിബ് സിനിമകള്‍ കാണുന്നത്

ദേശീയതയുടെ ഏറ്റവും മൂര്‍ത്തമായ കലാരൂപമാണ്‌ സിനിമ. ദേശത്തിന്റെ ഭൂമിശാസ്‌ത്രപരവും സാംസ്‌കാരികവുമായ അഴകളവുകളെ അത്‌ `കാലത്തില്‍ കൊത്തിയ ശില്‌പങ്ങ' ളാക്കി മാറ്റുന്നു. ദേശീയത എന്ന ആശയം രൂപപ്പെട്ട്‌ ഏറെക്കഴിയുന്നതിനുമുമ്പ്‌ പിറവി കൊണ്ടതാണ്‌ സിനിമ എന്ന കലാരൂപം. ദേശീയതയ്‌ക്കൊപ്പം പിറവിയെടുത്ത നോവല്‍ എന്ന കലാരൂപത്തിന്‌ സാധിക്കാത്ത ആഖ്യാനമികവ്‌ സാങ്കേതികതയുടെ കൂടി സഹായത്തോടെയാണ്‌ സിനിമ കൈവരിച്ചത്‌. ഇതര കലാരൂപങ്ങളെ അപേക്ഷിച്ച്‌ സിനിമകളാണ്‌ ദേശരാഷ്‌ട്രങ്ങളുടെ പേരില്‍ ഏറെ അറിയപ്പെട്ടതും. എന്നാല്‍ അതേ സിനിമകള്‍ തന്നെയാണ്‌ ദേശാതിര്‍ത്തികള്‍ ലംഘിച്ചുകൊണ്ട്‌ ആസ്വാദനത്തെ സാര്‍വ്വലൗകികമാക്കുകയും ചെയ്‌തത്‌.
ഇറ്റാലിയന്‍ സിനിമകള്‍ ഫ്രഞ്ച്‌ നവതരംഗ സിനിമകള്‍ ഇറാനിയന്‍, കൊറിയന്‍ സിനിമകള്‍ എന്നിവയെല്ലാം അവയുടെ ദേശപരമായ സ്വത്വങ്ങളെ അടയാളപ്പെടുത്തി ക്കൊണ്ട്‌ നമ്മുടെ മുന്നിലുണ്ട്‌. എന്നാല്‍ മഗ്‌രിബ്‌ സിനിമകള്‍ എന്നൊരു വിഭാഗം മലയാളികള്‍ക്ക്‌ മുന്‍പരിചയമില്ലാത്തതാണ്‌. അത്‌ ഒറ്റ രാജ്യത്തിന്റെ പേരല്ലെന്നും മൂന്ന്‌ രാജ്യങ്ങളുടെ (അള്‍ജീരിയ, ടുണീഷ്യ, മൊറോക്കോ) കൂട്ടായ്‌മയാണ്‌ അതുകൊണ്‌ര്‍ത്ഥമാക്കുന്നതെന്നും അധികം പേര്‍ക്കറിയണമെന്നില്ല. ഭൂമിശാസ്‌ത്ര പരമായ പ്രത്യേകതകളും, സാമ്പത്തികമായ കൊടുക്കല്‍ വാങ്ങലുകളും, കൊളോണിയല്‍ അധിനിവേശങ്ങളുടെ ഭൂതകാലവുമാണ്‌ ഈ രാജ്യങ്ങളെ ഒന്നിച്ചുനിര്‍ത്തുന്ന ചരട്‌. സ്വതന്ത്രരാഷ്‌ട്രങ്ങളായിരിക്കുമ്പോള്‍ തന്നെ ഈ സമാനതകള്‍ അവര്‍ പങ്കുവെക്കുന്നു. മഗ്‌രിബ്‌ സിനിമകള്‍ എന്ന പൊതുസംജ്ഞകൊണ്ട്‌ വ്യവഹരിക്കാവുന്ന വിധം അവരുടെ സിനിമയെയും വേറിട്ട അനുഭവമാക്കുന്ത്‌ ഇതേ ഘടകങ്ങള്‍ തന്നെയാണ്‌.
കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ ``മഗ്‌രിബ്‌ സിനിമ ചരിത്രവും വര്‍ത്തമാനവും'' എന്ന പുസ്‌തകം മഗ്‌രിബ്‌ എന്ന `രാഷ്‌ട്രസങ്കല്‌പ' ത്തെ വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം ഫ്രഞ്ച്‌, ഈജിപ്‌ത്‌, അറബ്‌ സിനിമകളില്‍നിന്ന്‌ വ്യതിരിക്തമായ ഒരു സിനിമാസങ്കല്‌പം, അവിടെ എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ വിശദീകരണവുമാണ്‌. ഭൂമിശാസ്‌ത്ര പശ്ചാത്തലത്തലൂന്നി ഇറാനിയന്‍ സിനിമയുടെ സൗന്ദര്യതലം വിശകലനം ചെയ്യുന്നപഠനം നടത്തിയിട്ടുള്ള ആളാണ്‌ കുഞ്ഞിക്കണ്ണന്‍. ഇറാനിയന്‍ സിനിമകളെ സമഗ്രമായി പരിശോധിക്കുന്ന മലയാളത്തിലെ ഏക പഠനഗ്രന്ഥവുമാണത്‌.
