സിനിമയുടെ തുടക്കവും വികാസവും ആരംഭിക്കുന്നത് അമേരിക്കയില്‍ നിന്നും ഹോളിവുഡില്‍ നിന്നുമാണെങ്കിലും സിനിമാചരിത്രത്തില്‍ ഏറെ മികച്ച ചിത്രങ്ങള്‍ സംഭാവന ചെയ്ത പ്രദേശങ്ങളല്ല അവ. തോമസ് എഡിസണ് 1893ല്‍ പേറ്റന്റ് നേടിയ 'കൈനറ്റോഗ്രാഫ്' എന്ന ഉപകരണത്തിലൂടെയാണ് ചലിക്കുന്ന ചിത്രങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. 1894ല്‍ അദ്ദേഹം തന്നെ വികസിപ്പിച്ചെടുത്ത കൈനറ്റോസ്ക്കോപ്പിലൂടെ ഒരു പ്രേക്ഷകന് തുടര്‍ച്ചയായി ഓടുന്ന ചിത്രം കാണാം എന്ന നിലവന്നു. ആ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ആദ്യത്തെ കൈനറ്റോസ്ക്കോപ്പ് പാര്‍ലര്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ചു. അതോടെ സിനിമ എന്ന വ്യവസായവും ആരംഭിക്കുകയായിരുന്നു. 1908 ആയപ്പോഴേക്കും 8000 മൂവിതിയേറ്ററുകള്‍ അമേരിക്കയിലുണ്ടായി. ആദ്യ 10 വര്‍ഷങ്ങള്‍ സിനിമ എന്ന പുതിയ കലാരൂപത്തില്‍ സാങ്കേതിക വികാസത്തിന്റെ കാലമായിരുന്നു. നിരവധി പരീക്ഷണങ്ങളിലൂടെ സിനിമകള്‍ സ്ക്രീനിലേക്ക് പ്രദര്‍ശിപ്പിക്കാവുന്ന നിലയിലെത്തി. അത് വെറുമൊരു സാങ്കേതിക വികാസം മാത്രമായിരുന്നില്ല. നിരവധി ആളുകള്‍ക്ക് ഒരുമിച്ചിരുന്ന് ഒരേസമയം സിനിമ കാണാന്‍ സാധിച്ചു. ഇതാണ് സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തില്‍ വലിയൊരു വിപ്ലവമായത്. ഇതേ തുടര്‍ന്ന് 15 മിനുട്ട് ദൈര്‍ഘ്യമുള്ള ഒറ്റ റീല്‍ പടങ്ങള്‍ ധാരാളമായി നിര്‍മ്മിക്കപ്പെട്ടു. സിനിമയുടെ ഈ വളര്‍ച്ചാഘട്ടത്തെ പരിപൂര്‍ണ്ണമാക്കുന്നതില്‍ ഹോളിവുഡ് അതിന്റെതായ പങ്കുവഹിച്ചു. പിന്നീട് സിനിമ എന്നാല്‍ ഹോളിവുഡ് തന്നെയായിമാറുകയായിരുന്നു.
ഹോളിവുഡിന്റെ വികാസം
ഹോളിവുഡ് അമേരിക്കയിലെ ലോസാഞ്ചലസ് പട്ടണത്തിലെ ഒരു ചെറുപ്രദേശം മാത്രമായിരുന്നു, ഒരു നൂറ്റാണ്ടിനുമുമ്പ്. ഹോളിവുഡിന്റെ പിതാവെന്നറിയപ്പെടുന്ന എച്ച്.ജെ. വിറ്റ്ലേ(H.J.Whitley)യാണ് ഹോളിവുഡ് എന്ന പേര് പ്രചാരത്തിലാക്കുന്നതിന് മുഖ്യപങ്കുവഹിച്ചത്. അദ്ദേഹം ഇന്നത്തെ ഹോളിവുഡ് പ്രദേശത്തെ അഞ്ഞൂറോളം ഏക്കര്‍ ഭൂമിവാങ്ങുകയും, അതിനെ ഒരു ടൗണ്‍ഷിപ്പായി വികസിപ്പിക്കുന്നതിനുള്ള നടപടികളാരംഭിക്കുകയും ചെയ്തു. 