Saturday, September 13, 2014

വെളിച്ചപെട്ടവരുടെ ദേശം


അമ്പലത്തിലേക്ക് പ്രവേശനം കിട്ടും മുന്‍പ് സിനിമയിലേക്ക് പ്രവേശനം കിട്ടിയവരാണ് കേരളീയര്‍(1).1936ലെ ക്ഷേത്രപ്രവേശന വിളംബരത്തോടെ തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനമെന്ന ആശയം പ്രാവര്‍ത്തികമാവാന്‍ തുടങ്ങിയെങ്കിലും മലബാറില്‍ സ്വാതന്ത്ര്യാനന്തരമാണ് അത്തരമൊരു നിയമമുണ്ടാകുന്നത്.യഥാര്‍ത്ഥ ക്ഷേത്രപ്രവേശനാനുഭവത്തിന് പിന്നെയും കാലമെടുത്തു.എന്നാല്‍ അതിനൊക്കെ മുന്‍പ് ടിക്കറ്റ് എടുത്താല്‍ ആര്‍ക്കും കയറാവുന്ന പൊതു ഇടമായി നമ്മുടെ സിനിമാ കൊട്ടകകള്‍ രൂപപ്പെട്ടിരുന്നു.പുറത്തുള്ള വൈരുദ്ധങ്ങളില്‍ പലതും അതിനകത്ത് പരിഹരിക്കപ്പെട്ടു .ബാക്കിയുള്ളവ തിരശ്ശീലയിലും പരിഹാരം കണ്ടു. എന്നാല്‍ ഇത് സിനിമ എകപക്ഷീയമായി കാണികള്‍ക്ക് മേല്‍ പ്രവര്‍ത്തിച്ചതല്ല.കാണികളുടെ ആശയമണ്ഡലവും മൂല്യങ്ങളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങളില്‍ നിന്നായിരുന്നു കൊട്ടകകളുടെ അകവും പുറവും രൂപീകരിക്കപ്പെട്ടത്.

നിര്‍മ്മാല്യം (എം. ടി. വാസുദേവന്‍ നായര്‍) എന്ന ചലച്ചിത്രത്തിനിപ്പോള്‍ 40വയസ്സ് കഴിഞ്ഞു. ക്ഷേത്ര/ദൈവ നിഷേധത്തിന്റെ  ആഖ്യാനമായാണ്  നമ്മുടെ നവോത്ഥാനബോധം ആ സിനിമയെ ഇതുവരെ കണ്ടു പോന്നിട്ടുള്ളത്.നിര്‍മ്മാല്യത്തെക്കുറിച്ചുള്ളവിലയിരുത്തലുകളിലേറെയും അതിന്റെ അന്ത്യരംഗത്തില്‍ നിന്നാണാരംഭിച്ചിട്ടുള്ളത്. ദേവീവിഗ്രഹത്തിലേക്കു വെളിച്ചപ്പാട് തുപ്പുന്ന രംഗം അത്യന്തം പ്രകോപനപരമെങ്കിലും സമൂഹംഅപ്പോഴും ഉള്ളില്‍ വഹിച്ചിരുന്ന നവോത്ഥാനാശയങ്ങളാലാണ് അക്കാലത്ത്  ന്യായീകരിക്കപ്പെട്ടത്. വെളിച്ചപ്പാടിന്റെ കുടുംബജീവിതത്തിലും ദേശജീവിതത്തിലുമുണ്ടാകുന്നപരിണതി ഇത്തരമൊരവസ്ഥയ്ക്ക് സ്വാഭാവികത നല്‍കുന്നുമുണ്ട്. നവോത്ഥാനാശയങ്ങള്‍ വ്യക്തിയിലും സമൂഹത്തിലും പ്രായോഗികാനുഭവമായി പ്രവര്‍ത്തിച്ചതാണ് വെളിച്ചപ്പാടിന്റെ പരിണാമത്തിലെ സ്വാഭാവികതയായി, ദൈവത്തോടുള്ള മനോഭാവമായി  അക്കാലത്ത് അനുഭവപ്പെട്ടത്. ദൈവികതയോടുള്ള പ്രത്യക്ഷ പ്രതികരണവുമായിരുന്നു അത്.

ഗുരുവായൂര്‍ സത്യാഗ്രഹം1932ല്‍  തീരുമാനങ്ങളൊന്നുമില്ലാതെ അവസാനിച്ച ശേഷം സാമൂതിരി രാജാവിന്റെ നിര്‍ദ്ദേശാനുസരണം പൊന്നാനിതാലൂക്കില്‍ നടത്തിയ റഫറണ്ടത്തില്‍ 77 ശതമാനം ആളുകളും ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ചുവെങ്കിലും മലബാറിലെ ക്ഷേത്രങ്ങള്‍  എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി തുറന്നു കൊടുക്കപ്പെടുന്നതിന് 1936ലെ തിരുവിതാംകൂര്‍ ക്ഷേത്ര പ്രവേശന വിളംബരവും കഴിഞ്ഞ് പിന്നെയും കാലമേറെ വേണ്ടി വന്നു . 1945ല്‍ മദ്രാസ് ഹിന്ദുമത ബോര്‍ഡ് ഈ ക്ഷേത്രങ്ങള്‍ ഏറ്റെടുത്തതോടെ നിയമപരമായി പ്രവേശനം അനുവദിക്കപ്പെട്ടിരുന്നുവെങ്കിലും അവര്‍ണ്ണ ജനവിഭാഗങ്ങളൊന്നും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. സമരങ്ങളുടെ അനന്തരഫലവും ക്ഷേത്രപ്രവേശനമെന്ന ആശയവും ക്ഷേത്ര വിശ്വാസികളായ സാമാന്യ ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ നവോത്ഥാനവും പിന്നിട്ട് ദേശീയ സ്വാതന്ത്ര്യത്തിലേക്ക് പിറന്നു വീണ  ഒരു തലമുറയുടെ കാലംവരെയും കാത്തിരിക്കേണ്ടിവന്നു. നിര്‍മ്മാല്യത്തിന്റെ ഷൂട്ടിംഗ് നടന്ന മൂക്കുതലയിലെ  കണ്ണേങ്കാവ്, മേലെക്കാവ് ക്ഷേത്രങ്ങളില്‍ ജാതി ഭേദമില്ലാതെ പ്രവേശനം പ്രായോഗികമായി നടപ്പിലായത് 1975 ന് ശേഷമുള്ള കാലത്താണ്. അതിനുള്ള കാരണങ്ങളില്‍  വെളിച്ചപ്പാടിന്റെ  നിസ്സഹായതയില്‍ രൂപം കൊണ്ട ധിക്കാരവും ആത്മബലിയുമുണ്ട്ട്.വെളിച്ചപ്പാട് കഥ നിര്‍ത്തി മടങ്ങിയതിന്റെ തുടര്‍ച്ചയായി നാനാജനങ്ങളും അമ്പലത്തില്‍ പ്രവേശിച്ചു.

