Monday, June 20, 2016

പന്തി ഭോജനങ്ങള്‍


മലയാളികള്‍ ജീവിച്ചു പോന്നതും, ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു വ്യവസ്ഥയുടെ പേരാണ് ജാതി.  ശ്രീനാരായണന്റെ നവോത്ഥാന ചിന്തയെ പിന്തുടര്‍ന്ന്‌ ജാതിയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനല്ല  ജാതി എന്ന യാഥാര്‍ത്ഥ്യത്തെ അദൃശ്യവല്‍ക്കരിക്കാനും അതിനു മേല്‍ ആധുനികതായുക്തികള്‍ കൊണ്ട്‌ ആവരണം തീര്‍ക്കാനുമാണ്‌ പരിശ്രമിച്ചതെ ന്നാണ് നവോത്ഥാനത്തിന്റെ പിടി ഒന്നയഞ്ഞപ്പോഴെക്ക്‌  കെട്ടുപൊട്ടിച്ചു ജാതി പുറത്തു ചാടിയതില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. നവോത്ഥാന കാലത്തിനു ശേഷം കടന്നു പോന്ന വഴികളിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ നാം മറന്നു കളഞ്ഞ ജാതി ഒരു നിഴലായി പുറകില്‍ നില്‍ക്കുന്നു. ചിലപ്പോള്‍ ജാതിയാണ് യാഥാര്‍ത്ഥ്യമെന്നും നാമതിന്റെ നിഴലാണെന്നും തോന്നും. ആധുനികതയുടെ ആവരണങ്ങള്‍ ഓരോന്നായി അഴിഞ്ഞു പോയപ്പോള്‍ അതിന്റെ സ്വരൂപം കൂടുതല്‍ വെളിപ്പെട്ടു. ആധുനികത നല്‍കിയ വസ്‌ത്രങ്ങളൊന്നും അത്‌ ഏറെക്കാലം അണിയാന്‍ കൂട്ടാക്കിയില്ല.
 ജാതി ഇന്നൊരു വ്യക്തിയെ രണ്ടായി പിളര്‍ത്തുന്നു.ഒരു പാതി ജാതിയുടെ യുക്തികള്‍ക്കകത്തും മറുപാതി അതിനു പുറത്തുമായി നിലകൊള്ളുന്നു.മനുഷ്യ ജീവിതത്തിലെ പ്രധാന സംഭവങ്ങ ളായ  ജനനം, മരണം, വിവാഹം എന്നിവയെല്ലാം ജാതിമതങ്ങള്‍ ചിട്ടപ്പെടുത്തിയ ശീലങ്ങള്‍ക്കകത്താണ്‌ ഇപ്പോഴും നിര്‍വ്വഹിക്കപ്പെടുന്നത്‌. ജാതിരഹിതമോ, മതരഹിതമോ ആയ ശീലങ്ങളും ആചാരങ്ങളുമെല്ലാം ഇനിയും രൂപം കൊള്ളാനിരിക്കുന്നതേയുള്ളു. ആധുനിക തയുടെ കൈവശം ജാതിനിര്‍മ്മൂലനത്തിനുള്ള പ്രായോഗികവിദ്യകളൊന്നുമുണ്ടായിരുന്നില്ല എന്നാണ്‌ ഇപ്പോള്‍ തിരിച്ചറിയുന്നത്‌. അത്‌ ആശയവും സാങ്കേതികതയുമായാണ്‌ അവതരിച്ചത്‌.പാരമ്പര്യത്തിന്റെ കുറവുകളെക്കുറിച്ച്‌ സൂചിപ്പിക്കാനാണ്‌ അത്‌ പരിശ്രമിച്ചത്‌. വിപുലമായ അര്‍ത്ഥത്തില്‍ ചില മനുഷ്യവിശ്വാസങ്ങളെ മാറ്റിത്തീര്‍ക്കാന്‍ അതിനു കഴിഞ്ഞു. ദൈവത്തിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യാനും സാദ്ധ്യമായി.

ആധുനികതയിലൂടെ സാധിതമായ  ജന്മിത്തനിര്‍മ്മാര്‍ജ്ജനം ജാതിനിര്‍മ്മാര്‍ജ്ജനത്തി ലെക്കുളള പ്രായോഗിക പദ്ധതിയായിരുന്നു. നവോത്ഥാനത്തെ മുന്നോട്ടു കൊണ്ടു പോകാനുളള  പദ്ധതിയുമായിരുന്നു അത്‌. എന്നാല്‍ അപ്രകാരം അത് മുന്നോട്ട് പോയില്ല. ഇപ്പോള്‍ ജാതികള്‍ വീണ്ടുംരൂഢമൂലമായി എന്നത് ഭൂതകാലമാകെ ശൂന്യമായിരുന്നു എന്നതിന്റെ വിളംബരമല്ല. നവോത്ഥാനത്തിലൂടെയും സ്ഥിതി സമത്വവാദത്തിലൂടെയുമൊക്കെ കടന്ന പോന്ന ജാതികളുടെ പുതുരൂപങ്ങളെയാണ്‌ കേരളം ഇന്നഭിമുഖീകരിക്കുന്നത്‌. ജാതിയിലേക്കുളള തിരിച്ചു പോക്കെന്നൊക്കെ പറയാമെങ്കിലും നിശ്ചലമായ  ഒരു പഴയ ജാതിയും എവിടെയും നില നില്‍ക്കുന്നില്ലെന്നതാണ്‌വസ്‌തുത. ഒരു പുഴയിലും ആര്‍ക്കും രണ്ടു പ്രാവശ്യം കുളിക്കാനാവാത്തതുപോലെ. 

