Tuesday, August 14, 2012

മഴ പോലും വില്‍ക്കുമ്പോള്‍


പഴയകാല നാഗരികതകളില്‍ പലതും ഭൂമിയില്‍ നിന്ന് തിരോഭവിക്കാന്‍ ജലവിനിയോഗത്തിലെ കാര്യക്ഷമതയില്ലായ്മ കാരണമായെങ്കില്‍,  വരാനിരിക്കുന്ന ജലയുദ്ധങ്ങളെ പുതിയ നാഗരികതകള്‍ എപ്രകാരമാവും അതിജീവിക്കുന്നത്?ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുദ്ധങ്ങള്‍ ജലത്തിനുവേണ്ടിയുള്ളതാവുമെന്ന പ്രവചനങ്ങള്‍ അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുന്ന സ്ഥിതി ഇന്ന് ലോകത്തെല്ലായിടത്തുമുണ്ട്. നവകൊളോണിയലിസത്തിന്റെ കാലത്ത്  അത്തരം യുദ്ധങ്ങളൊന്നും ദേശരാഷ്ട്രങ്ങള്‍ തമ്മിലായിരിക്കുകയില്ല.അവയുടെ പ്രതിനിധികളായെത്തുന്ന അന്താരാഷ്ട്ര കുത്തക കമ്പനികളോടായിരിക്കും ഇനിയുള്ള യുദ്ധങ്ങള്‍.ഒരു ദേശരാഷ്ട്രത്തിനകത്തുനിന്നുകൊണ്ട്  അതിനെതിരെത്തന്നെ ജനങ്ങള്‍ നടത്തുന്ന യുദ്ധം കൂടിയാണത്.ഈ അനുഭവം കേരളത്തിനും പുതിയതല്ല. പാലക്കാട് ജില്ലയില്‍ പ്ലാച്ചിമട ഗ്രാമത്തില്‍ സംഭവിച്ചത് മറ്റൊന്നല്ല. പ്ലാച്ചിമടയില്‍ കൊക്കൊകോള കമ്പനി സ്ഥാപിതമാകുന്ന അതേ കാലത്താണ്  ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ ജലത്തിനു മേല്‍ അധികാരം സ്ഥാപിച്ച കുത്തക കമ്പനിക്കെതിരെ സമരം നടക്കുന്നത്.
ലാറ്റിനമേരിക്കയിലെ ഏറ്റവും അവികസിത പ്രദേശങ്ങളിലൊന്നാണ് ബൊളീവിയ. അവിടത്തെ ഗവണ്‍മെന്റ് 1999 ലാണ് ജലവിതരണത്തിന്റെ സ്വകാര്യവല്‍ക്കരണത്തിന് തീരുമാനമെടുക്കുന്നത്.  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പലവഴികളും പരീക്ഷിച്ച ബൊളീവിയന്‍ ഗവണ്‍മെന്റ് ഐ.എം.എഫ്, ലോകബാങ്ക് എന്നിവയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊതുമേഖല ഔട്ട്‌സോഴ്‌സ് ചെയ്യാന്‍ തീരുമാനിക്കുന്നത്.  കൊച്ചബംബ (cocha bamba) എന്ന പ്രദേശത്തെ ജലവിതരണം പുറം കരാറുകാരെ (out source) ഏല്പിക്കാമെന്ന വ്യവസ്ഥയില്‍ ലോകബാങ്ക് 138 മില്യണ്‍ ഡോളറിന്റെ വായ്പ ബൊളീവിയയ്ക്ക് അനുവദിച്ചു. തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ  ഒരു അന്താരാഷ്ട്ര കോര്‍പ്പറേഷനു(Bechtel Corporation) മായി 1999 ഒക്‌ടോബര്‍ മാസത്തില്‍ 40 വര്‍ഷത്തേക്കുള്ള കരാര്‍ ഒപ്പുവെയ്ക്കപ്പെട്ടു.  2000 ജനുവരി മാസത്തില്‍ ബൊളീവിയയിലെ ജലവിതരണത്തിന്റെ മൊത്തം ചുമതല കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. ഒരു മാസമാകുമ്പോഴേക്കും ജലത്തിന്റെ വിലയില്‍ 300% വരെ വര്‍ദ്ധനവാണ് ജനങ്ങള്‍ അനുഭവിക്കേണ്ടി വന്നത് .ഇതിനെതിരെയാണ് അവര്‍ തെരുവിലിറങ്ങിയത്. സമരം വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കി. കമ്പനിയ്ക്ക് ബൊളീവിയയില്‍ നിന്ന് പിന്‍വാങ്ങുകയല്ലതെ മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നു.
ബൊളീവിയയിലെ ജലയുദ്ധത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. .  The big sell out(2007) എന്ന ചിത്രം(സംവിധാനം:Florian Opitz) ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ സ്വകാര്യവല്‍ക്കരണം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ തുറന്നുകാട്ടുന്നു. തെക്കേ അമേരിക്ക (വൈദ്യുതി), ഫിലിപ്പൈന്‍സ് (ആരോഗ്യമേഖല), ബ്രിട്ടന്‍ (റെയില്‍വേ), ബൊളീവിയ (ജലവിതരണം) തുടങ്ങിയ രാജ്യങ്ങളിലെ അനുഭവങ്ങളിലൂടെ സ്വകാര്യവത്ക്കരണത്തിന്റെ ആഗോളഫലങ്ങളുടെ വിലയിരുത്തലാണ്  ഈ ചിത്രം.Blue gold:World water wars(2008) എന്നചിത്രവും (സംവിധാനം:SamBozzo) ഈസന്ദര്‍ഭത്തില്‍ പരാമര്‍ശിക്കപ്പെടേണ്ടതാണ്. അവികസിത രാഷ്ട്രങ്ങളുടെ ജലസമ്പത്ത് സ്വകാര്യവല്‍ക്കരിക്കാനുള്ള ബഹുരാഷ്ട്ര കമ്പനികളുടെ ശ്രമങ്ങളും  ജലത്തിനു മേലുള്ള പട്ടാളനിയന്ത്രണവും മറ്റും ജലയുദ്ധങ്ങള്‍ക്കുള്ള പശ്ചാത്തല സൃഷ്ടിയാകുന്നതും വിശകലനം ചെയ്യുന്നതാണ് ഈ ഡോക്യുമെന്ററി.
Even the rain(സംവിധാനം:Iciar Bollain‍) എന്ന ചിത്രത്തെ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാക്കുന്നത് സിനിമയെയും ചരിത്രത്തെയും ഭൂതവര്‍ത്തമാനങ്ങളെയും ജനങ്ങളുടെ ഒരു അടിസ്ഥാന പ്രശ്നത്തിലേയ്ക്ക് സമന്വയിപ്പിക്കാനുള്ള അതിന്റെ ശ്രമമാണ്. അത് ഒരേ സമയം സിനിമയും സിനിമയ്ക്കുള്ളിലേയും അതിനുപുറത്തേയും യാഥാര്‍ത്ഥ്യങ്ങളുമാണ്.ഫീച്ചര്‍ സിനിമയുടേയും ഡോക്യുമെന്ററിയുടെയുംഘടന  കൈക്കൊള്ളുന്ന ഈ സിനിമയില്‍ ചരിത്രവും കഥയും ഭൂതവര്‍ത്തമാനങ്ങളും ഇടകലരുന്നു.സിനിമാനിര്‍മ്മാണമെന്ന കലയെ/വ്യവസായത്തെ വിചാരണ ചെയ്യാനും അത് മടി കാണിക്കുന്നില്ല.
''നമ്മുടെ താല്‍പര്യത്തിനു വിരുദ്ധമായി നമ്മുടെ നദികളും കിണറുകളും തടാകങ്ങളും നമ്മുടെ മേല്‍ വര്‍ഷിക്കുന്ന മഴപോലും അവര്‍ വില്‍ക്കുന്നു.'' ഡാനിയേല്‍ എന്ന സമരനായന്റെ ഈ തെരുവുപ്രസംഗത്തില്‍ നിന്നാണ് 'മഴപോലും' (Even the rain) എന്ന ടൈറ്റില്‍ സിനിമക്ക് ലഭിക്കുന്നത്. 2011 ലെ ഓസ്‌ക്കാര്‍ നിര്‍ദ്ദേശങ്ങളില്‍ വിദേശ ഭാഷാചിത്ര വിഭാഗത്തില്‍ സ്‌പെയിനിന്റെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ ചിത്രം. ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഏരിയല്‍ അവാര്‍ഡ്, ഗോയ അവാര്‍ഡ് എന്നിവയും ഈ ചിത്രത്തിനു ലഭിച്ചു. 2010 ലെ ടൊറന്റോ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രവുമായിരുന്നു.
Iciar Bollain
യഥാര്‍ത്ഥത്തില്‍ സിനിമക്കുള്ളിലെ സിനിമയായിട്ടാണ് ബൊളീവിയയിലെ ജലയുദ്ധം (water war) ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മെക്‌സിക്കന്‍ സംവിധായകന്‍ സെബാസ്റ്റ്യനും നിര്‍മ്മാതാവ് കോസ്റ്റയും ചേര്‍ന്ന് ക്രിസ്റ്റഫര്‍ കൊളമ്പസിനെക്കുറിച്ച് ഒരു ചിത്രമെടുക്കാനാണ് ബൊളീവിയന്‍ കാടുകളിലേക്ക് യാത്രയാകുന്നത്. കൊളമ്പസ്സിന്റെ കഥയാണൊ,ബൊളീവിയയിലെ ജലപ്രശ്നമാണോ,സിനിമയെടുക്കാന്‍ വന്ന ഷൂട്ടിംഗ് ടീമിന്റെ കഥയാണൊ ഏതാണ് ഇതിലെ ‘ യഥാര്‍ത്ഥ’ സിനിമയെന്ന് ഒരാള്‍ക്ക് സംശയമുണ്ടാകാം.തെക്കേ അമേരിക്കയിലെ ഏറ്റവും ദരിദ്രരാജ്യമായതുകൊണ്ടാണ് ബൊളീവിയ തന്നെ ലൊക്കേഷനായി തെരഞ്ഞെടുക്കാന്‍ നിര്‍മ്മാതാവിനെ പ്രേരിപ്പിച്ചത്. ദിവസം 2 ഡോളര്‍ പ്രതിഫലം നല്‍കിയാല്‍ നാട്ടുകാര്‍ സിനിമാ സെറ്റുകളുടെ നിര്‍മ്മാണത്തിനും എക്സ്ട്രാ നടീനടന്മാരായും സഹകരിക്കുന്നു. ഇങ്ങനെ നാട്ടുകാര്‍ക്ക് തുച്ഛവേതനം നല്‍കി, കോസ്റ്റ നല്ലൊരു തുക ലാഭിക്കുന്നു. അഞ്ഞൂറിലേറെ കൊല്ലങ്ങള്‍ക്കു മുന്‍പ് യൂറോപ്യന്മാര്‍ക്കെതിരെ കലാപം നയിച്ച ആദിവാസി മൂപ്പന്റെ റോളില്‍ അന്നാട്ടുകാരനും ഗോത്രവര്‍ഗ്ഗക്കാരനുമായ ഡാനിയലിനെ അഭിനയിപ്പിക്കാന്‍ സംവിധായകനായ സെബാസ്റ്റ്യന്‍ തീരുമാനിക്കുന്നു.  ഇതില്‍ കോസ്റ്റക്ക് താല്പര്യമില്ല. ഡാനിയേലിന്റെ മകള്‍ ബെലനും ഒരു പ്രധാന റോളില്‍ അഭിനയിക്കുന്നുണ്ട്. ബൊളീവിയന്‍ സര്‍ക്കാറിന്റെ ജലനയത്തിനെതിരെ കലാപം നയിക്കുന്നവനാണ് ഡാനിയേലെന്ന് സെബാസ്റ്റ്യനറിയുന്നില്ല. എന്നാല്‍ കോസ്റ്റ ഇക്കാര്യമറിഞ്ഞ് അസ്വസ്ഥനാണ്. കലാപത്തില്‍ മുറിവേറ്റ് പ്രത്യക്ഷനാവുന്ന ഡാനിയേലിനോട് ഷൂട്ടിംഗ് തീരുംവരെയെങ്കിലും സമരത്തില്‍ നിന്നു മാറിനില്‍ക്കാന്‍ പ്രതിഫലമായി പതിനായിരം ഡോളര്‍ വാഗ്ദാനം ചെയ്യുന്നു. അതു സമ്മതിച്ച് പണം വാങ്ങിയെങ്കിലും ഡാനിയേല്‍ വീണ്ടും സമരത്തില്‍ തുടരുകയും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാവുകയും ചെയ്യുന്നതോടെ സംവിധായകന്‍ ആകെ പ്രതിസന്ധിയിലായി. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ യാതൊരു പ്രതീക്ഷയുമില്ലാതാകുന്നു. എന്നാല്‍ കോസ്റ്റ പോലീസിനെ സ്വാധീനിച്ച് പ്രധാന രംഗം ചിത്രീകരിക്കുന്നതിനുവേണ്ടി ഡാനിയേലിനെ താല്ക്കാലികമായി മോചിപ്പിക്കുന്നു. ഷൂട്ടിംഗ് തീരുമ്പോള്‍ പോലീസ് ഡാനിയേലിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും സഹനടന്മാരായ നാട്ടുകാര്‍ പോലീസുമായെതിരിട്ട് ഡാനിയേലിനെ രക്ഷപ്പെടുത്തി. നാട്ടിലെങ്ങും യുദ്ധസമാനമായ അതിക്രമങ്ങള്‍ നടക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നു. പിറ്റേ ദിവസം ഷൂട്ടിംഗ് സംഘം മടങ്ങാനൊരുങ്ങുമ്പോള്‍ കോസ്റ്റയെ കാണാന്‍ ഡാനിയേലിന്റെ ഭാര്യ തെരേസ എത്തുന്നു. സമരത്തില്‍ പങ്കെടുത്ത് മുറിവേറ്റ മകള്‍ ബെലനെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കുന്നതിന് കോസ്റ്റയുടെ സഹായം തേടിയാണ് തെരേസയുടെ വരവ്. കോസ്റ്റയുടെയും തെരേസയുടെയും സാഹസികയത്നങ്ങള്‍ക്കൊടുവില്‍ മുറിവേറ്റ ബെലനെ കണ്ടെത്തി രക്ഷപ്പെടുത്താനാവുന്നു. കലാപങ്ങളുടെ പരിസമാപ്തിയായി ബഹുരാഷ്ട്രകമ്പനി രാജ്യം വിട്ടതായി അറിയിപ്പുണ്ടാകുന്നു.  തകര്‍ക്കപ്പെട്ട കമ്പനി ഓഫീസില്‍ ഏകനായി നില്‍ക്കുന്ന കോസ്റ്റയ്ക്കു മുന്നില്‍ ഡാനിയേല്‍ പ്രത്യക്ഷപ്പെട്ട് തന്റെ മകളുടെ ജീവന്‍ രക്ഷിച്ചതിന് നന്ദിയായി ഒരു സമ്മാനം നല്‍കുന്നു. മടക്കയാത്രയില്‍ വണ്ടിയിലിരുന്ന് കോസ്റ്റ ആ സമ്മാനപ്പെട്ടി തുറന്നു നോക്കി.അതിനകത്ത് ജലം നിറച്ച ഒരു ചെറിയ കുപ്പി യായിരുന്നു. ജലത്തിന് അവിടത്തെ നാട്ടുഭാഷയില്‍ ‘ യാക്കു‘ (yaku) എന്നാണ് പറയുക. കോസ്റ്റയും ആ വാക്ക് ഉച്ചരിക്കുന്നു.
അധിനിവേശത്തിന്റെ ചരിത്രം ചിത്രീകരിക്കുന്നതിനാണ് സിനിമാസംഘം ബൊളീവിയയിലെത്തുന്നത്. ക്രിസ്റ്റഫര്‍ കൊളമ്പസിന്റെ നേതൃത്വത്തില്‍ അഞ്ഞൂറിലേരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നത് തദ്ദേശീയരുടെ മേലുള്ള  ആദ്യ അധിനിവേശമായിരുന്നു. തദ്ദേശീയരുടെ ‘ അറിവില്ലായ്മ‘ യിലുള്ള സഹതാപവും ദാരിദ്ര്യത്തോടുള്ള കരുണയും അധിനിവേശകര്‍ ഉപയോഗപ്പെടുത്തിയത്  ചൂഷണത്തിനുള്ള ഉപാധിയായിട്ടാണ്. കോസ്റ്റയുടെ നേതൃത്വത്തിലുള്ള സിനിമാസംഘവും അതു തന്നെയാണ് ചെയ്യുന്നത്. അവരുടെ ദാരിദ്ര്യം മുതലെടുത്തുകൊണ്ടാണ് എഞ്ചിനീയര്‍മാരുടെ സേവനം ആവശ്യമുള്ളതും കഠിനാധ്വാനം വേണ്ടതുമായ പല പ്രവൃത്തികളും നാട്ടുകാരെക്കൊണ്ടു ചെയ്യിക്കുന്നത്. ഇങ്ങനെ നല്ലൊരു തുക നിര്‍മ്മാതാവ് ലാഭിക്കുന്നുണ്ട്.  സിനിമയിലഭിനയിക്കാനുള്ള അവരുടെ മോഹത്തെയും നന്നായി ചൂഷണം ചെയ്യുന്നുണ്ട്. എന്നാല്‍  പ്രധാന നടനാണെങ്കിലും ഡാനിയേലിന് സിനിമയല്ല പ്രധാനം, ജീവിതമാണ്.  സിനിമയുടെ പ്രാധാന്യത്തെക്കുറിച്ചും അത് പൂര്‍ത്തിയാക്കേണ്ടതിനെക്കുറിച്ചും കോസ്റ്റ പറയുമ്പോള്‍ 2 ഡോളര്‍ പ്രതിഫലം നല്‍കിയാണോ നിങ്ങള്‍ ഇത്ര ഗംഭീര സിനിമയെടുക്കുന്നതെന്നാണ് അയാളുടെ ചോദ്യം. മറ്റൊരു സന്ദര്‍ഭത്തിലും സിനിമക്കുമേല്‍ ജീവിതവും വിശ്വാസങ്ങളും ആധിപത്യം നേടുന്നുണ്ട്. കുട്ടികളെ പുഴയില്‍ മുക്കിക്കൊല്ലുന്ന ഒരു രംഗം ചിത്രീകരിക്കാനാണ് സംവിധായകന്റെ ശ്രമം.  കുഞ്ഞുങ്ങളെ ഒക്കത്തേന്തി നില്‍ക്കുന്ന സ്ത്രീകള്‍ക്കു ഈ രംഗം  ചിത്രീകരിക്കുന്നതിന്റെ  വിവരണം സംവിധായകന്‍ നല്‍കുന്നുണ്ട്. കുട്ടികളേയുമേന്തി അരയ്ക്കൊപ്പം വെള്ളത്തിലിറങ്ങണമെന്നും തുടര്‍ന്ന് കുട്ടികളുടെ ആകൃതിയിലുള്ള പാവകളെ വെള്ളത്തില്‍ മുക്കി ബാക്കി ഭാഗം ചിത്രീകരിക്കാമെന്നുമാണ് സംവിധായകന്റെ വിശദീകരണം. എന്നാല്‍ സ്ത്രീകളാരും തങ്ങളുടെ കുട്ടികളെ വെള്ളത്തില്‍ മുക്കാന്‍ തയ്യാറാവുന്നില്ല.  വളരെ പ്രധാനപ്പെട്ട രംഗമാണിതെന്ന് സംവിധായകന്‍ ആവര്‍ത്തിക്കുന്നുവെങ്കിലും ചില കാര്യങ്ങള്‍ സിനിമയെക്കാള്‍ പ്രധാനമാണെന്ന് പറഞ്ഞുകൊണ്ട് ഡാനിയേല്‍ ആ ശ്രമത്തെ പരാജയപ്പെടുത്തുന്നു. ഒരു അഭിമുഖസംഭാഷണത്തില്‍ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ സംവിധായിക തന്നെ ജനങ്ങള്‍ സിനിമയെയും ജീവിതത്തെയും എങ്ങനെ വേറിട്ടു തന്നെ കണ്ടുവെന്ന കാര്യം വിശദീകരിക്കുന്നുണ്ട്. ബുധന്‍, ശനി ദിവസങ്ങളിലൊന്നും നാട്ടുകാര്‍ ഷൂട്ടിംഗിനെത്തുകയില്ല. അന്ന് അവര്‍ക്ക് ഇതിലും വരുമാനമുള്ള മറ്റു ജോലികളുണ്ട്. ലോകം ഈ സിനിമക്കു ചുറ്റുമല്ല കറങ്ങുന്നതെന്ന് അവര്‍ക്കറിയാം. നിലനില്പിനായി പോരാടുമ്പോള്‍ സിനിമയ്ക്കല്ല പ്രഥമസ്ഥാനം.സിനിമകൊണ്ട് ജീവിതത്തെ പകരം വെക്കാനാവില്ല.

