Monday, January 5, 2009

പലായനത്തിന്റെ പല പാഠങ്ങള്‍/പടങ്ങള്‍

പലായനവും പ്രവാസവും വളരെ പരിമിതാര്‍ത്ഥങ്ങള്‍ മാത്രമുള്ള മലയാള വാക്കുകളാണ്.ഇംഗ്ലീഷ് ഭാഷയിലെ exile, refugee തുടങ്ങിയ വാക്കുകള്‍ ഉള്‍ക്കൊള്ളുന്നഅര്‍ത്ഥവിശാലത മലയാളത്തിലെ വാക്കുകള്‍ക്കില്ല.ഓരോ ഭാഷയിലെയും വാക്കു കള്‍സവിശേഷ സാമൂഹ്യ സാഹചര്യങ്ങളില്‍ ഉരുവം കൊല്ലുന്നതാകയാല്‍ മലയാളത്തില്‍ സൂക്ഷ്മവും കൃത്യവു മായ വാക്കുകള്‍ ഉണ്ടാകാതിരുന്നതില്‍ അത്ഭുതമില്ല.മറ്റേതെങ്കിലും ഭാഷകളില്‍ ഇംഗ്ലീഷ് വാക്കുകളേക്കള്‍ അര്‍ത്ഥ വ്യക്തത നല്‍കുന്ന വാക്കുകള്‍ ഉണ്ടായെന്നും വരാം.സ്വന്തം ഇച്ഛാ ശക്തിയും കാരണങ്ങളും പ്രവാസത്തിനു പിന്നിലുണ്ട്.ബാഹ്യമോ ആന്തരി കമോ ആയ കാരണങ്ങള്‍ പ്രവാസത്തെ നിര്‍ണ്ണയിക്കുന്നുണ്ടെങ്കിലും തീരുമാനം അതാത് വ്യക്തിയുടെയൊ സമൂഹത്തിന്റെയൊ തന്നെയാണ്.എന്നാല്‍ പലായനങ്ങള്‍ ഇങ്ങനെയല്ല.ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ഒരു സമൂഹത്തിന്റെ ഒന്നടങ്കമുള്ള കൂടു മാറ്റമാണവിടെ സംഭവിക്കുന്നത്.പലായനം ഭൌതിക സൌകര്യങ്ങളേയും,ഓര്‍മ്മകളേയും പോലും ഉപേക്ഷിച്ചുകൊണ്ടുള്ള, തിരിച്ചു വരുമെന്ന് യാതൊരുറപ്പുമില്ലാത്ത ഒരോടിപ്പോകലാണ്. “നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്”എന്ന് ഒരു പ്രവാസിക്കു മാത്രമേ പാടാന്‍ കഴിയൂ.പലായനം ചെയ്തവന് അങ്ങനെ ഒരു നാടോ വീടോ ഇല്ല.എങ്കിലും പ്രവാസിയും പലായന ക്കാരനുംഒന്നിക്കുന്നത് മണ്ണിലും ഓര്‍മ്മയുടെ സഞ്ചിതരൂപമായ സംസ്കാരത്തിലും തന്നെയാണ്. പ്രവാസങ്ങള്‍ കേരളീയന് പുതിയ അനുഭവമല്ല.പല നാടുകളിലേക്കായി കേരളീയന്‍ പ്രവാസങ്ങള്‍ നടത്തിയിടുണ്ട്.കേരളത്തിനകത്തുതന്നെ തിരുവിതാംകൂര്‍ പ്രദേശത്തുനിന്ന് വയനാട്ടിലേക്കും മറ്റും നടത്തിയ കുടിയേറ്റങ്ങള്‍ പ്രവാസത്തിന്റേയോ പലായനത്തിന്റേയോ വക ഭേദങ്ങളായി രുന്നു.എന്നാല്‍ കേരളീയജീവിതത്തിന് പുറത്തുസംഭവിക്കുന്ന പലായനങ്ങളുടെ ഗൌരവവും ആഘാതവും മലയാളിയുടെ ചില്ലറ പ്രവാസാനുഭവങ്ങള്‍ കൊണ്ട് താരതമ്യപ്പെടുത്താവുന്നതല്ല.ലോകമാകമാനം ഇന്ന് നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്ന് ആഗോളവല്ക്കരണം സൃഷ്ടിക്കാന്‍ശ്രമിക്കുന്ന ഏകതാനതക്കെതിരില്‍ ഉയര്‍ന്നു വരുന്ന പ്രാദേശിക സ്വത്വ വിചാരങ്ങളും സമരങ്ങളു മാണ്.