പഴയകാല നാഗരികതകളില്‍ പലതും ഭൂമിയില്‍ നിന്ന് തിരോഭവിക്കാന്‍ ജലവിനിയോഗത്തിലെ കാര്യക്ഷമതയില്ലായ്മ കാരണമായെങ്കില്‍, വരാനിരിക്കുന്ന ജലയുദ്ധങ്ങളെ പുതിയ നാഗരികതകള്‍ എപ്രകാരമാവും അതിജീവിക്കുന്നത്?ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുദ്ധങ്ങള്‍ ജലത്തിനുവേണ്ടിയുള്ളതാവുമെന്ന പ്രവചനങ്ങള്‍ അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുന്ന സ്ഥിതി ഇന്ന് ലോകത്തെല്ലായിടത്തുമുണ്ട്. നവകൊളോണിയലിസത്തിന്റെ കാലത്ത് അത്തരം യുദ്ധങ്ങളൊന്നും ദേശരാഷ്ട്രങ്ങള്‍ തമ്മിലായിരിക്കുകയില്ല.അവയുടെ പ്രതിനിധികളായെത്തുന്ന അന്താരാഷ്ട്ര കുത്തക കമ്പനികളോടായിരിക്കും ഇനിയുള്ള യുദ്ധങ്ങള്‍.ഒരു ദേശരാഷ്ട്രത്തിനകത്തുനിന്നുകൊണ്ട് അതിനെതിരെത്തന്നെ ജനങ്ങള്‍ നടത്തുന്ന യുദ്ധം കൂടിയാണത്.ഈ അനുഭവം കേരളത്തിനും പുതിയതല്ല. പാലക്കാട് ജില്ലയില്‍ പ്ലാച്ചിമട ഗ്രാമത്തില്‍ സംഭവിച്ചത് മറ്റൊന്നല്ല. പ്ലാച്ചിമടയില്‍ കൊക്കൊകോള കമ്പനി സ്ഥാപിതമാകുന്ന അതേ കാലത്താണ് ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ ജലത്തിനു മേല്‍ അധികാരം സ്ഥാപിച്ച കുത്തക കമ്പനിക്കെതിരെ സമരം നടക്കുന്നത്.
ലാറ്റിനമേരിക്കയിലെ ഏറ്റവും അവികസിത പ്രദേശങ്ങളിലൊന്നാണ് ബൊളീവിയ. അവിടത്തെ ഗവണ്മെന്റ് 1999 ലാണ് ജലവിതരണത്തിന്റെ സ്വകാര്യവല്‍ക്കരണത്തിന് തീരുമാനമെടുക്കുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പലവഴികളും പരീക്ഷിച്ച ബൊളീവിയന്‍ ഗവണ്മെന്റ് ഐ.എം.എഫ്, ലോകബാങ്ക് എന്നിവയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊതുമേഖല ഔട്ട്സോഴ്സ് ചെയ്യാന്‍ തീരുമാനിക്കുന്നത്. കൊച്ചബംബ (cocha bamba) എന്ന പ്രദേശത്തെ ജലവിതരണം പുറം കരാറുകാരെ (out source) ഏല്പിക്കാമെന്ന വ്യവസ്ഥയില്‍ ലോകബാങ്ക് 138 മില്യണ്‍ ഡോളറിന്റെ വായ്പ ബൊളീവിയയ്ക്ക് അനുവദിച്ചു. തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ ഒരു അന്താരാഷ്ട്ര കോര്‍പ്പറേഷനു(Bechtel Corporation) മായി 1999 ഒക്ടോബര്‍ മാസത്തില്‍ 40 വര്‍ഷത്തേക്കുള്ള കരാര്‍ ഒപ്പുവെയ്ക്കപ്പെട്ടു. 2000 ജനുവരി മാസത്തില്‍ ബൊളീവിയയിലെ ജലവിതരണത്തിന്റെ മൊത്തം ചുമതല കോര്പ്പറേഷന് ഏറ്റെടുത്തു. ഒരു മാസമാകുമ്പോഴേക്കും ജലത്തിന്റെ വിലയില്‍ 300% വരെ വര്‍ദ്ധനവാണ് ജനങ്ങള്‍ അനുഭവിക്കേണ്ടി വന്നത് .ഇതിനെതിരെയാണ് അവര്‍ തെരുവിലിറങ്ങിയത്. സമരം വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കി. കമ്പനിയ്ക്ക് ബൊളീവിയയില്‍ നിന്ന് പിന്‍വാങ്ങുകയല്ലതെ മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നു.
