അഭ്രത്തിലല്ല
സ്വപ്നത്തിലല്ലോടുന്നു
കട്ടിയിരുട്ടിന്‍ ഹൃദയത്തിലേക്കവള്‍
(കുരീപ്പുഴ ശ്രീകുമാര്‍ / നടിയുടെ രാത്രി)
സിനിമ എന്ന കലാരൂപവും അതിന്റെസാങ്കേതികതയും ഇന്ത്യയില്‍ ഒരു ആധുനികപൂര്‍വ്വ സമൂഹത്തിലേക്കാണ് പ്രവേശനം നേടാന്‍ ശ്രമിച്ചത്.അതിനോട് സമൂഹം പ്രതികരിച്ച രീതി ഭിന്നമായിരുന്നു.ഇന്ത്യയിലെ ആദ്യ ചിത്രമായ ‘ രാജാഹരിശ്ചന്ദ്ര‘ യുടെ ചിത്രീകരണം നടക്കുന്ന കാലത്ത് സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് നിഷിദ്ധമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാല്‍ ഹരിശ്ചന്ദ്ര എന്നൊരാളുടെ ഫാക്റ്ററിയില്‍ ജോലിയെടുക്കുകയാണ് തങ്ങളെന്ന് പറയാന്‍ ഫാല്‍ക്കെ കലാകാരന്മാരോട് നിര്‍ദ്ദേശിക്കുകയുണ്ടായി. ഫാല്‍ക്കെയെക്കുറിച്ചുള്ള സിനിമക്ക് ‘ ഹരിശ്ചന്ദ്ര ഫാക്റ്ററി’ (സംവിധാനം:പരേഷ് മൊകാഷി) എന്ന പേരുണ്ടായത് അങ്ങനെയാണ്.ആദ്യ സിനിമ നിര്‍മ്മിക്കാന്‍ അദ്ദേഹമനുഭവിച്ച ക്ലേശങ്ങള്‍ അനവധിയായിരുന്നു. മുന്നിലെത്തുന്നവരുടെ ജീവന് വലിച്ചെടുക്കാനുള്ള കഴിവ് ക്യാമറക്കുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ സ്റ്റുഡിയോ അടച്ചു പൂട്ടേണ്ടി വന്നു.കുറേക്കാലം ജാലവിദ്യക്കാരനായി കഴിഞ്ഞതിനു ശേഷമാണ് ഇംഗ്ലണ്ടില്‍ പോവുകയും സിനിമയുടെ സാങ്കേതിക വിദ്യയും ഉപകരണങ്ങളും സ്വായത്തമാക്കുകയും ചെയ്തത്.എങ്കിലും രാജാഹരിശ്ചന്ദ്രയ്ക്ക് നല്ല ജന പിന്തുണ കിട്ടുകയും തുടര്‍ന്ന് നിരവധി സിനിമകള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തു.ദാദാസഹേബ് ഫാല്‍ക്കേയുടെ ഓര്‍മ്മകളും അദ്ദേഹത്തിന്റെ സിനിമകളും കാലത്തിന്റെ പരിക്കുകളേല്‍ക്കാതെ സംരക്ഷിക്കപ്പെട്ടു. എതിര്‍പ്പുകളൊന്നുമില്ലാതെ ഇന്ത്യന്‍ സിനിമയുടെ പിതാവായി അദ്ദേഹം അംഗീകരിക്കപ്പെട്ടു.എന്നാല്‍ പിന്നേയും 15വര്‍ഷങ്ങള്‍ കഴിഞ്ഞ് നിര്‍മ്മിക്കപ്പെട്ട ‘ ‘ വിഗതകുമാരന്’ എന്ന മലയാളത്തിലെ ആദ്യ സിനിമ നേരിട്ടത് ഏറ്റവും കഠിനമായ എതിര്‍പ്പുകളായിരുന്നു.അത് ആ സിനിമയുടെ ചരിത്രത്തെ തന്നെഇല്ലായ്മ ചെയ്യുന്നതു വരെ എത്തുകയും ചെയ്തു.ഡാനിയേലിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമയിലെ നായികയായ പി.കെ.റോസിയെക്കുറിച്ചുമുള്ള അറിവുകള്‍ കാര്യമായൊന്നും കാലം അവശേഷിപ്പിച്ചില്ല. വിഗതകുമാരന്റെ സെല്ലുലോയ്ഡ് പ്രിന്റ് കുട്ടികള്‍ തീകത്തിച്ച് രസിച്ച് പൂര്‍ണ്ണമായും നഷ്ടമാക്കുകയും ചെയ്തു.കത്തുമ്പോഴുള്ള നീലജ്വാലയിലായിരുന്നു കുട്ടികളുടെ കൌതുകം.
2
കമല്‍ സംവിധാനം ചെയ്ത “ സെല്ലുലോയ്ഡ്’ എന്ന ചിത്രം ഡാനിയേലിന്റേയും വിഗതകുമാരന്റേയും റോസിയുടെയും ചരിത്ര/കഥാഖ്യാനങ്ങളാണ്.ഇന്ത്യന്‍ സിനിമയുടെ ജന്മ ശതാബ്ധിക്കുള്ള മലയാള സിനിമയുടെ ആദരവായി കമല്‍ തന്റെ സിനിമയെ വിശേഷിപ്പിക്കുന്നു.