 കൊളമ്പസിനെക്കുറിച്ചു സംസാരിച്ചുകൊണ്ടാണ് കോസ്റ്റയുടെ നേതൃത്വത്തിലുള്ള ഷൂട്ടിംഗ് ടീം ബൊളീവിയയിലേക്ക് പ്രവേശിക്കുന്നത്. കൊളമ്പസിന് ഈ നാട് ദരിദ്രരുടേതാണെന്നറിയാമായിരുന്നു. അതുപോലെതന്നെയാണ്  കോസ്റ്റയും കരുതുന്നത്. നിയോ കൊളോണിയലിസവും കൊളോണിയലിസവും തമ്മിലുള്ള മുഖാമുഖമായി പലപ്പോഴും ഈ സിനിമ മാറുന്നു. കൊളമ്പസിന്റെ ആഗമനമാണ് ലോകചരിത്രത്തില്‍ കൊളോണിയലിസത്തിനു തുടക്കം കുറിക്കുന്നതെങ്കില്‍ അതേ നാട്ടില്‍ നവകൊളോണിയലിസമായി എത്തുന്നത് ബഹുരാഷ്ട്രകമ്പനിയാണ്.  സിനിമാ കമ്പനിയും നവകൊളോണിയലിസത്തിന്റെ മറ്റൊരു മാതൃകയായിത്തീരുന്നു. വെള്ളക്കമ്പനി ജനങ്ങളുടെ ദൈനംദിനാവശ്യങ്ങളെ മുതലെടുക്കുന്നുവെങ്കില്‍ സിനിമാകമ്പനി ദാരിദ്ര്യത്തേയും വിനോദതാല്പര്യത്തെയും ചൂഷണോപാധിയാക്കുന്നു.സിനിമ നടത്തുന്ന ചൂഷണത്തെക്കുറിച്ചു പറയുന്ന സിനിമ തന്നെ മറ്റൊരു ചൂഷണമാകുന്നുവെന്ന കാരണത്താല്‍  പ്രശംസയോടൊപ്പം വിമര്‍ശനങ്ങളും ഈ ചിത്രത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. No extras were unpaid in the making of this film എന്ന് ചിത്രത്തിന്റെ അവസാനത്തില്‍ രേഖപ്പെടുത്താത്തത് ഹിപ്പോക്രസിയാണെന്ന വിമര്‍ശനവും ഉയരുകയുണ്ടായി. എന്നാല്‍ നാട്ടുകാരുമായുള്ള സഹവര്‍ത്തിത്വത്തിലും സഹകരണത്തിലുമാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് സംവിധായിക പറയുന്നു. എക്‌സ്ട്രാ നടീനടന്മാര്‍ക്ക് ഓരോരുത്തര്‍ക്കും പ്രതിഫലം നല്‍കിയതിനു പുറമെ, അവരുടെ ഗോത്രത്തിനാകെയും പ്രതിഫലം നല്‍കുകയുണ്ടായി. ഇക്കാരണത്താല്‍ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുക്കാത്തവര്‍ക്കും പ്രയോജനം കിട്ടി. “ ഞങ്ങള്‍ ഉചിതമെന്ന് കരുതിയ വിധത്തിലല്ല, അവര്‍ ആഗ്രഹിച്ച വിധത്തിലാണ് പ്രതിഫലം നല്‍കിയത്.“
സിനിമക്കുള്ളിലെ സിനിമയും കഥക്കുള്ളിലെ കഥയും ചരിത്രത്തിനുള്ളിലെ ചരിത്രവുമെല്ലാം വേര്‍തിരിക്കാനാവാത്തവിധം ഇടകലര്‍ന്ന് സങ്കീര്‍ണ്ണമായി അനുഭവപ്പെടുമെങ്കിലും അതിനെ മറികടക്കുന്ന  ഒരു ആഖ്യാനഘടന ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.  സിനിമ പുരോഗമിക്കുന്നതോടെ സിനിമാ നിര്‍മ്മാണവും, കൊളമ്പസിന്റെ ചരിത്രവുമെല്ലാം രണ്ടാം സ്ഥാനത്താവുകയും അവിടെ ബൊളീവിയയുടെ ദൈനംദിന പ്രശ്‌നങ്ങള്‍ കടന്നുവരുകയും ചെയ്യുന്നു. ജലയുദ്ധത്തില്‍ പങ്കെടുത്തവരുമായി സംസാരിച്ചാണ് തിരക്കഥക്ക് രൂപം നല്‍കിയത്. ജലയുദ്ധത്തെ ആസ്പദമാക്കി ഇതിനുമുമ്പ് നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങളുടെ ക്ലിപ്പിങ്ങുകള്‍ ഷൂട്ടിംഗ് ടീം ഹോട്ടല്‍മുറിയിലിരുന്ന് കാണുന്നുണ്ട്. അത് ഈ വിഷയത്തില്‍ ഇതിനകം നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങള്‍ക്ക് സിനിമക്കകത്തുതന്നെ നല്‍കുന്ന കടപ്പാടാണ് (acknowledgement). പരമാവധി ചിലവു കറച്ച് സിനിമയെടുക്കുക എന്ന ഒറ്റലക്ഷ്യത്തോടെ എത്തിയ കോസ്റ്റ സിനിമയുടെ അവസാനരംഗത്തില്‍ ഒരു ചെറിയ കുപ്പി വെള്ളത്തിലേക്കും അതിന്റെ പ്രാദേശിക പദത്തിലേക്കും, വലുതാവുന്നത് നാം കാണുന്നു. ജലമാണ് ജീവന്‍ എന്നു മുമ്പൊരു സന്ദര്‍ഭത്തില്‍ ഡാനിയേല്‍ പറഞ്ഞത്  മടക്കയാത്രയിലാണ് കോസ്റ്റ തിരിച്ചറിയുന്നത്. യഥാര്‍ത്ഥത്തില്‍ അതൊരു മടക്കയാത്രയല്ല. ഡാനിയേല്‍ നല്‍കിയത്  ഒരു ചെറിയ കുപ്പി വെള്ളം മാത്രവുമല്ല.അതൊരു  ചോദ്യവും ഉത്തരവും കൂടിയാണ്.
(കടപ്പാട്: മാധ്യമം ആഴ്ചപ്പതിപ്പ് 2012 ജൂലൈ30) ഈ ലേഖനം ഇവിടെയും ലഭ്യമാണ്

Saturday, April 21, 2012

സിനിമാന്തം നാടകം


തോമസ് അമ്പലവയല്‍
വയനാട്ടിലെ രാഷ്ട്രീയ സാംസ്‌കാരികപ്രവര്‍ത്തകനാണ് തോമസ് അമ്പലവയല്‍. ജോണ്‍അബ്രഹാമിന്റെ 'അമ്മ അറിയാന്‍'സിനിമാ പ്രവര്‍ത്തനങ്ങളോടൊപ്പം സഹകരിക്കുകയും അതില്‍അഭിനയിക്കു കയും ചെയ്തു. നാടകപ്രവര്‍ത്തനങ്ങളെ ക്കുറിച്ചുംജോണ്‍എബ്രഹാ മിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമാ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും അന്നത്തെകാലത്തെകുറിച്ചുമുള്ള ഓര്‍മ്മകള്‍ അദ്ദേഹം ഇവിടെ പങ്കുവെക്കുന്നു. നാടക/സിനിമ/രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങിയ തോമസ് ഇപ്പോള്‍ വയനാട്പ്രകൃതി സംരക്ഷണസമിതിയുടെ പ്രവര്‍ത്തന ങ്ങളമായി കഴിയുന്നു. 'അമ്മ അറിയാനി'ലെ മറ്റൊരു നടനായ ഹരിനാരായണന്‍ തന്റെ ജീവിതാനുഭവങ്ങള്‍ രേഖപ്പെടുത്തിയത് നമ്മുടെ മുന്നിലുണ്ട് (മാതൃഭൂമി ആഴ്ചപ്പതിപ്പ്) തോമസിന്റേത് മറ്റൊരുജീവിതം, മറ്റൊരനുഭവം.'അമ്മ അറിയാന്‍' സിനിമയെ ക്കുറിച്ച് പ്രചരിച്ച പല 'അറിവു' കളേയും അത് ചോദ്യം ചെയ്യുന്നു. 
ഒരുനാടക പ്രവര്‍ത്തകനെന്ന നിലയിലാണ് തോമസ് ഏറെ അറിയപ്പെട്ടത് . തുടക്കം എവിടെനിന്നായിരുന്നു.?


സ്‌കൂളില്‍ പഠിക്കുമ്പോഴെ നാടകങ്ങളിലുണ്ട്. സിവിക് ചന്ദ്രനാണ് എന്നെ നാടകങ്ങളിലേക്കു കൊണ്ടുവരുന്നത്. ഒന്നാംക്ലാസ്സില്‍ എന്നെ പഠിപ്പിച്ചിട്ടുമുണ്ട്. അദ്ദേഹം. 19-ാംവയസ്സില്‍ അധ്യാപകനായ ആളാണ്. അടിയന്തിരാവസ്ഥകാലത്ത് അദ്ദേഹം അമ്പലവയല്‍ സ്‌കൂളിലുണ്ട്. അവിടെനിന്നാണ് സസ്‌പെന്‍ഷനിലാവുന്നത്. ''അക്ഷൗഹിണി'' നാടകവുമായി ബന്ധപ്പെട്ടാണ് സിവിക്കും സുലോചനയുമൊക്കെ അറസ്റ്റിലാവുന്നത്. അടിയന്തിരാവസ്ഥക്കാലമാണ്. നാടകത്തിന്റെ ഉള്ളടക്കവും അടിയന്തിരാവസ്ഥയും ഒരുപോലെ അറസ്റ്റിലേക്കു നയിച്ചുവെന്നു കരുതാം.
പി.എം.ആന്റണി
കേരളത്തിലെ അദ്യത്തെ തെരുവുനാടകം ഗുഡല്ലൂരിലെ ലൂയീസ് എന്ന കര്‍ഷകന്റെ ആത്മഹത്യ പ്രമേയമാക്കി സിവിക്ചന്ദ്രന്‍ എഴുതിയ 'ഗുഡല്ലൂര്‍' (1978) ആണ്. ഗുഡല്ലൂര്‍ വയനാടിനോട് ചേര്‍ന്നുകിടക്കുന്ന തമിഴ്‌നാട്ടിലെപ്രദേശമാണ്. ആ നാടകത്തിന്റെ ആദ്യ അവതരണം സുല്‍ത്താന്‍ബത്തേരിക്കടുത്തുള്ള കൊളഗപ്പാറയിലാണ് നടക്കുന്നത്. ഞാന്‍ പത്താംക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ സമയം. സിവിക് അന്ന് സസ്‌പെന്‍ഷനൊക്കെ കഴിഞ്ഞ് അമ്പലവയല്‍ സ്‌കൂളില്‍ തന്നെയുണ്ട്. ആ നാടകമാണ് എന്നെ ഈ രംഗത്തേക്ക് എത്തിച്ചതെന്നുപറയാം. എന്റെ അറിവ് വെച്ച് “തെരുവുനാടകം“ എന്ന പേരില്‍ കേരളത്തില്‍ നടക്കുന്ന ആദ്യ അവതരണമാണത്. അതിനുശേഷം തെരുവുനാടകം എന്ന കലാരൂപം കേരളത്തില്‍ വ്യാപകമായി. ഇപ്പോള്‍ പറഞ്ഞുപറഞ്ഞ് അതിന്റെ ശക്തിക്ഷയിച്ച് ആരും ശ്രദ്ധിക്കാത്ത പരുവത്തിലായി. 'ഗുഡല്ലൂര്‍' വയനാട്ടില്‍ പത്തിരുപത്തഞ്ചുസ്ഥലങ്ങളില്‍ അവതരിപ്പിക്കുകയുണ്ടായി. പിന്നെ മധുമാഷ് സംവിധാനം ചെയ്ത 'പടയണി' എന്നനാടകം. അതിന് സമസ്തകേരളസാഹിത്യപരിഷത്തിന്റെ അവാര്‍ഡ് കിട്ടുന്നു. നരേന്ദ്രപ്രസാദ് സംവിധാനം ചെയ്ത ' സൗപര്‍ണ്ണിക' യുമായിട്ടായിരുന്നു മത്സരം. അവാര്‍ഡ് ഇരുകൂട്ടര്‍ക്കുമായി പങ്കുവെക്കുയായിരുന്നു. പിന്നെ 'അമ്മ' എന്നനാടകം. ഞാന്‍ ആദ്യം തൊട്ടേ ഉണ്ട്. ജോയ്‌മാത്യുവാണ് അതില്‍ ‘പാവേല്‍‘ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .ജോയ്‌മാത്യുവിന് ശേഷം ഞാനാണ് പാവേലിനെ അവതരിപ്പിച്ചത്. അതിനുശേഷം സ്പാര്‍ട്ടക്കസ്,ശക്തന്‍ തമ്പുരാന്‍ തുടങ്ങിയനാടകങ്ങള്‍. ഇവയുടെ സംവിധായകന്‍ മധുമാഷ് ആയിരുന്നുവെങ്കിലും അതെല്ലാം ഒരുഗ്രൂപ്പ് വര്‍ക്കിന്റെ ഉല്‍പ്പന്നങ്ങളായിരുന്നു. പി.എം.ആന്റണിയും സഹകരിച്ചിരുന്നു. സുരാസുവുമുണ്ടായിരുന്നു. 'സ്പാര്‍ട്ടക്കസ്' പി.എം. ആന്റണിയും, 'അമ്മ' മധുമാഷും സ്വന്തം നിലക്ക് സംവിധാനം ചെയ്തുവെങ്കിലും ആദ്യ അവതരണങ്ങളുടെ മേന്മ അവയ്ക്കുണ്ടായില്ല. 'നാടുഗദ്ദിക' ഉള്‍പ്പെടെ ജനകീയസാംസ്‌കാരികവേദിയുടെ എല്ലാനാടകങ്ങളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. സാംസ്‌കാരികവേദിയുടെ സംസ്ഥാനകണ്‍വീനര്‍ എന്നനിലക്ക് സിവിക് ഇവയോടെല്ലാം ഒപ്പമുണ്ട്. പിന്നെ 'അമ്മ അറിയാന്‍' എന്നസിനിമയുടെ അഭിനയത്തോടെ നാടകസിനിമാ അഭിനയ ജീവിതത്തോട് ഞാന്‍വിടപറഞ്ഞു. ഇടക്കാലത്ത് ശാസ്ത്രസാഹിത്യ പരിഷത്തിലെ കലാജാഥയിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു.
ശാസ്ത്രസാഹിത്യ പരിഷത്തിലെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു ? 
മഠത്തില്‍മത്തായി ‘ആക്ഷ‘നുശേഷം (കേണിച്ചിറയിലെ മഠത്തില്‍ മത്തായിവധം) സാംസ്‌കാരികവേദിയും പാര്‍ട്ടിയും തകര്‍ച്ചയിലെത്തി. 1981-82 കാലത്താണ് സാംസ്‌കാരികവേദി പിരിച്ചുവിടുന്നത്. സിവിക് ചന്ദനുശേഷം കവിയൂര്‍ബാലനാണ് സാംസ്‌കാരികവേദി സംസ്ഥാനകണ്‍വീനറായത്. അദ്ദേഹത്തിന്റെ കാലത്താണ് അത് പിരിച്ചുവിടുന്നത്. രാഷ്ട്രീയപാര്‍ട്ടി എന്നനിലയില്‍ സി.പി.ഐ.(എം.എല്‍.)ന്റെ തകര്‍ച്ചക്കുശേഷം സാംസ്‌കാരികവേദിക്ക് സ്വയംനിലനില്‍ക്കാനായില്ല. സാംസ്‌കാരികവേദിക്ക് സ്വതന്ത്രമായ അസ്തിത്വം ഉണ്ടായിരുന്നുവെങ്കില്‍ അത് തകരാന്‍ പാടില്ലായിരുന്നു. വേദിയിലെകലാകാരന്‍മാരില്‍ പലര്‍ക്കും പാര്‍ട്ടി പ്രശ്‌നമായിരുന്നില്ല. അമിതമായ രാഷ്ട്രീയവല്‍ക്കരണം കാരണം വേദി തകര്‍ന്നപ്പോള്‍ അങ്ങനെയുള്ളപലരും ആത്മഹത്യ, ഭ്രാന്ത് എന്നീ അവസ്ഥകളിലെത്തിച്ചേരുകയാണുണ്ടായത്. സാംസ്‌കാരികമേഖലയെ അതായിക്കണ്ട് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വേദി തകരാതിരുന്നെനെ എന്ന് ആശിക്കാവുന്നതാണ്. പക്ഷേ അക്കാലത്ത് സാംസ്‌കാരികവേദിയേയും പാര്‍ട്ടിയേയും നയിച്ചിരുന്ന പലരുടേയും പിന്‍കാലക്കാല ജീര്‍ണ്ണതകാണുമ്പോള്‍ അത് തകര്‍ന്നത് നന്നായെന്നുതോന്നുന്നു. അല്ലെങ്കില്‍ ആശയപരമായി ബലഹീനവും അരാഷ്ട്രീയവും പ്രതിലോമകരവും ആയ ഒരുസംഘടനയെ സാംസ്‌കാരികവേദി എന്നപേരില്‍കാണേണ്ടിവരുമായിരുന്നു. പുരോഗമനസാഹിത്യപ്രസ്ഥാനത്തിനു ശേഷം സാംസ്‌കാരികരംഗത്തുള്ള ഗൗരവമായ രാഷ്ട്രീയഇടപെടല്‍ നടക്കുന്നത് സാംസ്‌കാരികവേദിയിലൂടെയാണ്. എന്നാല്‍ രണ്ട് പ്രസ്ഥാനങ്ങളുടേയും തകര്‍ച്ചക്ക് കാരണമായതും അമിതമായ നിയന്ത്രണങ്ങളും ഇടപെടലുകളും തന്നെയാണ്.ഒന്നുംചെയ്യാനില്ലാത്ത അക്കാലത്താണ് പരിഷത്തിന്റെ കലാജാഥയില്‍ പങ്കെടുക്കുന്നത്. 84 ആയപ്പോഴെക്കും പരിഷത്തുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടിയും വന്നു.
എന്തായിരുന്നു കാരണം?
ഇന്ന് ഓര്‍ക്കുമ്പോള്‍ അതൊരുവലിയ തമാശയായിട്ടാണ് തോന്നുന്നത്. പരിഷത്ത് ജനകീയ പ്രസ്ഥാനമായി നിലനിന്നസ്ഥലമാണ് വയനാട്. ആദ്യകാലത്ത് വയനാട്ടില്‍ മുസ്ലീംലീഗുകാര്‍പോലും
പരിഷത്തില്‍ ഉണ്ടായിരുന്നു. എല്ലാവിഭാഗം ജനങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
യുദ്ധം തുടങ്ങിയ ചിലപ്രശ്‌നങ്ങളിലാണ് /അവയോടുള്ള നിലപാടുകളിലാണ് പരിഷത്തുമായി വിയോജിക്കേണ്ടിവന്നത്. പരിഷത്ത് സംസ്ഥാന കലാജാഥയുടെ ക്യാമ്പ് അക്കൊല്ലം നടന്നത് കണ്ണൂരിലെ മങ്ങാട്ടുപറമ്പില്‍ വെച്ചായിരുന്നു. എം.പി. പരമേശ്വന്‍, സി.ജി.ശാന്തകുമാര്‍, കെ.കെ.കൃഷ്ണകുമാര്‍ തുടങ്ങിയവരുടെയൊക്കെ ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. യുദ്ധമായിരുന്നു അക്കൊല്ലത്തെ വിഷയം. അമേരിക്ക ഒരുദിവസം പ്രതിരോധത്തിനുവേണ്ടി ചെലവഴിക്കുന്ന തുകകൊണ്ട് മൂന്നാം ലോകരാഷ്ട്രങ്ങളിലെ കുടിവെള്ളം, പാര്‍പ്പിടം, ആരോഗ്യം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഒരുവിധം പരിഹരിക്കപ്പെടും എന്ന് എം.പി. പരമേശ്വരന്‍ വിശദീകരിക്കുകയുണ്ടായി. മൂന്നാംലോകരാഷ്ട്രങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകുന്ന പണമാണ് അമേരിക്ക യുദ്ധത്തിനുവേണ്ടി ചെലവാക്കുന്നത്, അതുകൊണ്ട് യുദ്ധത്തിനെതിരായ നിലപാട് പ്രധാനമാണ് എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണങ്ങള്‍. അപ്പോള്‍ ഞാന്‍ എന്റെചിലസംശയങ്ങള്‍ ഉന്നയിച്ചു: ജനകീയശാസ്ത്രപ്രസ്ഥാനം എന്നനിലക്ക് നമ്മള്‍ എല്ലായുദ്ധങ്ങളേയും എതിര്‍ക്കേണ്ടതില്ലേ? അമേരിക്ക ഇത്രയും അധികം തുക ചിലവാക്കുന്നുണ്ടെങ്കില്‍ റഷ്യ ഇതിലും കൂടുതല്‍ തുക ചെലവഴിക്കുന്നുണ്ടാവുമല്ലോ? ലോകം മുഴുവന്‍ യുദ്ധത്തിനുവേണ്ടി ചിലവാക്കുന്ന പണമുണ്ടെങ്കില്‍ ലോകം കൂടുതല്‍ സുന്ദരമാവില്ലേ? അപ്പോള്‍ നമ്മള്‍ അതിനെക്കുറിച്ചല്ലെ പറയേണ്ടത് ? അമേരിക്കയുടെ കാര്യം മാത്രം പറഞ്ഞാല്‍ എങ്ങനെ ശരിയാവും ? അമേരിക്കയുടെ യുദ്ധം തെറ്റും റഷ്യയുടെ യുദ്ധം ശരിയുമാവുന്നതെങ്ങനെ? എന്നിങ്ങനെയായിരുന്നു എന്റെ സംശയങ്ങള്‍. ഉടനെ അദ്ദേഹത്തിന്റെ മറുപടിയുണ്ടായി ''എന്നാല്‍ പിന്നെ തോമസിനുവേണ്ടി പരിഷത്തിന്റെ നയം മാറ്റാം'' ഞാന്‍ അന്തം വിട്ടുപോയി. എം.പി. പരമേശ്വരനാണിത് പറയുന്നത്. പ്രമുഖനായ ഭൗതികശാസ്ത്രജ്ഞനാണദ്ദേഹം. ഞാന്‍ പരിഷത്തിന്റെ ഒരു സാധാരണ പ്രവര്‍ത്തകന്‍. എനിക്കതിലെ പരിഹാസം ഉള്‍കൊള്ളാന്‍ വിഷമമായിരുന്നു. പിന്നീട് കൃഷ്ണകുമാറിനോടും ശാന്തകുമാറിനോടുമൊക്കെ ഇക്കാര്യം പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ വെച്ചുനടന്ന സംസ്ഥാനക്യാമ്പിലും ഇത് പ്രശ്‌നമായി. കൃത്യമായ മറുപടിയൊന്നും പറയാതെ 'നക്‌സല്‍ ഇടപെടല്‍' എന്നരീതിയില്‍ വ്യാഖ്യാനിക്കാനും അവഗണിക്കാനുമായിരുന്നു ശ്രമം. പിന്നീട് വയനാട് ജില്ലാകമ്മിറ്റിയില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടന്നുവെങ്കിലും അത് വിജയിച്ചില്ല. അങ്ങനെയാണ് ഞാനും ബാബുമൈലമ്പാടിയുമടക്കമുള്ളവര്‍ പരിഷത്തില്‍ നിന്നും വിട്ടുപോരുന്നത്.
സിവിക് ചന്ദ്രനും ഒരുഘട്ടത്തിനുശേഷം നാടകങ്ങളോട് വിടപറയുന്നണ്ടല്ലോ? 