-2-
നവോത്ഥാനവും ജാതി വിരുദ്ധ ചിന്തയും പ്രമേയമാക്കുന്നതിന്‌ ആദ്യകാല മലയാള സിനിമകള്‍ക്ക്‌ വിമുഖതയുണ്ടായില്ല. നീലക്കുയില്‍, രാരിച്ചന്‍ എന്ന പൗരന്‍, ചെമ്മീന്‍, ഓളവും തീരവും, നിര്‍മ്മാല്യം എന്നീ സിനിമകളിലെല്ലാം നവോത്ഥാന ചിന്ത പ്രത്യക്ഷമായും പരോക്ഷമായും സാന്നിദ്ധ്യമറിയിച്ചു. എന്നാല്‍ നവോത്ഥാനത്തിന്‌  സിനിമയിലും ഇടര്‍ച്ചകളുണ്ടായി. പില്‍ക്കാലത്ത് പ്രണയ വിവാഹങ്ങളുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നു വന്ന പലപ്പോഴും പരാജയപ്പെട്ടുപോയ ആദര്‍ശാത്മക ചിന്തയായി മാത്രം സിനിമയില്‍ നവോത്ഥാനം പരിമിതപ്പെട്ടു. തുടര്‍ന്ന് ഫ്യൂഡല്‍ മൂല്യങ്ങളുടെആഘോഷവരവുകള്‍  മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ പൊതുരീതിയാവുകയും ചെയ്‌തു. അവയിലെ പുരുഷവീരന്മാരെ, കാലഭേദം മറന്ന്‌ മലയാളികള്‍ കയ്യടിച്ചു വരവേറ്റു. കുടുംബമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുകയാണെന്ന വ്യാജബോധത്തിലൂടെ  ഉയര്‍ന്ന ജാതിമൂല്യങ്ങളും പുനരാനയിക്കപ്പെട്ടു. സമൂഹത്തില്‍ ജാതി ബോധം വീണ്ടും ശക്തിപ്പെടുന്നതിന്‌ മുമ്പുതന്നെ സിനിമയില്‍ അത്‌ സംഭവിച്ചു കഴിഞ്ഞിരുന്നു. ഉയിര്‍ത്തെണീറ്റ ഈ ഉയര്‍ന്ന ജാതി ബോധമാണ്‌   അവഗണിക്കപ്പെട്ട മറ്റു ജാതി ബോധങ്ങളെയും വീണ്ടും ഉയിര്‍പ്പിച്ചത്‌.
ജാതിയെ പ്രശ്‌നവല്‍ക്കരിക്കാനുളള കാര്യമായ പരിശ്രമങ്ങളൊന്നുമില്ലാതെ മലയാളത്തിലെ സമാന്തര സിനിമയും മുന്നോട്ടുപോയി. ന്യുജനറേഷന്‍ എന്ന പേരിട്ടു വിളിച്ച സിനിമകളാകട്ടെ പുതിയ ആഖ്യാന മാതൃകകളിലും സാങ്കേതികതകളിലും പരിമിതപ്പെട്ടു. സൈബര്‍ ലോകവും പുതിയ ലോകക്രമങ്ങളും സൃഷ്‌ടിച്ച സംഘര്‍ഷങ്ങളും തിരക്കുകളുമെല്ലാമായിരുന്നു അത്തരം സിനിമകളുടെ പൊതുവായ പ്രമേയങ്ങള്‍. അവിടെയൊന്നും ജാതി പ്രവര്‍ത്തന ക്ഷമമാവില്ലെന്നായിരുന്നു എല്ലാവരുടേയും ആഗ്രഹചിന്ത.

പുതിയ കാലത്തും ജാതിയും അതിന്റെ മേല്‍ക്കീഴ്‌ ബന്ധങ്ങളും ഏതു വിധത്തിലെല്ലാം പ്രവര്‍ത്തനക്ഷമമായിരിക്കുന്നു എന്ന്‌ പരിശോധിക്കുന്ന രണ്ടു സിനിമകളാണ്  ഷാനവാസ്‌ നരണിപ്പുഴയുടെ ‘കരി‘യും സനല്‍കുമാര്‍ ശശിധരന്റെ `ഒഴിവു ദിവസത്തെ കളി'യും   സ്ഥലപരാമര്‍ശങ്ങള്‍ കൊണ്ടും ഭാഷ കൊണ്ടും പ്രദേശത്തെ കൃത്യമായി അടയാള പ്പെടുത്തുന്നു രണ്ടു സിനിമകളും.വടക്കന്‍ സിനിമയെന്നും തെക്കന്‍സിനിമയെന്നും വിളിക്കാവുന്നവ. ജാതിയുമായി കുഴമറിഞ്ഞു കിടക്കുന്നതാണ്‌ അവയുടെ പ്രമേയവും ആഖ്യാനവും.