ഒരര്‍ഥത്തില്‍ ജെ.സി.ഡാനിയേലും വിഗതകുമാരനും റോസിയും പരസ്പര ബന്ധിതമാവുന്നത് തങ്ങളുടെ നഷ്ട ജന്മങ്ങള് കൊണ്ടു കൂടിയാണ്. ജെ.സി.ഡാനിയേലിന്റെ ജീവിതത്തിലേക്കും സിനിമയിലേക്കും ആദ്യവെളിച്ചമായത് വിനു അബ്രഹാമിന്റെ ‘ നഷ്ടനായിക’ എന്ന നോവലാണ്.അതേ നോവല്‍ തന്നെയാണ് പി.കെ റോസിയുടെയും ജീവിതത്തിന്റെ സമഗ്ര ആഖ്യാനമാവുന്നത്.നഷ്ട നായികയ്ക്ക് പ്രചോദനമായത് കുരീപ്പുഴശ്രീകുമാറിന്റെ കവിതയാണെന്ന് വിനു അബ്രഹാം രേഖപ്പെടുത്തുന്നുണ്ട്.കൂടാതെ “ ലോസ്റ്റ് ലൈഫ് “ ,“ ഇത് റോസിയുടെ കഥ“ എന്നീ ലഘുഡോക്യുമെന്ററികളും പുറത്തു വന്നിട്ടുണ്ട്.
വിഗതകുമാരന്റെ പ്രിന്റ് നശിപ്പിക്കപ്പെട്ടത് ഡാനിയെലിന്റെ മകന്റെ കുസൃതിയാണെന്നാണ് നോവലും സിനിമയും പറഞ്ഞുവെക്കുന്നത്.ആര്.ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ‘ ദി ലോസ്റ്റ് ലൈഫ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവേദിയില്‍ വെച്ച് ഡാനിയേലിന്റെ മകന് ഹാരിസ് ഡാനിയേല്‍ ഇങ്ങനെ പറയുന്നു:“ ഈ കൈകള്‍,എന്റെ ഈ കൈകള്‍ കൊണ്ടാണ് മലയാള നാട്ടിലെ ആദ്യ സിനിമയെ ഏതാണ്ട് മുഴുവനായിത്തന്നെ നശിപ്പിച്ചത്”.സെല്ലുലോയ്ഡിലും ഈ രംഗം പുനരാവിഷ്ക്കരിക്കപ്പെടുന്നുണ്ട്.താനത് ചെയ്തില്ലായിരുന്നെങ്കില്‍ തന്റെ പിതാവിന് ആരാലും അംഗീകരിക്കപ്പെടാതെ മരിക്കേണ്ടി വരില്ലായിരുന്നെന്നും ‘വിഗതകുമാരനാണ് മലയാളത്തിലെ ആദ്യ സിനിമ എന്നത് ലോകമറിയുന്നതിന് ഇത്രയേറെ വൈകില്ലായിരുന്നെന്നും സിനിമയില്‍ അദ്ദേഹം കൂട്ടി ചേര്‍ക്കുന്നുണ്ട്.ഹാരിസ് ഡാനിയേല്‍ സമൂഹത്തിനു നേരെ കൈകൂപ്പി നില്ക്കുന്ന സീനിലാണ് സിനിമയുടെ പര്യവസാനം.തന്റെ ഇഷ്ട നായകനായിരുന്ന പി.യു .ചിന്നപ്പ അഭിനയിച്ചഫിലിം തുണ്ടുകള്‍ പകരം കിട്ടാനായി വിഗതകുമാരന്റെ ഫിലിം യഥേഷ്ടം മുറിച്ചു കൊടുക്കുകയായിരുന്നു. ജ്യേഷ്ഠനായ സുന്ദര്‍ ഡാനിയേല്‍ അഭിനയിച്ച ഭാഗങ്ങള്‍ കത്തിക്കുന്നതില്‍ വല്ലാത്ത സന്തോഷം തോന്നിയിരുന്നെന്നും “ലോസ്റ്റ് ലൈഫ്” എന്ന ഡോക്യുമെന്ററിയില്‍ ഹാരിസ് ഡാനിയെല്‍ പറയുന്നുണ്ട്.അല്ലെങ്കില്‍ തന്നെ സിനിമയില്‍ തന്റെ മുഖം പോലും കാണാനാവാതെ ആദ്യ പ്രദര്‍ശനദിവസം തന്നെ നാടുവിട്ടോടേണ്ടി വരുകയും ശിഷ്ട ജീവിതം അജ്ഞാതവാസമായിത്തീരുകയും ചെയ്ത റോസിയുടെയും അതിന്റെ സംവിധായകന്റെയും ചരിത്രം ഇതിലും നന്നായി സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചു കൂടാ.
‘ നഷ്ട നായിക‘ യാണ് റോസിയുടെയും ഡാനിയേലിന്റെയും കഥ സമഗ്രമായവതരിപ്പിച്ചതെങ്കിലും ചേലങ്ങാട്ട് ഗോപാലകൃഷ്ണന് എന്നൊരാള്‍ വിഗതകുമാരനെ മലയാളത്തിലെ ആദ്യചിത്രമായും ജെ.സി ഡാനിയേലിനെ ആദ്യസംവിധായകനായും 1960കളില്‍ തന്നെ അവതരിപ്പിച്ചതും ഇന്ന് ചരിത്രമാണ്.ഭരണാധികാരികള്‍ വിഗതകുമാരനേയും ജെ.സി.ഡാനിയേലിനേയും അംഗീകരിക്കാന്‍ ഏറെക്കാലം മടികാണിച്ചുവെങ്കിലും 1992മുതല്‍ മലയാള സിനിമയിലെ സമഗ്രസംഭാവനക്കുള്ള അവാര്‍ഡിന് ജെ.സി.ഡാനിയേലിന്റെ പേരു നല്കപ്പെട്ടു. അപ്പോഴേക്കും ഡാനിയേല്‍ കാലത്തില്‍ മറഞ്ഞു കഴിഞ്ഞിരുന്നു.
ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ കഥയും ഡാനിയേലിന്റെതില്‍ നിന്ന് ഏറെ ഭിന്നമായില്ല.അദ്ദേഹത്തിന്റെ ഗവേഷണാന്വേഷണങ്ങളെ ആദ്യകാലത്ത് ആരും പരിഗണിച്ചതേയില്ല.2010ല്‍ അദ്ദേഹം അന്തരിച്ചശേഷമാണ് ‘ ഡനിയേലിന്റെ ജീവിതകഥ ‘ എന്ന പുസ്തകം പുറത്തു വന്നത്.വിഗതകുമാരനുമായി ബന്ധപ്പെട്ടവരൊക്കെ ജീവിതകാലം മുഴുവന്‍ നിന്ദിക്കപ്പെടുകയും തിരസ്കൃതരായി കഴിയേണ്ടി വരുകയും ചെയ്തുവെന്നത് കാലം തീര്‍ത്ത കൌതുകങ്ങളിലൊന്നാവാം.ഒരര്‍ഥത്തില്‍ ആ പേരു(വിഗതകുമാരന്/lost child)തന്നെ നഷ്ടങ്ങളുടെകഥ മാത്രമാണ്.ഈ പേരിനോടുള്ള അനിഷ്ടം ഫാരിസ് ഡാനിയേല്‍ പ്രകടിപ്പിക്കുന്നത് അത് ഒരാദ്യ സിനിമാ സംരംഭത്തിന് പറ്റിയ പേരല്ല എന്നു പറഞ്ഞുകൊണ്ടാണ്.
ചരിത്രവും കഥയും തമ്മിലുള്ള അതിര്‍ത്തികള്‍ അദൃശ്യമായി വരുന്ന കാലത്താണ് ഡാനിയേലും റോസിയും സിനിമയാവുന്നത്.ചരിത്രവും ഭാവനയും ഡോക്യുമെന്ററിയും കഥാചിത്രവുമെന്ന അതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്ന ഈ സിനിമാശില്പം ഒരര്‍ഥത്തില്‍ ഡാനിയേലിന്റെ ജീവിതത്തിന്റെ ഉചിതമായ ആവിഷ്ക്കാരമാണ്. കേട്ടുകേള്‍വികള്‍ക്കും പുസ്തകങ്ങള്‍ക്കും കവിതകള്‍ക്കും ഡോക്യുമെന്ററികള്‍ക്കുമൊപ്പം ഈ സിനിമയുമുള്‍ക്കൊള്ളുന്നതാണ് ഇനിയുള്ള കാലത്ത് വിഗതകുമാരന്,ജെ.സി.ഡാനിയേല്‍, റോസി എന്നിവരുടെ ജീവിതകഥ.സിനിമ എന്ന നിലയ്ക്ക് അത് മറ്റുള്ളവയുടെ മേല്‍ കൂടുതല്‍ ‘ആധികാരികത‘ യും ‘ സമഗ്ര‘ തയും അവകാശപ്പെടുകയും ചെയ്യും.
3.
എന്നാല്‍ ‘ സെല്ലുലോയ്ഡ്’ വിഗതകുമാരന്റേയൊ, ഡാനിയേലിന്റേയോ, റോസിയുടേയോ മാത്രം കഥ/ചരിത്രമല്ല.അത് ഇന്ത്യന്‍ സിനിമയുടെയും ലോകസിനിമയുടെയും തുടക്കകാലത്തില്‍ തുടങ്ങി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള സിനിമയിലെ “‘നരസിംഹാവതാരം” വരെയെത്തുന്നു.സിനിമാ ചരിത്രത്തേയും പ്രധാന സിനിമകളേയും പിന്തുടര്ന്നാണ് ‘ സെല്ലുലോയ്ഡ്’ മുന്നോട്ടു പോകുന്നത്.ആ പിന്തുടരല് തന്നെയാണ് ഈ സിനിമയുടെ പ്രമേയമാവുന്നത്.ചാര്‍ളി ചാപ്ലിന്റെ ‘ ദി കിഡ്’ എന്ന സിനിമയായിരുന്നു വിഗതകുമാരന്റെ പിറവിയ്ക്ക് മാതൃകയായത്.ദി കിഡ് ആവര്‍ത്തിച്ചു കാണുന്നതിലൂടെയാണ് സാമൂഹ്യ കഥ എന്ന ആശയം ഡാനിയേലിന് കിട്ടുന്നത്. ഒരര്‍ത്ഥത്തില്‍ ‘ കിഡി‘ ന്റെ വിദൂരവും ദുര്‍ബ്ബലവുമായ ഒരനുകരണം പോലുമാണ് വിഗതകുമാരന്(The lost child).