ആഗോളവല്ക്കരണകാലം തങ്ങളുടെ സ്വത്വങ്ങളെക്കുറിച്ചും ഓര്മ്മകളെക്കുറിച്ചും ഒരു ജനതയെ അലോസര പ്പെടുത്തു ന്നുണ്ടാവും. സമകാലിക ജീവിതസാഹചര്യങ്ങള്‍ സിനിമയിലാണ് ഏറ്റവും ഫലപ്രദമായി ആവിഷ്ക്കരിക്ക പ്പെടുന്നത് എന്നതു കൊണ്ടാണോ എന്നറിഞ്ഞു കൂടാ,ഇക്കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമ കളേറേയും പലായനം/പ്രവാസം എന്ന പൊതുവായൊരു ആശയതലത്തില്‍ഒരുമിച്ചു നില്ക്കുന്നതായി അനുഭവപ്പെട്ടു.മേളയുടെ പൊതു പ്രമേയമായി ഇത് പ്രഖ്യാപിക്കപ്പെട്ടിട്ടില്ലഎങ്കിലും.പലസ്തീനുമായി ബന്ധപ്പെട്ട ഏതു ചിത്രവും ഭൂപ്രദേശത്തിന്റേയും പലായ നത്തിന്റേയും സ്വത്വ ബോധത്തിന്റേയും പലവിധത്തിലിള്ള ആഖ്യാനങ്ങളാണ്.സ്വന്തം ജീവിതം തന്നെയായഇത്തരമൊരു രാഷ്ട്രീയം വെടിഞ്ഞ് അവര്‍ക്ക് മറ്റൊരാഖ്യാനം അസാധ്യം തന്നെയാണ്.ലൈലയുടെ ജന്മദിനം(Lailas Birthday)എന്ന ഉദ്ഘാടന ചിത്രം പ്രത്യക്ഷത്തില്‍ലളിതമായ ഒരു കഥയും ആഖ്യാന ഘടനയും സ്വീകരിക്കുന്നുവെങ്കിലും പലസ്തീനിന്റെ രാഷ്ട്രീയം അതിന്റെ അന്തര്‍ധാരയാണ്.വിദേശചിത്രങ്ങളില്‍ പലായനവും അധിനിവേശവും പ്രധാന പ്രമേയമായ ചിത്രങ്ങളില്‍ ചിലത് ‍MyMarlon andBrando(Turkey),Refugee(Turkey),Postcards from Leningrad(Venezuela),Juju foctory(Congo),Birdwatchers(Italy-Brazil),Salt of the sea(Palestine),Ramchand pakistani(Pakisthan),Elcanino(Costarica), എന്നിവയുംസമീറ മക്മല്‍ബഫ്(ജൂറിഅംഗം),അമോസ് ഗിതായി എന്നിവരുടെ വിവിധ ചിത്രങ്ങളുമാണ്.ഇന്ത്യയില്‍നിന്നുള്ള ചിത്രങ്ങളില്‍ ഈവിഭാഗത്തില്‍പെടുത്താവുന്നത് ഫിറാഖ്(നന്ദിതാദാസ്) റൂട്ട്സ്(ജോസഫ് പുളിന്താനത്ത്)എന്നിവയാണ്.കേരളത്തില്‍നിന്നുള്ള വിലാപങ്ങള്‍ക്കപ്പുറം(ടി.വി.ചന്ദ്രന്‍)ഇതേപ്രമേയമാണ് കൈ കാര്യം ചെയ്യുന്നത്. ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്കും നഷ്ടമായ പ്രകൃതിയേയും സംസ്ക്കാരത്തെയും കുറിച്ചുള്ള ഉത്ക്കണ്ഠകളും പ്രവാസത്തിന്റേയും പലായനത്തിന്റേയും വേറൊരു പതിപ്പാണ്.മലയാളത്തില് നിന്നുള്ള “അടയാളങ്ങള്‍”(എം.ജി.ശശി)സ്വന്തം ദേശവും,വീടും, കാമുകിയേയും വിട്ടുകൊണ്ട് താത്ക്കാലികമായ ഒരു പ്രവാസത്തിന് നിര്ബന്ധിതനാകുന്ന തൊള്ളായിരത്തി നാല്പതുകളിലെഒരു ചെറുപ്പക്കാരന്റെ കഥയാണ്.നോവലിസ്റ്റ് നന്തനാരുടെ സ്വന്തം കഥ കൂടിയാണത്.പട്ടാള സേവനം ഒരു കാലത്ത് മലയാളിക്ക് പ്രവാസത്തിന്റെ കാരണങ്ങളിലൊന്നായിരുന്നു.