സിവിക് ചന്ദ്രന്‍
അടിയന്തിരാവസ്ഥക്കുശേഷം 79ല്‍ പടയണി, 80ല്‍ സ്പാര്‍ട്ടക്കസ്, 81ല്‍ അമ്മ/ ശക്തന്‍തമ്പുരാന്‍/നാടുഗദ്ദിക തുടങ്ങിയ നാടകങ്ങള്‍. 79,80,81 കാലത്താണ് ഈ നാടക ങ്ങളൊക്കെ ഉണ്ടാവുന്നത്. സിവിക്കല്ല രചന നിര്‍വ്വഹിച്ചതെങ്കിലും ഇതിന്റെയെല്ലാം പ്രവര്‍ത്തനങ്ങളില്‍ സിവിക് ഉണ്ട്. പിന്നീട് അദ്ദേഹം നാടകരംഗത്ത് ശ്രദ്ധിച്ചില്ല. സാംസ്‌കാരികവേദി പിരിച്ചു വിട്ടശേഷം കവിതയും മറ്റുസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി നീങ്ങി. വളരെക്കാലങ്ങള്‍ക്കുശേഷം 'നിങ്ങളാരെ കമ്യൂണിസ്റ്റാക്കി ' തുടങ്ങിയനാടകങ്ങളെഴുതി.
മലയാളനാടകചരിത്രത്തില്‍കെ.ജെ.ബേബിയുടെ 'നാടുഗദ്ദികക്ക്' സവിശേഷ സ്ഥാനമുണ്ട്. അതുമായി ബന്ധപ്പെട്ട അനുഭവങ്ങളെന്തെല്ലാമാണ് ?


കെ.ജെ.ബേബി
'നാടുഗദ്ദിക'ക്ക് മുമ്പും ശേഷവും ബേബി നാടകങ്ങളെഴുതിയിട്ടുണ്ട്. എന്നാല്‍ നാടുഗദ്ദികക്ക് ലഭിച്ച സാമൂഹ്യാംഗീകാരവും അവതരണമികവും അവയ്ക്ക് കൈവരിക്കാനായില്ല. നാടുഗദ്ദിക ഒരു കൂട്ടായ്മയുടെ ഉല്‍പ്പന്നമായിരുന്നു. വ്യക്തിയുടെ ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങളെക്കാള്‍ സംഘടിതകലാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മികവ് നേടാനായി എന്നതാണ് വസ്തുത. കേരളത്തിലെ 300-400 സ്റ്റേജുകളില്‍ അവതരിപ്പിച്ച നാടകമാണത്.ഏതുജില്ലയില്‍ പോയാലും 15-20 സ്ഥലങ്ങളില്‍ അവതരിപ്പിച്ച ശേഷമാണ് മടങ്ങിവരാറുള്ളത്. തിരുവനന്തപുരത്ത് കരമനയില്‍ വീടെടുത്തു താമസിക്കുകയായിരുന്നു. ആലപ്പുഴയില്‍ ഞങ്ങള്‍ ചെന്നിറങ്ങിയ ദിവസമാണ് സോമരാജന്‍വധം നടക്കുന്നത്. അന്നവിടെ വലിയ പോലീസ് ഭീകരതയുണ്ടായിരുന്നു. നാടുഗദ്ദികയുടെ മുഴുവന്‍ അവതരണങ്ങളിലും ഞാന്‍ ഉണ്ടായിട്ടില്ല. പകുതിയിലധികം സ്റ്റേജുകളില്‍ ഉണ്ടായിരുന്നു തെരുവുനാടകം അതിന്റെ പൂര്‍ണ്ണതയിലെത്തി അവസാനിച്ചത് 'നാടുഗദ്ദിക' യിലാണെന്നുപറയാം.
ജോണ്‍ അബ്രഹാമിലേക്കുവരാം. അദ്ദേഹം ഒരുനാടകപ്രവര്‍ത്തകന്‍ കൂടിയായിരുന്നുവല്ലോ. വയനാട്ടില്‍ എന്തെല്ലാം നാടകപ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്? 
ജോണിന്റെ നാടകപ്രവര്‍ത്തനങ്ങളൊന്നും വയനാട്ടില്‍ എത്തിയിട്ടില്ല. ' നായ്ക്കളി' കൊച്ചിയിലാണവ തരിപ്പിക്കുന്നത്. കോട്ടയം, തിരുവല്ല തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍. 'അമ്മ അറിയാന്‍' എന്നസിനിമകളുടെ പ്രവര്‍ത്തനങ്ങുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വയനാട്ടിലെത്തുന്നത്. അതിനുശേഷമാണ് 'നാടുഗദ്ദിക' സിനിമയാക്കാനുള്ള പരിശ്രമം തുടങ്ങുന്നത്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള വരവിലാണ് കോഴിക്കോട്ടുവെച്ച് അദ്ദേഹത്തിന്റെ മരണംസംഭവിക്കുന്നത്
'നാടുഗദ്ദിക' ജോണിന്റെ വലിയൊരു സ്വപ്നമായിരുന്നു. 'കയ്യൂര്‍' സിനിമാപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടതിനു ശേഷമുള്ള വലിയൊരാഗ്രഹം. അതേ സമയത്തു തന്നെയാണ് അദ്ദേഹത്തെ മലയാളസിനിമയുടെ 50വര്‍ഷത്തെ ചരിത്രം ഡോക്യൂമെന്റ് ചെയ്യാന്‍ കെ.എസ്.എഫ്.ഡി.സി. ഏല്‍പ്പിക്കുന്നത്. അക്കാലത്ത് ജോണ്‍ എനിക്കെഴുതിയകത്ത് ഇപ്പോഴും കയ്യിലുണ്ട്.
'നാടുഗദ്ദിക'യുടെ സിനിമാ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം മുന്നോട്ട് പോയിരുന്നു?

ഇല്ല അതിന്റെ പ്രാഥമിക കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ബേബിയെ കാണാനുള്ള വരവായിരുന്നു. 'അമ്മ അറിയാ'നുശേഷം വീണ്ടുംചില പ്രവര്‍ത്തനങ്ങള്‍ 'കയ്യൂരി'ന്റെ കാര്യത്തിലാണുണ്ടായത്. 86ല്‍ അമ്മ അറിയാന്‍ റിലീസാവുന്നു. 87ല്‍ ജോണിന്റെ മരണം സംഭവിക്കുന്നു. അതിനിടയിലുള്ള ജോണിന്റെ പ്രധാന സിനിമാപ്രവര്‍ത്തനങ്ങള്‍ ഇതൊക്കെയായിരുന്നു.
'അമ്മ അറിയാന്‍' അനുഭവങ്ങളെ എങ്ങനെ ഓര്‍ക്കുന്നു? 


അതിന്റെ ആലോചനാഘട്ടങ്ങളിലൊന്നും ഞാന്‍ ഭാഗഭാക്കല്ല. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് കുന്നേല്‍ കൃഷ്‌ണേട്ടന്‍ എന്നോടും അതില്‍ പങ്കെടുക്കുന്നതിന് ഫോര്‍ട്ട്‌കൊച്ചിയില്‍ എത്താന്‍ പറയുന്നത്. ആരാണ് അതിന് നേത്യത്വം നല്‍കുന്നതെന്നോ ഒന്നും അറിയില്ലായിരുന്നു. ഫസ്റ്റ് ഷോട്ട് എടുക്കുന്നത് കെ.ജി. ജയന്‍ ആണ്. വേണുവല്ല(ക്യാമറാമേന്‍ വേണു) .കെ.എന്‍.ഷാജിയുടെ പ്രസ്സൊക്കെയുള്ള സ്ഥലത്തുവെച്ചാണ് അത്. മുഴുവന്‍ കഥാപാത്രങ്ങളും കൂടി അമ്മയെ വിവരമറിക്കാന്‍ പുരുഷന്റെ നേത്യത്വത്തില്‍ നടന്നു വരുന്ന ഷോട്ടാണത്. സിനിമയുടെ അവസാനഘട്ടത്തിലെ ഷോട്ടുകളിലൊന്ന്. രണ്ടുമൂന്നു ദിവസങ്ങള്‍ക്കുശേഷമാണെന്ന് തോന്നുന്നു, വേണു എത്തുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ പരമാവധി ഷോട്ടുകള്‍ എടുക്കുന്നത് ജയന്‍ തന്നെയാണ്. 'അമ്മ അറിയാനില്‍' തോമസ് എന്നപേരില്‍ തന്നെയാണ് എന്റെറോള്‍. പ്രധാനപ്പെട്ട മൂന്നു റോളേയുള്ളൂ, ആ സിനിമയില്‍. അമ്മ, ഹരി, പുരുഷന്‍. ബാക്കിയെല്ലാം ഒരു 'ആള്‍'ക്കൂട്ടമാണ്. പോലീസ് തിരച്ചിലില്‍ എന്റെ വീട്ടില്‍ നിന്നുതന്നെയാണ് എന്നെ കസ്റ്റഡിയിലെടുക്കുന്നത്. വാതില്‍ തുറന്നു വരുന്നത് എന്റെ അപ്പനും അമ്മയുംതന്നെയാണ്. ആ ഒരു സ്റ്റില്‍ പിന്നെ സിനിമയുടെ പോസ്റ്ററായി ഉപയോഗിച്ചിരുന്നു. അപ്പന്റെയും അമ്മയുടെയും സ്റ്റില്ലുമായി വരുന്നുണ്ടെന്ന് ജോണ്‍ എനിക്കെഴുതിയിരുന്നു. വ്യക്തികളും സ്ഥലങ്ങളുമെല്ലാം അങ്ങനെതന്നെ പ്രത്യക്ഷപ്പെട്ടുവെന്നത് ആ സിനിമയുടെ ഒരുപ്രത്യേകതയായിരുന്നു.
സിനിമയോടൊപ്പം ആദ്യവസാനം സഞ്ചരിച്ച ആളാണല്ലോ? ജോണിന്റെ നിരന്തര സാന്നിദ്ധ്യം സിനിമയോടൊപ്പം ഉണ്ടായിരുന്നുവോ?
ജോണിന്റ മേല്‍നോട്ടത്തിലല്ലാതെ ഒറ്റ ഷോട്ട് പോലും എടുത്തിട്ടില്ല. മറിച്ചുള്ള വര്‍ത്ത മാനങ്ങളെല്ലാം കാര്യമറിയതെയാണ്. സിനിമയുടെ തുടക്കത്തില്‍ നല്ല വില്‍പവര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഇടക്കുവെച്ച് പലരും അദ്ദേഹത്തെ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചു എന്നതും നേരാണ്. രണ്ടു ഷെഡ്യൂളുകളായി
ട്ടാണ് ചിത്രീകരണം പൂര്‍ത്തിയാവുന്നത്. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം ആദ്യഷെഡ്യൂള്‍ കഴിഞ്ഞ് 10-15 ദിവസങ്ങള്‍ കഴിഞ്ഞാണ് അടുത്ത ഷെഡ്യൂള്‍ തുടങ്ങുന്നത്
'അമ്മ അറിയാന്‍' ഒഡേസയുടെ സംരഭമായിട്ടാണ് അറിയപ്പെടുന്നത്. അതേസമയം നക്‌സലൈറ്റ് രാഷ്ട്രീയത്തിന് അതിന്റെ നിര്‍മ്മാണ വിതരണപ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നതായും പറയപ്പെടുന്നു. ഇവയുടെ ഒരുസംയോജനം ഏത് വിധത്തിലാണ് സാധ്യമാക്കിയത്?


ജനകീയസാംസ്‌കാരികവേദിയുടെ തകര്‍ച്ചക്കുശേഷമുള്ള ഒരുകാലത്താണ് ഈ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അക്കാരണത്താല്‍ തന്നെ സി.പി.എം.എല്‍ ന്റെ പിന്തുണ അതിനുണ്ടായിരുന്നു എന്നാല്‍ 'അമ്മ അറിയാ'നിലെ അവസാന സീനിനെക്കുറിച്ചും മറ്റും ആ പാര്‍ട്ടിയില്‍തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. വേണ്ടത്ര രാഷ്ട്രീയവ്യക്തത കൈവന്നില്ലെന്ന പരാതി ഉണ്ടായിരുന്നു. ജോണിന്റെ സ്‌ക്രിപ്റ്റിന് കൃത്യമായ രൂപമുണ്ടായിരുന്നില്ല . ജോണ്‍ എന്താണോ ഷൂട്ട് ചെയ്യുന്നത് അതാണ് സിനിമയായിവന്നത്. എന്നാല്‍ സിനിമ അതിന്റെ സമഗ്രരൂപത്തില്‍ അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു. എന്നാല്‍പാര്‍ട്ടി എതിര്‍ത്തിട്ടൊന്നുമില്ല. തുടക്കത്തിലുള്ള പിന്‍തുണ അവസാനമായപ്പോള്‍ കുറഞ്ഞുവന്നു എന്നേയുള്ളു. ആശയപരമായ ചില അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചു എന്നുമാത്രം. സിനിമകാണരുതെന്നോ, നല്ലസിനിമയല്ലെന്നോ പറയുകയുണ്ടായിട്ടില്ല.
ജോണുമായി അടുത്തബന്ധമുണ്ടായിരുന്ന പലരും അദ്ദേഹത്തെയും ഈചിത്രത്തെയും അടുത്തകാലത്ത് വിമര്‍ശിക്കുകയുണ്ടായി. അത്തരം വിമര്‍ശനങ്ങളെഎങ്ങനെ കാണുന്നു?



ഹരിനാരായണന്റെ കുറ്റസമ്മതങ്ങളെ ഞാന്‍ ഗൗരവമായി കാണുന്നില്ല. ഹരി ഇപ്പോഴും പഴയരീതിയിലാണെന്നു തോന്നുന്നു. സംഗീതവും മറ്റും ഹരിക്കു മാത്രമേ വഴങ്ങു എന്ന ചില വിചിത്ര നിലപാടുകളിലൂടെയാണ് ഹരികടന്നു പോകുന്നത്. കെ.എന്‍.ഷാജിക്ക് എന്താണ് സംഭവിച്ചതെന്നറിയില്ല. ഷാജി ഈ സിനിമയില്‍ അത്രയധികം ഇന്‍വോള്‍ഡ് ആയ ആളല്ല. ഫോര്‍ട്ട്‌കൊച്ചിയില്‍ ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് ചില സൗകര്യങ്ങളൊക്ക ചെയ്തുകൊടുത്തു എന്നേയുള്ളു. അതുകൊണ്ട് കേട്ടവിവരങ്ങള്‍വെച്ച് എഴുതിയതാവണം. ജോണിനെസംബന്ധിച്ച് നിലനില്‍ക്കുന്ന പൊതുബോധത്തെ ഉറപ്പാക്കുന്നതിനുള്ള ശ്രമമായി മാത്രമേ ഞാനതിനെ കാണുന്നുള്ളു. ജോണിനെ യാഥാര്‍ത്ഥത്തില്‍ അറിയാത്തതുകൊണ്ടാണ് ഇങ്ങനെപറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് തോന്നുന്നു . പോസ്റ്റ് എമര്‍ജന്‍സി പിര്യേഡിന്റെ ആവിഷ്‌കാരമാണ് ' അമ്മ അറിയാന്‍'. കേരളത്തില്‍ നേരിട്ട രാഷ്ട്രീയവും സാംസ്‌കാരികവും നൈതികവുമായ എല്ലാ പ്രശ്‌നങ്ങളേയും ആ ചിത്രം സംബോധന ചെയ്യുന്നുണ്ട്. ജോണിന്റെ മനസ്സില്‍ പൂര്‍ണ്ണരൂപം കൈവരിച്ചിരുന്ന ആചിത്രം സെല്ലുലോയ്ഡിലേക്ക് പകര്‍ന്നപ്പോള്‍ പരിമിതികള്‍ ഉണ്ടായെന്നിരിക്കാം. എങ്കിലും സിനിമാസങ്കല്പങ്ങളെ അടിമുടി മാറ്റിയ ചിത്രമാണത്.
കേരളീയ പൊതുബോധം സൃഷ്ടിച്ച ഒരുജോണ്‍ ബിംബമുണ്ട്. അതുപ്രകാരം അദ്ദേഹം അരാജകവാദിയും മദ്യപാനിയും വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങാത്തവനുമാണ്. ഇത്തരമൊരരാജകജീവിതത്തെ മലയാളികള്‍ അകല്‍ചയോടെയാണെങ്കിലും ആദരിക്കുന്നുമുണ്ട്. ജോണിനെപ്പോലെ സുരാസു, എ.അയ്യപ്പന്‍ എന്നിവരെയൊക്കെ ഈ പരമ്പരയില്‍പ്പെടുത്താം. അവര്‍ കലഹിക്കുന്നതോടൊപ്പം കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. അയ്യപ്പന്റെ കവിതകള്‍ സമൂഹത്തിന്റെ ഭാഗമാണ്. അത് ഒരര്‍ത്ഥത്തില്‍ ജോണിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുസമമാണ് . ഒരു കാലഘട്ടത്തില്‍ എങ്ങനെ കലഹിക്കാം, പ്രതിഷേധിക്കാം എന്നചിന്തയില്‍നിന്നാണ് അവരുടെ അനാര്‍ക്കിസമുണ്ടാവുന്നത്. മറ്റു പലരുടേയും അങ്ങനെയല്ല.
അനാര്‍ക്കിസത്തിന്റെ ഒരുതലമുറയും അവസാനിച്ചുവോ?
ശരിയാണ് അനാര്‍ക്കിസങ്ങളും ശരിയായ അര്‍ത്ഥത്തില്‍ ഇപ്പോള്‍ഉണ്ടാവുന്നില്ല. മോശം അര്‍ത്ഥത്തില്‍ ഉദാഹരിക്കുന്ന അനാര്‍ക്കിസ്റ്റുകളേ ഇപ്പോഴുള്ളൂ. മധ്യവര്‍ഗ്ഗവും അതിനുമുകളിലുള്ളവരും അനാര്‍ക്കിസത്തെ മോശം കാര്യമായി തന്നെകാണുന്നു. എന്നാല്‍ ഇപ്പോഴുള്ള സമൂഹത്തില്‍ അനാര്‍ക്കിസ്റ്റാവാതെ പ്രതികരിക്കാനും കഴിയില്ല. സൗമ്യമായ പ്രതികരണങ്ങള്‍ അപ്രസക്തമാവുന്നു. രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് അനാര്‍ക്കിസം തന്നെ വേണ്ടിവരുന്നു. ഇവരുടെയൊക്കെ അനാര്‍ക്കിസത്തിന്റെ മാനം അവിടെയാണ്. അതിനുവേണ്ടിതന്നെ അങ്ങനെയായതാണോ എന്നും സംശയിക്കണം. സമൂഹത്തില്‍ പച്ചയായി ഇടപെടാനും കലഹിക്കാനും ഏറ്റവും നല്ലമാര്‍ഗ്ഗം അതുതന്നെയെന്നു കരുതിയിട്ടുണ്ടാവണം.
വയനാട്ടില്‍ നടന്ന ഷൂട്ടിംഗ് രംഗങ്ങള്‍ ഏതൊക്കെയാണ്?