1886ല്‍ വിറ്റ്ലേയും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്ന് തങ്ങളുടെ മധുവിധുക്കാലത്താണ് ഹോളിവുഡ് എന്ന് നാമകരണം നടത്തിയതെന്ന് ഒരുപക്ഷമുണ്ട്. 1887ല്‍ തന്റെ മതതത്വങ്ങളെ അടിസ്ഥാനമാക്കി ഒരു സമുദായം ദര്‍ശനം ചെയ്ത അടിമത്ത നിര്‍മ്മാര്‍ജ്ജനക്കാരനായ ഹൊറസ് വില്‍ കൊക്സാണ് (Harvey Henderson Wilcox)ഹോളിവുഡിന്റെ ഉപജ്ഞാതാവെന്നും അഭിപ്രായങ്ങളുണ്ട്. വില്‍ കൊക്സിന്റെ ഭാര്യ ദയിദ(Daeida Wilcox )യാണ് ഈ പേര് നിര്‍ദ്ദേശിച്ചതെന്നും പറയപ്പെടുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹോളിവുഡ് മികച്ചൊരു വാസകേന്ദ്രമായി വികസിച്ചു. 1900 ആകുന്നതോടെ പ്രസ്തുത പ്രദേശത്ത് ഒരു പോസ്റ്റ് ഓഫീസും ഹോട്ടലും മാര്‍ക്കറ്റും രൂപപ്പെട്ടു. പ്രധാന ഹോട്ടലായ ഹോളിവുഡ് ഹോട്ടലിന്റെ നിര്‍മ്മാണം 1902ല്‍ എച്ച്.ജെ.വിറ്റ്ലെയാണ് ഉദ്ഘാടനം ചെയ്തത്. ഭൂമികച്ചവടക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടി പണിചെയ്ത ഈ ഹോട്ടല്‍ അന്താരാഷ്ട്ര പ്രശസ്തി നേടുകയും ആ പ്രദേശത്തെ പൗരജീവിതത്തിന്റെ കേന്ദ്രമാവുകയും ചെയ്തു. ഹോളിവുഡ് പില്ക്കാലത്ത് സിനിമാനിര്‍മ്മാണ കേന്ദ്രമായപ്പോള്‍ വളരെക്കാലം താരങ്ങളുടെ വീടായി അത് നിലനിന്നു. ഹോളിവുഡിന്റെ എല്ലാ വിധത്തിലുമുള്ള വികസനം ലക്ഷ്യമാക്കി വൈദ്യുതികരണം, റോഡ് നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ക്കായി വന്‍തുകയാണ് വിറ്റ്ലെ ചെലവഴിച്ചത്. 1903ല്‍ ഹോളിവുഡ് ഒരു മുനിസിപ്പാലിറ്റിയായി മാറി. 'മരുന്ന് 'എന്ന നിലക്കല്ലാതെ പ്രസ്തുതപ്രദേശത്ത് മദ്യത്തിന്റെ വില്പന നടത്തുന്നത് നിരോധിക്കാന്‍ 1904ല്‍ ജനങ്ങള്‍ വേട്ടെടുപ്പിലൂടെ തീരുമാനിക്കുകയുണ്ടായി. മതപരവും ധാര്‍മ്മികവുമായ ജീവിതം നയിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കണമെന്ന വില്‍കൊക്സിന്റെ ആഗ്രഹമാവാം ഇത്തരമൊരു തീരുമാനമെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചിരിക്കുക. ജലദൗര്‍ലഭ്യമായിരുന്നു ഹോളിവുഡ് നേരിട്ട പ്രധാന പ്രതിസന്ധികളിലൊന്ന്. ഇതിനെ നേരിടാനായി ലോസാഞ്ചലസ് പട്ടണത്തിന്റെ ഭാഗമായിമാറാന്‍ 1910ല്‍ തീരുമാനിക്കപ്പെട്ടു.