തീവണ്ടി അതിനുള്ള വാഹനവും.കഠിനമായ സാമ്പത്തിക സാമൂഹ്യാ നുഭവങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള ഒരു പഴുതായിരുന്നു മലയാളിക്കിതെല്ലാം.’തിരിച്ചുവരാന്‍ വേണ്ടി’(അസുരവിത്ത്-എം.ടി.)യാത്ര തിരിക്കുന്നവരാണവരെല്ലാം.മലയാള ചിത്രമായ ‘തിരക്കഥ’ യിലെ നായികയും ശ്രീലങ്കന് ചിത്രമായ ‘ആകാശ കുസുമ‘ത്തിലെ നായികയും തങ്ങളുടെ ഭൂതകാലത്തെതമസ്ക്കരിച്ചുകൊണ്ടാണ് ജീവിക്കുന്നത്.ആഹ്ലാദവും ദു:ഖവും പകരുന്ന ആ ഭൂതകാലത്തുനിന്ന് ഓടിപ്പോന്നാണ് അവര്‍ പുതിയൊരു ഭാവനാത്മക ലോകത്തു ജീവിക്കുന്നത്.എങ്കിലും സാഹചര്യങ്ങള്‍അവരെ ഒരു തിരിച്ചു പോക്കിന് നിര്‍ബന്ധിക്കുന്നുണ്ട്.തനിക്ക് ഉപേക്ഷിക്കാന്‍ഒന്നുമില്ലെന്ന നിശ്ചയത്തില്‍് കാനഡയിലേക്ക് പോകാന്‍ ശോഭാറാണി തീരുമാനിക്കുന്നുണ്ടെങ്കിലും മകളെക്കുറിച്ചുള്ള അറിവ് അവരെ പിന്തിരിപ്പിക്കുന്നു. മലയാള ചിത്ര ങ്ങളായ ‘ഗുല്‍ മോഹറും’,‘തലപ്പാവും’ ഉപേക്ഷിച്ചു പോരാന്‍പറ്റാത്ത ഭൂതകാലത്തെ തന്നെയാണല്ലൊ ആവിഷ്കരിക്കാന്‍ശ്ര മിക്കുന്നത്.കേരളത്തിന്റെ അനുഭവത്തില്‍നിന്ന് വിട്ട് ദേശീയതലത്തിലേക്ക് പ്രവേശിക്കു മ്പോള്‍പലായനവും പ്രവാസവും കൂടുതല്‍ സങ്കീര്‍ണ്ണവും കാഠിന്യമേറിയതുമായി മാറുന്നതു കാണാം.ഗുജറാത്ത് കലാപത്തെ തന്നെ പ്രമേയമാക്കിയ രണ്ടു ചിത്രങ്ങളാണ് ഈവിഭാഗത്തില് എടുത്തു പറയാനുള്ളാത്.ടീ.വി.ചന്ദ്രന്‍സംവിധാനം ചെയ്ത ‘വിലാപങ്ങള്‍ക്കപ്പുറം’,നന്ദിതാദാസ് സംവിധാനം ചെയ്ത‘ഫിറാഖ്’ എന്നിവ.കലാപത്തില്‍ഉറ്റവരെയും വീടും വിട്ട് പലായനം ചെയ്യേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ‘വിലാപങ്ങള്‍ക്കപ്പുറം‘.അതിക്രൂരമായ ബലാത്സംഗത്തിനും അവള്‍ഇര യായി.മതങ്ങള്‍ക്ക് കലാപങ്ങളുടെ മനുഷ്യത്വ ഹീനമായ മുഖം തെളിച്ചു കാട്ടാനോ,സഹാനുഭൂതിയോടെയുള്ള സമീപനം സ്വീകരിക്കാനോ അല്ല താല്പര്യമെന്ന് ഈ ചിത്രം വെളിപ്പെടുത്തുന്നു.സ്വന്തം മതത്തിന്റെ പൊങ്ങച്ചങ്ങളെകെട്ടി എഴുന്നള്ളിക്കാനും അനാഥത്വത്തിന്റെ മറവില്‍ഒരു ശരീരം കൂടി സ്വന്തം ലൈംഗിക വിശപ്പിന് ഇരയാക്കാനുമുള്ള മാര്‍ഗമാണത്.എങ്കിലും സ്ത്രീയുടെ വെറും വിലാപ ങ്ങള്‍ക്കപ്പുറമുള്ള ഉയിര്‍ത്തെഴുന്നേല്പാണ് ഈ ചിത്രം. ‘ഫിറാഖ്‘ എന്ന ഉറുദു പദത്തിന് വിഭജനം ,അന്വേഷണം എന്നീ അര്‍ഥങ്ങളാണ് ഉള്ളത്.മനുഷ്യ മനസ്സുകളില്‍ സംഭവിക്കുന്ന വിഭജനം തന്നെയാണ് ഈ സിനിമയുടെ പ്രമേയം.