Tuesday, July 13, 2010

കരിമ്പനയുടെ കൊമ്പുകള്‍

ഒന്നായതിനെ രണ്ടായും രണ്ടായതിനെ ഒന്നായും കണ്ടതിന്റെ ഇണ്ടലുകളാണ് സുദേവന്റെ ചലച്ചിത്ര പരിശ്രമങ്ങളെന്ന് സാമാന്യമായി പറയാം.ഒന്നില്‍ നിന്ന് രണ്ടിലേക്കും പിന്നെ പലതിലേക്കുമുള്ള ആത്മാന്വേഷണങ്ങളുടെ സം‌പ്രേഷണങ്ങള്‍ കൂടിയാണവ.എന്നാല്‍ ഒന്നും രണ്ടും പ്രത്യക്ഷമായിരിക്കുകയും അതിനപ്പുറമുള്ളത് പൊതുവെ അപ്രത്യക്ഷമായി നില്‍ക്കുകയും ചെയ്യുന്നു.
സുദേവന്റെ ഇതുവരെ പുറത്തുവന്ന മൂന്നുചിത്രങ്ങളും ആദ്യചിത്രത്തിന്റെ തുടര്‍ച്ചകളും അത്യന്തഭിന്നങ്ങളായ ആവിഷ്ക്കാരങ്ങളുമാണ്.പൊതുവായ ചില ആവിഷ്ക്കാരമാതൃകകള്‍ മൂന്നു ചിത്രങ്ങളേയും ചേര്‍ത്തുനിര്‍ത്തുന്നു.ആവര്‍ത്തിച്ചുവരുന്ന ‘രണ്ട്‘ എന്ന അവസ്ഥയുടെ വ്യത്യസ്ത സാന്നിധ്യങ്ങള്‍ അവയിലൊന്നാണ്. മൂന്നുചിത്രങ്ങളിലും രണ്ടേരണ്ടുകഥാപാത്രങ്ങള്‍. എന്നാല്‍ ഈ കഥാപത്രങ്ങള്‍ രണ്ടായിരിക്കുമ്പോള്‍ തന്നെപലപ്പോഴും ഒന്നായി പെരുമാറുകയും ഒറ്റ ലക്ഷ്‌യത്തിനുവേണ്ടീ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.അക്കാരണത്താല്‍ ‘രണ്ട്‘ എന്ന മൂന്നാമത്തെ ചിത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് മറ്റു രണ്ടുചിത്രങ്ങളെ സാമാന്യമായി പരിചയപ്പെടുന്നത് നല്ലതാണ്.
‘പ്ലാനിങ്ങ്’ എന്ന ആദ്യചിത്രം ഹാന്‍ഡിക്യാമിന്റെ പരിമിത സൌകര്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.രണ്ടു കള്ളന്മാര്‍ ചേര്‍ന്ന് മോഷണം നടത്താന്‍ വിശദമായ പ്ലാനിങ്ങ് നടത്തുന്നു.കള്ളന്മാര്‍ എന്ന പൊതുബോധം അവരെ ഒന്നാക്കി നിര്‍ത്തുന്നു.എന്നാല്‍ അവര്‍ക്കിടയില്‍ രണ്ടാവുന്ന അവസ്ഥയുംഅഭിപ്രായഭിന്നതകളുമുണ്ട്. മോഷണത്തിനെത്തിയവീട്ടില്‍ നിന്ന് കണ്ടെടുക്കുന്ന കത്ത് അവരെ കള്ളന്മാരല്ലാതാക്കി മാറ്റുന്നു.അബദ്ധത്തില്‍ കൊളുത്തുവീണ വീട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടില്‍,അവര്‍ തന്നെ ഒച്ചയുണ്ടാക്കി പുറത്തുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുമ്പോള്‍കള്ളന്മാരുടെ ലോകം/പൊതുലോകം എന്നീസങ്കല്പങ്ങള്‍ അസ്ഥിരമാകുന്നു.’വരൂ’എന്നചിത്രം വഴിയന്വേഷിക്കുന്ന ആളും വഴിപറഞ്ഞുകൊടുക്കുന്ന ആളും തമ്മിലുള്ള അന്തരം തന്നെ ഇല്ലാതാക്കുന്നു.ഒടുവില്‍ രണ്ടാളും പലവഴികളുടെ സാധ്യതകള്‍ക്കുമുന്നില്‍ എത്തിപ്പെടുന്നു.
