ദൃശ്യം കമല്‍ സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' എന്ന ചിത്രത്തിലുണ്ട്. ആ സൈക്കിള്‍റിക്ഷയെ പിന്തുടര്‍ന്നുപോയാണ് ചേലങ്ങാട് ഗോപാലകൃഷ്ണന് എന്നയാള്‍ മലയാളത്തിലെ ആദ്യ സിനിമയെയും അതിന്റെ സംവിധായകനെയും കണ്ടെത്തുന്നത്. മലയാള സിനിമയിലെ ആദ്യ പഥികരെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ പരിമിതി 'സെല്ലുലോയ്ഡ്' എന്ന സിനിമ ഒന്നുകൂടി പുറത്തുകൊണ്ടുവന്നു. ജെ.സി.ഡാനിയല്‍ സംവിധാനം ചെയ്ത 'വിഗതകുമാര' നെ മലയാളത്തിലെ ആദ്യ സിനിമയായി അംഗീകരിക്കാന്‍ നീണ്ട പരിശ്രമങ്ങള്‍ വേണ്ടി വന്നു.ഇപ്പോഴും അതുസംബന്ധിച്ച വിവാദങ്ങള്‍ക്കവസാനമായിട്ടില്ല. ചിത്രത്തിന്റെ പ്രിന്റ്, സ്റ്റില്‍ ഫോട്ടോകള്‍ എന്നിവയുടെയും സംവിധായകന്, നടീ നടന്മാര് എന്നിവരെക്കുറിച്ചുള്ള അറിവുകളുടേയും അഭാവം വിഗതകുമാരനെ തിരിച്ചറിയാനുള്ള തടസ്സങ്ങളായിരുന്നു. 100 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ സിനിമയിലെ ആദ്യചിത്രം എന്ന് അംഗീകരിക്കപ്പെട്ട 'രാജാഹരിശ്ചന്ദ്ര' (സംവിധാനം: ദാദാസാഹെബ് ഫാല്‍ക്കെ)യുടെ പ്രിന്റും സംവിധായകനെ സംബന്ധിച്ച സകല വിവരങ്ങളും ലഭ്യമാണെന്നിരിക്കെ 85 വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ 'വിഗതകുമാരന്' സംരക്ഷിക്കപ്പെട്ടില്ലെന്നത് നവോത്ഥാനാത്താല്‍ ഉയര്‍ന്ന സാംസ്കാരികത കൈവരിച്ചു എന്നവകാശപ്പെടുന്ന ഒരു നാടിനെകുറിച്ച് ഉയര്‍ത്തുന്ന ആശങ്കകള്‍ കുറഞ്ഞതല്ല. ഫാല്‍ക്കെയും ഡാനിയലും അഭിമുഖീകരിച്ച സാമൂഹ്യ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു എന്ന വസ്തുതയോടൊപ്പം, ഇരുവരും സിനിമയെ സമീപിച്ച രീതിക്കും വ്യത്യസ്തതയുണ്ടായിരുന്നു. പുരാണകഥകളെ ആശ്രയിച്ചാണ് ഫാല്‍ക്കെ സിനിമകളുണ്ടാക്കിയത് എന്നത് അന്നത്തെ സമൂഹത്തില്‍ സിനിമ എന്ന കലാരൂപത്തിനും അതിന്റെ സാങ്കേതികതക്കും എളുപ്പത്തില്‍ പ്രവേശനം നേടാന്‍ സഹായകരമായി. എന്നാല്‍, ഒരു 'സോഷ്യല്‍പടം' നിര്‍മിക്കണമെന്നായിരുന്നു ആദ്യംമുതലേ ഡാനിയലിന്റെ നിശ്ചയം. മതവും ജാതിയും സിനിമയിലെങ്കിലും പുറത്തു നില്‍ക്കണമെന്നും ആഗ്രഹിച്ചു. ഈ തീരുമാനത്തിന് നല്‍കേണ്ടി വന്ന വിലയായി ഡാനിയലിന് ചരിത്രത്തില്‍ നിന്നു തന്നെ തിരോധാനം ചെയ്യേണ്ടി വന്നു എന്ന് നമുക്കറിയാം.
എന്നാല്‍, പില്ക്കാലത്ത് മലയാളത്തിലിറങ്ങിയ സിനിമയിലേറെയും ഡാനിയല്‍ ഉദ്ദേശിച്ച തരത്തിലുള്ള സോഷ്യല്‍ പടങ്ങളായിരുന്നു. പുരാണ കഥാസന്ദര്‍ഭങ്ങളോട് വലിയ പ്രതിപത്തി ആരും കാണിച്ചില്ല. ആദ്യ കാല ചിത്രങ്ങളിലൊന്നായ 'ജീവിതനൗക' (1951)യില്‍ തന്നെ ദാരിദ്ര്യവും അസമത്വങ്ങളുമടങ്ങിയ മനുഷ്യജീവിത സംഘര്‍ഷങ്ങള്‍ക്ക് സിനിമ ഇടം നല്‍കുന്നുണ്ട്. 'നീലക്കുയില്‍' (1954) എന്ന ചിത്രത്തോടെയാണ് മലയാള സിനിമ കുറേക്കൂടി മികച്ച രീതിയില്‍ കേരളീയ ജീവിത സന്ദര്‍ഭങ്ങളിലേക്കും പ്രകൃതിയിലേക്കും സംഗീതത്തിലേക്കുമൊക്കെ പ്രവേശിക്കാന്‍ തുടങ്ങുതെന്ന് ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ദേശീയ തലത്തില്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള രജതമെഡല്‍ നേടിക്കൊണ്ട് മലയാളത്തിന്റെ സാന്നിദ്ധ്യം ദേശീയമായി ഉറപ്പിക്കാനും ‘ നീലക്കുയിലി‘ ന് സാധിച്ചു. പി.ഭാസ്കരന്, രാമു കാര്യാട്ട് എന്നിവര്‍ ചേര്ന് സംവിധാനം ചെയ്യുകയും ഉറൂബ് കഥയും തിരക്കഥയുമെഴുതുകയും എ.വിന്‍സന്റിന്റെ ഛായാഗ്രഹണവും ശോഭനാ പരമേശ്വരന് നായരുടെ നിശ്ചല ഫോട്ടോകളും കെ.രാഘവന് സംഗീതം നല്കിയ പി.ഭാസ്ക്കരന്റെ ഗാനങ്ങളുമൊക്കെ ചേര്‍ന്ന 'നീലക്കുയില്‍' മലയാള സിനിമയിലെ വലിയൊരു സര്‍ഗാത്മക സംഘത്തെ പ്രതിനിധീകരിക്കുന്നു. ഇവരിലോരോരുത്തരും പില്ക്കാലത്ത് സ്വതന്ത്ര സംവിധായകരോ നിര്‍മാതാക്കളോ ആയി മാറുകയും മലയാള സിനിമയിലെ ഭാവുകത്വ പരിവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു. ഉറൂബിന്റെ തന്നെ
തിരക്കഥയില്‍ പി.ഭാസ്ക്കരന്‍ സംവിധാനം ചെയ്ത 'രാരിച്ചന്‍ എന്ന പൗരന്' (1956) രാമു കാര്യാട്ട് സംവിധാനം ചെയ്ത 'ചെമ്മീന്‍' (1965), എ.വിന്‍സെന്റ് സംവിധാനം ചെയ്ത 'ഭാര്‍ഗവീനിലയം' (1964) എന്നീ ചിത്രങ്ങളും 'നീലക്കുയിലി' ല്‍ ആരംഭിക്കുന്ന പരിവര്‍ത്തനങ്ങളെ സാങ്കേതികമായും കലാപരമായും മുന്നോട്ടുകൊണ്ടുപോയി. ഈ സംഘത്തിലുള്‍പ്പെടാത്ത പി.എന്‍.മേനോന് 'ആദ്യ കിരണങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് കലാസംവിധായകനായി സിനിമാരംഗത്തെത്തുന്നത്. പി.എന്‍.മേനോന്റെ 'ഓളവും തീരവും' (1970) ഈ മാറ്റങ്ങളുടെ പൂര്‍ണതയായി കണക്കാക്കപ്പെടുന്നു. തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' (1972) എന്ന ചിത്രത്തോടെ മലയളത്തിലെ നവതരംഗ സിനിമാപ്രസ്ഥാനം ആരംഭിക്കുകയായി. സമാന്തരസിനിമ/കലാസിനിമ എന്നിങ്ങനെ വിവിധ പേരുകളില്‍ സൗകര്യപൂര്‍വ്വം വ്യവഹരിക്കപ്പെട്ട ഈ സിനിമാരീതി അടൂര്‍ ഗോപാലകൃഷ്ണനു പുറമേ അരവിന്ദന്, കെ.ജി.ജോര്‍ജ്, പി.എ.ബക്കര്‍, കെ.പി.കുമാരന്, കെ.ആര്.മോഹനന് തുടങ്ങി ഒരു കൂട്ടം സംവിധായകരിലൂടെയും അനുബന്ധ കലാകാരന്മാരിലൂടെയും ഒരു പ്രസ്ഥാനമായി അടയാളപ്പെട്ടു.
