സാങ്കേതികത മനുഷ്യ ബന്ധങ്ങളെ ഏതെല്ലാം വിധത്തില്‍ മാറ്റിത്തീര്‍ക്കുന്നു എന്നതാവും 'ജപ്പാന് ഭാര്യ' (അപര്‍ണസെന്‍) എന്ന സിനിമ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത്. സാങ്കേതികത ഏറെ വികസിച്ച ഒരു കാലത്തില്‍നിന്ന് അതിന്റെ ‘അവികസിത‘ കാലത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് ‘ജപ്പാന് ഭാര്യ’. ഭൂതകാലം അങ്ങനെയാണ്. വര്‍ത്തമാനത്തില്‍ നിന്നുകൊണ്ടേ അതിനെ നോക്കാനാവൂ. കാലത്തിലൂടെയുള്ള അധോയാനം പഴയൊരു കാലത്തിലെന്നപോലെ പഴയൊരു ദേശത്തിലുമാണ് കൊണ്ടുചെന്നെത്തിക്കുക. പുതിയ ദേശം, കാലം, സാങ്കേതികത എന്നിവകൊണ്ട് ന്യായീകരിക്കപ്പെടാത്തതിനാലാണ് unbelievable for our society എന്ന് ഈ സിനിമയെ വിലയിരുത്തുന്നത്
സിനിമയിലെ കാലം കൃത്യമായി നിര്‍വ്വചിക്കപ്പെടുന്നില്ലെങ്കിലും സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ നാളുകളെന്ന് ദേശീയ പതാകയുടെ സാന്നിധ്യവും ഹിരോഷിമ ,നാഗസാക്കി തുടങ്ങിയ പരാമര്‍ശങ്ങളും കൊണ്ട് വ്യക്തമാണ്. സ്ഥലം ബംഗാളിലെ അതിവിദൂര ഗ്രാമം. ഗതാഗതം, വൈദ്യുതി, ടെലഫോണ്‍, തുടങ്ങിയ ആധുനിക സൗകര്യങ്ങളൊന്നും അവിടെ എത്തിയിട്ടില്ല. സ്ഥലകാലങ്ങളെ ബന്ധിപ്പിക്കുന്നത് ബോട്ട്, പോസ്റ്റുമാന്, തുടങ്ങിയ ചില 'പ്രാചീന' മാധ്യമങ്ങളാണ്. ദാരിദ്ര്യം വളരെ സധാരണം. ഇത്തരമൊരു ഭൗതിക സാഹചര്യമാണ് സ്നേഹമയി എന്ന യുവാവിനെ രൂപപ്പെടുത്തിയിരിക്കുന്നത്. അയാള്‍ ഗ്രാമത്തിലെ സ്ക്കൂളിലെ കണക്ക് അദ്ധ്യാപകനാണ്. എന്നാല്‍ സ്ക്കൂളിലെ പരിമിത വ്യവഹാരങ്ങള്‍ക്കപ്പുറത്ത് ശാസ്ത്രമോ, ലോകഗതികളോ അയാളെ അലട്ടുന്ന വിഷയങ്ങളല്ല. തൂലികാ സുഹൃത്തായ മിയാഗി എന്ന ജാപ്പാനീസ് പെണ്‍കുട്ടിക്ക് എഴുത്തയയ്ക്കുന്നതിലും അവളുടെ എഴുത്തുലഭിക്കുന്നതിലും മാത്രമായി അയാളുടെ താല്പര്യങ്ങള് പരിമിതപ്പെട്ടിരിക്കുന്നു. വിധവയായ മാഷി(അമ്മായി)യാണ് സ്നേഹമയിയെ വളര്‍ത്തിയത്. സാമ്പത്തികമായി ഒരു ഇടത്തരം കുടുംബമാണത്.ട്യൂഷനെടുത്താണ് മിയാഗിക്ക് കത്തയക്കാനുള്ള തപാല്‍ ചിലവ് ആദ്യകാലത്ത് അയാള്‍ കണ്ടെത്തുന്നത്. മിയാഗിയുടെ കുടുംബത്തിലും വളരെ മെച്ചമല്ല കാര്യങ്ങള്‍. ഏറെക്കുറെ അനാഥയാണവളും.പ്രായമായ അമ്മ മാത്രമാണ് കൂടെ.