ഹോളിവുഡും സിനിമയും
ഹോളിവുഡ് പട്ടണം അതിവേഗം രൂപാന്തരപ്പെടുന്നതിനു സമാന്തരമായാണ് സിനിമയുടെ സാങ്കേതികവികാസവും സംഭവിച്ചത്. അക്കാലത്തെ സിനിമാനിര്‍മ്മാണങ്ങളിലേറെയും അതിശക്തമായ കൃത്രിമപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നടന്നിരുന്നത്. ഇത് പലപ്പോഴും നടീനടന്മാര്ക്ക് ശാരീരിക അവശതകള്‍ക്ക് കാരണമായിരുന്നു. ശക്തമായ പ്രകാശം പലരുടെയും ശരീരത്തില്‍ പൊള്ളലുകളുണ്ടാക്കി. മറ്റൊരുസാദ്ധ്യത നല്ല സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ ഷൂട്ടിംഗ് നടത്തുക എന്നതായിരുന്നു. അത് എല്ലായ്പ്പോഴും സാദ്ധ്യമായിരുന്നില്ല. ഹോളിവുഡിന്റെ ഒരു പ്രധാന സവിശേഷത കൊല്ലത്തില്‍ 320 ദിവസം ലഭ്യമാവുന്ന സൂര്യപ്രകാശമാണ്. ഇത് സിനിമാ നിര്‍മ്മാതാക്കളെ ഹോളിവുഡിലേക്കാകര്‍ഷിച്ച ഒരു ഘടകമായിരുന്നു. മിതമായ കൂലിച്ചെലവ്, മാര്‍ക്കറ്റ്, 50 മൈല്‍ പ്രദേശത്തിനകത്ത് മരുഭൂമി മുതല്‍ മലകള്‍ വരെയുള്ള ഭൂഘടന എന്നിവയും സിനിമാനിര്‍മ്മാണത്തിനുള്ള ഉത്തമപ്രദേശമായി ഹോളിവുഡിനെ മാറ്റി.
ലോസാഞ്ചലസ് പ്രദേശത്ത് നിലനിന്നിരുന്ന സിനിമാനിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ ഹോളിവുഡിലേക്ക് വ്യാപിച്ചത്. വിഖ്യാത ചലചിത്രകാരന് ഡി.ഡബ്ല്യു. ഗ്രിഫ്ത്താണ് (D.W.Griffith) ഹോളിവുഡില്‍ ആദ്യത്തെ ചലചിത്രം നിര്‍മ്മിക്കുന്നത്. ബയോഗ്രാഫ് ഫിലിം കമ്പനിക്കുവേണ്ടി ഒരു ചിത്രം നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ലൊക്കേഷന്‍ തേടിയുള്ള അന്വേഷണങ്ങളാണ് ഗ്രിഫ്ത്തിനെ ഹോളിവുഡിലെത്തിച്ചത്. ഇന്‍ ഓള്‍ഡ് കാലിഫോര്‍ണിയ(In Old California) എന്ന പ്രസ്തുത ചിത്രം 1910 മാര്‍ച്ച് 10നാണ് പുറത്തുവന്നത്. എന്നാല്‍ ഒരു ഹോളിവുഡ് സ്റ്റൂഡിയോ (നെസ്റ്റര്‍ മോഷന്‍ പിക്ചേഴ്സ് കമ്പനി) നിര്‍മ്മിച്ച ആദ്യചിത്രം 1911ലാണ് പുറത്തുവന്നത്. ഇതൊക്കെയാണെങ്കിലും പരിപൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ആദ്യത്തെ ഹോളിവുഡ് ചിത്രമായി പരിഗണിക്കുന്നത് സെസില്‍ ബി ഡെമിലിന്റെ(Cecil B. DeMille) 'ദ് സ്കോമാന്‍'(The Squaw Man/1914) ആണ്.1911ല്‍ ന്യൂയോര്‍ക്കിനു താഴെ രണ്ടാം സ്ഥാനത്തായിരുന്ന ഹോളിവുഡ് 1915 ആവുമ്പോഴേക്കും ഭൂരിഭാഗം ചിത്രങ്ങളും നിര്‍മ്മിക്കുന്ന സ്ഥിതിയിലെത്തിയിരുന്നു. അപ്പോഴേക്കും 15,000 പേര്‍ക്ക് ജോലിനല്‍കാന്‍ കഴിയുന്ന വ്യവസായമായി ഹോളിവുഡിലെ സിനിമ വളര്‍ന്നു കഴിഞ്ഞിരുന്നു. മൂലധനനിക്ഷേപം 500 മില്യണ്‍ ഡോളര്‍ കവിഞ്ഞു. ഈയൊരു സാഹചര്യത്തില്‍ വില്‍കോക്സ് ദര്‍ശനം ചെയ്ത മതപരവും ധാര്‍മ്മികവുമായ സമൂഹം അപ്രസക്തമാവുകയായിരുന്നു.