നിര്‍മ്മാല്യം പുറത്തു വന്ന (1973)എഴുപതുകളുടെ തുടക്കംരാജ്യമെങ്ങും പുതിയ വിശ്വാസങ്ങളുടേയും പ്രക്ഷോഭങ്ങളുടെയും ഒപ്പം വിശ്വാസ നഷ്ടങ്ങളുടെയും കാലമായിരുന്നു.കേരളത്തിലും അതിതീവ്രമായി അതിന്റെ അനുരണനങ്ങളുണ്ടായി.മരുമക്കത്തായപരിഷ്ക്കരണം,ഭൂ‍പരിഷ്ക്കരണം എന്നിവയെല്ലാം ഏറെക്കുറെ പൂര്‍ത്തീകരിക്കപ്പെടുന്നതും അക്കാലത്താണ്.  ഭൗതികമായ ഈ യാഥാര്‍ത്ഥ്യത്തോട് നേര്‍ക്കുനേര്‍ നില്‍ക്കേണ്ടി വന്നപ്പോഴാണ് നിര്‍മ്മാല്യത്തിലെ കഥാപാത്രങ്ങളിലേറെപ്പേരും ഭഗവതിയെ തള്ളിപ്പറയുന്നവരായത്.   “കുട്ടികള്‍ പട്ടിണി കിടന്നപ്പോള്‍ ദൈവം അരിയും കൊണ്ടെത്തിയില്ല“ എന്ന്‍ സ്വയം ന്യായീകരിക്കാന്‍  വെളിച്ചപ്പാടിന്റെ ഭാര്യയ്ക്ക്  സാധിക്കുന്നത് അതുകൊണ്ടാണ്.അന്നദാതാവിന്റെ സ്ഥാനം ഭഗവതി കയ്യൊഴിഞ്ഞുവെന്നു മനസ്സിലാക്കിയ മുതിര്‍ന്ന തലമുറയും അന്നവും കൊണ്ട് മറ്റാരും വരാനില്ലെന്ന ബോദ്ധ്യത്തില്‍ യുവതലമുറയും  ഒരേ ചോദ്യത്തിന് പല ഉത്തരങ്ങള്‍ തേടിക്കൊണ്ടിരുന്നു.ആദ്യ കൂട്ടര്‍,ദൈവാശ്രിതവ്യവസ്ഥയെ അല്പം പരിഷ്ക്കരിച്ചുകൊണ്ട്  പഴയ ജീവിതം ഇനിയും തുടര്‍ന്നു പോകാമെന്നു കരുതി.എന്നാല്‍ അവരില്‍ തന്നെ എല്ലാവരുടേയും പിന്തുണ ഇതിനു ലഭിച്ചില്ല.പലരും പുതിയ തൊഴിലുകളിലേക്കും വ്യവസായങ്ങളിലേക്കും പരിവര്‍ത്തിക്കപ്പെട്ടു.പുതിയ തലമുറയിലും സന്ദിഗ്ദ്ധതകളുണ്ടായിരുന്നെങ്കിലും അവരിലേറെയും പുതിയ വഴികളും തൊഴിലുമാണ് തെരഞ്ഞെടുക്കാനാഗ്രഹിച്ചത്.
ദേശത്തിന്റെ അടഞ്ഞവ്യവസ്ഥിതിക്കുള്ളില്‍ ലഭ്യമാവുന്ന ജോലികള്‍ക്ക് പരിമിതികളുണ്ടായിരുന്നു. ഒരു വിഭാഗത്തിന്റെ ജോലികള്‍ മറ്റൊരു വിഭാഗത്തിന് ചെയ്യാനാവില്ല. എന്നാല്‍ മറ്റൊരു നാട്ടില്‍ ഇത്തരം വിലക്കുകളെല്ലാം അപ്രസക്തമാകുന്നു.ഇവയുടെയെല്ലാം അനന്തരഫലമാണ്  അന്നത്തെ യുവാക്കളുടെ തൊഴില്‍ തേടിയുള്ളഗള്‍ഫ് യാത്രകള്‍. സിനിമയിലെ ഉണ്ണി നമ്പൂതിരി, അപ്പു എന്നിവര്‍ക്ക് പുറം ലോകത്തേക്കുള്ള വഴികളെപ്പറ്റി ധാരണകളുണ്ട് .അതവര്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. അവസാനംവരെയും പാരമ്പര്യ വഴിയിലുറച്ചു നിന്ന വെളിച്ചപ്പാട് തന്റെ വിശ്വാസത്തിന്റെ വെളിച്ചം കൊണ്ട് കുടുംബത്തെ മാത്രമല്ല ഒരു നാടിനെ ആകെ തെളിക്കാന്‍ കഴിയുമെന്നു തന്നെ കരുതി. മറുഭാഗത്ത് തന്റെ കുടുംബം നേരിട്ടുകൊണ്ടിരുന്ന തകര്‍ച്ചയുടെ ഭൗതിക കാരണങ്ങള്‍ വെളിച്ചപ്പാട് മനസ്സിലാക്കിയിരുന്നതായി നമുക്കറിഞ്ഞു കൂടാ. ദേശത്തിനും ഭഗവതിക്കും സംഭവിക്കുന്ന പരിണാമത്തില്‍ അതീവ ഖിന്നനാണെങ്കിലും, അതിന്റെ കാര്യ കാരണങ്ങള്‍ തനിക്കറിയാവുന്ന ലളിത യുക്തികളാല്‍ പരിഹരിക്കാനാണ് അദ്ദേഹത്തിന്റെ പരിശ്രമം. ഗുരുതി നടത്തിയാല്‍ ഭഗവതി ശക്തയാവുകയും അങ്ങനെ തന്റെ ദേശവും  കുടുംബവും രക്ഷപ്പെടുകയും ചെയ്യുമെന്നാണ് ഒരു ജനതയ്ക്കൊപ്പം അദ്ദേഹത്തിന്റെയും  വിശ്വാസം. എന്നാല്‍ ആ വിശ്വാസം അദ്ദേഹത്തെ തെല്ലും രക്ഷിച്ചില്ല. അടിസ്ഥാന മാത്രയായ കുടുംബം പോലും തന്നോടൊപ്പമില്ല എന്ന തിരിച്ചറിവില്‍ വെളിച്ചപ്പാടിനു കൈവരുന്ന വെളിച്ചമാണ് നിസ്സഹായവും ദുര്‍ബലവുമായ ഒരു പ്രതിഷേധമായി പുറത്തു വന്നത്. ഈ പ്രതിഷേധം സ്വയമറിയാതെ  അദ്ദേഹത്തില്‍ കുടിയേറിയ  ഇത്തിരി നവോത്ഥാനത്തിന്റെ ബഹിര്‍സ്ഫുരണവുമാണ്.
വിശ്വാസം വെളിച്ചമെന്നപോലെ ഇരുട്ടുമാണ് (വിശ്വാസം വെളിച്ചമാണിരുട്ടുമതു തന്നെ/കുഞ്ഞുണ്ണി). ഒരു ദേശത്തിന്റെ ആകെ വിശ്വാസമാണ് വെളിച്ചപ്പാട്. വെളിച്ചപ്പാടിന്റെ വെളിച്ചമാകട്ടെ ഭഗവതിയും ഭഗവതിയുടെ തട്ടകദേശവുമാണ്. ഈ പരസ്പര പൂരകത്വത്തിലാണ് മൂവരുടേയും നിലനില്‍പ്പ്. നാട്ടുകാര്‍ക്ക് വെളിച്ചപ്പാടിലുള്ള വിശ്വാസവും, ബഹുമാനവും നിരന്തരം ക്ഷയിക്കുന്നതായാണ് സിനിമയിലും അതിനാധാരമായ കഥയിലും (പള്ളിവാളും കാല്‍ച്ചിലമ്പും)
ആവിഷ്ക്കരിക്കപ്പെടുന്നതെങ്കിലും  വെളിച്ചപ്പാട്  നാടിനോടും ദേവിയോടുമുള്ള വിശ്വാസം കൈവിടുന്നില്ല.വെളിച്ചപ്പാട് സ്വശരീരം കൊണ്ടാണ് ഭഗവതിക്കും ദേശക്കാര്‍ക്കുമിടയിലെ കണ്ണിയാവുന്നത്. അയാളുടെ നൃത്തവും ശരീര പീഡനവുമെല്ലാം ദേശ ശരീരത്തിന്റെയും ഭഗവതിയുടെ ശരീരത്തിന്റെയും ആരോഗ്യത്തെ ആഗ്രഹിച്ചുകൊണ്ടാണ്. എന്നാല്‍ ആദ്യം മുതലേ ക്ഷീണിതമാണ് വെളിച്ചപ്പാടിന്റെ ശരീരം. സിനിമയുടെ ആദ്യരംഗത്ത് വെളിച്ചപ്പെട്ട് മുറിവേറ്റ അയാളുടെ ശരീരത്തില്‍ മകള്‍ അമ്മിണി മരുന്നു പുരട്ടുന്നത്  കാണുന്നു. വെളിച്ചപ്പാടിന്റെ ഇതേ ക്ഷീണിതമായ ശരീരമാണ് പിന്നീടങ്ങോട്ടുള്ള രംഗങ്ങളിലെല്ലാം  നാം കാണുന്നത്. തോളില്‍ ചാക്കുമേറ്റി നെല്ല് യാചിക്കാന്‍ പോകുമ്പോഴും, പണപ്പിരിവു കഴിഞ്ഞ് നട്ടുച്ച നേരത്ത് പച്ച വെള്ളം കുടിച്ച് വിശപ്പകറ്റുമ്പോഴുമൊക്കെ അത്  തീവ്രതയോടെ അനുഭവപ്പെടുന്നു. ഈ ക്ഷീണശരീരവും കൊണ്ടാണ്  വെളിച്ചപ്പാട് ഒരു ദേശശരീരത്തെ വസൂരി ബാധയില്‍ നിന്നു രക്ഷിക്കാന്‍ നെട്ടോട്ടമോടുന്നത്.

