Saturday, August 10, 2013

ദേവസേനയുടെ കണ്ണാടി


 ഒരാള്‍ ജോലി ചെയ്യാതെ ജീവിക്കാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ പേരാണ് നരകം എന്ന ബര്‍ണാഡ്ഷായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഇ.എം.എസ് തന്റെ പ്രസിദ്ധമായ ഓങ്ങല്ലൂര്‍ പ്രസംഗത്തില്‍ നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന ആഹ്വാനത്തിലേക്കെത്തുന്നത്. നിങ്ങളൊക്കെ നരകത്തിലാണ് ജീവിക്കുന്നതെന്നും ഇങ്ങനെ പരാന്ന ഭോജികളായി കഴിയരുതെന്നും കൂടി അദ്ദേഹം പറഞ്ഞു.ഓങ്ങല്ലൂര്‍ സമ്മേളനം പലതുകൊണ്ടും പില്‍ക്കാലത്ത് ചരിത്രത്തിലിടം നേടിയതാണ്.നമ്പൂതിരിയ്ക്ക് മനുഷ്യനാകാനുള്ള പരിശ്രമങ്ങളുടെ ആദ്യപടിയായി അദ്ദേഹം കണ്ടത് എന്തെങ്കിലും തൊഴിലെടുത്ത് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുക എന്നതായിരുന്നു.അക്കാലം വരെയും അദ്ധ്വാനിച്ച് ഉപജീവനം നേടുന്ന സമ്പ്രദായം നമ്പൂതിരി സമുദായത്തിനുണ്ടായിരുന്നില്ല.ഏറിയാല്‍ അരപ്പേജിലധികം വലിച്ചു നീട്ടാന്‍സാധിക്കാത്തത്ര സംഭവ വിരളമാണ് ഒരപ്ഫന്‍ നമ്പൂതിരിയുടെ ജീവിതമെന്ന് വി.ടി.യും എഴുതുന്നുണ്ടല്ലൊ.

ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന ഭൂപരിഷ്ക്കരണ നിയമവും മറ്റും അന്ന് ഇ.എം.എസിന്റെ മനസ്സിലുണ്ടയിരുന്നുവോ എന്ന് നമുക്കറിഞ്ഞു കൂടാ.നവോത്ഥാനത്തിന് സ്വന്തം കാലില്‍ നില്‍ക്കണമെങ്കില്‍ പരമ്പരാഗത ജീവിതക്രമങ്ങളെ ആശ്രയിച്ച് സാദ്ധ്യമാവുകയില്ലെന്ന് വ്യക്തമായിരുന്നു.സാമ്പത്തിക സ്വാശ്രയത്വം അതില്‍ പ്രധാനമായിരുന്നു.നമ്പൂതിരി നവോഥാനത്തിന്റെ ചുവടുപിടിച്ച് ആരംഭിച്ച അന്തര്‍ജ്ജന സമാജം പില്‍ക്കാലത്ത് തൊഴില്‍ പരിശീലനത്തിന്  പ്രാധാന്യം നല്‍കിയത് ഇക്കാരണത്താലാണ്.1946ല്‍ലക്കിടി ചിറമംഗലത്ത് മനയില്‍ നമ്പൂതിരി സ്ത്രീകള്‍ക്കായുള്ള തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചു.അതിന്റെ പ്രചരണാര്‍ഥം തയ്യാറാക്കിയ ‘ തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന നാടകം 1948ല്‍ ആദ്യാവതരണം നടത്തി.സ്ത്രീകള്‍ തന്നെ എഴുതി സ്ത്രീകള്‍ മാത്രം അരങ്ങിലെത്തിയ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ സ്ത്രീനാടകമായിരുന്നു അത്.വി.ടിയുടെ പ്രസ്ഥാനത്തിന്റേയും അദ്ദേഹത്തിന്റെ ‘ ‘ അടുക്കളയില്‍ നിന്നരങ്ങത്തേക്ക്’ എന്ന നാടകത്തിന്റെയും സ്വാഭാവികമായ തുടര്‍ച്ചയായിരുന്നു അന്തര്‍ജ്ജന സമാജവും നാടകവും മറ്റും.വി.ടി. നിര്‍ത്തിയേടത്തുനിന്നുള്ള ഒരു തുടര്‍ച്ച അതിനുണ്ടായിരുന്നു: അടുക്കളയില്‍ നിന്നരങ്ങത്തേക്ക്’ അവിടെ നിന്ന് തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന രീതിയില്‍. കേരളത്തില്‍ സ്ത്രീയുടെ ചരിത്രം എഴുതുമ്പോള്‍ ഏറ്റവും പ്രധാനമായി വരുന്ന പുരുഷനാകുന്നു വി.ടി.എന്ന നിരീക്ഷണ (കെ.സി.നാരായണന്‍)))) ത്തിന്റെ സത്ത പുതിയകാലത്ത് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.