ഈരണ്ടു ചിത്രങ്ങളുടേയും തുടര്‍ച്ചയാണ് ‘രണ്ട്’ എന്ന മൂന്നാമത്തെ ചിത്രം. ആദ്യത്തെ രണ്ടു ചിത്രങ്ങളില്‍ മറഞ്ഞിരിക്കുന്ന രണ്ടെന്ന അവസ്ഥയെ കൂടുതല്‍ മൂര്‍ത്തവും വിശദവുമായി ഈ ചിത്രം അവതരിപ്പിക്കുന്നു.രണ്ടു പേര്‍ ചേര്‍ന്ന് ഒരു കിണര്‍ കുഴിക്കാനുള്ള ശ്രമത്തിലാണ്.വേഷങ്ങളിലും ശരീരത്തിലും ഭിന്നരായിരിക്കുമ്പോളും കിണര്‍ പണിക്കാര്‍ എന്ന നിലക്കും കിണര്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിലും അവര്‍ ഒന്നായിരിക്കുന്നു.ഇരുവരും നാട്ടുവര്‍ത്തമാനങ്ങളും തങ്ങളുടെ കഷ്ടപ്പടുകളും പങ്കുവെക്കുന്നു.രണ്ടുപേര്‍ക്കും ധനികരാവണമെന്ന മോഹമുണ്ട്.ഭാഗ്യക്കുറി കിട്ടുന്നതിനെക്കുറിച്ചും മാസക്കുറി കാലം കൂടുന്നതിനെക്കുറിച്ചും ഉള്ള പരിമിതമായ നാട്ടുകിനാക്കള്‍‍.മൊബൈല്‍ ഫോണിലൂടെ അവരിലേക്ക് പുറം ലോകം പലപ്രകാരത്തില്‍ കടന്നുവരുന്നു.നേരത്തെ പണിഅവസാനിപ്പിച്ച് പോകുന്നതിന്റെ ചെറിയകള്ളത്തരം ഇരുവരും ചേര്‍ന്ന് പങ്കുവക്കുന്നു.
സ്ഥലമുടമയായ മാഷെക്കുറിച്ചുപറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.സ്ക്കൂള്‍ മാഷല്ല പോസ്റ്റ് മാഷാണെന്നുവ്യക്തമാക്കുന്നു.അദ്ദേഹത്തിന് രണ്ടു പെണ്‍ മക്കള്‍.അതില്‍ ഇളയവളായ മിനിയും ഭര്‍ത്താവും ഗള്‍ഫിലാണ്.അവര്‍ക്കുവേണ്ടീയാണ് വീടും കിണറുമെല്ലാ‍മെന്ന് അവരുടെ വര്‍ത്തമാനത്തിലൂടെ നാമറിയുന്നു.ഉച്ചക്ക് പണിനിര്‍ത്തി അവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു.ഒരാളുടെ ചങ്കില്‍തടഞ്ഞ ഭക്ഷണം ഒഴിവാക്കാനുള്ള വഴി അപരന്‍ പറഞ്ഞുകൊടുക്കുന്നു.ഊണുകഴിഞ്ഞ് ഉച്ചമയക്കത്തിലേക്ക് പോകുന്നു.പിന്നീട് നാം കാണുന്നത് ഒറ്റക്ക് കിണറ്റിലിറങ്ങി