'നീലക്കുയിലി' ല്‍ തുടങ്ങി 'ഓളവും തീരവും' എന്ന ചിത്രത്തില്‍ അവസാനിക്കുന്ന പതിനാറു വര്‍ഷങ്ങള്‍ മലയാള സിനിമ ആന്തരികമായി പരിവര്‍ത്തന സജ്ജമായി സിനിമ എന്ന കലാരൂപത്തിന്റെ കലാത്മകതയും സാങ്കേതികതയും തിരിച്ചറിഞ്ഞ കാലമായിരുന്നു. അതിന്റെ ഉല്പന്നങ്ങളായിരുന്നു 'നീലക്കുയില്‍', 'ചെമ്മീന്‍', 'ഭാര്‍ഗവീനിലയം', 'ഓളവും തീരവും' എന്നീ സിനിമകള്‍. ഈ ചിത്രങ്ങളുടെ സംവിധായകരായ നാലുപേരും സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ആധികാരികമായ അറിവു നേടിയവരായിരുന്നില്ല. സാഹിത്യത്തിലും സാങ്കേതികതയിലും ജീവിതദര്‍ശനങ്ങളിലും തങ്ങള്‍ക്കുള്ള അറിവുകള്‍ സിനിമയില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. അക്കാലത്ത് കച്ചവടസിനിമ/കലാസിനിമ എന്നൊരു വിഭജനംഅദൃശ്യവുമായിരുന്നു.

'സ്വയംവരം' നിര്‍മ്മിച്ചത് ചിത്രലേഖാ ഫിലിം സൊസൈറ്റിയായിരുന്നു. 'സ്വയംവര'ത്തിന്റെ തുടര്‍ച്ചയായെത്തിയ സമാന്തര സിനിമകള്‍ക്കെല്ലാം കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ ഗൗരവപൂര്‍ണമായ പരിഗണന ലഭിക്കുകയും അവ വ്യാപകമായി പ്രദര്ശിപ്പിക്കപെടുകയും ചെയ്തു. വലിയൊരു ആസ്വാദകവൃന്ദം ഇത്തരം സിനിമകള്‍ക്കൊപ്പമുണ്ടായില്ലെങ്കിലും ഗൗരവസമീപനമുള്ള ഒരു പ്രേക്ഷക വിഭാഗം ഇതൊടൊപ്പം ഉയര്‍ന്നു വരികയുണ്ടായി. എന്നാല്‍, 'കൊടിയേറ്റം' എന്ന സിനിമയിലേക്ക് മലയാള സിനിമയെ പാകപ്പെടുത്തിയ 'ഓളവും തീരവും' ഫിലിം സൊസൈറ്റികള്‍ അക്കാലത്ത് ശ്രദ്ധിക്കാതെ പോവുകയും ചെയ്തു.
ഫാല്‍ക്കെ 1913-ല്‍ 'രാജാ ഹരിശ്ചന്ദ്ര' നിര്‍മിച്ചുവെങ്കിലും 1955-ല്‍ സത്യജിത്റായ് 'പഥേര്‍ പാഞ്ചാലി' നിര്‍മിച്ചതോടെയാണ് യഥാര്‍ത്ഥ ഇന്ത്യന്‍ സിനിമയുടെ തുടക്കമെന്ന് പറയാറുണ്ട്. ഇന്ത്യന്‍ സിനിമയെ ലോകസിനിമയ്ക്കൊപ്പമെത്തിച്ച ആദ്യ ചിത്രമാണത്. ഇപ്പോഴും ലോകത്തിലെ അമ്പത് ക്ലാസിക്കുകളിലൊന്നെന്ന സ്ഥാനം 'പഥേര്‍ പാഞ്ചാലി' ക്കുണ്ട്. അതിനു സമാനമായി മലയാള സിനിമയിലെ മാറ്റം 'നീലക്കുയി' ലിലൂടെയാണ് സംഭവിച്ചത്. 'പഥേര്‍ പാഞ്ചാലി'ക്കും ഒരു വര്‍ഷം മുന്‍പ്. എന്നാല്‍, ഇത് 'പഥേര്‍ പാഞ്ചാലി' യും 'നീലക്കുയി'ലും തമ്മില്‍ മറ്റേതെങ്കിലും തരത്തിലുള്ള താരതമ്യമല്ല. താരതമ്യം അസാധ്യമായ വലിപ്പ വ്യത്യാസം അവ തമ്മിലുണ്ട്.