നമ്പൂതിരി സ്ത്രീകള്‍ക്ക് തൊഴിലെടുത്തു ജീവിക്കാനുതകുന്ന തൊഴില്‍ കേന്ദ്രം എന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ സോദ്ദേശ നാടകമാണ് ‘ തൊഴില്‍ കേന്ദ്രത്തിലേക്ക്’ .എട്ടുപത്ത് വേദികളില്‍ അത് അരങ്ങേറുകയും ചെയ്തു.തൊഴിലെടുക്കുന്നതിന്റെ അനിവാര്യതയും ആദര്‍ശാത്മകതയും അന്തര്‍ജ്ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ പ്രസംഗങ്ങളേക്കാള്‍ ഉപകാരപ്പെടുന്നത് നാടകങ്ങളാണെന്ന് സ്വസമുദായത്തിലെ ആചാര ശാഠ്യങ്ങള്‍ക്കെതിരെ കലാപാഹ്വാനം നല്‍കിയ നാടകത്രയ(അടുക്കളയില്‍ നിന്നരങ്ങത്തേക്ക്, ഋതുമതി,മറക്കുടക്കുള്ളിലെ മഹാനരകം)ത്തിലൂടെ അതിനകം ബോദ്ധ്യം വന്നതാണ്. അവയൊക്കെയും പ്രാഥമികമായി സമുദായ നവീകരണത്തിനുള്ള സോദ്ദേശ പ്രവര്‍ത്തനങ്ങള്‍ തന്നെആയിരുന്നു. സോദ്ദേശപരത ആദ്യകാലനാടകങ്ങള്‍ക്കെല്ലാമുണ്ടായിരുന്നു.രാഷ്ട്രീയ നാടകത്രയങ്ങളായ ‘ കൂട്ടുകൃഷി‘ യും‘നമ്മളൊന്നും‘ ‘പാട്ടബാക്കി‘ യും മറ്റൊരു ചരിത്രമല്ല പറയുന്നത്.എന്നാല്‍ മറ്റു നാടകങ്ങള്‍ക്ക് ലഭിച്ച പൊതുസ്വീകാര്യതയും അവതരണ സൌഭാഗ്യവുമൊന്നും ഈ സ്ത്രീ നാടകത്തിന് ലഭിച്ചില്ല. വളരെപ്പെട്ടെന്ന് ആ നാടകവും അതിന്റെ അവതരണാനുഭവങ്ങളുമെല്ലാം ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോയി. അതിന്റെ അവതരണങ്ങളില്‍ പങ്കാളിയായിരുന്ന ദേവകി നിലയങ്ങോടിന്റെ ‘ നഷ്ട ബോധങ്ങളില്ലാതെ’ എന്ന ആത്മകഥാ ലേഖനത്തിലൂടെയാണ്  അടുത്ത കാലത്ത് ആ ഓര്‍മ്മ വീണ്ടെടുക്കപ്പെട്ടത്.