2
നാല്പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മൂക്കുതല ഗ്രാമത്തിന്റെ സിനിമാഖ്യാനമാണ് നിര്‍മ്മാല്യം.അതുവരെയും വള്ളുവനാടിന്റെ ഭൂപ്രകൃതിയും കാലവുമായി കഴിഞ്ഞ എം.ടി. ഈ സിനിമയിലൂടെ സ്ഥലപരമായി വള്ളുവനാടിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് നീങ്ങുകയാണ്(2). സിനിമയില്‍ കാലം പലപ്പോഴും കൂടുതല്‍ പുറകോട്ട് സഞ്ചരിക്കുന്നുമുണ്ട്.1954ല്‍ എഴുതിയ കഥയെ (പള്ളിവാളും കാല്‍ചിലമ്പും) ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കപ്പെട്ടതെങ്കിലും കഥാപരിസരമെന്ന പോലെ കഥയുടെ കാലവും 1970 കളിലേക്ക് പറിച്ച് നട്ടിരുന്നു. പള്ളിവാളും കാല്‍ചിലമ്പും എന്ന കഥയില്‍ പല കൂട്ടിച്ചേര്‍ക്കലുകളുംഒഴിവാക്കലുകളും നടത്തിയതിനു പൂറമേ എം.ടി.യുടെ മറ്റു നോവലുകളിലെ കഥാ സന്ദര്‍ഭങ്ങളും സിനിമയിലുണ്ട്.മൂലകഥയില്‍ വെളിച്ചപ്പാടു തന്നെ പള്ളിവാള്‍ വില്‍ക്കുമ്പോള്‍ സിനിമയില്‍ അതിന് ശ്രമിക്കുന്നത് മകനാണ്. കേരളത്തില്‍ അത് ഗള്‍ഫ് കുടിയേറ്റങ്ങളുടെ തുടക്കകാലമാണ്. ഭൗതികമായ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷനേടാന്‍ തുറന്നു കിട്ടിയ പുതിയ സഞ്ചാര വഴികളായിരുന്നു അത്. ആസ്സാം, ബര്‍മ്മ, സിംഗപ്പൂര്‍, സിലോണ്‍ എന്നിവിടങ്ങളിലൊക്കെ ഭാഗ്യാന്വേഷണം നടത്തിയ മലയാളിക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഒരു പുതിയ അനുഭവമായിരുന്നില്ല.കഥയെഴുതുന്ന കാലത്ത് സിലോണിനായിരുന്നു പ്രാധാന്യം. അതുകൊണ്ടാണ് സിലോണില്‍ നിന്നു വന്ന ഒരാളുടെ ഔദാര്യത്താല്‍ ക്ഷേത്രപൂജ നടക്കുന്നതിനെക്കുറിച്ച്  കഥയില്‍ പറയുന്നത്. എന്നാല്‍ ഗള്‍ഫ് പണത്തിന്റെ വരവ് അതിനുമുമ്പുള്ള പ്രവാസങ്ങള്‍ കേരളീയ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളില്‍ നിന്ന് ഏറെ
വ്യത്യസ്തമായിരുന്നു. അതാത് കുടുംബങ്ങളുടെ പട്ടിണി മാറ്റി എന്നതിനപ്പുറം കേരളീയ സാമൂഹ്യജീവിതത്തെയും അത് അടിമുടി മാറ്റി മറിച്ചു. ഉപയോഗശൂന്യമായി ക്കിടന്നിരുന്ന ഭൂമിക്ക് ആവശ്യക്കാരേറെയുണ്ടായി. 1957 ല്‍ തുടക്കം കുറിച്ച ഭൂപരിഷ്‌കരണ നിയമം പൂര്‍ണ്ണതയിലെത്തുന്നത് എഴുപതുകളിലാണ്. ക്രയ വിക്രയാധികാരമുള്ള ഭൂമിയുടെ ഉടമകളായിമാറിയ ധാരാളമാളുകള്‍  അത് വിറ്റ് ഗള്‍ഫിലേക്കുള്ള കപ്പല്‍കൂലി കണ്ടെത്തി.തങ്ങളുടെ ജന്മിമാരായിരുന്ന മേലെക്കാവ്, കീഴെക്കാവ് ഭഗവതിമാരുടെ ഭൂമി വിറ്റാണ് മൂക്കുതലക്കാരില്‍ പലരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്രയായത്.
പരമ്പരാഗത ജീവിതവും കണ്‍മുന്നില്‍ ഇല്ലാതാവുകയുമായിരുന്നു. ക്ഷേത്ര വിശ്വാസത്തിന്റെ ഗാഢതക്ക് കുറവു വന്നിരുന്നു. ദൈവങ്ങള്‍ തങ്ങളുടെ സാമൂഹ്യവും, സാമ്പത്തികവുമായ പിന്നോക്കാവസ്ഥക്കു പരിഹാരമല്ലെന്ന നവോത്ഥാന ചിന്തയുടെ അലയൊലി അപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പ്രാദേശികാനുഭവങ്ങളെ അടിസ്ഥാനമാക്കി അത്തരം ചിന്തകള്‍ ദൈനംദിന ജീവിതത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. ചിന്താ മണ്ഡലത്തില്‍ നവോത്ഥാനത്തിന് പ്രാധാന്യം കുറഞ്ഞുവരുകയായിരുന്നെങ്കിലും പ്രായോഗിക ജീവിതസന്ദര്‍ഭങ്ങളില്‍ അത് സാന്നിദ്ധ്യം കൂടുതല്‍ വെളിപ്പെടുത്തിക്കൊണ്ടിരുന്നു. വിദ്യാഭ്യാസം നേടിയ ഉയര്‍ന്ന ജാതിക്കാരുടെ തലമുറ ക്ഷേത്രോപജീവിതത്തില്‍ നിന്ന് മുക്തമാവാന്‍ തുടങ്ങിയിരുന്നു. ഒരു പ്രദേശത്തെ പ്രധാന സാംസ്‌ക്കാരിക കേന്ദ്രമെന്ന നില ക്ഷേത്രങ്ങള്‍ക്ക് നഷ്ടമായി ക്കഴിഞ്ഞിരുന്നു .പരമ്പരാഗത സാംസ്ക്കാരികരൂപങ്ങളുടെ അപചയം കഥകളിയുടെ അനാഥാവസ്ഥയിലൂടെ സിനിമയില്‍  വ്യക്തമാക്കപ്പെടുന്നു. ഇത് ക്ഷേത്രത്തെ ഉപജീവിച്ചു കഴിഞ്ഞിരുന്ന ഒരു വിഭാഗത്തിന്റെസംസ്‌ക്കാരത്തിനും ജീവിതത്തിനും നേരെ വെല്ലുവിളി ഉയര്‍ത്തി.ക്ഷേത്രങ്ങളെ ആശ്രയിച്ചു മാത്രം എക്കാലവും ജീവിക്കാമെന്ന്‍ കരുതിയിരുന്നതിനാല്‍ മറ്റൊരു തൊഴിലും അവരാരും വശപ്പെടുത്തിയിരുന്നുമില്ല. മാറുന്ന ലോക ക്രമത്തെ തിരിച്ചറിയാന്‍ അവര്‍ പിന്നെയും കാലമെടുത്തു. അപ്പോഴെക്കും താഴെത്തട്ടിലുണ്ടായിരുന്നവരിലേറെയും സാമ്പത്തികമായി അവര്‍ക്കു മേലെ എത്തുകയും ചെയ്തു.

