Friday, September 25, 2009

സിനിമയിലെ ഫുട്ബോള്‍

ഫുട്ബോള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ എന്തിനേയും കൂട്ടിയിണക്കും എന്ന പൌലോകയ്‌ലോയുടെവാക്കുകളെ അന്വര്‍ഥമാക്കുന്ന വിധത്തിലായിരുന്നു ഇക്കഴിഞ്ഞ(2006) ലോക കപ്പ് ഫുട്ബോള്‍ മത്സരങ്ങളും അവയോടുള്ള മാധ്യമ നിലപാടുകളും. അത് ഫുട്ബോളിനെ വെറുമൊരു കളി മാത്രമല്ലതാക്കി. അധിനിവേശ വിരുദ്ധ പോരാട്ട ങ്ങളും ഗോത്രത്തനിമകളും രാഷ്ട്രീയവും സംഗീതവുമെല്ലാംഫുട്ബോളിന്റെഭാഗമായി. ഫുട്ബോളിനെ അതിന്റെ കേവലതയില്‍ നിന്നുയര്‍ത്തിനിര്‍ത്തുകയും പുത്തന്‍ അഭിരുചികള്‍ നമുക്കു മുന്നില്‍ വിളമ്പുകയുമുണ്ടായി. ദൃശ്യ മാധ്യമങ്ങളുടെ സാങ്കേതിക വിദ്യയിലൂടെയാണ് അത് ലോകം മുഴുവനുമുള്ള സ്വീകരണ മുറികളിലെത്തി യത്. വിവിധ ആംഗിളുകളില്‍ നിന്നുള്ള ഷോട്ടുകളും സ്ഥിതി വിവര കണക്കുകളുടെ ധാരാളിത്തവും എല്ലാം കൂടി മാധ്യമങ്ങള്‍ക്ക് ഏറെ പ്രിയങ്കരമായ ക്രിക്കറ്റിന്റെ സംപ്രേഷണരീതിയോട് വളരെ അടുത്തു നില്‍ക്കുന്നതായിരുന്നു ഈ സം‌പ്രേഷണം. ദൃശ്യമാധ്യമങ്ങള്‍ കാണിച്ചു തന്ന ഫുട്ബോളാണ്, മൈതാനത്തെ ഫുട്ബോളല്ല നമ്മള്‍ കണ്ടത്.
ഫുട്ബോള്‍ പ്രമേയമായ സിനിമകളെ കുറിച്ചുള്ള മധു ജനാര്‍ദ്ദനന്റെ പുസ്തകം വായിക്കുമ്പോള്‍ നമ്മള്‍ പ്രാഥമികമായി ആ പുസ്തകത്തെയും അതിലൂടെ സിനിമകളെയും ഫുട്ബോളിനെയും ‘വായിക്കുക‘യാണ്’. ഫുട്ബോള്‍ സിനിമകള്‍ രണ്ട് തരത്തിലുണ്ട്. കളിക്കാരനെയോ ടീമിനേയോ കുറിച്ചുള്ള ഡോക്യുമെന്ററി രൂപത്തിലുളളതും ഫുട്ബോള്‍ പ്രമേയമാകുന്ന ഫീച്ചര്‍ സിനിമകളും. വ്യക്തമായ അതിര്‍ത്തിരേഖ ഇവ തമ്മിലി ല്ലാത്തതിനാല്‍ ചില സിനിമകളിലെങ്കിലും കൃത്യമായ തരംതിരിവ് അപ്രസക്തമാക്കും. ഈ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ജോര്‍ജ് ബെസ്റ്റ്സ്ബോഡി,ഗരിഞ്ചലോണ്‍ലിസ്റ്റാര്‍,മറഡോണവില്ലന്‍ഓര്‍ വിക്ടിം, ഹൌ ഹെയ്സല്‍ ചെയ്ഞ്ച്ഡ് ഫുട്ബോള്‍ എന്നിവ ആദ്യ വിഭാഗത്തിലും, ടു ഹാഫ് റ്റൈംസ് ഇന്‍ ഹെല്‍, എസ് കേപ് ടു വിക്ടറി, ഗോള്‍, ദി കപ്പ് എന്നിവ രണ്ടാം വിഭാഗത്തിലും സാമാന്യേന ഉള്‍പ്പെടു ത്താവുന്നതാണ്. ഫുട്ബോളും ഫാസിസവും സിനിമയും
ഒന്നിച്ചിടപെടുന്ന രണ്ട് ചിത്രങ്ങളാണ് ടു ഹാഫ് റ്റൈംസ് ഇന്‍ ഹെല്‍, എസ് കേപ് ടു വിക്ടറി എന്നിവ. ഒരേ പ്രമേയത്തിന്റെ ഭിന്നങ്ങളായ ആവിഷ്ക്കാര ങ്ങളെന്ന നിലക്ക്അവയുടെ താരതമ്യം കൂടുതല്‍ പ്രസക്തമാണ്. ഗോള്‍ വ്യത്യാ സത്തിലൂടെ നേടുന്ന വിജയവും സമനിലയുമെല്ലം എങ്ങനെ സൂക്ഷ്മമായ രാഷ്ട്രീയ ധ്വനികള്‍ വഹിക്കുന്നവയായി തീരുന്നുവെന്ന് ഈ ചിത്രങ്ങളുടെ പഠനം വ്യക്തമാക്കുന്നുണ്ട്. ടു ഹാഫ് റ്റൈംസ് ഇന്‍ ഹെല്‍ എന്ന ചിത്രത്തില്‍ 4-3 എന്ന ഗോള്‍ വ്യത്യാസത്തില്‍ തടവുകാരുടെ ടീം നാസി ടീമിനോട് വിജയം നേടുകയും നാസി തോക്കുകള്‍ക്കിരയാവു കയും ചെയ്യുമ്പോള്‍ എസ് കേപ് ടു വിക്ടറി യില്‍ രണ്ടു ടീമുകളും 4-4 എന്ന സമനില കൈവരിക്കുകയും തടവുകാര്‍ രക്ഷപ്പെടുകയും ചെയ്യുന്നു.
ഗോള്‍ സമനില രാഷ്ട്രീയമായ സമനിലയുടെ രൂപകമാവുന്നതെ ങ്ങനെയെന്ന് ഗ്രന്ഥകര്‍ത്താവ് വിലയിരുത്തുന്നുണ്ട്. സോള്‍ട്ടാന്‍ ഫാബ്രി സംവിധാനം ചെയ്ത ആദ്യ ചിത്രം സിനിമയുടെ മൂല്യ വിചാരങ്ങള്‍ക്കകത്ത് മികച്ചതായി രിക്കുമ്പോള്‍ രണ്ടാമത്തെ ചിത്രം ഹോളിവുഡ് രീതികള്‍ക്കകത്ത് , രാഷ്ട്രീ യമായും സിനിമ എന്ന കേവലപരിഗണനയിലും രണ്ടാം തരമായി നില നില്‍ക്കുന്നു. ജനങ്ങളുടെ നൈസര്‍ഗിക വിനോദങ്ങളെഫാസിസം തങ്ങളുടെ രാഷ്ട്രീയ വിജയത്തിനായി ഏതു വിധേനയുംഉപയോഗപ്പെടുത്തുമെന്നതിന്റെ ആഖ്യാനങ്ങളായിത്തീരുന്നു ഈ രണ്ട് സിനിമകളും.
ഏകാധിപത്യം അതിന്റെ നിലനില്പിനായി ഫുട്ബോളിനെ ഉപയോഗിച്ചതിന് അര്‍ജന്റീനയുടെയും മറഡോണ യുടേയും ചരിത്രവും സാക്ഷ്യങ്ങളാണ്. മറഡോണയുടെ ഇതിഹാസ കഥ അര്‍ജന്റീനയുടെയും ലാറ്റിനമേരിക്ക യുടെയും കഥ കൂടിയാണ്. അര്‍ജന്റീനയുടെ ഏകാധിപതി ഭരണകൂടം 1976ലെ ലോക കപ്പ് ഗംഭീരമായി ആഘോഷിച്ചു. ഹോളണ്ടിനെ 3-1 തോല്‍പ്പിച് അര്‍ജന്റീന കിരീടം നേടുക കൂടി ചെയ്തതോടെ രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന സംഭവങ്ങളെ മൂടി വെക്കാന്‍ ഇത് സഹായകമായി. ഫുട്ബോള്‍ രാജ്യസ്നേഹം ഊതി വീര്‍പ്പിക്കാനുള്ള ഒരു മാര്‍ഗമായി മാറി. ലാറ്റിനമേരിക്ക യിലെ ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ സമാധാന കാലത്ത് കളിക്കളങ്ങളായും യുദ്ധ കാലത്ത് തടവറകളായും ഉപയോഗിക്കപ്പെട്ടു. മറഡോണ വില്ലന്‍ ഓര്‍ വിക്ടിം എന്നചിത്രം മറഡോണയുടെ ഫുട്ബോള്‍ ജീവിതത്തെയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള 1986 ലെ ക്വാര്‍ട്ടല്‍ ഫൈനല്‍ മത്സരത്തില്‍ മറഡോണ നേടിയ വിവാദ ഗോളിന് ഫാക്‌ലന്റ് യുദ്ധത്തിന് ശേഷമുള്ള പശ്ചാത്തലം കൂടി കല്‍പ്പിക്കപ്പെടാറുണ്ട്. ഇംഗ്ലണ്ടും ആര്‍ജന്റീനയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഒരു പതിപ്പായി അവര്‍ തമ്മിലുള്ള ഫുട്ബോള്‍ മത്സരം മാറി.
