ദേശീയതയുടെ ഏറ്റവും മൂര്‍ത്തമായ കലാരൂപമാണ് സിനിമ. ദേശത്തിന്റെ ഭൂമിശാസ്‌ത്രപരവും സാംസ്‌കാരികവുമായ അഴകളവുകളെ അത് `കാലത്തില്‍ കൊത്തിയ ശില്‌പങ്ങ' ളാക്കി മാറ്റുന്നു. ദേശീയത എന്ന ആശയം രൂപപ്പെട്ട് ഏറെക്കഴിയുന്നതിനുമുമ്പ് പിറവി കൊണ്ടതാണ് സിനിമ എന്ന കലാരൂപം. ദേശീയതയ്‌ക്കൊപ്പം പിറവിയെടുത്ത നോവല്‍ എന്ന കലാരൂപത്തിന് സാധിക്കാത്ത ആഖ്യാനമികവ് സാങ്കേതികതയുടെ കൂടി സഹായത്തോടെയാണ് സിനിമ കൈവരിച്ചത്. ഇതര കലാരൂപങ്ങളെ അപേക്ഷിച്ച് സിനിമകളാണ് ദേശരാഷ്‌ട്രങ്ങളുടെ പേരില്‍ ഏറെ അറിയപ്പെട്ടതും. എന്നാല്‍ അതേ സിനിമകള്‍ തന്നെയാണ് ദേശാതിര്‍ത്തികള്‍ ലംഘിച്ചുകൊണ്ട് ആസ്വാദനത്തെ സാര്‍വ്വലൗകികമാക്കുകയും ചെയ്‌തത്.
ഇറ്റാലിയന്‍ സിനിമകള്‍ ഫ്രഞ്ച് നവതരംഗ സിനിമകള്‍ ഇറാനിയന്‍, കൊറിയന്‍ സിനിമകള്‍ എന്നിവയെല്ലാം അവയുടെ ദേശപരമായ സ്വത്വങ്ങളെ അടയാളപ്പെടുത്തി ക്കൊണ്ട് നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ മഗ്‌രിബ് സിനിമകള്‍ എന്നൊരു വിഭാഗം മലയാളികള്‍ക്ക് മുന്‍പരിചയമില്ലാത്തതാണ്. അത് ഒറ്റ രാജ്യത്തിന്റെ പേരല്ലെന്നും മൂന്ന് രാജ്യങ്ങളുടെ (അള്‍ജീരിയ, ടുണീഷ്യ, മൊറോക്കോ) കൂട്ടായ്‌മയാണ് അതുകൊണ്‌ര്‍ത്ഥമാക്കുന്നതെന്നും അധികം പേര്‍ക്കറിയണമെന്നില്ല. ഭൂമിശാസ്‌ത്ര പരമായ പ്രത്യേകതകളും, സാമ്പത്തികമായ കൊടുക്കല്‍ വാങ്ങലുകളും, കൊളോണിയല്‍ അധിനിവേശങ്ങളുടെ ഭൂതകാലവുമാണ് ഈ രാജ്യങ്ങളെ ഒന്നിച്ചുനിര്‍ത്തുന്ന ചരട്. സ്വതന്ത്രരാഷ്‌ട്രങ്ങളായിരിക്കുമ്പോള്‍ തന്നെ ഈ സമാനതകള്‍ അവര്‍ പങ്കുവെക്കുന്നു. മഗ്‌രിബ് സിനിമകള്‍ എന്ന പൊതുസംജ്ഞകൊണ്ട് വ്യവഹരിക്കാവുന്ന വിധം അവരുടെ സിനിമയെയും വേറിട്ട അനുഭവമാക്കുന്ത് ഇതേ ഘടകങ്ങള്‍ തന്നെയാണ്.
കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ ``മഗ്‌രിബ് സിനിമ ചരിത്രവും വര്‍ത്തമാനവും'' എന്ന പുസ്‌തകം മഗ്‌രിബ് എന്ന `രാഷ്‌ട്രസങ്കല്‌പ' ത്തെ വിശദമായി പരിചയപ്പെടുത്തുന്നതോടൊപ്പം ഫ്രഞ്ച്, ഈജിപ്‌ത്, അറബ് സിനിമകളില്‍നിന്ന് വ്യതിരിക്തമായ ഒരു സിനിമാസങ്കല്‌പം, അവിടെ എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ വിശദീകരണവുമാണ്. ഭൂമിശാസ്‌ത്ര പശ്ചാത്തലത്തലൂന്നി ഇറാനിയന്‍ സിനിമയുടെ സൗന്ദര്യതലം വിശകലനം ചെയ്യുന്നപഠനം നടത്തിയിട്ടുള്ള ആളാണ് കുഞ്ഞിക്കണ്ണന്‍. ഇറാനിയന്‍ സിനിമകളെ സമഗ്രമായി പരിശോധിക്കുന്ന മലയാളത്തിലെ ഏക പഠനഗ്രന്ഥവുമാണത്.
