![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj24io9m_MP6OCYUomEtE6rEeG49_iuJfbUYea2pz75QakA_aDUcVX6PrzZR7wesgZiX7_sZp7nvMQgQy7mKeyLDde9hNO1YRwjXzQFwatcv844ff-tJC_M4gasRqb4Es_TBOdvxSQkGHQc/s200/IMG_20141214_074603.jpg)
തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ വിവരവിജ്ഞാനമേഖലയില്‍ സംഭവിച്ച വലിയ കുതിപ്പിനു സമാന്തരമായി വാഹനങ്ങളുടെ ഉപയോഗ ശീലങ്ങളിലും മാറ്റങ്ങളുണ്ടായി. പഴയ രാജ്‌ദൂത് മോട്ടോര്‍സൈക്കിളുകള്‍ മാത്രം അങ്ങിങ്ങ് കണ്ടിരുന്ന നിരത്തുകളില്‍ 100 സി.സി. ബൈക്കുകളുടെ ഒരു പ്രളയം തന്നെ സംഭവിച്ചു. ഇലക്‌ട്രോണിക് സെല്‍ഫ് സ്റ്റാര്‍ട്ടിംഗ് സംവിധാനങ്ങള്‍ ബൈക്കു കളെ കൂടുതല്‍ സുഗമവും ആകര്‍ഷകവുമാക്കി. അതിനു സമാന്തരമായി സ്‌ത്രീകള്‍ക്കുപയോഗിക്കാവുന്ന സ്‌കൂട്ടറുകളും വ്യാപകമായി. ബാങ്കുകള്‍ വാഹനങ്ങള്‍ വാങ്ങുന്നതിന് ഉദാരമായി വായ്‌പ നല്‍കാനും തയ്യാറായി. ``ഹണ്‍ട്രഡ് സി.സി. ബൈക്കും അതിലൊരു പൂജാഭട്ടും വേണം'' എന്ന പാട്ട് ആ കാലത്തിന്റെ പ്രതീകങ്ങളിലൊന്നായി. അതോടൊപ്പം കാറുകളുടെ ഉപഭോഗത്തിലും മാറ്റങ്ങളുണ്ടായി. അക്കാലംവരെയും സമ്പന്നവിഭാഗത്തിനു മാത്രം പ്രാപ്യമായിരുന്ന കാറുകള്‍ ഇടത്തരക്കാര്‍ക്കുകൂടി ലഭ്യമായിത്തുടങ്ങി. റോഡു നിറഞ്ഞോടിയിരുന്ന അമ്പാസഡര്‍ കാറുകളുടെ വലിയ രൂപങ്ങളെ പിന്തള്ളി ചെറു രൂപമുള്ള മാരുതി കാറുകള്‍ റോഡുകളില്‍ നിറഞ്ഞു. മാരുതി സുസുക്കി കമ്പനിയാണ് ഈ മാറ്റങ്ങള്‍ കൊണ്ടു വന്നത്. മാരുതിയുടെ പ്രധാന മോഡലുകള്‍ അവയുടെ ചെറുരൂപം കൊണ്ടും ഇന്ധനക്ഷമത കൊണ്ടും അണുകുടുബങ്ങള്‍ക്ക് പ്രിയപ്പെട്ടതായി. അതുവരെയും പല കോയ്‌മകളുടെയും പ്രതീകമായിരുന്ന പ്രീമിയര്‍പത്മിനി പോലുള്ള കാറുകള്‍ ഡോക്‌ടര്‍മാരുടെ വാഹനമായി കുറേക്കാലം കൂടിതുടര്‍ന്നു. ക്രമേണ നിരത്തു കളില്‍ നിന്ന് പാടെ നിഷ്‌ക്രമിച്ചു.