പുരുഷന്‍യാത്രപറഞ്ഞുപോകുന്നതും പോലീസ്‌സ്റ്റേഷന്‍ ആക്രമണവും ഹരിയുടെ ആത്മഹത്യയുമൊക്കെ വയനാട്ടില്‍ വെച്ചുതന്നെ നടക്കുന്നരംഗങ്ങളാണ്. അമ്പലവയലിനടുത്തുള്ള മഞ്ഞപ്പാറയിലെ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരുമരത്തിലാണ് ഹരി തൂങ്ങിമരിക്കുന്നത്. ഷൂട്ടിംഗിനുവേണ്ടി ആ മരം കണ്ടെത്തുന്നതും ഞാന്‍ തന്നെയാണ്. ഇപ്പോള്‍ പാറയും ആ മരവുമൊന്നും അവിടെയില്ല അവിടെമെല്ലാം നിരപ്പാക്കപ്പെട്ടു കഴിഞ്ഞു. ആ മരത്തിന്റെയും, പാറയുടേയും തിരോധാനം വയനാട്ടിലെ പത്രങ്ങളില്‍ വലിയവാര്‍ത്തയായിരുന്നു. സിനിമയിലെ ഒരുകഥാപാത്രമായിരുന്നു ആ മരം.
ജോണിന്റെ മരണത്തോട് വയനാട്ടുകാര്‍ എങ്ങനെയാണ് പ്രതികരിച്ചത്? 
ഞങ്ങള്‍ കുറച്ചാളുകളുടെ പ്രതികരണങ്ങളല്ലാതെ മറ്റൊന്നും വയനാട്ടില്‍ സംഭവിച്ചില്ല. അപ്പോഴെക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളൊക്കെ ഏറെക്കുറെ നിലച്ചിരുന്നു. വയനാട്ടില്‍ സിനിമയുമായുള്ള ബന്ധമെ ജോണിനുള്ളു. അതില്‍ കൂടുതലില്ല. 81ലെ ആക്ഷനും തുടര്‍ന്നുള്ള ആശയക്കുഴപ്പവുമെല്ലാം ചേര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനങ്ങളും നിലച്ചിരുന്നു. പലഗ്രൂപ്പുകളായി പിരിഞ്ഞ രാഷ്ട്രീയത്തെ താല്‍കാലികമായി പിടിച്ചുനിര്‍ത്തിയത് സിനിമയായിരുന്നു എന്നു പറയാം. ജോണിന്റെമരണം അദ്ദേഹത്തെ അറിയാവുന്ന സുഹൃത്തുകളുടെ മാത്രം വേദനയായിരുന്നു. സമൂഹത്തിന്റെ മൊത്തം വേദനയായില്ല. വയനാട് പോലൊരു പ്രദേശത്ത് ഇത്തരംസിനിമ കാണുന്ന ഒരു സമൂഹം ഇല്ല. അതുകൊണ്ടുതന്നെ ആ പടം ഗൗരവപൂര്‍വ്വം കണ്ട വയനാട്ടുകാര്‍ ഏറെ ഇല്ലായിരുന്നു.
ജോണ്‍ ഇനിയും ഒരുസ്വാധീനമായി തുടരുമോ? 
ജോണിന്റെ അസാന്നിദ്ധ്യത്തിലുള്ള സൗഹൃദചര്‍ച്ചകളില്‍ ഉയര്‍ന്നുവരാറുണ്ടായിരുന്ന ഒരഭിപ്രായം ഇപ്പോള്‍ ഏറെ പ്രസ്‌ക്തമാവുന്നു. ജോണ്‍ജീവിച്ചിരിക്കുമ്പോള്‍ അംഗീകരിക്ക പ്പെടാനിടയില്ലെന്നും മരിച്ചുകഴിഞ്ഞേ അതുണ്ടാവൂ എന്നും പറഞ്ഞത് ഇപ്പോള്‍ എത്രശരിയായി.
വയനാട്ടിലെ പ്രദര്‍ശനങ്ങള്‍?
വയനാട്ടിലെ ഗ്രാമാന്തരങ്ങളില്‍ അമ്മ അറിയാന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലങ്ങോളമിങ്ങോളവും അത്തരം പ്രദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 16 എംഎം പ്രോജക്റ്റര്‍ ഉപയോഗിച്ചുള്ള അത്തരം പ്രദര്‍ശനങ്ങളിലേറെയും നടന്നത് ജോണിന്റെമരണശേഷമായിരുന്നു. അക്കാലത്ത് ഏതുസിനിമപ്രദര്‍ശിപ്പിച്ചാലും ആളുകള്‍ കൂട്ടമായെത്തിയിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും ഒരുമിച്ചു പൊയ്ക്കൊണ്ടിരുന്ന ഒരു കാലത്തിന്റെ അവസാനഘട്ടമായിരുന്നു അത്.
' അമ്മ അറിയാന്‍' എന്ന സനിമക്ക് തുടര്‍ച്ചകളില്ലാതെ പോയത് എന്തുകൊണ്ടാവാം?


ഒന്നാമത്തെ കാരണം ജോണിന്റെ അഭാവം തന്നെയാണ്. ജോണ്‍ജീവിച്ചിരുന്നുവെങ്കില്‍ 'നാടുഗദ്ദിക' സിനിമയാക്കുകയും അങ്ങനെ തുടര്‍ച്ച കൈവരിക്കുകയും ചെയ്യുമായിരുന്നുഎന്നാണ് എന്റെ വിശ്വാസം. മറ്റൊന്ന് രാഷ്ട്രീയമായ പിന്‍തുണയും പിന്നീട് ഇല്ലാതെപോയി. ജോണിനുശേഷം അദ്ദേഹം തുടങ്ങിവെച്ച ജനകീയ സിനിമാസങ്കല്പത്തെ തുടര്‍ന്നുകൊണ്ടുപോകാന്‍ ആരും ധൈര്യപ്പെട്ടില്ല എന്നുപറയുന്നതാവും ശരി. ‘ഒഡേസ‘ക്ക് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞത് സനിമാപ്രദര്‍ശനങ്ങളിലെ ജനകീയപങ്കാളിത്തമാണ്.
'അമ്മ അറിയാ'നുശേഷം സിനിമാരംഗത്തും അഭിനയരംഗത്തും തുടരാതിരുന്നതെന്തുകൊണ്ടാണ് ?


നാടകപ്രവര്‍ത്തനങ്ങളൊക്കെ അതിനുമുമ്പു തന്നെ അവസാനിച്ചിരുന്നു. സിവിക്കും കുന്നേല്‍ കൃഷ്ണനുമൊക്കെയാണ് സിനിമയില്‍ അഭിനയിക്കാനുള്ള നിര്‍ദ്ദേശം വെക്കുന്നത്. അത് തുടരാനുള്ള സാംസ്‌കാരികവും രാഷ്ട്രീയവുമായ ഒരന്തരീക്ഷം പിന്നീട് നിലനിന്നില്ല . കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ കാരണം, കൂടുതലൊന്നും ശ്രദ്ധിക്കാനുമായില്ല. പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലായി പിന്നീട് ശ്രദ്ധ. അത് ഇപ്പോഴും തുടരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത 'ആരണ്യകം' എന്ന സിനിമയിലേക്ക് ക്ഷണിച്ചിരുന്നു വെങ്കിലും പോയില്ല. നക്‌സലിസത്തിന്റെ തകര്‍ച്ചയും കുറ്റവിചാരണയും പ്രമേയമാക്കിയ ആചിത്രത്തില്‍ എന്റെകൂടി സാന്നിദ്ധ്യം വേണ്ടെന്നുതോന്നി.







(കടപ്പാട്:‘കാണി നേരം2011’/കാണി ഫിലിം സൊസൈറ്റി വാര്‍ഷികപ്പതിപ്പ് ) ജോണ്‍ അബ്രഹാമിനെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് വാര്‍ഷികപ്പതിപ്പ് കാണുക 

Monday, July 11, 2011

അമ്മ അറിഞ്ഞതും അറിയാതെ പോയതും.

ജോണ്‍ ഏബ്രഹാമിന്റെ 'അമ്മ അറിയാന്‍' എന്ന ചിത്രം ആദ്യമായി കണ്ടത് പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വയനാട്ടില്‍ വെച്ചാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ അക്കാലത്ത് 'തേടല്‍' ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മികച്ച സിനിമകളുടെ പ്രദര്‍ശനം നടക്കാറുണ്ടായിരുന്നു. 16 എം. എം. പ്രജക്ടറിന്റെ കരകര ശബ്ദവും മാറി മറിയുന്ന വെളിച്ചവും നിഴലും സ്‌ക്കൂള്‍ ബെഞ്ചുകളും നിറഞ്ഞ  ദൃശ്യ ശ്രാവ്യാനുഭവം ഏറെക്കുറെ അതേപോലെ ഓര്‍മ്മയിലുണ്ട്. അന്ന് ആ സിനിമ ഇഷ്ടപ്പെടാതിരിക്കാന്‍ സാധ്യമായിരുന്നില്ല. അക്കാലത്തെ രാഷ്ട്രീയവും സാംസ്‌ക്കാരികവുമായ കാലാവസ്ഥയില്‍ അതും വയനാട്ടില്‍ വച്ചാണ് സിനിമ കണ്ടെതെന്നതിനാല്‍ ഒരു 'കാഴ്ചപ്പാട്' സിനിമ കാണലിന് അപ്പുറവും ഇപ്പുറവും ഉണ്ടായിരുന്നു. കൂടാതെ പ്രകോപനപരനമായ അരാജകജീവിതം, ബുദ്ധിജീവിതം, നവരാഷ്ട്രീയ സിനിമ എന്നിവയെല്ലാം കൂടിച്ചേര്‍ന്ന് വല്ലാത്തൊരു സംയുക്തമായിരുന്ന ജോണ്‍ അബ്രഹാം എന്ന അദൃശ്യ സാന്നിദ്ധ്യവും അവിടെ ഉണ്ടായിരുന്നു.

വയനാട്ടുകാര്‍ക്കാണെങ്കില്‍ പലകാരണങ്ങളാല്‍ ആ സിനിമയോട് കൂടുതല്‍ പ്രതിപത്തിയുണ്ട്. പി. എ. ബക്കറിന്റെ ‘കബനീ നദി ചുവന്നപ്പോള്‍‘ എന്ന ചിത്രത്തിനു ശേഷം വയനാടന്‍ പശ്ചാത്തലമുള്ള രണ്ടാമത്തെ ഗൗരവ സിനിമയായിരുന്നു അത്. വയനാടിന്റെ രാഷ്ട്രീയവും ഭൂമി ശാസ്ത്രവുമൊക്കെ അതിലെ പ്രധാന വിഷയങ്ങളാണ്. അതിന്റെ നിര്‍മ്മാണ കൂട്ടായ്മയിലും വയനാട്ടിലെ ജനങ്ങളുടെ കാര്യമായ പങ്കാളിത്തമുണ്ടായിരുന്നു.

1986 ഏപ്രില്‍ മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായി 'അമ്മ അറിയാന്‍' പ്രദര്‍ശനത്തിനെത്തി. 1987 മെയ് 31 ന് ജോണ്‍ അബ്രഹാം ആത്മഹത്യക്കു സമാനമായ അപകടമരണത്തിനിരയായി. തന്റെ അവസാന ചിത്രത്തിലെ ആത്മഹത്യ ചെയ്ത് തിരിച്ചറിയപ്പെടാതെ കിടന്ന ഹരി എന്ന കഥാപാത്രത്തെപ്പോലെ ജോണ്‍ അബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ കിടന്നു. എന്നാല്‍ മരണശേഷം ജോണ്‍ അബ്രഹാം പിന്നെയും വളര്‍ന്നു. അദ്ദേഹത്തെ ക്കുറിച്ചും സിനിമകളെക്കുറിച്ചും പഠനങ്ങളുണ്ടായി. ജോണും ആ സിനിമയും ‘ഒഡേസ‘മൂവീസും ചരിത്രത്തില്‍ സ്ഥാനപ്പെടുത്തപ്പെട്ടു. ആദ്ദഹത്തിന്റെ മരണാനന്തരം ആ ചിത്രം നിരവധി സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുവെങ്കിലും ഏറെ വൈകാതെ അതെല്ലാം നിലച്ചു.

ഇന്ന് ആ സിനിമ കാണുന്നത് വേറോരു കാലത്തില്‍ വേറൊരു സ്ഥലത്തിരുന്നുകൊണ്ടാണ്. മാറിയ സാങ്കേതികവിദ്യയുടെകാലത്ത് ഒററയ്ക്കിരുന്ന് കമ്പ്യൂട്ടറില്‍ കാണുന്ന സിനിമയ്ക്ക് അന്നത്തെ ഒച്ചയും തെളിച്ചവുമില്ല. ചുററുമുള്ളകാണികളുടെ നിശ്വാസമില്ല. കാലങ്ങള്‍ക്കു ശേഷം കാണുന്ന ഒരു സിനിമയും പഴയ അതേ അനുഭവം ആവര്‍ത്തിക്കുകയില്ല. ചിലപ്പോഴത് ചരിത്രപരമായ പ്രസക്തി എന്നൊരനുഭവം മാത്രം നല്‍കിയെന്നുവരും.

നൂറിലേറെ വയസ്സുമാത്രം പ്രായമുള്ള സിനിമ എന്ന കലാരൂപം വളരെ കുറഞ്ഞ കാലയളവില്‍ ആവിഷ്‌ക്കാരത്തിലും സാങ്കേതികതയിലും പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായിക്കൊണ്ടാണ് ഇന്നത്തെ നിലയിലെത്തിയത്. അക്കാരണത്താല്‍ തന്നെ 25 വര്‍ഷങ്ങള്‍ക്കുമുമ്പ് പുറത്തിറങ്ങിയ 'അമ്മ അറിയാന്‍' മുന്നോട്ടുവച്ച സിനിമാസങ്കല്‍പവും സാങ്കേതികതയും ഇന്ന് പഴയതായിരിക്കുന്നു. അത് ഒരു ചിത്രത്തിന്റെ പുതിയ കാഴ്ചക്ക് വിഘാതമാകേണ്ടതില്ല എന്ന് നിരവധി ക്ലാസ്സിക്ക് ചിത്രങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ചാര്‍ളിചാപ്ലിന്റെ നിശബ്ദചിത്രങ്ങള്‍ 90വര്‍ഷങ്ങളായിട്ടും ആസ്വാദിക്കപ്പെടുന്നത്, സാങ്കേതികതയുടെ പേരിലല്ല.
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍

'അമ്മ അറിയാന്‍' എന്ന ചിത്രത്തിലൂടെ ജോണ്‍ എബ്രഹാം മുന്നോട്ട് വെക്കാന്‍ ശ്രമിച്ച സിനിമാ സങ്കല്‍പം എന്തായിരുന്നു? അവയിലൊന്ന് സിനിമാ നിര്‍മ്മാണത്തിനുള്ള മൂലധനസമാഹരണവും മറ്റേത് സിനിമയുടെ ദൃശ്യപരിചരണത്തില്‍ സൃഷ്ടിച്ച ‘ഭാവുകത്വപരമായ പുതുമക‘ളുമാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഈ രണ്ടു കാര്യങ്ങള്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പെന്ന പോലെ ഇന്നും നിലനില്ക്കാനാവില്ല. പരിണാമം ഏതൊരാശയത്തിന്റെയും ജൈവികമായ തുടര്‍ച്ചക്കും നിലനില്പിനും ആവശ്യമാണ്. എന്നാല്‍ പരിണാമ വിധേയമായ ഒരു തുടര്‍ച്ച ജോണിന്റെ സിനിമാ സങ്കല്പങ്ങള്‍ക്ക് ഉണ്ടാകാതെ പോയതെന്തുകൊണ്ടാവാം?

ആത്മഹത്യകള്‍ ഉണ്ടാവുന്നത്

സനില്‍ ദാസിന്റെ മുപ്പതാം ചരമവാര്‍ഷികം ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് ആരോരുമോര്‍ക്കാതെ കടന്നു പോയി. ആരായിരുന്നു സനില്‍ദാസ്? കവിയും വിപ്ലവവിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനും, മാസികാ പ്രവര്‍ത്തകനുമൊക്കെയായിരുന്നു അയാള്‍. 'നാവ്' എന്ന പേരില്‍ ഒരു മിനിമാസിക പുറത്തിറക്കിയിരുന്നു. 1981 മാര്‍ച്ച് 31ന് ആത്മഹത്യ ചെയ്തു. മരിക്കുമ്പോള്‍ ഇരുപതു വയസ്സ് പൂര്‍ത്തിയായതേ ഉണ്ടായിരുന്നുള്ളു. മരണാനന്തരം സനില്‍ദാസിന്റെ കവിതകളുടെ ഒരു സമാഹാരം 'ഘടികാരം' എന്ന പേരില്‍ കെ.എന്‍. ഷാജി എഡിറ്റു ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. അമ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ട അവസാന കവിതകളിലൊന്നില്‍ സനില്‍ദാസ് എഴുതി; ''അമ്മക്ക് ഞാന്‍ ദുഃഖങ്ങള്‍ നല്‍കുന്നു''. ആത്മഹത്യക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ രാത്രിയില്‍ ഞെട്ടിയുണര്‍ന്ന് അമ്മയെ ഉണര്‍ത്തി അയാള്‍ പറഞ്ഞുവത്രെ: ''ഗ്രാമങ്ങളില്‍ ശക്തിയാര്‍ജ്ജിച്ച് നഗരങ്ങളെ വളയണം'' അതിന്റെ പൊരുളറിയാതെ അമ്പരക്കുവാനേ അമ്മക്ക് കഴിഞ്ഞുള്ളൂ (കെ.എന്‍. ഷാജി, ‘ക്രൂരവും വേദനാജനകവുമായ ഒരു സൗഹൃദത്തിന്റെ ഓര്‍മ്മക്ക് ‘). സനില്‍ദാസിന്റെ മരണം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം കെ.ജി. സുബ്രഹ്മണ്യദാസ് അതേവഴി പിന്തുടര്‍ന്നു. ഈ രണ്ടു മരണങ്ങളെയും കുറിച്ച് 'ഘടികാര' ത്തിന്റെ അവതാരികയില്‍ സച്ചിദാനന്ദന്‍ ഇങ്ങനെ എഴുതി: ''... നമ്മുടേതുപോലുള്ള ക്രൂരമായ വിശ്വാസരാഹിത്യത്തിന്റെ കാലത്ത് എനിക്കതു നന്നായി മനസ്സിലാക്കാന്‍ കഴിയും. സ്‌നേഹത്തിനായി ദാഹിക്കുന്ന മനസ്സും അതു തുറന്നു പറയുന്നത് കുറ്റകരമായ ദൗര്‍ബല്യമായി കാണപ്പെടാവുന്ന സാഹചര്യവും തമ്മിലുള്ളസംഘര്‍ഷം, ഒരു പ്രണയത്തിനു തന്നെ രക്ഷിക്കാന്‍ കഴിയാമായിരുന്നിട്ടും ആ അറിവിനോടു പൊരുത്തപ്പെടാനാവാത്ത ചില വ്യക്തിത്വ സവിശേഷതതകള്‍, ശരിക്കും പ്രതികരണലോലനായ ഒരു കലാകാരന്‍ മാത്രമായിരിക്കെ, താന്‍ തത്ത്വചിന്തകനാണെന്ന ദുര്‍വിശ്വാസം, ലോകത്തിന്റെ കാപട്യത്തിനു മുന്നില്‍ വേഗം തളര്‍ന്നു പോകുന്ന ഇച്ഛാശക്തി ,ദാര്‍ശനിക പക്വത നേടും മുമ്പേ രാഷ്ട്രീയ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലേക്കുള്ള എടുത്തു ചാട്ടം, ആസന്ന വിപ്ലവത്തെകുറിച്ചുള്ള കാല്പനിക വ്യാമോഹം, അതു നല്‍കുന്ന അതിശയോക്തി പരമായ ഉത്തരവാദിത്തബോധം, തന്റെ ആത്മബലിയിലൂടെ ലോകത്തെ രക്ഷിക്കാനായേക്കുമെന്ന ആത്മലാളനം കലര്‍ന്ന ലഘുവിശ്വാസം, പീഢകരോടു പൊരുതുന്നതിനേക്കാള്‍ പീഢനമേറ്റു വാങ്ങുന്നതില്‍ മുഴുകുന്ന ആത്മവിധ്വംസകമായ ചിത്തവൃത്തി - ഇന്നത്തെ ആത്മാര്‍ത്ഥതയുള്ള യുവാക്കളനുഭവിക്കുന്ന സംഘര്‍ഷത്തിന്റെ മുഖ്യപ്രഭവങ്ങള്‍ ഇവയൊക്കെയാണെന്നു തോന്നുന്നു. ഒരു പക്ഷേ ഇത് സ്വാനുഭവനിഷ്ഠമായ ഒരു വിലയിരുത്തലാകാമെങ്കിലും“. ആ കാലത്തിന്റെയും അതിലൂടെ കടന്നു പോയവരുടേയും സംഘര്‍ഷങ്ങളറിഞ്ഞുകൊണ്ടാണ് 'വേനല്‍മഴ' എന്ന കവിതയില്‍ സനില്‍ദാസും സുബ്രഹ്മണ്യദാസും പരാമര്‍ശിക്കപ്പെടുന്നതും മേല്‍പ്പറഞ്ഞ പരാമര്‍ശങ്ങള്‍ സച്ചിദാനന്ദന്‍ നടത്തുന്നതും.