തൊഴിലിന്റെ മഹത്വമെന്ന ആശയം അതിനകം തന്നെ ദേശീയതയുടേയും ദേശീയ സമരങ്ങളുടെയും ഭാഗമായി സമൂഹത്തില്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു.മഹാത്മാ ഗന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രക്ഷോഭങ്ങളില്‍ നൂല്‍ നൂല്പും സ്വദേശി ചിന്തയുമെല്ലാം ഉള്‍പ്പെട്ടിരുന്നു.“ നമ്മള്‍ നൂറ്റ നൂലുകൊണ്ടു /നമ്മള്‍ നെയ്ത വസ്ത്രം കൊണ്ട്...“ എന്ന് വള്ളത്തോള്‍ ആ തൊഴില്‍ സംസ്ക്കാരത്തെ വാഴ്ത്തിപ്പാടുകയും ചെയ്തു.ജാതിമത ഭേദമെന്യേ എല്ലാവരും ഉദ്ഗ്രഥിക്കപ്പെട്ട ദേശീയ സമരത്തിന്റെ അടിസ്ഥാനാശയങ്ങളിലൊന്നിലേക്ക് നമ്പൂതിരി സ്ത്രീകളും മറ്റൊരു വഴിയേ എത്തിപ്പെടുകയാണുണ്ടായത്.ഒരര്‍ഥത്തില്‍ താഴെത്തട്ടിലുള്ളവരുടെ ജീവിതക്രമവുമായി അവരും കണ്ണി ചെര്‍ക്കപ്പെടുകയായിരുന്നു.നമ്പൂതിരി പുരുഷന്മാരോട് അലസജീവിതം വെടിയാനുള്ള വിടിയുടേയും ഇ.എം.എസിന്റെയും ആഹ്വാനം നമ്പൂതിരി സ്ത്രീകളീലേക്കും സംക്രമിക്കുകയായിരുന്നു.

ആധുനികത, ദേശീയത,നവോത്ഥാനം എന്നിവയോടെല്ലാം  ഉയര്‍ന്ന ജാതി സമൂഹം അദ്യം മുതലെ സര്‍വ്വാത്മനാ സഹകരിച്ചു പോന്നു.ബ്രിട്ടീഷ് ഭരണത്തോടും ഇംഗ്ലീഷ് ഭാഷയോടും വിദ്യാഭ്യാസം നേടിയ ഉന്നത ജാതിക്കാര്‍ക്കുണ്ടായിരുന്ന വിധേയത്വം പാശ്ചാത്യ പരിഷ്ക്കരണ ശ്രമങ്ങളെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ അവരെ പരുവപ്പെടുത്തിയിരുന്നു.മാറുന്ന ലോകക്രമത്തോടൊപ്പം തങ്ങളും നില്‍ക്കേണ്ടതുണ്ടെന്നും അതിന് തങ്ങള്‍ക്കിടയിലെ ആചാര കാഠിന്യങ്ങള്‍ക്കെതിരെ നിലയുറപ്പിക്കാതെ തരമില്ലെന്നുമുള്ള തോന്നലുണ്ടായി. സതി നിരോധന പരിശ്രമങ്ങളില്‍ രാജാറാം മോഹന്‍ റായിയെ നയിച്ചത് ഈ ചിന്തകളായിരുന്നു. പാശ്ചാത്യമായ നിലവാര(standard)ത്തിന് അനുയോജ്യമായതല്ല തന്റെ സമുദായത്തിലെ ആചാരങ്ങളില്‍ പലതുമെന്ന് അദ്ദേഹം കരുതി.ഉപരി സമൂഹങ്ങളില്‍ പെട്ടവര്‍ തങ്ങള്‍ക്കിടയിലെ ആചാരങ്ങളില്‍ പലതും മാറ്റാന്‍ നിര്‍ബന്ധിതരായത് അതിനു കീഴെയുള്ള സമൂഹങ്ങളെ നേരിട്ടു തന്നെ സ്വാധീനിച്ചു. നമ്പൂതിരി സമൂഹം സ്വജാതി വിവാഹത്തിന് സന്നദ്ധമായത് തൊട്ടു താഴെയുള്ള നായര്‍ സമുദായത്തിന് മുന്‍ തൂക്കമുള്ള മരുമക്കത്തായവ്യവസ്ഥിതിയെത്തന്നെഅസാദ്ധ്യമാക്കി. ഘോഷാബഹിഷ്ക്കരണം, മിശ്രഭോജനം എന്നീ മാറ്റങ്ങളൊന്നും ഒരു സമുദായത്തിന്റെ മാത്രം വേലികള്‍ക്കുള്ളില്‍ ഒതുങ്ങിയില്ല.ഉയര്‍ന്ന വിഭാഗക്കാര്‍ തങ്ങളുടെ ആചാരങ്ങളിലും സാമൂഹ്യ ഇടപെടലുകളിലും മാറ്റങ്ങള്‍ വരുത്തുന്നത് താണ ജാതി വിഭാഗങ്ങള്‍ വെറുതെ നോക്കിനിന്നില്ല.