ആധുനികതയായി ഇന്ത്യന്‍ സമൂഹത്തില്‍ കടന്നുവന്ന പരിഷ്‌ക്കാരങ്ങളില്‍ പ്രധാനപ്പെട്ടത് കാറുകളല്ല. വലിയ സാമ്പത്തിക ചെലവു ഉള്ളതിനാല്‍ സാമാന്യ ജനങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ അവ സ്വായത്തമാക്കാനാവുമായിരുന്നില്ല. കൂടുതലാളുകള്‍ക്ക് പ്രാപ്യമായ വാഹനങ്ങളുടെ രൂപത്തി ലാണ് അവര്‍ ആധുനികതയെ സ്വീകരിച്ചത്. ട്രാക്‌ടറുകള്‍, സൈക്കിളുകള്‍, മോട്ടോര്‍ സൈക്കി ളുകള്‍, ബസ്സുകള്‍, അവയ്‌ക്കുവേണ്ടി നിരവധി റോഡുകള്‍ എന്ന രീതിയിലായിരുന്നു പരിഷ്‌ക്കാ രങ്ങള്‍ ഉണ്ടായത്. പൊതുമേഖലയില്‍ തീവണ്ടികളും റെയില്‍പ്പാളങ്ങളുമുണ്ടായി. കാറുകള്‍ ആധുനി കതയുടെ പ്രതീകമായി അകലമിട്ടു നിന്നതേയുള്ളൂ. മറ്റുവിധത്തില്‍ ആധുനികമായി ക്കഴിഞ്ഞ ഒരു സമൂഹത്തിന്റെ ശീലങ്ങളെ നിയന്ത്രിക്കാന്‍ അവയ്‌ക്ക കഴിഞ്ഞുവെന്നുമാത്രം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5b7QKMSQqIGVsLTKIqnusy6z3-mmlIJJAeNcp1EJ08abAuQqyELz_Y-1vIwAPAv6SPUI1sD7AV9z0GBooCpEpGdDvnLepvfcZWQ3VphrEk20q9qvS7QEeEOwqOndQ5YGIA0d7rOBD87AC/s200/pannaiyarum_padminiyum_audio_release_photos_16d99fc.jpg)
ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ആധുനികത പ്രവേശിച്ച ചില വഴികളുണ്ട്.ടൂത്ത്‌പേസ്റ്റ്,റേഡിയോ,കക്കൂസുകള്‍,ടി.വി, ഫോണ്‍ എന്നിവ യെല്ലാം വ്യക്തികളെയെന്ന പോലെ സമൂഹങ്ങളെയും പരിവര്‍ത്തനവിധേ യമാക്കി. തൊണ്ണൂറുകളില്‍ ഇടത്തരം കുടുംബങ്ങളുടെ വലിയ ആഗ്രഹങ്ങ ളിലൊന്ന് ഒരു കളര്‍ടെലിവിഷന്‍ സ്വന്തമാക്കുക എന്നതായിരുന്നു. ആധുനി കമായ ഈ സംവിധാനങ്ങളൊക്കെ വീട്ടില്‍ നിരത്തിയെങ്കിലും വിശ്വാസ സംഹിതകളില്‍ ആധുനികത പടിക്കുപുറത്തു തന്നെ നിന്നു.
എസ്.യു.അരുണ്‍കുമാര്‍ സംവിധാനം ചെയ്‌ത ``പണ്ണയാറും പത്മിനിയും'' എന്ന സിനിമ ഒരു സാധാ രണ തമിഴ് ഗ്രാമത്തിലേയ്‌ക്ക് അത്ഭുതാദരങ്ങള്‍ നേടി കടന്നുവരുന്ന ആധുനികതയുടെ ഉല്‌പന്നങ്ങളെ ദൃശ്യപ്പെടുത്തുന്നു. അറിഞ്ഞോ അറിയാ തെയോ, അവരെല്ലാം പുത്തന്‍ പരിഷ്‌ക്കാരങ്ങളുടെ ഗുണഭോക്താക്കളാകുന്നു. പണ്ണയാറാണ് ഇതി നെല്ലാം മുന്നിട്ടിറങ്ങുന്നത്. അയാള്‍ക്ക് പേരില്ല. ഒരു ചെറുകിട ജന്മിയാണയാള്‍. അളവറ്റ സമ്പത്തി ന്റെയോ അധികാരങ്ങളുടെയോ കുടക്കീഴിലല്ല അയാള്‍ കഴിയുന്നത്. ജനങ്ങളുമായുള്ള സ്‌നേഹത്തിലധിഷ്‌ഠിതമാണ് അയാളുടെ എല്ലാ അധികാരങ്ങളും അയാളവതരിപ്പിക്കാന്‍ ശ്രമിക്കുന്ന പുതിയ പരിഷ്‌ക്കാരങ്ങളും മറ്റും. പുതിയതെന്തിനെയും കൗതുകപൂര്‍വ്വം സ്വീകരിക്കുക എന്നതാണ് അയാളുടെ ഇംഗിതം. സമ്പത്തും അധികാരവും കൈവശമുള്ള മദ്ധ്യവര്‍ഗ്ഗമോ ഉപരി വര്‍ഗ്ഗമോതന്നെയാണ് പാരമ്പര്യത്തോടൊപ്പം നിന്നുകൊണ്ട് ആധുനികതയെ ആശ്ലേഷിക്കാന്‍ പരിശ്രമിച്ചിട്ടുള്ളത്.ചെറുകിട വ്യവസായസംരംഭങ്ങളിലും, സമുദായനവീകരണങ്ങളിലും മറ്റും കേരള ത്തിലും ഇതെല്ലാം ദൃശ്യമാണ്. അത് സൃഷ്‌ടിച്ച അനുഭവസഞ്ചയങ്ങളോടൊപ്പം സാമാന്യജനത പങ്കു ചേരുകയായിരുന്നു. പണ്ണയാര്‍ കണ്ടെത്തുന്ന ആധുനിക ഉല്‌പന്നങ്ങളെല്ലാം ആത്യന്തികമായി തന്റെ സൗകര്യങ്ങളെയും സന്തോഷങ്ങളെയും ലക്ഷ്യം വെക്കുന്നതാണെങ്കിലും കുടുംബവും സമൂഹ വുമൊക്കെ അതിന്റെ പങ്കുപറ്റുന്നത്, അയാള്‍ക്ക് സന്തുഷ്‌ടിയുണ്ടാക്കുന്നു. ടൂത്ത് പേസ്റ്റ്, റേഡിയോ, ടി.വി, കക്കൂസ്, ഫോണ്‍ എന്നിവയെല്ലാം ഈ വിധത്തില്‍ സ്വയം പരിചയപ്പെടുകയും മറ്റുള്ള വര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ അതിനെല്ലാമിടയിലേയ്‌ക്ക് അത്ഭുതകരമായ അനുഭവമായി കടന്നു വരുന്നു ഇളം പച്ചനിറമുള്ള ഒരു പ്രീമിയര്‍ പത്മിനി കാര്‍. യഥാര്‍ത്ഥത്തില്‍ അയാള്‍ക്കു സ്വന്തമല്ല ആ വാഹനം. തന്റെ സുഹൃത്തായ ഷണ്‍മുഖന്‍ അയാളെ സൂക്ഷിക്കാ നേല്‌പിച്ചു പോയതാണത്. മറ്റുവസ്‌തുക്കളുടെ ഉപയോഗയോഗ്യ തയില്‍ നിന്ന് വ്യസ്‌ത്യസ്‌തമായി ആ കാറ് ഒരു കുടുംബാംഗം തന്നെയായി മാറുന്നു. മഞ്ഞപ്പൂക്കള്‍ കൊഴിയുന്ന മുറ്റത്തെ മരച്ചോട്ടില്‍ നിരത്തിയിടുന്ന കാര്‍ നേരം പുലരുമ്പോഴേക്കും പൂക്കളാല്‍ മൂടിയിരിക്കും.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEs95G4Py28AYyj0PMoWWsEI2DiKi6bwS8ZWAX07s5UTzW_t7BqgI5PgIXyM2mfBhp0CVyZuB3qQzjNhJB_-5ABWAu4OGP-gJWseJmyVWrMuk4n4pANZbWBQTxf8njImOJLzx121xs5oWN/s200/Pannaiyarum_Padminiyum_Movie_Stills494cf5c9e82b6bb4d449f89c1a770a33.jpg)