കഥാചിത്രങ്ങളും ഡോക്യുമെന്ററികളും സിനിമാനിരൂപണങ്ങളുമെല്ലാം ഇടകലര്‍ന്നുവരുന്ന, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും കഥാപാത്രങ്ങളാവുന്ന മിശ്രഘടനയ്ക്കകത്തും കഥാ ചിത്രത്തിന്റെ നൈരന്തര്യം നിലനിര്‍ത്തു ന്നതാണ് ചിത്രത്തിന്റെ പരിചരണ രീതി.ജെ.സി.ഡാനിയേല്‍ ദാദാസാഹേബ് ഫാല്‍ക്കെയെ കാണാനെത്തുന്നിടത്താണ് സിനിമയുടെ ആരംഭം.സിനിമ എളുപ്പമുള്ള പണിയല്ലെന്നാണ് ഫാല്‍ക്കെ അദ്ദേഹത്തെ ഉപദേശിക്കുന്നത്.തുടര്‍ന്ന് ഷൂട്ടിംഗ് രംഗങ്ങള്‍ കാണുന്ന ഡാനിയേലിനും അത് ബോദ്ധ്യമാവുന്നുണ്ട്. തമിഴില്‍ സിനിമയെടുക്കുന്ന നടരാജമുതലിയാരെയും അദ്ദേഹം കാണുന്നുണ്ട്. സിനിമയുടെ തുടക്ക കാലം തൊട്ടേ ജാതിയും പാരമ്പര്യങ്ങളും ഏതെല്ലാം വിധത്തില്‍ ഇടപെട്ടു എന്നതിന്റെ ഉദാഹരണങ്ങളാണ് ഫാല്‍ക്കേയുടെ വിജയവും ഡാനിയേലിന്റെ പരാജയവും .ഫാല്‍ക്കേയും മുതലിയാരുമൊക്കെ ഹൈന്ദവ പുരാണങ്ങള്‍ സിനിമയാക്കുന്നതിലാണ് താല്പര്യമെടുത്തത്.അന്നത്തെ സമൂഹത്തില്‍ സിനിമയെന്ന ആശയത്തിന് സ്വീകാര്യത നേടാന്‍ അത് സഹായകരമാവുകയും ചെയ്തു. ഡാനിയേലിനുമുന്നിലും പുരാണചിത്രങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വരുന്നുണ്ട്.അതില്‍ കൃസ്തീയ പുരാണങ്ങളുമുണ്ടെങ്കിലും ഒരു സാമൂഹ്യ കഥയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ആദ്യമേ ഉറപ്പിക്കുന്നു.ഇത് മലയാള സിനിമയുടെ തന്നെ ഒരു നിര്‍ണ്ണായക മുഹൂര്‍ത്തമായിരുന്നെന്ന് പില്ക്കാല ചരിത്രം ബോദ്ധ്യപ്പെടുത്തുകയുംചെയ്യുന്നു. കാരണം മലയാള സിനിമ പില്ക്കാലത്തും പുണ്യപുരാണ ചിത്രങ്ങള്‍ക്കു പുറകേ ഏറെയൊന്നും സഞ്ചരിക്കാന്‍ മെനക്കെട്ടില്ല.സാമൂഹ്യ കഥകള്‍ക്കു തന്നെയായിരുന്നു മുഖ്യ സ്ഥാനം.മലയാള സിനിമയില്‍ വലിയൊരു മാറ്റത്തിനിടയാക്കിയ ‘ നീലക്കുയി‘ ലില്‍ വിഗതകുമാരന്റെ ചില സാമൂഹ്യ തുടര്‍ച്ചകളുണ്ട്.വിഗതകുമാരനില്‍ ഉന്നതജാതിക്കാരിയായ സരോജനിയായി റോസി വേഷമണിഞ്ഞുവെങ്കില്‍ പില്ക്കാലത്ത് നീലിയായും മറ്റും വേഷമണിയാന്‍ ധാരാളം ആളുകളുണ്ടായി.അപ്പോഴെക്കും സിനിമ എല്ലാവര്ക്കും സഞ്ചരിക്കാവുന്ന പൊതുസ്ഥലമായി കഴിഞ്ഞിരുന്നു.
മലയാള സിനിമയുടെ ചരിത്രമുഹൂര്‍ത്തങ്ങളിലൊന്നായ ‘ ചെമ്മീന്‍’ 1966ലെ ദേശീയ പുരസ്ക്കാരം ലഭിച്ച റേഡിയോ വാര്‍ത്ത റോഡരികില്‍ നിന്ന് കേട്ട് നിസ്സംഗനായി ഒരു വണ്ടിയില്‍ കയറിപ്പോകുന്ന വൃദ്ധനായ ഡാനിയേലിനെ ചേലങ്ങാട്ട് ഗോപാലകൃഷ്ണന് കാണുന്നതാണ് ഡാനിയേലിനെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ തുടക്കം.മലയാളസിനിമ മുപ്പതിലേറെ കൊല്ലങ്ങള്‍ കൊണ്ടു നേടിയ വളര്‍ച്ചയായിരുന്നു ചെമ്മീന്‍.ആ സിനിമയും പുരാണങ്ങളെ ആശ്രയിച്ചില്ലെന്നു മാത്രമല്ല പ്രമേയപരമായി അത് അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ കഥ തന്നെയായിരുന്നു.ഡാനിയേല്‍ ആ വാര്‍ത്തയോട് നിസ്സംഗനായിരിക്കാമെങ്കിലും അദ്ദേഹത്തിന്റെ തുടക്കങ്ങളുടെ സ്വാഭാവിക പരിണാമം അതിലുണ്ട്.അവിടെ നിന്ന് ‘ നരസിംഹം‘ എന്ന ചിത്രത്തിലേക്കുള്ള ‘ വളര്‍ച്ച’ കാണിക്കുമ്പോഴും കമല്‍ ചില കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്.ജാതിഭേദങ്ങളുടെ പരമ്പരാഗത രൂപങ്ങളില്‍ നിന്ന് ഒട്ടൊക്കെ രക്ഷ പ്രാപിച്ച സിനിമ പുതിയ വര്‍ണ്ണാശ്രമങ്ങളിലേക്ക് അന്ധമായി പതിച്ചതിന്റെ സമകാല ചരിത്രമാണത്.
