Sunday, September 26, 2010

ശരീരനാട്യവും നാട്യശരീരവും

ചെമ്മീനിലെ കറുത്തമ്മയെയും കള്ളിച്ചെല്ലമ്മയിലെ ചെല്ലമ്മയെയും അത്തരത്തില്‍ നിരവധി സത്രീ കഥാപാത്രങ്ങളെയും മലയാളസിനിമയിലവതരിപ്പിച്ച വിഖ്യാത നടി ഷീലയുടെ പേരില്‍ ഒരു ഫാന്‍സ്‌ അസോസിയേഷന്‍ ഇല്ലാത്ത്‌ എന്തു കൊണ്ടാണ്‌? ശാരദ, രാഗിണി, വിജയശ്രീ, ജയഭാരതി, ശാന്തികൃഷ്‌ണ, കാര്‍ത്തിക, മഞ്‌ജുവാര്യാര്‍, മീരാജാസ്‌മിന്‍, തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ നടികളിലാരുടെ പേരിലുംഫാന്‍സ്‌ അസോസിയേഷനുകള്‍ നിലവിലില്ല എന്ന്‌ ഏവര്‍ക്കുമറിയാം. ഒരു അഭിനേത്രിക്കും അങ്ങനെയൊരാനുകൂല്യം മലയാളികള്‍ നല്‍കിയിട്ടില്ല. സിനിമയും, ജീവിതവും, അത്രമേല്‍ ഇടകലര്‍ന്ന തമിഴ്‌നാട്ടില്‍ ജയലളിതയെ മുഖ്യമന്ത്രിയാക്കി ബഹുമാനിക്കുകയും ഖുശ്‌ബുവിനെ അമ്പലം പണിത്‌ ആരാധിക്കുകയും ചെയ്‌തുവെങ്കിലും, അവരുടെ ആരുടേയും പേരില്‍ ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടായില്ല.
എന്നാല്‍ തമിഴിലും മലയാളത്തിലുമൊക്കെ നായകനടന്മാരുടെ പേരില്‍ നിരവധി ഫാന്‍സ്‌ അസോസിയേഷനുകളുണ്ടെന്ന്‌ നമുക്കറിയാം. `അനശ്വരതാബോധം'എന്ന ആണധികാരത്തിന്റെ
സൂക്ഷ്‌മപ്രയോഗമാണിതെന്ന്‌ പി. എന്‍. ഗോപീകൃഷ്‌ണന്‍ അഭിപ്രായപ്പെടുന്നു. (നായകന്‍, സമകാലിക മലയാളം, ജൂലൈ 30) (സ്‌ത്രീകള്‍ക്ക്‌ ഗര്‍ഭപാത്രമുള്ളതിനാല്‍ അനശ്വരതയോട്‌ കൊതി കുറയും;എന്നാല്‍ ഗര്‍ഭപാത്രമില്ലാത്ത ആണുങ്ങള്‍ക്ക്‌ കൂടും). ഒരു സിനിമയുടെ സാമ്പത്തിക വിജയത്തെ മെച്ചപ്പെടുത്തുന്നതില്‍ ഫാന്‍സ്‌ അസോസിയേഷനുകള്‍ പങ്കുവഹിക്കുന്നുണ്ടാവാം. തങ്ങളുടെ താരത്തിന്റെ എല്ലാ ചിത്രങ്ങളെയും പ്രമോട്ടു ചെയ്യാന്‍ അവര്‍ ശ്രമിക്കുന്നുണ്ടോ?
ഏതൊക്കെ സിനിമകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം എന്ന്‌ അവര്‍ യോഗം ചേര്‍ന്ന്‌ തീരുമാനിമെടുക്കുകയാണോ? അഥവാ താരം തന്നെ ഫാന്‍സുകള്‍ക്ക്‌ അത്തരം നിര്‍ദ്ദേശങ്ങളെന്തെങ്കിലും നല്‍കുന്നുണ്ടോ? ഇതില്‍ ആദ്യത്തെ ചോദ്യത്തിന്‌ `ഇല്ല'
എന്നാണുത്തരം. മറ്റു രണ്ടു ചോദ്യങ്ങളുടെ ഉത്തരം നാം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
ഒരു താരത്തിന്റെ, ജനപ്രിയ ചേരുവകകളുള്ളതെന്ന്‌ മുന്‍കൂട്ടി നിശ്ചയിക്കുന്ന സിനിമകളല്ലാതെ മറ്റു സിനിമകള്‍
പ്രോത്സാഹിപ്പിക്കാനുള്ള യാതൊരു പരിശ്രമവും ഫാന്‍സുകാര്‍ നടത്താറില്ല എന്നതാണ്‌ അനുഭവം. (അഥവാ അത്തരം പരിശ്രമം കൊണ്ട്‌ എന്തെങ്കിലും മെച്ചം സമാന്തര സിനിമ/കലാമൂല്യമുള്ള സിനിമയ്‌ക്ക്‌ കൈവരാനുമില്ല. താരങ്ങളുടെ അഭിനയമികവ്‌ ആ സിനിമകളുടെ പ്രധാനമൂലധനം തന്നെയാണെന്ന വസ്തുത വിസ്മരിക്കുന്നില്ല.) ഫാന്‍സുകള്‍ ജനപ്രിയ സിനിമകളുടെ ലോകത്തുനിന്ന് ഉയിര്‍ കൊണ്ടതാണെന്നു വ്യക്തമാക്കുന്നതാണിത്.