ജീവിതം തന്നെ ഇല്ലാതാകുമ്പോഴും ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്നതിന്റെ അസംബന്ധമാണ് “ഹൌ ഹെയ്സല്‍ ചേഞ്ച്ഡ് ഫുട്ബോള്‍“ എന്ന ചിത്രം ആവിഷ്ക്കരിക്കുന്നത്. 1985 ലെ യൂറോപ്യന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്റ്റേഡിയത്തിലെ ദുരന്തത്തില്‍ 31 ആരാധകര്‍ മരിച്ചു വീണു. എന്നാല്‍ ഒന്നര മണിക്കൂര്‍ വൈകി മത്സരം അരങ്ങേറി എന്നതായിരുന്നു ഏറ്റവും വലിയ വിരോധാഭാസം. രണ്ടൂ മണിക്കൂര്‍ മുന്‍പ് ആരവങ്ങളു യര്‍ത്തിയ ആരാധകരുടെ ചേതനയറ്റ ശരീരം സ്റ്റേഡിയത്തിനുപുറത്ത് കിടക്കുമ്പോള്‍ നടന്ന മത്സരം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു. ജീവിതം തന്നെ ഇല്ലാതാക്കുമ്പോള്‍ ഒരു ഫുട്ബോള്‍ മത്സരം അത്ര പ്രധാനമല്ല.
ജീവിതവും ഫുട്ബോളും ആദ്ധ്യാത്മികതയും സമുചിതമായി സമ്മേളിക്കുന്നു “ദി കപ്പ്“ എന്ന സിനിമയില്‍. ഒരു തിബത്തന്‍ ബുദ്ധ ഭിക്ഷുവായ ഖെന്റ്സേ നോര്‍ബുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ലോക കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ ബുദ്ധവിഹാരം ഫുട്ബോളിന്റെ ലഹരിയിലേക്കു വീഴുന്നു. ഫുട്ബോള്‍ എന്താണെന്നു ചോദിക്കുന്ന വൃദ്ധനോട് ‘രണ്ട് പരിഷ്കൃത രാജ്യങ്ങള്‍ ഒരു പന്തിനായി പോരടിക്കുന്ന സംഗതിയാണ്’‘ അതെന്നുള്ള മറുപടി വെറും നേരമ്പോക്കു മാത്രമല്ല. ഇന്ത്യയിലഭയം തേടിയ തിബത്തന്‍ ബുദ്ധഭിക്ഷുക്കളെ സംബന്ധിച്ച് അതിലെ രാഷ്ട്രീയം നേര്‍ത്തതല്ല. ഈ പോരിന്റെ അവസാനം ഒരു കപ്പാണ് സമ്മാനമായി ലഭിക്കുക എന്നറിയുമ്പോള്‍ കപ്പില്‍ ചായ കുടിക്കുന്ന സന്ന്യാസി അലൌകികമായി ചിരിക്കുന്നു. ജീവിതത്തിന്റെ ഒരു രൂപകമായി സിനിമയെയും ഫുട്ബോളിനെയും സംവിധായകന് കാണാന്‍ കഴിയുന്നുണ്ട്. കൊക്കകോള ടിന്നുകളെ പ്രാര്‍ഥനക്കുള്ള വിളക്കുക ളായി രൂപാന്തരപ്പെടുത്തുമ്പോള്‍ ഉപകരണമല്ല അതുപയോഗിക്കുന്ന രീതിയാ ണ് പ്രധാനമെന്ന സ്വന്തം വിശ്വാസം വെളിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യു ന്നത്. ഫുട്ബോള്‍ ആരവങ്ങള്‍ അതിന്റെ അത്യുച്ചത്തിലെത്തിയ ഘട്ടത്തില്‍ കേരളസമൂഹത്തില്‍ അതിനെതിരെ ദുര്‍ബലമായ ചില വിലക്കുകളെങ്കിലും പ്രത്യക്ഷമായത് നാം കാണുകയുണ്ടായി. ഒരു ബുദ്ധവിഹാരം ഫുട്ബോളിനെ വരവേല്‍ക്കുന്ന ഈ ചിത്രം അത്തരം പ്രവണതകളെക്കൂടി പ്രതിരോധിക്കുന്ന അനുഭവമാണ്.
ഇക്കഴിഞ്ഞ ലോക കപ്പിനോടനുബന്ധിച്ച് ഫുട്ബോളിനെക്കുറിച്ചുണ്ടായ ആഖ്യാനങ്ങ ളേറെയും ഫുട്ബോളിനെ കേവലമൊരു കളിയായി മാറ്റി നിര്‍ത്താതെ സംസ്ക്കാരവും ജീവിതവുമായി തത്വ ചിന്താപരമായി കൂട്ടിയി ണക്കാനാണ് ശ്രമിച്ചത്. എങ്കിലും ഫുട്ബോളിന്റെ പേരില്‍ പുത്തന്‍ അഭിരുചികള്‍ നമുക്കു മേല്‍ അടിച്ചേല്‍പ്പി ക്കപ്പെടു കയും വളരെ ലളിതമായൊരു കളിയെ സങ്കീര്‍ണ സമസ്യകളുടെ വാഹനമാക്കി മറ്റുകയും ചെയ്യുക യുണ്ടായോ എന്ന സന്ദേഹം ബാക്കി നില്‍ക്കും. ഫുട്ബോള്‍ അതിന്റെ കേവലാവസ്ഥയില്‍ ഇന്ന് നിലനില്‍ക്കു ന്നില്ല എന്നതാണ് വസ്തുത.സത്തയില്‍ അത് വളരെ ലളിതമായ ഒരു കളിയായിരിക്കുമ്പോള്‍ തന്നെ നമ്മുടെ മുന്നിലവതരിക്കുമ്പോഴേക്ക് അത് മറ്റു പല മേഖലകളുമായികൂടിക്കുഴഞ്ഞുകഴിഞ്ഞിരിക്കും.
എന്‍.എസ്. മാധവന്റെ “ഹിഗ്വിറ്റ” എന്ന കഥയോടുകൂടിയായിരിക്കണംഫുട്ബോളിലെ സാംസ്ക്കാ രിക ജീവിതവും സാംസ്ക്കാരിക ജീവിതത്തിലെ ഫുട്ബോളും നമുക്കു മുന്നില്‍ അവതരിപ്പിക്ക പ്പെട്ടത്. ഫുട്ബോള്‍ സിനിമകള്‍ മലയാളത്തില്‍ ഇനിയും പിറക്കാനിരിക്കുന്നതേയുള്ളൂ. ‘ഗോള്‍’എന്ന ചിത്രത്തിന്റെ നിരൂപണത്തില്‍ ഫുട്ബോള്‍ സിനിമകളുടെ പരിമിതികളെക്കുറിച്ച് പറയുന്നുണ്ട്. അതിങ്ങനെയാണ്: “ജനങ്ങള്‍ ഫുട്ബോള്‍ കളി കാണുന്നത് ആര് ജയിക്കുന്നു എന്നറിയാനാണ്. എന്നാല്‍ ചലച്ചിത്രങ്ങളിലെ ഫുട്ബോള്‍ കളികള്‍ക്ക് പൂര്‍വ്വ നിശ്ചിതമായ വിജയവും തോല്‍വികളു മുണ്ട്. അതിനാല്‍ സിനിമയിലെ കളിക്കളത്തില്‍ സംഭവിക്കുന്നതെല്ലാം അസംബന്ധമായി തീരുന്നു. ‘വിശ്വസനീയമായ ഒരു ഫുട്ബോള്‍ കളി വലിയ സ്ക്രീനിലവതരിപ്പിക്കുന്ന കാര്യത്തില്‍ സിനിമാ പ്രതിഭകള്‍ ഇനിയും ഏറെ മുന്നേറാനുണ്ട്”...
ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രനാണ് ഈ പുസ്തകത്തിന് അവതാ രികഎഴുതിയിരിക്കുന്നത്.അദ്ദേഹം എഴുതുന്നു:“വിശാലമായ അര്‍ത്ഥത്തില്‍ ഫുട്ബോള്‍ ജീവിതത്തിന്റെ സുപ്രധാനമായ എല്ലാ വികാരങ്ങളും പ്രതിഫലി പ്പിക്കുന്ന ഒരു രൂപകമാണ്. സിനിമയോ അതിനുമുന്‍പുള്ള എല്ലാ കലാരൂപ ങ്ങളേയും മാദ്ധ്യമപദ്ധതി കളെയും അതിജീവിച്ച ഒരു അസാമാന്യ ആവി ഷ്ക്കാര രീതിയും.മലബാറു കാരുടെ നാടന്‍ ഭാഷയില്‍പറഞ്ഞാല്‍സിനിമ ’ഒരു’കലയല്ല, ‘ഒരൊന്നൊന്നര’ കലവരും.”
ഫുട്ബോള്‍ സിനിമകള്‍ : കാഴ്ച്ചയും പ്രതിനിധാനവും,
മധു ജനാര്‍ദ്ദനന്‍, ഡി.ഡി.ബുക്സ്, കോട്ടയം, പേജ് 102, വില : 50.00 രൂപ.

Sunday, February 8, 2009

ദേശവ്യവസ്ഥകള്‍ :എഴുത്തിലുംസിനിമയിലും

സിനിമയിലെ ദേശവ്യവസ്ഥകളെക്കുറിച്ച് ഡോ.സി.എസ്. വെങ്കിടേശ്വരന്‍ എഴുതിയിരിക്കുന്നു.(മാതൃഭൂമി ആഴ്ചപ്പതിപ്പ്,2009 ഫെബ്രുവരി 1)
എഴുത്തിലെ ദേശവും സിനിമയിലെ ദേശവും ഭിന്ന വ്യവസ്ഥകളായാണോ നിലനില്‍ക്കുന്നത്?രണ്ടു വ്യത്യസ്ത മാധ്യമങ്ങളുടെ ദേശവീക്ഷണങ്ങളിലെ ഭിന്നത എന്നതിലപ്പുറം സിനിമയിലെ ദേശം കൂടു തല്‍ കാലപരവും എഴുത്തിലേത് സ്ഥലപരവും ആകുന്നുണ്ടോ?സിനിമ യ്ക്ക് കൂടുതല്‍ അടുപ്പം പ്രതീതി യാഥാര്‍ത്ഥ്യം(Virtual reality) എന്ന കമ്പ്യൂട്ടര്‍ സാങ്കേതികതയോടാണ് എന്നുപറഞ്ഞാല്‍ തെറ്റില്ല.അങ്ങനെ നോക്കിയാല്‍ സിനിമയുടെ പരിണതരൂപങ്ങളാണ് ടെലിവിഷനെപ്പോലെത്തന്നെ കമ്പ്യൂട്ടറും.സിനിമാകൊട്ടകകള്‍ തങ്ങളുടെ ജന്മനിയോഗം പൂര്‍ത്തിയാക്കി ഏറെക്കുറെ നിഷ്ക്ര മിച്ചത് ടി.വി.യിലേക്കും പിന്നെ കമ്പ്യൂട്ടറിലേക്കുമായിരുന്നു. സിനിമയുടെ കാഴ്ച്ചകളെ സ്ഥലപര വും സമൂഹപരവും ആക്കിയതില്‍ കൊട്ടകകള്‍ക്കുള്ള പങ്ക് നിഷേധിക്കാനാവാത്തതാണ്.സിനിമ സമൂഹത്തേയും, ടെലിവിഷന്‍ കുടുംബത്തേയും, കമ്പ്യൂട്ടര്‍ വ്യക്തിയേയുമാണ് പ്രാഥമികമായി സം ബോധന ചെയ്തത്. കമ്പ്യൂടറുകളുടെ വരവ് റിയാലിറ്റിയെ വെര്‍ച്വല്‍റിയാലിറ്റി ആക്കിയതു പോ ലെ ദേശങ്ങളെ ഭാവനാത്മക ദേശങ്ങളുമാക്കി.
എന്നാല്‍ എഴുത്തിലെ സ്ഥലരാശിയെ എത്ര ഭാവന പിടികൂടിയാലും അത് ‘യാഥാര്‍ത്ഥ്യ‘ത്തോടടു ത്തു നില്‍ക്കുന്നതായി കാണാം.നമ്മുടെ എഴുത്തിലെ മലബാറും തിരുവിതാംകൂറും വള്ളുവനാടും പൊന്നാനിയും ഭാവനാത്മകമല്ല;ഭാവനയിലെ ‘യാഥാര്‍ത്ഥ്യ‘മാണ്. ഈ പ്രവണത സ്ഥലപരമായ അതിര്‍ത്തികള്‍ ഇനിയും മറഞ്ഞു കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്കാണ് ബാധക മാവുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ എഴുത്തും ഏറെക്കുറെ ദേശപരമല്ലാതായിരിക്കുന്നു.ഇംഗ്ലിഷ് പോലുള്ള ‘ആഗോളഭാഷ'യില്‍ എഴുതപ്പെടുന്നതിന്റെ മാത്രം പ്ര ശ്നമല്ല ഇത്.അരുന്ധതിറോയിക്ക് ഇംഗ്ലീഷിലെഴുതിയിട്ടും അയ്മനത്തെപ്പോലൊരു ഗ്രാമത്തെ അതിന്റെ സൂക്ഷ്മതയോടും ജൈവ വൈവിദ്ധ്യത്തോടും കണ്ടെത്താന്‍ ഇംഗ്ലീഷ് തടസ്സമായില്ല.