ആവേശത്തോടെ കിളക്കുന്ന അവരിലൊരാളെയും കിണറിനുപുറത്ത് മറ്റുപ്രവൃത്തികള്‍ചെയ്തു കൊണ്ടിരിക്കുന്ന അപരനെയുമാണ്. കിണറ്റിലിറങ്ങിപണിയുന്ന ആള്‍ക്ക് ഒരു ചെമ്പു കുടത്തില്‍ ‘നിധി‘ കിട്ടുകയും അത് അപരനില്‍ നിന്ന് ഒളിപ്പിക്കാന്‍ ശ്രമിക്കുകയും നിധിക്കുവേണ്ടീയുള്ള പിടിവലിക്കിടയില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു.മറ്റേയാള്‍ കൊല്ലപ്പെട്ടവന്റെ പോക്കറ്റില്‍ നിന്ന് ബീഡിയെടുത്ത് വലിച്ച് വെള്ളവസ്ത്രം ധരിച്ച് പോകാനൊരുങ്ങുമ്പോള്‍ തന്റെ നെറ്റിയില്‍ നിന്നൊഴുകുന്ന രക്തത്തെക്കുറിച്ച് ബോധവാനാകുന്നു.അയാള്‍ ഞെട്ടിയുണരുമ്പോളാണ് കണ്ടത് സ്വപ്നമായിരുന്നെന്ന് അയാളറിയുന്നതുപോലെ പ്രേക്ഷകനുമറിയുന്നത്.വീണ്ടും പണിക്കിറങ്ങുന്നു അവര്‍.എങ്കിലും ഇപ്പോള്‍ അവര്‍ രണ്ടായിക്കഴിഞ്ഞിരിക്കുന്നു. കൊല്ലപ്പെട്ടവനും കൊലപാതകിയും.കൊലപാതകിക്ക് കൊല്ലപ്പെട്ടവനെ നേരിടാനാവുന്നില്ല. കൊല്ലപ്പെട്ടവനാകട്ടെ രണ്ടെന്ന ബോധം തോന്നുന്നേയില്ല.അയാള്‍ മറ്റേയാളുടെ കീറിയ കുപ്പായത്തെക്കുറിച്ചു വേവലാതിപ്പെടുന്നു. തന്റെ വീട്ടില്‍ വന്നാല്‍ പഴയ രണ്ടു കുപ്പായം തരാമെന്നു പറയുന്നു.പണിയിലേര്‍പ്പെടുന്ന അവര്‍ക്കുമേല്‍ പകല്‍ ഇരുളുന്നു.
നിഴലും വെളിച്ചവും വളരെ സൂക്ഷ്മമായി ക്രമീകരിച്ചുകൊണ്ടാന് സുദേവന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചുറ്റും കരിമ്പനകള്‍ നിറഞ്ഞുനില്‍ക്കുന്നവിശാലമായ പറമ്പ് പാലക്കാടന്‍ ഭൂപ്രകൃതിയെ അടയാളപ്പെടുത്തുന്നു. അവര്‍കുഴിക്കുന്ന കിണറിനുസമീപം ഒരു ഇരട്ടക്കരിമ്പനയുണ്ട്.അതിന്റെ തണലത്താണ് അവരുടെ ഉച്ചയുറക്കം. കരിമ്പനകള്‍ ഒറ്റത്തടി വൃക്ഷങ്ങളാണ്.അവയ്ക്ക് കൊമ്പും ചില്ലയുമില്ല.എന്നാല്‍ ഈചിത്രത്തിലെ കരിമ്പനകള്‍ ഒറ്റത്തടിയില്‍ നിന്ന് പിരിഞ്ഞതാണെന്നേ തോന്നൂ.ഒറ്റ, ഇരട്ട എന്നീ ആശയങ്ങളുടെ ദൃശ്യവല്‍ക്കരണത്തിന് പാലക്കാടന്‍ പ്രകൃതിയില്‍ നിന്ന് ഇതിലും മികച്ചൊരു ദൃശ്യ രൂപം കണ്ടെത്താനില്ല.