3.
തെക്കെ മലബാറാണ്‌ ‘കരി‘യുടെ ദേശം. തെക്കെ മലബാറിലെ ചില പ്രദേശങ്ങളില്‍ മാത്രം പ്രചാരമുളള കലാ രൂപമാണ്‌ കരിങ്കാളിയാട്ടം. വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോ ടനുബന്ധിച്ച്‌ നൂറുകണക്കിന്‌ കരിങ്കാളികള്‍ വഴിപാടുകളായി അമ്പലമുറ്റത്തെത്തും. ക്ഷേത്രപ്രവേശന സമരങ്ങള്‍ക്കുശേഷം മനുഷ്യര്‍ക്ക്‌ അമ്പലത്തില്‍ പ്രവേശിക്കാനുളള വിലക്കുകള്‍ ഇല്ലാതായെങ്കിലും ദൈവങ്ങള്‍ക്ക്‌ ഇപ്പോഴും വിലക്ക് മാറിയിട്ടില്ല.കലാകാരന്റെ ജാതി കലയുടെയും ജാതിയായി മാറുന്നു. ഇത്‌ ഒരു കലാരൂപം നേരിടുന്ന വേര്‍തിരിവാണെങ്കില്‍ കരിങ്കാളി കെടുന്നവന്‍ സമൂഹത്തില്‍ നേരിടുന്നത്‌ കൂടുതല്‍ മൂര്‍ത്തമായ വേര്‍തിരിവാണ്‌. 

തെക്കെ മലബാറിലെ മൂക്കുതല, പട്ടാമ്പി, കൂടല്ലൂര്‍, ഭാരതപ്പുഴ എന്നിവയും അനുബന്ധ പ്രദേശങ്ങളുമാണ്‌ കരിയുടെ ആഖ്യാനദേശം. നാല്‌പതിലേറെ കൊല്ലങ്ങള്‍ക്കു മുമ്പ്‌ ഇതേ പ്രദേശത്തു നിന്നാണ്‌ എം.ടി.വാസുദേവന്‍ നായര്‍  'നിര്‍മ്മാല്യം' സൃഷ്‌ടിച്ചെടുത്തത്‌. ദൈവാശ്രിത ജീവിത്തിന്റെ തിരോധാനം സൃഷ്‌ടിച്ച അങ്ങേയറ്റത്തെ നിസ്സഹായതയിലാണ്‌ ‘നിര്‍മ്മാല്യ‘ത്തിലെ വെളിച്ചപ്പാട്‌ ബിംബത്തിനു നേരെ തുപ്പുന്നത്‌. ഗള്‍ഫ്‌ എന്ന പുതിയ തൊഴില്‍ മേലഖല ഉയര്‍ന്നു വരുകയും നാട്ടുകാരൊന്നാകെ പുതിയ തൊഴില്‍ മേഖലകളിലേക്ക്‌ മാറുകയും,നാട്‌ പരിവര്‍ത്തന വിധേയമാവുകയും ചെയ്യുന്നതിന്റെ സൂചനകള്‍ നിര്‍മ്മാല്യത്തി ലുണ്ട്‌. ദാരിദ്ര്യവും തൊഴിലില്ലായ്‌മയും കൊണ്ട്‌ നാട് വിട്ടു പോയ വെളിച്ചപ്പാടിന്റെ മകന്‍ തിരിച്ചെത്തുന്നത്‌ നാടിന്‌ പുതിയൊരു ജീവിതക്രമമൊരുക്കിയാവുമെന്നാണ് സൂചന. അന്തസ്സും സദാചാരവും ശുദ്ധിയുമൊക്കെയായിരുന്നു വെളിച്ചപ്പാടിനെ ഉത്‌ക്കണ്‌ഠപ്പെടു ത്തിയ പ്രധാന കാര്യങ്ങള്‍. ദാരിദ്രത്തിന്‌ അതിന്റെ പിന്നിലേ സ്ഥാനമുള്ളു. എങ്കിലും `നിര്‍മ്മാല്യത്തിലെ ജീവിതം താഴെത്തട്ടിലുളളവരുടേതായിരുന്നില്ല. പുഴ മുറിച്ച്‌ കടന്നു പോകുന്ന ഒരു കല്യാണ ഘോഷയാത്രയുടെയും അവര്‍ പാടുന്ന ഒരു നാടന്‍ പാട്ടിന്റെയും വിദൂര ദൃശ്യത്തില്‍ ആ സാന്നിദ്ധ്യം ഒതുങ്ങുന്നു. ``ചെക്കനും കൂട്ടരും പെണ്ണിനെ കണ്ടേയ് ചെക്കനൊരെണ്ണക്കറുമ്പന്‍'' എന്ന്‌ തുടരുന്ന ആ പാട്ട്‌ വിദൂരതയില്‍ ലയിക്കുമ്പോള്‍ അത്‌ വെളിച്ചപ്പാടിന്റെ മകളുടെ പ്രണയ നഷ്‌ടത്തിന്റെ ആവിഷ്‌ക്കാരത്തിന്‌ പശ്ചാത്തലഭംഗി സൃഷ്‌ടിക്കുന്നു.വേനല്‍ക്കാലമാണെങ്കിലും അന്ന് ഭാരതപ്പുഴ വറ്റി വരണ്ടിട്ടില്ല.