കലാപത്തിനു ശേഷം മുന്‍പത്തെപ്പോലെ ഇരു മതത്തിലും പെട്ടവര്‍ക്ക് ഒരുമിച്ച് കഴിയാനാവുന്നില്ല.അടുത്ത സുഹൃത്തുക്കള്‍പോലും അപരനെക്കുറിച്ച് സംശയത്തിന്റെ ഒരു ദൃഷ്ടി കാത്തു സൂക്ഷിക്കുന്നു.ലഹളയില്‍നിന്ന് രക്ഷപ്പെട്ട് പലായനം ചെയ്തവരുടെ തിരിച്ചുവരവ് പഴയ സ്ഥലത്തെക്കല്ല.അവര്‍ഓടിപ്പോകുമ്പോളുണ്ടായിരുന്ന സ്ഥലമോ അന്തരീക്ഷമോ അവിടെ നിലവിലില്ല.പുതിയൊരുദേശത്തിലേക്ക് പുതിയൊരു മനസ്സുമായിട്ടാണവരുടേ വരവ്. മൊഹ്സിന്‍ എന്ന കുട്ടിയുടെ കാഴ്ചയിലാണ് സിനിമ അവസാനിക്കുന്നത്. ആദിവാസി സമൂഹത്തിന്റെ പ്രവാസത്തിനും പലായനത്തിനും,മറ്റു സമൂഹങ്ങളുടേതില്‍ നിന്ന് കാതലായ വ്യത്യാസമുണ്ട്.മാറിയ സാഹചര്യ ങ്ങളോട് പൊരുത്തപ്പെടുക എന്നാല്‍ ആദിവാസി സ്വത്വം പൂര്‍ണ്ണമായി നിരാകരിക്കുക എന്നാണര്‍ത്ഥം.മലയാളിയായ ജോസഫ് പുളിന്താനത്ത് സംവിധാനം ചെയ്ത വേരുകള്‍(Roots/Yarwng)എന്ന ചിത്രത്തിന്റെ പ്രത്യേകത, അത് ആദിവാസികളുടെ സ്വത്വാന്വേഷണത്തെക്കുറിച്ചുള്ളചിത്രമാവുമ്പോള്‍ തന്നെ ത്രിപുരയിലെ ആദിവാസി ഗോത്ര ഭാഷയില്‍ നിര്‍മ്മിക്കപ്പെട്ടു എന്നതും കൂടി യാണ്.ഡാം നിര്‍മ്മണത്തെ തുടര്‍ന്ന് മുങ്ങിപ്പോവുന്ന ഭൂമിയും വീടും ഉപേക്ഷിക്കന്‍ നിര്‍ബന്ധിതമാകുന്നതോടേ സ്വന്തം വേരുകള്‍ കൂടി അവര്‍ക്ക് നഷ്ടമാവുന്നു.വിവാഹത്തിന് മണിക്കുറുകള്‍ക്ക് മുമ്പ് വെള്ളം കയറിയ കിടപ്പാടം വിട്ട് പലായനം ചെയ്യേണ്ടിവന്ന രണ്ടുപ്രണയികളുടെ(കാര്‍മതി/വാഖിരി)ജീവിതത്തിലെനിത്യമായഅകല്‍ചയുടെകാരണം ഡാമിലെ ജലമാണ്. ഭൂമിനഷ്ടം, വീടുനഷ്ടം,ബന്ധനഷ്ടം,സ്നേഹനഷ്ടം എന്നിങനെ പലതുമാണവരനുഭവിക്കുന്നത്.എല്ലാം നഷ്ടമായ ഘട്ടത്തിലും മറ്റുള്ളവര്‍ക്ക് ഹൃദയ ത്തില്‍നിന്നെടുത്തുകൊടുക്കാന്‍എന്തെങ്കിലുമുള്ളപ്പോള്‍നാമെങ്ങനെഒന്നുമില്ലാത്തവരാകു(Dispossessed)മെന്ന ചോദ്യം അവരു ന്നയിക്കുന്നു.തന്റെ ജീവിതം നഷ്ടമാക്കിയ അതേ ജലത്തില്‍ തുഴഞ്ഞു പോകുന്ന കാര്‍മതിയെയാണ് നാം സിനിമയുടെ അവസാന ത്തില്‍ കാണുന്നത്.ഈ ചിത്രത്തെക്കുറിച്ച് ഉന്നയിക്കാവുന്ന വിമര്‍ശങ്ങളിലൊന്ന് ആധുനിക നാഗരിക സങ്കല്പമനുസരിച്ചുള്ള ഒരു പ്രണയ ത്തിലൂടെയാണ് അവര്‍ കടന്നു പോകുന്നതെന്നുള്ളതും,സ്വത്വ നഷ്ടം,ഭൂനഷ്ടം എന്നീ പ്രശ്നങ്ങളുടെ ചലചിത്രാഖ്യാനത്തെ ഗൌരവമുള്ള താക്കാന്‍ പ്രണയം സഹായകമാകുന്നില്ല എന്നതുമാണ്.