പ്രത്യക്ഷത്തില്‍ ഏറെ പ്രസക്തിയില്ലാത്തതെന്നു കരുതാവുന്ന ഒരു പ്ലാസ്റ്റിക് കുടം ഈ ചിത്രത്തില്‍ നിര്‍ണ്ണായക മാകുന്നുണ്ട്.ഉച്ചമയക്കത്തിനിടക്ക് കുടത്തിലേക്കൂര്‍ന്നു വീഴുന്ന ഗ്ലാസ്സ് നാം കാണുന്നു.അതോടൊപ്പമാണ് കിണറുപണിക്കാരന്‍ സ്വപ്നത്തിലേക്കും കിണറ്റിലെ നിധിയിലേക്കും എത്തുന്നത്. ഒരു ഗ്രാമീണന്റെചിന്തയിലെ സമ്പന്നനാവാനുള്ള ലളിതമാര്‍ഗ്ഗങ്ങളിലൊന്നാണ്കിണറ്റില്‍ നിന്ന് അയാള്‍ക്ക് കിട്ടുന്ന നിധി.ഭാഗ്യക്കുറികള്‍ക്കും മറ്റ് ആധുനിക ഭാഗ്യാന്വേഷണങ്ങള്‍ക്കും മുന്‍പ് എല്ലാവരുടേയും സ്വപ്നം ഒരു നിധി കിട്ടുന്നതായിരുന്നു.പലായനം ചെയ്തവര്‍ ഉപേക്ഷിച്ചുപോയ സമ്പത്താണ് നിധികളെന്നാണ് ഗ്രാമീണവിശ്വാസം.അതില്‍ സങ്കടങ്ങളും ശാപങ്ങളുംചേര്‍ന്നുകിടക്കുന്നു. അക്കാരണത്താല്‍തന്നെ നിധികിട്ടി സമ്പന്നരായവര്‍ക്ക് സമാധാനം അകലെയായിരുന്നു. പഴയപറമ്പുകളില്‍ കുഴിച്ചുപോകുന്ന ഏതൊരാളും ഒരു നിധികുംഭം പ്രതീക്ഷിക്കുന്നുണ്ട്. അത് മറ്റൊരാളില്‍നിന്നും ഒളിപ്പിക്കേണ്ടതാണെന്നും അറിയാം.കിണറുപണിക്കാര്‍ക്കിടയിലെ ഒന്നെന്ന ഭാവത്തെ വളരെപ്പെട്ടെന്ന് രണ്ടാക്കിമാറ്റുന്നത്
പണമാണ്.’ആളെക്കൊല്ലി’എന്ന് പണത്തെവിശേഷിപ്പിച്ച പാക്കനാരുടെ ദേശത്തുനിന്ന് ഏറെ ദൂരെയല്ല സുദേവന്റെ ദേശം.പണം എല്ലാവിധ ദുരാര്‍ത്തികളോടെയും സമൂഹത്തില്‍ പ്രബലസാന്നിധ്യമായതിന്റെ പശ്ചാത്തലം ചിത്രത്തിലുണ്ട്.ഗള്‍ഫ് പണം കൊണ്ട് നിര്‍മ്മിക്കാന്‍ പോകുന്ന വീട് 25ലക്ഷത്തിനാണ് കരാര്‍ കൊടുത്തിരിക്കുന്നതെന്ന് അവരുടെ സംഭാഷണം നമ്മോടു പറയുന്നു.ആധുനികതയുടെ അന്വേഷണങ്ങളും യാത്രകളും അസ്തിത്വ ബോധവുമാണ് സുദേവന്റെ ചിത്രങ്ങളുടെ പ്രമേയമെന്ന് ലളിതമായ യുക്തികൊണ്ട് ഗണിച്ചെടുക്കാമെങ്കിലും ആധുനികാനന്തരമായ ഒരു കാലത്തെയാണ് സുദേവന്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത് എന്ന് മറന്നുകൂടാ.ഒരര്‍ത്ഥത്തില്‍ ആധുനികതയുടെ സ്വാംശീകരണവും നിരാകരണവുമാണത്. ആധുനികാനന്തരകാലത്തു ജീവിക്കുന്ന ഒരാള്‍ക്ക് സാധ്യമായത് അതാണ്.