കാലചക്രത്തിനൊപ്പം നടന്നെത്താന്‍ കഴിയാതെ പോയവരിലൊരാളാണ്  സിനിമയിലെ വെളിച്ചപ്പാട്. ചെരിപ്പുപൊട്ടിയിട്ടും നഗ്നപാദനായി വെളിച്ചപ്പാട് ധാരാളം നടക്കുന്നത് നാം കാണുന്നു. എന്നാല്‍ അതൊക്കെയും പരമ്പരാഗത വഴികളില്‍ കൂടി തന്നെയായിരുന്നു എന്നു മാത്രം. വെളിച്ചപ്പാടിന്റെ അച്ഛനും മുത്തച്ഛനുമൊക്കെ ഇതേ തൊഴിലെടുത്താണ് കഴിഞ്ഞിരുന്നത്. ശാന്തിക്കാരും മേളക്കാരുമൊക്കെ തങ്ങളുടെ വരുമാനക്കുറവിനെക്കുറിച്ച് ആവലാതിപ്പെടുമ്പോഴും വെളിച്ചപ്പാടിന് ഭഗവതിക്കുള്ള സമര്‍പ്പണമാണ് തന്റെ തൊഴിലും ജീവിതവും. ക്ഷേത്രപൂജാരിയായ നമ്പൂതിരി കാലത്തിന്റെ ഗതി മാറ്റം തിരിച്ചറിഞ്ഞ്  പൂജയുപേക്ഷിച്ച് ചായക്കട തുടങ്ങി .ക്ഷേത്രം ട്രസ്റ്റി റബ്ബര്‍ തോട്ടമാരംഭിച്ചു.പാരമ്പര്യത്തിന്റെ അവശേഷിപ്പുകളായി അവിടെ  ഇല്ലപറമ്പില്‍ ഒന്നുരണ്ടാനകള്‍ ചെവിയാട്ടിനിന്നു.
അടുത്ത പൂജാരിയായെത്തുന്ന ഉണ്ണിനമ്പൂതിരിയും പ്രായോഗികമതിയാണ്.മധ്യ വര്‍ഗ്ഗത്തിന് താഴെയുള്ളവര്‍ക്കും ഈ തിരിച്ചറിവുണ്ട്. എന്നാല്‍ മധ്യവര്‍ഗ്ഗത്തിന്റെ സ്വതസിദ്ധമായ സന്നിഗ്ദ്ധതാ മനോഭാവങ്ങളും, സംശയങ്ങളും അവരെ തീരുമാനങ്ങളില്‍ നിന്നു പിന്തിരിപ്പിച്ചു. വെളിച്ചപ്പാട് ,വാരിയര്‍ എന്നിവരുടെ കുടുംബങ്ങളെ ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോദ്ധ്യമാവും. വാരിയര്‍ക്ക് ക്ഷേത്ര കാര്യങ്ങളല്ലാതെ വേറെയെന്തെങ്കിലും ജോലിയുള്ളതായി നാമറിയുന്നില്ല. ഭൂസ്വത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് അയാള്‍ അല്ലലില്ലാതെ കഴിയുന്നുണ്ട്. വെളിച്ചപ്പാടിന്റെ കുടുംബത്തെ ഇടയ്‌ക്കൊക്കെ അയാള്‍ സഹായിക്കുന്നുമുണ്ട്. എന്നാല്‍ വെളിച്ചപ്പാടിന്റെ കുടുംബമോ? ഭാര്യ, നാലുമക്കള്‍, രോഗിയായ പിതാവ് എന്നിവരടങ്ങിയ ആ വലിയ കുടുംബത്തിന്, വെളിച്ചപ്പാടിന് വല്ലപ്പോഴും കിട്ടുന്ന തുച്ഛമായ പ്രതിഫലമല്ലാതെ മറ്റു യാതൊരു വരുമാനവുമില്ല. വെളിച്ചപ്പാടിന് ലഭിക്കുന്ന വരുമാനത്തിന്റെ സ്വഭാവത്തെക്കുറിച്ച് രണ്ടു സന്ദര്‍ഭങ്ങളില്‍ സിനിമയില്‍ സൂചനകളുണ്ട്. സിനിമയുടെ തുടക്കത്തില്‍ ആളൊഴിഞ്ഞ അമ്പലത്തിനു മുന്നില്‍ വെളിച്ചപ്പാടും കൂട്ടരും അന്നത്തെ  തുച്ഛമായ പ്രതിഫലംപങ്കുവയ്ക്കുന്നു.തനിക്കു കിട്ടിയ ചെറിയ പങ്ക്  അയാള്‍ ഭാര്യയെ ഏല്പിക്കുന്നു. തലവെട്ടിപ്പൊളിച്ചതിനുള്ള പ്രതിഫലമാണത്. മറ്റൊരു സന്ദര്‍ഭത്തില്‍ കുഞ്ഞിന്റെ രോഗം മാറ്റാന്‍ ജപിച്ചൂതിക്കാനെത്തുന്ന സ്ത്രീ, പ്രതിഫലം കടം പറഞ്ഞു പോകുന്നു. സമൂഹത്തിന്റെയും വ്യക്തികളുടെയും ഭിഷഗ്വരന്‍ കൂടിയാണ് വെളിച്ചപ്പാട്.എന്നാല്‍ ആ പ്രാഗല്‍ഭ്യം ‘ വിലമതിയ്ക്കപ്പെടു‘ന്നില്ല.