'അമ്മ അറിയാന്‍' എന്ന സിനിമയും ജോണ്‍ അബ്രഹാമും മേല്‍പ്പറഞ്ഞ ആത്മഹത്യകളും തമ്മിലെന്ത് എന്നൊരു സംശയം പോലും ഉന്നയിക്കപ്പെടാനിടയില്ല. അമ്മ അറിയാന്‍ എന്ന ചിത്രത്തിലെ തിരിച്ചറിയപ്പെടാത്ത ശവമായി കിടക്കുന്ന ഹരിയുടെ മറ്റു പല പേരുകളില്‍ ഒന്നോരണ്ടോ എണ്ണമെടുത്താല്‍ അത് സനില്‍ദാസ് എന്നും സുബ്രഹ്മണ്യദാസ് എന്നുമൊക്കെയായിരിക്കും. ഇങ്ങനെ ആത്മഹത്യയിലെത്തിച്ചേര്‍ന്ന നിരവധി പേരില്‍ പലര്‍ക്കും ജോണിനോട് അടുപ്പവും ആത്മബന്ധവുമുണ്ടായിരുന്നു. ഒരര്‍ത്ഥത്തില്‍ ജോണിന്റെ മരണം അത്തരം മരണപരമ്പരകളിലെ ഒരു കണ്ണിമാത്രമായിരുന്നു. സനില്‍ദാസിനെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചതുപോലെ, ഒരു നിയോഗമെന്നോണം കെ.എന്‍. ഷാജിതന്നെയാണ് തന്റെ 'നിയോഗം ബുക്‌സി'ലൂടെ ജോണിനെക്കുറിച്ചുള്ള പുസ്തകവുംപുറത്തിറക്കിയത്.

മൂലധനത്തിന്റെ അപ്പുറം.

ജീവിതത്തില്‍ അതിജീവനങ്ങളാഗ്രഹിച്ചയാളായിരുന്നില്ല ജോണ്‍. എന്നാല്‍ കല അതിജീവിക്കുമെന്നൊരു വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. മൂലധനമാണ് സിനിമയുടെ കലാപരതയെയും രാഷ്ട്രീയബോധത്തെയും നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം. മൂലധനത്തെ മറികടക്കാനുള്ള യത്‌നങ്ങളില്ലാതെ കലാത്മകസിനിമയെക്കുറിച്ചും രാഷ്ട്രീയ സിനിമയെക്കുറിച്ചും ചിന്തിച്ചിട്ട് കാര്യമില്ല. ഒത്തുതീര്‍പ്പ് മാതൃകകളിലേക്ക് വഴിമാറുകയല്ലാതെ അതിന് മറ്റു പോംവഴികളില്ല. മലയാള സിനിമയുടെ സമകാലികമുഖം ഇത് നന്നായി വെളിപ്പെടുത്തുന്നുമുണ്ട്. മൂലധനാധിപത്യത്തെ ചെറുക്കുന്നതെങ്ങനെ എന്ന ചിന്തയില്‍ നിന്നാണ് ജനങ്ങളില്‍ നിന്ന് ചെറുതുകകള്‍ സ്വീകരിച്ചുകൊണ്ടുള്ള സിനിമാ നിര്‍മ്മാണമെന്ന ആശയം പിറക്കുന്നത്. അതോടൊപ്പം സിനിമാ നിര്‍മ്മാണത്തിലാകെത്തന്നെ ഒരു കൂട്ടായ്മ രൂപം കൊള്ളുകയും ചെയ്യുന്നു. 'അമ്മ അറിയാന്‍' പോലുള്ള ഒരു ചിത്രം ഇപ്രകാരമല്ലാതെ നിര്‍മ്മിക്കപ്പെടുന്നത് സങ്കല്പിക്കാവുന്നതുമല്ല. ഈ കൂട്ടായ്മയുടെ ഊര്‍ജ്ജമാണ് പ്രസ്തുത ചിത്രം പില്‍ക്കാലത്ത് ഗ്രാമഗ്രാമാന്തരങ്ങളില്‍ ആവേശപൂര്‍വ്വം പ്രദര്‍ശിപ്പിക്കപ്പെടാന്‍ കാരണമായത്.


ജോണ്‍ തുടക്കം കുറിക്കാനാഗ്രഹിച്ചത് ജനകീയമെന്നപോലെ രാഷ്ട്രീയവും പരീക്ഷണാത്മകവും ആയ ഒരു സങ്കല്പമായിരുന്നു. കേരളത്തില്‍ പരീക്ഷണാത്മകം എന്നു വിളിക്കാവുന്ന സിനിമകള്‍ ഏറെയുണ്ടായിട്ടുണ്ട്. 'ന്യൂസ്‌പേപ്പര്‍ ബോയ്' മുതല്‍ അതാരംഭിക്കുന്നുണ്ടെന്നും പറയാം. അതുവരെയുള്ള സിനിമാ സ്വഭാവത്തില്‍ നിന്ന് വഴിമാറി നടന്നവയെല്ലാം പരീക്ഷണസ്വഭാവം പുലര്‍ത്തിയവതന്നെയായിരുന്നു. അത്തരം പരീക്ഷണങ്ങളോരോന്നും കാലാന്തരത്തില്‍ സിനിമയുടെ സാമാന്യരീതിയായി മാറുകയും ചെയ്തു. എഴുപതുകളില്‍ പുറത്തുവരാന്‍ തുടങ്ങിയ നവസിനിമകളെല്ലാം തന്നെ ഒരര്‍ത്ഥത്തില്‍ പരീക്ഷണങ്ങളുടെ വ്യത്യസ്തമാതൃകകള്‍ തന്നെയായിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കൊന്നും മൂലധനസമാഹരണത്തിലും, നിര്‍മ്മാണത്തിലും ജനകീയത എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇതു രണ്ടും ചേര്‍ന്ന ആദ്യസംരംഭം 'അമ്മ അറിയാന്‍' ആണ്. ഇതിനൊക്കെ നേതൃത്വപരമായ പങ്കും സംഘാടനവും നിര്‍വ്വഹിച്ചത്. ഒഡേസ ഫിലിം സൊസൈറ്റിയായിരുന്നു. മറ്റൊരു ഫിലിം സൊസൈറ്റി (ചിത്രലേഖാ ഫിലിം സൊസൈറ്റി, തിരുവനന്തപുരം) യാണ് മലയാളത്തിലെ നവസിനിമയുടെ ആരംഭമെന്നു പറയാവുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' നിര്‍മ്മിച്ചത്. എന്നാല്‍ ഒഡേസയുടെ പരിശ്രമങ്ങള്‍ക്ക് വ്യത്യസ്തതയുണ്ടായിരുന്നു. സിനിമയുടെ ആരംഭത്തിലുള്ള ഒഡേസയുടെ പ്രസ്താവനയില്‍ ഇങ്ങനെ കേള്‍ക്കാം: ''നല്ല സിനിമക്കു വേണ്ടിയുള്ള കൂട്ടായ സാഹോദര്യം, എങ്ങിനെ സിനിമയിലൂടെ ജനങ്ങളുമായി സംവേദിക്കണമെന്ന യാഥാര്‍ത്ഥ്യ ബോധം, അതിന്റെ പ്രകാശനമാണ് ഒഡേസ''.

അമ്മ അറിയാന്‍ സഞ്ചരിച്ച ദൂരങ്ങള്‍.


പ്രദര്‍ശനത്തിനെത്തി ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച ആ സിനിമയെ ഒരു നാഴികക്കല്ലയി എണ്ണിയാല്‍ അതു സഞ്ചരിച്ച ദൂരവും മലയാള സിനിമയെ അത് മുന്നോട്ടു നടത്തിയ ദൂരവും അളന്നു നോക്കേണ്ടതുണ്ട്. സിനിമാ നിര്‍മ്മാണത്തില്‍ പങ്കു വഹിച്ച അതേ കൂട്ടായ്മകളുടെ തുടര്‍ച്ചകളാണ് അത് കേരളത്തിലങ്ങോളമിങ്ങോളം പ്രദര്‍ശിപ്പിക്കാന്‍ കാരണമായത്. നവസംവിധായകരിലാരുടെയെങ്കിലും ഒരു പുതിയ സിനിമ പുറത്തിറങ്ങിയാല്‍ അത് പ്രദര്‍ശിപ്പിക്കാന്‍ ഫിലിം സൊസൈറ്റിക്കാര്‍ മുന്നിട്ടിറങ്ങുമായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സുവര്‍ണ കാലമായിരുന്നെങ്കിലും അത് ആസന്നമായ അസ്തമയത്തോടടുത്തു കൊണ്ടിരിക്കുകയായിരുന്നു. 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയം വരം' എന്ന ചിത്രത്തിന്റെ നിര്‍മ്മാണവും പ്രദര്‍ശനവുമായി തുടങ്ങിയ അതിന്റെ സജീവ കാലം എണ്‍പതുകള്‍ക്കൊടുവില്‍ 'അമ്മ അറിയാന്‍' എന്ന ചിത്രത്തിന്റെ പ്രദര്‍ശനങ്ങളോടെ ഏറെക്കുറെ തീരുകയാണ്. അക്കാലത്തു തന്നെ കേരളത്തില്‍ ടെലിവിഷന്‍ സംപ്രേഷണം തുടങ്ങുകയായി. 1990 കളോടെ അത് വ്യാപകമായി. 1972 ല്‍ തുടങ്ങുന്ന ഈ ഒന്നര പതിറ്റാണ്ടില്‍ തന്നെയാണ് ജോണിന്റെ മാത്രമല്ല, അടൂര്‍, അരവിന്ദന്‍, പി. എ ബക്കര്‍, കെ. ജി. ജോര്‍ജ്ജ്, പത്മരാജന്‍ തുടങ്ങിയ സംവിധായകരുടെയെല്ലാം പ്രധാന ചിത്രങ്ങള്‍ പുറത്തു വരുന്നത്. മലയാള സിനിമയില്‍ ഇന്ന് നിലനില്‍ക്കുന്ന ചലച്ചിത്ര ഭാഷയുടെ തുടക്കം അവിടെ നിന്നാണ്. പല കാരണങ്ങളാല്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ പരിഗണന ലഭിക്കാതെ പോയ ''ഓളവും തീരവും'' ''നിര്‍മ്മാല്യം'' തുടങ്ങിയ ചിത്രങ്ങളും ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അടയാള സ്തംഭങ്ങളായി നില്‍ക്കുന്നതു കാണാം.

ബുദ്ധി ജീവി സിനിമ/അവാര്‍ഡ് സിനിമ തുടങ്ങിയ പേരുകളാല്‍  അക്കാലത്തിറങ്ങിയ നവസിനിമകള്‍ പരിഹസിക്കപ്പെട്ടു. എന്നാല്‍ ഇത്തരം പരിഹാസങ്ങള്‍ ലഭിക്കാതെ പോയ ‘ഓളവും തീരവും‘, ‘നിര്‍മ്മാല്യ‘വും ഗൗരവ സിനിമയുടേയും സാധാരണ ആസ്വാദകരുടേയും ശ്രദ്ധയില്‍പ്പെടാതെ പോവുകയും ചെയ്തു. നിര്‍മ്മാല്യം 1974 ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. 'സ്വയംവര'ത്തിനായരുന്നു തലേ വര്‍ഷം ഈ അവാര്‍ഡ്.
നവസിനിമയുടെ മാനദണ്ഡങ്ങള്‍ വെച്ചു കൊണ്ടളന്നാല്‍പ്പോലും അക്കാലത്തിറങ്ങിയ സിനിമകളേറെയും അവയിലെ മന്ദതാളം, സംഭാഷണങ്ങളിലെ പ്രകടന പരത എന്നീ കാരണങ്ങളാല്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആധുനികത ഫിലിം സൊസൈറ്റികള്‍ക്കും ബുദ്ധി ജീവിതങ്ങള്‍ക്കും നല്‍കിയ പ്രാമാണ്യം അത്തരം സിനിമകളെ വിമര്‍ശനാതീതമാക്കുകയായിരുന്നു. പലപ്പോഴും സ്പൂളുകള്‍ മാറിപ്പോയ സിനിമകള്‍പോലും നന്നായി ‘ആസ്വദി‘ക്കപ്പെട്ടു. അന്നൊക്കെ പുറത്തു പറയാന്‍ കഴിയാതിരുന്ന വിമര്‍ശന സ്വരം ഇന്ന് ആര്‍ക്കുമുന്നയിക്കാന്‍ കഴിയും. അക്കാലത്ത് ഇത്തരം സിനിമകള്‍ പൊതുവായി പുലര്‍ത്തിപ്പോന്ന ഒരു കൃത്രിമ ഘടന സിനിമയുടെ മൂല്യത്തെയും കലാത്മകതയെയും നിര്‍ണ്ണയിക്കുന്നതിന് അനിവാര്യമായിരുന്നില്ലെന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു. അരവിന്ദനും മറ്റും അവസാന ചിത്രങ്ങളുടെ കാലത്ത് തങ്ങളുടെ ചിത്രങ്ങളിലൂടെ ഈ മാറ്റം ഉള്‍ക്കൊണ്ടിരുന്നു.
മലയാളത്തിലെ അക്കാലത്തെ കലാത്മക സിനിമകളുടെ പൊതുഘടനയില്‍ത്തന്നെയാണോ 'അമ്മ അറിയാന്‍' നിലയുറപ്പിച്ചത്? അതല്ലെങ്കില്‍ ഏതു വിധത്തിലാണ് അത് കലഹിച്ചു മാറി നില്‍ക്കുന്നത്? ഒരേ സമയം ജനകീയ സിനിമയും, രാഷ്ട്രീയ സിനിമയുമായി വിഭാവനം ചെയ്യപ്പെട്ടതാണ് 'അമ്മ അറിയാന്‍'. അതിനു മുമ്പ് പി. എ. ബക്കറിന്റെ ' കബനീ നദി ചുവന്നപ്പോള്‍' പുറത്തു വന്നിട്ടുണ്ട്. ( ഉത്തരായണം, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ തുടങ്ങി വേറെയും രാഷ്ട്രീയ സിനിമകള്‍ ഉണ്ടായിരുന്നു.) അടിയന്തിരാവസ്ഥക്കാലത്ത് സിനിമയുടെ 1800 അടി മുറിച്ചു മാറ്റിയ ശേഷമാണ് ‘കബനീനദി‘ പ്രദര്‍ശനത്തിനെത്തുന്നത്. 16 പ്രാവശ്യം സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ ആ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. ഈ രണ്ടു ചിത്രങ്ങളും അക്കാലത്തിറങ്ങിയ സമാന്തര സിനിമയുടെ മാതൃകകളായ മറ്റു ചിത്രങ്ങളും ഇന്ന് കാണുന്ന ഒരാള്‍ക്ക് ബോധ്യപ്പെടുന്നത് അവ ഘടനാപരമായി ഒന്നിനൊന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തുന്നില്ല എന്ന കാര്യമാണ്. രാഷ്ട്രീയ സിനിമയുടെ ഒരു ഭാഷ രൂപപ്പെടുത്തുന്നതില്‍ അത്തരം സിനിമകളില്‍ നിന്ന് മാതൃകകളൊന്നും ലഭിക്കാനില്ല. 'ആധുനികതയുടെ ചുവന്ന വാല്‍' എന്ന് അക്കാലത്തെ വിപ്ലവ സാഹിത്യത്തെ ആര്‍. നരേന്ദ്ര പ്രസാദ് വിശേഷിപ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല സിനിമയിലെയും കാര്യങ്ങള്‍. ആധുനികതയുടെ ശീലങ്ങളില്‍ നിന്ന് എഴുത്തുകാരനായാലും സിനിമക്കാരനായാലും മുക്തിനേടുക അത്ര എളുപ്പമായിരുന്നില്ല. അതൊരു തരം മൂശയായിരുന്നു. അതില്‍ എന്ത് ഉരുക്കിയൊഴിച്ചാലും ഒരേ രൂപങ്ങള്‍ പുറത്തുവരും . അതാണ് 'അമ്മ അറിയാന്‍' എന്ന സിനിമയിലും സംഭവിച്ചത്. 'കബനീനദി ചുവന്നപ്പോള്‍' എന്ന ചിത്രം കഠിനമായ ശസ്ത്രക്രിയകള്‍ക്കുശേഷവും നല്കിയതിനു സമാനമായ സംവേദനം അക്കാലത്തുപോലും 'അമ്മ അറിയാന്‍' നല്കുകയുണ്ടായിട്ടില്ലെന്ന് ഇന്ന് തിരിച്ചറിയാനാവും.
ആദാമിന്റെ വാരിയെല്ല്
എന്നാല്‍ ആ ഘടനക്കകത്തു നിന്നുകൊണ്ടുള്ള ചില കുതറലുകള്‍ ജോണ്‍ അബ്രഹാം നടത്തുന്നുണ്ട്. റിയലിസ്റ്റിക്ക് രീതിയോടടുത്തു നില്‍ക്കുന്ന ആഖ്യാനത്തില്‍ ചരിത്രവും കവിതയും സമകാല രാഷ്ട്രീയ സംഭവങ്ങളും യഥാര്‍ത്ഥ വസ്തുതകളും കടന്നു വരുന്നുണ്ട്. ഇത് സിനിമയെ ഒരു ഡോക്യുമെന്ററിയോടടുപ്പിക്കുന്നുമുണ്ട്. സിനിമയുടെ അവസാനത്തില്‍ അതേ ചിത്രം കണ്ടിറങ്ങുന്നവരെ കാണിച്ചുകൊണ്ട്. ഇതൊരു സിനിമയാണെന്ന ബോധം ഊട്ടിയുറപ്പിക്കാനും ശ്രമമുണ്ട്. ഈയൊരാഖ്യാന തന്ത്രം 'ആദാമിന്റെ വാരിയെല്ല് (1983) എന്ന ചിത്രത്തില്‍ കെ. ജി. ജോര്‍ജ്ജ് മറ്റൊരു വിധത്തില്‍ അവതരിപ്പിച്ചിരുന്നു.
ഇതേ യാഥാര്‍ത്ഥ്യ സ്വഭാവം സിനിമയില്‍ കടന്നു വരുന്ന സ്ഥലനാമങ്ങള്‍ക്കുമുണ്ട്. അത് ഒരേ സമയം കേരളത്തെ ആകെയും അതോടൊപ്പം അതത് സ്ഥലങ്ങളെ അവയുടെ തത്സ്വഭാവത്തോടെയും വെളിപ്പെടുത്തുന്നു. വയനാട്ടില്‍ തുടങ്ങി എറണാകുളത്തവസാനിക്കുന്ന ഒരു യാത്രയാണ്  സിനിമ സഞ്ചരിച്ചെത്തുന്ന ഭൂപ്രദേശം. ഓരോസ്ഥലങ്ങളും പ്രത്യേക രീതിയില്‍ കേരള ചരിത്രത്തിന്റെ പ്രതിനിധാനങ്ങളാണ്. വയനാട് അതിനു മുമ്പു തന്നെ പി. എ. ബക്കറിന്റെ കബനീ നദി ചുവന്നപ്പോള്‍ എന്ന സിനിമയോടെ രാഷ്ട്രീയ സിനിമയുടെ ഭൂമിശാസ്ത്ര പ്രദേശമായി സ്ഥാനപ്പെടുത്തപ്പെട്ടിരുന്നു. പാര്‍ശ്വവല്‍കൃതമായ ആ പ്രദേശം എങ്ങനെ മലയാളത്തിലെ രാഷ്ട്രീയ സിനിമകളുടെ ദേശമായി?മദ്ധ്യവര്‍ത്തി സിനിമകള്‍ക്ക്  ഭാരതപ്പുഴയും ഷൊര്‍ണ്ണൂരും പോലുള്ള ഒരു പ്രദേശമല്ല രാഷ്ട്രീയ സിനിമകള്‍ക്ക് വയനാട്. രാഷ്ട്രീയ സിനിമകളില്‍ സന്നിഹിതമായകലാപങ്ങളുടെ ദൃശ്യദേശമാണത്. അത്തരം സിനിമകള്‍ ഉള്‍ക്കൊള്ളുന്ന പ്രമേയവും അതിന്റെ ഭൂമിശാസ്ത്രവും തമ്മിലുള്ള പാരസ്പര്യമാണ് വയനാടും സിനിമയും തമ്മിലുള്ളത്. (പുതിയ കാലത്തിന്റെ സമരങ്ങളില്‍ പലതിനും വഴികാട്ടിയാവുന്നത് വയനാടാണെന്നത് മറന്നുകൂടാ. തിരുനെല്ലി, മുത്തങ്ങ എന്നിവയൊന്നും വെറും സ്ഥലപ്പേരുള്‍ മാത്രമല്ല. പഴശ്ശി, വര്‍ഗ്ഗീസ് എന്നിവയൊന്നും സ്ഥലത്തില്‍ നിന്നടര്‍ത്തി മാറ്റാവുന്ന വ്യക്തി നാമങ്ങളുമല്ല) പില്‍ക്കാലത്ത് പുറത്തിറങ്ങിയ ‘മാര്‍ഗ്ഗം‘ (രാജീവ് വിജയരാഘവന്‍) ‘തലപ്പാവ് ‘(മധുപാല്‍) തുടങ്ങിയ ചിത്രങ്ങളിലെല്ലാം വയനാട് കടന്നു വന്നു കൊണ്ടേയിരിക്കുന്നു.