'നീലക്കുയി'ലിലെ കേരള സമൃദ്ധി
സത്യജിത്റായിയുടെ സിനിമകളിലേറെയും ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായ (അപുത്രയം), രവീന്ദ്രനാഥടാഗോര്‍ എന്നിവരുടെ കൃതികളെ ഉപജീവിച്ചാണ് ഉണ്ടായത്. ഈയൊരു സാഹിത്യ പാരമ്പര്യം സിനിമയുടെ ആദ്യകാലത്താണ് അധികമുണ്ടായത്. കേരളത്തിലും പ്രശസ്ത നോവലുളെയും കഥകളെയും ഉപജീവിച്ച് സിനിമ നിര്‍മിക്കാനാണ് തുടക്കം മുതലേ താല്പര്യമുണ്ടായിരുന്നത്. മലയാളത്തിലെ രണ്ടാമത്തെ ചിത്രം തന്നെ 'മാര്‍ത്താണ്ഡവര്‍മ' എന്ന നോവലിനെ ആസ്പദമാക്കിയാണല്ലോ. 'ഓടയില്‍നിന്ന് ' എന്ന നോവല്‍ സിനിമയാക്കാനാഗ്രഹിച്ച് കേശവദേവിനെ സമീപിച്ചതിന്റെ നിരാശയില്‍നിന്നാണ് ടി.കെ.പരീക്കുട്ടി 'നീലക്കുയില്‍' നിര്‍മിക്കാനുള്ള താല്പര്യത്തോടെ രാമു കാര്യാട്ടിനെ കാണുന്നത്. ഉറൂബിന്റെ കഥയാണ് മനസ്സിലുള്ളത്. 'ഉമ്മാച്ചു' എന്ന നോവലെഴുതി പ്രശസ്തനാണ് അക്കാലത്ത് ഉറൂബ്. എങ്കിലും 'നീലക്കുയില്‍' പുസ്തകമായി പ്രസിദ്ധീകരിച്ചതല്ല. സിനിമയ്ക്കുവേണ്ടി അദ്ദേഹം പറഞ്ഞതാണ് നീലിയുടെ ദുരന്തകഥ. രാമു കാര്യാട്ടിനൊപ്പം പി.ഭാസ്കരനും സംവിധാനത്തില്‍ പങ്കാളിയായി. കെ.രാഘവന് സംഗീതം നല്കിയ ഗാനങ്ങളെഴുതിയതും പി.ഭാസ്കരന് തന്നെ. നാടന്‍ ഈണങ്ങളുടെ പാശ്ചാത്തല ഭംഗിയുള്ള 'നീലക്കുയിലി' ലെ ഗാനങ്ങള്‍ പില്ക്കാല മലയാള ചലച്ചിത്ര സംഗീതത്തെ ആകെ ആവേശിച്ചു. അതുവരെയുള്ള മലയാള ചിത്രങ്ങളില്‍ നിന്നും മറ്റു ഭാഷാ ചിത്രങ്ങളില്‍ നിന്നും നീലക്കുയിലിനെ വ്യത്യസ്തമാക്കിയതില്‍ സാധാരണ ജീവിത സന്ദര്‍ഭങ്ങള്‍, വസ്ത്രധാരണം, സംഭാഷണം തുടങ്ങിയ ഘടകങ്ങളുണ്ടായിരുന്നു. നവോത്ഥാനാന്തരവും സ്വാതന്ത്ര്യാനന്തരവുമുള്ള ഒരു തലമുറയ്ക്ക് പ്രതീക്ഷകളും ആവേശവും നല്‍കുന്നതായിരുന്നു അതിലെ പ്രമേയപരമായ വിവക്ഷകള്‍.
ദേശീയതയും ആധുനികതയും അതിന്റെ വിവിധ ഉപകരണങ്ങളിലൂടെ കടന്നുവന്ന് ഓരോ പൗരനെയും (യെയും) പരിവര്‍ത്തിപ്പിക്കുന്നതെങ്ങനെയെന്ന് പറഞ്ഞുറപ്പിക്കാനുള്ള പരിശ്രമം 'നീലക്കുയിലി' ലുണ്ട്. അനാഥയെന്നു കരുതപ്പെട്ടിരുന്ന നീലിയുടെ മകന് ദേശീയ പൗരത്വത്തിലേക്കും പൊതുസമൂഹത്തിലേക്കും തിരിച്ചെടുക്കപ്പെടുന്നു. പ്രണയം, ജാതിരഹിതസമൂഹം എന്നിവയെക്കുറിച്ചെല്ലാമുള്ള ആദര്‍ശാത്മക ചിന്തകളും നീലക്കുയില്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. കവിയെന്ന നിലയ്ക്ക് പ്രശസ്തനായിരുന്ന പി.ഭാസ്ക്കരന്‍ ഗാനരചയിതാവെന്ന നിലയ്ക്കും പില്ക്കാലത്ത് പ്രശസ്തനാകുന്നത് നീലക്കുയിലിലെ ഗാനങ്ങളുലൂടെയാണ്.
കേരളീയ ജീവിതത്തെ പലവിധത്തില്‍ പുനര്‍ നിര്‍വചിക്കുന്ന ഗാനങ്ങള്‍ പില്ക്കാലത്തും പി.ഭാസ്ക്കരന്‍ എഴുതുകയുണ്ടായി. ഗാനങ്ങളില്‍ ഇത്രയേറെ ദേശീയസമൃദ്ധി നിറച്ച മറ്റൊരു ഗാനരചയിതാവുമില്ല ('മാമലകള്‍ക്കപ്പുറത്ത്'/'പത്തുവെളുപ്പിന്....' തുടങ്ങി നിരവധി പാട്ടുകള്‍) ദേശപ്പേരുകളും വൃക്ഷങ്ങളും പുഴുകളും മലകളുമെല്ലാം നിറഞ്ഞ കേരളീയ വൈവിദ്ധ്യമാണ് ഭാസ്ക്കരന്റെ ഗാനങ്ങള്‍.
1924-ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ച ഭാസ്ക്കരന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് തുടക്കം കുറിച്ചത്. ക്വിറ്റിന്ത്യാ സമരത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുമെല്ലാം അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1940-കളില്‍ മദ്രാസില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'ജയകേരളം' വാരികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. എന്നാല്‍, ഭാസ്ക്കരന്റെ പില്ക്കാല ജീവിതം കവിയും ഗാനരചയിതാവും സിനിമാസംവിധായകനും എന്ന നിലയ്ക്കായിരുന്നു. 47 ചലച്ചിത്രങ്ങളും മുവ്വായിരത്തിലേറെ ഗാനങ്ങളും കവിതകളുമാണ് അദ്ദേഹത്തിന്റെ കലാസമ്പാദ്യം. 1959 മുതല്‍ തുടങ്ങുന്ന ആകശവാണി ജീവിതവും സിനിമയ്ക്കും ഗാനരചനയ്ക്കുമുള്ള പ്രചോദനവും കൂട്ടായ്മയുമായാണ് പരിണമിച്ചത്. നീലക്കുയിലിന്റെ ആലോചനകള്‍ നടക്കുന്ന കാലത്തുതന്നെ ഉറൂബും കെ.രാഘവനുമൊക്കെ കോഴിക്കോട് ആകാശവാണിയിലുണ്ട്. ഈ കൂട്ടായ്മ പില്ക്കാലത്ത് 'രാരിച്ചന്‍ എന്ന പൗരനി'ലും മറ്റു സിനിമകളിലും തുടര്‍ന്നു.
'നീലക്കുയിലി'നെ തുടര്‍ന്ന് 'രാരിച്ചന്‍ എന്ന പൗരനാ'ണ് (1956) പി.ഭാസ്ക്കരന്‍ സംവിധാനം ചെയ്തത്. ഉറൂബിന്റെ തന്നെയായിരുന്നു കഥ. ദേശീയതാ സങ്കല്പത്തിലെ പൗരനെക്കുറിച്ചുള്ള ചിന്തകള്‍ ഉറൂബിന്റെ കഥകളില്‍ കടന്നുവരുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ നീലക്കുയിലിന്റെ തുടര്‍ച്ച തന്നെയാണ് 'രാരിച്ചന്‍ എന്ന പൗരന്'. ആധുനികതയുമായി ബന്ധപ്പെട്ട ആശയങ്ങളുടെ ഗൗരവതരമായ ചര്‍ച്ചകള്‍ 'നീലക്കുയിലി' ലെന്നപോലെ 'രാരിച്ചനി' ലും നടക്കുന്നുണ്ട്. ഇത് വെറും ആശയതലത്തിലല്ലെന്നതും ദൈനംദീന ജീവിത സാഹചര്യങ്ങളിലാണെന്നതുമാണ് രാരിച്ചന്റെ പ്രസക്തി. ഉറൂബിന്റെ എക്കാലത്തെയും പ്രധാന പ്രമേയമായിരുന്ന മതേതര മാനവികതയുടെ ആശയയങ്ങളും 'നീലക്കുയിലി' ലെന്ന പോലെ 'രാരിച്ചനി' ലും ദൃശ്യമാണ്.