രാജ്യാന്തര തലത്തിലേക്ക് പ്രവേശിക്കുന്നതോടുകൂടി പലയനവും പ്രവാസവും രണ്ടുദേശീയതകള്‍ തമ്മിലുള്ള,ശത്രു രാജ്യങ്ങള്‍ തമ്മിലുള്ള നേര്‍ക്ക്നേര്‍ യുദ്ധങ്ങളായി മാറുന്നു.പലസ്ഥീന്‍/ഇസ്രയേല്‍ ചിത്ര ങ്ങള്‍ഈരീതിയിലാവാതെ വയ്യ.എന്നാല്‍ പല തരത്തിലാണ് അഭയാര്‍ത്ഥികളുണ്ടാവുന്നത്Refugeeഎന്ന ചിത്രത്തിലെ വൃദ്ധനായ അദ്ധ്യാപകന്‍ തന്റെ ശിഷ്യനോട് പറയുന്നുണ്ട്,ശലഭങ്ങള്‍ക്കും പക്ഷികള്‍ക്കും പറക്കാന്‍ കഴിയുന്നത് അവ നിഷ്കളങ്കരായതിനാ ലാണെന്ന്.തന്റേതല്ലാത്ത കാരണാങ്ങളാല്‍ ജര്‍മ്മനിയിലേക്ക് കുടിയേറേണ്ടി വന്ന ചെറുപ്പക്കാരന്അവിടത്തെ സംസ്ക്കാരത്തിലേക്ക് കൂടു മാറാന്‍ സാധിക്കുന്നില്ല.മാസ്റ്ററുടെ വാക്കുകളോര്‍ത്ത് ഒരു പറവയായി രാജ്യാതിര്‍ത്തികള്‍ കടന്ന് അയാല്‍ തന്റെ കാമു കിയ്ക്ക ടുത്തേക്ക് പറന്നെത്തുകയാണ്.Juju factoryഒരു കുടിയേറ്റ എഴുത്തുകാരന്റെ ആത്മ സംഘര്‍ഷങ്ങളാണ്. യൂറോ പ്യന്മാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സ്വന്തം നാടിന്റെ ചരിത്ര മെഴുതാന്‍ അയാള്‍ക്കാവുന്നില്ല.ആത്മസംഘര്‍ഷങ്ങള്‍ സ്വത്വബോധ ത്തോടൊപ്പം ദേശത്തിന്റെ ഭൂമി ശാസ്ത്രവുമായിക്കൂടി ചേര്‍ന്ന് നില്ക്കുന്നു. Postcards from Lenin gradവിപ്ലവ പ്രവര്‍ത്ത നവുമായി ബന്ധപ്പെട്ട് പ്രവാസ ജീവിതം നയിക്കേണ്ടി വരുന്ന മാതാപിതാക്കളെ മകന്റെ ശൈശവ മനസ്സിലൂടെ കാണുന്ന ചിത്രമാണ്.അവിടെ അത്ഭുത കഥകള്‍ക്കാണ് പ്രാധാന്യം. അച്ഹ്നമ്മമാരുടെ പ്രവര്‍ത്തനങ്ങളെ മകന്‍ ഇങ്ങനെ ഭാവനയും യാഥാര്‍ഥ്യവും കലര്‍ത്തിയാണ്
മനസ്സിലാക്കുന്നത്.സിനിമയുടെ മൊത്തം ഘടനയില്‍ ഭാവ നയും യാഥാര്‍ഥ്യവും ഇട കലര്‍ന്ന ആവിഷ്ക്കാര രീതിയുണ്ട്.പഴയ ചിത്രങ്ങളും പരസ്യങ്ങളും ഇട കലര്‍ന്നു വരുന്നു. വ്യത്യസ്ത മായ ഒരു പരിചരണ രീതിയാണ് സംവിധായികയായMarianaRondonസ്വീകരിച്ചിരിക്കുന്നത്.(മികച്ച സംവി ധായികയ്ക്കുള്ള രജത ചകോരം അവാര്ഡ് ഈ ചിത്രത്തിലൂടെ അവര്‍ക്ക് ലഭിച്ചു.)ചിത്രത്തിന്റെ അവസാനത്തില്‍ അച്ഛനും മകനും നടന്നു വരുന്ന രംഗത്തില്‍ മകന്‍ അച്ഛനോട് ചോദിക്കുന്നുണ്ട്,അച്ഛാ,ഈ വഴി കടലിലേക്കുള്ളതാണോ എന്ന്. എന്നാല്‍അവ രെത്തിനില്ക്കുന്നതാകട്ടെ മുന്നില്‍ വഴിയില്ലാത്ത വലിയൊരു ഗര്‍ത്തത്തിനു മുന്നിലാണ്. അമോസ് ഗിതായി സംവിധാനം ചെയ്ത Disengagement എന്ന ചിത്രത്തിലെപോലീസുകാരന്‍ കൃത്യമായ ദേശീയതഏതെന്ന് പറയാന്‍ ആവശ്യപ്പെടുമ്പോള്‍What is meant by specific nationalityഎന്ന് മറുചോദ്യം ഉന്നയിക്കുന്നുണ്ട്.