താരം: വ്യക്തിത്വവും ശരീരവും
ജനപ്രിയ സിനിമകളുടെ സാമ്പത്തിക വിജയം താരമൂല്യം, സംഗീതം, നൃത്തം, സ്റ്റണ്ടുകള്‍ എന്നിങ്ങനെ സിനിമയുടെ മൊത്തം ഘടനയില്‍ ഉള്‍ചേര്‍ന്നു നില്‍ക്കേണ്ട ഘടകങ്ങളില്‍ ചിലതിന്റെ ഒറ്റ തിരിഞ്ഞ വളര്‍ച്ചയില്‍ നിന്ന്‌ സംഭവിക്കുന്നതാണ്‌. ഇവയില്‍താരമൂല്യത്തെ പൊലിപ്പിച്ചെടുക്കുക എന്നതാണ്‌ ഫാനുകള്‍ക്ക്‌ ചെയ്യാനുള്ളത്‌.
താരവ്യക്തിത്വത്തെയും താരശരീരത്തെയും, സിനിമക്ക്‌ പുറത്തേക്ക്‌ വളര്‍ത്തിയെടുക്കുന്നതിന്‌, താരത്തിന്റെ

പേരില്‍ സൗജന്യ അരിവിതരണം, രക്തദാനം, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മനുഷ്യോപകാരപ്രദമായ നിരവധി പ്രവൃത്തികള്‍ ചെയ്യുന്ന ആളായി താരത്തെ അവതരിപ്പിക്കുന്നു. കേരളത്തില്‍ ഇത്‌ മനുഷ്യന്റെ തലത്തില്‍ നില്‍ക്കുമെങ്കില്‍ തമിഴ്‌നാട്ടിലും മറ്റും ഇത്‌ ദൈവികതയോളമെത്തും. സിനിമയിലെ താരജീവിതത്തിന്റെ ഒരു നീട്ടലാണിത്‌. എന്നാല്‍ സിനിമയ്‌ക്ക്‌ പുറത്ത്‌ താരം നടത്തുന്നതായി ആരോപിക്കപ്പെടുന്ന ഈ പ്രകടനങ്ങളിലൊന്നുപോലും സിനിമയുടെ ആന്തരിക സത്തയെ വര്‍ദ്ധമാനമാക്കുന്നില്ലെന്ന്‌ ആര്‍ക്കുമറിയാം. ഗൗരവചിന്ത വേണ്ട സിനിമയിലെ ഒരു നായകരൂപത്തിന്‌ ഈ വിധം പുറത്തേക്കൊരു വളര്‍ച്ച അസാധ്യമായതിനാല്‍, ഫാന്‍സുകളുടെ ഇടപെടല്‍ അവിടെ അപ്രസക്തമായിത്തീരുന്നു.
സിനിമയുടെ അകം/പുറം എന്ന രീതിയില്‍ രൂപ്പെട്ടുകിടക്കുന്ന നായക രൂപങ്ങളുടേയും ഫാന്‍സുകളുടേയും പൊരുത്തം ജനപ്രിയ സിനിമകളുടെ ചേരുവയില്‍ നിന്നുതന്നെയാണ്‌ ഉത്‌പാദിപ്പിക്കപ്പെടുന്നതെന്ന്‌ കാണാം. കഴിഞ്ഞ പത്തിരുപത്‌ വര്‍ഷങ്ങള്‍ക്കിടയില്‍ പുറത്തുവന്ന ഇത്തരം ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഏറെയെണ്ണത്തിലും നായക കഥാപാത്രത്തെ സദാ സമയവും അനുഗമിക്കുന്നൊരു അനുയായി വൃന്ദത്തെ കാണാം. അന്യായങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ അയാളോടൊപ്പം നില്‍ക്കുന്നവരാണവര്‍. നായകന്‌ മദ്യം പകര്‍ന്നുകൊടുക്കുക, വാഹനമോടിക്കുക, അയാള്‍ പറയുന്ന തമാശകള്‍ കേട്ട്‌ ചിരിക്കുക, പരിഹാസത്തിന്‌ പാത്രമായി നില്‌ക്കുക, അയാള്‍ ക്കുവേണ്ടി തല്ലുകൊള്ളുക ഇത്യാദി കാര്യങ്ങളാണ് അവര്‍ക്ക്‌ ചെയ്യാനുള്ളത്‌. നായകനേക്കാള്‍ ബുദ്ധിയും പ്രാപ്‌തിയും