ആഗോളീകരണത്തിനു മുന്‍പു തന്നെ അതിത്തികള്‍ അപ്രസക്തമെന്ന് പ്രഖ്യാപിച്ച കലാരൂ‍പം സിനിമയാണ്.ഒരു ഭാഷയില്‍ നിന്നും സംസ്കാരത്തില്‍ നിന്നും മറ്റൊന്നിലേക്ക് പ്രവേശിക്കാന്‍ വള രെക്കുറച്ച് വിവര്‍ത്തനങ്ങളേ അതിനാവശ്യമുണ്ടായിരുന്നുള്ളു. സ്ഥലകാലങ്ങളെ വെട്ടിയൊട്ടിക്കുന്ന തില്‍(Cut and paste) ആദ്യം മുതലേ സിനിമ അസാധാരണ മികവ് കാണിച്ചു.എം.ടി വാസുദേവന്‍ നായര്‍ തന്റെ “നിര്‍മ്മാല്യം”എന്നചിത്രവുമായി ബന്ധപ്പെട്ട അനുഭവം ഇങ്ങനെ രേഖപ്പെടുത്തുന്നു: “`...കുട്ടനേയുംകൂട്ടിയാണ്
ഞങ്ങ്ങള്‍ മൂക്കുതലയില്‍ എത്തുന്നത്.അവിടെ അടുത്തടുത്തായി രണ്ട് അമ്പലങ്ങളുണ്ട്. മേലേക്കാവിന് സമൃദ്ധിയുടെ എല്ലാ അടയാളങ്ങളുമുണ്ട്. മൂന്നുനേ രം പൂജയുണ്ട്. അതിനോടുതൊട്ടുള്ള താഴേക്കാവ്(കീഴേക്കാവ്)അനാഥാവസ്ഥയി ലാണ്. പൂജയില്ല, പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. വലിയ പറമ്പാണ്. എന്റെമനസ്സില്‍, ക്ഷയിച്ച അമ്പലത്തിന്റെ തൊട്ടടുത്തു കൂടിയാണ് പുഴഒഴുകു ന്നത്. ഇവിടെ പുഴയില്ല.പക്ഷെ ഗ്രാമം മനോഹരമാണ്.വലിയ ഇടവഴികള്‍; .....പക്ഷെ, പുഴയില്ല. അമ്പലത്തിന്റെ മതില്‍ക്കെട്ടിന്റെ പിന്നില്‍ നിന്ന് പുറത്തേ ക്ക് ഒരു വഴിയുടെ തുടക്കമായി കുറച്ച് പടവുകളുണ്ട്.ആ പടവില്‍ നിന്ന് നേരെ ഇറങ്ങുന്നത്പുഴ യിലേക്കായാലോ?സിനിമയില്‍ അതിന് സാദ്ധ്യതകളുണ്ട്....തിരുമിറ്റക്കോട്ടെ അമ്പലം എന്നുംഎന്നെ ആകര്‍ഷിച്ചതാണ്.ഭാരതപ്പുഴയുടെ വക്കില്‍ ഒരു പാട്ചരി ത്രവും ഒരുപാട്ഐതീഹ്യങ്ങളുമൊക്കെ യുള്ള ക്ഷേത്രം......മനോഹരമായ പുഴക്കടവ്.മുന്‍പില്‍ വിശാലമായ പുഴ. ഇല്ല,മൂക്കുതലയിലെ താഴെക്കാവും ഇതും തമ്മില്‍ ബന്ധിപ്പിക്കാന്‍ പ്രയാസമി ല്ല.” (ഭാഷാപോഷിണി, ഡിസമ്പര്‍,2008)
സ്ഥലത്തെ അതിന്റെ തന്നെ തുടര്‍ച്ചയില്‍ നിന്നും കാലത്തില്‍ നിന്നും അടര്‍ത്തി മാറ്റാനും അങ്ങനെ യാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരു ഭാവനാത്മക ലോകം സൃഷ്ടിക്കാനും സിനിമ ധൈര്യം കാണിച്ചു. ഇ താണ് അമോസ് ഗിത്തായി വിശേഷിപ്പിച്ച
ശകലീകൃതദേശീയതകളിലേക്കും (fragmented natio nality) ഓര്‍മ്മകളുടെ ശകലീകരണങ്ങളിലേക്കും വളര്‍ച്ചപ്രാപിച്ചത്.ലോകത്ത് സ്ഥല പരമായ അതിര്‍ത്തികള്‍ പല കാരണങ്ങളാല്‍ അപ്രസക്തമായിക്കഴിഞ്ഞിട്ടുണ്ട്. രാജ്യാതിര്‍ത്തികള്‍ക്കകത്ത് ഇടം കിട്ടാതെ പോയ ജനതകളും അതിനെ അപ്രസക്തമാ ക്കി. ഇല്ലാത്ത സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കുള്ള ഈ യാത്രക(പലായനം)ള്‍ക്ക് സ്ഥലം സാക്ഷിയും പശ്ചാത്തലവും മാത്രമെആകുന്നുള്ളു. കാലവും ചരിത്രവും അതിന്റെ വകഭേദങ്ങളായ ഓര്‍മ്മകളും മാത്രമാണ് കൂടെപ്പോകുന്നത്.കാലത്തിലൂ ടെയുള്ള സഞ്ചാരത്തില്‍ നഷ്ടം സംഭവിക്കുന്നതാണ് ഓര്‍മ്മകള്‍.ഓര്‍മ്മകളുടെ നഷ്ടം സ്വത്വത്തി ന്റെ നഷ്ടവും കൂടിയാണ്.
എഴുത്തും സിനിമയും തമ്മിലുള്ള അതിര്‍ത്തികളെ ദേശാതിര്‍ത്തികള്‍ പോലെത്തന്നെ അപ്രസക്തമാ ക്കുന്ന ഒരു ഘടകം ബ്ലോഗെഴുത്തുകളിലും അടങ്ങിയിട്ടുണ്ട്.എതു നാട്ടിലും എതു മൂലയിലുമിരുന്ന് എഴുതപ്പെടുന്ന ഈ സാഹിത്യം/സിനിമ ദേശകാലാതീതമായിരുന്ന് ഒരു ദേശത്തെ സങ്കല്‍പ്പിക്കലാണ്. അതേ സമയം അത്തരത്തില്‍ സങ്കല്‍പ്പിതമാവുന്ന ദേശം അതിന്റെ ഭൂമിശാസ്ത അതിര്‍ത്തികള്‍ ലംഘിക്കുകയും ചെയ്യുന്നു.മലയാളം ബ്ലോഗുകളില്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്ന കേരളീയത ദൂര ദേശങ്ങളിലിരുന്ന് ഓരോരുത്തരും കണ്ടെത്തു(ഴുതു)ന്ന ദേശമാണ്.
ഒരു ദേശവും സ്ഥലപരമായി/സ്ഥലപരം മാത്രമായി ഇനി നിലനില്‍ക്കുകയുണ്ടാവില്ല.വള്ളുവനാട് എന്ന സാംസ്കാരിക ഭാഷാഭൂഖണ്ഡം അതിന്റെ മികച്ച ഉദാഹരണമാണ് .രാഷ്ട്രീയമായി അത്തര മൊരു ഭൂപ്രദേശം ഇന്ന് നിലനില്‍ക്കുന്നില്ല.അതിന്റെ അതിര്‍ത്തികള്‍ എവിടെ തുടങ്ങുന്നു എവിടെ തീരുന്നു എന്നൊന്നും ആര്‍ക്കും അറിഞ്ഞു കൂടാ.പക്ഷെ അതൊരു സാംസ്കാരിക പ്രയോഗമായി ഭാഷാഭേദമായി എവിടേയും കുടിയേറുന്നു. മലയാള സിനിമയില്‍ ഏറെ പരന്നൊഴുകിയ സ്ഥലരാ ശിയാണ് വള്ളുവനാട്. എന്നാല്‍ അത് സ്ഥലപരമല്ല; സാംസ്കാരികമാണ്.
സംസ്കാരത്തില്‍ നിന്ന് ദേശം വിട്ടുപോവുകയോ, ദേശത്തില്‍ നിന്ന് സംസ്കാരം വേറിടുകയൊ, അഥവാ രണ്ടുംകൂടി ഏതെങ്കിലും ത്രിശങ്കുവില്‍ ഇടം പിടിക്കുകയോ ഏതാണ് സംഭവിക്കാന്‍ പോകുന്നത്?

Monday, January 5, 2009

പലായനത്തിന്റെ പല പാഠങ്ങള്‍/പടങ്ങള്‍