വീടൊന്നു പുതുക്കി പണിയാന്‍ പണമില്ല. പട്ടം പറത്തല്‍ കമ്പക്കാരനായിരുന്ന അവളുടെഅച്ഛന്‍ മത്സരത്തില്‍ പങ്കെടുക്കന്‍ ഇന്ത്യയിലും വന്നിട്ടുണ്ട്. ചെറുപ്പക്കാരിയും അകന്ന ബന്ധുവുമായ സന്ധ്യ, സ്നേഹമയിയുടെ വീട്ടില്‍ താമസിക്കാനെത്തുന്നുവെങ്കിലും അയാള്‍ അവളെ കണ്ടതായി പോലും നടിക്കുന്നില്ല. എങ്കിലും സന്ധ്യയുടെ സാന്നിധ്യം തന്നില്‍ സ്വാധീനമാകുന്നുവെന്നു തോന്നുമ്പോള്‍ മിയാഗിയെ എഴുത്തിലൂടെ അക്കാര്യം അറിയിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ വിവാഹിതരാവുന്നതിന് മിയാഗി തന്നെ താല്പര്യം അറിയിക്കുന്നു. അവര്‍ സ്നേഹമയിക്ക് അയാളുടെ പേരു കൊത്തിയ ഒരു മോതിരം അയച്ചു കൊടുത്തു. തിരിച്ച് സ്നേഹമയി സിന്ദൂരവും വളകളും അയച്ചു.
എങ്കിലും ദൂരവും സാമ്പത്തിക ബുദ്ധിമുട്ടുകളും വെറും എഴുത്തു കുത്താക്കി ആ ദാമ്പത്യത്തെ പരിമിതപ്പെടുത്തി. രണ്ടു ദേശങ്ങള്‍, സംസ്ക്കാരങ്ങള്‍ എന്നീവ്യത്യസ്തതകളൊന്നും തടസ്സങ്ങളായി അവര്‍ക്കിടയില്‍ കടന്നു വരുന്നില്ല.അവരുടെ ദാമ്പത്യത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തിനാണ് സന്ധ്യ വിധവയായി എട്ടു വയസ്സുള്ള മകനുമൊത്ത് സ്നേഹമയിയുടെ വീട്ടില്‍ മടങ്ങിയെത്തുന്നത്. ദാരിദ്ര്യവും അശരണത്വവും മാഷി എന്ന സംരക്ഷണ വലയവുമാണ് സന്ധ്യയെ അവിടെയെത്തിക്കുന്നത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് അവിവാഹിത യുവതിയായെത്തിയ സന്ധ്യയുടെ മുഖം അയാള്‍ കണ്ടിട്ടില്ല. ഇപ്പോള്‍ വൈധവ്യത്തിന്റെ ആ മുഖം തീരെ കാണാന്‍ പറ്റാത്തതായി. എങ്കിലും മെല്ലെ മെല്ലെ അവള് അയാളുടെ ജീവിതത്തില്‍ അബോധമായി ഇടപെട്ടു തുടങ്ങുന്നു. അത് അയാള്‍ മനസ്സിലാക്കുന്നുമുണ്ട്. എന്നാല്‍ അത് സ്നേഹം തന്നെയാണോ, അതാണോ സ്നേഹം എന്നൊന്നും അയാള്‍ക്കറിയില്ല. സന്ധ്യയും മാഷിയും അതിനെ കടമയെന്നാവും വിളിക്കുന്നത്. സാമീപ്യമുള്ളിടത്ത് സ്നേഹം നല്കാനാവാതെയും സ്നേഹമുള്ളിടത്ത് സാമീപ്യമില്ലാതെയുമുള്ള അവസ്ഥയിലാണ്സ്നേഹമയി. മിയാഗി