 നമ്പൂതിരി സമൂഹം തങ്ങളുടെ കര്‍ശനമായ സദാചാര നിയമങ്ങളാല്‍ കുറ്റാരോപിതരെ വിചാരണ ചെയ്യുന്നതും കര്‍ശന ശിക്ഷകള്‍ക്കു വിധേയരാക്കുന്നതും അവര്‍ കാണുന്നുണ്ടായിരുന്നു.പുരുഷ പക്ഷ വീക്ഷണത്തില്‍ ഉണ്ടായതാണ് സ്മാര്‍ത്ത വിചാരമെങ്കിലും അടുക്കള ദോഷം ആരോപിക്കപ്പെട്ട സ്ത്രീ പേരുപറയുന്നവരെയെല്ലാം ഭ്രഷ്ടരാക്കും വിധത്തിലുള്ള “നിഷ്പക്ഷസമീപന"വും അതിലുണ്ടായിരുന്നു. 1905ലെ താത്രിയുടെ സ്മാര്‍ത്ത വിചാരത്തോടെ പാശ്ചാത്യ നിയമ വ്യവസ്ഥയും ഭരണധികാരവുമെല്ലാം അതിലേക്ക് കടന്നു കയറുന്നുണ്ട്. കുറിയേടത്തു താത്രിയെ നവോത്ഥാന നായിക എന്ന് വി.ടി.വിളിച്ചത് നമ്പൂതിരി സമുദായത്തിലെ നവോത്ഥാനത്തിന്റെ ആവശ്യകത അനിവാര്യമാക്കിയത് താത്രിയാണെന്നതിനാലാണ്.ഒരു സമുദായം എന്ന നിലയ്ക്ക് അതിനു തുടര്‍ന്ന് നിലനില്‍ക്കണമെങ്കില്‍ ആന്തരികമായ പുനഃക്രമീകരണമല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല.
                                           2                                                             
എം.ജി.ശശി സംവിധാനം ചെയ്ത ‘തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന ഡോക്യുഫിക്ഷനിലേക്ക് പ്രവേശിക്കാന്‍  നവോത്ഥാന ചിന്തയുടെ അവതാരിക ആവശ്യമാണെന്നു തോന്നി. കഥാചിത്രങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ പോലും പ്രത്യയ ശാസ്ത്ര ചര്‍ച്ചകള്‍ മാത്രമാവുകയും അതിന്റെ ലാവണ്യാത്മകത തീരെ പരാമര്‍ശിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സമകാലീന സാഹചര്യത്തില്‍ ചരിത്രത്തേയും നാടകത്തേയും പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന ഒരു സിനിമയില്‍ നിന്നെങ്കിലും അത് ഒഴിവാക്കപ്പെടുകയില്ല.

‘ തൊഴില്‍ കേന്ദ്രത്തിലേക്ക്’ 1948ല്‍ തന്നെ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയെങ്കിലും പിന്നീട് ആ നാടകത്തെക്കുറിച്ച് ആരുമൊന്നും പറഞ്ഞു കേട്ടില്ല.സ്ത്രീനാടകങ്ങളെക്കുറിച്ചും നവോത്ഥാന നാടകങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളിലൊന്നും ഇങ്ങനെയൊരു നാടകം പരാമര്‍ശിക്കപ്പെട്ടില്ല.അങ്ങനെ വരുമ്പോള്‍ വിസ്മൃതിയിലാണ്ട ഒരു നാടകത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഈ സിനിമ.