മുരുകേശന് ഡ്രൈവര്‍ ജോലിയുടെ രൂപത്തിലാണ് ആ കാര്‍ ഉപകാരപ്പെട്ടത്. നാട്ടുകാര്‍ക്ക് അടിയന്തിര സന്ദര്‍ഭങ്ങളിലെല്ലാം അത് സഹായകരമാവുന്നു. ഗ്രാമത്തിലെ ഏതൊരു പ്രധാന ചടങ്ങിനും ഒഴിവാക്കാനാവാത്ത സാനിദ്ധ്യമായി അത് മാറി. അതില്‍ കയറി യാത്രചെയ്യാന്‍ നാട്ടുകാരിലോരോരുത്തരും അഭില ഷിച്ചു. മുരുകേശന് മലര്‍മിഴിയോട് താല്‌പര്യം തോന്നുന്നതിന് കാരണമായതും പണ്ണയാറുടെ മകളുടെ ദുരാര്‍ത്തിക്ക് പരിധിതീര്‍ക്കുന്നതും അതേ കാറു തന്നെയാണ്. ആ കാറിന് ചുറ്റിപ്പറ്റിയാവുന്നു പിന്നീടുള്ള അവരുടെ ജീവിതം. കാറിന്റെ സാന്നിദ്ധ്യത്തില്‍ നിന്നുള്ള അകലമാവുന്ന അവരുടെ ജീവിത വിഹ്വലതകള്‍.പ്രത്യക്ഷസാന്നിദ്ധ്യമില്ലാതിരിക്കുമ്പോഴും, അത് ആ ഗ്രാമത്തിലെ ജീവിതങ്ങളെ മാറ്റങ്ങള്‍ക്കു വിധേയമാക്കി.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPnoMzYLrEZErN6Z7mVDklN5ZHOFz8MubSV2cEW0-vUuR4I0n1UKFIs5oo1BaoTQMVAuxd4sKHzPY9fa_EerihcID0XExhaEGNuD43LuBRAuy68MW0abve30G6qvOAPsCehavWk3_fJ1jj/s200/tamil-cinema-pannaiyarum-padminiyum-latest-stills08.jpg)
ഗ്രാമപാതയിലൂടെ ഓടുന്ന ബസ്സും ആ നാടിനെ സംബന്ധിച്ചേ ടത്തോളം പുതിയൊരു ഗതാഗത സംവിധാനമാണ്. മുരുകേശനെ സംബന്ധിച്ച് കാറിനപ്പുറം മറ്റൊരു യാഥാര്‍ത്ഥ്യമില്ല. അതുകൊ ണ്ടാണയാള്‍ റോഡിനു കുറുകെ കാറ് നിര്‍ത്തി ബസ്സിനെ തടയു ന്നത്. എന്നാല്‍ പണ്ണയാറിന് കാറിനോടുള്ള താല്‌പര്യം ബസ്സിനോ ടുള്ള വിരോധമാവുന്നില്ല. കാറില്ലാത്തപ്പോള്‍ അയാള്‍ ബസ്സില്‍ യാത്ര ചെയ്യുന്നു. തനിക്ക് കാറുണ്ടെ ന്നുള്ളതില്‍ അയാള്‍ അഭിമാനിക്കുന്നുണ്ടെങ്കിലും അത്‌നാട്ടാരുടെയും കുടുംബക്കാരുടേയും സന്തോഷം പകര്‍ത്തിവെയ്‌ക്കുന്നതാണ്.
മുരുകേശന് കാറിന്റെ പേരില്‍ അല്‌പം അഹങ്കാരമൊക്കെ തോന്നുണ്ടെന്നതാണ് ശരി. എന്നാല്‍ അതിലുപരി, അതിനോടുള്ള വൈകാരിക പ്രതിപത്തിയാണ് മുന്നിനില്‌ക്കുന്നത്. പണ്ണയാര്‍ ഡ്രൈവിങ്ങ് പഠിച്ചാല്‍ തന്റെ തൊഴില്‍ നഷ്‌ടമാകുമെന്ന ഭീതി മാത്രമല്ല കാറുമായുള്ള ബന്ധമറ്റു പോകുമെന്ന തോന്നലും മുരുകേശനുണ്ട്.അതുകൊണ്ടാണ് അദ്ദേഹത്തെ ഡ്രൈവിങ്ങ് പഠിപ്പി ക്കാന്‍ മടിക്കുന്നത്. എന്നാല്‍ പണ്ണയാറുടെ ഭാര്യക്ക് കാറല്ല ഡ്രൈവിംഗാണ് പ്രധാനം. തന്റെ ഭര്‍ത്താവോടിക്കുന്ന കാറിലേ താന്‍ ക്ഷേത്ര ദര്‍ശനത്തിനു പോകൂ എന്ന ഭാര്യയുടെ നിര്‍ബന്ധവും അയാളുടെ ഡ്രൈവിംഗ് താല്‌പര്യത്തിലുണ്ട്.