പലായനവും പ്രവാസവും വളരെ പരിമിതാര്‍ത്ഥങ്ങള്‍ മാത്രമുള്ള മലയാള വാക്കുകളാണ്.ഇംഗ്ലീഷ് ഭാഷയിലെ exile, refugee തുടങ്ങിയ വാക്കുകള്‍ ഉള്‍ക്കൊള്ളുന്നഅര്‍ത്ഥവിശാലത മലയാളത്തിലെ വാക്കുകള്‍ക്കില്ല.ഓരോ ഭാഷയിലെയും വാക്കു കള്‍സവിശേഷ സാമൂഹ്യ സാഹചര്യങ്ങളില്‍ ഉരുവം കൊല്ലുന്നതാകയാല്‍ മലയാളത്തില്‍ സൂക്ഷ്മവും കൃത്യവു മായ വാക്കുകള്‍ ഉണ്ടാകാതിരുന്നതില്‍ അത്ഭുതമില്ല.മറ്റേതെങ്കിലും ഭാഷകളില്‍ ഇംഗ്ലീഷ് വാക്കുകളേക്കള്‍ അര്‍ത്ഥ വ്യക്തത നല്‍കുന്ന വാക്കുകള്‍ ഉണ്ടായെന്നും വരാം.സ്വന്തം ഇച്ഛാ ശക്തിയും കാരണങ്ങളും പ്രവാസത്തിനു പിന്നിലുണ്ട്.ബാഹ്യമോ ആന്തരി കമോ ആയ കാരണങ്ങള്‍ പ്രവാസത്തെ നിര്‍ണ്ണയിക്കുന്നുണ്ടെങ്കിലും തീരുമാനം അതാത് വ്യക്തിയുടെയൊ സമൂഹത്തിന്റെയൊ തന്നെയാണ്.എന്നാല്‍ പലായനങ്ങള്‍ ഇങ്ങനെയല്ല.ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ഒരു സമൂഹത്തിന്റെ ഒന്നടങ്കമുള്ള കൂടു മാറ്റമാണവിടെ സംഭവിക്കുന്നത്.പലായനം ഭൌതിക സൌകര്യങ്ങളേയും,ഓര്‍മ്മകളേയും പോലും ഉപേക്ഷിച്ചുകൊണ്ടുള്ള, തിരിച്ചു വരുമെന്ന് യാതൊരുറപ്പുമില്ലാത്ത ഒരോടിപ്പോകലാണ്. “നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്”എന്ന് ഒരു പ്രവാസിക്കു മാത്രമേ പാടാന്‍ കഴിയൂ.പലായനം ചെയ്തവന് അങ്ങനെ ഒരു നാടോ വീടോ ഇല്ല.എങ്കിലും പ്രവാസിയും പലായന ക്കാരനുംഒന്നിക്കുന്നത് മണ്ണിലും ഓര്‍മ്മയുടെ സഞ്ചിതരൂപമായ സംസ്കാരത്തിലും തന്നെയാണ്. പ്രവാസങ്ങള്‍ കേരളീയന് പുതിയ അനുഭവമല്ല.പല നാടുകളിലേക്കായി കേരളീയന്‍ പ്രവാസങ്ങള്‍ നടത്തിയിടുണ്ട്.കേരളത്തിനകത്തുതന്നെ തിരുവിതാംകൂര്‍ പ്രദേശത്തുനിന്ന് വയനാട്ടിലേക്കും മറ്റും നടത്തിയ കുടിയേറ്റങ്ങള്‍ പ്രവാസത്തിന്റേയോ പലായനത്തിന്റേയോ വക ഭേദങ്ങളായി രുന്നു.എന്നാല്‍ കേരളീയജീവിതത്തിന് പുറത്തുസംഭവിക്കുന്ന പലായനങ്ങളുടെ ഗൌരവവും ആഘാതവും മലയാളിയുടെ ചില്ലറ പ്രവാസാനുഭവങ്ങള്‍ കൊണ്ട് താരതമ്യപ്പെടുത്താവുന്നതല്ല.ലോകമാകമാനം ഇന്ന് നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്ന് ആഗോളവല്ക്കരണം സൃഷ്ടിക്കാന്‍ശ്രമിക്കുന്ന ഏകതാനതക്കെതിരില്‍ ഉയര്‍ന്നു വരുന്ന പ്രാദേശിക സ്വത്വ വിചാരങ്ങളും സമരങ്ങളു മാണ്.ആഗോളവല്ക്കരണകാലം തങ്ങളുടെ സ്വത്വങ്ങളെക്കുറിച്ചും ഓര്മ്മകളെക്കുറിച്ചും ഒരു ജനതയെ അലോസര പ്പെടുത്തു ന്നുണ്ടാവും. സമകാലിക ജീവിതസാഹചര്യങ്ങള്‍ സിനിമയിലാണ് ഏറ്റവും ഫലപ്രദമായി ആവിഷ്ക്കരിക്ക പ്പെടുന്നത് എന്നതു കൊണ്ടാണോ എന്നറിഞ്ഞു കൂടാ,ഇക്കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമ കളേറേയും പലായനം/പ്രവാസം എന്ന പൊതുവായൊരു ആശയതലത്തില്‍ഒരുമിച്ചു നില്ക്കുന്നതായി അനുഭവപ്പെട്ടു.മേളയുടെ പൊതു പ്രമേയമായി ഇത് പ്രഖ്യാപിക്കപ്പെട്ടിട്ടില്ലഎങ്കിലും.പലസ്തീനുമായി ബന്ധപ്പെട്ട ഏതു ചിത്രവും ഭൂപ്രദേശത്തിന്റേയും പലായ നത്തിന്റേയും സ്വത്വ ബോധത്തിന്റേയും പലവിധത്തിലിള്ള ആഖ്യാനങ്ങളാണ്.സ്വന്തം ജീവിതം തന്നെയായഇത്തരമൊരു രാഷ്ട്രീയം വെടിഞ്ഞ് അവര്‍ക്ക് മറ്റൊരാഖ്യാനം അസാധ്യം തന്നെയാണ്.ലൈലയുടെ ജന്മദിനം(Lailas Birthday)എന്ന ഉദ്ഘാടന ചിത്രം പ്രത്യക്ഷത്തില്‍ലളിതമായ ഒരു കഥയും ആഖ്യാന ഘടനയും സ്വീകരിക്കുന്നുവെങ്കിലും പലസ്തീനിന്റെ രാഷ്ട്രീയം അതിന്റെ അന്തര്‍ധാരയാണ്.വിദേശചിത്രങ്ങളില്‍ പലായനവും അധിനിവേശവും പ്രധാന പ്രമേയമായ ചിത്രങ്ങളില്‍ ചിലത് ‍MyMarlon andBrando(Turkey),Refugee(Turkey),Postcards from Leningrad(Venezuela),Juju foctory(Congo),Birdwatchers(Italy-Brazil),Salt of the sea(Palestine),Ramchand pakistani(Pakisthan),Elcanino(Costarica), എന്നിവയുംസമീറ മക്മല്‍ബഫ്(ജൂറിഅംഗം),അമോസ് ഗിതായി എന്നിവരുടെ വിവിധ ചിത്രങ്ങളുമാണ്.ഇന്ത്യയില്‍നിന്നുള്ള ചിത്രങ്ങളില്‍ ഈവിഭാഗത്തില്‍പെടുത്താവുന്നത് ഫിറാഖ്(നന്ദിതാദാസ്) റൂട്ട്സ്(ജോസഫ് പുളിന്താനത്ത്)എന്നിവയാണ്.കേരളത്തില്‍നിന്നുള്ള വിലാപങ്ങള്‍ക്കപ്പുറം(ടി.വി.ചന്ദ്രന്‍)ഇതേപ്രമേയമാണ് കൈ കാര്യം ചെയ്യുന്നത്. ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്കും നഷ്ടമായ പ്രകൃതിയേയും സംസ്ക്കാരത്തെയും കുറിച്ചുള്ള ഉത്ക്കണ്ഠകളും പ്രവാസത്തിന്റേയും പലായനത്തിന്റേയും വേറൊരു പതിപ്പാണ്.മലയാളത്തില് നിന്നുള്ള “അടയാളങ്ങള്‍”(എം.ജി.ശശി)സ്വന്തം ദേശവും,വീടും, കാമുകിയേയും വിട്ടുകൊണ്ട് താത്ക്കാലികമായ ഒരു പ്രവാസത്തിന് നിര്ബന്ധിതനാകുന്ന തൊള്ളായിരത്തി നാല്പതുകളിലെഒരു ചെറുപ്പക്കാരന്റെ കഥയാണ്.നോവലിസ്റ്റ് നന്തനാരുടെ സ്വന്തം കഥ കൂടിയാണത്.പട്ടാള സേവനം ഒരു കാലത്ത് മലയാളിക്ക് പ്രവാസത്തിന്റെ കാരണങ്ങളിലൊന്നായിരുന്നു.തീവണ്ടി അതിനുള്ള വാഹനവും.കഠിനമായ സാമ്പത്തിക സാമൂഹ്യാ നുഭവങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള ഒരു പഴുതായിരുന്നു മലയാളിക്കിതെല്ലാം.’