രോഗിണിയാണെന്ന് എഴുത്തിലൂടെ അറിഞ്ഞ അയാള്‍ പട്ടണത്തില്‍ പോയി പല വൈദ്യന്മാരെയും കാണുകയും അവള്‍ക്ക് തപാലില്‍ മരുന്നുകള്‍ അയച്ചു കൊടുക്കുകയും ചെയ്യുന്നു. രോഗം എന്നത് ശരീരത്തിന്റെ ഒരവസ്ഥയാണ്. ശരീരത്തിന്റെ പ്രത്യക്ഷ സാന്നിദ്ധ്യത്തിലൂടെ രോഗനിര്‍ണ്ണയം നടത്താതെ അതിനു ശുശ്രൂഷ വിധിക്കാന്‍ ഒരു ഭിഷഗ്വരനുമാവില്ല. എങ്കിലും താനൊരിക്കലും കാണുകയോ, സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ലാത്ത മിയാഗിയുടെ ശരീരത്തെ വാക്കുകള്‍ കൊണ്ടാവിഷ്ക്കരിച്ച് പരിഹാര മരുന്നുകള്‍ തേടാനാണ് അയാള്‍ ശ്രമിക്കുന്നത്. (എഴുത്തിലൂടെ കുട്ടികളുണ്ടാവില്ല എന്ന് മാഷി മുമ്പൊരിക്കല്‍ അയാളെ കളിയാക്കുന്നുണ്ട്) മിയാഗിയുടെ രോഗം അര്‍ബുദമാണെന്ന് മനസ്സിലാക്കി പട്ടണത്തില്‍ പോയി ഒരു വിദഗ്ധ ഡോക്ടറെ കണ്ടു മഴ നനഞ്ഞ് അവശനായി മടങ്ങിയെത്തിയ അയാള്‍ പനിയും ന്യുമോണിയയും ബാധിച്ച് കിടപ്പിലായി. സന്ധ്യ ഉറക്കമൊഴിച്ചിരുന്ന് ശുശ്രൂഷിച്ചുവെങ്കിലും അവളുടെ സാന്നിധ്യം കൊണ്ടുമാത്രം മരണത്തെ തടഞ്ഞു നിര്‍ത്താന്‍ പറ്റുമായിരുന്നില്ല. അതിന് മരുന്നുകള്‍ വേണമായിരുന്നു. അത് പട്ടണത്തിലാണുള്ളത്. അതിശക്തമായ മഴയില്‍ നദിയില്‍ വെള്ളം പൊങ്ങി ഗതാഗതം മുടങ്ങിയതിനാല്‍ പട്ടണത്തില്‍ പോയി മരുന്നു വാങ്ങാനാളില്ലാതെ അയാള്‍ മരണത്തിനു കീഴ്പ്പെട്ടു. മരണക്കിടക്കയിലും അയാള്‍ മിയാഗിയുടെ കത്ത് പ്രതീക്ഷിച്ചു. സിനിമയുടെ സര്‍റിയലിസ്റ്റിക്ക് അന്ത്യ രംഗത്തില്‍, വെള്ളസാരിയണിഞ്ഞ് വെള്ളക്കുടയും ചൂടി തലമുണ്ഡനം ചെയ്ത മിയാഗി പുഴ കടന്ന് സ്നേഹമയിയുടെ വീട്ടിലെത്തുന്നുണ്ട്.ഒരു പക്ഷെ,രോഗിണിയെന്ന നിലയിലോ വിധവയെന്ന നിലയിലൊ മുണ്ഡനം ചെയ്യപ്പെട്ടതാകാം അവളുടെ ശിരസ്സ്.അല്ലെങ്കില്‍ അതൊരു അസംബന്ധ കാഴ്ചയുമാകാം.
സാങ്കേതിക സൗകര്യങ്ങള്‍ ഏറെ വികസിച്ച ഇക്കാലത്ത് മിയാഗിയുടേയും സ്നേഹമയിയുടേയും ഈ വിധത്തിലുള്ള പ്രണയവും മരണവും അസംഭവ്യമാണ്. ദീര്‍ഘദൂരം താണ്ടിയാണ് സ്നേഹമയി പട്ടണത്തില്‍ ചെന്ന് മിയാഗിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ലൈന്‍ തകരാര്‍ മൂലം പലപ്പോഴും അവര്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ സാധ്യമാവുന്നില്ല. കത്തുകളുമായെത്തുന്ന പോസ്റ്റ്മാനും, അത് കാത്തിരിക്കുന്ന സമൂഹവും ഇന്ന് അപ്രസക്തമാണ്. പ്രണയത്തിന്റെ മാധ്യമം ഇന്ന് കത്തുകളല്ലാതായിക്കഴിഞ്ഞിരിക്കുന്നു.