കായികബലവും പക്വതയും കുറഞ്ഞവരാണവര്‍. നായകന്റെ സാന്നിദ്ധ്യത്തെ ഒരാഘോഷമാക്കി മാറ്റുകയും അയാളുടെ അസാന്നിദ്ധ്യത്തില്‍ ആ ശൂന്യത പൂരിപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍. (എന്നാല്‍ ആദ്യ മലയാള സിനിമകളില്‍ ഇത്തരത്തിലുള്ള ഒരു വൃന്ദം ഉണ്ടായിരുന്നില്ല. നായകന്റെ സുഹൃത്തുക്കളായി ഒന്നോ രണ്ടോ പേര്‍ മാത്രം.) സിനിമയിലെ അനുയായി വൃന്ദം അതിനുള്ളില്‍ പെരുപ്പിച്ചെടുക്കുന്ന നായകരൂപത്തെ സിനിമയ്‌ക്കു പുറത്തേക്ക്‌ വികസിപ്പിച്ചതാണ്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍.
ജനപ്രിയ സിനിമയുടെ നായകരൂപത്തിന്റെ ഘടനക്കത്തുനിന്നുതന്നെയാണ്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ ഉടലെടുക്കുന്നത്‌ എന്ന കാരണത്താല്‍ നായികമാരുടെ പേരിലോ, നായകേതര പുരുഷന്മാരുടെ പേരിലോ ഒരു ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാവുക സാധ്യമല്ല. നായികയോടൊപ്പം

അടിപിടിയുണ്ടാക്കുകയും ആര്‍ത്തുല്ലസിക്കുകയും ചെയ്യുന്ന ഒരു പെണ്‍കൂട്ടം നമ്മുടെ സിനിമയിലില്ല. സമീപകാലത്തിറങ്ങിയ കാമ്പസ്‌ ചിത്രങ്ങളിലും മറ്റും ധിക്കാരികളായ പെണ്‍കുട്ടികളെ കണ്ടേക്കാമെങ്കിലും അവര്‍ ഇടവേളക്കു മുന്‍പായി കഥാഘടനയില്‍ നിന്ന്‌ പുറത്താക്കപ്പെടുകയോ പൊതുസാമൂഹ്യ ഘടനയ്‌ക്ക്‌ കീഴ്‌പ്പെടുകയോ ചെയ്‌തിരുക്കും. പിന്നീട്‌ മിക്കവാറും ഒറ്റയ്‌ക്കാണ്‌ നായികയുടെ പൊരാട്ടം. അടുത്തകാലം വരെയും നായികയ്‌ക്കും ഒന്നോ, രണ്ടോ കൂട്ടുകാരകളെ ഉണ്ടായിരുന്നുള്ളൂ. കള്ളിച്ചെല്ലമ്മയ്‌ക്കും കറുത്തമ്മയ്‌ക്കുമൊപ്പം വലിയൊരു സ്‌ത്രീ സമൂഹം ആദ്യവസാനമുണ്ടായില്ല. സിനിമയുടെ പര്യവസാനത്തില്‍, സര്‍വ്വവിജയിയായി നില്‍ക്കുന്ന നായകനോടൊപ്പം ഗ്രൂപ്പ്‌ ഫോട്ടോയില്‍ അണിനിരക്കാന്‍ തുടക്കം മുതലേയുള്ള അനുയായി വൃന്ദമുണ്ടാവും. നായികയ്‌ക്ക്‌ അത്തരമൊരു വിജയം അസംഭാവ്യമാകയാല്‍ ഗ്രൂപ്പ്‌ ഫോട്ടോയുടെ ആവശ്യം വരുന്നില്ല. ഒറ്റപ്പെട്ട നായികാ വിജയങ്ങളിലാകട്ടെ, അതിന്റെ അവകാശിയായി കൂടെ നായകനുമുണ്ടാകും. കുടുംബത്തിലെന്നപോലെയാണ്‌ സിനിമയിലും കാര്യങ്ങള്‍. നടികളുടെ താരവ്യക്തിത്വം സിനിമകള്‍ക്കകത്തു മാത്രം പ്രവര്‍ത്തനക്ഷമമാക്കുമ്പോള്‍, നടന്റേത്‌ സിനിമക്ക്‌ പുറത്തേക്കും വ്യാപിക്കുന്നു.