ഒന്നെന്നും രണ്ടെന്നും പലതെന്നും പറയുന്നതിലെ സന്നിഗ്ധത രണ്ടുപേരുടെ മാനസിക വ്യവഹാരം മാത്രമായി ഒതുങ്ങാതെഅതില്‍ പ്രകൃതിയും ഭൌതികമായ അദ്ധ്വാനവും സമൂഹവുമെല്ലാം ഇഴ ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഭൂതകാലവുംചരിത്രവുംമിത്തുകളുംഅതോടൊപ്പമുണ്ട്. മൊബൈല്‍ഫോണും ഗള്‍ഫും ഉണ്ട്.പുറം ലോകമാകെ അപ്രത്യക്ഷസാന്നിദ്ധ്യമായി അവിടെയുണ്ട്.കിണര്‍ പണിക്കാര്‍ക്ക് പേരില്ലെങ്കിലും പേരുള്ള നിരവധി ആളുകളെക്കുറിച്ച് അതില്‍ പരാമര്‍ശിക്കപ്പെടുന്നു.(സുദേവന്റെ മറ്റു ചിത്രങ്ങളിലും കഥാപാത്രങ്ങള്‍ക്ക് പേരില്ല.എന്നാല്‍ മറ്റുപേരുകള്‍ക്കിടയില്‍, സ്ഥലകാലങ്ങള്‍ക്കിടയില്‍,ആണ് അവരുടെ സ്ഥാനം) സൂക്ഷ്മമായി ഉപയോഗിക്കപ്പെട്ടതാണ് ഈ ചിത്രത്തിലെ പ്രകൃതിയുംസംഗീതവുമെല്ലാം. വെയിലും നിഴലും കരിമ്പനകളും കഥാപാത്രങ്ങള്‍ തന്നെയാണ്.വളരെക്കുറച്ച് ശബ്ദങ്ങള്‍ അതീവ
സൂക്ഷ്മതയോടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നു.മൊബൈല്‍ ഫോണ്‍ ശബ്ദം,ചില കിളിയൊച്ചകള്‍, പ്ലാസ്റ്റിക് സഞ്ചി തുറക്കുന്നത് അങ്ങനെ.ചിത്രാരംഭത്തില്‍ കിണര്‍ കുഴിക്കുന്ന ശബ്ദം മാത്രമേ നാം കേള്‍ക്കുന്നുള്ളു.കൂട്ടുകാരനെ കൊലപ്പെടുത്തിയശേഷം കാലന്‍ കോഴിയുടെ ശബ്ദം ഇടവിട്ടു കേള്‍ക്കാം.സംഭാഷണങ്ങളാകട്ടെ, ഗൌരവമായ ഏതെങ്കിലും കഥയിലേക്ക് നേരിട്ടു നയിക്കുന്നതല്ല.വെറും നാട്ടുവര്‍ത്തമാനങ്ങളാണത്.
കഥപറച്ചിലുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ലഘുചിത്രങ്ങളുടെ പാരമ്പര്യത്തില്‍ നിന്ന് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ചലച്ചിത്രഭാഷ യെക്കുറിച്ചുള്ള വേറിട്ട ബോധം തന്നെയാണ്. രണ്ട്/മലയാളം ഫീച്ചര്‍ /30മിന്റ്റ്റ്/2009
തിരക്കഥ,ഛായാഗ്രഹണം,സംവിധാനം:സുദേവന്‍
നിര്‍മ്മാണം:അച്ചുതാനന്ദന്‍
ബാനര്‍:പെയ്സ് പ്രൊഡക്ഷന്‍സ്
അഭിനയം:അച്ചുതാനന്ദന്‍,ശില ഉണ്ണികൃഷ്ണന്‍
ചിത്രം യു-ട്യൂബില്‍ ലഭ്യമാണ്