3
ടി.ജി.വൈദ്യനാഥന്‍ 'നിര്‍മ്മാല്യ'ത്തെ നിരൂപണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ food first,morals later എന്ന ബെര്‍തോള്‍ഡ് ബ്രെഹ്റ്റിന്റെ വാചകം ഉദ്ധരിച്ച്  സിനിമയില്‍ എം. ടി. അത്  തിരിച്ചിടാന്‍ ശ്രമിക്കുകയാണ് എന്ന് പറയുന്നു(3).ഭക്ഷണവും സദാചാരവും  ശരീരവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണം ശരീരത്തെ നിലനിര്‍ത്തുമ്പോള്‍ സദാചാരം അതേ ശരീരത്തെ ഭക്ഷണമാക്കുന്നു. സദാചാരം ഒരാശയമാണെങ്കിലും അത് ശരീരത്തിന്റെ അയിത്തവുമായി, ശുദ്ധാശുദ്ധവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ‘ നിര്‍മ്മാല്യ‘ ത്തില്‍ അയിത്തവും സദാചാരവും ചെറുതല്ലാത്ത രൂപത്തില്‍(നിര്‍മ്മാല്യം എന്ന പേരില്‍ തന്നെ അടങ്ങിയിട്ടുണ്ട് ‘ അശുദ്ധി‘ ചിന്തകള്‍) സന്നിഹിതമാണ്. അത്  ലിംഗപരവും ജാതീയവുമാണ്. ഉണ്ണി നമ്പൂതിരിയും വെളിച്ചപ്പാടിന്റെ മകള്‍ അമ്മിണിയുമായുള്ള പെരുമാറ്റങ്ങളില്‍ ഇവ രണ്ടും അടങ്ങിയിരിക്കുന്നു.  അവര്‍ തമ്മില്‍ വിധേയത്വമല്ലാതെ  പരസ്പര  പ്രണയമൊന്നും  നിലനില്ക്കുന്നില്ല. അതസാധ്യവുമാണ്.അമ്മിണി അമ്പലത്തില്‍ വെച്ച്
ഭക്ഷണമുണ്ടാക്കുന്നതിന്റെയും, ഉണ്ണിനമ്പൂതിരി കുടിച്ച അതേ ഗ്ളാസ്സില്‍  ചായ കുടിക്കുന്നതിന്റെയും അടിയന്‍ എന്ന് സ്വയം സംബോധന ചെയ്യുന്നതിന്റേയും ചിത്രീകരണങ്ങളില്‍ നിന്ന് ഇതാണ് മനസ്സിലാവുന്നത്. സംബന്ധവ്യവസ്ഥ നിയമാനുസൃതം ഇല്ലാതായെങ്കിലും അതിന്റെ അനുബന്ധ ശീലങ്ങളും ജീവിതചര്യകളും അപ്പോഴും ബാക്കി നിന്നിരുന്നു. അമ്മിണിയുമായുള്ള ശാരീരികബന്ധമാകട്ടെ ഇത്തരത്തിലുള്ള ആചാരപരമായ ചില ശേഷിപ്പുകളുടേയും ശരീര കാമനകളുടേയും കൂടിച്ചേരലില്‍ നിന്ന് സംഭവിക്കുന്നതാണ്.
ശരീരത്തിന്റെ തൃഷ്ണകള്‍ഉണ്ണി നമ്പൂതിരിയെ വിഭ്രമിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍,സിനിമയുടെ ആദ്യഭാഗത്ത് വാരിയരുടെ പത്‌നിയോടുള്ള സമീപനത്തില്‍ നിന്നു തന്നെ തുടങ്ങുന്നു. അവരുടെ ഇംഗിതങ്ങളില്‍ നിന്നു രക്ഷ നേടി, താമസം അമ്പലത്തിലേക്കുതന്നെ മാറ്റുന്നുവെങ്കിലും അത് അമ്മിണിയുമായുള്ള ബന്ധത്തിന് തടസ്സമാകുന്നില്ല. സിനിമയിലെ നിര്‍ണ്ണായക രംഗമായ വെളിച്ചപ്പാടിന്റെ ഭാര്യയും മയമുണ്ണിയും തമ്മിലുള്ള (സ്‌ക്രീനില്‍ ദൃശ്യമാകാത്ത) ശാരീരിക ബന്ധത്തിലാകട്ടെ പ്രണയത്തിന് യാതൊരു സ്ഥാനവുമില്ലെന്നും  സാമ്പത്തിക ഇടപാട് മാത്രമാണതെന്നും വ്യക്തമാണ്. ഈ മൂന്നുബന്ധങ്ങളിലും ശരീരങ്ങള്‍ ദാരിദ്ര്യത്തിനും കീഴായ്മാ വ്യവസ്ഥയ്ക്കും അടിപ്പെടുകയാണ്. ദാരിദ്ര്യവും ഒരു കിഴായ്മാ വ്യവസ്ഥയാണെന്നും തങ്ങള്‍ക്കു മുന്നേ ലോകക്രമം തിരിച്ചറിഞ്ഞ പലരും പണാധിപത്യത്തിലൂടെ തങ്ങള്‍ക്കു മേല്‍ സ്ഥാനം നേടുന്നുവെന്നും അവര്‍ കാണുന്നു .