ഒരു കാലത്തിന്റെ നായികമാര്‍.
എന്തുകൊണ്ടാണ്‌ നായികാ നടിയുടെ പേരില്‍ ഒരു സിനിമ അറിയപ്പെടാത്തതെന്നുള്ള ചോദ്യത്തിനുള്ള ഉത്തരവും ഇതിലടങ്ങിയിട്ടുണ്ട്‌. നായികമാര്‍ മികച്ച അഭിനയം കാഴ്‌ചവച്ച ചിത്രങ്ങളിലൊന്നുപോലും അവരുടെ പേരിലല്ല അറിയപ്പെടുന്നത്‌. ആദ്യ കാല ചിത്രങ്ങളില്‍ സത്യന്‍, മധു, നസീര്‍, തുടങ്ങിയവര്‍ക്കൊക്കെയാണ്‌ അതിന്റെ ക്രഡിറ്റ്‌ ലഭിച്ചത്‌. ഓര്‍മ്മകളിലെങ്കിലും നമ്മുടെ നായികമാരുടെ അഭിനയത്തിന്റെ അനുപാത ക്രമത്തോട്‌ നീതി പുലര്‍ത്തണമെന്ന്‌ നമുക്ക്‌ തോന്നിയിട്ടില്ല.
ആദ്യകാലസിനിമകള്‍ നടികളുടെ പേരില്‍ അറിയപ്പെട്ടില്ലെങ്കിലും അവരുടെ അഭിനയമികവ്‌
ആദരിക്കപ്പെട്ടിരുന്നു . ഇക്കാലത്ത്‌ പ്രധാന താരശരീരങ്ങള്‍ തിരശ്ശീലയും നിറഞ്ഞ്‌ പുറത്തേക്ക്‌ വലുതായി ക്കൊണ്ടിരിക്കുമ്പോള്‍ നായികമാരട ക്കമുള്ള മറ്റു നാട്യശരീരങ്ങള്‍ മൂലകളിലേക്ക്‌ മാറ്റി നിര്‍ത്തപ്പെടുന്നു. എന്നാല്‍ നായക ശരീരങ്ങളുടെ ഭീഷണ സാന്നിദ്ധ്യമില്ലാത്ത ചില ചിത്രങ്ങളെങ്കിലും മലയാളത്തില്‍ നായികമാരുടെ പേരിലറിയപ്പെടുകയുണ്ടായി. അഭിലാഷ, സില്‍ക്ക്‌സ്‌മിത, ഷക്കീല തുടങ്ങിയ ചില നടികള്‍ക്കാണ്‌ ഇങ്ങനെയൊരാദരവ്‌ ലഭിച്ചതെന്നത്‌ ഒരു ഐറണിയായി തോന്നാം. ആ ചിത്രങ്ങളുടെ പ്രമേയവും, അവയില്‍ നടിമാരവതരിപ്പിച്ച കഥാപാത്രങ്ങളുടെ സ്വഭാവവും ഏവര്‍ക്കുമറിയാം. മികച്ച ഒരു നായക നടന്‍ അത്തരം ചിത്രങ്ങളില്‍ ഉണ്ടാകാതിന്നതിനാലും, അതിന്റെ ആവശ്യകത ഇല്ലാതിരുന്നതിനാലും, അവര്‍ക്ക്‌ നടികളുടെ സാന്നിധ്യത്തെ പാര്‍ശ്വവത്‌ക്കരിക്കാന്‍ കഴിഞ്ഞില്ല. ഈ നടികളാവട്ടെ തങ്ങളുടെ നാട്യശരീരം കൊണ്ട്‌ ഒരു ആണ്‍ സമൂഹത്തെ ഒന്നടങ്കം നായന്മാരാക്കി എതിരില്‍ നിര്‍ത്തി. അങ്ങനെ അവര്‍ ഒരു കാലത്തിന്റെ, ഒരു സമൂഹത്തിന്റെ ആകെ നായികമാരായി.
ഇരുപത്തിയഞ്ചുവര്‍ഷത്തിലേറെക്കാലമായി മലയാളി ജീവിതത്തെ ഭിന്ന രീതിയില്‍ ആവിഷ്‌ക്കരിച്ചുകൊണ്ട്‌ നായകനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ ഈ രംഗത്ത്‌ തുടരുന്നതിനാല്‍ അവരുടെ അഭിനയം കാണാന്‍ മാത്രം ഒരാള്‍
സിനിമ കാണുന്നുണ്ടാവാം. മമ്മുട്ടിയും, മോഹന്‍ലാലും ചേര്‍ന്നാല്‍ അവതരിപ്പിക്കാവുന്ന കേരളീയ യാഥാര്‍ത്ഥ്യങ്ങളെ ഉള്ളൂ എന്നുമാവാം. ഇത്‌ സിനിമയും സമൂഹവും തമ്മിലുള്ള ഒരു ഉടമ്പടിയാണ്‌. `നിങ്ങളില്ലാതെ എനിക്കെന്താഘോഷം.'എന്ന്‌
മോഹന്‍ലാല്‍ ചോദിക്കുന്നത്‌ ഫാന്‍സിനോടുമാത്രമല്ല; കേരളത്തോടു മുഴുവനുമാണ്‌. അത്‌ തിരിച്ചിട്ടാല്‍ `ഞാനില്ലാതെ നിങ്ങള്‍ക്കെന്താഘോഷം' എന്നാവും.
സിനിമക്കത്തും പുറത്തും അധികാരരൂപമായി മാറാന്‍ കഴിയാത്തവരാണ്‌ നായകേതര നടന്മാരും നടികളും. അവര്‍ക്ക്‌ സ്വന്തം വിജയങ്ങളില്ല. വിജയങ്ങളുടെ പങ്കുപറ്റലും . പിന്നെ പരാജയങ്ങളും മാത്രമേയുള്ളൂ. ആരാണ്‌ അവരുടെ ഫാനാവുക?-
(കടപ്പാട്:സമകാലിക മലയാളം വാരിക) ഈ കുറിപ്പ് ഇവിടെയും വായിക്കാം