‘നിര്‍മ്മാല്യ‘ത്തിനു ശേഷം വികസ്വരമായ വഴികളും ജീര്‍ണ്ണതയില്‍ നിന്ന്‌ മുക്തി നേടിയ മൂക്കുതലയിലെയും പരിസരങ്ങളിലെയും അമ്പലങ്ങളും ജനങ്ങളുമാണ്‌ ‘കരി‘യിലെ കഥാപാത്രങ്ങള്‍. ജനങ്ങളിലേറെപ്പേര്‍ ഗള്‍ഫില്‍ പോയി മടങ്ങിയെത്തിയിരിക്കുന്നു. ചിലരൊക്കെ ഇപ്പോഴും അങ്ങോട്ടു പോകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. `നിര്‍മ്മാല്യ‘ത്തില്‍ അദൃശ്യരായിരുന്ന കരിങ്കാളികള്‍ ഇപ്പോള്‍ കൂടുതല്‍ ദൃശ്യത നേടിയിരിക്കുന്നു.

ചേര്‍ത്തലക്കാരനായ ഗോപുകേശവമേനോനും തൃശൂര്‍ക്കാരനായ ബിലാലും ചേര്‍ന്ന്‌ തങ്ങളുടെ ഗള്‍ഫിലുളള സ്ഥാപനത്തിലെ ജോലിക്കാരനായ ദിനേശന്റെ വീടന്വേഷിച്ചെ ത്തുകയാണ്‌.തെക്കന്മാരെ അവര്‍ കൂതറകള്‍ എന്നാണ്‌ വിളിക്കുന്നത്. വളളവനാട്ടുകാരനാണ്‌ ദിനേശന്‍. ദിനേശന്റെ കുറുങ്കുഴല്‍ വാങ്ങാനാണ്‌ അവര്‍ എത്തുന്നത്‌. കുറുങ്കുഴല്‍ ഒരു വംശീയ സംഗീതോപകരണമാണ്‌. സിനിമയുടെ ആരംഭത്തില്‍ തന്നെ ജാതിയിലധിഷ്‌ഠിതമായ പല ആചാരങ്ങളും ദൃശ്യമാണ്. ശുദ്ധി വരുത്താന്‍ മുറ്റത്ത്‌ ചാണകം മെഴുകുന്ന ദൃശ്യത്തോടെയാണ്‌ തുടക്കം. അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് കരിങ്കാളി കെട്ടാനുളള വഴിപാടുളളതു കൊണ്ട്‌ ആ വീട്ടില്‍ സസ്യേതര ഭക്ഷണമൊന്നും ഉണ്ടാക്കിയിട്ടില്ല. ദിനേശന്റെ വിസ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കരിങ്കാളി വഴിപാട്‌. താന്‍ എസ്‌.സി വിഭാഗത്തില്‍പെട്ട ആളാണെന്ന്‌ ദിനേശന്റെ അച്ഛന്‍ പറയുന്നു.  അയാളുടെ ഭാര്യ നായരാണ്‌. മകളെ വിവാഹം കഴിച്ചത്‌ മറ്റൊരു ജാതിക്കാരനാണ്‌. പ്രേമിക്കുമ്പോള്‍ ആരും ജാതി നോക്കാറില്ലെന്നും വിവാഹ സമയത്തും അതിനു ശേഷവുമാണ്‌ ജാതി പ്രശ്‌നമാകുന്നതെന്നും അയാള്‍ പറയുന്നു.മേലെയും കീഴെയും ആയിരക്കണക്കിനു ജാതികള്‍ വേറെയുമുണ്ട്‌. ദിനേശന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവി മേനോനായതിനാല്‍ ഇത്തിരി ബഹുമാന ത്തോടെ പെരുമാറണമെന്ന്‌ ഭാര്യ അയാളെ ഉപദേശിക്കുന്നു. ഇങ്ങനെ ജാതിയുടെ നാനാവ്യവഹാരങ്ങള്‍ ആദ്യമേ വെളിവാക്കപ്പെടുന്നു. അവരാരും ജാതിയുടെ ആചാരങ്ങളില്‍ നിന്ന് മുക്തരല്ല..

കരിങ്കാളിയെയുംകുറുങ്കുഴലിനേയും ആ നാടിനേയുയൊക്കെ പുച്ഛത്തോടെയാണ്‌ മേനോന്‍ കാണുന്നതെങ്കിലും  ആ പ്രദേശത്തിന്റെ ജീവിതവുമായി ഇടകലരേണ്ട സാഹചര്യത്തിലേക്ക്‌  യാദൃശ്ചികമായി ഇരുവരും നയിക്കപ്പെട്ടു. അത്‌ കരിങ്കാളികളുടെയും ആ വേഷം കെട്ടുന്ന വരുടെയും ജാതി ജീവിതത്തിലേക്കുമുളള ഒരു കടന്നു ചെല്ലലാണ്‌.  കരിങ്കാളി കെട്ടുന്ന അയ്യപ്പന്റെ ജീവിതവും സ്വത്വപ്രതിസന്ധികളാല്‍ കലുഷിതമാണ്‌. അയ്യപ്പന്‍ കറുപ്പും അയാളുടെ കാമുകി വെളുപ്പുമായതിനാലാണ്‌ അയാള്‍ക്കവളെ നഷ്‌ടമായത്‌. അമ്പലത്തിന കത്തേക്ക്‌ പ്രവേശിക്കാന്‍ സാധിക്കാത്ത വേഷം കെട്ടേണ്ടി വരുന്നതിന്റെ പ്രതിഷേധം അയ്യപ്പന്‍ അറിയിക്കുന്നുണ്ട്‌. ഇത്‌ കലാകാരന്‍ എന്ന നിലക്കുളള അയാളുടെ സ്വത്വ പ്രതിസന്ധിയാണ്‌.മേനോന്‍ കരിങ്കാളിയെ കളിയെന്നു വിളിക്കുമ്പോഴും അയാള്‍ അതി രൂക്ഷമായി പ്രതികരിക്കുന്നു.