ബൊളീവിയയിലെ ജലയുദ്ധത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. . The big sell out(2007) എന്ന ചിത്രം(സംവിധാനം:Florian Opitz) ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ സ്വകാര്യവല്‍ക്കരണം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ തുറന്നുകാട്ടുന്നു. തെക്കേ അമേരിക്ക (വൈദ്യുതി), ഫിലിപ്പൈന്‍സ് (ആരോഗ്യമേഖല), ബ്രിട്ടന് (റെയില്‍വേ), ബൊളീവിയ (ജലവിതരണം) തുടങ്ങിയ രാജ്യങ്ങളിലെ അനുഭവങ്ങളിലൂടെ സ്വകാര്യവത്ക്കരണത്തിന്റെ ആഗോളഫലങ്ങളുടെ വിലയിരുത്തലാണ് ഈ ചിത്രം.Blue gold:World water wars(2008) എന്നചിത്രവും (സംവിധാനം:SamBozzo) ഈസന്ദര്‍ഭത്തില്‍ പരാമര്‍ശിക്കപ്പെടേണ്ടതാണ്. അവികസിത രാഷ്ട്രങ്ങളുടെ ജലസമ്പത്ത് സ്വകാര്യവല്‍ക്കരിക്കാനുള്ള ബഹുരാഷ്ട്ര കമ്പനികളുടെ ശ്രമങ്ങളും ജലത്തിനു മേലുള്ള പട്ടാളനിയന്ത്രണവും മറ്റും ജലയുദ്ധങ്ങള്‍ക്കുള്ള പശ്ചാത്തല സൃഷ്ടിയാകുന്നതും വിശകലനം ചെയ്യുന്നതാണ് ഈ ഡോക്യുമെന്ററി.
''നമ്മുടെ താല്പര്യത്തിനു വിരുദ്ധമായി നമ്മുടെ നദികളും കിണറുകളും തടാകങ്ങളും നമ്മുടെ മേല്‍ വര്‍ഷിക്കുന്ന മഴപോലും അവര്‍ വില്‍ക്കുന്നു.'' ഡാനിയേല്‍ എന്ന സമരനായന്റെ ഈ തെരുവുപ്രസംഗത്തില്‍ നിന്നാണ് 'മഴപോലും' (Even the rain) എന്ന ടൈറ്റില്‍ സിനിമക്ക് ലഭിക്കുന്നത്. 2011 ലെ ഓസ്ക്കാര്‍ നിര്‍ദ്ദേശങ്ങളില്‍ വിദേശ ഭാഷാചിത്ര വിഭാഗത്തില്‍ സ്പെയിനിന്റെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ ചിത്രം. ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഏരിയല്‍ അവാര്‍ഡ്, ഗോയ അവാര്‍ഡ് എന്നിവയും ഈ ചിത്രത്തിനു ലഭിച്ചു. 2010 ലെ ടൊറന്റോ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രവുമായിരുന്നു.