ദേശത്ത് ആദ്യം വസൂരിയെത്തുന്നത് വാരിയരുടെ ഭാര്യയുടെശരീരത്തിലാണ്. മൂലകഥയില്‍ അമ്മിണിക്കാണ് വസൂരിബാധയുണ്ടാവുന്നതെങ്കിലും സിനിമയില്‍ അമ്മിണിയെയോ, വെളിച്ചപ്പാടിന്റെ ഭാര്യയേയോ വസൂരിബാധിക്കുന്നില്ല.വ്യക്തികളിലൂടെയല്ലാതെ ദേശശരീരം രോഗഗ്രസ്തമാവുകയില്ലെങ്കിലും സിനിമയിലെ പ്രധാന കഥാ പാത്രങ്ങളെല്ലാം വസൂരി ബാധിക്കാതെ  രക്ഷപ്പെടുന്നു.എങ്കിലും ആ ഗ്രാമശരീരത്തെയാകെ  ബാധിച്ച  രോഗത്തിനുള്ള പ്രതിവിധിയായാണ് ക്ഷേത്രത്തില്‍ ഗുരുതി കഴിക്കാനുള്ള തീരുമാനവും അതിനായുള്ള പണപ്പിരിവും.അത് വീണ്ടുമൊരിക്കല്‍ കൂടി സാങ്കല്പികമായി പഴയ ഗ്രാമജീവിതത്തെ തിരിച്ചുകൊണ്ടുവരുന്നുണ്ട്. അത് വെളിച്ചപ്പാടിനെ സന്തോഷിപ്പിക്കുന്നുമുണ്ട്. എന്നാല്‍ അണയും മുന്‍പുള്ള ആളിക്കത്തലായിരുന്നു വെളിച്ചപ്പാടിന് കൈവന്ന പുതിയ പ്രസക്തിയും സന്തോഷവും.ഗ്രാമത്തിലെ നിശ്ചല ശരീരങ്ങളില്‍ ചിലതിനെ മാത്രം ബാധിച്ച രോഗമാണ് വസൂരിയെന്ന് നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നു. ഭഗവതിയുടെ ആജ്ഞാശക്തികള്‍ക്കും ശാപങ്ങള്‍ക്കുമൊക്കെ അപ്പുറത്തുള്ള നാലാം വേദക്കാരനായതുകൊണ്ടാകാം മയമുണ്ണിയെ രോഗം ബാധിക്കുന്നില്ല.ഗ്രാമത്തിലെ അപരജീവിതത്തെ ആകെ പ്രതിനിധീകരിക്കുന്നതും മയമുണ്ണിയാണ്.
വസുരി ബാധയെത്തുന്നതിനു മുന്‍പ് തന്നെ രോഗഗ്രസ്തമോ ക്ഷീണിതമോ, ‘ അശുദ്ധ‘ മോ ആയ ശരീരങ്ങള്‍ പലവിധത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‍. സിനിമയുടെ ആരംഭത്തില്‍ തന്നെ ഉറഞ്ഞു തുള്ളി ശിരസ്സു വെട്ടിപ്പിളര്‍ക്കുന്ന വെളിച്ചപ്പാടിനെ കാണാം. ചടങ്ങിനു ശേഷം മകള്‍ മുറിവില്‍ മരുന്നു വെച്ചു കെട്ടുന്നു. ഇങ്ങനെ തല വെട്ടിപ്പൊളിക്കരുതെന്ന് അയാളുടെ ഭാര്യ ഉപദേശിക്കുന്നു. പിന്നീടൊരു രംഗത്തില്‍ ഭക്ഷണം പോലും കഴിക്കാതെയാണ് അയാള്‍ ഭഗവതിക്കു വേണ്ടി പണപ്പിരിവിനിറങ്ങുന്നതും, പൊട്ടിയ ചെരുപ്പുപേക്ഷിച്ച് വെറും കാലില്‍ നടന്നു പോകുന്നതും. കുട്ടികള്‍ക്കു പോലും മതിയായ ഭക്ഷണം കിട്ടുന്നില്ല. വീട്ടിലെ മുറിയില്‍ നിന്ന് മയമുണ്ണിക്കു പിന്നാലെ പുറത്തിറങ്ങുന്ന ഭാര്യയെക്കണ്ട് വെളിച്ചപ്പാടിന്റെ മനസ്സിനൊപ്പം ശരീരവും നിസ്സഹായമാവുന്നു.അയാള്‍ വാളിന്റെ വായ്ത്തല കീഴ്പോട്ടാക്കി തലകുനിച്ച് തൂണില്‍ ചാരി നില്‍ക്കുന്നു. പിന്നീട്‌ ആ ശരീരത്തിന്റെ  നിലനില്‍പ് അപ്രസക്തമായിരുന്നു. അശുദ്ധമായത് തന്റെ ശരീരമാണെന്ന ബോദ്ധ്യത്തില്‍ നിന്നാണ്  തുടര്‍ന്നുള്ള രംഗത്തിലെ അയാളുടെ നീണ്ട തേച്ചുകുളി. അപ്പോള്‍ വിശേഷം പറയാനെത്തുന്ന വാരിയര്‍ക്ക്   നവരസങ്ങളിലൊന്നും വ്യവസ്ഥപ്പെടാത്ത ഒരു ‘ചിരി‘ അയാള്‍ സമ്മാനിക്കുന്നുണ്ട്. അതുവരെയും നാം വെളിച്ചപ്പാടിനെ ചിരിച്ചു കണ്ടിട്ടില്ല. എന്നാല്‍ അവസാനത്തെ ചിരിയാവട്ടെ മുഖ പേശികളുടെ
വക്രീകരണമായിത്തീരുന്നു. വെളിച്ചപ്പാട് സംശുദ്ധനല്ലാതായതോടെ ദേവിയുടെയും നാടിന്റെയും അശുദ്ധി സമ്പൂര്‍ണ്ണമായിക്കഴിഞ്ഞിരുന്നു.ദേശക്കാര്‍ക്ക് വസൂരിവന്നപ്പോഴും ദേവിയുടെ പ്രാമാണികത്വത്തിനാണ് കുറവുണ്ടാകുന്നത്. അവസാനം, ഏറ്റവും വലിയ കുരുതിയായി വെളിച്ചപ്പാട് തന്റെ ശരീരം തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.  അശുദ്ധയായ ഈ ദേവിക്കു നേരെയാണ് അയാള്‍ തുപ്പുന്നത് .മൂന്ന്‍ പേരുടെയും വൃദ്ധിക്ഷയങ്ങളെ ഭൌതികമായി പ്രതിനിധാനം ചെയ്യുന്നത് വെളിച്ചപ്പാടാകയാല്‍ തന്നില്‍നിന്നു പുറപ്പെടുന്നതും തന്നിലേക്കുതന്നെ എത്തുന്നതുമാണ് ആ തുപ്പല്‍.
 വെളിച്ചപ്പാടിന്റെ പിതാവ് രോഗിയുംശയ്യാവലംബിയുമാണ്. കഥകളിക്കാരനായ രാമുണ്ണി നായര്‍ വികലാംഗനാണ്. പിന്നൊരാള്‍ ഭ്രാന്തന്‍ ഗോപാലനാണ്.ഇവരെല്ലാം ശരീരം കൊണ്ട് പീഡിതരും ക്ഷീണിതരും രോഗബാധിതരും ആയിരിക്കുമ്പോള്‍, പുതിയ ജീവിതക്രമത്തിലേക്കു പ്രവേശിച്ചവരോ, പ്രവേശിക്കാനാഗ്രഹിക്കുന്നവരോ പ്രസന്നരും ഊര്‍ജ്ജസ്വലരുമായിരിക്കുന്നതു കാണാം. പഴയ ക്ഷേത്രപൂജാരി,ക്ഷേത്രം ട്രസ്റ്റി, മയമുണ്ണി എന്നിവരൊക്കെ ഇതിനുദാഹരണം. ഉണ്ണി നമ്പൂതിരിയിലുമുണ്ട് ഈയൊരു ശരീരഭാഷ. കാരണം അയാള്‍ സര്‍ക്കാര്‍ ജോലി നേടാനുള്ള പരിശ്രമത്തിലാണ്.
പാരമ്പര്യേതരമായ ഒരു ശരീരം സൂക്ഷിച്ചവരോ, അതിനായി ഇച്ഛിച്ചവരോ ഒക്കെ ദേശത്തിനു പുറത്തുപോയി, പാരമ്പര്യത്തിന് പുറത്തു കടക്കുന്നു. ( എം. ടി.യുടെ നോവലുകളില്‍ ഇങ്ങനെ നാടിനു പുറത്തു കടക്കുന്ന നായകന്മാരുടെ ഒരു പരമ്പര തന്നെയുണ്ട്. ' നാലുകെട്ടിലെ' അപ്പുണ്ണി, 'അസുരവിത്തി'ലെ ഗോവിന്ദന്‍കുട്ടി, 'കാല'ത്തിലെ സേതു തുടങ്ങി പലരും.) മറ്റൊരു വിധത്തില്‍ പാരമ്പര്യത്തില്‍ നിന്നു പുറത്തായി ദേശത്തു നിന്നു നിഷ്‌ക്കാസിതരായവരാണവര്‍. ഈ ദേശ നഷ്ടവും, പാരമ്പര്യ നഷ്ടവും വെളിച്ചപ്പാടിന്റെ ഭാര്യയിലും മകനിലും, മകളിലും സംഭവിക്കുന്നു. വെളിച്ചപ്പാടിന്റെ മകന് ഭൗതികാര്‍ത്ഥത്തില്‍ തന്നെ ദേശം നഷ്ടമാകുന്നു. ഭാര്യക്കും മകള്‍ക്കും ദേശത്തിനകത്തു സ്ഥിതി ചെയ്തുകൊണ്ടു തന്നെ തങ്ങളുടെ ദേശം അന്യമാകുന്നു.  ദേശരക്ഷയ്ക്കായി പുരുഷാരം ഒന്നിച്ചണി നിരക്കുന്ന ഗുരുതിയില്‍ രണ്ടുപേരും പങ്കെടുക്കുന്നില്ല. ചായക്കടക്കാരനായി മാറിയ പഴയ ശാന്തിക്കാരന്‍ നമ്പൂതിരി നേരത്തെ തന്നെ ദേശവ്യവസ്ഥയെ മറികടന്ന് ദേശത്തിനകത്ത് മറ്റൊരു ദേശം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു.അയമുണ്ണി ആദ്യമേ ഈ വ്യവസ്ഥക്കു പുറത്താണ്.
ആധുനികതയുടെ ആശയങ്ങളും, സ്ഥാപനങ്ങളുമൊക്കെ ചുറ്റുപാടും മുറ്റി നില്‍ക്കുന്നതായി തോന്നുമെങ്കിലും അതിന്റെ ചില അസാന്നിദ്ധ്യങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്ന അവസരങ്ങളുമുണ്ട്. വസൂരി പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ആശുപത്രി സംവിധാനങ്ങളുടെ അഭാവമാണ് അവയിലൊന്ന്.  പാരമ്പര്യ വൈദ്യവും പരാമര്‍ശിക്കപ്പെടുന്നില്ല.വെളിച്ചപ്പാട് എന്ന ഏകവൈദ്യനിലേക്ക് പ്രതിവിധികളെല്ലാം എത്തുന്നു.എല്ലാവരും ഗുരുതിയിലേക്ക് മാത്രം വിശ്വാസമര്‍പ്പിക്കുന്നു.വിദേശികള്‍ക്ക് വസൂരിയെക്കുറിച്ച് വിവരിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന്റെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ ധാരണകളുണ്ട്.മറ്റു മതക്കാരെ ആരെയും രോഗം ബാധിച്ചതായി നാമറിയുന്നില്ല.