ആനയിടഞ്ഞുവെന്ന്‌ കേട്ട്‌ കൂട്ടം തെറ്റിയ കരിങ്കാളി ഭാരതപ്പുഴയുടെ മണല്‍ക്കാട്ടിലെത്തുന്ന തോടെയാണ്‌ അയ്യപ്പന്റെ സ്വത്വ പ്രതിസന്ധി പ്രകൃതിയുടെ സ്വത്വ പ്രതിസന്ധിയായി മാറുന്നത്‌, അഥവാ രണ്ടും ഒന്നായി മാറുന്നത്‌. പുഴയില്‍ നിന്നല്ല പുല്ലു നിറഞ്ഞ്‌ കാടുപിടിച്ചു കിടക്കുന്ന മണല്‍പരപ്പില്‍ നിന്നാണ്‌ തൊഴിലാളികള്‍ മണലെടുക്കുന്നത്‌ . അത്‌ തലയിലേറ്റാന്‍ സഹായിക്കുന്നുമുണ്ട്‌ കരിങ്കാളിയായ അയ്യപ്പന്‍. നേര്‍ത്ത ഹാസ്യമുതിരുന്ന ചില സംഭാഷണങ്ങളിലൂടെ അയ്യപ്പന്റെ ദുരന്തവും പുഴയുടെ ദുരന്തവും അവതരിപ്പിക്കപ്പെടുന്നു. പണ്ടൊരു പുഴയുണ്ടായിരുന്ന കുറ്റിപ്പുറം പാലത്തിനു സമീപത്താണ്‌ തങ്ങളെന്ന്‌ തൊഴിലാളികള്‍ പറയുന്നു. മണലെടുത്ത വലിയൊരു കുഴിയില്‍ നിസ്സഹായനായിരിക്കുന്ന കരിങ്കാളിയുടെ ദൃശ്യം ഇരുകൂട്ടരുടേയും ദുരന്താത്മകത നന്നായി രേഖപ്പെടുന്നു. നിളാ നദിയോട്‌ `ഇനി നീയി പാലത്തില്‍ നാട്ടനൂഴും‘ എന്ന്‌ കുറ്റിപ്പുറം പാലത്തിന്റെ പിറവിയില്‍ പ്രവചനാത്മകമായി ചിന്തിച്ച ഇടശ്ശേരിയേയും ഈ ദൃശ്യം ഓര്‍മ്മയിലേക്കാനയിക്കും. ഇടശ്ശേരിയുടെ 'പൂതപ്പാട്ടി'ലെ വരികള്‍ സിനിമയിലുപയോഗി ക്കപ്പെട്ടിട്ടുണ്ട്‌.

സമകാലിക രാഷ്‌ട്രീയത്തിലേക്കും ജാതിസമവാക്യങ്ങളിലേക്കും നേരിട്ടു പ്രവേശിക്കുന്ന മറ്റൊരു തലം കൂടി സിനിമയിലുണ്ട്‌. അത്‌ മേനോനും ബിലാലും കൂടി താമസിക്കുന്ന മുറിയില്‍ ടിവിയില്‍ നിന്ന്‌ കേള്‍ക്കുന്ന ഒരഭിമുഖ സംഭാഷണത്തിന്റെ ശകലങ്ങളാണ്‌. മറ്റു പല ശബ്‌ദങ്ങള്‍ക്കുമിടയ്‌ക്ക്‌ പലപ്പോഴും അവ്യക്തമായാണ്‌ അത്‌ കേള്‍ക്കാനാവുന്നത്‌. മേനോനും ബിലാലും ശ്രദ്ധിക്കാതെ വിടുന്ന പ്രത്യക്ഷത്തില്‍ നിര്‍ദ്ദോഷമെന്ന്‌ കരുതാവുന്ന ആ അഭിമുഖത്തിന്റെ ആഘാതശേഷി കേരളത്തിന്റെ സമീപ രാഷ്ട്രീയപശ്ചാത്തലത്തിലും സിനിമയുടെ സമഗ്രതയിലുമാണ്‌ വ്യക്തമാവുന്നത്‌. ജോണ്‍ബ്രിട്ടാസ്‌ വെളളാപ്പളളി നടേശനുമായി നടത്തിയ അഭിമുഖമാണത്‌. ജാതിഭേദം, മതദ്വേഷം തുടങ്ങിയ വാചകങ്ങ ളൊക്കെ വെളളാപ്പളളി ഉപയോഗിക്കുന്നുണ്ട്‌. ജാതി ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. താനൊരു സ്പോര്‍ട്ട്സ്മാനാണെന്ന്‍ അദ്ദേഹം പറയുന്നതും നാം കേള്‍ക്കുന്നു.