വംശീയമായും ഭാഷാപരമായും മിശ്രമാണെങ്കലും മഗരിബുകാര്‍ അറബ് ജനതയാണ്. ഫ്രഞ്ച്‌കോളനി യായിരുന്ന അള്‍ജീരിയ 1962ലാണ് സ്വാതന്ത്ര്യം നേടുന്നത്. മൊറോക്കോ, ടുണീഷ്യ തുടങ്ങിയവ അതിനു ശേഷവും. സ്വാതന്ത്ര്യാനന്തരമാണ് ഈ മൂന്നു രാജ്യങ്ങളിലെയും സിനിമകള്‍ക്ക് കൂടുതല്‍ ദിശാബോധവും മൂര്‍ച്ഛയും കൈവരുന്നത്. കലാപരമെന്നതിനേക്കാള്‍ ദേശീയസ്വത്വവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കാ യിരുന്നു അവയില്‍ പ്രാമുഖ്യം. ഈജിപ്‌ത്, ഫ്രഞ്ച് സിനിമകളുടെ ആധിപ്യത്തില്‍ നിന്നുള്ള വിമോചനം കൂടിയായിരുന്നു സ്വാതന്ത്ര്യാനന്തര സിനിമകള്‍.
ആറു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള മഗ്‌രിബില്‍ ഏകദേശം എണ്ണൂറിലധികം സിനിമാശാലകളുണ്ട്. അള്‍ജീരിയയില്‍ സിനിമകളുടെ കുത്തക രാഷ്ട്രത്തിനാണ്. ടുണീഷ്യയില്‍ സ്വകാര്യ, പൊതുമേഖലകളിലും മൊറോക്കോയില്‍ സ്വകാര്യ മേഖലയില്‍ മാത്രമായും നിലനില്‍ക്കുന്നു. വ്യക്തികള്‍ എന്ന നിലക്ക് സിനിമകളുടെ മുതല്‍ മുടക്ക് നേരിടാന്‍ പലരും പ്രാപ്‌തരല്ല. സര്‍ക്കാരില്‍ നിന്നുള്ള സഹായം പരിമിതവുമാണ്. ഇത്തരം സാഹചര്യത്തിലാണ് ഫ്രാന്‍സുമായി സഹകരിച്ചുകൊണ്ടുള്ള സംയുക്തസംരംഭങ്ങളായി സിനിമകളുണ്ടാവുന്നത്. പതിമൂന്നാംഅന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കേരളത്തില്‍ പ്രദര്‍ശിപ്പിച്ച The yellow house(സംവിധാനം: അമര്‍ ഹാക്കര്‍) എന്ന ഫ്രഞ്ച് അള്‍ജീരിയന്‍ സംയുക്തചിത്രം, ആ സിനിമ കണ്ടവരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും വലിയ ഫിലിം സൊസൈറ്റികള്‍ നിലനില്‍ക്കുന്നത് ടുണീഷ്യയിലാണ്. മഗ്‌രിബ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്‌ത്രീസംവിധായികമാരുള്ളതും ടുണീഷ്യയില്‍ത്തന്നെ. കൊളോണിയല്‍ അധിനിവേശത്തിനെതിരെ സ്‌ത്രീകള്‍ നടത്തുന്ന ചെറുത്തുനില്‍പ്പും മഗ്‌രിബ് സിനിമകളുടെ സവിശേഷതകളിലൊന്നാണ്.
‘ഇരുണ്ട‘തോ, ‘അജ്ഞാത‘മോ ആയ ഭൂപ്രദേശത്തിലേക്കും സംസ്‌കാരത്തിലേക്കുമുള്ള അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും വിളംബരമല്ല കുഞ്ഞിക്കണ്ണന്റെ പുസ്‌തകം. മഗ്‌രിബ് രാജ്യങ്ങളുടെ രാഷ്‌ട്രീയവും സാംസ്‌കാരികവുമായ സ്വത്വത്തിന്റെ ആഖ്യാനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് മറ്റൊരു കാര്യമാണ്. ഒരു രാജ്യത്തിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും കേവലമായി പഠിക്കുന്നതിന്റെയും സംസ്‌കാര ചരിത്രത്തിന്റെ ഭാഗമായി പഠിക്കുന്നതിന്റെയും വ്യത്യാസമാണത്. പഠനമേഖല സിനിമയാകുമ്പോള്‍ ചരിത്രത്തെയും ഭൂമിശാസ്‌ത്രത്തെയും കൂടി അതിന് അനായാസം ഉള്‍ക്കൊള്ളാനും കഴിയുന്നു.
മഗ്‌രിബ് സിനിമ ചരിത്രവും വര്‍ത്തമാനവും
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
അടയാളം പുബ്ലിക്കേഷന്‍സ്, തൃശ്ശൂര്‍.
വില:75.00