അമ്മ അറിയാനുള്ള യാത്രയില്‍ തുടര്‍ന്നു വരുന്ന ബേപ്പൂര്‍, കുറ്റിപ്പുറം പാലം, കൊടുങ്ങല്ലൂര്‍, വൈപ്പിന്‍ തുടങ്ങിയ സ്ഥലങ്ങളൊക്കെ വയനാട്ടില്‍ നിന്ന് തുടങ്ങുന്ന ഒരു ചരിത്രാംശത്തെ പൂരിപ്പിക്കുന്നതാണ്. അത് കേരളത്തിന്റെ അറിയപ്പെടുന്ന കാലങ്ങളേയും ചരിത്രങ്ങളേയും ഉള്ളില്‍ വഹിക്കുന്നു.

സാങ്കേതികതയുടെ സാധ്യതയും പരിമിതികളും.

സാങ്കേതികമായ പോരായ്മകള്‍ ജോണ്‍ അബ്രഹാമിന്റെ ചിത്രങ്ങളുടെ സ്ഥിരം പരിമിതികളായിരുന്നുവെന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ആദര്‍ശവല്‍ക്കരിക്കപ്പെടുകയും സാങ്കേതികമായ പിന്നോക്കാവസ്ഥയാണതിന്റെ നേട്ടം എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ജോണ്‍ തന്റെ സിനിമയിലെ സാങ്കേതിക പരിമിതികളെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളുടെ വിനിമയപരമായ ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം ഒരഭിമുഖസംഭാഷണത്തില്‍ പറയുന്നുണ്ട്. ജോണ്‍ അബ്രഹാമിനെകുറിച്ചുള്ള ഡോക്യുമെന്ററി (എന്ന് സ്വന്തം ജോണ്‍) യുടെ സംവിധായകനായ സി. ശരത് ചന്ദ്രന്‍, ആര്‍. വി. രമണിയുമായുള്ള ഒരഭിമുഖത്തില്‍, ജോണ്‍ ചിത്രങ്ങളിലെ സാങ്കേതിക പിഴവുകളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ദൃശ്യവല്‍ക്കരിക്കപ്പെടുന്ന ആശയമാണ് സിനിമയെങ്കില്‍ സാങ്കേതികതയെ കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല എന്ന ചിലരുടെ അഭിപ്രയം അദ്ദേഹം അനുബന്ധമായി പറയുന്നുമുണ്ട്. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളുടെ നിരൂപണത്തില്‍ നീലന്‍ (ദൃശ്യകല, ജൂലൈ 1980) ഇക്കാര്യങ്ങള്‍ അക്കാലത്തുതന്നെ സൂചിപ്പിച്ചിട്ടുമുണ്ട്.

സാങ്കേതികത മാത്രമല്ല സിനിമയെങ്കിലും അതിന്റെ ആത്യന്തികമായ നിലനില്പ് സാങ്കേതികതയിലൂന്നിത്തന്നെയാണ്. ഗ്രിഫിത്തിന്റെ കാലത്തിനു മുമ്പേ തുടങ്ങിയ പരീക്ഷണങ്ങളിലേറെയും സാങ്കേതികതയിലൂന്നിയായിരുന്നു. പ്രൊജക്ടര്‍ ഉപയോഗിച്ച് ഒരു സ്‌ക്രീനില്‍ ചിത്രം പതിപ്പിക്കാന്‍ കഴിഞ്ഞതാണ് ഒരു സംഘകലയായി അതിനെ മാറ്റിയ പ്രധാന ഘടകം. അതുവരെയും ഒരാള്‍ക്കു മാത്രം ഒരു സമയത്ത് കാണാന്‍ കഴിഞ്ഞിരുന്ന സിനിമ നിരവധി പേര്‍ക്ക് ഒരേ സമയം കാണാമെന്നായി. അതാണ് സിനിമ എന്ന വ്യവസായത്തിന്റെയും ആരംഭം.
അഗ്രഹാരത്തില്‍ കഴുത
(എന്നാല്‍ ഇന്ന് ഓരോരുത്തരായി സിനിമ കാണുന്ന പഴയ കാലത്തേക്ക് അത് തിരിച്ചു പോയിരിക്കുന്നു. സാങ്കേതികതയുടെ വികസനം തന്നെയാണ് കമ്പ്യൂട്ടറിനു മുന്നിലിരുന്ന് സിനിമ കാണാവുന്ന പുതിയ കാലത്തെയും സൃഷ്ടിച്ചത്. )

മലയാള സിനിമ സാങ്കേതികമായ പുത്തനറിവുകളോട് അത്രയേറെ ആഭിമുഖ്യം കാണിച്ചിട്ടില്ല. തമിഴിലോ, ഹിന്ദിയിലോ പുറത്തിറങ്ങുന്ന സിനിമകളുടെ സാങ്കേതികത്തികവോ ആ രംഗത്തെ പരീക്ഷണങ്ങളോ മലയാള സിനിമക്ക് അന്യമാണ്. എങ്കിലും ഇന്ത്യയിലെ ആദ്യത്തെ 3ഡി സിനിമയായ ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍ ‘(1984) മലയാളത്തിലാണുണ്ടായത്. എന്നാല്‍ അത്തരം പരീക്ഷണങ്ങളൊന്നും പിന്നീടുണ്ടായില്ല. നിറമുള്ള സിനിമകളുടെ കാലത്തും ബ്ലാക്ക് &വൈറ്റിന്റെ കലാമേന്മകളെക്കുറിച്ച് ഊറ്റം കൊള്ളുന്നതിലായിരുന്നു താല്പര്യം. 'അമ്മ അറിയാന്‍' പുറത്തിറങ്ങുന്ന കാലത്ത് മലയാളത്തില്‍ കളര്‍ ചിത്രങ്ങള്‍ വ്യാപകമായിരുന്നു എന്നു നാം ഓര്‍ക്കണം. ഒരു പക്ഷെ മൂലധനപരമായ പ്രതിസന്ധിയെ മറികടക്കുന്നതിനുവേണ്ടിയാണ് ബ്ലാക്ക്&വൈറ്റ് ഫിലിം ഉപയോഗിച്ചതെന്നു വന്നാല്‍ തന്നെയും മറ്റു വിധത്തില്‍ നിര്‍മ്മാണച്ചെലവ് കുറഞ്ഞ സിനിമയായിരുന്നു അത്. നിലമ്പൂര്‍ ബാലനൊഴിച്ച് പേരുകേട്ട നടീനടന്മാരാരും ആ സിനിമയിലില്ല. ജനകീയ സിനിമ/രാഷ്ട്രീയ സിനിമ കറുപ്പിലും, വെളുപ്പിലുമായിരിക്കണമെന്ന ഒരു കാലത്തിന്റെ ശാഠ്യങ്ങള്‍ക്കൊപ്പം ജോണ്‍ അബ്രഹാമും സഞ്ചരിച്ചതായിരിക്കണം. സാങ്കേതികയെ സംബന്ധിച്ച് ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ലഭ്യമായ സാങ്കേതികതകളുടെ പരിമിതികള്‍ക്കകത്തേ ഏതു കലാപ്രവര്‍ത്തനവും സാധ്യമാവുകയുള്ളൂ. അക്കാരണത്താല്‍ ഇന്നൊരാള്‍ ബ്ലാക്ക്&വൈറ്റ് ചിത്രമെടുക്കണമെന്നു തീരുമാനിച്ചാലും ഫിലിമിന്റെ അഭാവം അയാളുടെ കലാപ്രവര്‍ത്തനത്തെ അസാധ്യമാക്കും. സാങ്കേതികതയുടെ പഴമ സമം കലാമേന്മ എന്നൊരു സിദ്ധാന്തം സാങ്കേതികതക്ക് വലിയ പ്രധാന്യമുള്ള സിനിമ എന്ന കലാരൂപത്തില്‍ ആര്‍ക്കും മുന്നോട്ടുവക്കാനാവില്ല. സാങ്കേതികതയുടെ വികാസം തന്നെയാണ് കലാപരമായ മേന്മക്കും കാരണമാകുന്നത്. സാങ്കേതികതയുടെ പരിമിതികളോ, അതിലെ പിഴവുകളോ ഒരു സിനിമയെ മികച്ചതാക്കുന്നില്ലെന്നതിന്റെ ഉദാഹരണം കൂടിയായി 'അമ്മ അറിയാന്‍' എന്ന സിനിമയെ കാണാം.

അഗ്രഹാരത്തില്‍ കഴുത, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, എന്നീ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാങ്കേതികതക്കപ്പുറം ചിത്രത്തിന്റെ ഘടനയിലും അമ്മ അറിയാന്‍ ഏറെ ശിഥിലമാണ്. ഇത് മറ്റൊരു വിധത്തില്‍ ആര്‍. നന്ദകുമാറുമായുള്ള അഭിമുഖത്തില്‍ ജോണ്‍ തന്നെ പറയുന്നുണ്ട്. (ഇതാ ജോണ്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2008 ഫെബ്രുവരി 24- മാര്‍ച്ച് 1) തന്റെ മറ്റു രണ്ടു ചിത്രങ്ങളില്‍ ‘റിജിഡ് ‘അല്ലാത്ത ഷൂട്ടിങ്ങ് രീതിയാണവംലംബിച്ചതെന്നും ‘അമ്മ അറിയാന്‍‘ അതില്‍ നിന്ന് വ്യത്യസ്തമാണെന്നുമാണ് ജോണ്‍ പറഞ്ഞത്. ‘അമ്മ അറിയാന്‍‘ ബോധപൂര്‍വ്വം ധാരാളം റഫറന്‍സുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സിനിമയാണ്. ആദ്യ സിനിമകള്‍ കലാ പ്രവര്‍ത്തനവും അവസാന സിനിമ നിര്‍മ്മിതിയുമായിത്തീര്‍ന്നു എന്നു ചുരുക്കം.

ജനകീയമായ ഉള്ളടക്കമുള്ള സിനിമയെന്ന് രേഖപ്പെടുത്തപ്പെട്ട 'അമ്മ അറിയാന്‍' ആത്യന്തികമായി സംസാരിച്ചത് ആരോടായിരുന്നു? മധ്യവര്‍ഗ്ഗത്തിന്റെ വിഹ്വലതകളായിരുന്നു ആഖ്യാനങ്ങളുടെ അടിസ്ഥാനമായി വര്‍ത്തിച്ചത്. മധ്യ വര്‍ഗ്ഗത്തിന്റെ രീതികളും ഉപകരണങ്ങളും കൊണ്ടു തന്നെയാണ് ആഖ്യാനം നിര്‍വ്വഹിക്കപ്പെട്ടതും. ഇംഗ്ലീഷ് ഭാഷയുടെ ആവശ്യത്തില്‍ കവിഞ്ഞ ഉപയോഗം, ഇടയ്ക്കിടെയുള്ള കവിതാശകലങ്ങള്‍, അതീവകൃത്രിമത്വം നിറഞ്ഞ സംഭാഷണങ്ങള്‍ തുടങ്ങി ആധുനികതയുടെ എല്ലാ അവശതകളെയും അത് നിര്‍മ്മാണ സാമഗ്രികളായി തെരഞ്ഞെടുത്തു.

തിരിച്ചറിയപ്പെടാതെ പോയത്.

ഇറക്കിക്കിടത്തിയ ഹരിയുടെ ശവശരീരം കണ്ട് സുഹൃത്ത് പറയുന്നുണ്ട്, എനിക്ക് പരിചയമുള്ള മുഖമാണ്, എന്നാല്‍ തിരിച്ചറിയാന്‍ പറ്റുന്നില്ല എന്ന്. പിന്നീട് നിരവധി ആളുകളിലൂടെയാണ് ആ തിരിച്ചറിയല്‍ പൂര്‍ണ്ണമാവുന്നത്. ഹരിയുടെ മരണ വിവരം അവന്റെ അമ്മയോട് പറയാനുള്ള യാത്രയില്‍ അവര്‍ നിരവധി സുഹൃത്തുക്കളുടെ വീടുകളില്‍ കയറുന്നുണ്ട്. എല്ലാ സ്ഥലത്തും അമ്മമാരോട് ഹരിയുടെ ആത്മഹത്യാ വിവരം പറയുന്നു. എല്ലാവരും അമ്മമാരോട് യാത്ര പറഞ്ഞ് അവരോടൊപ്പം ചേരുന്നു.


‘പുറപ്പെട്ടു പോകുന്ന ഉണ്ണി‘ എന്ന സങ്കല്പം അതിനുമുമ്പേ മലയാള കവിതയില്‍ സ്ഥാനം നേടിയിരുന്നു. ഡി. വിനയ ചന്ദ്രന്റെ ‘യാത്രപ്പാട്ട് ‘ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘യാത്രാമൊഴി‘ എന്നീ കവിതകള്‍ അക്കാലത്ത് കേരളീയ സംസ്‌ക്കാരികാന്തരീക്ഷത്തില്‍ വീടുവിട്ടിറങ്ങിപ്പോകുന്നവരുടെ ഗാഥകളായിരുന്നു. വീടിന്റെ സമൃദ്ധികളില്‍ നിന്നും ലാളനകളില്‍ നിന്നും അവര്‍ ലോകത്തിന്റെ ദുരിതങ്ങളിലേക്ക് പോവുകയായിരുന്നു. പാപപരിഹാരാര്‍ത്ഥം വീടുവിട്ടിറങ്ങിയ സിദ്ധാര്‍ത്ഥ രാജകുമാരന്റെ പരിവേഷം അവര്‍ക്കു കിട്ടി. 'മാപ്പുസാക്ഷി' എന്ന കവിതയിലെത്തുമ്പോള്‍ ‘ആത്മഹത്യക്കും കൊലക്കുമിടയിലൂടാര്‍ത്ത നാദം പോലെ പായുന്ന ജീവിതം‘ എന്ന് തന്റെ നിസ്സഹായാവസ്ഥയെ കൂടുതല്‍ സത്യസന്ധതയോടെ വെളിപ്പെടുത്താന്‍ കവിതക്ക് സാധ്യമായി. മലയാളയൗവനത്തിന്റെ ഈ സങ്കീര്‍ണ്ണ മനസ്സിനെ ‘പോക്കുവെയില്‍‘ എന്ന പേരില്‍ അരവിന്ദന്‍ 1981 ല്‍ സിനിമയാക്കുകയും ചെയ്തു.

വീടുവിട്ടിറങ്ങിപ്പോകുന്ന ഉണ്ണികളുടെ അമ്മമാരെയാണ് 'അമ്മ അറിയാനില്‍' നാം കാണുന്നത്. അവരിലേറെയും നിസ്സഹായരുമാണ്. അമ്മയെ വിപ്ലവ പ്രസ്ഥാനത്തിന്റെ മുന്നണിയിലേക്കു നീക്കി നിര്‍ത്തുന്ന രണ്ടു കൃതികള്‍ റിയലിസ്റ്റു സാഹിത്യ പ്രസ്ഥാനത്തിന്റെ ബാക്കി പത്രമായി നമ്മുടെ മുന്നിലുണ്ട്. മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ്'യും ചെറുകാടിന്റെ 'മുത്തശ്ശി'യുമാണവ. രണ്ടു നോവലുകളിലും തങ്ങളുടെ യാഥാസ്ഥിതിക കുടുംബ സാമൂഹ്യ പശ്ചാത്തലത്തെ മുറിച്ചു കടന്നു കൊണ്ടാണ് ആ അമ്മമാര്‍ പ്രസ്ഥാനങ്ങള്‍ക്കൊപ്പമെത്തുന്നത്. കുടുംബത്തിലേക്കും അമ്മമാരിലേക്കും രാഷ്ട്രീയം ചെന്നെത്തുക എന്നത് അത്ര ലളിതമായ കാര്യമല്ലെന്ന് എല്ലാ സങ്കീര്‍ണ്ണതകളോടെയും ബോദ്ധ്യപ്പെടുത്തുന്ന നോവലുകളാണവ.

ചിത്രത്തിന്റെ അവസാനത്തില്‍ ഹരിയുടെ കൂട്ടുകാരോട് സംസാരിച്ചുകൊണ്ടു നില്ക്കുന്ന അമ്മയെ കാണുന്നു. ഹരിയുടെ കൂട്ടുകാരോ അമ്മയോ സ്വയം തിരിച്ചറിയപ്പെടാന്‍ ഹരി ഒരു കാരണമായോ എന്ന് സിനിമ പറയുന്നില്ല. ഒരു കാലത്തിന്റെ മരണ വൃത്താന്തമാണ് അറിഞ്ഞോ അറിയാതെയോ അവര്‍ അമ്മയെ അറിയിക്കുന്നത്. വിപ്ലവകാരിയുടെ മനസ്സും അരാജകവാദിയുടെ ശരീരവും (തിരിച്ചും) കൊണ്ടു നടന്ന ആധുനികതയുടെ ശരീരം തന്നെയാണ് തങ്ങള്‍ തിരിച്ചറിയപ്പെടാതെ കിടന്നതെന്ന് അവര്‍ക്ക് മനസ്സിലായിക്കാണുമോ എന്തോ. ഏറെക്കഴിയും മുമ്പ് മലയാളത്തിലെ (സാഹിത്യ) ആധുനികത അരങ്ങൊഴിഞ്ഞു. ജോണ്‍ ശരീരവുമൊഴിഞ്ഞു. പുതിയ ലോകക്രമത്തിന്റെ വരവായി.