ഈചോദ്യം ഒരു ദേശീയതയിലും ഉള്‍പ്പെടുന്നുവെന്ന് പറയാനാവാത്തവരും പലദേശീയതകള്‍ക്കുള്ളില്‍ പ്രവാസികളായി കഴിയേണ്ടി വന്നവരുടേയും ഉത്തരം കൂടിയാണ്. ചലച്ചിത്ര മേള യുടെ ഭാഗമായി നടന്ന അരവിന്ദന്‍ സ്മാരക പ്രഭാഷണവും പലായനത്തെക്കുരിചും പ്രവാസത്തെക്കുറിച്ചുമുള്ള വര്‍ത്തമാനമായി എന്നത് യാദൃശ്ചികമായിരിക്കം.അരവിന്ദനെക്കുറിച്ചുള്ള സ്മരണ ഓര്‍മ്മകളെയും ഭാവനയേയും അതുവഴി ദേശത്തെയും കുറിച്ചുള്ള ചിന്ത കള്‍ക്ക് കാരണമായി.അദ്ധ്യക്ഷത വഹിച്ച സംവിധായകനായ ജോഷി ജോസഫ് ‘ഓര്‍മ്മകളുണ്ടായിരിക്കണം’ എന്ന കാര്യം തന്നെയാണ് ഊന്നിപ്പറഞ്ഞത്.അരവിന്ദന്‍ സ്മാരക പ്രഭാഷണം നിര്‍വ്വഹിച്ചത് ഇസ്രയേല്‍ സംവിധായകനായ അമോസ് ഗിതായി ആണ്. ദേശവും ഭാഷയും ഓര്‍മ്മയുംfragmentedആയിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും അതിന്റെ ആവിഷ്ക്കാരങ്ങളാണ് സിനിമകളും കലകളും എന്നുംഅദ്ദേഹം പറഞ്ഞത് ചലച്ചിത്ര മേളയിലെ ഭൂരിപക്ഷം ചിത്രങ്ങളെയും പരിഗണിച്ച് പരിശോധിച്ചാല്‍ വളരെ അര്‍ഥ പൂര്‍ണ്ണമെന്ന് അനുഭവപ്പെടും.
-2-
പ്രവാസത്തിന്റെപ്രമേയങ്ങളെ നേരിട്ടു സ്പര്‍ശിക്കാത്തവയെങ്കിലും മേളയില്‍ പ്രദര്‍ശിപ്പിച്ച മറ്റു ചില ചിത്രങ്ങളെ പരാമര്‍ശിക്കാതെ പോകാനാവില്ല.മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുവെങ്കിലും, പുരസ്കാരങ്ങളൊന്നും ലഭിക്കാതെ പോയ ചിത്രമാണ് Dreams of dust.മരുഭൂമിയില്‍ സ്വര്‍ണ്ണ ഖനനത്തിലേര്‍പ്പെട്ട ഒരു പറ്റം നിസ്സഹായരായ മനുഷ്യരുടെ കഥയാണ് ഈചിത്രം.ഏതു നിമിഷവും മരണത്തെ മുഖാമുഖം കണ്ടു കൊണ്ടുള്ള ജീവിതം.സ്വര്‍ണ്ണം കിട്ടിയാലും തൊഴിലാളിക്ക്
കിട്ടാവുന്നത് തുഛമായ പ്രതിഫലം.സൌന്ദര്യവും പ്രണയവും പുഞ്ചിരിയും അസാ ധ്യമായ ലോകം.പൊടിക്കാറ്റ് അടിച്ചുയരുന്നതിന്റെ നേരനുഭവം പ്രേക്ഷകനിലേക്ക് കൂടി പകരുന്നു ഈ ചിത്രം.അതിജീവിക്കുക എന്ന ഒറ്റച്ചിന്തയില്‍ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നവര്‍.തുഛസൌകര്യങ്ങളായ ടെലിവിഷന്‍, മദ്യപാനം,വേശ്യ, ചന്തഎന്നിവയെല്ലം ആധുനികലോകത്തിന്റെ സങ്കല്പന ങ്ങളില്‍ നിന്ന് എത്ര അകലെയാണെന്നത് നമ്മെ അത്ഭുത പ്പെടുത്തും.