4.
സനല്‍കുമാര്‍ ശശിധരന്റെ `ഒഴിവുദിവസത്തെകളി' കണ്ടുകൊണ്ടിരുന്നപ്പോള്‍ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ `പന്തിഭോജനം' എന്ന കഥയും അതിന് ശ്രീബാല.കെ.മേനോന്‍ നല്‌കിയ ദൃശ്യാവിഷ്‌ക്കാരവുമാണ്‌ ഓര്‍മ്മ വന്നത്‌. സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തി ഭോജനത്തിന്റെ പുതിയപതിപ്പായിരുന്നു ആ  കഥയും സിനിമയും ആഖ്യാനം ചെയ്‌തത്‌. ഭക്ഷണത്തിന്റെ ജാതിയായിരുന്നു പ്രമേയം. 'ഒഴിവുദിവസത്തെ കളി'യും മറ്റൊരു പന്തിഭോജനമാണ്‌.
തിരുവനന്തപുരത്തുകാരായ- കൃത്യമായി പറഞ്ഞാല്‍ അരുവിക്കര നിയോജക മണ്ഡലത്തിലുള്ള- ഏതാനും പേര്‍ തങ്ങളുടെ തിരക്കുകളെല്ലാം മറികടന്ന്‌ നഗരത്തില്‍ നിന്നകലെ ഒരു വനപ്രദേശത്ത്‌ ഒത്തുകൂടി മദ്യപിക്കുകയും ഭക്ഷണമുണ്ടാക്കി കഴിക്കുകയും ഭീതിതാനുഭവമായവസാനിക്കുന്ന ഒരു കളിയിലേര്‍പ്പെടുകയും ചെയ്യുന്നു. അവരില്‍ ചെറുപ്പക്കാരും മദ്ധ്യവയസ്‌കരുമുണ്ട്‌. നമ്പൂതിരി മുതലുള്ള നാനാജാതികളുമുണ്ട്‌. വിവിധ രാഷ്‌ട്രീയക്കാരുണ്ട്‌. അവര്‍ ഒഴിവുദിവസത്തെ കളിക്ക്‌ തെരഞ്ഞെടുത്തത്‌ വെറുമൊരു സാധാരണ ദിവസമല്ല. അത്‌ അരുവിക്കര ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന ദിവസം തന്നെയാ യിരുന്നു. അവരില്‍ പലരും രാഷ്‌ട്രീയ പ്രവര്‍ത്തകരെന്ന നിലക്ക്‌ അവിടെ സാന്നിദ്ധ്യമറിയിക്കേ ണ്ടവരായിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറിയാണ്‌ അവര്‍ ആ വനപ്രദേശത്ത്‌ എത്തുന്നത്‌. അതിന്റെ വീരസ്യം അവര്‍ പ്രകടിപ്പിക്കുന്നുമുണ്ട്‌. അരുവിക്കര യിലെ പോളിംഗ്‌ പുരോഗതി സംബന്ധിച്ച വാര്‍ത്തകള്‍ ടിവിയിലൂടെ നിരന്തരം അവരിലേക്കെ ത്തുന്നു. അതവരെ  രാഷ്‌ട്രീയ തര്‍ക്കങ്ങളിലേക്കെത്തിക്കുന്നു. ചിലര്‍ അടിയന്തിരാവസ്ഥയെ ന്യായീകരിക്കുന്നു. അക്കാലത്ത്‌ കൃത്യസമയത്ത്‌ ഓഫീസിലെത്തിയിരുന്നതിലെ കാപട്യ ത്തെയും മറ്റും ചിലര്‍ പരിഹസിക്കുന്നു. അടിയന്തിരാവസ്ഥ പോലീസ്‌ സ്റ്റേഷനിലെ ഭീകരമായ ഓര്‍മ്മയാണ്‌ തനിക്കെന്ന്‌ ഒരാള്‍ വികാരഭരിതനാവുന്നു. ഗള്‍ഫുകാരനായൊരാള്‍, തന്റെ പണമാണ്‌ ഈ മദ്യവും ഭക്ഷണവുമെന്ന്‌ പൊങ്ങച്ചം പറയുന്നു. അത്‌ മറ്റുള്ളവരെ പ്രകോപിതരാക്കുന്നു. അവരിലൊരാള്‍ വഴക്കടിച്ച്‌ മഴയത്തിറങ്ങി നടക്കുന്നു. ഭക്ഷണം പാകം ചെയ്യാനെത്തിയ സ്‌ത്രീയുടെ നേര്‍ക്ക്‌ ഏതാണ്ടെല്ലാവരുടെയും പുല്ലിംഗഫണം നിവരുന്നു. സ്‌ത്രീയെ എങ്ങനെ വിധേയപ്പെടുത്താം എന്നതിനെക്കുറിച്ചാവുന്നു ചര്‍ച്ച. ഇതിനെല്ലാ മിടയില്‍ ജാതിയും പലവിധത്തില്‍ ഉയിര്‍ത്തെണീക്കുന്നു. മരം കയറണമെങ്കിലും കോഴിയെ കൊല്ലണമെങ്കിലും ദാസന്‍ തന്നെ വേണ്ടിവരുന്നു. അപ്പോഴവന്‍ ദളിതന്‍ മാത്രമാവുന്നു.