വി. മുസഫര്‍ അഹമ്മദ് എഴുതിയ പോലെ 16 എം. എം. സിനിമകളും പ്രൊജക്ടറുകളും ജീവിതത്തെ നിര്‍ണ്ണയിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത നാളുകളായിരുന്നു അത്( ‘വീട്ടുസിനിമകള്‍‘, മാതൃഭൂമി 2008 ജൂണ്‍ 1-7). 'അമ്മ അറിയാ' ന്റെ അവസാന സീനില്‍ ആളുകളൊഴിഞ്ഞു പോയിട്ടും കറങ്ങികൊണ്ടിരിക്കുന്ന പ്രൊജക്ടറിന്റെ ശബ്ദം കുറേ നേരം കൂടി കേള്‍ക്കാം, ദൃശ്യങ്ങളേതുമില്ലാതെ. പിന്നെ മെല്ലെ മെല്ലെ അതും നിലച്ചു. ആകെ ഇരുട്ടായി.
(സമകാലിക മലയാളം വാരിക,2011 ജൂലൈ8 :http://www.malayalamvarikha.com/2011/July/08/essay8.pdf )

Sunday, June 26, 2011

ഹോളിവുഡിന്റെ നൂറ്റാണ്ട്

ഹോളിവുഡ് എന്നത് സിനിമയുടെ ആകെ പര്യായപദമായിട്ടാണ് കണക്കാക്കി വരുന്നത്. അത് ഒരേ സമയം അമേരിക്കയിലെ ഒരു പട്ടണത്തിന്റെ പേരും അവിടെയും അമേരിക്കയിലാകെയും നിര്‍മ്മിക്കുന്ന സിനിമകളെ മൊത്തത്തില്‍ സൂചിപ്പിക്കാനുപയോഗിക്കുന്ന പേരുമാണ്. സിനിമയുടെ ചില പൊതുസ്വഭാവങ്ങളെ വിവരിക്കുന്നതിനും ആ പദം ഉപയോഗിക്കുന്നുണ്ട്. കച്ചവടമൂല്യം, പണാധിപത്യം, സെക്‌സ്, വയലന്‍സ്, സാങ്കേതികയുടെ വികാസം തുടങ്ങി നിരവധി പ്രവണതകള്‍ ഹോളിവുഡ് സിനിമയുടെ സവിശേഷതകളായി വ്യവഹരിച്ചു വരുന്നു. ഒരു സാംസ്‌ക്കാരിക ഏകത്വം (cultural identity) എന്ന നിലയും ഹോളിവുഡ് കൈ വരിച്ചിട്ടുണ്ട്. ഇത്തരമൊരു സാംസ്‌ക്കാരിക ഏകത്വത്തെ പ്രതിനിധാനം ചെയ്യുന്ന സിനിമകളെല്ലാം ഹോളിവുഡ് സിനിമകളുടെ ധാരയില്‍ വരുന്നതുമാണ്.

സിനിമയുടെ തുടക്കവും വികാസവും ആരംഭിക്കുന്നത് അമേരിക്കയില്‍ നിന്നും ഹോളിവുഡില്‍ നിന്നുമാണെങ്കിലും സിനിമാചരിത്രത്തില്‍ ഏറെ മികച്ച ചിത്രങ്ങള്‍ സംഭാവന ചെയ്ത പ്രദേശങ്ങളല്ല അവ. തോമസ് എഡിസണ്‍ 1893ല്‍ പേറ്റന്റ് നേടിയ 'കൈനറ്റോഗ്രാഫ്' എന്ന ഉപകരണത്തിലൂടെയാണ് ചലിക്കുന്ന ചിത്രങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. 1894ല്‍ അദ്ദേഹം തന്നെ വികസിപ്പിച്ചെടുത്ത കൈനറ്റോസ്‌ക്കോപ്പിലൂടെ ഒരു പ്രേക്ഷകന് തുടര്‍ച്ചയായി ഓടുന്ന ചിത്രം കാണാം എന്ന നിലവന്നു. ആ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ആദ്യത്തെ കൈനറ്റോസ്‌ക്കോപ്പ് പാര്‍ലര്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ചു. അതോടെ സിനിമ എന്ന വ്യവസായവും ആരംഭിക്കുകയായിരുന്നു. 1908 ആയപ്പോഴേക്കും 8000 മൂവിതിയേറ്ററുകള്‍ അമേരിക്കയിലുണ്ടായി. ആദ്യ 10 വര്‍ഷങ്ങള്‍ സിനിമ എന്ന പുതിയ കലാരൂപത്തില്‍ സാങ്കേതിക വികാസത്തിന്റെ കാലമായിരുന്നു. നിരവധി പരീക്ഷണങ്ങളിലൂടെ സിനിമകള്‍ സ്‌ക്രീനിലേക്ക് പ്രദര്‍ശിപ്പിക്കാവുന്ന നിലയിലെത്തി. അത് വെറുമൊരു സാങ്കേതിക വികാസം മാത്രമായിരുന്നില്ല. നിരവധി ആളുകള്‍ക്ക് ഒരുമിച്ചിരുന്ന് ഒരേസമയം സിനിമ കാണാന്‍ സാധിച്ചു. ഇതാണ് സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തില്‍ വലിയൊരു വിപ്ലവമായത്. ഇതേ തുടര്‍ന്ന് 15 മിനുട്ട് ദൈര്‍ഘ്യമുള്ള ഒറ്റ റീല്‍ പടങ്ങള്‍ ധാരാളമായി നിര്‍മ്മിക്കപ്പെട്ടു. സിനിമയുടെ ഈ വളര്‍ച്ചാഘട്ടത്തെ പരിപൂര്‍ണ്ണമാക്കുന്നതില്‍ ഹോളിവുഡ് അതിന്റെതായ പങ്കുവഹിച്ചു. പിന്നീട് സിനിമ എന്നാല്‍ ഹോളിവുഡ് തന്നെയായിമാറുകയായിരുന്നു.

ഹോളിവുഡിന്റെ വികാസം

ഹോളിവുഡ് അമേരിക്കയിലെ ലോസാഞ്ചലസ് പട്ടണത്തിലെ ഒരു ചെറുപ്രദേശം മാത്രമായിരുന്നു, ഒരു നൂറ്റാണ്ടിനുമുമ്പ്. ഹോളിവുഡിന്റെ പിതാവെന്നറിയപ്പെടുന്ന എച്ച്.ജെ. വിറ്റ്‌ലേ(H.J.Whitley)യാണ് ഹോളിവുഡ് എന്ന പേര് പ്രചാരത്തിലാക്കുന്നതിന് മുഖ്യപങ്കുവഹിച്ചത്. അദ്ദേഹം ഇന്നത്തെ ഹോളിവുഡ് പ്രദേശത്തെ അഞ്ഞൂറോളം ഏക്കര്‍ ഭൂമിവാങ്ങുകയും, അതിനെ ഒരു ടൗണ്‍ഷിപ്പായി വികസിപ്പിക്കുന്നതിനുള്ള നടപടികളാരംഭിക്കുകയും ചെയ്തു. 1886ല്‍ വിറ്റ്‌ലേയും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്ന് തങ്ങളുടെ മധുവിധുക്കാലത്താണ് ഹോളിവുഡ് എന്ന് നാമകരണം നടത്തിയതെന്ന് ഒരുപക്ഷമുണ്ട്. 1887ല്‍ തന്റെ മതതത്വങ്ങളെ അടിസ്ഥാനമാക്കി ഒരു സമുദായം ദര്‍ശനം ചെയ്ത അടിമത്ത നിര്‍മ്മാര്‍ജ്ജനക്കാരനായ ഹൊറസ് വില്‍ കൊക്‌സാണ് (Harvey Henderson Wilcox)ഹോളിവുഡിന്റെ ഉപജ്ഞാതാവെന്നും അഭിപ്രായങ്ങളുണ്ട്. വില്‍ കൊക്‌സിന്റെ ഭാര്യ ദയിദ(Daeida Wilcox )യാണ് ഈ പേര് നിര്‍ദ്ദേശിച്ചതെന്നും പറയപ്പെടുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹോളിവുഡ് മികച്ചൊരു വാസകേന്ദ്രമായി വികസിച്ചു. 1900 ആകുന്നതോടെ പ്രസ്തുത പ്രദേശത്ത് ഒരു പോസ്റ്റ് ഓഫീസും ഹോട്ടലും മാര്‍ക്കറ്റും രൂപപ്പെട്ടു. പ്രധാന ഹോട്ടലായ ഹോളിവുഡ് ഹോട്ടലിന്റെ നിര്‍മ്മാണം 1902ല്‍ എച്ച്.ജെ.വിറ്റ്‌ലെയാണ് ഉദ്ഘാടനം ചെയ്തത്. ഭൂമികച്ചവടക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടി പണിചെയ്ത ഈ ഹോട്ടല്‍ അന്താരാഷ്ട്ര പ്രശസ്തി നേടുകയും ആ പ്രദേശത്തെ പൗരജീവിതത്തിന്റെ കേന്ദ്രമാവുകയും ചെയ്തു. ഹോളിവുഡ് പില്‍ക്കാലത്ത് സിനിമാനിര്‍മ്മാണ കേന്ദ്രമായപ്പോള്‍ വളരെക്കാലം താരങ്ങളുടെ വീടായി അത് നിലനിന്നു. ഹോളിവുഡിന്റെ എല്ലാ വിധത്തിലുമുള്ള വികസനം ലക്ഷ്യമാക്കി വൈദ്യുതികരണം, റോഡ് നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ക്കായി വന്‍തുകയാണ് വിറ്റ്‌ലെ ചെലവഴിച്ചത്. 1903ല്‍ ഹോളിവുഡ് ഒരു മുനിസിപ്പാലിറ്റിയായി മാറി. 'മരുന്ന് 'എന്ന നിലക്കല്ലാതെ പ്രസ്തുതപ്രദേശത്ത് മദ്യത്തിന്റെ വില്പന നടത്തുന്നത് നിരോധിക്കാന്‍ 1904ല്‍ ജനങ്ങള്‍ വേട്ടെടുപ്പിലൂടെ തീരുമാനിക്കുകയുണ്ടായി. മതപരവും ധാര്‍മ്മികവുമായ ജീവിതം നയിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കണമെന്ന വില്‍കൊക്‌സിന്റെ ആഗ്രഹമാവാം ഇത്തരമൊരു തീരുമാനമെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചിരിക്കുക. ജലദൗര്‍ലഭ്യമായിരുന്നു ഹോളിവുഡ് നേരിട്ട പ്രധാന പ്രതിസന്ധികളിലൊന്ന്. ഇതിനെ നേരിടാനായി ലോസാഞ്ചലസ് പട്ടണത്തിന്റെ ഭാഗമായിമാറാന്‍ 1910ല്‍ തീരുമാനിക്കപ്പെട്ടു.

ഹോളിവുഡും സിനിമയും

ഹോളിവുഡ് പട്ടണം അതിവേഗം രൂപാന്തരപ്പെടുന്നതിനു സമാന്തരമായാണ് സിനിമയുടെ സാങ്കേതികവികാസവും സംഭവിച്ചത്. അക്കാലത്തെ സിനിമാനിര്‍മ്മാണങ്ങളിലേറെയും അതിശക്തമായ കൃത്രിമപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നടന്നിരുന്നത്. ഇത് പലപ്പോഴും നടീനടന്മാര്‍ക്ക് ശാരീരിക അവശതകള്‍ക്ക് കാരണമായിരുന്നു. ശക്തമായ പ്രകാശം പലരുടെയും ശരീരത്തില്‍ പൊള്ളലുകളുണ്ടാക്കി. മറ്റൊരുസാദ്ധ്യത നല്ല സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ ഷൂട്ടിംഗ് നടത്തുക എന്നതായിരുന്നു. അത് എല്ലായ്‌പ്പോഴും സാദ്ധ്യമായിരുന്നില്ല. ഹോളിവുഡിന്റെ ഒരു പ്രധാന സവിശേഷത കൊല്ലത്തില്‍ 320 ദിവസം ലഭ്യമാവുന്ന സൂര്യപ്രകാശമാണ്. ഇത് സിനിമാ നിര്‍മ്മാതാക്കളെ ഹോളിവുഡിലേക്കാകര്‍ഷിച്ച ഒരു ഘടകമായിരുന്നു. മിതമായ കൂലിച്ചെലവ്, മാര്‍ക്കറ്റ്, 50 മൈല്‍ പ്രദേശത്തിനകത്ത് മരുഭൂമി മുതല്‍ മലകള്‍ വരെയുള്ള ഭൂഘടന എന്നിവയും സിനിമാനിര്‍മ്മാണത്തിനുള്ള ഉത്തമപ്രദേശമായി ഹോളിവുഡിനെ മാറ്റി.
ലോസാഞ്ചലസ് പ്രദേശത്ത് നിലനിന്നിരുന്ന സിനിമാനിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്  ആദ്യഘട്ടത്തില്‍ ഹോളിവുഡിലേക്ക് വ്യാപിച്ചത്. വിഖ്യാത ചലചിത്രകാരന്‍ ഡി.ഡബ്ല്യു. ഗ്രിഫ്ത്താണ് (D.W.Griffith) ഹോളിവുഡില്‍ ആദ്യത്തെ ചലചിത്രം നിര്‍മ്മിക്കുന്നത്. ബയോഗ്രാഫ് ഫിലിം കമ്പനിക്കുവേണ്ടി ഒരു ചിത്രം നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ലൊക്കേഷന്‍ തേടിയുള്ള അന്വേഷണങ്ങളാണ് ഗ്രിഫ്ത്തിനെ ഹോളിവുഡിലെത്തിച്ചത്. ഇന്‍ ഓള്‍ഡ് കാലിഫോര്‍ണിയ(In Old California) എന്ന പ്രസ്തുത ചിത്രം 1910 മാര്‍ച്ച് 10നാണ് പുറത്തുവന്നത്. എന്നാല്‍ ഒരു ഹോളിവുഡ് സ്റ്റൂഡിയോ (നെസ്റ്റര്‍ മോഷന്‍ പിക്‌ചേഴ്‌സ് കമ്പനി) നിര്‍മ്മിച്ച ആദ്യചിത്രം 1911ലാണ് പുറത്തുവന്നത്. ഇതൊക്കെയാണെങ്കിലും പരിപൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ആദ്യത്തെ ഹോളിവുഡ് ചിത്രമായി പരിഗണിക്കുന്നത് സെസില്‍ ബി ഡെമിലിന്റെ(Cecil B. DeMille) 'ദ് സ്‌കോമാന്‍'(The Squaw Man/1914) ആണ്.1911ല്‍ ന്യൂയോര്‍ക്കിനു താഴെ രണ്ടാം സ്ഥാനത്തായിരുന്ന ഹോളിവുഡ് 1915 ആവുമ്പോഴേക്കും ഭൂരിഭാഗം ചിത്രങ്ങളും നിര്‍മ്മിക്കുന്ന സ്ഥിതിയിലെത്തിയിരുന്നു. അപ്പോഴേക്കും 15,000 പേര്‍ക്ക് ജോലിനല്‍കാന്‍ കഴിയുന്ന വ്യവസായമായി ഹോളിവുഡിലെ സിനിമ വളര്‍ന്നു കഴിഞ്ഞിരുന്നു. മൂലധനനിക്ഷേപം 500 മില്യണ്‍ ഡോളര്‍ കവിഞ്ഞു. ഈയൊരു സാഹചര്യത്തില്‍ വില്‍കോക്‌സ് ദര്‍ശനം ചെയ്ത മതപരവും ധാര്‍മ്മികവുമായ സമൂഹം അപ്രസക്തമാവുകയായിരുന്നു.
തുടര്‍ന്നങ്ങോട്ട് ഹോളിവുഡിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. നിരവധി നിര്‍മ്മാണകമ്പനികള്‍ ഹോളിവുഡില്‍ ആസ്ഥാനമുറപ്പിച്ചു. പാരമൗണ്ട്, വാര്‍ണര്‍ ബ്രദേഴ്‌സ്, കൊളമ്പിയ തുടങ്ങിയ പ്രധാന നിര്‍മ്മാണകമ്പനികളെല്ലാം ഹോളിവുഡില്‍ സ്റ്റൂഡിയോകള്‍ സ്ഥാപിച്ചു. 1920കളോടെ അമേരിക്കന്‍ സിനിമാവ്യവസായത്തിന്റെ പ്രധാന കേന്ദ്രമായി ഹോളിവുഡ് മാറി. തുടര്‍ന്ന് 1940കള്‍ വരെ ഹോളിവുഡില്‍ സിനിമകളുടെ വസന്തകാലമായിരുന്നു. അമേരിക്കന്‍ സിനിമയെ പൊതുവായി 3 ഘട്ടങ്ങളായി വിഭജിക്കുകയാണെങ്കില്‍ അവയെ നിശ്ശബ്ദസിനിമാഘട്ടം, ക്ലാസ്സിക്കല്‍ ഹോളിവുഡ് സിനിമ, ന്യൂ ഹോളിവുഡ് സിനിമ എന്നു പേരിടാം. ഇതില്‍ ന്യൂഹോളിവുഡ് സിനിമയുടെ ഘട്ടത്തെ പ്രതിനിധീകരിക്കുന്നവരാണ് സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ്, റോമാന്‍ പൊളാന്‍സ്‌കി തുടങ്ങിയ സംവിധായകര്‍.
1947ല്‍ ഹോളിവുഡില്‍ ആദ്യത്തെ വാണിജ്യടെലിവിഷന്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്നങ്ങോട്ട് സിനിമകള്‍ക്കൊപ്പം ടെലിവിഷന്‍ പരിപാടികളുടെ ചിത്രീകരണത്തിന്റെയും കേന്ദ്രം ഹോളിവുഡായിരുന്നു. ഒരു കാലത്ത് മിക്കവാറും എല്ലാ റേഡിയോ സ്റ്റേഷനുകളുടേയും ആസ്ഥാനവും ഹോളിവുഡ് തന്നെയായിരുന്നു.എന്നാല്‍ അവയെല്ലാം ഇന്ന് മറ്റുകേന്ദ്രങ്ങളിലാണ്പ്രവര്‍ത്തിക്കുന്നത്. ടെലിവിഷന്‍ സ്റ്റേഷനുകളും ഇപ്പോള്‍ ഹോളിവുഡിനു പുറത്തേക്ക് പ്രവര്‍ത്തനം മാറ്റിയിട്ടുണ്ട്.
ഹോളിവുഡ് സിനിമയുടെ ചരിത്രത്തില്‍ വാണിജ്യവിജയം നേടിയ നിരവധി ചിത്രങ്ങളുണ്ടായിട്ടുണ്ട്. അവയില്‍ പലതും പലകാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന വയുമാണ്. അതാതുകാലത്തെ മികച്ച സാങ്കേതിക ഈ ചിത്രങ്ങളിലൂടെ കണ്ടെത്തുന്നത് കൗതുകകരമായിരിക്കും. Gone with the wind(1939), star wars(1977), Titanic(1997), Avatar(2009) എന്നീ ചിത്രങ്ങള്‍ അവയില്‍ ചിലതാണ്.


ഹോളിവുഡും ഗ്രിഫിത്തും

ഹോളിവുഡ് സ്ഥാപിതമായിട്ട് നൂറിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അവിടെ സിനിമാനിര്‍മ്മാണമാരംഭിച്ചിട്ടും അതൊരു സിനിമാകേന്ദ്രമായിട്ടും നൂറുവര്‍ഷങ്ങളായി. എന്നിട്ടും ഹോളിവുഡ് സിനിമയുടെ ശതാബ്ദി എന്തുകൊണ്ട് ആഘോഷിക്കപ്പെടുന്നില്ല എന്ന വിമര്‍ശനം ചലച്ചിത്രലോകത്ത് ഉയരുന്നുണ്ട്. ഇത്തരം ചിന്തകള്‍ ആദ്യ ഹോളിവുഡ് ചിത്രമായ In old californiaസംവിധാനം ചെയ്ത ദി.ഡബ്ല്യു.ഗ്രിഫിത്തിലേക്കും നയിക്കാതിരിക്കില്ല. സിനിമക്ക് സ്വന്തമായ വ്യാകരണം കണ്ടെത്തിയ ചലചിത്രകാരനെന്നതാണ് ലോകസിനിമാഭൂപടത്തില്‍ ഗ്രിഫിത്തിന്റെ സ്ഥാനം. ''നിങ്ങളിപ്പോള്‍ കാണുന്ന ഓരോചിത്രത്തിലും ഗ്രിഫിത്ത് തുടക്കം കുറിച്ച എന്തെങ്കിലുമുണ്ട്.'' എന്ന് പ്രശസ്ത ഹോളിവുഡ് സംവിധായകനായ ഹിച്ച് കോക്കിനെ കൊണ്ട് പറയിച്ച വിധത്തിലുള്ള പ്രസക്തി സിനിമാചരിത്രത്തില്‍ അദ്ദേഹത്തിനുണ്ട്. മൂവിചിത്രങ്ങളുടെ വ്യാകരണം ഗ്രിഫിത്തില്‍ നിന്നാണ് തുടങ്ങുന്നതെന്നു പറയാം. മൊണ്ടാഷ് തുടങ്ങിയ ചലച്ചിത്രസാങ്കേതങ്ങളുടെ ഉപജ്ഞാതാവായ സെര്‍ഗി ഐസന്‍സ്റ്റീനും ഗ്രിഫിത്തിനാല്‍ സ്വാധീനിക്കപ്പെട്ടവരാണ്. ഹോളിവുഡില്‍ ചിത്രീകരിക്കപ്പെട്ടുവെങ്കിലും, അതിന്റെ വ്യാപാരതാല്പര്യങ്ങള്‍ക്കപ്പുറത്താണ് ഗ്രിഫിത്തിന്റെ സിനിമകള്‍ സ്ഥിതി ചെയ്യുന്നത്.