പ്രേക്ഷകരിലധികം പേര്‍ ഈ ചിത്രത്തെ വെണ്ടത്ര ഗൌരവത്തില്‍ പരിഗണിക്കുകയുണ്ടായില്ലെന്നു തോന്നുന്നു. പ്രത്യേക ജൂറി പുരസ്ക്കാരം നേടിയ TheYellow houseഒരര്‍ഥത്തില്‍ ഓര്‍മ്മകളുടെ പുനരധിവാസം തന്നെയാണ്. നിഷ്കളങ്കനായ ഒരു ഗ്രാമീണ കര്‍ഷകന്റെ നേര്‍ യുക്തികളുടെ സരളമായ ആഖ്യാനമാണത്.മകന്‍ മരിച്ചതിലുള്ള ദു:ഖത്തെ അയാള്‍ മറക്കന്‍ ശ്രമിക്കുന്നത് തന്നേക്കാള്‍ കഠിന ദു:ഖമനുഭവിക്കുന്ന ഭാര്യയുടെ ദു:ഖം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടാണ്.വീടിന് മഞ്ഞ പെയിന്റടിച്ചും വീട്ടില്‍ നായയെ വളര്‍ത്താന്‍ ശ്രമിച്ചും ടെലിവിഷന്‍ വാങ്ങിയും പലവഴികളിലൂടെയാണ് അയാളതിനു ശ്രമി ക്കുന്നത്.എങ്കിലും വ്യക്തി ദു:ഖവും കുടുംബ ദു:ഖവും അങ്ങനെത്തന്നെ നില്‍ക്കുന്നു.അതിന് സാര്‍വ്വലൌകിക പരിഹാരങ്ങളില്ല. ഈചിത്രത്തിന് നല്‍കിയസംഗീതം(ഒറ്റ വാദ്യോപകരണം മാത്രമുപയോഗിച്ച്)വേറിട്ട അനുഭവമായി തോന്നി. The Photograph എന്നചിത്രം,ഒരു പ്രവാസിയുടെ ചിത്രം കൂടിയാണ്.ജോലിതേടി ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് അലഞ്ഞു കൊണ്ടിരിക്കുന്ന സീതയുടെ കഥയാണത്.അലച്ചിലിനിടയില്‍ അവള്‍ വൃദ്ധനായ ഒരു ഫോട്ടൊ ഗ്രാഫറുടെ സഹായിയായി ചേരുന്നു.സ്വന്തംപിന്തുടര്‍ച്ചക്കാരന്‍ മാത്രമേ തന്റെ പടമെടുക്കവൂ എന്നാണ് അയാളുടെ ആഗ്രഹം.അവസാനം സീതപടമെടുക്കുമ്പോളേക്ക് അയാള്‍മരിച്ചു കഴിഞ്ഞിരുന്നു.ഫോട്ടോ ഗ്രാഫറും സീതയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം ക്യാമറയിലെ ടൈമര്‍ സംവിധാനം ഉപയോഗിച്ചാണ് അവള്‍ എടുക്കുന്നത്.കാലം എടുത്ത ചിത്രമാണത്.മരണത്തോടൊത്തുനിന്നെടുത്ത ഈ ചിത്രം സീതയെ ജീവിതത്തില്‍ കൂടുതല്‍ ഗൌരവമുള്ളവളാക്കി.ഈ ചിത്രം സീതയുടെ മകള്‍ ചുമരില്‍ തൂക്കുമ്പോളാണ് സിനിമ അവസാനിക്കുന്നത്.ഓര്‍മ്മകളുടെ ചുമരില്‍ തൂക്കിയ ചിത്രം. Farewell Gulsariകസാക്കിസ്താനില്‍ നിന്നുള്ള ചിത്രമാണ്.സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു ശേഷം ഈചിത്രത്തിന് സവിശേഷ പ്രാധാന്യ മുണ്ട്.സോവിയറ്റു യൂണിയനിലെ കൂട്ടുകൃഷിക്കളങ്ങളെക്കുറിച്ചും പാര്‍ട്ടി ഘടനയെക്കുറിച്ചും നിശിത വിമര്‍ശനങ്ങളാണ് ഈചിത്രം ഉയര്‍ത്തുന്നത്.