 മലയാളത്തില്‍ വസൂരി, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പ്രമേയമായി എം.ടി.യുടേതടക്കം നിരവധി നോവലുകളുണ്ടായിട്ടുണ്ട്. അവയിലൊക്കെ പകര്‍ച്ച വ്യാധികള്‍ മാറി കുളിച്ചു വരുന്ന ഗ്രാമത്തില്‍ നിന്ന് ആധുനികനായ  ഒരു നായക വ്യക്തി ഉയര്‍ന്നുവരുന്നതു കാണാം. അവരിലൂടെയാണ് ദേശത്തിന്റെ പുരോയാനം എന്ന് സൂചിപ്പിക്കപ്പെടുന്നു. എന്നാല്‍ ഇവിടെ ഒരു നാടിനെയാകെ സന്നിഗ്ദ്ധതയില്‍ നിര്‍ത്തിയാണ് അതിന്റെ നായകന്‍ ഇല്ലാതെയാവുന്നത്. ഗ്രാമം വസൂരിയെ അതിജീവിച്ചിരിക്കാം. പക്ഷെ നാടിന്റെ പ്രതിപുരുഷനാകാനുള്ള യോഗ്യത വെളിച്ചപ്പാടിനില്ലാതായി. നാട്ടില്‍ വസൂരി വന്നാല്‍ വെളിച്ചപ്പാടിനാണ് ഗുണമെന്ന പറച്ചില്‍ അറം പറ്റിയപോലെയായി. വെളിച്ചപ്പാട് എന്ന ആധുനിക പൂര്‍വ്വകര്‍തൃത്വം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു.ഒര്‍ത്ഥത്തില്‍ വെളിച്ചപ്പാടിലൂടെ ആ ദേശത്തിന്  പില്‍ക്കാലത്ത് മുന്നോട്ടുപോകാനാവില്ല.ആധുനിക പൂര്‍വ്വമായ ഒരു ദേശവും അതോടെ ഇല്ലാതാവുകയാണ്.  നാടുവിട്ടുപോയ അയാളുടെ മകന്റെ തിരിച്ചു വരവിലൂടെയാവും പുതിയ ദേശസൃഷ്ടി സാധ്യമാവുന്നത്. പണവും പുതിയ സ്ഥലകാല സങ്കല്പങ്ങളുമായി തിരിച്ചു വരാനിടയുള്ള വെളിച്ചപ്പാടിന്റെ
മകനിലൂടെയും മറ്റു പലരിലൂടെയും സൃഷ്ടിക്കപ്പെടുന്ന പുതുകര്‍തൃത്വങ്ങളിലൊന്നിലും വെളിച്ചപ്പാട് എന്നൊരാള്‍ക്ക് അസ്തിത്വമുണ്ടാവില്ല.
വെളിച്ചപ്പാട് ആഞ്ഞുതുപ്പി പള്ളിവാള്‍ നിലത്തെറിഞ്ഞ് തിരസ്ക്കരിക്കുകയും അങ്ങനെ എല്ലാവര്‍ക്കും  അഭിഗമ്യമാക്കുകയും ചെയ്ത ആ അമ്പലത്തിലേക്കാണ് ‘ നിര്‍മ്മാല്യം’ കാണികളെ നയിച്ചത്,നാല്പതാണ്ടുകള്‍ക്കു മുന്‍പ്.