65 കൊല്ലങ്ങള്‍ക്കു മുന്‍പ് ഒരു തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ ലഘു നാടകത്തെ സ്ത്രീകളുടെ സമകാലാവസ്ഥ വിവരിക്കാന്‍ തെരഞ്ഞെടുക്കുന്നതിന്റെ പ്രസക്തി എന്താവാം?ഭൂതകാലത്തില്‍ നിന്ന് നമ്മള്‍ സഞ്ചരിച്ച ദൂരം അളന്നെടുക്കാന്‍ അത് സഹായകമാവുന്നുണ്ട്.എല്ലാ ഭൂതക്കാഴ്ചകളും സമകാലീന കാഴ്ചകള്‍ കൂടിയായതു കൊണ്ട് 65 വര്‍ഷങ്ങളുടെ അപ്പുറവും ഇപ്പുറവും കൂടി അതിലൂടെ കാണാന്‍ സാധിക്കും. ദേവകി കയ്യിലേന്തിയ കണ്ണാടി പോലെയാണത്.ആരുടെ മുഖവും അതില്‍ തെളിഞ്ഞു വരാം.

 തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന നാടകത്തില്‍ നിലയുറപ്പിച്ചുകൊണ്ട് ബി.സി.411 വരെയുള്ള ഭൂതകാലത്തിലേക്കെന്ന പോലെ സിനിമക്കുള്ളിലെ നാടകത്തിലേക്കും,ഡോക്യുമെന്ററിക്കുള്ളിലെ സിനിമ യിലേക്കുമൊക്കെ കയറിയിറങ്ങിപ്പോകുന്ന ശൈലിയാണ്  സിനിമയുടേത്.ഇത് തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന നാടകത്തിന്റെചലച്ചിത്രാവിഷ്ക്കാരമല്ല.ബി.സി.411ലെഅരിസ്റ്റൊഫനീസിന്റെ നാടകത്തിലെ ലിസിസ്റ്റ്രാറ്റയും എ.ഡി 1879ലെ ഇബ്സന്റെ നാടകത്തിലെ നോറയും( ഡോള്‍ ഹൌസ്)1905ലെ കുറിയേടത്ത്താത്രിയും സിനിമയിലെ കഥാ പാത്രങ്ങളാണ്.ഈ മൂന്നു പേര്‍ക്കും പൊതുവായുള്ളത് തങ്ങളുടെ ലൈംഗിക കലാപങ്ങളാണ്.ലിസിസ്റ്റ്രാറ്റ പുരുഷന്മാര്‍ക്ക് ലൈംഗികത നിഷേധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ്  യുദ്ധങ്ങള്‍ക്കറുതിയുണ്ടാക്കാന്‍ യത്നിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി നമ്മള്‍ ഗൌരവപ്പെട്ട ഒരു കാര്യത്തെക്കുറിച്ചും സംസാരിച്ചിട്ടില്ലെന്നു പറഞ്ഞ് തന്നെ പാവയായികരുതുന്ന ഭര്‍ത്താവിനെ വിട്ടു പോകുന്നു നോറ.നമ്പൂതിരി സ്ത്രീകളുടെ കലാപശ്രമങ്ങളിലും ലൈംഗികത അപ്രധാനമല്ലാത്ത ഒരു വിഷയമായിരുന്നു.പലപ്പോഴുമത് നിഷേധിക്കപ്പെട്ട ലൈംഗികതയായിരുന്നു എന്നു മാത്രം.ചെറിയ പ്രായത്തില്‍ വിധവകളായി കഴിയേണ്ടീ വന്നവരുടേയും പടു വൃദ്ധര്‍ക്ക് വേളികഴിച്ചു കൊടുക്കപ്പെട്ട് ലൈംഗികത ആനന്ദരഹിതമാക്കപ്പെട്ടവരുടേയും കലാപം.അതു കൊണ്ടുതന്നെ തൊഴില്‍ കേന്ദ്രത്തെ വേശ്യാലയമെന്നാണ് പുരുഷ സമൂഹം വിളിച്ചത്.തൊഴില്‍ കേന്ദ്രത്തില്‍ പോകുന്നത് വിലക്കിയ സ്വഭര്‍ത്താവിനു നേരെ താലിമാല വലിച്ചൂരിയെറിഞ്ഞാണ് ദേവകി എന്ന കഥാപാത്രം ഇറങ്ങിപ്പോകുന്നത്.തൊഴില്‍ കേന്ദ്രത്തിനുവേണ്ടി കുടുംബം എന്ന സംവിധാനത്തെ തന്നെ അവര്‍ തിരസ്ക്കരിക്കാന്‍ തയ്യാറായി. ഇബ്സന്റെ നോറ ഇങ്ങനെ ഇറങ്ങിപ്പോയത് തന്നെത്തന്നെ കണ്ടെത്താനായിരുന്നു.