പില്ക്കാലത്ത് പി.ഭാസ്ക്കരന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ശ്രദ്ധേയമായത് 'ആദ്യകിരണങ്ങള്‍' (1964). 'ഇരുട്ടിന്റെ ആത്മാവ്' (1967). 'മൂലധനം' (1969), 'തുറക്കാത്ത വാതില്‍' (1970), 'ഉമ്മാച്ചു' (1971), 'കള്ളിച്ചെല്ലമ്മ' (1969) എന്നിവയാണ്. 'ഇരുട്ടിന്റെ ആത്മാവ്' എം.ടി യുടെ കഥയെ ആശ്രയിച്ചും 'ഉമ്മാച്ചു' ഉറൂബിന്റെ നോവലിനെ അവലംബിച്ചുമാണ് നിര്‍മ്മിക്കപ്പെട്ടത്. 'ഇരുട്ടിന്റെ ആത്മാവിന്' സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനും 'തുറക്കാത്ത വാതിലിന്' ദേശീയോദ്ഗ്രഥന ചിത്രത്തിനുമുള്ള ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനും ഏഷ്യാനെറ്റിന്റെ ആദ്യ ചെയര്‍മാനുമായിരുന്നു. ജെ.സി.ഡാനിയല്‍ അവാര്‍ഡ് നല്കി കേരളം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മറവി രോഗത്തിന് കീഴടങ്ങിയാണ് 2007-ല്‍ അദ്ദേഹം അന്തരിച്ചത്.
കാര്യാട്ടിന്റെ എവറസ്റ്റാരോഹണം
വിഖ്യാതങ്ങളായ നോവലുകളെ ഉപജീവിച്ച് നിര്‍മിക്കപ്പെട്ട സിനിമകളില്‍ കലാപരമായ വിജയം നേടിയവ ഏറെയില്ല. നോവലിന്റെ പ്രശസ്തിയുടെ ഭാരം കാരണം സിനിമയെ അതിന്റെ വഴിക്കു നയിക്കാന്‍ കഴിയാതെ പോകുന്നതാണ് പലപ്പോഴും പരാജയമായി അനുഭവപ്പെടുന്നത്. മലയാളത്തില്‍ ഇതിനൊരപവാദമായത് 'ചെമ്മീന്റെ' സിനിമാവിഷ്ക്കാരമാണ്. തകഴിയുടെ നോവലിന്റെ പ്രശസ്തിയെ കടന്നുനിന്നു, 'ചെമ്മീന്‍' എന്ന സിനിമ. കടല്‍ മലയാളത്തില്‍ ഏറെ ആവഷ്ക്കരിക്കപ്പെട്ട ഭൂപ്രദേശമല്ല. കടലിനോട് ഏറെ അടുത്തു കിടക്കുന്നവരും നീണ്ട കടല്‍തീരം സ്വന്തമായുള്ളവരുമാണ് മലയാളികളെങ്കിലും തങ്ങളുടെ എഴുത്തില്‍ കടലാഴം കുറവാണെന്ന് ഡോ. കെ.ഭാസ്ക്കരന്‍നായരുടെ അറുപതാണ്ടുകള്‍ക്കു മുന്‍പു തന്നെ എഴുതിയിട്ടുണ്ട്- (കലയും കാലവും). കടലിന്റെ സിനിമാവിഷ്ക്കാരം അത്രപോലും നടന്നിട്ടില്ലാത്തൊരു കാലത്താണ് രാമുകാര്യാട്ട് കടലിനെ തന്റെ സിനിമയിലാനയിക്കുന്നത്. അതിനൊരു കാരണവുമുണ്ട്. കടലോരപ്രദേശത്ത് ജനിച്ച രാമു കാര്യാട്ടിന് കടല്‍ ഒരു അന്യദേശ സമസ്യയല്ല. കടലും കരയും ദുരന്തപ്രണയവുമെല്ലാം ചേര്‍ന്ന് 'ചെമ്മീന്‍' ഒരു നവീന സിനിമാനുഭവമായി. ബംഗാളിയായ സലില്‍ ചൗധരിയുടെ ഈണങ്ങള്‍ അത്ഭുതകരമാം വിധം കടലിന്റെ അന്തരീക്ഷത്തോടിണക്കമുള്ളതായി. പ്രകൃതി ഒരു പ്രധാന കഥാപാത്രമാകുന്നതും ഒരു ഭൂപ്രദേശത്തിന്റെ സൂക്ഷ്മ ജീവിതം ആവിഷ്കരിക്കപ്പെട്ടു എന്നതും മലയാള സിനിമയിലെ ആദ്യാനുഭവമായിരുന്നു. സലില്‍ ചൌധരിക്കു പുറമെ മര്‍കസ് ബര്‍ട്ട്ലി (ഛായാഗ്രഹണം) ഋഷികേശ് മുഖര്‍ജി (എഡിറ്റിംഗ്) തുടങ്ങി പുറത്തു നിന്നുള്ള വിദഗ്ദരുടെ സാന്നിദ്ധ്യവും വര്‍ണ്ണചിത്രമെന്ന പ്രത്യേകതയും 'ചെമ്മീനി' നുണ്ട്. മലയാളി കലാകാരന്മാരെ പരമാവധി ഉള്‍പ്പെടുത്തുക എന്നതായിരുന്നു 'നീലക്കുയിലി' ല്‍ സ്വീകരിച്ച നിലപാടെങ്കില്‍ അന്യഭാഷാ കലാകാരന്മാരായിരുന്നു 'ചെമ്മീനി' ന്റെ ജീവന്.
പി.വത്സലയുടെ നോവലിനെ ആസ്പദമാക്കിയാണ് വയനാടന്‍ അന്തരീക്ഷത്തില്‍ 'നെല്ല്' എന്ന ചിത്രം നിര്‍മിച്ചത്. 'ചെമ്മീനി' ല്‍ സാധ്യമായ ദൃശ്യസാക്ഷാത്ക്കാര വൈഭവമൊന്നും 'നെല്ലില്‍' പ്രകടിപ്പിക്കാനായില്ല. മലയാള സിനിമാ ചരിത്രത്തില്‍ ചരിത്രപ്രതിഷ്ഠിതമായ 'നീലക്കുയില്‍', 'ചെമ്മീന്‍' എന്നീ ചിത്രങ്ങളുടെ സംവിധായകനായാണ് രാമു കാര്യാട്ട് ഓര്‍മിക്കപ്പെടുന്നത്. 'ചെമ്മീന്‍' എന്ന ചിത്രം തന്റെ കലാജീവിതത്തിന്റെ എവറസ്റ്റാരോഹണമായാണ് കാര്യാട്ട് കണ്ടത്. അതുകൊണ്ടാണ് പില്ക്കാല ചിത്രങ്ങള്‍ വേണ്ടത്ര വിജയിക്കാതിരുന്നപ്പോഴൊക്കെതന്റെ വിജയത്തില്‍ അഹങ്കരിച്ചുകൊണ്ട് എവറസ്റ്റ് കൊല്ലം തോറും കയറേണ്ടതുണ്ടോ എന്ന് അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നത്.
1927-ല്‍ ചേറ്റുവായില്‍ ജനിച്ച രാമു കാര്യാട്ടിന് ഹൈസ്ക്കൂള് വിദ്യാഭ്യാസം മാത്രമെ നേടാനുയുള്ളൂ. അച്ഛന് ചെറുപ്പത്തിലേ മരിച്ചു പോയി. കെ.പി.എ.സിയിലൂടെ നാടക പ്രവര്‍ത്തകനായാണ് തുടക്കം. പി.ഭാസ്ക്കരനെപ്പോലെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും കൂടെകൊണ്ടു നടന്ന കാര്യാട്ട് അസംബ്ലി ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയാവുകയും ഒരു പ്രാവശ്യം അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഒരു തെലുങ്ക് ചിത്രമടക്കം പതിമൂന്ന് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 'മുടിയനായ പുത്രന്' (1961), 'മൂടുപടം' (1963), 'അഭയം' (1970), 'നെല്ല്' (1974), 'ദ്വീപ്' (1976), 'അമ്മുവിന്റെ ആട്ടിന്‍കുട്ടി' (1978), എന്നിവയാണ് രാമു കാര്യാട്ടിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. 'ചെമ്മീനി‘ന് പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ ലഭിച്ചതിനു പുറമെ 'മുടിയനായ പുത്രന്' മികച്ച മലയാള ചിത്രത്തിനുള്ള സില്‍വര്‍ മെഡലും ലഭിച്ചു. മോസ്കോ ചലച്ചിത്ര മേളയിലെ ജൂറി അംഗമായിരുന്നിട്ടുണ്ട്. 1979-ല്‍ കാര്യാട്ട് അന്തരിച്ചു.