മൂന്നു വിധവകളുടെ കഥ
പ്രണയംപോലെ തന്നെ വൈധവ്യവും ഒരവസ്ഥയാണ്. ഒരു സിന്ദൂരക്കുറിതൊട്ട് സീമന്തിനിയാവാനും വെള്ളവസ്ത്രമണിഞ്ഞ് വിധവയാവാനും സാധിക്കും പോലെ ‘ലളിത‘മാണത്.എന്നാല്‍ ബാഹ്യമായ ഈ അണിയലുകള്‍ പോലെ അത്ര ലളിതമല്ല അതിലെ ആന്തര ജീവിതം. a love poem എന്നാണ് അപര്‍ണസെന്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നതെങ്കിലും മാഷി, സന്ധ്യ, മിയാഗി എന്നീ മൂന്നു വിധവകളാണ് ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. വിധവകള്‍ ഏതു നാട്ടിലും ഒരേ മനസ്സ് പങ്കുവെക്കുമെന്നതിന്റെ സാക്ഷ്യ്മായാണ് അതുവരെയും കാണാത്ത മിയാഗിയെ സന്ധ്യ തിരിച്ചറിഞ്ഞ് സ്നേഹമയി ഒരു ഓര്‍മ്മയായിക്കഴിഞ്ഞ വീട്ടിലേക്ക് ആനയിക്കുന്നത്. ആചാരങ്ങളാല്‍ ബന്ധിതമായ ഒരു ഇന്ത്യന്‍ വിധവയുടെ ജീവിതമെന്തെന്നും ഈ ചിത്രം രേഖപ്പെടുത്തുന്നു. സന്ധ്യക്ക് മകന്റെ ചരടുകെട്ടല്‍ ചടങ്ങുകളാണ് പുറത്തിറങ്ങാനും സ്നേഹമയിയോടൊത്തു സഞ്ചരിക്കാനും വഴിയൊരുക്കുന്നത്. മകന്റെ ചില ഇംഗിതങ്ങളാണ് സ്നേഹമയിയെ പട്ടം പറത്തല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതും ആകാശത്തില്‍ ഉയരുന്ന പട്ടങ്ങള്‍ക്കൊപ്പം മനസ്സും പറത്താന്‍ സന്ധ്യക്ക് സഹായകമാവുന്നതും. മിയാഗി സമ്മാനമായി അയച്ച പട്ടങ്ങളാണതെന്നതാണ് മറ്റൊരു കൗതുകം.നമുക്കൊരു മകനുണ്ടായാല്‍ അവനു പറത്താനുള്ള പട്ടങ്ങളെന്നു പറഞ്ഞാണ് അവളത് അയച്ചുകൊടുക്കുന്നത്. പട്ടങ്ങള്‍ ഉയരത്തില്‍ പറക്കുമ്പോള്‍ താഴെ നില്ക്കുന്ന ഓരോരുത്തരും ഏതേതെല്ലാം ഉയരങ്ങളിലാണ് പറക്കുന്നതെന്ന് സിനിമ കാണിച്ചു തരുന്നുണ്ട്.
അശരീരി പ്രണയം
‘ശരീരമാദ്യം ഖലു ധര്‍മ സാധന..’എന്ന് ഭാരതീയ വൈദ്യ ശാസ്ത്ര ചിന്തയില്‍ പറയുന്നത് ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ശരീരം നിലനില്‍ക്കേണ്ടതിന്റെ ആവശ്യം വിശദീകരിക്കാനാണ്.