’അടുക്കളയില്‍ നിന്നരങ്ങത്തേക്ക്’ തുടങ്ങിയ നാടകങ്ങളില്‍ സ്ത്രീ വേഷം കെട്ടിയത് പുരുഷന്മാരായിരുന്നെങ്കില്‍ തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന നാടകത്തില്‍ പുരുഷ വേഷവും സ്ത്രീകള്‍ തന്നെ കൈകാര്യം ചെയ്തു.അക്കാലത്ത് തീരെ ചെറുതല്ലാത്ത കാര്യം.പുരുഷാശ്രിതമല്ലാത്ത ഒരു കര്‍മ്മ മണ്ഡലത്തെക്കുറിച്ചുള്ള അന്വേഷണമായിരുന്നു അത്. അന്ന് അഭിനയിച്ചവരില്‍ ജീവിച്ചിരിപ്പുള്ള ശ്രീദേവി കണ്ണമ്പിള്ളിയും കാവുങ്കര ഭാര്‍ഗ്ഗവിയും സംഘാടകരായിരുന്ന ഗംഗാദേവിയും ദേവകി നിലയങ്ങോടുംസ്വാഭാവികമായും ചലച്ചിത്രത്തിലുമുണ്ട്. ഋതുമതി(പ്രേംജി) യിലെ “ ഋതുമതിയായ പെണ്‍കിടവെന്നാകി / ലതുമതി ഞായം പഠിപ്പു നിര്‍ത്താന്‍” എന്ന അവതരണ ഗാനം സിനിമയുടെയും അവതരണ ഗാനമാണ്.
പുതിയകാലത്തിന്റെ പ്രതിനിധികള്‍ പഴയകാലത്തിന്റെ പ്രതിനിധികളുമായും തിരിച്ചും ആശയവിനിമയം നടത്തുന്ന ദൃശ്യാനുഭവം ഒരേ സമയം വ്യക്തികളെന്ന നിലയ്ക്കും കഥാപാത്രങ്ങളെന്ന നിലക്കുമാണ്. കഥാപത്രങ്ങളെ 65 കൊല്ലങ്ങള്‍ക്കുമുന്‍പ് നാടകത്തിലവതരിപ്പിച്ചശ്രീദേവി കണ്ണമ്പിള്ളിയും കാവുങ്കര ഭാര്‍ഗ്ഗവിയും തങ്ങളുടെ റോള്‍ ഭംഗിയാക്കണമെന്ന് പുതിയ തലമുറയോട്  പറയുന്നു. ഡോക്യുമെന്ററിയുടെ
‘യത്ഥാര്‍ഥ ലോക‘ ത്തിനും സിനിമയുടെ
‘കല്പനാലോക‘ ത്തിനും നാടകത്തിന്റെ മൂന്നാമതൊരു ലോകത്തിനും ഇടയിലൂടെ സഞ്ചരിക്കുന്ന ക്യാമറ ഓരോന്നിനേയും അതായിത്തന്നെ  ദൃശ്യപ്പെടുത്താന്‍ ശ്രമിക്കുന്നു.നാടകത്തില്‍ പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്ത്രീകളും മറ്റുകഥാപാത്രങ്ങളും തങ്ങള്‍(സിനിമക്കുള്ളില്‍)ഒരു നാടകം അരങ്ങേറുകയാണെന്ന ബോദ്ധ്യം നിലനിര്‍ത്തുന്നു.ഇത് നാടകവും സിനിമയും വേറെ വേറെയെന്ന്‍ നിര്‍ണ്ണയിക്കുകയും അതോടൊപ്പം സിനിമയുടെ സമഗ്രാനുഭവം നല്‍കുകയും ചെയ്യുന്നു. പരമാവധി പഴയ നാടകത്തോടൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് നാടകത്തിലെന്ന പോലെ സിനിമയിലും സ്ത്രീകള്‍ മാത്രം അഭിനേതാക്കളാവുന്നത്.