തിരിച്ചുവരാന്‍ വേണ്ടി’(അസുരവിത്ത്-എം.ടി.)യാത്ര തിരിക്കുന്നവരാണവരെല്ലാം.മലയാള ചിത്രമായ ‘തിരക്കഥ’ യിലെ നായികയും ശ്രീലങ്കന് ചിത്രമായ ‘ആകാശ കുസുമ‘ത്തിലെ നായികയും തങ്ങളുടെ ഭൂതകാലത്തെതമസ്ക്കരിച്ചുകൊണ്ടാണ് ജീവിക്കുന്നത്.ആഹ്ലാദവും ദു:ഖവും പകരുന്ന ആ ഭൂതകാലത്തുനിന്ന് ഓടിപ്പോന്നാണ് അവര്‍ പുതിയൊരു ഭാവനാത്മക ലോകത്തു ജീവിക്കുന്നത്.എങ്കിലും സാഹചര്യങ്ങള്‍അവരെ ഒരു തിരിച്ചു പോക്കിന് നിര്‍ബന്ധിക്കുന്നുണ്ട്.തനിക്ക് ഉപേക്ഷിക്കാന്‍ഒന്നുമില്ലെന്ന നിശ്ചയത്തില്‍് കാനഡയിലേക്ക് പോകാന്‍ ശോഭാറാണി തീരുമാനിക്കുന്നുണ്ടെങ്കിലും മകളെക്കുറിച്ചുള്ള അറിവ് അവരെ പിന്തിരിപ്പിക്കുന്നു. മലയാള ചിത്ര ങ്ങളായ ‘ഗുല്‍ മോഹറും’,‘തലപ്പാവും’ ഉപേക്ഷിച്ചു പോരാന്‍പറ്റാത്ത ഭൂതകാലത്തെ തന്നെയാണല്ലൊ ആവിഷ്കരിക്കാന്‍ശ്ര മിക്കുന്നത്.കേരളത്തിന്റെ അനുഭവത്തില്‍നിന്ന് വിട്ട് ദേശീയതലത്തിലേക്ക് പ്രവേശിക്കു മ്പോള്‍പലായനവും പ്രവാസവും കൂടുതല്‍ സങ്കീര്‍ണ്ണവും കാഠിന്യമേറിയതുമായി മാറുന്നതു കാണാം.ഗുജറാത്ത് കലാപത്തെ തന്നെ പ്രമേയമാക്കിയ രണ്ടു ചിത്രങ്ങളാണ് ഈവിഭാഗത്തില് എടുത്തു പറയാനുള്ളാത്.ടീ.വി.ചന്ദ്രന്‍സംവിധാനം ചെയ്ത ‘വിലാപങ്ങള്‍ക്കപ്പുറം’,നന്ദിതാദാസ് സംവിധാനം ചെയ്ത‘ഫിറാഖ്’ എന്നിവ.കലാപത്തില്‍ഉറ്റവരെയും വീടും വിട്ട് പലായനം ചെയ്യേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ‘വിലാപങ്ങള്‍ക്കപ്പുറം‘.അതിക്രൂരമായ ബലാത്സംഗത്തിനും അവള്‍ഇര യായി.മതങ്ങള്‍ക്ക് കലാപങ്ങളുടെ മനുഷ്യത്വ ഹീനമായ മുഖം തെളിച്ചു കാട്ടാനോ,സഹാനുഭൂതിയോടെയുള്ള സമീപനം സ്വീകരിക്കാനോ അല്ല താല്പര്യമെന്ന് ഈ ചിത്രം വെളിപ്പെടുത്തുന്നു.സ്വന്തം മതത്തിന്റെ പൊങ്ങച്ചങ്ങളെകെട്ടി എഴുന്നള്ളിക്കാനും അനാഥത്വത്തിന്റെ മറവില്‍ഒരു ശരീരം കൂടി സ്വന്തം ലൈംഗിക വിശപ്പിന് ഇരയാക്കാനുമുള്ള മാര്‍ഗമാണത്.എങ്കിലും സ്ത്രീയുടെ വെറും വിലാപ ങ്ങള്‍ക്കപ്പുറമുള്ള ഉയിര്‍ത്തെഴുന്നേല്പാണ് ഈ ചിത്രം. ‘ഫിറാഖ്‘ എന്ന ഉറുദു പദത്തിന് വിഭജനം ,അന്വേഷണം എന്നീ അര്‍ഥങ്ങളാണ് ഉള്ളത്.മനുഷ്യ മനസ്സുകളില്‍ സംഭവിക്കുന്ന വിഭജനം തന്നെയാണ് ഈ സിനിമയുടെ പ്രമേയം.കലാപത്തിനു ശേഷം മുന്‍പത്തെപ്പോലെ ഇരു മതത്തിലും പെട്ടവര്‍ക്ക് ഒരുമിച്ച് കഴിയാനാവുന്നില്ല.അടുത്ത സുഹൃത്തുക്കള്‍പോലും അപരനെക്കുറിച്ച് സംശയത്തിന്റെ ഒരു ദൃഷ്ടി കാത്തു സൂക്ഷിക്കുന്നു.ലഹളയില്‍നിന്ന് രക്ഷപ്പെട്ട് പലായനം ചെയ്തവരുടെ തിരിച്ചുവരവ് പഴയ സ്ഥലത്തെക്കല്ല.അവര്‍ഓടിപ്പോകുമ്പോളുണ്ടായിരുന്ന സ്ഥലമോ അന്തരീക്ഷമോ അവിടെ നിലവിലില്ല.പുതിയൊരുദേശത്തിലേക്ക് പുതിയൊരു മനസ്സുമായിട്ടാണവരുടേ വരവ്. മൊഹ്സിന്‍ എന്ന കുട്ടിയുടെ കാഴ്ചയിലാണ് സിനിമ അവസാനിക്കുന്നത്. ആദിവാസി സമൂഹത്തിന്റെ പ്രവാസത്തിനും പലായനത്തിനും,മറ്റു സമൂഹങ്ങളുടേതില്‍ നിന്ന് കാതലായ വ്യത്യാസമുണ്ട്.മാറിയ സാഹചര്യ ങ്ങളോട് പൊരുത്തപ്പെടുക എന്നാല്‍ ആദിവാസി സ്വത്വം പൂര്‍ണ്ണമായി നിരാകരിക്കുക എന്നാണര്‍ത്ഥം.മലയാളിയായ ജോസഫ് പുളിന്താനത്ത് സംവിധാനം ചെയ്ത വേരുകള്‍(Roots/Yarwng)എന്ന ചിത്രത്തിന്റെ പ്രത്യേകത, അത് ആദിവാസികളുടെ സ്വത്വാന്വേഷണത്തെക്കുറിച്ചുള്ളചിത്രമാവുമ്പോള്‍ തന്നെ ത്രിപുരയിലെ ആദിവാസി ഗോത്ര ഭാഷയില്‍ നിര്‍മ്മിക്കപ്പെട്ടു എന്നതും കൂടി യാണ്.ഡാം നിര്‍മ്മണത്തെ തുടര്‍ന്ന് മുങ്ങിപ്പോവുന്ന ഭൂമിയും വീടും ഉപേക്ഷിക്കന്‍ നിര്‍ബന്ധിതമാകുന്നതോടേ സ്വന്തം വേരുകള്‍ കൂടി അവര്‍ക്ക് നഷ്ടമാവുന്നു.വിവാഹത്തിന് മണിക്കുറുകള്‍ക്ക് മുമ്പ് വെള്ളം കയറിയ കിടപ്പാടം വിട്ട് പലായനം ചെയ്യേണ്ടിവന്ന രണ്ടുപ്രണയികളുടെ(കാര്‍മതി/വാഖിരി)ജീവിതത്തിലെനിത്യമായഅകല്‍ചയുടെകാരണം ഡാമിലെ ജലമാണ്. ഭൂമിനഷ്ടം, വീടുനഷ്ടം,ബന്ധനഷ്ടം,സ്നേഹനഷ്ടം എന്നിങനെ പലതുമാണവരനുഭവിക്കുന്നത്.എല്ലാം നഷ്ടമായ ഘട്ടത്തിലും മറ്റുള്ളവര്‍ക്ക് ഹൃദയ ത്തില്‍നിന്നെടുത്തുകൊടുക്കാന്‍എന്തെങ്കിലുമുള്ളപ്പോള്‍നാമെങ്ങനെഒന്നുമില്ലാത്തവരാകു(Dispossessed)മെന്ന ചോദ്യം അവരു ന്നയിക്കുന്നു.തന്റെ ജീവിതം നഷ്ടമാക്കിയ അതേ ജലത്തില്‍ തുഴഞ്ഞു പോകുന്ന കാര്‍മതിയെയാണ് നാം സിനിമയുടെ അവസാന ത്തില്‍ കാണുന്നത്.ഈ ചിത്രത്തെക്കുറിച്ച് ഉന്നയിക്കാവുന്ന വിമര്‍ശങ്ങളിലൊന്ന് ആധുനിക നാഗരിക സങ്കല്പമനുസരിച്ചുള്ള ഒരു പ്രണയ ത്തിലൂടെയാണ് അവര്‍ കടന്നു പോകുന്നതെന്നുള്ളതും,സ്വത്വ നഷ്ടം,ഭൂനഷ്ടം എന്നീ പ്രശ്നങ്ങളുടെ ചലചിത്രാഖ്യാനത്തെ ഗൌരവമുള്ള താക്കാന്‍ പ്രണയം സഹായകമാകുന്നില്ല എന്നതുമാണ്.