മലയാള സിനിമാഗാനങ്ങളുടെ ചരിത്രത്തെ രേഖപ്പെടുത്തുന്നത് വയലാറിലൂടെയാണെന്നതും ‘ ‘ മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനത്തിന്റെ രചനാ സന്ദര്‍ഭത്തിലൂടെയാണെന്നതും പ്രധാനമാണ്.വിഗതകുമാരനെ മലയാളത്തിലെ ആദ്യ സിനിമയായി അംഗീകരിപ്പിച്ചെടുക്കുന്നതിനുള്ള ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ പരിശ്രമങ്ങള്‍ക്കിടയിലാണ് സിനിമയുടെ തന്നെ ചരിത്രം പല രീതിയില്‍ തെളിഞ്ഞു വരുന്നത്.ലോക സിനിമാ ചരിത്രത്തില്‍ ഡി.ഡബ്ല്യു.ഗ്രിഫിത്തിന് തെണ്ടിയെപ്പോലെ കഴിയേണ്ടി വന്നെങ്കില്‍ ഒരു ജെ.സി.ഡനിയേലിന്റെ കാര്യത്തില്‍ അതില്‍ പുതുമയില്ലെന്ന് ഡാനിയേല്‍ പറയുന്നതിനു പിന്നില്‍ സിനിമാ ചരിത്രത്തിലെ വലിയൊരു അവഹേളനത്തിന്റെകഥയുണ്ട്. തിരസ്കൃതനായി അന്ത്യകാലം കഴിക്കേണ്ടി വന്നയാളാണല്ലോ ഗ്രിഫിത്ത്.
4
ജാതീയമായ മേല്ക്കോയ്മകള് അറിവിന്റേയും മേല്‍ക്കോയ്മകളായിരുന്നു. ഹാസ്യോല്പാദനത്തിനുള്ള മാര്‍ഗ്ഗങ്ങളിലൊന്നാണ് അന്യന്റെ അജ്ഞത.എന്നാല്‍ ആധുനികത ആശയമായും അതിന്റെ സാങ്കേതികോല്പന്നങ്ങളായും കടന്നു വരുന്ന ഘട്ടത്തില്‍ മറ്റു പലതുമെന്നപോലെ ജാതീയമായ മേല്‍കീഴ് അവസ്ഥകളെ ആശ്രയിച്ചുള്ള അറിവധികാര വ്യവസ്ഥകളും അട്ടിമറിക്കപ്പെടുന്നുണ്ട്.ജ്ഞാനവിജ്ഞാനങ്ങള്‍ ആധുനികതയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുനര്‍ നിര്‍വ്വചിക്കപ്പെട്ടപ്പോള്‍ പരിഹാസം നേരിടേണ്ടി വന്നവരിലേറെയും ഉയര്‍ന്ന ജാതിക്കാരായിരുന്നു.ഇന്ദുലേഖയില്‍ ഇംഗ്ലീഷറിയാത്തതിന്റെ പേരില്‍ സൂരിനമ്പൂതിരിയും അതുപോലുള്ളവരും നേരിടുന്ന പരിഹാസം എത്രയാണെന്നോര്‍ക്കുക.
ഫാല്‍ക്കെ ഇംഗ്ലണ്ടില്‍ പോയിട്ടാണ് സിനിമയുടെ തന്ത്രങ്ങള്‍ സ്വായത്തമാക്കിയത്. ‘ “ രാജാഹരിശ്ചന്ദ്ര‘ യുടെ നിര്‍മ്മാണഘട്ടത്തിലെ ഹാസ്യരംഗങ്ങളില്‍ പലതും സിനിമയുടെ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള നടീനടന്മാരുടെയും നാട്ടുകാരുടെയും അറിവു കുറവില്‍ നിന്നുത്ഭവിച്ചതാണ്. അവിടെ ഫാല്‍ക്കേയാണ് അറിവിന്റെ രാജാവ്.ഡാനിയെലിനു മുന്നിലും ഫാല്‍ക്കേയും മുതലിയാരുമൊക്കെ അറിവിന്റെ തമ്പുരാക്കന്മാരാണ്. വിഗതകുമാരന്റെ ചിത്രീകരണവും ഇങ്ങനെ പലവിധത്തിലുള്ള ഹാസ്യം ഉല്പാദിപ്പിക്കുന്നണ്ട്.അതു കൂടാതെ ജാതിയെ സിനിമയിലേക്ക് സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നതും ഡാനിയേല്‍ സിനിമക്ക് ജാതിയില്ല എന്നു പറയുന്നതും അന്ന് ഹാസ്യോല്പാദനത്തിന് സഹായിച്ചിട്ടുണ്ടാവില്ലെങ്കിലും ജാതിസമരങ്ങള്‍ ഏറെ പിന്നിട്ടു കഴിഞ്ഞ ഇക്കാലത്ത് അത് ഇത്തിരി ഹാസ്യമോ പരിഹാസമോ ഉണ്ടാക്കിയേക്കും.ഉയര്‍ന്ന ജാതിക്കാരാലുംകീഴ്ജാതിക്കാരാലും സൃഷ്ടിക്കപ്പെടുന്ന ഹാസ്യം എങ്ങനെ വ്യത്യസ്തമാവുന്നു എന്നതുംആലോചിക്കാവുന്നതാണ്. ഉന്നത ജാതിക്കാര്‍ തങ്ങളുടെ അജ്ഞതയെ പൊങ്ങച്ചം കൊണ്ടും അധികാരഭാവം കൊണ്ടും കൂടുതല്‍ വികൃതമാക്കുമ്പോള്‍ അഥവാ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ താണ ജാതിക്കാര്‍ അതിനെ സ്വജീവിത പരിസരത്തുവെച്ച് വിലയിരുത്തി സ്വാഭാവികമായി ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു.സരോജനിയായി മാറിയ റോസി വെറും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും മറ്റും റോസിയെ സംബന്ധിച്ച് വളരെ സ്വാഭാവികമാണ്.സിനിമ കല്പിച്ചുനല്കിയ താത്ക്കാലിക സമത്വത്തെക്കുറിച്ച് റോസിക്ക് യാതൊരറിവുമില്ല.