Iciar Bollain |
അധിനിവേശത്തിന്റെ ചരിത്രം ചിത്രീകരിക്കുന്നതിനാണ് സിനിമാസംഘം ബൊളീവിയയിലെത്തുന്നത്. ക്രിസ്റ്റഫര്‍ കൊളമ്പസിന്റെ നേതൃത്വത്തില്‍ അഞ്ഞൂറിലേരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നത് തദ്ദേശീയരുടെ മേലുള്ള ആദ്യ അധിനിവേശമായിരുന്നു. തദ്ദേശീയരുടെ ‘ അറിവില്ലായ്മ‘ യിലുള്ള സഹതാപവും ദാരിദ്ര്യത്തോടുള്ള കരുണയും അധിനിവേശകര്‍ ഉപയോഗപ്പെടുത്തിയത് ചൂഷണത്തിനുള്ള ഉപാധിയായിട്ടാണ്. കോസ്റ്റയുടെ നേതൃത്വത്തിലുള്ള സിനിമാസംഘവും അതു തന്നെയാണ് ചെയ്യുന്നത്. അവരുടെ ദാരിദ്ര്യം മുതലെടുത്തുകൊണ്ടാണ് എഞ്ചിനീയര്‍മാരുടെ സേവനം ആവശ്യമുള്ളതും കഠിനാധ്വാനം വേണ്ടതുമായ പല പ്രവൃത്തികളും നാട്ടുകാരെക്കൊണ്ടു ചെയ്യിക്കുന്നത്. ഇങ്ങനെ നല്ലൊരു തുക നിര്‍മ്മാതാവ് ലാഭിക്കുന്നുണ്ട്. സിനിമയിലഭിനയിക്കാനുള്ള അവരുടെ മോഹത്തെയും നന്നായി ചൂഷണം ചെയ്യുന്നുണ്ട്. എന്നാല്‍ പ്രധാന നടനാണെങ്കിലും ഡാനിയേലിന് സിനിമയല്ല പ്രധാനം, ജീവിതമാണ്. സിനിമയുടെ പ്രാധാന്യത്തെക്കുറിച്ചും അത് പൂര്‍ത്തിയാക്കേണ്ടതിനെക്കുറിച്ചും കോസ്റ്റ പറയുമ്പോള്‍ 2 ഡോളര്‍ പ്രതിഫലം നല്കിയാണോ നിങ്ങള്‍ ഇത്ര ഗംഭീര സിനിമയെടുക്കുന്നതെന്നാണ് അയാളുടെ ചോദ്യം. മറ്റൊരു സന്ദര്‍ഭത്തിലും സിനിമക്കുമേല്‍ ജീവിതവും വിശ്വാസങ്ങളും ആധിപത്യം നേടുന്നുണ്ട്. കുട്ടികളെ പുഴയില്‍ മുക്കിക്കൊല്ലുന്ന ഒരു രംഗം ചിത്രീകരിക്കാനാണ് സംവിധായകന്റെ ശ്രമം. കുഞ്ഞുങ്ങളെ ഒക്കത്തേന്തി നില്ക്കുന്ന സ്ത്രീകള്‍ക്കു ഈ രംഗം ചിത്രീകരിക്കുന്നതിന്റെ വിവരണം സംവിധായകന് നല്‍കുന്നുണ്ട്. കുട്ടികളേയുമേന്തി അരയ്ക്കൊപ്പം വെള്ളത്തിലിറങ്ങണമെന്നും തുടര്‍ന്ന് കുട്ടികളുടെ ആകൃതിയിലുള്ള പാവകളെ വെള്ളത്തില്‍ മുക്കി ബാക്കി ഭാഗം ചിത്രീകരിക്കാമെന്നുമാണ് സംവിധായകന്റെ വിശദീകരണം. എന്നാല്‍ സ്ത്രീകളാരും തങ്ങളുടെ കുട്ടികളെ വെള്ളത്തില്‍ മുക്കാന്‍ തയ്യാറാവുന്നില്ല. വളരെ പ്രധാനപ്പെട്ട രംഗമാണിതെന്ന് സംവിധായകന് ആവര്‍ത്തിക്കുന്നുവെങ്കിലും ചില കാര്യങ്ങള്‍ സിനിമയെക്കാള്‍ പ്രധാനമാണെന്ന് പറഞ്ഞുകൊണ്ട് ഡാനിയേല്‍ ആ ശ്രമത്തെ പരാജയപ്പെടുത്തുന്നു. ഒരു അഭിമുഖസംഭാഷണത്തില്‍ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ സംവിധായിക തന്നെ ജനങ്ങള്‍ സിനിമയെയും ജീവിതത്തെയും എങ്ങനെ വേറിട്ടു തന്നെ കണ്ടുവെന്ന കാര്യം വിശദീകരിക്കുന്നുണ്ട്. ബുധന്‍, ശനി ദിവസങ്ങളിലൊന്നും നാട്ടുകാര്‍ ഷൂട്ടിംഗിനെത്തുകയില്ല. അന്ന് അവര്‍ക്ക് ഇതിലും വരുമാനമുള്ള മറ്റു ജോലികളുണ്ട്. ലോകം ഈ സിനിമക്കു ചുറ്റുമല്ല കറങ്ങുന്നതെന്ന് അവര്‍ക്കറിയാം. നിലനില്പിനായി പോരാടുമ്പോള്‍ സിനിമയ്ക്കല്ല പ്രഥമസ്ഥാനം.സിനിമകൊണ്ട് ജീവിതത്തെ പകരം വെക്കാനാവില്ല.
കൊളമ്പസിനെക്കുറിച്ചു സംസാരിച്ചുകൊണ്ടാണ് കോസ്റ്റയുടെ നേതൃത്വത്തിലുള്ള ഷൂട്ടിംഗ് ടീം ബൊളീവിയയിലേക്ക് പ്രവേശിക്കുന്നത്. കൊളമ്പസിന് ഈ നാട് ദരിദ്രരുടേതാണെന്നറിയാമായിരുന്നു. അതുപോലെതന്നെയാണ് കോസ്റ്റയും കരുതുന്നത്. നിയോ കൊളോണിയലിസവും കൊളോണിയലിസവും തമ്മിലുള്ള മുഖാമുഖമായി പലപ്പോഴും ഈ സിനിമ മാറുന്നു. കൊളമ്പസിന്റെ ആഗമനമാണ് ലോകചരിത്രത്തില്‍ കൊളോണിയലിസത്തിനു തുടക്കം കുറിക്കുന്നതെങ്കില്‍ അതേ നാട്ടില്‍ നവകൊളോണിയലിസമായി എത്തുന്നത് ബഹുരാഷ്ട്രകമ്പനിയാണ്. സിനിമാ കമ്പനിയും നവകൊളോണിയലിസത്തിന്റെ മറ്റൊരു മാതൃകയായിത്തീരുന്നു. വെള്ളക്കമ്പനി ജനങ്ങളുടെ ദൈനംദിനാവശ്യങ്ങളെ മുതലെടുക്കുന്നുവെങ്കില്‍ സിനിമാകമ്പനി ദാരിദ്ര്യത്തേയും വിനോദതാല്പര്യത്തെയും ചൂഷണോപാധിയാക്കുന്നു.സിനിമ നടത്തുന്ന ചൂഷണത്തെക്കുറിച്ചു പറയുന്ന സിനിമ തന്നെ മറ്റൊരു ചൂഷണമാകുന്നുവെന്ന കാരണത്താല്‍ പ്രശംസയോടൊപ്പം വിമര്‍ശനങ്ങളും ഈ ചിത്രത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. No extras were unpaid in the making of this film എന്ന് ചിത്രത്തിന്റെ അവസാനത്തില്‍ രേഖപ്പെടുത്താത്തത് ഹിപ്പോക്രസിയാണെന്ന വിമര്‍ശനവും ഉയരുകയുണ്ടായി. എന്നാല്‍ നാട്ടുകാരുമായുള്ള സഹവര്‍ത്തിത്വത്തിലും സഹകരണത്തിലുമാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് സംവിധായിക പറയുന്നു. എക്സ്ട്രാ നടീനടന്മാര്ക്ക് ഓരോരുത്തര്‍ക്കും പ്രതിഫലം നല്‍കിയതിനു പുറമെ, അവരുടെ ഗോത്രത്തിനാകെയും പ്രതിഫലം നല്കുകയുണ്ടായി. ഇക്കാരണത്താല്‍ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുക്കാത്തവര്‍ക്കും പ്രയോജനം കിട്ടി. “ ഞങ്ങള്‍ ഉചിതമെന്ന് കരുതിയ വിധത്തിലല്ല, അവര്‍ ആഗ്രഹിച്ച വിധത്തിലാണ് പ്രതിഫലം നല്‍കിയത്.“
സിനിമക്കുള്ളിലെ സിനിമയും കഥക്കുള്ളിലെ കഥയും ചരിത്രത്തിനുള്ളിലെ ചരിത്രവുമെല്ലാം വേര്‍തിരിക്കാനാവാത്തവിധം ഇടകലര്‍ന്ന് സങ്കീര്‍ണ്ണമായി അനുഭവപ്പെടുമെങ്കിലും അതിനെ മറികടക്കുന്ന ഒരു ആഖ്യാനഘടന ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. സിനിമ പുരോഗമിക്കുന്നതോടെ സിനിമാ നിര്‍മ്മാണവും, കൊളമ്പസിന്റെ ചരിത്രവുമെല്ലാം രണ്ടാം സ്ഥാനത്താവുകയും അവിടെ ബൊളീവിയയുടെ ദൈനംദിന പ്രശ്നങ്ങള്‍ കടന്നുവരുകയും ചെയ്യുന്നു. ജലയുദ്ധത്തില്‍ പങ്കെടുത്തവരുമായി സംസാരിച്ചാണ് തിരക്കഥക്ക് രൂപം നല്‍കിയത്. ജലയുദ്ധത്തെ ആസ്പദമാക്കി ഇതിനുമുമ്പ് നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങളുടെ ക്ലിപ്പിങ്ങുകള്‍ ഷൂട്ടിംഗ് ടീം ഹോട്ടല്‍മുറിയിലിരുന്ന് കാണുന്നുണ്ട്. അത് ഈ വിഷയത്തില്‍ ഇതിനകം നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങള്‍ക്ക് സിനിമക്കകത്തുതന്നെ നല്കുന്ന കടപ്പാടാണ് (acknowledgement). പരമാവധി ചിലവു കറച്ച് സിനിമയെടുക്കുക എന്ന ഒറ്റലക്ഷ്യത്തോടെ എത്തിയ കോസ്റ്റ സിനിമയുടെ അവസാനരംഗത്തില്‍ ഒരു ചെറിയ കുപ്പി വെള്ളത്തിലേക്കും അതിന്റെ പ്രാദേശിക പദത്തിലേക്കും, വലുതാവുന്നത് നാം കാണുന്നു. ജലമാണ് ജീവന് എന്നു മുമ്പൊരു സന്ദര്‍ഭത്തില്‍ ഡാനിയേല്‍ പറഞ്ഞത് മടക്കയാത്രയിലാണ് കോസ്റ്റ തിരിച്ചറിയുന്നത്. യഥാര്‍ത്ഥത്തില്‍ അതൊരു മടക്കയാത്രയല്ല. ഡാനിയേല്‍ നല്‍കിയത് ഒരു ചെറിയ കുപ്പി വെള്ളം മാത്രവുമല്ല.അതൊരു ചോദ്യവും ഉത്തരവും കൂടിയാണ്.
(കടപ്പാട്: മാധ്യമം ആഴ്ചപ്പതിപ്പ് 2012 ജൂലൈ30) ഈ ലേഖനം ഇവിടെയും ലഭ്യമാണ്
Good
ReplyDeletethanks,sadanandan
ReplyDelete