Tuesday, March 29, 2011

ശരത്ക്കാലം,ശേഷകാലം.

ശരത്ചന്ദ്രന്‍ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു എന്ന വിവരംസുഹൃത്ത് വിളിച്ചുപറഞ്ഞപ്പോള്‍ ഫേസ് ബുക്കില്‍ ശരത് എന്തുചെയ്യുകയായിരുന്നു എന്നറിയണമെന്നാണ് അപ്പോഴത്തെ ഒരുചിന്ത എന്നെ പ്രേരിപ്പിച്ചത്.മരിക്കാതെ ശരത് അവിടെ സജീവമായിരിക്കുമെന്ന തോന്നല്‍ വെറുതെയായില്ല.മാര്‍ച്ച് 31ന് 3.32നായിരുന്നു ഫേസ് ബുക്കില്‍ ശരത്തിന്റെ അവസാനത്തെപോസ്റ്റ്.അത് ഒറീസ്സയിലെ കലിംഗനഗറില്‍ ആദിവാസികള്‍ക്കെതിരെ നടന്ന വെടിവെപ്പിനെപ്പറ്റി ഹൈക്കൊടതി ജഡ്ജി ചൌധരിപ്രതാപ് മിശ്രയുടെ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടായിരുന്നു.മണിക്കൂറുകള്‍ക്കകം ആ മതിലില്‍(wall)പുതിയപോസ്റ്റുകള്‍ നിരക്കുന്നതും ശരത് അവിടെനിറഞ്ഞുവരുന്നതും നോക്കി ഞാനിരുന്നു.
ഫിലിംസൊസൈറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശരത്തുമായുള്ള എന്റെ ബന്ധങ്ങള്‍ ആരംഭിക്കുന്നത്.തന്റെ L.C.Dപ്രൊജക്റ്ററുമായി ഗ്രാമനഗരവ്യത്യാസമില്ലാതെ യാത്രചെയ്ത ശരത്,കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലെ ഒരു സമാന്തര മാതൃകയായിരുന്നു.ചിത്രങ്ങളുടെ ലഭ്യത,അവയെസംബന്ധിച്ച ആധികാരികവിവരങ്ങള്‍, തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ ശരത്തിനെ ആശ്രയിക്കാമായിരുന്നു.കാണി ഫിലിം സൊസൈറ്റി(ചങ്ങരംകുളം)ക്കുവേണ്ടി ഒരു പ്രൊജക്റ്റര്‍ വാങ്ങേണ്ടി വന്നപ്പോള്‍ അതിന്റെ സാങ്കേതികകാര്യങ്ങളെപ്പറ്റി ശരത് ഏറെ വിവരിച്ചുതരുകയും എറണാംകുളത്തുള്ള വേണുവിനെപരിചയപ്പെടുത്തുകയും ചെയ്തു.
പ്ലാച്ചിമട സമരനേതാവായിരുന്ന മയിലമ്മയെ അനുസ്മരിക്കുന്നതിനും ചലച്ചിത്രപ്രദര്‍ശനം നടത്തുന്നതിനുമായാണ് ശരത് ആദ്യമായി ചങ്ങരംകുളത്തെത്തുന്നത്.‘ഒരായിരംദിനങ്ങളും ഒരു സ്വപ്നവും‘ എന്ന ചിത്രത്തിനു പുറമേ, മയിലമ്മയെക്കുറിച്ചുള്ള ഒറ്റ രാത്രി കൊണ്ട് എഡിറ്റ് ചെയ്ത ഒരു ഹ്രസ്വ ചിത്രം കൂടി പ്രദര്‍ശിപ്പിക്കാനും ശരത് സന്നദ്ധനായി.പരിപാടികള്‍ക്കുശേഷം വളരെ നേരമിരുന്ന് പ്ലാച്ചിമടയെക്കുറിച്ചുതന്നെ ഞങ്ങള്‍ സംസാരിച്ചു.ആ സമരത്തിനുസംഭവിച്ച വിപര്യയങ്ങളില്‍ ആശങ്കാകുലനായിരുന്നു,ശരത്.