'നീലവെളിച്ചം' ബ്ലാക്ക് ആന്റ് വൈറ്റില്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം' എന്ന കഥയ്ക്ക് 'ഭാര്‍ഗവീനിലയം' എന്ന പേരില്‍ സിനിമാവിഷ്ക്കാരം നല്കുമ്പോള് സംവിധായകനായ എ.വിന്‍സെന്റില്‍ സിനിമാട്ടോഗ്രാഫര്‍ എന്ന നിലയ്ക്കുള്ള സൂക്ഷ്മ നിരീക്ഷണ വ്യഗ്രതയും തുല്യ അളവില്‍ പ്രവര്‍ത്തിച്ചിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റില്‍ നിര്‍മിക്കുന്ന ഒരു ചിത്രത്തില്‍ നീലനിറം എങ്ങനെ ദൃശ്യാനുഭവമാക്കും എന്ന ചിന്ത വിന്‍സന്റിനുണ്ടായിരുന്നു. എങ്കിലും പടം കണ്ട് കുറച്ചുകാലം കഴിഞ്ഞ് തങ്ങള്‍ പടം കണ്ടത് കളറിലാണോ എന്ന് പലരും അദ്ദേഹത്തിന്റെ അടുത്തുതന്നെ സംശയം പറയുകയുണ്ടായി. 'ഭാര്‍ഗവീനിലയ'ത്തില്‍ മാനേജരായി പ്രവര്‍ത്തിച്ച പി.എ.ബക്കര്‍ ആദ്യമായി സംവിധാനം ചെയ്ത 'കബനീ നദി ചുവന്നപ്പോള്‍' എന്ന ചിത്രത്തെക്കുറിച്ചും വിന്‍സന്റ് ഇതേ അഭിപ്രായം പുലര്‍ത്തിയിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റിലും 'ദൃശ്യാത്മക'മായ ആ ചുവപ്പിനെക്കുറിച്ച് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല. ഒരു ക്യാമറാമാന്റെ സൂക്ഷ്മത അദ്ദേഹത്തെ കൊണ്ടു ചെന്നെത്തിക്കുന്ന നിശിതമായ ദൃശ്യബോധമാണത്.
'ഭാര്‍ഗവീനിലയം' (1964) മലയാള സിനിമയിലെ അക്കാലത്തെ അത്ഭുതങ്ങളിലൊന്നായിരുന്നു. ക്യാമറാമാന് എന്ന നിലയ്ക്കുള്ള സാങ്കേതിക പരിചയം സിനിമ എന്ന മാധ്യമത്തെക്കുറിച്ചുള്ള സൂക്ഷ്മബോധമായി വികസിച്ചതിന്റെ ഫലമായാണ് 'ഭാര്‍ഗവീനിലയം' ഉണ്ടാകുന്നത്. ഭ്രമാത്മകമായ അതിന്റെ ആഖ്യാനരീതിയെ വെറുമൊരു യക്ഷിക്കഥയായാണ് പലരും കണ്ടത്. അതുകൊണ്ടാണ് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രമാണതെന്നൊക്കെ ലളിതമനസ്ക്കരായ നിരൂപകര്‍ വിമര്‍ശനമുന്നയിച്ചത്. പില്ക്കാലത്ത് 'ഭാര്‍ഗവീനിലയ' മെന്ന പ്രയോഗം മലയാളത്തിലെ ഒരു ശൈലിയായി മാറുകയും ചെയ്തു.
'നീലക്കുയിലി'ന്റെ ക്യാമറാമാനെന്ന നിലയ്ക്കാണ് എ.വിന്‍സെന്റ് ശ്രദ്ധേയനാകുന്നത്. അതിനു മുമ്പുതന്നെ തമിഴ്, തെലുങ്ക് സിനിമകളിലെല്ലാം അദ്ദേഹം ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. ദൃശ്യബോധത്തിലെ കാര്‍ക്കശ്യം കാരണം പലപ്പോഴും 'നീലക്കുയിലി'ന്റെ ഷൂട്ടിങ്ങിനിടയില്‍ സംവിധായകനുമായി തര്‍ക്കിക്കുകയും പിണങ്ങിപ്പോകേണ്ടി വരികയും ചെയ്തിട്ടുണ്ട്.
1928-ല്‍ കോഴിക്കോട് ജനിച്ച അലോഷ്യസ് വിന്‍സെന്റിനെ ക്യാമറയോടുള്ള അഭിനിവേശമാണ് സിനിമയിലെത്തിച്ചതെന്നു പറയാം. മദ്രാസില്‍ ഇന്‍കം ടാക്സ് കമ്മീഷണറായിരുന്ന അച്യുതന് നായരാണ് വിന്‍സെന്റിനെ ജെമിനി സ്റ്റുഡിയോയിലെത്തിക്കുന്നത്. അച്യുതന്‍നായരുടെ മക്കളായ രുഗ്മിണിയുടേയും രമയുടേയും ചിത്രങ്ങള്‍ വിന്‍സെന്റ് നേരത്തെ എടുത്തിട്ടുണ്ടായിരുന്നു. ഇതില്‍ രുഗ്മിണിയുടെ രംഭയുടെ പോസിലുള്ള ചിത്രമാണ് അച്യുതന്നായര് ജെമിനിയില്‍ കാണിച്ചത്. വിന്‍സെന്റ് തന്നെ എടുത്തതാണോ ചിത്രമെന്നു മാത്രമേ അവര്‍ ചോദിച്ചുള്ളൂ. അഞ്ചു മിനുട്ടുകള്‍ക്കുള്ളില്‍ അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ നല്കി. സിനിമാ ജീവിതത്തിലേക്കുള്ള അപ്പോയിന്റ്മെന്റ് ഓര്‍ഡറായിരുന്നു 1947-ല്‍ ജെമിനി സ്റ്റുഡിയോയില്‍ നിന്ന് ലഭിച്ചതെന്ന് അദ്ദേഹം തിരിച്ചറിയുന്നു.
'നീലക്കുയിലി'ന്റെ ക്യാമറാമാന് എന്ന നിലയിലാണ് വിന്‍സെന്റിന്റെ മലയാള സിനിമാ പ്രവേശനമെങ്കിലും ആ ചിത്രത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. പി.ഭാസ്ക്കരന്‍ വസൂരി ബാധിച്ച് കിടപ്പിലായിരുന്ന സമയത്ത് 'നീലക്കുയിലി'ന്റെ കഥ രാമു കാര്യാട്ടും വിന്‍സന്റും ചേര്‍ന്നാണ് ഉറൂബില്‍ നിന്ന് കേള്‍ക്കുന്നത്. ദൃശ്യങ്ങളോരോന്നും മനസ്സില്‍ കണ്ടുകൊണ്ടാണ് ആ കഥ കേള്‍ക്കുന്നത്. 'നീലക്കുയിലി'ലൂടെ മലയാളത്തിലെ ആദ്യത്തെ ക്രയിന്‍ഷോട്ട് എടുക്കുന്നതും വിന്‍സന്റാണ്. പില്ക്കാലത്ത് സംവിധായകനായപ്പോള്‍ അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകള്‍ക്കും പാട്ടുകളെഴുതിയത് പി.ഭാസ്ക്കരനായിരുന്നു. എന്നാല്‍ ഭാസ്ക്കരന്‍ പിന്നീടൊരിക്കലും വിന്‍സന്റിനെ ക്യാമറാമാനായി വിളിച്ചില്ല.