സിനിമയ്ക്കകത്ത് പില്ക്കാലത്ത് നടപ്പായ സാമൂഹ്യനീതിയെക്കുറിച്ച് മനസ്സിലാക്കാന്‍ കൂടി വിഗതകുമാരന്റെ ആദ്യപ്രദര്‍ശനാനുഭവം സൃഷ്ടിച്ച ചെറിയ തമാശകള്‍ സഹായിക്കും.മുന്‍ നിരയില്‍ സീറ്റ് വേണമെന്നാവശ്യപ്പെട്ട നാട്ടുപ്രമാണി പിന് നിരയിലെ സീറ്റു കൊണ്ട് തൃപ്തനായൊ എന്നറിയില്ലെങ്കിലും സിനിമാകൊട്ടകയിലെങ്കിലും തന്നേക്കാള്‍ താഴെയുള്ളവര്‍ മുന്‍ നിരയിലിരിക്കുന്ന “ വൈരുദ്ധ്യം“ പില്ക്കാലത്തും തുടര്‍ന്നു.കീഴ് ജാതിക്കും മേല്‍ ജാതിക്കും ഒരുപോലെ മനസ്സിലാക്കാന്‍ബുദ്ധിമുട്ടുണ്ടാക്കിയകാര്യമാണിത്.ക്ഷേത്രപ്രവേശന വിളംബരത്തിനും മറ്റും ശേഷം എല്ലാവര്ക്കും പ്രവേശനം സാദ്ധ്യമായ പൊതുഇടങ്ങള്‍ സൃഷ്ടിക്കപ്പെടും മുന്‍പ് തന്നെ കൊട്ടകകള്‍ക്കുള്ളില്‍ ജാതി സമവാക്യങ്ങളുടെ കുഴമറിച്ചില്‍ ആരംഭിച്ചിരുന്നു.ജാതിഒരു പ്രധാന ഘടകം തന്നെയായിരുന്നെങ്കിലും അതിലേറെ സാമ്പത്തികാവസ്ഥകളായിരുന്നു കൊട്ടകകളില്‍ മുന്നും പിന്നും നിശ്ചയിച്ചത്.
5
പഴയ കാലം, പ്രണയം,ദളിത് ജീവിതം എന്നു തുടങ്ങി സ്ഥലകാലങ്ങളെ വരെ അടയാളപ്പെടുത്താന്‍ ഏതൊരാഖ്യാനത്തിലും ചില പൂര്‍വ്വ നിശ്ചിത മാതൃകകളും സങ്കേതങ്ങളുമുണ്ട്. കാലത്തെ അടയാളപ്പെടുത്താന്‍ ആ കാലത്തേതെന്നു സ്ഥാപിക്കപ്പെട്ട / വിശ്വസിക്കപ്പെടുന്ന ചില മാതൃകകള്‍ തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്.അത് പ്രസ്തുത കാലത്തെ/ജീവിതത്തെ പൂര്‍ണ്ണമായുള്‍ക്കൊള്ളുന്നുണ്ടാവില്ലെങ്കിലും അതിലൂടെ ആ കാലം തിരിച്ചറിയപ്പെടും. പ്രചാരമാര്‍ജ്ജിച്ച ഒരു മാതൃക കൊണ്ടേ അതു സാധ്യമാവൂ.ഇവിടെ തിരുവിതാംകൂര്‍ പ്രദേശത്തിനെ ദൃശ്യശ്രാവ്യമാക്കുന്നത് സംസാരഭാഷ ,സ്ഥല നാമങ്ങള്‍ എന്നിവയാണ്. ഭൂതകാലത്തെ ആവിഷ്ക്കരിക്കുന്നത് ഭാഷയുടെ പഴമകൊണ്ടും, കാളവണ്ടി,കുതിരവണ്ടി ,വസ്ത്രധാരണം എന്നിവ കൊണ്ടുമാണ്.ദളിത് ജീവിതത്തിനും ഇത്തരം ചില മുന്‍ മാതൃകകളുണ്ട്.അവരുടെ ജീവിതസാഹചര്യങ്ങള്‍,തൊഴില്‍, സംസാരഭാഷ, ആഭരണങ്ങള്‍ എന്നിവയൊക്കെ അതില്‍ വരുന്നു. ഭൂതകാലത്തിന്റെ ആവിഷ്ക്കരണത്തിന് ചില നിശ്ച്ചിത മാതൃകകളെ ആശ്രയിക്കാതെ തരമില്ല. ദളിത ജീവിതം/സ്ത്രീ ജീവിതം എന്നിവ സംബന്ധിച്ച മാറിയ കാഴ്ചപ്പാടുകള്‍ക്കിണങ്ങുന്ന മാതൃകകള്‍ ഭൂതകാലത്തു നിന്ന് കണ്ടെടുക്കാനുമാവില്ല.