കാര്‍ സ്വന്തമാക്കുന്നത് അബോധമായെങ്കിലും ആധുനികകതയെ അംഗീകരിക്കലും സുഖസൗകര്യ ങ്ങളുടെ മെച്ചപ്പെടുത്തലുമെല്ലാമാണെങ്കിലും അത് സ്വന്തമായി ഉപയോഗിക്കാനുള്ള കഴിവു നേടുന്നത് വ്യത്യസ്‌തമായ കാര്യമാണ്. ആധുനിക വ്യവസായസമൂഹം ഉത്‌പാദിപ്പിച്ച പല യന്ത്ര ങ്ങളും മദ്ധ്യവര്‍ഗ്ഗവും ഉപരിവര്‍ഗ്ഗവും വാങ്ങിക്കൂട്ടിയെങ്കിലും അവയെല്ലാം പ്രവര്‍ത്തിപ്പിച്ചത് തൊഴിലാളികളായിരുന്നു. അങ്ങനെയാണവര്‍ ആധുനികതയുടെ സഹചാരികളായത്. എന്നാല്‍ കാറുകള്‍ അവയൊന്നും നല്‍കാത്ത വ്യക്തിപരമായ പ്രാമാണ്യം ഓരോരുത്തര്‍ക്കും നല്‍കുക യുണ്ടായി. അത് തൊഴിലാളികളെ ഉപയോഗിച്ച് ഓടിക്കാം. സ്വയം ഓടിക്കുകയും ചെയ്യാം. തൊഴിലാ ളിക്കും മുതലാളിക്കും ഭാവനാത്മകമായി സ്ഥാനമാറ്റം നടത്താവുന്ന സാങ്കേതികോപകരണമാണ് കാറുകള്‍. പണ്ണയാറിനെ ഡ്രൈവിംഗ് പഠിപ്പിക്കുമ്പോള്‍ മുരുകേശന്‍ മുതലാളിയും ആജ്ഞാശക്തി യുള്ള അദ്ധ്യാപകനുമായി മാറുന്നു. പണ്ണയാറിനെ ശാസിക്കാനുള്ള അധികാരം അയാള്‍ സ്വയം നേടി യെടുക്കുന്നു.
കാര്‍ നഷ്‌ടമാകുമെന്ന ഒരു ഘട്ടത്തില്‍ വൈക്കോല്‍ കൊണ്ടുമൂടിയാണ് മുരുകേശനും കൂട്ടുകാരനും അതിനെ ഒളിപ്പിക്കുന്നത്. എന്നാല്‍ പിന്നീടൊരു ഘട്ടത്തില്‍ നഷ്‌ടപ്പെട്ടുവെന്ന് കരുതിയ കാര്‍ എല്ലാവരുടെയും ഇച്ഛപോലെ തിരിച്ചു കിട്ടുകയും ചെയ്യുന്നു.
കാറില്‍ കയറാന്‍ മോഹിക്കുകയും എന്നാല്‍ അതിന് കഴിയാതെ പോവുകയും ചെയ്‌ത ഒരു കുട്ടി യാണ് ഈ സിനിമയില്‍ പഴയകാലവും പുതിയകാലവും തമ്മില്‍ കൂട്ടിയിണക്കുന്നത്. കാറില്‍ കയറാ നുള്ള ആഗ്രഹം പൂര്‍ത്തികരിക്കാനായി ചില്ലറപൈസ കൂട്ടിവെച്ചുവെങ്കിലും അവന് അതിന് അവസരം കിട്ടിയില്ല. ആ കുട്ടി വലിയ ആളായി സ്വന്തമായി ഒരു കാര്‍ വാങ്ങുന്ന സന്ദര്‍ഭത്തിലാണ് സിനിമ ആരംഭിക്കുന്നത്. പണ്ണയാറിന്റെ പഴയ പ്രിമിയര്‍ പത്മിനിയില്‍ കയറി അയാള്‍ യാത്രയാ കുമ്പോള്‍ സിനിമ അവസാനിക്കുന്നു. അതൊരു മോഹസാഫല്യമായിരുന്നു. സിനിമയുടെ ആരംഭ ത്തില്‍ പറയുന്നുണ്ട്; ഒരു കാറിന്റെ ആയുസ്സ് തീരുമാനിക്കപ്പെടുന്നത് അത് നിര്‍മ്മിക്കപ്പെടു മ്പോഴല്ലെന്നും അത് ആരുടെ കൈയിലെത്തിപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണെന്നും. എത്തി