ആധുനികതയുടെ കാലത്തെ പ്രമേയങ്ങളിലൊന്ന് ശരീര സാന്നിധ്യം വേണ്ടാത്ത പ്രണയമായിരുന്നു.കാലപനികതയുടെ കാലത്തും അതങ്ങനെ ത്തന്നെയായിരുന്നു. കുമാരനാശാന്റെ ‘നളിനി‘യില്‍ പ്രണയത്തിന്റെ പേരില്‍ നളിനി ശരീരത്തെത്തന്നെ വെടിയുന്നു. അതിനുമുമ്പൊരിക്കല്‍ ദിവാകരനെ തനിക്കു നഷ്ടപ്പെടുമെന്നറിഞ്ഞ അവള് ശരീരം വെടിയാനൊരുങ്ങുന്നുണ്ട്. എന്നാല്‍ ഒരു യോഗിനി അവളെ മുടിപിടിച്ചുയര്‍ത്തി രണ്ടാം ജന്മത്തിലേക്കു നയിക്കുന്നു. ( എത്തിയെന് കചഭരം പിടിച്ചുനി/ന്നത്ര കാന്തിമതിയേകയോഗിനി.) പുതിയ കാലത്ത് ശരീര നിഷേധിയായ പ്രണയം ഏറെക്കൂറെ അസ്തമിച്ചുവെങ്കില്‍ അത് അതിന്റെ സത്യസന്ധതയെ അടയാളപ്പെടുത്തുന്നു. മറന്നു പോയ ശരീരത്തെ പ്രണയം കണ്ടെത്തുന്നതുമാവാം. ശരീരത്തിനു പ്രാധാന്യം കൈവന്ന ഒരു കാലത്തില്‍ നിന്നുകൊണ്ടാണ് അത് അപ്രധാനമായിരുന്ന ഒരു കാലത്തിലുള്ള പ്രണയത്തെ നാം വിലയിരുത്തുന്നത്. കാഴ്ചയുടെ ഈ ഒരു ദൃഷ്ടിസ്ഥാനത്തു നില്‍ക്കുന്നതിനാലാകാം ശരീരം വലിയൊരു സാന്നിധ്യമായി ഈ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്.പട്ടണത്തില്‍ വെച്ച് തന്നെ സമീപിക്കുന്ന വേശ്യകളെ സ്നേഹമയി ഗൌനിക്കുന്നില്ല.മറ്റൊരാള്‍ക്കും പകുക്കാനുള്ളതല്ല തന്റെ ശരീരമെന്നയാള്‍ വിശ്വസിക്കുണ്ടാകണം.അതുകൊണ്ടാണയാള്‍ ആളൊഴിഞ്ഞ തോണിയില്‍ വെച്ച് സ്വയം ഭോഗത്തിന്റെ ആത്മപ്രണയം ആസ്വദിക്കുന്നത്.
പ്രണയത്തിന്റെ ശരീര സാന്നിധ്യവും ആത്മീയ സാന്നിധ്യവും സന്ധ്യയും മിയാഗിയും ചേര്‍ന്ന് പ്രതിനിധീകരിക്കുന്നുണ്ട്. സാന്നിധ്യമുളളിടത്ത് പ്രണയമില്ല, പ്രണയമുള്ളിടത്ത് സാന്നിധ്യമില്ല എന്ന അവസ്ഥ. എന്നാല്‍ ഇത് പ്രണയം, സാന്നിധ്യം എന്നീ വാക്കുകളെ വീണ്ടും പ്രശ്നവല്‍ക്കരിക്കുന്നു. എന്താണ് സാന്നിധ്യം? അത് ഭൗതികമായ സാന്നിധ്യവും സ്പര്‍ശവുമാണോ? എഴുത്തിലൂടെയും, സംഭാഷണങ്ങളിലൂടേയും, സമ്മാനങ്ങളിലൂടെയുമുള്ള സാന്നിധ്യം മറ്റൊന്നാണോ? അതുപോലെ പ്രണയമെന്നത് നമ്മള് സങ്കല്പിക്കുന്ന ഒരു മാനസികാവസ്ഥയാണോ? പ്രകടിപ്പിക്കാത്ത പ്രണയം അസംഭാവ്യതയാണോ? ശരീരത്തിന്റെ നിരന്തര സാന്നിധ്യത്തിലൂടെ ഒരാള്‍ മറ്റൊരാളോട് ലിപിയില്ലാത്ത ഭാഷയില്‍ പറയുന്ന കാര്യങ്ങള്‍ പ്രണയമാകാതെ വരുമോ?