'ഭാര്‍ഗവീനിലയ'ത്തെ തുടര്‍ന്ന് സംവിധാനം ചെയ്ത 'മുറപ്പെണ്ണ്' (1965) എന്ന ച്ത്രവും
പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥാകൃത്തായി എത്തുന്നത് ഈ സിനിമയിലൂടെയാണ്. 'മുറപ്പെണ്ണി'ലൂടെ എം.ടി. കൊണ്ടുവന്ന വള്ളുവനാടന്‍ സംഭാഷണങ്ങളും ഭാരതപ്പുഴ എന്ന കഥാപാത്രവും മരുമക്കത്തായത്തിന്റെ നിശ്വാസങ്ങളുമെല്ലാം പില്ക്കാല മലയാള സിനിമയെ ഗാഢമായി സ്വാധീനിച്ചു. ഭാരതപ്പുഴയും പരിസരവും മലയാള സിനിമയിലെ ഒഴിവാക്കാനാവാത്ത ദേശസാന്നിദ്ധ്യമായി. ശോഭനാ പരമേശ്വരന് നായര്‍ നിര്‍മാതാവായി ഈ ചിത്രത്തിനു പുറമെ 'നഗരമേ നന്ദി' (1967) എന്നൊരു ചിത്രമാണ് എഴുപതുകള്‍ക്കു മുമ്പ് അദ്ദേഹം സംവിധാനം ചെയ്തത്. എം.ടി യായിരുന്നു അതിന്റെയും കഥാകൃത്ത്. 'അസുരവിത്ത്' (1968), 'നദി' (1969), 'ത്രിവേണി' (1970), 'അച്ചാണി' (1973) തുടങ്ങിയ ശ്രദ്ധേയങ്ങളായ ഏതാനും ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തുവെങ്കിലും 'ഭാര്‍ഗവീനിലയ'ത്തെ അതിശയിക്കത്തക്കതായി അവയൊന്നും മാറിയില്ല. 1996-ലെ ജെ.സി.ഡാനിയല്‍ പുരസ്ക്കാരം വിന്‍സന്റിനായിരുന്നു.
പി.എന്‍.മേനോന് നിര്‍മിച്ച വഴി
'റോസി' (1965) എന്ന ചിത്രത്തോടെയാണ് പി.എന്‍.മേനോന് സംവിധായകനാകുന്നത്. അതിനു മുമ്പ് 'നിണമണിഞ്ഞ കാല്പാടുകള്' (1963) എന്ന ചിത്രത്തിന്റെ കലാസംവിധായകനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ ബോയി, പോസ്റ്റര്‍ ഡിസൈനര്‍ തുടങ്ങി മറ്റു പല ജോലികളിലും ഏര്‍പ്പെട്ട മേനോന്റെ കലാജീവിതത്തിന് വലിയൊരു പരിവര്‍ത്തനം സംഭവിക്കുന്നത് 'റോസി' എന്ന ചിത്രത്തിലൂടെയാണ്. മൂന്നു പതിറ്റാണ്ടിനിടയ്ക്ക് ഇരുപത്തിമൂന്ന് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. പി.എന്‍.മേനോന്റെ സിനിമാജീവിതത്തിന്റെ പൂര്‍ണതയായി രേഖപ്പെടുത്താവുന്നതാണ് 'ഓളവും തീരവും' (1970) എന്ന ചിത്രം. 'റോസി'യില്‍ അദ്ദേഹം തുടങ്ങിവെച്ച സ്വാഭാവിക പ്രകാശത്തിന്റെ ഉപയോഗം സെറ്റുകള്‍ക്കു പുറത്തുള്ള ചിത്രീകരണം എന്നിവയുടെയൊക്കെ പൂര്‍ത്തീകരണമാണ് 'ഓളവും തീരവും'. മലയാള സിനിമയെ സ്റ്റുഡിയോ സെറ്റുകള്‍ക്ക് പുറത്തിറക്കിയ ആള് എന്ന വിശേഷണം മേനോന് നേടിക്കൊടുത്തതും ഈ ചിത്രമാണ്. 'നീലക്കുയിലി' ല്‍ തന്നെ ആരംഭിക്കുന്നുണ്ട് വാതില്‍പുറ ചിത്രീകരണങ്ങളുടെ പാരമ്പര്യം. 'നീലക്കുയിലി'ലെ വരമ്പ് പൊട്ടുന്ന രംഗം മഴയത്ത് ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍ ചിത്രീകരിച്ച അനുഭവത്തെക്കുറിച്ച് ക്യാമറാമാനായിരുന്ന വിന്‍സന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 'നീലക്കുയില്‍' മുതലിങ്ങോട്ടുള്ള പ്രധാന ചിത്രങ്ങളെല്ലാം സിനിമാ ഭാഷയോട് കൂടുതലടുക്കാന്‍ ശ്രമിച്ചുവെങ്കിലും അവയിലൊക്കെ വിടാതെ നിന്ന നാടകഭാഷാ സ്വാധീനവും നാടക അരങ്ങിനെ ഓര്‍മിപ്പിക്കുന്ന ചലനങ്ങളുമെല്ലാം പരിഹരിക്കാനുള്ള പരിശ്രമം 'ഓളവും തീര' ത്തിലുണ്ട്. ആ ചിത്രത്തിന്റെ പോസ്റ്ററുകളിലും പോസ്റ്റര്‍ ഡിസൈന്‍ കൂടിയായ മേനോന് വലിയ മാറ്റം വരുത്തുകയുണ്ടായി.
സി.എസ്.വെങ്കിടേശ്വരന് നിരീക്ഷിക്കുന്നതുപോലെ അദ്ദേഹം മലയാളത്തിലെ നവതരംഗ സിനിമയുടെ ഭാഗമായിരുന്നില്ല എന്നതുപോലെ സിനിമാവ്യവസായത്തിലെ അധികാരഘടനയുമായി പൊരുത്തപ്പെട്ട ആളുമായിരുന്നില്ല. എന്നാല്‍, ഇത്തരമൊരാളാണ് മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് നാന്ദിയായത് എന്ന് ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
1928-ല്‍ വടക്കാഞ്ചേരിയില്‍ ജനിച്ച പി.എന്‍.മേനോന് ഇരുപതാമത്തെ വയസ്സില്‍ മദ്രാസിലെത്തി. ജോലിയൊന്നും കിട്ടാതെ സേലത്തും മറ്റുമായി അലഞ്ഞ അദ്ദേഹം നിര്‍മാതാവ് ബി.നാഗിറെഡ്ഢിയുടെ മാസികയ്ക്ക് വരച്ചു നല്കിയ കവര്‍ചിത്രമാണ് ജീവിതത്തിലൊരു വഴിത്തിരിവിന് കാരണമായത്. 1951-ല്‍ വാഹിനി സ്റ്റുഡിയോയില്‍ ഒരു ചെറിയ ജോലി തരപ്പെട്ടത് അങ്ങനെയാണ്. എന്നാല്‍ അത് സംവിധായക പദവിയിലേക്കുള്ള വഴിയായി മാറാന്‍ 1965 വരെ കാത്തിരിക്കേണ്ടി വന്നു. സിനിമയിലെ മുഖ്യധാരയോടൊപ്പമാണ് മേനോന് നിലയുറപ്പിച്ചതെങ്കിലും അതിനോട് നിരന്തരം കലഹിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. 'കുട്ട്യേടത്തി' (1971), 'മാപ്പുസാക്ഷി' (1971), 'ചെമ്പരത്തി' (1972), 'പണിമുടക്ക്' (1972), 'അര്‍ച്ചനടീച്ചര്‍' (1981), 'കടമ്പ' (1983) എന്നിവയാണ് അദ്ദേഹത്തിന്റെ ഗണനീയമായ മറ്റു ചിത്രങ്ങള്‍.