വംശീയമായും ഭാഷാപരമായും മിശ്രമാണെങ്കലും മഗരിബുകാര്‍ അറബ്‌ ജനതയാണ്‌. ഫ്രഞ്ച്‌കോളനി യായിരുന്ന അള്‍ജീരിയ 1962ലാണ്‌ സ്വാതന്ത്ര്യം നേടുന്നത്‌. മൊറോക്കോ, ടുണീഷ്യ തുടങ്ങിയവ അതിനു ശേഷവും. സ്വാതന്ത്ര്യാനന്തരമാണ്‌ ഈ മൂന്നു രാജ്യങ്ങളിലെയും സിനിമകള്‍ക്ക്‌ കൂടുതല്‍ ദിശാബോധവും മൂര്‍ച്ഛയും കൈവരുന്നത്‌. കലാപരമെന്നതിനേക്കാള്‍ ദേശീയസ്വത്വവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കാ യിരുന്നു അവയില്‍ പ്രാമുഖ്യം. ഈജിപ്‌ത്‌, ഫ്രഞ്ച്‌ സിനിമകളുടെ ആധിപ്യത്തില്‍ നിന്നുള്ള വിമോചനം കൂടിയായിരുന്നു സ്വാതന്ത്ര്യാനന്തര സിനിമകള്‍.
ആറു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള മഗ്‌രിബില്‍ ഏകദേശം എണ്ണൂറിലധികം സിനിമാശാലകളുണ്ട്‌. അള്‍ജീരിയയില്‍ സിനിമകളുടെ കുത്തക രാഷ്ട്രത്തിനാണ്‌. ടുണീഷ്യയില്‍ സ്വകാര്യ, പൊതുമേഖലകളിലും മൊറോക്കോയില്‍ സ്വകാര്യ മേഖലയില്‍ മാത്രമായും നിലനില്‍ക്കുന്നു. വ്യക്തികള്‍ എന്ന നിലക്ക്‌ സിനിമകളുടെ മുതല്‍ മുടക്ക്‌ നേരിടാന്‍ പലരും പ്രാപ്‌തരല്ല. സര്‍ക്കാരില്‍ നിന്നുള്ള സഹായം പരിമിതവുമാണ്‌. ഇത്തരം സാഹചര്യത്തിലാണ്‌ ഫ്രാന്‍സുമായി സഹകരിച്ചുകൊണ്ടുള്ള സംയുക്തസംരംഭങ്ങളായി സിനിമകളുണ്ടാവുന്നത്‌. പതിമൂന്നാംഅന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കേരളത്തില്‍ പ്രദര്‍ശിപ്പിച്ച The yellow house(സംവിധാനം: അമര്‍ ഹാക്കര്‍) എന്ന ഫ്രഞ്ച്‌ അള്‍ജീരിയന്‍ സംയുക്തചിത്രം, ആ സിനിമ കണ്ടവരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്‌.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും വലിയ ഫിലിം സൊസൈറ്റികള്‍ നിലനില്‍ക്കുന്നത്‌ ടുണീഷ്യയിലാണ്‌. മഗ്‌രിബ്‌ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്‌ത്രീസംവിധായികമാരുള്ളതും ടുണീഷ്യയില്‍ത്തന്നെ. കൊളോണിയല്‍ അധിനിവേശത്തിനെതിരെ സ്‌ത്രീകള്‍ നടത്തുന്ന ചെറുത്തുനില്‍പ്പും മഗ്‌രിബ്‌ സിനിമകളുടെ സവിശേഷതകളിലൊന്നാണ്‌.
‘ഇരുണ്ട‘തോ, ‘അജ്ഞാത‘മോ ആയ ഭൂപ്രദേശത്തിലേക്കും സംസ്‌കാരത്തിലേക്കുമുള്ള അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും വിളംബരമല്ല കുഞ്ഞിക്കണ്ണന്റെ പുസ്‌തകം. മഗ്‌രിബ്‌ രാജ്യങ്ങളുടെ രാഷ്‌ട്രീയവും സാംസ്‌കാരികവുമായ സ്വത്വത്തിന്റെ ആഖ്യാനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌ മറ്റൊരു കാര്യമാണ്‌. ഒരു രാജ്യത്തിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും കേവലമായി പഠിക്കുന്നതിന്റെയും സംസ്‌കാര ചരിത്രത്തിന്റെ ഭാഗമായി പഠിക്കുന്നതിന്റെയും വ്യത്യാസമാണത്. പഠനമേഖല സിനിമയാകുമ്പോള്‍ ചരിത്രത്തെയും ഭൂമിശാസ്‌ത്രത്തെയും കൂടി അതിന്‌ അനായാസം ഉള്‍ക്കൊള്ളാനും കഴിയുന്നു.


മഗ്‌രിബ് സിനിമ ചരിത്രവും വര്‍ത്തമാനവും
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
അടയാളം പുബ്ലിക്കേഷന്‍സ്, തൃശ്ശൂര്‍.
വില:75.00