നേരം പോക്കായി ഒടുവിലവര്‍ കണ്ടെത്തുന്ന കളിയിലാണ്‌ ജാതിയുടെ യുക്തിയും ജിവിതത്തിലെ യുക്തിയും സിനിമയിലെ യുക്തിയും ഒരുമിക്കുന്നത്‌. ജീവിതത്തിലെ കളിയിലും നമ്പൂതിരി തന്നെ ന്യായാധിപനാകുന്നു. രാജാവും മന്ത്രിയും പോലീസും കള്ളന്മാരുമൊക്കെ മറ്റുള്ളവരും. തെറ്റായി കളിച്ച പോലീസുകാരനും മന്ത്രിക്കുമൊക്കെയുള്ള ശിക്ഷ, ന്യായാധിപന്റെ ഇടപെടലിനാല്‍ പിഴസംഖ്യയിലൊതുങ്ങുന്നു. കള്ളനായി തെരഞ്ഞെടുക്കപ്പെട്ടത്‌ ദാസന്‍ തന്നെയാണ്‌. അയാള്‍ക്കു വധശിക്ഷയില്‍ കുറഞ്ഞൊന്നും ലഭിക്കുന്നില്ല. അത്‌ ശരിക്കും നടപ്പിലാക്കപ്പെടുകയും ചെയ്യുന്നു. കളികാര്യമാവുന്നു. കൃത്യമായ രാഷ്‌ട്രീയ പരിസരത്തില്‍ അവര്‍ ചേര്‍ന്ന് സൃഷ്ടിച്ചെടുക്കുന്ന അരാഷ്ട്രീയമായ സ്ഥലവും കാലവും അവരെ തന്നെ രാഷ്ട്രീയമായി തിരിച്ചാക്രമിക്കുന്നു. 

ഈ സിനിമയിലെ നമ്പൂതിരി എന്ന കഥാപാത്രം സവര്‍ണ്ണാധിപത്യത്തിന്റെയോ ഫ്യൂഡലിസത്തിന്റെയോ വെറുമൊരു പ്രതീകമല്ല. നമ്പൂതിരിയാണ്‌    ‘കളി’ക്ക് പറ്റിയ സ്ഥലം കണ്ടെത്തുന്നതും സൗകര്യങ്ങളൊരുക്കുന്നതും. അയാളൊരിക്കലും ധാരാളം മദ്യപിച്ച്‌ ലക്കു തെറ്റിയവനാകുന്നില്ല. ചില നിഗൂഢതകള്‍ അയാളിലുണ്ടെന്ന്‌ തോന്നുമെങ്കിലും അത്രതന്നെ സുതാര്യനാണയാളെന്നും തോന്നാം. നാട്ടില്‍ അയാള്‍ക്ക്‌ ധാരാളം ബന്ധങ്ങളുണ്ട്‌. തെരഞ്ഞെടുപ്പു ദിവസമായിട്ടും അയാള്‍ക്ക്‌ മദ്യം സംഘടിപ്പിക്കാന്‍ കഴിയുന്നു.മോട്ടോര്‍ സൈക്കിളിന്റെ പുറകിലിരുന്ന്‌ സഞ്ചരിക്കുകയും മഴനനഞ്ഞ്‌ മദ്യക്കുപ്പിയുമായി തിരിച്ചെത്തു കയും ചെയ്യുന്നു. കൂട്ടുകാര്‍ക്കിടയിലെ വഴക്ക്‌ പറഞ്ഞു തീര്‍ക്കുന്നതും നമ്പൂതിരിയാണ്‌. തന്റെ വീട്ടിലാരും വോട്ട്‌ ചെയ്‌തില്ലെന്ന്‌ അയാള്‍ അഭിമാനപൂര്‍വ്വം പറയുന്നു. അയാള്‍ക്ക്‌ പ്രകടമായ രാഷ്‌ട്രീയമൊന്നുമില്ല. ഫോണ്‍ ചെയ്യുമ്പോള്‍ അയാള്‍ താന്‍ നമ്പൂതിരിയാണെന്ന്‌ ആവര്‍ത്തിച്ചു പറയുന്നു. അയാള്‍ക്കു പേരില്ല. നമ്പൂതിരിയെന്നാണയാളുടെ പേര്‌.