രാജ്യാന്തര തലത്തിലേക്ക് പ്രവേശിക്കുന്നതോടുകൂടി പലയനവും പ്രവാസവും രണ്ടുദേശീയതകള്‍ തമ്മിലുള്ള,ശത്രു രാജ്യങ്ങള്‍ തമ്മിലുള്ള നേര്‍ക്ക്നേര്‍ യുദ്ധങ്ങളായി മാറുന്നു.പലസ്ഥീന്‍/ഇസ്രയേല്‍ ചിത്ര ങ്ങള്‍ഈരീതിയിലാവാതെ വയ്യ.എന്നാല്‍ പല തരത്തിലാണ് അഭയാര്‍ത്ഥികളുണ്ടാവുന്നത്Refugeeഎന്ന ചിത്രത്തിലെ വൃദ്ധനായ അദ്ധ്യാപകന്‍ തന്റെ ശിഷ്യനോട് പറയുന്നുണ്ട്,ശലഭങ്ങള്‍ക്കും പക്ഷികള്‍ക്കും പറക്കാന്‍ കഴിയുന്നത് അവ നിഷ്കളങ്കരായതിനാ ലാണെന്ന്.തന്റേതല്ലാത്ത കാരണാങ്ങളാല്‍ ജര്‍മ്മനിയിലേക്ക് കുടിയേറേണ്ടി വന്ന ചെറുപ്പക്കാരന്അവിടത്തെ സംസ്ക്കാരത്തിലേക്ക് കൂടു മാറാന്‍ സാധിക്കുന്നില്ല.മാസ്റ്ററുടെ വാക്കുകളോര്‍ത്ത് ഒരു പറവയായി രാജ്യാതിര്‍ത്തികള്‍ കടന്ന് അയാല്‍ തന്റെ കാമു കിയ്ക്ക ടുത്തേക്ക് പറന്നെത്തുകയാണ്.Juju factoryഒരു കുടിയേറ്റ എഴുത്തുകാരന്റെ ആത്മ സംഘര്‍ഷങ്ങളാണ്. യൂറോ പ്യന്മാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സ്വന്തം നാടിന്റെ ചരിത്ര മെഴുതാന്‍ അയാള്‍ക്കാവുന്നില്ല.ആത്മസംഘര്‍ഷങ്ങള്‍ സ്വത്വബോധ ത്തോടൊപ്പം ദേശത്തിന്റെ ഭൂമി ശാസ്ത്രവുമായിക്കൂടി ചേര്‍ന്ന് നില്ക്കുന്നു. Postcards from Lenin gradവിപ്ലവ പ്രവര്‍ത്ത നവുമായി ബന്ധപ്പെട്ട് പ്രവാസ ജീവിതം നയിക്കേണ്ടി വരുന്ന മാതാപിതാക്കളെ മകന്റെ ശൈശവ മനസ്സിലൂടെ കാണുന്ന ചിത്രമാണ്.അവിടെ അത്ഭുത കഥകള്‍ക്കാണ് പ്രാധാന്യം. അച്ഹ്നമ്മമാരുടെ പ്രവര്‍ത്തനങ്ങളെ മകന്‍ ഇങ്ങനെ ഭാവനയും യാഥാര്‍ഥ്യവും കലര്‍ത്തിയാണ്
മനസ്സിലാക്കുന്നത്.സിനിമയുടെ മൊത്തം ഘടനയില്‍ ഭാവ നയും യാഥാര്‍ഥ്യവും ഇട കലര്‍ന്ന ആവിഷ്ക്കാര രീതിയുണ്ട്.പഴയ ചിത്രങ്ങളും പരസ്യങ്ങളും ഇട കലര്‍ന്നു വരുന്നു. വ്യത്യസ്ത മായ ഒരു പരിചരണ രീതിയാണ് സംവിധായികയായMarianaRondonസ്വീകരിച്ചിരിക്കുന്നത്.(മികച്ച സംവി ധായികയ്ക്കുള്ള രജത ചകോരം അവാര്ഡ് ഈ ചിത്രത്തിലൂടെ അവര്‍ക്ക് ലഭിച്ചു.)ചിത്രത്തിന്റെ അവസാനത്തില്‍ അച്ഛനും മകനും നടന്നു വരുന്ന രംഗത്തില്‍ മകന്‍ അച്ഛനോട് ചോദിക്കുന്നുണ്ട്,അച്ഛാ,ഈ വഴി കടലിലേക്കുള്ളതാണോ എന്ന്. എന്നാല്‍അവ രെത്തിനില്ക്കുന്നതാകട്ടെ മുന്നില്‍ വഴിയില്ലാത്ത വലിയൊരു ഗര്‍ത്തത്തിനു മുന്നിലാണ്. അമോസ് ഗിതായി സംവിധാനം ചെയ്ത Disengagement എന്ന ചിത്രത്തിലെപോലീസുകാരന്‍ കൃത്യമായ ദേശീയതഏതെന്ന് പറയാന്‍ ആവശ്യപ്പെടുമ്പോള്‍What is meant by specific nationalityഎന്ന് മറുചോദ്യം ഉന്നയിക്കുന്നുണ്ട്.ഈചോദ്യം ഒരു ദേശീയതയിലും ഉള്‍പ്പെടുന്നുവെന്ന് പറയാനാവാത്തവരും പലദേശീയതകള്‍ക്കുള്ളില്‍ പ്രവാസികളായി കഴിയേണ്ടി വന്നവരുടേയും ഉത്തരം കൂടിയാണ്. ചലച്ചിത്ര മേള യുടെ ഭാഗമായി നടന്ന അരവിന്ദന്‍ സ്മാരക പ്രഭാഷണവും പലായനത്തെക്കുരിചും പ്രവാസത്തെക്കുറിച്ചുമുള്ള വര്‍ത്തമാനമായി എന്നത് യാദൃശ്ചികമായിരിക്കം.അരവിന്ദനെക്കുറിച്ചുള്ള സ്മരണ ഓര്‍മ്മകളെയും ഭാവനയേയും അതുവഴി ദേശത്തെയും കുറിച്ചുള്ള ചിന്ത കള്‍ക്ക് കാരണമായി.അദ്ധ്യക്ഷത വഹിച്ച സംവിധായകനായ ജോഷി ജോസഫ് ‘ഓര്‍മ്മകളുണ്ടായിരിക്കണം’ എന്ന കാര്യം തന്നെയാണ് ഊന്നിപ്പറഞ്ഞത്.അരവിന്ദന്‍ സ്മാരക പ്രഭാഷണം നിര്‍വ്വഹിച്ചത് ഇസ്രയേല്‍ സംവിധായകനായ അമോസ് ഗിതായി ആണ്. ദേശവും ഭാഷയും ഓര്‍മ്മയുംfragmentedആയിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും അതിന്റെ ആവിഷ്ക്കാരങ്ങളാണ് സിനിമകളും കലകളും എന്നുംഅദ്ദേഹം പറഞ്ഞത് ചലച്ചിത്ര മേളയിലെ ഭൂരിപക്ഷം ചിത്രങ്ങളെയും പരിഗണിച്ച് പരിശോധിച്ചാല്‍ വളരെ അര്‍ഥ പൂര്‍ണ്ണമെന്ന് അനുഭവപ്പെടും.