'സാന്നിദ്ധ്യം' സന്ധ്യക്കും 'പ്രണയം' മിയാഗിക്കുമാണ് സ്നേഹമയി യില്‍ നിന്നു ലഭിച്ചത്. സന്ധ്യയുമായി സംഭവിച്ചു പോവുന്ന അടുപ്പത്തെക്കുറിച്ച് ഓരോഘട്ടത്തിലും അയാള്‍ മിയാഗിയെ എഴുതി അറിയിക്കുന്നുണ്ട്. സത്യസന്ധനായ കാമുകന്/ഭര്‍ത്താവ് എന്ന സ്ഥാനം നിലനിര്‍ത്താനാണ് അയാളുടെ ശ്രമം. സന്ധ്യയുമായി അടുക്കുന്നത് മിയാഗിയുമായുള്ള അകല്‍ച്ചയാകുമെന്ന് അയാള്‍ കരുതുന്നു. ശരീരത്തോടടുക്കുന്നത് ആത്മാവില്‍ നിന്നുള്ള അകലം കൂട്ടുമെന്ന വിശ്വാസത്തിന്റെ കാലത്തു ജീവിച്ചതാണയാള്‍. എഴുത്തിലൂടെ മാത്രം പ്രണയവും ദാമ്പത്യവുമറിഞ്ഞ സ്നേഹമയിക്ക് സന്ധ്യയുടെ സാന്നിദ്ധ്യം ഒരു വ്യത്യസ്താനുഭവമാണ്. വീട്ടുകാര്യങ്ങളിലുള്ള ശ്രദ്ധ, ഒരുമിച്ചുള്ള യാത്ര, ഒരു വീട്ടില്‍ ഒരുമിച്ചുള്ള വാസം എന്നിങ്ങനെ ദൈനംദിന ജീവിതത്തിലെ അപ്രധാനവും അതിസാധാരണവുമായ കാര്യങ്ങളിലൂടെയാണ് സന്ധ്യ സ്വന്തം സാന്നിധ്യം വെളിപ്പെടുത്തുന്നത്. സ്നേഹമയി ശ്രദ്ധിക്കാന്‍ മറന്ന ഇരുട്ടു മൂലകളായിരുന്നുഅതൊക്കെ. ഭാവനാ ജീവിതവും പ്രായോഗിക ജീവിതവും തമ്മിലുള്ള അന്തരം സ്നേഹമയിയെ സന്ധ്യ നിഷ്പ്രയാസം പഠിപ്പിക്കുന്നുണ്ട്. സ്നേഹമയിക്കൊപ്പം പട്ടണത്തിലെത്തിയ സന്ധ്യ ചിലവുകുറഞ്ഞ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളൊക്കെ എളുപ്പം കണ്ടെത്തുന്നു. സ്നേഹമയിക്ക് ലഭിക്കാതെപോയ കുടുംബം എന്ന പ്രയോഗിക ഘടനയെ പൂരിപ്പിച്ചത് സന്ധ്യയും അവളുടെ മകനുംചേര്‍ന്നാണ്. മകന് എന്ന സ്ഥാനവും അവനിലൂടെ ഭാഗികമായി നിറവേറ്റപ്പെടുന്നു.(പുത്രനില്ലതെ മരിച്ച സ്നേഹമയി വിശ്വാസമനുസരിച്ച് ‘പുത്’ എന്ന നരകത്തിലെത്തേണ്ടതാണ്.) പട്ടംപറത്തല്‍ മത്സരം തന്നെ അവനു വേണ്ടിയാണ്. സമൂഹവുമായി ഒരു ബന്ധം ഉണ്ടാക്കാന്‍ അയാള്‍ക്കു കഴിയുന്നതും പട്ടം പറത്തലിലൂടെയാണ്. മത്സരം വളരെ പെട്ടെന്ന് ജപ്പാനും ഇന്ത്യയും തമ്മിലുള്ള മത്സരമായി മാറുന്നു. അങ്ങിനെയാണ് രണ്ട് ദേശാതിര്‍ത്തികള്‍ സിനിമയില്‍ കടന്നു വരുന്നത്. പ്രണയം അത്തരമൊരതിര്‍ത്തിയെ പരിഗണിക്കുന്നില്ല.