5.
സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന  പന്തിഭോജനത്തിന് നൂറ് വയസ്സാവുക യാണ്. കേരളത്തിന്റെ വടക്കും തെക്കുമല്ല,മദ്ധ്യകേരളത്തിലായിരുന്നു അത് നടന്നത്.പുതിയ പന്തിഭോജനങ്ങളില്‍ സ്ഥലവും കാലവും മാത്രമല്ല മാറിയത്.പങ്കെടുത്ത ആളുകളും ഭക്ഷണവും അതിന്റെ ലക്ഷ്യവുമെല്ലാം മാറി.‌ `കരി'യില്‍ മേനോനും ബിലാലും ദിനേശന്റെ വീട്ടിലെ ത്തുന്നു. അവിടെ നിന്ന്‌ ഭക്ഷണം കഴിക്കുന്നു.മേനോന്‍ പഴം മാത്രമേ കഴിക്കുന്നുള്ളൂ.അത് മറ്റൊരു പന്തി ഭോജനമാണ് . ഒഴിവുദിവസത്തെ കളി'യിലും നമ്പൂതിരി മുതല്‍ ദളിതര്‍ വരെയുള്ളവര്‍ക്ക്‌ഒരുമിച്ചിരിക്കാനും, യാത്രചെയ്യാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നു. എന്നാല്‍ സൂക്ഷ്‌മവും നിര്‍ണ്ണായകവുമായ സന്ദര്‍ഭത്തില്‍ ജാതീയത അതിന്റെ കീഴാളത്തവും മേലാളത്തവും പ്രകടമാക്കുന്നു.
ജാതിസ്വത്വത്തെ ഈ സിനിമകള്‍ സമീപിക്കുന്നത്‌ നവോത്ഥാനപൂര്‍വ്വ കാലത്തെ ജാതിക ളെന്ന നിലക്കല്ല. നവോത്ഥാനവും അനന്തരകാലവും വരുത്തിയ മാറ്റങ്ങള്‍ അവിടെയുണ്ട്. ദിനേശന്റെ അച്ഛനും സഹോദരിയും ഉയര്‍ന്ന ജാതികളില്‍ നിന്ന്‌ വിവാഹം കഴിച്ചവരാണ്‌. ആ വിധത്തില്‍ ദിനേശന്‍ മിശ്രജാതിയായിക്കഴിഞ്ഞിട്ടുണ്ട്‌. അയ്യപ്പന്‌ കരിങ്കാളി ജീവിതമാണ്‌. അയാളതിനെ കലയെന്ന് വിളിച്ച്‌ കേള്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നില്ലെങ്കിലും ആ കലാരൂപത്തിന്‌ കൂടുതല്‍ അംഗീകാരം ലഭിക്കുന്നുണ്ട്‌. എങ്കിലും അതൊരു കീഴാള കല തന്നെ.`

രണ്ടു സിനിമകളും ചരിത്രത്തോടും രാഷ്‌ട്രീയത്തോടും പ്രത്യക്ഷമായിത്തന്നെ സത്യസന്ധ മാവുന്നു. സമകാലീനമായ രണ്ടുരാഷ്‌ട്രീയ സാഹചര്യങ്ങള്‍ - അരുവിക്കര ഉപതെരഞ്ഞെടുപ്പും വെള്ളാപ്പള്ളിയുമായുള്ള അഭിമുഖവും- അവിടെയുണ്ട്‌. അവ സിനിമയുടെ പശ്ചാത്തലമായി മാറുകയല്ല സിനിമ തന്നെയായീത്തീരുന്നു. ടി.വി.യും അതിന്റെ ശബ്ദപഥവും സിനിമയിലാ രോടും  നേരിട്ട് സംസാരിക്കുന്നില്ലെങ്കിലും കാണികളോട് നേരിട്ടുതന്നെ സംസാരിക്കുന്നു. സ്ത്രൈണത, പ്രകൃതി എന്നിവക്കെല്ലാം നേരെ നേര്‍ത്ത നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഉയരുന്ന ആക്രോശങ്ങള്‍ ഇരുസിനിമകളും കാണുന്നുണ്ട്‌.‘ ഒഴിവുദിവസത്തെകളി‘യില്‍ ഭക്ഷണം പാകം ചെയ്യാനെത്തുന്ന സ്‌ത്രീയോടും ദാസനോടും നാരായണനോടുമൊക്കെയുള്ള പെരുമാറ്റങ്ങളില്‍ ഓരോരോ ഘട്ടങ്ങളില്‍ ഉയര്‍ന്നുവരുന്ന ആധിപത്യവാസനകളുണ്ട്‌.എന്നാല്‍  അതിന്റെയെല്ലാം അടിയിലുള്ളത്‌  പഴയ കാലത്തെ വെറും ജാത്യാഭിമാനമല്ലതാനും.

നിസ്സഹായമായ പ്രകൃതിയിലേക്കാണ്‌ അയ്യപ്പന്‍ ഓടി രക്ഷപ്പെടുന്നത്‌.`ഒഴിവുദിവസത്തെ കളി'യിലും അവസാനം നാം കാണുന്ന്‌  വന്യമായ പ്രകൃതിയെയാണ്‌.അരാഷ്ട്രീയമെന്ന് സങ്കല്‍പ്പിക്കപ്പെടുന്ന ശാന്തസുന്ദരവും നിഷ്ക്കളങ്കവുമായ ഒരു സ്ഥലമാണത്.എന്നാല്‍ മൊബൈല്‍ ഫോണിലൂടെയും ടിവി.യിലൂടെയും അതിക്രമിച്ചെത്തുന്ന കാലം ആ സ്ഥലത്തെയും വെറുതെ വിടാന്‍ കൂട്ടാക്കുന്നില്ല.