-2-
പ്രവാസത്തിന്റെപ്രമേയങ്ങളെ നേരിട്ടു സ്പര്‍ശിക്കാത്തവയെങ്കിലും മേളയില്‍ പ്രദര്‍ശിപ്പിച്ച മറ്റു ചില ചിത്രങ്ങളെ പരാമര്‍ശിക്കാതെ പോകാനാവില്ല.മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുവെങ്കിലും, പുരസ്കാരങ്ങളൊന്നും ലഭിക്കാതെ പോയ ചിത്രമാണ് Dreams of dust.മരുഭൂമിയില്‍ സ്വര്‍ണ്ണ ഖനനത്തിലേര്‍പ്പെട്ട ഒരു പറ്റം നിസ്സഹായരായ മനുഷ്യരുടെ കഥയാണ് ഈചിത്രം.ഏതു നിമിഷവും മരണത്തെ മുഖാമുഖം കണ്ടു കൊണ്ടുള്ള ജീവിതം.സ്വര്‍ണ്ണം കിട്ടിയാലും തൊഴിലാളിക്ക്
കിട്ടാവുന്നത് തുഛമായ പ്രതിഫലം.സൌന്ദര്യവും പ്രണയവും പുഞ്ചിരിയും അസാ ധ്യമായ ലോകം.പൊടിക്കാറ്റ് അടിച്ചുയരുന്നതിന്റെ നേരനുഭവം പ്രേക്ഷകനിലേക്ക് കൂടി പകരുന്നു ഈ ചിത്രം.അതിജീവിക്കുക എന്ന ഒറ്റച്ചിന്തയില്‍ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നവര്‍.തുഛസൌകര്യങ്ങളായ ടെലിവിഷന്‍, മദ്യപാനം,വേശ്യ, ചന്തഎന്നിവയെല്ലം ആധുനികലോകത്തിന്റെ സങ്കല്പന ങ്ങളില്‍ നിന്ന് എത്ര അകലെയാണെന്നത് നമ്മെ അത്ഭുത പ്പെടുത്തും.പ്രേക്ഷകരിലധികം പേര്‍ ഈ ചിത്രത്തെ വെണ്ടത്ര ഗൌരവത്തില്‍ പരിഗണിക്കുകയുണ്ടായില്ലെന്നു തോന്നുന്നു. പ്രത്യേക ജൂറി പുരസ്ക്കാരം നേടിയ TheYellow houseഒരര്‍ഥത്തില്‍ ഓര്‍മ്മകളുടെ പുനരധിവാസം തന്നെയാണ്. നിഷ്കളങ്കനായ ഒരു ഗ്രാമീണ കര്‍ഷകന്റെ നേര്‍ യുക്തികളുടെ സരളമായ ആഖ്യാനമാണത്.മകന്‍ മരിച്ചതിലുള്ള ദു:ഖത്തെ അയാള്‍ മറക്കന്‍ ശ്രമിക്കുന്നത് തന്നേക്കാള്‍ കഠിന ദു:ഖമനുഭവിക്കുന്ന ഭാര്യയുടെ ദു:ഖം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടാണ്.വീടിന് മഞ്ഞ പെയിന്റടിച്ചും വീട്ടില്‍ നായയെ വളര്‍ത്താന്‍ ശ്രമിച്ചും ടെലിവിഷന്‍ വാങ്ങിയും പലവഴികളിലൂടെയാണ് അയാളതിനു ശ്രമി ക്കുന്നത്.എങ്കിലും വ്യക്തി ദു:ഖവും കുടുംബ ദു:ഖവും അങ്ങനെത്തന്നെ നില്‍ക്കുന്നു.അതിന് സാര്‍വ്വലൌകിക പരിഹാരങ്ങളില്ല. ഈചിത്രത്തിന് നല്‍കിയസംഗീതം(ഒറ്റ വാദ്യോപകരണം മാത്രമുപയോഗിച്ച്)വേറിട്ട അനുഭവമായി തോന്നി. The Photograph എന്നചിത്രം,ഒരു പ്രവാസിയുടെ ചിത്രം കൂടിയാണ്.ജോലിതേടി ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് അലഞ്ഞു കൊണ്ടിരിക്കുന്ന സീതയുടെ കഥയാണത്.അലച്ചിലിനിടയില്‍ അവള്‍ വൃദ്ധനായ ഒരു ഫോട്ടൊ ഗ്രാഫറുടെ സഹായിയായി ചേരുന്നു.സ്വന്തംപിന്തുടര്‍ച്ചക്കാരന്‍ മാത്രമേ തന്റെ പടമെടുക്കവൂ എന്നാണ് അയാളുടെ ആഗ്രഹം.അവസാനം സീതപടമെടുക്കുമ്പോളേക്ക് അയാള്‍മരിച്ചു കഴിഞ്ഞിരുന്നു.ഫോട്ടോ ഗ്രാഫറും സീതയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം ക്യാമറയിലെ ടൈമര്‍ സംവിധാനം ഉപയോഗിച്ചാണ് അവള്‍ എടുക്കുന്നത്.കാലം എടുത്ത ചിത്രമാണത്.മരണത്തോടൊത്തുനിന്നെടുത്ത ഈ ചിത്രം സീതയെ ജീവിതത്തില്‍ കൂടുതല്‍ ഗൌരവമുള്ളവളാക്കി.ഈ ചിത്രം സീതയുടെ മകള്‍ ചുമരില്‍ തൂക്കുമ്പോളാണ് സിനിമ അവസാനിക്കുന്നത്.ഓര്‍മ്മകളുടെ ചുമരില്‍ തൂക്കിയ ചിത്രം. Farewell Gulsariകസാക്കിസ്താനില്‍ നിന്നുള്ള ചിത്രമാണ്.സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു ശേഷം ഈചിത്രത്തിന് സവിശേഷ പ്രാധാന്യ മുണ്ട്.സോവിയറ്റു യൂണിയനിലെ കൂട്ടുകൃഷിക്കളങ്ങളെക്കുറിച്ചും പാര്‍ട്ടി ഘടനയെക്കുറിച്ചും നിശിത വിമര്‍ശനങ്ങളാണ് ഈചിത്രം ഉയര്‍ത്തുന്നത്.പാര്‍ട്ടി അധികാരി പറയുന്നഒരു കാര്യം വളരെ ശ്രദ്ധേയമാണ്.“സ്റ്റാലിന്‍ എന്നു പറയുമ്പോള്‍ ലെനിന്‍ എന്നു തന്നെ യാണ്അര്‍ഥം“.വരിയുടക്കപ്പെട്ട ഗുത്സാരി എന്ന ചെമ്പന്‍ കുതിരയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട കുതിരക്കാരനും കുതിരയുടെ മരണവും പ്രേക്ഷകരില്‍ തീവ്രമായ അനുഭവങ്ങളായി നിലനില്‍ക്കും. Song of sparrows(മജീദ് മജീദി)ജീവിതം മുന്നോടു കൊണ്ടുപോകാന്‍ കഠിനമായി യത്നിക്കുന്ന ഒരു ഗ്രാമീണ കര്‍ഷകന്റെനിഷ്ക്കളങ്കതയുടെ നേര്‍ ആഖ്യാനമാണ്.ഒട്ടകപ്പക്ഷികളും മത്സ്യ ങ്ങളും,ചെടികളുമെല്ലാം ഒരു ജൈവിക ബന്ധത്തോടെ സിനിമയില്‍ ഒന്നുചേരുന്നുണ്ട്. സിനിമയെക്കുറിച്ചും മതത്തെക്കുറിച്ചുമെല്ലാം ഗൌരവചിന്തയുണര്‍ത്തുന്ന ഗുലാബിടാക്കീസ്(ഗിരീഷ് കാസറവള്ളി)എന്ന ചിത്രം സിനിമക്കു വേണ്ടി ഉഴിഞ്ഞു വെക്കപ്പെട്ട ഗുലാബി യുടെ ജീവിതമാണ്.മിഡ് വൈഫായ ഗുലാബി സിനിമയുടെ സമയം ഒഴിവാക്കിയേ പ്രസവമെടുക്കാന്‍ പോകാറുള്ളു.‘സിനിമ നാളെയും കണ്ടു കൂടെ‘ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവര്‍ പറയും:‘ഇന്നലെ കണ്ട സിനിമയല്ല ഞാന്‍ ഇന്നു കാണുന്നത്;നിങ്ങള്‍ കണ്ട സിനിമയുമല്ല അത്‘.എങ്കിലും മതത്തിന്റെ പേരില്‍ വേര്‍തിരിവുകളുണ്ടാവുകയും ഗുലാബി ഒറ്റപ്പെട്ടു പോവുകയും ചെയ്തു. ‌
-3-
മലയാളസിനിമയെ ലോക സിനിമയുടെ പശ്ചാത്തലത്തില്‍ വിലയിരുത്താനുള്ള അവസരം ഇത്തരം ചലച്ചിത്ര മേളകളൊരുക്കുന്നുണ്ട്. ലോകസിനിമയില്‍ മുഖ്യ പ്രമേയങ്ങളായി വരുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളുടെ ഗൌരവമോ,തീവ്രതയോ അതേഅളവില്‍ മലയാള ത്തിലില്ലെന്നത് ശ്രദ്ധേയമാണ്.മലയാളത്തില്‍ കലാപവുമായി ബന്ധപ്പെട്ട് ഒരു ചിത്രമെടുക്കുമ്പോള്‍ ഇപ്പോഴും അതിന്റെ ഭൂമിശാസ്ത്ര പ്രദേശം ഗുജറാത്തോ കേരളത്തിനു പുരത്തുള്ള മറ്റു പ്രദേശങ്ങളോ ആണ്. ഡി.വി.ഡി. സാങ്കേതിക വിദ്യയുടെ വിപുലമായ പ്രചാരത്തിന്റെ ഇക്കാലത്തും,ഇത്തരം ചലച്ചിത്ര മേളകളെ പ്രസക്ത മാക്കുന്നത്,‘നമ്മുടെസിനിമ അവരുടെസിനിമ‘ എന്നൊരു താര തമ്യത്തിന് ഇത് അവസരം നല്‍കുന്നു എന്നതു കൊണ്ടാണ്.ഈ താരതമ്യം പ്രമേയസ്വീകരണതെ സംബന്ധിച്ചുള്ളതു മാത്രമല്ല;സിനിമയുടെ സാങ്കേതികതയിലും പരിചരണത്തിലുമെല്ലാംസ്പര്‍ശിക്കുന്നതാണ്.
താരതമ്യങ്ങള്‍അപര്‍ഷതാബോധമുണ്ടാക്കാ‍ന്‍ മാത്രമുള്ളതല്ല!