വിനിമയത്തിന്റെ പ്രശ്നങ്ങള്‍
ഭാഷ തന്നെ ഈ ചിത്രത്തില്‍ ഒരു പ്രമേയമാണ്. സ്നേഹമയിയും മിയാഗിയുംആശയവിനിമയത്തി നുപയോഗിക്കുന്നത് അന്യഭാഷയായ ഇംഗ്ലീഷാണ്. എഴുത്തിലൂടെ തങ്ങള്‍ക്ക് പരമാവധി ആശയവിനിമയം സാധ്യമാവുന്നുണ്ടെന്ന് അവര്‍ കരുതുന്നുണ്ടെങ്കിലും പലപ്പോഴുംഉചിതമായ വാക്കുകള്‍ കണ്ടെത്തുന്നതിന് നിഘണ്ടുവിന്റെ സഹായം തേടേണ്ടി വരുന്നു. എന്നാല്‍ നേരിട്ടു സംസാരിക്കാന്‍ പലപ്പോഴും അവര്‍ക്കാവുന്നില്ല. പറയാന്‍ തുടങ്ങുമ്പോഴേക്കും ഫോണ്‍ തകരാറിലാവും. ഫോണ്‍ ശരിയാണെങ്കില്‍ പറയാനുള്ളത് പുറത്തുവരില്ല. മിയാഗിയുടെ ശരീരം എന്ന ബോധ്യത്തിലേക്ക് സ്നേഹമയി എത്തിച്ചേരുന്നത് അവള്‍ക്കു രോഗമാണെന്നു മനസ്സിലാവുമ്പോഴാണ്.അതിന്റെ നേര്‍ഭാഷ മനസ്സിലാക്കുന്നത് സന്ധ്യയിലൂടെയും. അതുവരെയും ശരീരം അവര്‍ക്കിടയില്‍ ഒരു വിനിമയോപാധിയാവുന്നില്ല.
ശരീരം കൊണ്ട് ഏറെ ആശയവിനിമയം നടത്തുന്ന രണ്ടാളുകള്‍ മാഷിയും സന്ധ്യയുമാണ്. മാഷി ശരീരം കൊണ്ട് ഏറെപ്പറയുന്നു. വാക്കുകൊണ്ടും പറയാനുള്ള സ്വാതന്ത്ര്യം പ്രായം അവര്‍ക്കു നല്‍കിയിട്ടുണ്ട്. എന്നാല്‍ സന്ധ്യ വാക്കുകള്‍ വളരെ കുറച്ചുപയോഗിച്ച് ശരീരം കൊണ്ട് ഏറെ ധ്വനിപ്പിക്കുന്നു. മൗനം കൊണ്ടാണ് പലപ്പോഴും അവള് സംസാരിക്കുന്നത്. നോട്ടം, നേര്‍ത്ത ചിരി, ശരീര ചലനങ്ങള്‍, ശരീര സാന്നിദ്ധ്യം എന്നിവയാല്‍ പരിപൂര്‍ണ്ണമാക്കിയിരിക്കുന്നു തന്റെ ‘റോള്‍’
ഈ ആശയ വിനിമയങ്ങളെല്ലാം സിനിമ എന്ന മാധ്യമത്തില്‍ ഏതുവിധത്തില്‍ കൂട്ടിയിണക്കപ്പെട്ടു എന്നതാണ് പ്രധാനം. മിയാഗിയും സ്നേഹമയിയും പരസ്പരമെഴുതുന്ന കത്തുകളിലെ വാചകങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോവുന്നത്. സിനിമയുടെ അതേ മൂല ഭാഷയില്‍ ചിത്രം ആസ്വദിക്കുന്ന ഒരാള്‍ക്ക് വാമൊഴിയായി അത് അനുഭവപ്പെടും. സബ് ടൈറ്റിലുകളിലൂടെ ചിത്രം ആസ്വദിക്കുന്ന ഒരാള്‍ക്ക്, അത് എഴുത്തിലെ വാചകങ്ങളായും അറിയാം. ഇത് പലപ്പോഴും ഡോക്യുമെന്ററി സിനിമയുടെ, ഒരു ഘടന ചിത്രത്തിന് നല്‍കുന്നുണ്ട്. റിയലിസ്റ്റിക് ആഖ്യാന രീതി ചിത്രാന്ത്യത്തില്‍ സര്‍റിയലിസ്റ്റിക് രീതിയിലേക്ക് മാറുന്നുമുണ്ട്.ചിത്രത്തിന്റെ അവസാനത്തില്‍ മൂന്ന് വിധവകള്‍ ഒരേ ഭാഷയില്‍ ആശയ വിനിമയം നടത്തുന്നു. അത് വെള്ളവസ്ത്രം കൊണ്ടു പൊതിഞ്ഞ ശരീരത്തിന്റെ ഭാഷയാണ്. അത് അവര്‍ക്കിടയില്‍ വിനിമയശേഷി കൈവരിച്ച ഭാഷയുമാണ്. അത് സിനിമയുടെ ആഗോള ഭാഷകൂടിയാണ്.