പാര്‍ട്ടി അധികാരി പറയുന്നഒരു കാര്യം വളരെ ശ്രദ്ധേയമാണ്.“സ്റ്റാലിന്‍ എന്നു പറയുമ്പോള്‍ ലെനിന്‍ എന്നു തന്നെ യാണ്അര്‍ഥം“.വരിയുടക്കപ്പെട്ട ഗുത്സാരി എന്ന ചെമ്പന്‍ കുതിരയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട കുതിരക്കാരനും കുതിരയുടെ മരണവും പ്രേക്ഷകരില്‍ തീവ്രമായ അനുഭവങ്ങളായി നിലനില്‍ക്കും. Song of sparrows(മജീദ് മജീദി)ജീവിതം മുന്നോടു കൊണ്ടുപോകാന്‍ കഠിനമായി യത്നിക്കുന്ന ഒരു ഗ്രാമീണ കര്‍ഷകന്റെനിഷ്ക്കളങ്കതയുടെ നേര്‍ ആഖ്യാനമാണ്.ഒട്ടകപ്പക്ഷികളും മത്സ്യ ങ്ങളും,ചെടികളുമെല്ലാം ഒരു ജൈവിക ബന്ധത്തോടെ സിനിമയില്‍ ഒന്നുചേരുന്നുണ്ട്. സിനിമയെക്കുറിച്ചും മതത്തെക്കുറിച്ചുമെല്ലാം ഗൌരവചിന്തയുണര്‍ത്തുന്ന ഗുലാബിടാക്കീസ്(ഗിരീഷ് കാസറവള്ളി)എന്ന ചിത്രം സിനിമക്കു വേണ്ടി ഉഴിഞ്ഞു വെക്കപ്പെട്ട ഗുലാബി യുടെ ജീവിതമാണ്.മിഡ് വൈഫായ ഗുലാബി സിനിമയുടെ സമയം ഒഴിവാക്കിയേ പ്രസവമെടുക്കാന്‍ പോകാറുള്ളു.‘സിനിമ നാളെയും കണ്ടു കൂടെ‘ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവര്‍ പറയും:‘ഇന്നലെ കണ്ട സിനിമയല്ല ഞാന്‍ ഇന്നു കാണുന്നത്;നിങ്ങള്‍ കണ്ട സിനിമയുമല്ല അത്‘.എങ്കിലും മതത്തിന്റെ പേരില്‍ വേര്‍തിരിവുകളുണ്ടാവുകയും ഗുലാബി ഒറ്റപ്പെട്ടു പോവുകയും ചെയ്തു. ‌
-3-
മലയാളസിനിമയെ ലോക സിനിമയുടെ പശ്ചാത്തലത്തില്‍ വിലയിരുത്താനുള്ള അവസരം ഇത്തരം ചലച്ചിത്ര മേളകളൊരുക്കുന്നുണ്ട്. ലോകസിനിമയില്‍ മുഖ്യ പ്രമേയങ്ങളായി വരുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളുടെ ഗൌരവമോ,തീവ്രതയോ അതേഅളവില്‍ മലയാള ത്തിലില്ലെന്നത് ശ്രദ്ധേയമാണ്.മലയാളത്തില്‍ കലാപവുമായി ബന്ധപ്പെട്ട് ഒരു ചിത്രമെടുക്കുമ്പോള്‍ ഇപ്പോഴും അതിന്റെ ഭൂമിശാസ്ത്ര പ്രദേശം ഗുജറാത്തോ കേരളത്തിനു പുരത്തുള്ള മറ്റു പ്രദേശങ്ങളോ ആണ്. ഡി.വി.ഡി. സാങ്കേതിക വിദ്യയുടെ വിപുലമായ പ്രചാരത്തിന്റെ ഇക്കാലത്തും,ഇത്തരം ചലച്ചിത്ര മേളകളെ പ്രസക്ത മാക്കുന്നത്,‘നമ്മുടെസിനിമ അവരുടെസിനിമ‘ എന്നൊരു താര തമ്യത്തിന് ഇത് അവസരം നല്‍കുന്നു എന്നതു കൊണ്ടാണ്.ഈ താരതമ്യം പ്രമേയസ്വീകരണതെ സംബന്ധിച്ചുള്ളതു മാത്രമല്ല;സിനിമയുടെ സാങ്കേതികതയിലും പരിചരണത്തിലുമെല്ലാംസ്പര്‍ശിക്കുന്നതാണ്.
താരതമ്യങ്ങള്‍അപര്‍ഷതാബോധമുണ്ടാക്കാ‍ന്‍ മാത്രമുള്ളതല്ല!