തുടര്‍ന്നങ്ങോട്ട് ഹോളിവുഡിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. നിരവധി നിര്‍മ്മാണകമ്പനികള്‍ ഹോളിവുഡില്‍ ആസ്ഥാനമുറപ്പിച്ചു. പാരമൗണ്ട്, വാര്‍ണര്‍ ബ്രദേഴ്സ്, കൊളമ്പിയ തുടങ്ങിയ പ്രധാന നിര്‍മ്മാണകമ്പനികളെല്ലാം ഹോളിവുഡില്‍ സ്റ്റൂഡിയോകള്‍ സ്ഥാപിച്ചു. 1920കളോടെ അമേരിക്കന്‍ സിനിമാവ്യവസായത്തിന്റെ പ്രധാന കേന്ദ്രമായി ഹോളിവുഡ് മാറി. തുടര്‍ന്ന് 1940കള്‍ വരെ ഹോളിവുഡില്‍ സിനിമകളുടെ വസന്തകാലമായിരുന്നു. അമേരിക്കന്‍ സിനിമയെ പൊതുവായി 3 ഘട്ടങ്ങളായി വിഭജിക്കുകയാണെങ്കില്‍ അവയെ നിശ്ശബ്ദസിനിമാഘട്ടം, ക്ലാസ്സിക്കല്‍ ഹോളിവുഡ് സിനിമ, ന്യൂ ഹോളിവുഡ് സിനിമ എന്നു പേരിടാം. ഇതില്‍ ന്യൂഹോളിവുഡ് സിനിമയുടെ ഘട്ടത്തെ പ്രതിനിധീകരിക്കുന്നവരാണ് സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ്, റോമാന്‍ പൊളാന്‍സ്കി തുടങ്ങിയ സംവിധായകര്‍.
1947ല്‍ ഹോളിവുഡില്‍ ആദ്യത്തെ വാണിജ്യടെലിവിഷന്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്നങ്ങോട്ട് സിനിമകള്‍ക്കൊപ്പം ടെലിവിഷന്‍ പരിപാടികളുടെ ചിത്രീകരണത്തിന്റെയും കേന്ദ്രം ഹോളിവുഡായിരുന്നു. ഒരു കാലത്ത് മിക്കവാറും എല്ലാ റേഡിയോ സ്റ്റേഷനുകളുടേയും ആസ്ഥാനവും ഹോളിവുഡ് തന്നെയായിരുന്നു.എന്നാല്‍ അവയെല്ലാം ഇന്ന് മറ്റുകേന്ദ്രങ്ങളിലാണ്പ്രവര്‍ത്തിക്കുന്നത്. ടെലിവിഷന്‍ സ്റ്റേഷനുകളും ഇപ്പോള്‍ ഹോളിവുഡിനു പുറത്തേക്ക് പ്രവര്‍ത്തനം മാറ്റിയിട്ടുണ്ട്.
ഹോളിവുഡ് സിനിമയുടെ ചരിത്രത്തില്‍ വാണിജ്യവിജയം നേടിയ നിരവധി ചിത്രങ്ങളുണ്ടായിട്ടുണ്ട്. അവയില്‍ പലതും പലകാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന വയുമാണ്. അതാതുകാലത്തെ മികച്ച സാങ്കേതിക ഈ ചിത്രങ്ങളിലൂടെ കണ്ടെത്തുന്നത് കൗതുകകരമായിരിക്കും. Gone with the wind(1939), star wars(1977), Titanic(1997), Avatar(2009) എന്നീ ചിത്രങ്ങള്‍ അവയില്‍ ചിലതാണ്.