ഭൂതകാല പുനര്‍നിര്‍മ്മിതിയും ദളിത് ജീവിതാഖ്യാനങ്ങളുമായി ചേര്‍ന്നു കിടക്കുന്നതാണ് ഈ സിനിമയിലെ രണ്ടു ഗാനങ്ങളുടെയും സാംഗത്യം . അവയുടെ ഈണങ്ങള്‍ക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യകാലങ്ങളില്‍ കേരളമെങ്ങും അലയടിച്ച നാടക ഗാനങ്ങളുടേയും വിപ്ലവ ഗാനങ്ങളുടേയും ഈണങ്ങളോടും ആലാപന ശൈലിയോടുമുള്ള ചാര്‍ച്ച കേള്‍വിക്കാരെ ഭൂതകാലത്തിലേക്ക് എളുപ്പം ആനയിക്കും.അതൊരു ഗൃഹാതുരതയുടെ പുനഃസൃഷ്ടിയെന്ന പോലെ ഭൂതകാലത്തിന്റെ സാംസ്ക്കാരികമായ പുനഃസൃഷ്ടിയുമാണ്.വിഗതകുമാരനു ശേഷം കേരളത്തില്‍ പ്രചാരം നേടിയ ചില ഈണങ്ങളോടാണ് അതിനടുപ്പമുള്ളതെന്ന് നമുക്കെളുപ്പം മറക്കാനാവുന്നു.
ദളിതരുടെ അരികു ജീവിതത്തെ എന്ന പോലെ സ്ത്രീകളുടെ അരികു ജീവിതത്തേയും ഒരു പൊതു ധാരയിലേക്ക് സംശ്ലേഷിപ്പിച്ചെടുക്കുകയായിരുന്നുമലയാളത്തിലെ ആദ്യ സിനിമ ചെയ്തത് .ഭാരതത്തിലെ മറ്റുഭാഗങ്ങളില്‍ സ്ത്രീ വേഷങ്ങള്‍ പുരുഷന്മാര് തന്നെ കൈകാര്യം ചെയ്തിരുന്ന കാലത്താണ് ഡാനിയേല്‍ ഒരു സ്ത്രീയെത്തന്നെ നായികയായി കണ്ടെത്തുന്നത്. അതിനായി അദ്ദേഹം അനുഭവിച്ച ക്ലേശവും ചെറുതല്ല.പിന്നെയും കുറേക്കാലം കൂടി നമ്മുടെ നാടകങ്ങളിലൊക്കെ സ്ത്രീവേഷം കെട്ടിയത് പുരുഷന്മാര് തന്നെയായിരുന്നു എന്നത് മറക്കേണ്ടതില്ല.ആദ്യ പ്രദര്‍ശന ദിവസം അവഹേളിതയായി ഓടിപ്പോകേണ്ടി വന്നുവെങ്കിലും പില്ക്കാലത്ത് അവര്‍ക്കു കൂടി ഇടമുള്ള ദേശമായി കൊട്ടകകള്‍ മാറി.
6
ഫാല്‍ക്കേയുടേയും രാജാഹരിശ്ചന്ദ്രയുടേയും കഥപറയുന്ന ‘ ഹരിശ്ചന്ദ്ര ഫാക്റ്ററി‘ യും ഡാനിയേലിന്റെ കഥ പറയുന്ന ‘ സെല്ലുലോയ്ഡും‘ തമ്മിലുള്ള താരതമ്യം പ്രത്യക്ഷത്തില്‍ തന്നെ സിനിമയിലെ രണ്ട് ആദ്യകാല പഥികരെക്കുറിച്ചുള്ള അന്വേഷണം എന്ന ഒറ്റക്കാര്യത്തില്‍ ഒതുങ്ങുന്നു.ഫാല്‍ക്കേയെപ്പോലെ ഡാനിയേലും തന്റെ ഭാര്യക്ക് ക്യാമറക്കണ്ണിലൂടെ കാഴ്ചകള്‍ പകര്‍ന്ന് നല്‍കുന്നുണ്ട്.രണ്ടു പേരുടേയും ഭാര്യമാര്‍ ആദ്യവസാനം അവര്‍ക്കൊപ്പം നില്‍ക്കുന്നുമുണ്ട്.മറാത്തി സിനിമയുടെയോ ഇന്ത്യന്‍ സിനിമയുടേയൊ ഭൂതവര്‍ത്തമാനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനൊന്നും ഹരശ്ചന്ദ്ര ഫാക്റ്ററി ശ്രമിക്കുന്നില്ല.അത് ആചിത്രത്തിന്റെ പരിമിതിയാണെന്നൊന്നും പറയുന്നില്ല.ഫാല്‍ക്കേ നേരിടേണ്ടിവന്ന സാമ്പത്തികവും ഇതരവുമായ ക്ലേശങ്ങളെക്കുറിച്ച് വിവരിക്കുമ്പോഴും ആദ്യവസാനമുള്ള ഹാസ്യഭാവം അങ്ങനെത്തന്നെ ചിത്രത്തില്‍ നില നിര്‍ത്തപ്പെടുന്നുണ്ട്.അതിനു കാരണവുമുണ്ട്.‘ രാജാഹരിശ്ചന്ദ്ര‘ വിജയിച്ച ചലച്ചിത്രവും ഫാല്‍ക്കെ വിജയിച്ച ചലച്ചിത്രകാരനുമായിരുന്നു.