ജോണ്‍ അബ്രഹാമിന്റെ സിനിമകളുടെ പ്രദര്‍ശനത്തെക്കുറിച്ചു സംസാരിക്കാനാണ് മറ്റൊരിക്കല്‍ ശരത്തിനെ വിളിക്കുന്നത്.അപ്പോഴാണദ്ദേഹത്തിന്റെ പൂര്‍ത്തിയാകാത്ത ജോണ്‍ ചിത്രത്തെക്കുറിച്ചുമറിയുന്നത്. പ്രസ്തുതചിത്രം ഉടനെ പൂര്‍ത്തിയാക്കി ആദ്യപ്രദര്‍ശനം കാണിയുടെ ആഭിമുഖ്യത്തില്‍ നടത്താമെന്ന് സമ്മതിക്കുകയും ചെയ്തു.ഒരു പക്ഷെ മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ട പ്രദര്‍ശനതിയ്യതി എന്ന കണിശയാഥാര്‍ത്ഥ്യം ആചിത്രം പൂര്‍ത്തിയാക്കാന്‍ ഒരുകാരണമായിരുന്നിരിക്കണം.
ഫോണിലൂടെയാണെങ്കിലും നേരിട്ടാണെങ്കിലും സൌഹൃദത്തിന്റെ ഊഷ്മളത നമ്മിലേക്ക് അബോധമായി ശരത് സംക്രമിപ്പിക്കും.തന്റെ ഘനഗംഭീരമായശബ്ദത്തില്‍ നമ്മുടെപേരിന്റെപാതിമാത്രം പ്രത്യേക ഈണത്തില്‍ വിളിച്ചുകൊണ്ടാവും ചിലപ്പോഴത്.എന്റെ മുഴുവന്‍ പേര് പറയാതെ മോഹനാ എന്നു ചുരുക്കി വിളിക്കാനുള്ള അടുപ്പം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നുവൊ എന്ന് ഞാനിപ്പോള്‍ ആലോചിച്ചുപോകുന്നു.അയാള്‍ ഓരോരുത്തര്‍ക്കും വേണ്ടി ഓരോ ഭാഷ സൂക്ഷിച്ചു എന്ന് പറയുന്നതാവും ശരി.വലിപ്പചെറുപ്പങ്ങളില്ലാത്ത സൌഹൃദങ്ങളിലാണ് ശരത് ജീവിച്ചിരുന്നത് എന്നും ഇന്ന് ഞാനറിയുന്നു.
ചലച്ചിത്രമേളകളിലെ തിരക്കില്‍ നേരിട്ടുകാണുമ്പോഴൊക്കെ ഒരുചിരിയും ഒന്നുരണ്ട് കുശലങ്ങളുമായി ശരത് കടന്നുപോകും.വിശദമായി സംസാരിക്കാനുള്ളതൊക്കെ തിരക്കൊഴിഞ്ഞ് പിന്നീടാവാമെന്ന് കരുതിനീട്ടിവെക്കും.അങ്ങനെ ഞങ്ങള്‍ തമ്മില്‍ പറയാന്‍ ബാക്കിവെച്ച വര്‍ത്തമാനങ്ങളാണ് ഏറെയുള്ളത്.സംസാരിക്കാന്‍ ഒന്നില്‍ കൂടുതല്‍ ആളുകളില്ലാത്ത ഭാഷ മരിച്ചതായി കണക്കാക്കുന്നതാണ് ഭാഷാശാസ്ത്ര രീതി.അതനുസരിച്ച് നോക്കിയാല്‍ ഞങ്ങള്‍ തമ്മില്‍ ആശയവിനിമയം സാദ്ധ്യമായിരുന്ന ഭാഷയും കൊണ്ടാണ് ശരത് പോയത്.ശേഷിക്കുന്ന ആള്‍ക്ക് ആഭാഷകൊണ്ട് ഇനി പ്രയോജനവുമില്ല.
ഫേസ് ബുക്കില്‍ ശരത്തിന്റെ അക്കൌണ്ട് ഇപ്പോഴും സജീവമാണ്.നിരവധി ആളുകള്‍ ആ മതിലില്‍ എഴുതിക്കൊണ്ടേയിരിക്കുന്നു..അത് ‘വെര്‍ച്ച്വല്‍’ലോകമാണെങ്കില്‍ അവിടെ ശരത് ഇപ്പോഴുമുണ്ട്; ‘യഥാര്‍ത്ഥ’ലോകത്ത് ഞാനും നിങ്ങളുമൊക്കെയും.
(ശരത്തിന്റെ മരണശേഷം ഏറെ വൈകാതെ എഴുതിയതാണീ കുറിപ്പ്.’പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്’ (എഡി:മുസ്തഫ ദേശമംഗലം)എന്ന പുസ്തകത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്)

No comments:

Post a Comment