ഹോളിവുഡും ഗ്രിഫിത്തും
ഹോളിവുഡ് സ്ഥാപിതമായിട്ട് നൂറിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അവിടെ സിനിമാനിര്‍മ്മാണമാരംഭിച്ചിട്ടും അതൊരു സിനിമാകേന്ദ്രമായിട്ടും നൂറുവര്‍ഷങ്ങളായി. എന്നിട്ടും ഹോളിവുഡ് സിനിമയുടെ ശതാബ്ദി എന്തുകൊണ്ട് ആഘോഷിക്കപ്പെടുന്നില്ല എന്ന വിമര്‍ശനം ചലച്ചിത്രലോകത്ത് ഉയരുന്നുണ്ട്. ഇത്തരം ചിന്തകള്‍ ആദ്യ ഹോളിവുഡ് ചിത്രമായ In old californiaസംവിധാനം ചെയ്ത ദി.ഡബ്ല്യു.ഗ്രിഫിത്തിലേക്കും നയിക്കാതിരിക്കില്ല. സിനിമക്ക് സ്വന്തമായ വ്യാകരണം കണ്ടെത്തിയ ചലചിത്രകാരനെന്നതാണ് ലോകസിനിമാഭൂപടത്തില്‍ ഗ്രിഫിത്തിന്റെ സ്ഥാനം. ''നിങ്ങളിപ്പോള്‍ കാണുന്ന ഓരോചിത്രത്തിലും ഗ്രിഫിത്ത് തുടക്കം കുറിച്ച എന്തെങ്കിലുമുണ്ട്.'' എന്ന് പ്രശസ്ത ഹോളിവുഡ് സംവിധായകനായ ഹിച്ച് കോക്കിനെ കൊണ്ട് പറയിച്ച വിധത്തിലുള്ള പ്രസക്തി സിനിമാചരിത്രത്തില്‍ അദ്ദേഹത്തിനുണ്ട്. മൂവിചിത്രങ്ങളുടെ വ്യാകരണം ഗ്രിഫിത്തില്‍ നിന്നാണ് തുടങ്ങുന്നതെന്നു പറയാം. മൊണ്ടാഷ് തുടങ്ങിയ ചലച്ചിത്രസാങ്കേതങ്ങളുടെ ഉപജ്ഞാതാവായ സെര്‍ഗി ഐസന്‍സ്റ്റീനും ഗ്രിഫിത്തിനാല്‍ സ്വാധീനിക്കപ്പെട്ടവരാണ്. ഹോളിവുഡില്‍ ചിത്രീകരിക്കപ്പെട്ടുവെങ്കിലും, അതിന്റെ വ്യാപാരതാല്പര്യങ്ങള്‍ക്കപ്പുറത്താണ് ഗ്രിഫിത്തിന്റെ സിനിമകള്‍ സ്ഥിതി ചെയ്യുന്നത്.
1910ല്‍ ആദ്യത്തെ ഹോളിവുഡ് സിനിമയും അതേവര്‍ഷം തന്നെ രണ്ടാമത്തെ സിനിമയും(റമോണ) ഗ്രിഫിത്തിന്റെ സംവിധാനത്തില്‍ നിര്‍മ്മിക്കപ്പെട്ടുവെങ്കിലും, ഹോളിവുഡിന്റെ ശതാബ്ദി ഗ്രിഫിത്തില്‍ നിന്ന് ആരംഭിക്കാന്‍ തയ്യാറായിട്ടില്ല. അമേരിക്കന്‍ ഐക്യനാടുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയവും വംശീയവുമായ കാരണങ്ങള്‍ ഗ്രിഫിത്തിനെ മാറ്റി നിര്‍ത്താന്‍ കാരണമായിട്ടുണ്ടാവാം. ഗ്രിഫിത്തിന്റെ വിഖ്യാതചിത്രമായThe birth of a nation(1915) വ്യാപകമായ പ്രദര്‍ശനവിജയം നേടിയെങ്കിലും അതിനെതിരായ പ്രതിഷേധങ്ങളും അത്രതന്നെ ശക്തമായിരുന്നു.'ഇടിമിന്നല്‍ കൊണ്ട് ചരിത്രമെഴുതിയ പോലെ' എന്ന് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന വൂഡ്രോവില്‍സണ്‍ വിശേഷിപ്പിച്ച ഈ ചിത്രം (പിന്നീട് അദ്ദേഹം തന്നെ ഇത് മാറ്റിപ്പറഞ്ഞു) അമേരിക്കയില്‍ വ്യാപകമായ വംശീയകലാപങ്ങള്‍ക്ക് കാരണമായെന്നആരോപണം നിലനില്‍ക്കുന്നുണ്ട്. കറുത്തവര്‍ഗ്ഗക്കാരെ നിന്ദിക്കുന്ന ചിത്രമായി ഇത് വിലയിരുത്തപ്പെട്ടിട്ടുണ്ട്. വംശീയത അമേരിക്കന്‍ ജനത മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങളിലൊന്നാണ്. ഹോളിവുഡിന്റെ ജന്മശതാബ്ദിയിലൂടെ ഗ്രിഫിത്തും ഭൂതകാലവും വീണ്ടും ഓര്‍മ്മയിലെത്തുമെന്നും, അമേരിക്കന്‍ ജനത ഭയക്കുന്നുണ്ടാവണം.
Broken blossoms |
ഹോളിവുഡ് ഉയര്‍ത്തിവിട്ട സിനിമാസംസ്ക്കാരം അമേരിക്കയില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. അതൊരു സിനിമാരീതിയായിമാറുകയും ലോകമെങ്ങും അവയുടെ ആവര്‍ത്തനമുണ്ടാവുകയും ചെയ്തു. സിനിമയുടെ വ്യാകരണ നിര്‍മ്മിതിയും കലാപരമായ പരീക്ഷണങ്ങളും ഗ്രിഫിത്തില്‍ നിന്ന് ഏറെ മുന്നോട്ടു പോയില്ലെങ്കിലും സാങ്കേതികരംഗത്ത് ഹോളിവുഡ് വലിയ വിസ്ഫോടനങ്ങള്‍ക്ക് ശ്രമിച്ചു. 2009ല്‍ പുറത്തിറങ്ങിയ അവതാര്‍ എന്ന സിനിമ ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഈ സാങ്കേതികതക്കൊപ്പം അക്രമം, ലൈംഗികത തുടങ്ങിയ ഘടങ്ങളും ലോകമെങ്ങും അനുകരിക്കപ്പെട്ടു. ഇതിനു പുറമേ ഒരു സ്ഥലത്ത് സിനിമാനിര്‍മ്മാണം കേന്ദീകരിക്കുന്ന പ്രവണതയ്ക്ക് ഇന്ത്യയിലും മാതൃകകളുണ്ടായി. ബോളിവുഡ്, കോളിവുഡ് എന്നിവയെല്ലാം ഇത്തരത്തില്‍ രൂപംകൊണ്ടതാണ്. ഇത്തരം കേന്ദ്രങ്ങളില്‍ നിന്നിറങ്ങുന്ന സിനിമകളുടെ പൊതുസ്വഭാവം ഹോളിവുഡ് സിനിമകളുടെ പ്രാദേശിക പതിപ്പുകളാണെന്നതാണ്. ഇന്ത്യയില്‍ ഗൗരവമുള്ള സിനിമകള്‍ ഇത്തരം കേന്ദ്രങ്ങള്‍ക്കുപുറത്താണ് സംഭവിക്കുന്നത്.
ലോകസിനിമയുടെ പ്രധാന കേന്ദ്രം എന്ന നില ഇന്ന് ഹോളിവുഡിനില്ല. ലോകത്തിലെ പല കേന്ദ്രങ്ങളിലും ഇന്ന് സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നു. അവയൊന്നും ഹോളിവുഡിന്റെ അനുകരണമല്ല. അതാത് രാജ്യങ്ങളുടെ ഭാഷ, സംസ്ക്കാരം, ഭൂമിശാസ്ത്രം എന്നിവയിലുടെ അവ വൈവിധ്യപൂര്‍ണ്ണമാവുന്നു. ഹോളിവുഡിന് കാണാന്‍ കഴിയാത്ത പല പാര്ശ്വവല്കൃത സംസ്ക്കാരങ്ങളെയും നാമതില്‍ കാണുന്നു. എന്നാല്‍ ഹോളിവുഡ് പില്ക്കാലത്ത് മറന്നുപോയ ചില ഭൂതകാലസത്യങ്ങളെ വലിച്ചു പുറത്തേക്കിട്ടത് തുടക്കക്കാരനായ ഗ്രിഫിത്തായിരുന്നു എന്നു മറന്നുകൂടാ. ഗ്രിഫിത്ത് പറഞ്ഞത് ആര്‍ക്കും വേണ്ടാത്ത, ഒരര്‍ത്ഥത്തില്‍ സിനിമയുടെതുമാത്രമായ ചില സത്യവിചാരങ്ങളുമായിരുന്നു. അതിനാല്‍ എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന പോലെ ഗ്രിഫിത്തിനെ പേടിച്ച് ഹോളിവുഡിനെത്തന്നെ മറക്കാനും ശ്രമിക്കുന്നു.
(കടപ്പട്:‘റീല്‍’/ഇന്‍സൈറ്റ് ബുക്സ്,കോഴിക്കോട്)
ഈയെഴുത്ത് മാസികയിലൂടെയാണ് താങ്കളിലേക്ക് എത്തിയത്. നല്ല ഭാഷ. അതിനേക്കാളേറെ ലേഖനങ്ങളിലെ ആധീകാരികത. വസ്തുതകള്‍ നല്ല രീതിയില്‍ പറയാനുള്ള കഴിവ്. ഈ ലേഖനവും ഇഷ്ടമായി.
ReplyDeleteഹോളിവുഡ് സിനിമയെക്കുറിച്ച് അറിവുകള്‍ നല്കുന്ന ലേഖനം. നന്ദി
ReplyDelete