'ഓളവു തീരവും' മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. സമഗ്രസംഭാവനയ്ക്കുള്ള 2001ലെ ജെ.സി ഡാനിയല്‍ അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു. 2008-ല്‍ നിര്യാതനാകുമ്പോള്‍ സിനിമയില്‍ നിന്നും അതിനകത്ത് താന്‍ സൃഷ്ടിച്ച കലാപങ്ങളില്‍ നിന്നുമെല്ലാം ഏറെ അകന്നു കഴിഞ്ഞിരുന്നു അദ്ദേഹം.
'ഓളവും തീരവും' എന്ന ചിത്രത്തിലൂടെ സാധ്യമായ പ്രതിഭാധനന്മാരുടെ സംഗമം പില്ക്കാലത്ത് ഭിന്നരീതികളില്‍ മലയാള സിനിമയെ സമ്പന്നമാക്കുകയുണ്ടായി. പി.എ.ബക്കറായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയും മങ്കട രവിവര്‍മ ക്യാമറയും ബാബുരാജ് സംഗീതവും കൈകാര്യം ചെയ്തു. ഇവരില്‍ പലരും പില്ക്കാലത്ത് സമാന്തര സിനിമാ പ്രസ്ഥാനത്തോടൊപ്പമുണ്ടായിരുന്നു. സാഹിത്യവും സിനിമയും തമ്മിലുള്ള ഗാഢബന്ധം മലയാള സിനിമയുടെ ആദ്യകാലംതൊട്ടേയുണ്ടെങ്കിലും സിനിമയെ സാഹിത്യത്തില്‍ നിന്നു വേര്‍തിരിക്കുന്നതില്‍ ആദ്യകാല സംവിധായകരുടെ പരിശ്രമം വേണ്ടത്ര വിജയിക്കുകയുണ്ടായില്ല. പി.എന്‍.മേനോന് ഇക്കാര്യത്തില്‍ കണിശമായ നിലപാടുണ്ടായിരുന്നു. സാഹിത്യത്തോട് എനിക്കത്ര കമ്പമില്ല എന്നദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. 'Remove the literature and make the film' എന്ന ബെര്‍ഗ്മാന്റെ തത്ത്വമായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. കോംപ്രമൈസ് ഇല്ലാതെ നമുക്കൊരു സിനിമയുണ്ടാക്കണം എന്ന പി.എ. ബക്കറിന്റെ നിരന്തരമായ ആഗ്രഹത്തിന് പി.എന്‍.മേനോന് ഒരുക്കിയ ദൃശ്യസാക്ഷാത്കാരമായിരുന്നു 'ഓളവു തീരവും'. പില്ക്കാലത്ത് എം.ടി.വാസുദേവന്‍ പി.എന്‍.മേനോനെക്കുറിച്ച് ഇങ്ങനെ എഴുതി:
“ സത്യജിത്റായിയുടെ സ്വാധീനം ഇന്ത്യന്‍ സിനിമയിലെ നവാഗതരില്‍ മുഴുവന്‍ ശക്തമായി നിന്ന കാലത്താണ് പി.എന്‍.മേനോനും സിനിമയെടുത്തത്. റേയുടെ ഭാവഗീത സദൃശ്യമായ മന്ദതാളക്രമം വിട്ട് ചടുലവും പ്രക്ഷുബ്ദവുമായ ഒരവതരണരീതി സ്വയം കണ്ടെത്തി എന്നതാണ് പി.എന്‍.മേനോന്റെ പ്രസക്തി” (പി.എന്‍.മേനോന്/കേരള ചലച്ചിത്ര അക്കാദമി)സമാന്തര സിനിമ, സമാന്തര വഴികള്‍
'ഓളവു തീരവും' സൃഷ്ടിച്ച ഭാവുകത്വമാറ്റങ്ങളെ പിന്തുടര്ന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' (1972) പുറത്തുവന്നത് മലയാള സിനിമയിലെ നവസിനിമാ പ്രസ്ഥാനത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. 1965-ല്‍ ചിത്രലേഖാ ഫിലിം സൊസൈറ്റിയുടേയും തുടര്‍ന്നുള്ള വര്‍ഷങ്ങളിലുണ്ടായ മറ്റുഫിലിം സൊസൈറ്റികളുടെയും രൂപീകരണഫലമായി മലയാളി സിനിമാപ്രേക്ഷകരുടെ ഭാവുകത്വത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ മൂര്‍ത്തരൂപമായാണ് 'സ്വയംവരം' പുറത്തുവരുന്നത്. ഫിലിം സൊസൈറ്റികള്‍ 'സ്വയംവര' ത്തിന് വ്യാപകമായ പ്രദര്‍ശനവേദിയൊരുക്കുകയും ചെയ്തു. എങ്കിലും വ്യത്യസ്തമായ ആവിഷ്ക്കാരരീതികൊണ്ടും മറ്റും പ്രേക്ഷകര്‍ ആദ്യഘട്ടത്തില്‍ വേണ്ടവിധം സ്വീകരിക്കാതിരുന്ന പ്രസ്തുത ചിത്രം നാല് ദേശീയ അവാര്‍ഡുകള്‍ (മികച്ച ചിത്രം, സംവിധായകന്, ഛായാഗ്രാഹകന്‍, നടി) നേടിയതോടെയാണ് വീണ്ടും ശ്രദ്ധയിലെത്തുന്നത്. 'തുലാഭാര' (1968)ത്തിലെ അഭിനയത്തിലൂടെ ശാരദയ്ക്ക് നേരത്തെ തന്നെ ഉര്‍വശി അവാര്‍ഡ് ലഭിച്ചിരുന്നു. രണ്ടാമത്തെ അവാര്‍ഡാണ് 'സ്വയംവര' ത്തിലൂടെ ലഭിച്ചത്.