1910ല്‍ ആദ്യത്തെ ഹോളിവുഡ് സിനിമയും അതേവര്‍ഷം തന്നെ രണ്ടാമത്തെ സിനിമയും(റമോണ) ഗ്രിഫിത്തിന്റെ സംവിധാനത്തില്‍ നിര്‍മ്മിക്കപ്പെട്ടുവെങ്കിലും, ഹോളിവുഡിന്റെ ശതാബ്ദി ഗ്രിഫിത്തില്‍ നിന്ന് ആരംഭിക്കാന്‍ തയ്യാറായിട്ടില്ല. അമേരിക്കന്‍ ഐക്യനാടുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയവും വംശീയവുമായ  കാരണങ്ങള്‍ ഗ്രിഫിത്തിനെ മാറ്റി നിര്‍ത്താന്‍ കാരണമായിട്ടുണ്ടാവാം. ഗ്രിഫിത്തിന്റെ വിഖ്യാതചിത്രമായThe birth of a nation(1915) വ്യാപകമായ പ്രദര്‍ശനവിജയം നേടിയെങ്കിലും അതിനെതിരായ പ്രതിഷേധങ്ങളും അത്രതന്നെ ശക്തമായിരുന്നു.'ഇടിമിന്നല്‍ കൊണ്ട്  ചരിത്രമെഴുതിയ പോലെ' എന്ന് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന വൂഡ്രോവില്‍സണ്‍ വിശേഷിപ്പിച്ച ഈ ചിത്രം (പിന്നീട് അദ്ദേഹം തന്നെ ഇത് മാറ്റിപ്പറഞ്ഞു) അമേരിക്കയില്‍ വ്യാപകമായ വംശീയകലാപങ്ങള്‍ക്ക് കാരണമായെന്നആരോപണം നിലനില്‍ക്കുന്നുണ്ട്. കറുത്തവര്‍ഗ്ഗക്കാരെ നിന്ദിക്കുന്ന ചിത്രമായി ഇത് വിലയിരുത്തപ്പെട്ടിട്ടുണ്ട്. വംശീയത അമേരിക്കന്‍ ജനത മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങളിലൊന്നാണ്. ഹോളിവുഡിന്റെ ജന്മശതാബ്ദിയിലൂടെ ഗ്രിഫിത്തും ഭൂതകാലവും വീണ്ടും ഓര്‍മ്മയിലെത്തുമെന്നും, അമേരിക്കന്‍ ജനത ഭയക്കുന്നുണ്ടാവണം.

Broken blossoms
സിനിമക്കുവേണ്ടി ഗ്രിഫിത്ത് നല്കിയ സംഭാവനകളെ രാഷ്ട്രീയകാരണങ്ങളാല്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും വിമര്‍ശനമുയരുന്നുണ്ട്. ഗ്രിഫിത്തിനു നേരെയുള്ള വ്യാപകമായ ആക്രമണം 1990കളില്‍ ആരംഭിച്ചതാണ്. The birth of a nationഎന്ന ചിത്രത്തിലെ ആശയത്തിന്റെ പേരില്‍ അദ്ദേഹിന്റെ മൊത്തം ചിത്രങ്ങളെ വിലയിരുത്തുന്ന പ്രവണത വ്യാപകമാണ്. 1916ല്‍ പുറത്തിറങ്ങിയ Intolerance എന്ന ചിത്രത്തിന്റെയോ Broken blossomsഎന്ന ചിത്രത്തിന്റെയോ ആശയങ്ങളെ ആരും പരിഗണിക്കുകയുണ്ടായില്ല. Broken blossomsഅക്കാലത്ത് വെള്ളക്കാരെ പ്രകോപിപ്പിച്ച വസ്തുതയും മറന്നു പോകുന്നു. ഒരു പക്ഷെ, ഗ്രിഫിത്തിലൂടെ പ്രകടിപ്പിക്കപ്പെട്ട ഏത് വംശീയതയേയും അപ്രസക്തമാക്കും വിധം ബറാക്ക് ഒബാമ എന്ന ഒരാള്‍ ഇന്ന് അമേരിക്കയുടെ പ്രസിഡണ്ടാണെന്ന വസ്തുതയും ചിലരെങ്കിലും സൂചിപ്പിക്കുന്നുണ്ട്.
ഹോളിവുഡ് ഉയര്‍ത്തിവിട്ട സിനിമാസംസ്‌ക്കാരം അമേരിക്കയില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. അതൊരു സിനിമാരീതിയായിമാറുകയും ലോകമെങ്ങും അവയുടെ ആവര്‍ത്തനമുണ്ടാവുകയും ചെയ്തു. സിനിമയുടെ വ്യാകരണ നിര്‍മ്മിതിയും കലാപരമായ പരീക്ഷണങ്ങളും ഗ്രിഫിത്തില്‍ നിന്ന് ഏറെ മുന്നോട്ടു പോയില്ലെങ്കിലും സാങ്കേതികരംഗത്ത് ഹോളിവുഡ് വലിയ വിസ്‌ഫോടനങ്ങള്‍ക്ക് ശ്രമിച്ചു. 2009ല്‍ പുറത്തിറങ്ങിയ അവതാര്‍ എന്ന സിനിമ ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഈ സാങ്കേതികതക്കൊപ്പം അക്രമം, ലൈംഗികത തുടങ്ങിയ ഘടങ്ങളും ലോകമെങ്ങും അനുകരിക്കപ്പെട്ടു. ഇതിനു പുറമേ ഒരു സ്ഥലത്ത് സിനിമാനിര്‍മ്മാണം കേന്ദീകരിക്കുന്ന പ്രവണതയ്ക്ക് ഇന്ത്യയിലും മാതൃകകളുണ്ടായി. ബോളിവുഡ്, കോളിവുഡ് എന്നിവയെല്ലാം ഇത്തരത്തില്‍ രൂപംകൊണ്ടതാണ്. ഇത്തരം കേന്ദ്രങ്ങളില്‍ നിന്നിറങ്ങുന്ന സിനിമകളുടെ പൊതുസ്വഭാവം ഹോളിവുഡ് സിനിമകളുടെ പ്രാദേശിക പതിപ്പുകളാണെന്നതാണ്. ഇന്ത്യയില്‍ ഗൗരവമുള്ള സിനിമകള്‍ ഇത്തരം കേന്ദ്രങ്ങള്‍ക്കുപുറത്താണ് സംഭവിക്കുന്നത്.
ലോകസിനിമയുടെ പ്രധാന കേന്ദ്രം എന്ന നില ഇന്ന് ഹോളിവുഡിനില്ല. ലോകത്തിലെ പല കേന്ദ്രങ്ങളിലും ഇന്ന് സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നു. അവയൊന്നും ഹോളിവുഡിന്റെ അനുകരണമല്ല. അതാത് രാജ്യങ്ങളുടെ ഭാഷ, സംസ്‌ക്കാരം, ഭൂമിശാസ്ത്രം എന്നിവയിലുടെ അവ വൈവിധ്യപൂര്‍ണ്ണമാവുന്നു. ഹോളിവുഡിന് കാണാന്‍ കഴിയാത്ത പല പാര്‍ശ്വവല്‍കൃത സംസ്‌ക്കാരങ്ങളെയും നാമതില്‍ കാണുന്നു. എന്നാല്‍ ഹോളിവുഡ് പില്‍ക്കാലത്ത് മറന്നുപോയ ചില ഭൂതകാലസത്യങ്ങളെ വലിച്ചു പുറത്തേക്കിട്ടത് തുടക്കക്കാരനായ ഗ്രിഫിത്തായിരുന്നു എന്നു മറന്നുകൂടാ. ഗ്രിഫിത്ത് പറഞ്ഞത് ആര്‍ക്കും വേണ്ടാത്ത, ഒരര്‍ത്ഥത്തില്‍ സിനിമയുടെതുമാത്രമായ ചില സത്യവിചാരങ്ങളുമായിരുന്നു. അതിനാല്‍ എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന പോലെ ഗ്രിഫിത്തിനെ പേടിച്ച് ഹോളിവുഡിനെത്തന്നെ മറക്കാനും ശ്രമിക്കുന്നു.
(കടപ്പട്:‘റീല്‍’/ഇന്‍സൈറ്റ് ബുക്സ്,കോഴിക്കോട്)

Sunday, June 19, 2011

ഓര്‍മ്മയില്‍ ‘ചുദു ദാ’

ചിദാനന്ദ് ദാസ് ഗുപ്ത
'ബനലതാ സെന്‍ ജീബനാനന്ദനെ തേടിത്തിരയുന്നു' എന്നൊരു വരി മനസ്സിലുടക്കിക്കിടപ്പുണ്ടായിരുന്നു.  അയ്യപ്പപ്പണിക്കരുടെ 'ഹുഗ്ലി' എന്ന കവിതയിലെ ഒരു വരി. ജീബനാനന്ദനെപ്പറ്റിയും അദ്ദേഹത്തിന്റെ കവിതകളെപ്പറ്റിയുമൊക്കെ അന്വേഷിച്ചത് ആ വരിയുടെ ചുവടുപിടിച്ചായിരുന്നു. നിരവധി വിവര്‍ത്തനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വിധേയമായിട്ടുള്ളതാണ് പതിനെട്ട് വരികള്‍ മാത്രമുള്ള 'ബനലതാസെന്‍' എന്ന കവിത. ജീബനാനന്ദന്റെ തന്നെ വിവര്‍ത്തനത്തിനു പുറമേ, പ്രീതിഷ് നന്ദി, ചിദാനന്ദദാസ് ഗുപ്ത തുടങ്ങിയ വലിയൊരു നിര വിവര്‍ത്തകര്‍ ആ കവിത ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്. അവരില്‍ ചിദാനന്ദ ദാസ് അദ്ദേഹത്തിന്റെ കവിതകളെ ഗൗരവമായി പഠിക്കുകയും പെന്‍ഗ്വിന്‍ ബുക്‌സിനു വേണ്ടി കവിതകളുടെ ഒരു സമാഹാരം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ചിദാനന്ദദാസിനെ ആദ്ദേഹത്തിന്റെ കവിതകളുടെ ആരാധകനാക്കി മാറ്റിയതില്‍ വിവാഹബന്ധവും വലിയൊരു പങ്കു വഹിച്ചു. ജീബനാന്ദ ദാസിന്റെ സഹോദര പുത്രി സുപ്രിയാദാസിനെയാണ് അദ്ദേഹം വിവാഹം ചെയ്തത്.
ജീബനാനന്ദദാസ്

 ചിദാനന്ദദാസ് ഗുപ്ത വെറുമൊരു വിവര്‍ത്തകനോ, എഡിറ്ററോ മാത്രമായിരുന്നില്ല . ബംഗാളികളുടെ 'ചുദു ദാ' എന്നറിയപ്പെടുന്ന ചിദാനന്ദ ദാസ് ഗുപ്ത ഇക്കഴിഞ്ഞ മെയ് 22 ന് തൊണ്ണൂറാമത്തെ വയസ്സില്‍ അന്തരിച്ചപ്പോള്‍, അദ്ദേഹം വ്യാപരിച്ച മേഖലകളുടെയും പ്രസ്ഥാനങ്ങളുടെയും സമകാലിക പ്രസക്തിയെക്കുറിച്ചുള്ള ചില ചിന്തകള്‍ക്കു കൂടി അത് കാരണമായി. ഇന്ത്യയിലെഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ആദ്യ പഥികരില്‍ ഒരാളായിരുന്നു അദ്ദേഹം. രണ്ടായിരത്തിലേറെ സിനിമാ ലേഖനങ്ങള്‍, സിനിമാ സംവിധാനം, സിനിമാ ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ട മേഖലകളിലാണ് അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളേറെയും നടന്നത്.

1921 ല്‍ ആസ്സാമിലെ ഷില്ലൊങ്ങിലാണ് മന്മഥനാഥ് ഗുപ്തയുടേയും ശാന്തിലതയുടേയും മകനായി ചിദാനന്ദ ദാസ് ഗുപ്ത ജനിച്ചത്. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തുകൊണ്ട് ആദ്യകാലത്ത് രാഷ്ട്രീയ രംഗത്തും അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. കോളേജദ്ധ്യാപനം, പരസ്യ ജോലികള്‍, പത്രപ്രവര്‍ത്തനം എന്നിങ്ങനെ വിവിധങ്ങളായ ജോലികളിലും ഏര്‍പ്പെട്ടു.  1944 ലാണ് സുപ്രിയാ ദാസിനെ വിവാഹം ചെയ്യുന്നത്. സംവിധായികയും നടിയുമായ അപര്‍ണ സെന്‍ മകളും, നടി കൊങ്കണ സെന്‍ പേര മകളുമാണ്.
അമ്മു സ്വാമിനാഥന്‍

ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം അതിന്റെ അമ്പതാം വാര്‍ഷികം ഈയിടെ ആഘോഷിച്ച കാര്യം അധികമാരും അറിയാതെ പോയി. അന്ന് ആദരപൂര്‍വ്വം സ്മരിക്കപ്പെട്ട പേരുകളിലൊന്ന് ചിദാനന്ദ ദാസ് ഗുപ്തയുടേതായിരുന്നു. 1959 ല്‍ ഫിലിം സൊസൈറ്റി ഫെഡറേഷന് രൂപം നല്‍കുന്നതില്‍ സത്യജിത് റേക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചയാളായിരുന്നു അദ്ദേഹം. അമ്മുസ്വാമിനാഥന്‍, വിജയമുലെ,റോബര്‍ട്ട് ഹോക്കിന്‍സ്, ദീപേന്ദു പ്രമാണിക്, അബുള്‍ഹസ്സന്‍, എ. റോയ് ചൗധരി തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖര്‍. ഡല്‍ഹി, പാറ്റ്ന, ബോംബെ, റൂര്‍ക്കേ, മദ്രാസ്, കല്‍ക്കട്ട എന്നീ ഫിലിം സൊസൈറ്റികളായിരുന്നു ഫെഡറേഷനിലെ ആദ്യകാല അംഗങ്ങള്‍. ഫെഡറേഷന്റെ പ്രഥമ ജോയിന്റ് സെക്രട്ടറിമാരിലൊരാള്‍ ചിദാനന്ദ് ദാസ് ഗുപ്തയായിരുന്നു.(1947 ല്‍ തന്നെ രൂപീകരിക്കപ്പെട്ട കല്‍ക്കട്ട ഫിലിം സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറിയും അദ്ദേഹം തന്നെ ആയിരുന്നു)
വിജയമുലെയായിരുന്നു മറ്റൊരു ജോയിന്റ് സെക്രട്ടറി. സത്യജിത് റേ പ്രസിഡണ്ടും, അമ്മു സ്വാമിനാഥന്‍ വൈസ് പ്രസിഡണ്ടുമായി.


മദ്രാസില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വന്ന മദ്രാസ് ഫിലിം സൊസൈറ്റിയുടെ പ്രതിനിധിയായാണ് അമ്മുസ്വാമി നാഥന്‍ ഫെഡറേഷന്‍ വൈസ് പ്രസിഡണ്ടായത്. ആനക്കര വടക്കത്തെ അമ്മുക്കുട്ടി എന്ന എ. വി. അമ്മുക്കുട്ടി, അമ്മുസ്വാമിനാഥനായത് മദ്രാസ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ സുബ്ബരാമസ്വാമിനാഥനെ വിവാഹം കഴിക്കുന്നതോടുകൂടിയാണ്. അമ്മു സ്വാമിനാഥന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകയായി സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുക്കുകയും മദ്രാസ്സംസ്ഥാനത്തു നിന്നുള്ള രാജ്യസഭാംഗമാവുകയും ചെയ്തു. 

ഫിലിം സൊസൈറ്റി ഫെഡറേഷന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രാതിനിധ്യവും പ്രഗത്ഭരായ ഒരു നേതൃ നിരയുമുണ്ടായിരുന്നു. ഈയൊരു പിന്‍ ബലവും ചിദാനന്ദദാസിനെപ്പോലുള്ളവരുടെ നേതൃത്വപരമായ പങ്കുമാണ് ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും, അതുവഴി കലാമേന്മയുള്ള ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തിക്കുന്നതിലും പ്രധാന പങ്കു വഹിച്ചത്. ഫെഡറേഷന്‍ പില്‍ക്കാലത്ത് വലിയൊരു സംഘടനയായി മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റീജിയണല്‍ ഓഫീസുകളുണ്ടായി.


ഫിലിം സൊസൈറ്റി പ്രസ്ഥാനമാണ് ചിദാനന്ദദാസ് ഗുപ്തയെ മികച്ച സിനിമകളിലേക്ക് നയിച്ചതെന്നു പറയാം. ലോക ക്ലാസ്സിക്കുകളുടെ ദൃശ്യാനുഭവത്തിലൂടെയാണ് അദ്ദേഹം സിനിമാ നിരൂപണരംഗത്തെത്തുന്നത്. രണ്ടായിരത്തിലേറെ സിനിമാ നിരൂപണ ലേഖനങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുള്ളത്. റായ് സിനിമയെ കര്‍ശന നിരൂപണത്തിന് വിധേയമാക്കുന്ന Cinema of Satyajith Ray (1980) സമഗ്രവും ആധികാരികവുമായ പഠനമായി  കണക്കാപ്പെടുന്നു. സത്യജിത് റേയെ ക്കുറിച്ചു തന്നെ Satyajith Ray : An Anthology of statements on Ray and by Ray എന്നൊരു പുസ്തകവും അദ്ദേഹത്തിന്റേതായിട്ടുണ്ട്. Talking about films, The painted face:studies in Indias popular cinemas, Un popular cinema എന്നിവയാണ് ചലച്ചിത്ര സംബന്ധിയായ അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങള്‍ 1957 ല്‍ സത്യജിത് റേയോടൊരുമിച്ച് Indian film Quarterly ആരംഭിച്ചു. ബ്രിട്ടീഷ് സിനിമാ മാസികയായ Sight and sound ല്‍ ചിദാനന്ദ ദാസ് ഗുപ്തയുടേതായി വന്ന ലേഖനങ്ങള്‍ ആഗോളതലത്തില്‍ അദ്ദേഹത്തിന് സിനിമാ നിരൂപകനായി അംഗീകാരം നേടിക്കൊടുക്കുന്നതിനു സഹായകരമായി.

സംവിധാന രംഗത്തെ ആദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏഴ് സിനിമകളിലായി വ്യാപിച്ചു കിടക്കുന്നു.[Portrait of a City (1961), The Dance of Shiva (1968),The Stuff Of Steel (1969), Bilet Pherat (1972) Rakhto (1973) Zaroorat Ki Purti (1979),Amodini (1994)] ഇതില്‍ അമോദിനി (1994) എന്ന ചിത്രത്തില്‍  അദ്ദേഹത്തിന്റെ മകളും കൊച്ചു മകളും തന്നെയാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. 2004 ലെ ഓസിയന്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമക്ക് നല്കിയ സമഗ്ര സംഭാവനകളുടെ പേരില്‍ ചിദാനന്ദ ദാസ് ഗുപ്ത ആദരിക്കപ്പെട്ടു.
(ദേശാഭിമാനി വാരാന്തപ്പതിപ്പ്/2011ജൂണ്‍19) http://www.deshabhimani.com/periodicalContent2.php?id=201
.

Banalata Sen

For aeons have I roamed the roads of the earth.
From the seas of Ceylon to the straits of Malaya
I have journeyed, alone, in the enduring night,
ബനലതാസെന്‍-ഖാലിദ് അഹ്സന്റെ ചിത്രം(1995)
And down the dark corridor of time I have walked
Through mist of Bimbisara, Asoka, darker Vidarbha.
Round my weary soul the angry waves still roar;
My only peace I knew with Banalata Sen of Natore.

Her hair was dark as night in Vidisha;
Her face the sculpture of Sravasti.
I saw her, as a sailor after the storm
Rudderless in the sea, spies of a sudden
The grass-green heart of the leafy island.
‘Where were you so long?' she asked, and more
With her bird's-nest eyes, Banalata Sen of Natore.

As the footfall of dew comes evening;
The raven wipes the smell of warm sun
From its wings; the world's noises die.
And in the light of fireflies the manuscript
Prepares to weave the fables of night;
Every bird is home, every ri
ver reached the ocean.
Darkness remains; and time for Banalata Sen.