ച്ചേരുന്ന കൈകളാണ് ഓരോ കാറിനേയും വ്യത്യസ്‌തമാക്കുന്നത്. പണ്ണയാറിന്റെ കൈകളി ലെത്തിയതാണ് പ്രീമിയര്‍പത്മിനിയെ വ്യത്യസ്‌തമാക്കിയത്. അതിന് ഗ്രാമവഴികളിലൂടെ, ഇരു വശത്തും നില്‌ക്കുന്നവരുടെ പ്രേമകടാക്ഷങ്ങള്‍ക്കു നടുവിലൂടെ സഞ്ചരിക്കാനായിരുന്നു നിയോഗം. ഗ്രാമീണരേയും രോഗികളെയും വഹിച്ചുകൊണ്ട് അത് ഗ്രാമത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ചു. പലരുടേയും ജീവിതം ആ കാറിനെയും അതിന്റെ സഞ്ചാരത്തെയും ആസ്‌പദമാക്കി നിര്‍ണ്ണയിക്കപ്പെട്ടു. അചേതന ഭാവം വെടിഞ്ഞ് ജീവനുള്ള വസ്‌തുക്കളിലൊന്നായി അത് മാറി.
നാട്ടുപ്രമാണിമാരിലൊരാളുടെ കൈകളിലെത്തിയതിനാലും ആധുനികത പൂര്‍ണ്ണമായും പ്രവേശിച്ചു കഴിഞ്ഞിട്ടില്ലാത്ത ഒരു ഗ്രാമത്തിലാണ് എത്തിചേര്‍ന്നതെന്നതിനാലും ഭൗതിക വസ്‌തുവായ കാറിനു മേല്‍ അതിഭൗതികതയുടേയും ആചാരങ്ങളുടേയും ഒരു പാട വന്നടിയുകയുണ്ടായി. പാരമ്പര്യത്തെ മറികടക്കാനെത്തിയ കാറ് പില്‍ക്കാലത്ത് പാരമ്പര്യത്തിന്റെ തന്നെ ഒരു മാതൃകയായി മാറുകയും ചെയ്‌തു. പ്രീമിയര്‍പത്മിനി കാറുകള്‍ക്ക് ആദ്യകാലത്ത് കല്‌പിക്കപ്പെട്ടിരുന്ന തറവാടി ഭാവം പില്‍ക്കാലത്ത് നിരവധി കാറുകളുടെ വരവോടെ അപ്രസക്തമായി, എങ്കിലും അവയോടുള്ള ആദര വിന് കുറവു വന്നില്ല. യന്ത്രങ്ങളോടുള്ള ഇത്തരം ആദരവ്, ഓരോ സമൂഹത്തിന്റെയും സഞ്ചിത സംസ്‌ക്കാരത്തില്‍ നിന്ന് ഉദ്‌ഭൂതമാവുന്നതാണ്.പണ്ണയാറിനുള്ള അതേആദരവ് പ്രീമിയര്‍ പത്മി നിക്കും കിട്ടുന്നുണ്ട്. മാത്രമല്ല യന്ത്രത്തെ ചില പൊടിക്കൈകള്‍ കൊണ്ട് നിയന്ത്രിക്കാമെന്നും കരുതുന്നു. ക്ലീനര്‍ ബോണറ്റില്‍ ചാടിയിരുന്നപ്പോഴാണ് ഒരിക്കല്‍ കാര്‍ സ്റ്റാര്‍ട്ടായത്. പിന്നീട ങ്ങോട്ട് കാര്‍ സ്റ്റാര്‍ട്ടാക്കാനുള്ള സ്ഥിരം ഉപാധികളിലൊന്നായി അത് മാറി.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiote0ApmSFn_H9XJFufSlFCRhFt2jvmyCjNnfnTd_q47jdnOebOkT3MwE3AWls3eNK3bdZwqM15tnM05p9RSyAOJQ70cne2Se6-umVX9DJUeKrob1r531MWA2vU_x1x2wk2pNu0oZ0Yuhc/s200/pannaiyarum_padminiyum_latest_stills_vijay_sethupathi_aishwarya_jayaprakash_13067f4.jpg)