'ഓളവുംതീര' ത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു 'സ്വയംവരം'. 'സ്വയംവര' ത്തില്‍ ആരോപിക്കപ്പെടുന്ന കാവ്യാംശങ്ങളില്‍ പലതും അതിനും മുന്നേ 'ഓളവും തീരവും' എന്ന ചിത്രത്തില്‍ മുഖം കാട്ടിയിരുന്നു. ചലച്ചിത്ര സ്വഭാവം പുലര്‍ത്തുന്ന രീതിയില്‍ ഷോട്ടുകള്‍ കമ്പോസ് ചെയ്യപ്പെട്ടിരുന്നു എന്നതാണ് 'ഓളവു തീര' ത്തിന്റെ ഒന്നാമത്തെ പ്രത്യേകത. പാശ്ചാത്തല സംഗീതം നിയന്ത്രിക്കപ്പെട്ടിരുന്നു. സംഭാഷണങ്ങളില്‍ മിതത്വം പാലിക്കപ്പെട്ടിരുന്നു. ചലച്ചിത്ര ഭാഷയ്ക്കനുയോജ്യമായ ഒരു കൊച്ചുകഥ ഉചിതമായ ഭാവികാസം പ്രാപിച്ചതായിരുന്നു 'ഓളവും തീരവും'. (വിജയകൃഷ്ണന്/മലയാള സിനിമയുടെ കഥ).എന്നാല്‍ 'സ്വയംവര' ത്തിനു ശേഷം മലയാള സിനിമ കച്ചവട സിനിമയെന്നും കലാസിനിമയെന്നും രണ്ടു വ്യത്യസ്ത വഴികളിലൂടെയാണ് മുന്നോട്ടു പോയത്. കലാസിനിമയുടെ വഴിയില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒട്ടേറെ സംവിധായകരും മികച്ച സിനിമകളുമുണ്ടായി. ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ മലയാള സിനിമ ആദരിക്കപ്പെട്ടു. 1970-കള്‍ക്കു മുന്‍പ് പ്രകടമല്ലാതിരുന്ന കച്ചവട സിനിമ എന്ന സങ്കല്പം, അതില്‍ നിന്ന് കലാത്മകത പൂര്‍ണമായും വിട്ടകന്നപ്പോള്‍ കൂടുതല്‍ കലാവിരുദ്ധമാവുകയാണുണ്ടായത്. ലൈംഗികത, സംഘട്ടനങ്ങള്‍ എന്നിവ പുതിയ വിപണന ചേരുവകളായി അവയില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ പി.ഭാസ്ക്കരന്‍ മുതല്‍ പി.എന്‍.മേനോന് വരെയുള്ളവരുടെ പിന്തുടര്ച്ചയും കച്ചവട സിനിമയില്‍ ഉണ്ടായി. പ്രതിഭാധനരായ ചില സംവിധായകര്‍ അവയുടെ തുടര്‍ച്ചയായി ഹൃദ്യമായ ചില ചിത്രങ്ങളൊരുക്കുകയും ചെയ്തു.
'കൊടിയേറ്റ' ത്തിനു ശേഷംമുള്ള കാലത്ത് പി.ഭാസ്ക്കരനും രാമു കാര്യാട്ടും വിന്‍സന്റും പി.എന്‍.മേനോനും എടുത്ത ചിത്രങ്ങളൊന്നും 'കൊടിയേറ്റ'ത്തേയോ തങ്ങളുടെ തന്നെ എറ്റവും മികച്ച ചിത്രങ്ങളേയോ കവച്ചുവെയ്ക്കുന്ന അനുഭവങ്ങളായില്ല. 'കൊടിയേറ്റ'ത്തിനു ശേഷം അതിലും താണതരത്തിലുള്ള പരീക്ഷണങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമുണ്ടായിരുന്നില്ല.
പി.ഭാസ്ക്കരന്‍ മുതല്‍ പി.എന്മേനോന് വരെയുള്ള നാലുപേരില്‍ 1954 മുതല്‍ 1970 വരെയുള്ള
കാലഘട്ടത്തിലെ സിനിമയിലെ പരിവര്‍ത്തന ശ്രമങ്ങളെ സംക്ഷേപിക്കാമെങ്കിലും മറ്റൊരു സംവിധായകനും ഒരേ ഒരു സിനിമയും പരാമര്‍ശമഹിക്കുന്നുണ്ട്. പി.രാമദാസ് സംവിധാനം ചെയ്ത 'ന്യൂസ്പേപ്പര്‍ ബോയ്' (1955) ആണ് ആ സിനിമ. നിയോറിയലിസത്തിന്റെ പാത പിന്തുടര്ന്ന് മലയാളത്തിലുണ്ടായ ആദ്യ സിനിമയാണത്. മലയാള സിനിമയുടെ പരിണാമത്തില്‍ പരാമര്ശിക്കപ്പെടാതെ പോകാന്‍ പാടില്ലാത്ത പേര്.


സ്വതന്ത്രാസ്തിത്വമുള്ളവരായിരിക്കുകയും ചെയ്തവരെക്കുറിച്ചുകൂടി പറയുമ്പോഴേ ഇത് പൂര്‍ത്തിയാകുകയുള്ളൂ. ടി.കെ.പരീക്കുട്ടി, കണ്മണി ബാബു, ശോഭനാ പരമേശ്വരന് നായര്‍, പി.എ.ബക്കര്‍
എന്നീ നിര്‍മാതാക്കള്‍, ഉറൂബ്, ബഷീര്‍, എം.ടി എന്നീ എഴുത്തുകാര്‍, രാഘവന്, ബാബു രാജ് എന്നീ സംഗീതസംവിധായകര്‍, പി.ദേവദാസ് എന്ന ശബ്ദലേഖകന്‍, മധു എന്ന നടന് എന്നിവരുടെ നിരന്തര സാന്നിദ്ധ്യമാണ് മേല്പറഞ്ഞ സംവിധായകരുടെ മികച്ച സൃഷ്ടികളുടെ പൂര്‍ണ്ണത. മൂന്നു ചിത്രങ്ങളിലെ ('ചെമ്മീന്‍', 'ഭാര്‍ഗവീനിലയം', 'ഓളവു തീരവും') പ്രധാന നടനായിരുന്നു മധു. സാഹിത്യവും സാഹിത്യകാരന്മാരോടുള്ള ആഭിമുഖ്യവുമായിരുന്നു അക്കാലത്തിന്റെ കരുത്തെങ്കിലും അനിവാര്യമാം വിധം സാഹിത്യത്തെ തിരസ്ക്കരിച്ച് സിനിമയുടെ ദൃശ്യഭാഷ കണ്ടെത്താനും ആ കാലത്തിന് കഴിഞ്ഞു. താനടക്കമുള്ളവര്‍ തിരിച്ചറിയപ്പെടുന്ന ഒരു ഭാവികാലം പി.എന്‍.മേനോന് മനസ്സില്‍ കണ്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനെ പറയാന്‍ കഴിഞ്ഞത്:
“ ഒരു സത്യം- ഇന്നല്ലെങ്കില്‍ നാളെ വളര്‍ന്നു വരുന്ന തലമുറയെങ്കിലും എന്റെ പടങ്ങള്‍ കാണും. അതിന്റെ കോപ്പികള്‍ എവിടെയെങ്കിലും കാണാതിരിക്കില്ല. അത് അവര്‍ അന്വേഷിച്ചു കണ്ടുപിടിക്കും. അവര്‍ മനസ്സുകൊണ്ട് കൈയടിക്കും. എന്നെ ഓര്‍ക്കും. അതുമതി. ഞാന്‍ എന്റെ പടങ്ങള്‍ ഉണ്ടാക്കി എന്ന വിശ്വാസം എനിക്കുണ്ട്. ചരിത്രത്തില്‍ പേരു കുത്തുവാന്‍ വേണ്ടിയല്ല പറയുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു വരിയെങ്കിലും പറഞ്ഞാല്‍ ഞാന്‍ ധന്യനാണ്.”അതെ, മനസ്സുകൊണ്ട് കൈയടിച്ചുകൊണ്ടിരിക്കുന്നു.
റഫറന്‍സ്:
1. വിജയകൃഷ്ണന് - മലയാള സിനിമയുടെ കഥ.
2. കെ.ജെ.ജോണി/സി.വേണുഗോപാല്‍-സിനിമയുടെ കാല്പാടുകള്
3. ഗൗതമന് ഭാസ്ക്കരന്‍- അടൂര്‍ ഗോപാലകൃഷ്ണന്:സിനിമയില്‍ ഒരു ജീവിതം
4. സി.എസ്.വെങ്കിടേശ്വരന്-ഐ.എഫ്.എഫ്.കെ. 2008 Hand Book
(കടപ്പാട്: സമകാലിക മലയാളം വാരിക,ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍ പ്രത്യേക പതിപ്പ്,2012 മെയ് 31)