 ഒരേ സമയം ഒരു നാടകത്തിന്റേയും സ്ത്രീകലാപങ്ങളുടേയുംആഖ്യാനവുമാണ്ഈ സിനിമ.അത് ഭൂതകാല സമരങ്ങളുടേത് മാത്രമല്ല ഭാവികാല സമരങ്ങളുടെതുമാണ്.
ശരീരം മുഴുവന്‍ കാണാവുന്ന ഒരു കണ്ണാടി വേണമെന്നായിരുന്നു ദേവകിയുടെ ആഗ്രഹം. സിനിമയുടെ അവസാനിക്കുന്നത് ഒരു വാല്‍ക്കണ്ണാടിയുടെ ദൃശ്യത്തിലാണ്.അതില്‍ പ്രതിബിംബങ്ങളൊന്നുമില്ല.പുതിയ ലോകത്തിലെ ആരുടെ മുഖവും അതിന് പ്രതിഫലിപ്പിക്കാനാവും. കണ്ണാടി ദേവകിയുടേതായിരുന്നെങ്കിലും ആര്‍ക്കുമതില്‍ തന്നെത്തന്നെ കാണാമായിരുന്നു.ദേവസേന സ്വയം ബോധ്യത്തിലേക്കെത്തുന്നത് ദേവകിയുടെ കണ്ണാടിയിലൂടെയാണ്.അതൊരു കാലത്തിന്റെ കണ്ണാടിയായിരുന്നു.പലരുമതു നോക്കി തങ്ങളെത്തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ദേവകി നിലയങ്ങോട് ‘ നഷ്ട ബോധങ്ങളില്ലാതെ‘ എന്ന ആത്മ കഥയില്‍ എഴുതി:
“ ഇന്ന് നമ്പൂതിരി കുടുംബത്തിനു മാത്രമായി ഒരു പരാധീനതയുമില്ല.ഇതുപോലുള്ള മറ്റു കുടുംബങ്ങള്‍ക്കുള്ള അതേ സുഖവും അതേ ദുഃഖവും അതേ വേവലാതിയും അതേ ആഗ്രഹവും തന്നെയാണ് അവര്‍ക്കുമുള്ളത്. കാലം എല്ലാവരെയും ഒരുപോലെയാക്കി യിരിക്കുന്നു....ഇനിമേലില്‍ അന്തര്‍ജ്ജനങ്ങള്‍ക്കു മാത്രമായി ഒരാത്മ കഥയില്ലതന്നെ.“ നമ്പൂതിരി സ്ത്രീകള്‍“  എന്ന നിലയ്ക്കുള്ള പ്രശ്നങ്ങളേറെയും പരിഹരിക്കപ്പെട്ടു. എന്നാല്‍ സ്ത്രീകള്‍ എന്ന നിലയ്ക്കുള്ളപ്രശ്നങ്ങള്‍ക്ക് ഇനിയും പരിഹാരങ്ങളുണ്ടാവാനുണ്ട്.അതിന്  കലാപം വേറെവേണമെന്ന് കൂടി പറയാതെ പറയുന്നുണ്ട് ഈ സിനിമ.

തൊഴിലെടുത്തു ജീവിക്കുന്ന ഒരു കാലത്തിലേക്ക് മലയാളി സ്ത്രീകള്‍ പ്രവേശിച്ചു തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. തൊഴില്‍ അവരുടെ സാമ്പത്തികവും ലൈംഗികവുമായ സ്വയം നിര്‍ണ്ണയാവകാശത്തെതെല്ലൊന്നുമല്ല വിപുലമാക്കിയത്.വെറുതെയല്ല തൊഴില്‍കേന്ദ്രത്തെ വേശ്യാലയമെന്ന് അന്ന് പരസ്യമായി വിളിച്ചത്.ശരീരത്തിന്റെ സ്വയം നിര്‍ണ്ണയാധികാരം അതിലുണ്ട് എന്നറിഞ്ഞുകൊണ്ട് തന്നെയാണ്.ഇന്ന് രഹസ്യമായെങ്കിലും അങ്ങനെ വിളിക്കുന്നുണ്ടെങ്കില്‍ അതും മറ്റൊന്നുകൊണ്ടും ആവാനിടയില്ല.