ഭാരതീയ വിധി വിശ്വാസങ്ങളെയും കുടുംബഘടനയെയും ചിത്രം അമിതമായി സാധൂകരിക്കുന്നുവെന്നു പ്രത്യക്ഷത്തില്‍ തോന്നാം.അതു ശരിയുമാണ്.ഭൂതകാലത്തെ അക്കാലത്തെ പണിയായുധങ്ങള്‍ കൊണ്ടാണ് അപര്‍ണ്ണസെന്‍ പണിതെടുക്കുന്നത്. പുതിയകാലത്തിന്റെ വൈരുധ്യങ്ങള്‍ നമ്മുടെ മനസ്സിലാണുള്ളത്.
‘ജപ്പാന് ഭാര്യ’ ‘സത്യജിത്റായ് സ്കൂളി’നെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ശര്‍മ്മിഷ്ട ഗുപ്തഎഴുതിയ നിരൂപണത്തില്‍ പറയുന്നു.വിദൂരമായ ബംഗാള്‍ ഗ്രാമം,ദാരിദ്ര്യം,ചിത്രത്തിന്റെ മന്ദതാളം എന്നിവയൊക്കെ അങ്ങനെ ഓര്‍മ്മിപ്പിക്കാം.അപര്‍ണസെന്‍ പറയുന്ന കഥയുടെ കാലവും ഏറെ വ്യത്യസ്തമല്ല.സ്നെഹമയിയുടെ മരണരാത്രി,പഥേര്‍പാഞ്ചാലിയിലെ ദുര്‍ഗയുടെ മരണത്തെ വിദൂരമായി ഓര്‍മ്മിപ്പിക്കും.പക്ഷെ ഒന്നുണ്ട്: അപര്‍ണ്ണസെന്‍ ഇരുപത്തൊന്നം നൂറ്റാണ്ടില്‍ നിന്നുകൊണ്ടാണ് അതുകാണുന്നത്.എന്നാല്‍ ഭൂതകാലത്തെ വര്‍ത്തമാനത്തിലേക്ക് നേരിട്ടു പ്രവേശിപ്പിക്കുന്നുമില്ല. ആവ്യത്യാസമാണ് യഥാര്‍ത്ഥത്തില്‍ ഈ ചിത്രം.
അനുബന്ധം
ടി.ഡി.ദാസന് stdVI എന്ന ചിത്രം(സംവിധാനം:മോഹന്‍ രാഘവന് )ഇത്തിരി വൈകിയാണ് കാണാന്‍ കഴിഞ്ഞത്.ദാസന് എന്ന ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി അറിയാത്ത തന്റെ അച്ഛനെഴുതുന്ന കത്തുകളിലൂടെയും അച്ഛനായി നടിച്ച് അതിന് മറ്റൊരാളെഴുതുന്ന മറുപടികളിലൂടെയുമാണ് വ്യത്യസ്തത പുലര്‍ത്തുന്ന ഈ ചിത്രം പുരോഗമിക്കുന്നത്. എഴുത്തുകളുടെ ആശയ വിനിമയശേഷി പലവിധത്തില്‍ തുടരുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.അതോടൊപ്പം നിശ്ചിതസ്ഥലം(മേല്‍വിലാസം)എന്നൊരു ഘടകവും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പുതിയ കാലത്തിലും പുതിയ സ്ഥലത്തിലും(ബാംഗ്ലൂര്‍ നഗരം) നിന്നുകൊണ്ടു തന്നെയാണ് സംവിധായകന് ഈ ചിത്രമൊരുക്കിയിട്ടുള്ളത്. അതോടൊപ്പം അത്ര ‘പുതിയ‘തല്ലാത്ത ഒരു സ്ഥലവും കാണിചുതരുന്നുണ്ട്.അവിടെ കാലവും ഇത്തിരി പഴയതാണ്.അതു കൊണ്ടാണ് എഴുത്തുകളുടെ ആശയവിനിമയ രീതി ദാസന് അവലംബിക്കേണ്ടി വരുന്നത്.അവനറിയാവുന്ന ഒരെ ഒരു രീതിയും അതു തന്നെ.രണ്ടു കാലങ്ങള്‍, രണ്ടു സ്ഥലങ്ങള്‍, അവയുടെ ആശയവിനിമയ രീതികള്‍ എന്നിവയെക്കുറിച്ചൊക്കെ ചിന്തിക്കുവാന്‍ ഈ ചിത്രം കാരണമാകുന്നു...