എന്നാല്‍ സെല്ലുലോയ്ഡ് ഒരു സിനിമയും അതിന്റെ നിര്‍മ്മാതാവുമെന്നതിനപ്പുറമുള്ള സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളിലേക്കും സിനിമയുടെ ചരിത്രത്തിലേക്കും ഗൌരവമായി തുറന്നു വെച്ച ക്യാമറയാണ്.അത് പരാജയപ്പെട്ടവരുടെ കഥയാകയാല്‍ മുഖം കോടിയ ചില ചിരികള്‍ക്ക് മാത്രമേ അതില്‍ സാദ്ധ്യതയുള്ളു. പുറത്ത് നിഴലും നിലാവും ഇടകലര്‍ന്നു കളിക്കുന്ന കാഴ്ച കണ്ട്(അത് ഡാനിയേലിന്റെ മാത്രംകാഴ്ചയാണ്. സമീപത്തിരിക്കുന്നഭാര്യ ജാനറ്റ് അതു കാണുന്നില്ല)അതൊരു സിനിമയാണെന്ന ഭ്രമാത്മകതയില്‍ കണ്ണടയ്ക്കുന്നഡാനിയേലിന്റെ അന്ത്യ രംഗത്തിന്റെ ദൃശ്യ സാക്ഷാത്ക്കാരത്തില്‍ ഒരു പക്ഷേ സിനിമയുടെ ആകെ വിശദീകരണമുണ്ട്.
7
‘ വിഗതകുമാര‘ ന്റെ ഷൂട്ടിംഗിനിടയില്‍ ജാതീയത ഇടപെടാന്‍ ശ്രമിക്കുമ്പോഴൊക്കെ സിനിമക്ക് ജാതിയില്ലെന്ന് ഡാനിയേല്‍ ആവര്‍ത്തിക്കുന്നുണ്ട്. സിനിമയുടെ ദൈവം ശിവനല്ല കര്‍ത്താവാണെന്ന് നോവലില്‍ പറയുന്നു.സിനിമയിലെ റോസിയും കുരിശു വരച്ചാണ് അഭിനയം തുടങ്ങുന്നത്.ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ പാരമ്പര്യത്തെ പ്രകോപിപ്പിക്കാതെയാണ് സിനിമ രംഗപ്രവേശം ചെയ്തതെങ്കില്‍ കേരളത്തില്‍ സ്ഥിതിമറിച്ചായിരുന്നു.അതിന് സിനിമയെ കുറ്റപ്പെടുത്തേണ്ടതില്ല. പ്രകോപിതമായ ഒരു സാമൂഹ്യാന്തരീക്ഷം ഇവിടെ അക്കാലത്ത് നിലനിന്നിരുന്നു.അതുകൊണ്ടാണ് ഡാനിയേലിന് സാമൂഹ്യ കഥ തന്നെ എടുക്കണമെന്ന് തോന്നിയത്. മഹാത്മാ ഗാന്ധിയുടെ കൂടി സാന്നിദ്ധ്യമുണ്ടായിരുന്ന വൈക്കംസത്യാഗ്രഹം അവസാനിച്ചിട്ട് രണ്ടുമൂന്നു വര്‍ഷങ്ങളേ ആയിട്ടുള്ളു. ശ്രീനാരായണ ഗുരുദേവന് തന്റെ ജന്മനിയോഗം അവതരിപ്പിച്ച് സമാധിയായിയിരിക്കുന്നു.കുമാരനാശാന് വീണപൂവും ദുരവസ്ഥയുമടക്കമുള്ള കാവ്യങ്ങളെഴുതി പല്ലനയാറ്റില്‍ വിലയം പ്രാപിച്ചു കഴിഞ്ഞു.അയ്യങ്കാളി തന്റെ ജാതിവിരുദ്ധ സമരങ്ങളുമായി തൊട്ടടുത്തുതന്നെയുണ്ട്.ഈയൊരു കാലസന്ദര്‍ഭത്തിലാണ് സരോജനിയായി റോസി അഭിനയിക്കുന്ന സിനിമ രൂപപ്പെടുന്നതും സരോജനിയുടെ/റോസിയുടെ തലയില്‍ നിന്ന് ജയചന്ദ്രന് പൂവെടുക്കുന്ന രംഗം സൃഷ്ടിക്കപ്പെടുന്നതും.അത് പ്രണയത്തിന്റെ മാത്രം പരസ്യ പ്രഖ്യാപനമല്ലായിരുന്നു.
“ രാത്രിയൊടുങ്ങി
തമിഴകത്തില്‍ പനയോലയും
വെയിലും സിനിമപിടിക്കുന്നൊരൂരില്‍
വേരില്ല, പേരില്ലൊടുങ്ങുന്നു റോസി
ഭ്രാന്താലയത്തിന്റെ നക്ഷത്രസാക്ഷി“.
(നടിയുടെ രാത്രി)
വളരെ വളരെ വിശദമായി ... സൂക്ഷ്മമായി പറഞ്ഞിരിക്കുന്നു. നല്ല എഴുത്ത്. ആശംസകള്‍
ReplyDeleteആശംസകൾ...
ReplyDelete