4 comments:

  1. നോക്കൂ ഈ പോസ്റ്റില്‍ കമന്റുകള്‍ കാണാനേ ഇല്ല അതിനര്‍ത്ഥം ഇതാരും വായിച്ചില്ല എന്നല്ല നമ്മുടെ സമൂഹത്തിനു ഇന്ന് ഇത്തരം ചര്‍ച്ചയൊന്നും പഥ്യം അല്ല എന്ന് ആണ് .ചെറുപ്പം സോപ്പ് ഓപ്പെറകള്‍ക്കും നാലാം ക്ലാസ്സ് സിനിമ സീരിയല്‍ ആല്‍ബം എന്നിവ കണ്ടു നപുംസകങ്ങളെ പോലെ ഇരിക്കുമ്പോള്‍ മുതിര്‍ന്ന തലമുറ .നിസങ്ങരായി കഴിയുന്നു .രണ്ടു കൂട്ടര്‍ക്കും ഫാന്‍സുകള്‍ എന്നത് പോയിട്ട് .സാമൂഹത്തിലെ മറ്റു തീരാ ദുരിതങ്ങള്‍ വരെ ശ്രദ്ധിക്കാന്‍ ഉള്ള മനസ്സ് ഇല്ല അപ്പോള്‍ താങ്കള്‍ പഴയ ഷീലയും ശീലവും ആയി വന്നാല്‍ ആരുശ്രദ്ധിക്കാന്‍

    ReplyDelete
  2. വളരെ ശരി.നന്ദി.

    ReplyDelete