കുറിപ്പുകള്‍
1.ആധുനികപൂര്‍വ്വ സാമൂഹിക സാഹചര്യങ്ങളും സ്ഥല വിഭജനവും നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ ‘ സിനിമയ്ക്കു പോവുക’ എന്നതു തന്നെ ‘ അമ്പല പ്രവേശനം‘ പോലെ ഒരു സാമൂഹിക പ്രസ്താവനയാണ്.ചലച്ചിത്രം സാധ്യമാക്കിയ 'തുല്യതയുടെ ഇട(space of equality)'ത്തിലേക്കു കടന്നു ചെല്ലാന്‍ ധൈര്യം കാണിച്ച പാവപ്പെട്ടവരും കീഴാളരുമായ മഹാഭൂരിപക്ഷമാണ് സിനിമയെ മഹത്തായ ഒരു ജനകീയ പ്രസ്ഥാനമായി ഇന്നും നിലനിര്‍ത്തുന്നതെന്ന് കെ. ഗോപിനാഥന്‍ നിരീക്ഷിക്കുന്നു.(സിനിമയുടെ നോട്ടങ്ങള്‍)
2.1950കള്‍ തൊട്ടേ തന്റെ കഥകളിലും നോവലുകളിലും ശ്രദ്ധയോടെ അടയാളപ്പെടുത്തിയിരുന്ന ഈ പ്രദേശം എം.ടി .നിര്‍മ്മാല്യത്തോടെ വിട്ടുപോവുകയാണ്.(ദിലീപ്.എം.മേനോന്‍ ,'ഇരുട്ടിന്റെ ആത്മാക്കള്‍  എം.ടി,സ്ഥലം,കാലം'.,പച്ചകുതിര വാര്‍ഷികപ്പതിപ്പ്,ജൂലൈ 2005,)
3.Brecht wrote,Food first,marals later,'and M.T.'s reversal of the Brechtian dictum here is rather too idealistic and reactionary.(T.G.Vaidya Nadhan,'Hours in the dark'.)

(പച്ചക്കുതിര,ആഗസ്ത് 2014)

3 comments:

  1. രുചിയുള്ള എഴുത്ത്..
    കണ്ടതില് പാതിയില് ഒന്നും കണ്ടില്ലല്ലോ..
    മുന്നോട്ട് നീങ്ങൂ...

    ReplyDelete
  2. അസ്സലായിരിക്കുന്നു. ഇത്രയും മിനക്കെട്ടു ഇതു മുഴുവൻ റ്റൈപ്പ് ചെയ്തതിന്റെ ത്യാഗ ബുദ്ധി പ്രശംസനീയം തന്നെ. വിഞ്ജാനപ്രദമായ പലതും താങ്കളുടെ എഴുത്തിൽ തെളിയുന്നു. അഭിനന്ദനങ്ങൾ

    ReplyDelete
  3. വളരെ നല്ലത്‌.മുന്നോട്ട്‌ വായിക്കട്ടെ.

    ReplyDelete