കാറിന്റെ ക്ലീനറായ മുരുകേശന്റെ കൂട്ടുകാരന്‍ കരിനാക്കുള്ളവ നെന്ന സൂചന ചിത്രത്തിലുണ്ട്. അയാള്‍ക്ക് ചില അമാനുഷിക സിദ്ധികളുള്ളതായും കരുതപ്പെടുന്നുണ്ട്. അതിനാലാണ് അയാള്‍ക്ക് കാര്‍ സ്റ്റാര്‍ട്ടാക്കാനാവുന്നത്. സിനിമ തീരുമ്പോള്‍ ആധുനികത ഒരു ഭാഗത്ത് സ്‌തംഭിച്ചു നില്‌ക്കുന്നതായി തോന്നാം. അതേ കാറും അതേ ഡ്രൈവറും, അതേ യാത്രക്കാരുമൊക്കെ ത്തന്നെ. ഒന്നിനും ഒരു മാറ്റവുമില്ല. എന്നാല്‍ കാലം അവര്‍ക്കുമേല്‍ കയറിയിറങ്ങിയതിന്റെ പാടു കള്‍ അങ്ങിങ്ങ് കാണാനുമുണ്ട്. എന്നാലും മാറ്റമില്ലാത്ത ഒരു രൂപമായി ആ കാര്‍ അടയാളപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനിയത് പാരമ്പര്യത്തിന്റെ അടയാളമാണ്. അതില്‍ ഭൂതകാലം ഉറങ്ങി ക്കിടക്കുന്നു. ഭൂതകാലത്തെ ആര്‍ക്കും ഇല്ലായ്‌മ ചെയ്യാനുമാവില്ല. ഒരേ സമയം പാരമ്പര്യത്തെയും ആധുനികതയെയും പ്രതിനിധീകരിക്കുന്നു ആ കാറ്. ഒരു കാലത്തെ ആധുനികത പില്‍ക്കാലത്തെ പാരമ്പര്യമായി മാറുന്നതിന്റെ ഉദാഹരണം. ഗ്രാമഫോണ്‍ പോലുള്ള യന്ത്രസാമഗ്രികള്‍ ഇങ്ങനെ വേഷം മാറിയത് നമുക്കറിയാം.
നേര്‍രേഖയിലാണ് സംവിധായകന്‍ കാറിന്റെ കഥ പറയുന്നത്. പഴയകാല സിനിമകളിലെ പ്പോലെ `വലിയ' ഒരു കഥയില്ല. ഒരു കാറിനു പുറകെത്തന്നെ കറങ്ങുകയാണത്. തമിഴ് സിനിമ കളുടെ പൊതു മാതൃകകളില്‍ നിന്ന് മാറിയുള്ള അതിന്റെ കഥയും ആഖ്യാനവുമാണ് പ്രത്യക്ഷത്തില്‍ ലളിതമായിരിക്കുമ്പോഴും കാലബോധം ഉണര്‍ത്തിക്കൊണ്ട് പാരമ്പര്യത്തെയും ആധുനികതയെയും കുറിച്ചൊക്കെ ചിന്തിക്കാന്‍ പ്രേരകമാവുന്നത്.
പണ്ണയാറിന്റെ ആധുനികബോധം ഒരു പ്രീമിയര്‍ പത്മിനിയില്‍ പൂര്‍ണ്ണമാവുകയുണ്ടായോ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. പുതിയ സാങ്കേതിക വികാസങ്ങളിലേക്കൊന്നും പിന്നീടയാള്‍ സഞ്ചരിക്കുന്നില്ല. മഞ്ഞപ്പൂക്കള്‍ കൊഴിയുന്ന മരത്തിനു കീഴെ വിശ്രമിക്കുന്ന ഇളം പച്ച പ്രീമിയര്‍ പത്മിനി നല്‍കിയ അനുഭവ സമഗ്രതയാല്‍ അയാള്‍ തൃപ്‌തനായിരിക്കാം. `വിശ്രമിക്കുന്ന കാര്‍' എന്നുപറഞ്ഞപ്പോഴേ അതില്‍ സചേതനഭാവം ആരോപിക്കപ്പെട്ടു കഴിഞ്ഞുവല്ലോ.
അപ്പോഴേ അതൊരു വെറും കാറല്ലാതായിക്കഴിഞ്ഞു.
(സമകാലിക മലയാളം,2014 ഡിസംബര്‍19)